Showing posts with label malayalam film. Show all posts
Showing posts with label malayalam film. Show all posts

Thursday, May 3, 2012

22 ഫീമെയിൽ കോട്ടയം - 22 Female Kottayam (8/10)


22 Female Kottayam/Malayalam/2012/Drama/M3DB/ (8/10)

ഒറ്റ വാചകത്തിൽ : മസ്റ്റ് സീ. ഒരു കാരണവശാലും തീയറ്റർ കാഴ്ച മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.

വെർഡിക്ട് : ഇതാണു സിനിമ. ഞാൻ പണ്ടെങ്ങാണ്ടും ഒക്കെ കണ്ട ഒരു ചെക്കസ്ലോവാക്യൻ സിനിമയോട് പ്ലോട്ടിനു നല്ല സാദൃശ്യം ഒക്കെ ഉണ്ടെങ്കിലും, മലയാളത്തിൽ ഇങ്ങനത്തെ ഒരു സിനിമ - സങ്കല്‍പ്പിക്കാൻ പോലും ആവുന്നില്ല. ഇത്തരം ഒരു സിനിമ എടുക്കാൻ ആഷിക്ക് അബുവിനുണ്ടായ ധൈര്യത്തിനു നൂറിൽ നൂറ് മാർക്ക്.

മറന്നു തുടങ്ങിയ പഴേയ താരങ്ങളെ -  പ്രതാപ് പോത്തൻ, ടി ജീ രവി, സത്താർ എന്നിവരെയൊക്കെ സ്വന്തം സിനിമയിൽ അവസരം കൊടുത്തതിനു - അതും എണ്ണം പറഞ്ഞ റോളുകളിൽ തന്നെ അവസരം വീണ്ടും കൊടുത്തതിനു വീണ്ടൂം ആഷിക്ക് അബുവിനു തന്നെ കൈയ്യടി..

സംവിധാനത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ : ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധ ചെലുത്തി, ഒരു പെർഫക്ട് സിനിമയാക്കാൻ ആഷിക്ക് നടത്തിയിരിക്കുന്ന ശ്രമത്തെ, അഭിനന്ദിച്ചേ മതിയാകൂ.   പരിക്ക് പറ്റിയിരിക്കുന്ന ഒരാളെ അയാളുടെ പാർട്ട്ണർ ഒരു വികാര വിസ്ഫോടനത്തിന്റെ  വക്കിൽ വച്ച്  പിടിച്ചുലക്കുമ്പോൾ, “അയ്യോ വേദനിക്കുന്നു” എന്ന് കരയുന്ന കഥാപാത്രങ്ങൾ എത്ര മലയാള സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ടാവും?

സിനിമയുടെ മൂഡിനൊത്ത വിധം കാമറ ചലിപ്പിച്ച്, ആ മൂഡുകൾ പ്രേക്ഷകനിലേക്കെത്തിക്കാൻ ശ്രമിച്ച് വിജയിച്ച ഷൈജൂ ഖാലിദിനും കൈയ്യടിക്കാതെ വയ്യ - ട്രാഫിക്ക്, പിന്നെ സോൾട്ട് ആൻഡ് പെപ്പർ ... അതു കഴിഞ്ഞ് ഈ സിനിമ. യിങ്ങേരു കൊള്ളാട്ടോ!.

ഇനി മെയിൻ അ‘ഫി’നേതാക്കൾ : റീമാ കല്ലിങ്കൽ : സത്യത്തിൽ ആദ്യായിട്ട് ആണു ഒരു സിനിമയിൽ റീമയുടെ അഭിനയം ഇഷ്ടാവുന്നത്. ചെറിയ ചെറിയ കാര്യങ്ങൾ വരെ ഓർത്ത് വച്ച്, അവയിൽ ശ്രദ്ധിച്ചുള്ള അഭിനയവും, അതിൽ ഇവർ എടുത്തിട്ടുള്ള എഫേർട്ടും ഒക്കെ പലയിടങ്ങളിലും നമ്മൾക്ക് വ്യക്തമായി അറിയാൻ ആവുന്നുണ്ട് - ആർട്ടിസ്റ്റിന്റെ അടുക്കേൽ നിന്നും കൂടുതൽ ഡിമാന്റ് ചേയ്യുന്ന ഒരു സംവിധായകനു, ഒരു നല്ല കഠിനപ്രയത്നം ചേയ്യുന്ന ആർട്ടിസ്റ്റിന്റെ കൈയ്യിൽ നിന്നും വാങ്ങാവുന്ന ഭാവങ്ങൾക്കും പ്രകടനങ്ങൾക്കും ഒരു പരിധിയില്ല എന്നു തെളിയിക്കുന്നു ഇതിലെ റീമയുടെ പ്രകടനം.

ഫഹദ് ഫാസിൽ : നോർമൽ ബിസിനസ്സ് ക്ലാസ്സ് ഗയ്. മെനക്ക് ചേയ്തിരിക്കുന്നു ഫഹദ്. പക്ഷെ, ഫഹദിനെ ഈ ബിസിനസ്സ്മാനോ, എക്സിക്യൂട്ടീവോ അല്ലാത്തോരു  നോർമൽ റോളിൽ കാണാൻ കൊതിയാവുന്നു എനിക്ക്..

പിന്നെ പറയേണ്ടത് റെക്സ് വിജയനും ബിജിബാലും കൂടെ സംവിധാനം നടത്തിയിരിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറിനെപ്പറ്റിയാണു. ഓവറാവാതെ, സിനിമയുടെ കൂടെ ചേർന്നു സീനുകളുടെ മൂഡിനെ പതിന്മടങ്ങാക്കാൻ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല - അതുകൊണ്ട് ഇവർക്കും കൈയ്യടി അനിവാര്യം.

ഇനി ശരിക്കും താരങ്ങളുടെ കാര്യം : അഭിലാഷ് കുമാർ-ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന സിനിമയുടെ തിരനാടകം. കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി കണ്ടിട്ടുള്ള സിനിമകളിൽ നിന്നും വ്യത്യസ്ഥമാക്കാൻ ഈ സിനിമയെ സഹായിച്ചിരിക്കുന്നതും, ഈ സിനിമയുടെ ഹൈലൈറ്റും ഈ തിരക്കഥയും സംഭാഷണങ്ങളും ഒക്കെത്തന്നെയാണു. ഹ്യൂമറിനു ഹ്യൂമർ, ഇമോഷൻസിനു ഇമോഷൻസ് ..   ഇവർ ഇനിയും ഇത്തരം എഴുത്തുകൾ നടത്തട്ടെ.. അങ്ങനെ കാഴ്ചക്കാർക്ക് ഇനിയും വിരുന്നൊരുക്കട്ടെ..


പ്ലോട്ട് : പലരുടേയും റിവ്യൂകളും, മറു റിവ്യൂകളും, ഫെമിനിസ്റ്റ്-ആന്റീ ഫെമിനിസ്റ്റ്-മെയിൽ ഷെവനിസ്റ്റ്-ആന്റീ മെയിൽ ചിന്താഗതികളും, സിനിമയുടെ നെഗറ്റീവ് പ്രമോഷനും ഒക്കെക്കൊണ്ട് തമ്മിത്തല്ലുകൾ സോഷ്യൽ മീഡിയയിലും മറ്റും  മിക്കവാറൂം ദിവസേന എന്ന വിധം നടക്കുന്നത് കൊണ്ടൂം, ഈ അടികളിൽ സിനിമയുടെ  ക്ലൈമാക്സ് വരെ റിവീൽഡ് ആവുന്നുണ്ട് എന്നതു കൊണ്ട്, എല്ലാവർക്കും പ്ലോട്ട്  അറിയാമെന്ന് ഊഹിച്ച് കൊണ്ട്, ആ സാഹസത്തിനു ഞാൻ മുതിരുന്നില്ല.  - അല്ലെങ്കിലും, കഥയല്ല, സിനിമായാണു ഇവിടെ താരം.

വാൽക്കഷ്ണം : ഈ റേഡിയോക്കാർ ചുമ്മാ പറഞ്ഞ് പറ്റിച്ചു : ഈ സിനിമയിൽ റീമയും ഫഹദും കിസ്സ് ചേയ്യുന്നുണ്ട് .. മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മിയാണു ഫഹദ് ... എന്നൊക്കെ   പറഞ്ഞ് എന്തോരു ബഹളമായിരുന്നു ...    ചുമ്മാതാണേ .. അങ്ങനത്തോരു സംഭവം ഈ സിനിമയിലില്ല! :)

പിന്നെ വിവാദങ്ങളുടെ കാര്യം : ഒരു സിനിമ കണ്ടിട്ട്, അതിലെ കഥാപാത്രം കോട്ടയംകാരിയാണെന്നതു കൊണ്ട് ആ കഥാപാത്രം ചേയ്യുന്ന കാര്യങ്ങൾ ആണു എല്ലാ കോട്ടയംകാരും ചേയ്യുന്നതെന്നു വിശ്വസിക്കുന്നതോ, അല്ലെങ്കിൽ വിചാരിക്കുന്നതോ ആരുടെ തെറ്റ്? ആ സിനിമയുടെ സംവിധായകന്റേയോ, ഫിക്ഷൻ എന്ന വാക്കിന്റെ അർത്ഥം എന്തെന്നു അറിയില്ലാത്ത പ്രേക്ഷകന്റേയോ?  ഫിക്ഷൻ എന്ന വാക്കിൽ തന്നെയുണ്ട് അതിന്റെ അർത്ഥം - "Fiction is the form of any narrative or informative work that deals, in part or in whole, with information or events that are not factual, but rather, imaginary—that is, invented by the author."  എന്നു വിക്കി പറയുന്നു. 


ഇങ്ങനെ പോയാൽ, കഥാപാത്രങ്ങൾ ചേയ്യുന്നത് മുഴുവനും കഥാപാത്രത്തിന്റെ നാട്ടുകാരോ, ഗോത്രക്കാരോ, മതക്കാരോ ജാതിക്കാരോ എപ്പോഴും ചേയ്യുന്നു എന്ന ആരോപണം ആണു സിനിമ ഉയർത്തുന്നതെന്നു എല്ലാ സംഘടനകളും ഉയർത്തുകയും, സിനിമാ തീയറ്റർ തല്ലിപ്പൊളിക്കുകയും ചേയ്യും കുറച്ച് നാളുകൾക്കകം. ഇതിൽ നിന്നൊക്കെ രക്ഷപ്പെടാൻ ആയിട്ട് സിനിമാക്കാർ വില്ലന്മാരേ എപ്പോഴും വല്ല അന്യഗൃഹജീവികളോ, പാക്കിസ്ഥാൻ‌കാരോ ആക്കി സിനിമ പിടിക്കുന്ന കാലവും വിദൂരമല്ല. 


മലയാള സിനിമയേ രക്ഷിച്ചേക്കണേ ദൈവമേ. .. 


Saturday, January 7, 2012

ബ്യൂട്ടിഫുൾ (8.5/10)


Beautiful/Malayalam/2011/Drama/M3DB/ (8.5/10)

പ്ലോട്ട് : അളവറ്റ സ്വത്തിനുടമയായ സ്റ്റീഫനു (ജയസൂര്യ) കഴുത്തിനു താഴേക്ക് ഒരു സ്വാധീനവും ഇല്ല, തളർന്നു കിടക്കുവാണു. വളരെ കുറച്ച് പേരൊഴികെയുള്ള ബന്ധുജനങ്ങളെല്ലാം തന്നെ സ്റ്റീഫന്റെ സ്വത്തിലാണു കണ്ണ് - പക്ഷെ സ്റ്റീഫൻ ആരേയും അടുപ്പിക്കുന്നില്ല. അദ്ദേഹത്തിനു കൂട്ട് കമലു എന്നും കണാരൻ എന്നും പേരുള്ള രണ്ട് പേരാണു. ഒരിക്കൽ ഡിന്നറിനു റസ്റ്റോറന്റിൽ ചെല്ലുന്ന സ്റ്റീഫൻ അവിടത്തെ ഗായകന്റെ പാട്ടിഷ്ടപ്പെടുന്നു, ഒരു വലിയ ഗായകനാവാൻ കൊതിക്കുന്ന ജോൺ (അനൂപ് മേനോൻ) എന്ന ആ പാട്ടുകാരനെ കൂടെ കൂട്ടുന്നു. ഇടക്ക് ഹോം നേഴ്സായി പത്രപ്പരസ്യം കണ്ടെത്തുന്ന അഞ്ജലി (മേഘ്നാ രാജ്) കൂടെ അവരുടെ ചെറു കുടുംബത്തിലേക്കെത്തുന്നു  .. ഇവരുടെ കഥയാണു ഈ സിനിമ.

വെർഡിക്ട്  : കിടിലൻ.! വി കെ പ്രകാശ് എന്ന സംവിധായകനെ അദ്ദേഹത്തിന്റെ ശരാശരിയിൽ താഴെയുള്ള പല സിനിമകൾ കാരണം എഴുതിത്തള്ളാറായിരിക്കുവായിരുന്നു - പക്ഷെ ഈ സിനിമ പ്രതീക്ഷ തെറ്റിച്ചു. എന്നെ തറപറ്റിച്ചു ഈ സിനിമ. !

സംവിധാനത്തെക്കാളും, ഈ സിനിമയുടെ തിരക്കഥ/സംഭാഷണം തന്നെയാണു സ്റ്റാർ. അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെ സൂപ്പർ സ്റ്റാർ പട്ടാഭിഷേകം തന്നെയാണീ സിനിമ. അമിത ഡ്രാമയുടെ കൂട്ടില്ലാതെ, സാധാരണ മനുഷ്യർ എങ്ങനെ സംസാരിക്കും, അതു പോലെ സംസാരിക്കുന്ന കഥാപാത്രങ്ങൾ - കോക്ക്ടെയിലിലും ഇതേ സ്വഭാവം അനൂപ് മേനോന്റെ തിരക്കഥ കാണിച്ചിരുന്നു.. സബാഷ് അനൂപ് - ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിക്കഴിഞ്ഞൂ!.

നടന്മാർ : ആദ്യം ജയസൂര്യ. മറ്റുള്ളവർക്ക് സ്വന്തം ശരീരം മുഴുവനുണ്ട് കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിക്കാൻ, പക്ഷെ ജയസൂര്യക്ക് കഴുത്തിനു മുകളിലുള്ള ഭാഗങ്ങൾ മാത്രമേ അനക്കാൻ സാധിക്കുമായിരുന്നുള്ളൂ, സ്റ്റീഫൻ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിക്കാൻ. അത് ഒരു തരി പ്രശ്നം പോലും കൂടാതെ ജയസൂര്യക്കായി - അതിനാൽ ഈ സിനിമയിലേ ജൂറി സ്പെഷ്യൽ മെൻഷൻ ജയസൂര്യക്ക്.


അനൂപ് മേനോൻ : ജോൺ എന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള, സംഗീതജ്ഞനായ ചെറുപ്പക്കാരൻ ആയിട്ട് അനൂപ് കസറി. ജയസൂര്യ ഹ്യൂമർ രംഗങ്ങളിൽ കസറും എന്നു നമ്മൾ കണ്ടിട്ടുള്ളതാണു, പണ്ടേ. പക്ഷെ ഇതിൽ അനൂപ് ആണു ആ സ്ഥാനം കൈയ്യടക്കിയത് . ചില ചമ്മലുകൾ, ഭാവങ്ങൾ ഒക്കെ - ചിലയിടങ്ങളിൽ മോഹൻലാലിന്റെ സുവർണ്ണകാലം അനുസ്മരിപ്പിച്ചു അനൂപ്.

മേഘ്നാ രാജ് : മലയാള സിനിമയുടെ മുഴുനീള ഐറ്റം നായികയായി ഒതുങ്ങിപ്പോയ മേഘ്നക്ക് വിനയൻ ചിത്രങ്ങളിൽ നിന്നോരു മോചനം ഈ സിനിമ വഴി കിട്ടി - അതാവട്ടെ ഉഗ്രനാക്കുകയും ചേയ്തിട്ടുണ്ട്. പ്രിയ മേഘ്നാ, ഒരു കാര്യം പറഞ്ഞോട്ടേ, അടിവസ്ത്രങ്ങളെക്കാളും ചെറു വസ്ത്രങ്ങൾ ധരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നതിനെക്കാളൊക്കെ സാരി മാത്രം ഉടുത്ത് ഈ സിനിമയിൽ എത്തിയപ്പോൾ ഞങ്ങൾക്കിഷ്ടായി - എന്തിനീ തറപ്പടങ്ങളിൽ പോയി അഭിനയിച്ച് സമയം കളയുന്നു ..? ഇത്തരം കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ.



ബാക്കിയുള്ള എല്ലാവരും നന്നായിട്ടുണ്ട്- ഒരാളൊഴിച്ച്. ഉണ്ണിമേനോൻ.  അദ്ദേഹം നന്നായി പാടുമായിരിക്കാം, പക്ഷെ അഭിനയം - പോര.

ഒറ്റ വാചകത്തിൽ : ഡോണ്ട് മിസ്സ് . കണ്ടിരിക്കേണ്ട, കാണാൻ മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.

വാൽക്കഷ്ണം : ഈ സിനിമ റിലീസ് ചേയ്തിട്ട് കുറച്ച് നാളായി, ശരിക്കും ഞാൻ ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ കാണേണ്ട സിനിമ ആയിരുന്നു ഇതു - ഞാൻ കാണാൻ പോയതും ആണു. റീലീസ് ചേയ്ത് എട്ടാം ദിവസം (വെള്ളിയാഴ്ച) ഞാൻ ചേർത്തല പാരഡൈസ് എന്ന തീയറ്റർ തൊഴുത്തിൽ ഈ സിനിമ കാണാൻ ചെന്നപ്പോൾ അവിടെ ഓടുന്നത് ‘ഓസ്തി‘ എന്ന ചിലമ്പരശന്റെ തമിഴ് പടം - ഓർക്കണം - മുല്ലപ്പെരിയാർ പ്രശ്നത്തിൽ മലയാള സിനിമകൾ തമിഴ്നാട്ടിൽ പ്രദർശനം നിഷേധിച്ചു എന്നു വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ആണിത്. നമുക്ക് മലയാളത്തെ ഒതുക്കണം - അതിനു ഏതു ഭാഷ സിനിമ ഇട്ടാലും ഒന്നുമില്ല. കഷ്ടം.!

വെള്ളിയാഴ്ച സിനിമയുടെ റിലീസ് വച്ചിരിക്കുന്നതു തന്നെ എന്റെ അഭിപ്രായത്തിൽ തെറ്റാണു. വീക്കെൻഡുകളിൽ മാത്രമേ മദ്ധ്യവർഗ്ഗ കുടൂംബങ്ങൾക്ക് സിനിമ കാണാൻ ഉള്ള സമയവും സാഹചര്യവും ലഭിക്കൂ, പ്രത്യേകിച്ചും ഒരു വീട്ടിലെ ഭാര്യക്കും ഭർത്താവിനും ജോലിക്ക് പോവേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുള്ളപ്പോൾ.  വെള്ളിയാഴ്ച റിലീസ് ആവുന്ന സിനിമക്ക് ആദ്യ വീക്കെൻഡിൽ വളരേ കുറച്ചേ കുടുംബങ്ങൾ കയറൂ -  ഒന്നാമതേ ഒരു ചെറു നഗരത്തിലെ 10% പേർ പോലും സിനിമ മാറി എന്നു അറിഞ്ഞിരിക്കില്ല, ആ ആദ്യ ദിവസങ്ങളിൽ.  ആളുകൾ അറിഞ്ഞ് വരുമ്പോഴേക്കും, അടുത്ത വെള്ളിയാഴ്ച ആ സിനിമ മാറിയിട്ടുണ്ടാവും, ഏതെങ്കിലും തമിഴ്/തെലുങ്ക് മൊഴിമാറ്റ സിനിമക്കായി. പിന്നെങ്ങനെ നല്ല മലയാള സിനിമക്ക് ആളുണ്ടാവും?

ബ്യൂട്ടിഫുളിന്റെ പോസ്റ്ററുകൾ ചേർത്തല നഗര ഹൃദയത്തിൽ നിന്നും വെറും 3 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ പോലും ഒട്ടിച്ചിട്ടില്ല - കാശ് ലാഭിച്ചതാവും, ഈ സിനിമ വന്നത് ഞാനറിഞ്ഞത് അബദ്ധത്തിൽ തീയറ്ററിനു മുന്നിലൂടെ ഞാൻ കടന്നു പോയപ്പോളാണു. ഇപ്പോ ചേർത്തല ചിത്രാഞ്ജലി തീയറ്ററിൽ ഓടുന്ന ‘അസുരവിത്ത്‘ എന്ന പടത്തിനു ഇതു തന്നെയാവും സ്ഥിതി, കാരണം, അതിനും വലിയ പരസ്യമില്ല - ആ തീയറ്ററിൽ വരേണ്ട അടുത്ത സിനിമ പ്രഖ്യാപിച്ചും കഴിഞ്ഞു, പത്രത്തിലൂടെ! പത്രപ്പരസ്യം മാത്രമല്ല, പോസ്റ്റർ പരസ്യവും ആളുകൾ സിനിമ തീയറ്ററിലെത്തിയെന്നു ജനങ്ങളെ അറിയിക്കാൻ വളരേ ഉപയോഗപ്രദമാണേന്നു എന്തേ സിനിമാക്കാരേ നിങ്ങൾ മറക്കുന്നു?

ഇപ്പോൾ ഈ സിനിമ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവാനുള്ള കാരണം, ചേർത്തലക്കും എറണാകുളത്തിനും ഇടയിൽ എരമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു നല്ല തീയറ്റർ - ‘എരമല്ലൂർ സാനിയ സിനിമാസ്’ 2011ൽ തുടങ്ങിയതിനാൽ ആണു. എഴുപുന്ന ബൈജു എന്ന പേരിൽ നമ്മൾ എല്ലാം അറിയുന്ന സിനിമാ ആർട്ടിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ തീയറ്റർ, ഞാൻ ശരിക്കും ഇതു വരെ കയറിയിട്ടുള്ള തീയറ്ററുകളിൽ ഏറ്റവും മികച്ചതാണു. 170 -200 രൂപ വാങ്ങുന്ന മൾട്ടിപ്ലെക്സുകളെക്കാളൊക്കെ മെച്ചം ആണു ഇവിടത്തെ ആമ്പിയൻസ്, ശുചിത്വം, സ്ക്രീനിങ്ങ്, ഓഡിയോ, ക്രൗഡ്, ഒക്കെ.  ശരിക്കും സിനിമ എന്നത് എന്തെന്നറിയാവുന്ന ഒരിടത്ത് സിനിമ കാണുന്ന പ്രതീതി - ഒരു സീരിയസ്നെസ്സ് എനിക്കൂണ്ടായി ഈ തീയറ്ററിൽ സിനിമ കണ്ടപ്പോൾ.

കൂക്കിവിളികളോ, അമിത കൈയ്യടികളോ, പൂച്ച കരയലുകളോ, കമന്റടികളോ അനുവദിക്കാത്ത ഇത്തരം തീയറ്ററൂകൾ ആണു കേരളത്തിനാവശ്യം - അങ്ങനെയെങ്കിലേ മലയാള സിനിമ രക്ഷപ്പെടൂ. എരമല്ലൂർ സാനിയ സിനിമക്ക് പത്തിൽ പത്ത് മാർക്ക്സ്.  എല്ലാവരും സിനിമാ തീയറ്ററുകൾ കല്യാണ മണ്ഡപങ്ങളാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രേം നല്ലോരു തീയറ്റർ സ്വന്തം നാട്ടാർക്ക് ഒരുക്കിത്തന്ന എഴുപുന്ന ബൈജുവിനു ഒരായിരം ഉമ്മകൾ...

കേരളാ സർക്കാർ പ്ലാറ്റിനം ഗ്രേഡ് നൽകിയത് വെറുതെയല്ല ഈ തീയറ്ററിനു - പാരഡൈസുകളും ചിത്രാജ്ഞലികളും ഇവിടെ പോയി പണി പഠിക്കട്ടെ.. ഇഡിയറ്റ്സ്!


Friday, October 14, 2011

ഇന്ത്യൻ റുപ്പി (8/10)

Indian Rupee/Malayalam/2011/Drama-Thriller/M3DB/ (8/10) 

പ്ലോട്ട് : പണക്കാരൻ ആവാൻ കൊതിക്കുന്ന ഏതോരു മലയാളി ചെറുപ്പക്കാരന്റേയും മുന്നിലുള്ള ഏറ്റവും എളുപ്പ പണിയാണു റിയൽ എസ്റ്റേറ്റ് ഏജന്റ് ആവുക എന്നത് - ഒരു ബിസിനസ്സ് നടന്നാൽ തന്നെ കിട്ടുന്ന ലക്ഷങ്ങൾ അല്ലായെങ്കിൽ കോടികൾ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുന്ന ഒരു സാധാരണക്കാരൻ ആണു ഈ സിനിമയിലെ നായകൻ.  തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തു തെറ്റും ചേയ്യാൻ മടിക്കാത്ത സാധാരണ മലയാളിയുടെ കഥയാണിത്.  ക്ലീഷേകൾ പരമാവധി ഒഴിവാക്കി, ഏറ്റവും സ്‌ട്രേയിറ്റായി കഥ പറയുന്ന  ഒരു ഡീസന്റ് സിനിമ എന്ന നിലയിൽ ആണു ഈ സിനിമ ഉഗ്രനാവുന്നത്.


വെർഡിക്ട് :  സിനിമയുടെ ആദ്യ അഞ്ച് മിനുറ്റിൽ തന്നെ ഹീറോവിന്റെ(?)  ഇൻ‌ട്രോ നടക്കുന്നുണ്ട് - പൃഥ്വിരാജിന്റെ ആദ്യ ഷോട്ടിൽ തന്നെ തീയറ്ററിൽ നിറഞ്ഞത് കൈയ്യടികൾ അല്ലായിരുന്നു, നല്ല ഉഗ്രൻ ‘ബ്ലോക്ക്-ബസ്റ്റർ’ കൂവൽ ആയിരുന്നു. പക്ഷെ നായകനെ പിന്നിലേക്ക് മാറ്റി സിനിമയുടെ സൃഷ്ടാവ് നിയന്ത്രണം ഏറ്റെടുത്തപ്പോഴേക്കും കൂവലുകൾ മാറി മുഴുവൻ ജനങ്ങളും കൈയ്യടികളിലേക്ക് വീണു. ഈ സിനിമ ശരിക്കും ഒരു പൃഥ്വിരാജിന്റെ സിനിമ അല്ല - പക്ഷെ രജ്ഞിത്ത് എന്ന നല്ല കഥാകാരന്റെ, തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ സിനിമ ആണു. കഥാനായകനിട്ട് പാര വൈക്കുന്നവരോട് ഒന്നും ചേയ്യാനാവാതെ ‘അവരോടൊക്കെ എന്തു ചേയ്യാൻ പറ്റും?’ എന്ന വിചാരത്തോടെ നിൽക്കുന്ന നായകൻ - എത്ര സിനിമയിൽ കണ്ടിട്ടുണ്ട് നമ്മൾ ഇത്തരം നായകന്മാരെ? എത്ര പാവത്താൻ  ആണെങ്കിലും, കീരിക്കാടൻ ജോസിനെ പോലത്തെ മഹാ-ഗുണ്ടകളെ അടിച്ച് നിലം പരിശാക്കുന്ന നായകന്മാർക്ക് മാത്രം സ്ഥാനമുള്ള സ്ഥലമാണു സിനിമ എന്ന മിഥ്യാ ധാരണയെ പൊളിച്ചടുക്കിയ രജ്ഞിത്തിനു ഒരു ലൈക്ക്!

പിന്നെ ഉള്ളത് തിലകൻ - ഈ സിനിമയിലെ നായകൻ പൃഥ്വിരാജാണോ അതോ തിലകൻ ആണോ? എനിക്ക് സംശയം ഉണ്ട് - പൃഥ്വിരാജിനെക്കാൾ നിറഞ്ഞ് നിൽക്കുന്നതു തിലകൻ ആണു ഈ സിനിമയിൽ ആദ്യാവസാനം. കിടിലൻ പെർഫോർമൻസ്, അതിനെക്കാൾ കിടിലൻ ഈ കാസ്റ്റിങ്ങ്!

ടിനി ടൊം, ജഗതി, കല്‍പ്പന (രണ്ടോ മൂന്നോ സീനുകൾ മാത്രം), മാമുക്കോയ,എന്നിങ്ങനെ സ്വന്തം കഥാപാത്രങ്ങളെ അനശ്വരമാക്കിയ മറ്റുള്ളവരും ഉഗ്രനാക്കിയിട്ടുണ്ട് - പക്ഷെ ഈ കഥാപാത്രങ്ങളിൽ ഒക്കേയും (ജഗതി ഒഴിച്ച്) താരങ്ങളെ കാണാനേ ഇല്ല - കഥാപാത്രങ്ങളെ മാത്രമാണു കാണാനുള്ളത് മുഴുവൻ സമയവും.  അതിലും രജ്ഞിത്തിന്റെ കഴിവ് സമ്മതിക്കാതെ തരമില്ല. റീമ എല്ലാ സിനിമയിലേയും പോലെ സൈഡെഡുപ്പുള്ള ചിരിയുമായി ചുമ്മാ വന്നു പോവുന്നുണ്ട്.  ഗോൾഡ് പപ്പൻ എന്ന ജഗതിയുടെ കഥാപാത്രത്തിൽ പകുതി ജഗതി മാനറിസംസ് ആണെങ്കിലും, അതും നന്നായിട്ടുണ്ട്.


ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത, തീയറ്ററിൽ ഇരുന്നു തന്നെ കണ്ടിരിക്കേണ്ട ഒരു സിനിമ.

വാൽക്കഷ്ണം : കല്‍പ്പനയും സഹോദരനും കൂടെ വരുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - അസാദ്ധ്യം. സിനിമ കഴിഞ്ഞും ആ ഡയലോഗുകൾ നമ്മളെ പിന്തുടരുന്നു കൊണ്ടിരിക്കും, അതൂറപ്പ്.

കുറച്ച് നല്ല ചിരിയും ഉണ്ട് സിനിമയിൽ - ചിലവ തീയറ്ററിനെ മുഴുവൻ ചിരിയിൽ മുക്കുന്നവയും ആണു.





Sunday, July 17, 2011

Chappa Kurish - ചാപ്പാ കുരിശ് (5.5/10)

Chappa Kurish/Malayalam/2011/Drama-Thriller/M3DB/ (6/10)


പ്ലോട്ട് : അർജ്ജുൻ (ഫഹദ് ഫാസിൽ) ഒരു അടിപൊളി, കാശ് വീട്ടിലെ പയ്യൻ, ഉയർന്ന ശമ്പളമുള്ള ജോലിയും ഉയർന്ന നിലയിലെ ജീവിതവും നയിക്കുന്നു. അൻസാരി (വിനീത് ശ്രീനിവാസൻ) വടക്കൻ മലബാറിൽ നിന്നും കൊച്ചിയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചേയ്യാൻ എത്തിയിരിക്കുന്ന ഒരു സാധാരണക്കാരൻ പയ്യൻ, പണത്തിലും വിദ്യാഭ്യാസത്തിലും, ജീവിത നിലവാരത്തിലും, ആത്മധൈര്യത്തിലും അർജ്ജുന്റെ നേർ വിപരീതം - ഇവർ ഒരു നാണയത്തിന്റെ അകവും പുറവും ആയിട്ട് വരുന്ന ഒരു കഥയാണു ചാപ്പാ കുരിശ്. അർജ്ജുനും അയാളുടെ ആപ്പീസിലെ ജീവനക്കാരിയും (രമ്യാ നമ്പീശൻ) ആയിട്ടുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തിയിട്ടുള്ള മൊബൈൽ ഫോൺ അയാളുടെ കൈയ്യിൽ നിന്നു കൈമോശം വരുന്നതും, അതു ആകസ്മികമായി വിനീത് ശ്രീനിവാസന്റെ കൈയ്യിൽ എത്തുന്നതും, പിന്നെ അതു തിരിച്ച് വാങ്ങുവനുള്ള അർജ്ജുന്റെ ശ്രമങ്ങളും ഒക്കെയാണു ഈ സിനിമ.

വെർഡിക്ട് : ഈ പടം - ആവറേജ് ആണോ, അത്യുഗ്രൻ ആണോ? എനിക്ക് ഒരു തീരുമാനത്തിൽ എത്തുവാൻ ആകുന്നില്ല - ഇതോരു ഇംഗ്ലീഷ് പടം ആയിരുന്നെങ്കിൽ ഞാനിതിനെ അത്യുഗ്രൻ എന്നു വിളിച്ചേനേ, പക്ഷെ മലയാളം ആയതു കൊണ്ട് ആവറേജ് എന്നും (കാരണം ചോദിക്കരുതു, എനിക്കറിയില്ല!). പക്ഷെ സിനിമ ഒരല്പം - ഒരു പത്ത് മുപ്പത് മിനുറ്റ് - വെട്ടികുറച്ച്, രണ്ട് പാട്ടുകളും കട്ട് ചേയ്തു ഇറക്കിയിരുന്നെങ്കിൽ ശരിക്കും ഉഗ്രനായേനേ. അതു കൊണ്ട്, രണ്ട് റേറ്റിങ്ങ് ഈ സിനിമക്ക് - അഞ്ചരയും ആറും.

കൈ എത്തും ദൂരത്തിൽ അഭിനയിച്ച ‘ഫാസിലിന്റെ മ്വോൻ‘ തന്നെ ആണോ ഇതു? .. എങ്കിൽ ഫാസിലിന്റെ മകൻ എന്ന നിലയിൽ നിന്നും ഫഹദ് ഒരു വളരേ നല്ല അഭിനേതാവിന്റെ നിലയിലേക്ക് പെട്ടെന്നു ഉയർന്നിരിക്കുന്നു, അർജ്ജുനൻ സാക്ഷിയിലും എനിക്കിവനെ വളരേ ഇഷ്ടായിരുന്നു.  കൊള്ളാം, ഇങ്ങനെ കഴിവുള്ളവർ ഉയർന്നു വരട്ടേ ധാരാളം.

ഫഹദ് വിനീത് ശ്രീനിവാസനെ നിഷ്പ്രഭനാക്കി. പക്ഷെ സമൂഹത്തിന്റെ ആട്ടും തുപ്പും സഹിച്ച് കഴിയുന്ന താഴേക്കിടയിലെ ഒരു ‘പുഴു‘വിനെ പ്രതിനിധീകരിക്കുന്നതിൽ വിനീത് ശ്രീനിവാസൻ നന്നായിട്ടുണ്ട്. പിന്നെ എടുത്ത് പറയേണ്ടതു സപ്പോർട്ടിങ്ങ് ആക്ടേഴ്സ് ആണു. അർജ്ജുന്റെ സുഹൃത്ത് ആയിട്ട് വരുന്ന ആ ആൾ, പിന്നെ അൻസാരിയൂടെ സൂപ്പർവൈസർ ആയിട്ട് അഭിനയിക്കുന്ന ആൾ .. കൊള്ളാം.

സംവിധാനം - പടത്തിനു നീളം കൂടിയതു എഡിറ്റിങ്ങിന്റെ പ്രശ്നം ആണോ, അതോ സംവിധായകന്റെയോ? അതു ഒഴിവാക്കിയാൽ, സമീർ താഹിർ ഒരു വാഗ്ദാനം തന്നെയാണു മലയാളം സിനിമക്ക്. അങ്ങാരുടെ ക്ലാസ്സ് വ്യക്തമാണു സിനിമയിൽ ഉടനീളം. പിന്നെ സിനിമയിൽ ഉടനീളം വരുന്ന ‘ബീപ്പ്’ ശബ്ദങ്ങളുടെ പിന്നിലെ തെറികൾ - അതു ശരിക്കും എല്ലാവരുടേയും നാക്കിൽ വരുന്നതാണു, പ്രാന്ത് പിടിച്ചിരിക്കുമ്പോൾ മനസ്സിലെങ്കിലും തെറി പറയാത്തവാരായി ആരുമുണ്ടാവില്ല, ഉറപ്പ്. അതു സിനിമയിൽ ഉൾപ്പെടുത്തിയതു ആരുടെ കൈക്രിയ ആണെങ്കിലും, അദ്ദേഹത്തിനും ഒരു ക്ലാപ്പ്. 

പിന്നെ അവസാനം ഒരു അടി ഉണ്ട്, ഈ അൻസാരിയും അർജ്ജുനും തമ്മിൽ - ഒരു വേട്ടക്കാരന്റേയും വേട്ടമൃഗത്തിന്റേയും യുദ്ധം പോലൊരൊണ്ണം - തനി നാടൻ ഉരുട്ടിപ്പിടുത്തം -  മാർക്ക്സ് ശരിക്കും അതിനു പത്തിൽ പത്താണു.

സിനിമാറ്റോഗ്രാഫിയും എടുത്ത് പറയേണ്ട കാര്യം തന്നെയാണു. അൻസാരിയേയും അർജ്ജുനേയും കാട്ടുമ്പോൾ ഉള്ള ലൈറ്റിങ്ങ് (അതു സിനിമാറ്റോഗ്രാഫറുടെ കഴിവ് അല്ലേ?), കാമറാ ആംഗിൾസ്, ബാക്ക് ഗ്രൗണ്ട്, .. ഒക്കെ കിടിലൻ. ആക്ഷൻ സീക്വൻസിലും ജോമോന്റെ ക്യാമറ ആ അടിയുടെ മൊരടത്തരം കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട്.  ആ രണ്ട് കഥാപാത്രങ്ങളുടേയും ക്യാരക്ടർ അനുസരിച്ച് കാമറ അവരുടെ കൂടെ യാത്രയാവുന്നതു സിനിമയെ വളരേ അധികം സഹായിച്ചിരിക്കുന്നു എന്നു പറയുമ്പോൾ അതിൽ സുഖിപ്പിക്കലിന്റേയോ, ഫേവറിസത്തിന്റേയോ ഒട്ടും മായം ഞാൻ ചേർക്കുന്നില്ല. പക്ഷെ, ഇന്നു ചേർത്തലക്കടുക്കെയുള്ള മരുത്തോർവട്ടം എന്ന എന്റെ കൊച്ച് ഗ്രാമം ജോമോൻ ടി ജോൺ ന്റെ പേരിൽ അഭിമാനിക്കുന്നു, എനിക്കുറപ്പാണു, ഇനി കേരളം അവന്റെ പേരിൽ അഭിമാനിക്കുന്ന ഒരു ദിനം വരും, അധികം താമസിക്കാതെ തന്നെ.!

ഒറ്റ വാചകത്തിൽ : നീട്ടക്കൂടുതൽ ഇല്ലായിരുന്നെങ്കിൽ പടം രസിച്ചേനേ, പക്ഷെ സംഭവം കൊള്ളാം എന്നാൽ എല്ല്ലാവർക്കും സുഖിക്കണമെന്നില്ല.

വാൽക്കഷ്ണം : ഇതിൽ രമ്യാ നമ്പീശന്റെ ഒരു ലിപ്പ് ലോക്ക് ഉണ്ട് - തമിഴിലും തെലുങ്കിലും അഭിനയിച്ചതു കൊണ്ട് രമ്യക്ക് പുരോഗമനം ഇല്ലാ എന്നു പറയാനാകില്ല ;) പണ്ടാരടങ്ങാനായിട്ട് ആ ഭാഗ്യം കിട്ടിയതു ഫഹദിനും - അവൻ ഒരു പൊടി ഗ്ലാമർ ആണൂട്ടോ.

നേരത്തെ പറഞ്ഞതു പോലെ സിനിമയുടെ ഇഴച്ചിൽ മാറ്റാൻ കുറച്ച് ഭാഗങ്ങൾ കട്ട് ചേയ്തു ക്രിസ്പ് ആക്കിയിരുന്നെങ്കിൽ എന്റെ റേറ്റിങ്ങ് എട്ടിനു മുകളിൽ പോയേനേ - അങ്ങനെ ഒന്നൂടെ ഈ പടം ഇറങ്ങിയിന്നെങ്കിൽ, വീഡിയോ ആയിട്ടെങ്കിലും!.


Monday, July 11, 2011

Salt N' Pepper - സോൾട്ട് ആൻഡ് പെപ്പർ (8.5/10)

Salt N' Pepper/Malayalam/2011/Drama-Humour/M3DB/ (8.5/10)
Tagline: ഒരു ദോശ ഉണ്ടാക്കിയ കഥ :)

പ്ലോട്ട് : ഒരു തീറ്റപ്രാന്തനായ, നല്ല രുചിയുള്ള ആഹാരത്തെ പ്രേമിക്കുന്ന മദ്ധ്യവയസ്കനായ ഒരു അവിവാഹിതൻ (ലാൽ) അദ്ദേഹത്തിനു അനന്തിരവൻ കൊണ്ടെ കൊടുത്ത മൊബൈൽ ഫോണിൽ ആദ്യം വരുന്ന കോൾ തന്നെ ഒരു റോങ്ങ് നമ്പർ ആണു - അതു വിളിക്കുന്നതാവട്ടെ ഒരു സിനിമാ ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മദ്ധ്യവയസ്കയായ അവിവാഹിത. അവർ ഒരു ചായക്കട എന്നു കരുതിയാണു ആ നമ്പർ വിളിക്കുന്നതു - ആവശ്യപ്പെടുന്നതു ലാൽ ഇതു വരെ കേട്ടിട്ടില്ലാത്ത ഒരു ഭക്ഷണ പദാർത്ഥവും - തട്ടിലെ കുട്ടിദോശ.  ലാൽ ചൂടായിട്ട് ഫോൺ കട്ട് ചേയ്യുന്നു എങ്കിലും, തട്ടിലെ കുട്ടിദോശ എന്ന ഭക്ഷണം അവരെ വീണ്ടും അടുപ്പിക്കുകയാണു. ..

ബാക്കി കഥ തീയറ്ററിൽ :)

വെർഡിക്ട് : കഥ ഒന്നുമില്ല, ദാ മുകളിൽ പറഞ്ഞതു തന്നെ ആദ്യ 15 മിനുറ്റിൽ തീരും, പക്ഷെ ഒരു നല്ല സിനിമ എന്നതു  ഒരു അടച്ചുറപ്പുള്ള, ആരും ഇന്നേവരേയ്ക്കും കേൾക്കാത്ത കഥകളിൽ നിന്നും മാത്രമേ ഉണ്ടാക്കാൻ കഴിയൂ എന്ന മിഥ്യാ ധാരണ പൊളിച്ചെഴുതുന്ന സിനിമകളിൽ മുൻ‌നിരയിൽ ഈ സിനിമ എന്നും ഉണ്ടാവും, ഉറപ്പ്.  കഥ എന്തു എന്നതല്ല, എങ്ങനെ അതു പറയുന്നു എന്നതാണു പ്രധാനം, എന്നു ഈ സിനിമ വീണ്ടും തെളിയിക്കുന്നു.

ഈ സിനിമ : ഒരുഗ്രൻ സിനിമ തന്നെ ആണു. ആദ്യ നിമിഷം മുതൽ നമ്മളെ അക്ഷരാർത്ഥത്തിൽ കൊതിപ്പിച്ച്, വായിൽ വെള്ളമൂറിച്ച് പണ്ടാരടക്കിക്കൊണ്ടാണു അവസാനം വരെ ഈ സിനിമ നീങ്ങുന്നതു.  ഓരോ നിമിഷവും നമ്മളെ ഓരോ ആഹാര സാമാനങ്ങൾ ഇരിക്കുന്നതു കാട്ടി, കഴിക്കുന്നതു കാട്ടി,  ഉണ്ടാക്കുന്നതു കാട്ടി ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാക്കൊല ചേയ്യുകയാണു സിനിമാ സൃഷ്ടാക്കൾ..

സിനിമയിലേക്ക് : ഈ സിനിമയുടെ ഹൈലൈറ്റ് തിരക്കഥയാണു. ആ ക്രിസ്പി തിരക്കഥ സിനിമ ആക്കിയ സംവിധായകന്റെ രീതിയാണു,  ആ സിനിമയിലെ കഥാപാത്രങ്ങളായ താരങ്ങളാണു - ലാലും ശ്വേതയും അക്ഷരാർത്ഥത്തിൽ ജീവിക്കുകയാണു സിനിമയിൽ. പിന്നെ പറയേണ്ട താരം ബാബുരാജ് ആണു - സ്ഥിരം തല്ലുകൊള്ളി പോലീസായി അഭിനയിച്ച് പെട്ടെന്നോരു ദിവസം ഇങ്ങനത്തെ റോളൊക്കെ ചേയ്തു ഞെട്ടിക്കല്ലേ മാഷേ ഞങ്ങളെ .. കലക്കൻ! ആസിഫ് അലി കൊള്ളാം, മൈഥലി ധാരാളം ഞെളിഞ്ഞ് പിടിച്ച് ഓടി നടക്കുന്നും ഉണ്ട്. വിജയരാഘവനും കല്പനയും ഒക്കെ ചുമ്മാ ചെറു റോളുകളിൽ വന്നു പോവുന്നും ഉണ്ട്.  പക്ഷെ ആരും ഓവർ അല്ല, വേണ്ടാത്ത ഒരൊറ്റ കഥാപാത്രങ്ങളില്ല, എല്ലാം വേണ്ടതു മാത്രം. കൂടാതെ ചിരിച്ച് വീഴാൻ മാത്രമുള്ള സംഭവങ്ങളും സിനിമയിൽ അങ്ങോളമിങ്ങോളം ഉണ്ട് താനും. :)

ടെക്ക്നിക്കൽ സൈഡിലും ഒരു കുറ്റമോ കുറവോ പറയാൻ ഞാനാളല്ല. റ്റൈറ്റിൽ ഒക്കെ കിടു അല്ല, കി-ക്കിടു. :) ആഷിക്ക് അബുവിന്റെ ആദ്യ സിനിമ - ‘ഡാഡി കൂൾ’ വളരേ  വെറുപ്പിച്ച സിനിമ ആയിരുന്നു, പക്ഷെ ആ കേട് സോൾട്ട് ആൻഡ് പെപ്പർ മാറ്റി!

എനിക്കിനീം കൊതിയാവുന്നു, ഈ സിനിമ കാണാൻ - വായിൽ വെള്ളമൂറുന്നു ഈ സിനിമ ഒന്നൂടെ കാണാൻ. !

ഒറ്റ വാചകത്തിൽ :  സോൾട്ടും പെപ്പറും മാത്രമല്ല, എല്ലാ രുചികളും ഉള്ളോരുഗ്രൻ സദ്യ!. ഡോൺ‌ഡ് മിസ്സ് ! :)  പ്രാഞ്ചിയേട്ടനു ശേഷം ഞാൻ ശരിക്കും ചിരിച്ച് വീണ ആദ്യ പടം!

വാൽക്കഷ്ണം :  ഒരു റ്റൈറ്റിൽ സോങ്ങ് ഉണ്ട്, നമ്മൾ സീറ്റിൽ ഒന്നു ഇരുപ്പ് ഉറപ്പിക്കുന്നതിനു മുന്നേ തന്നെ നമ്മളെ താറൂമാറാക്കാൻ മാത്രമുള്ള ഒരു ഐറ്റം. കണ്ടിട്ടില്ലാ എങ്കിൽ ദാ ഇവിടെ കാണാം.

സിനിമ കണ്ട് തിരികെ പോവുന്ന വഴിക്ക് ബികുവിന്റെ തട്ടുകടയിൽ കയറാതിരിക്കാൻ നടത്തിയ എന്റെ മനസ്സിന്റെ ശ്രമം ഒട്ടും ഫലം കണ്ടില്ല - അത്രെക്ക് കൊതിയായിപ്പോയി ദോശയും ഓം‌ലെറ്റും ചട്നിയും മുളകും ചേർത്തോരു പിടി പിടിക്കാൻ ..   ഇശ് ...ശ് ... എനിക്കിപ്പോ കരിമീൻ പൊള്ളിച്ചതു കഴിക്കണം .. :(


Monday, May 16, 2011

സീനിയേഴ്സ് - Seniors (7/10)


Seniors/Malayalam/2011/Humour-Suspense/Wiki/ (7/10)



പ്ലോട്ട് : കോളേജ് ഡേ രാത്രി,  രംഗത്ത് ഒരു ഉഗ്രൻ നാടകം നടക്കുകയാണു, അരങ്ങത്ത് 4 പുരുഷന്മാരും, ഒരു പെൺകുട്ടിയും. അതേ ദിവസം വളരേ വൈകി ആ പെൺകുട്ടിയുടെ ശവശരീരം ഈ നാൽ‌വർ സംഘത്തിന്റെ സ്ഥിരം താവളത്തിനടുത്ത് നിന്നും കിട്ടുന്നു..

വർഷം കുറച്ചധികം കഴിഞ്ഞ്, ആ നാൽ‌വർ സംഘത്തിലെ ഒരാൾ ജയിലിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുകയാണു, ആ നാലു പേർക്കുമായി അയാൾ കുറ്റമേറ്റെടുത്ത് ജയിൽ വരിച്ചിരുന്നു. അയാൾ എത്തുന്നതു ഒരു പ്രത്യേക ആവശ്യവും ആയിട്ടാണു, വഴിക്ക് വച്ച് അവർ ഉപേക്ഷിച്ച പി ജി കോഴ്സ് പൂർത്തിയാക്കണം എന്ന വിചിത്രമായ ആവശ്യം കേട്ട് ബാക്കി മൂന്നു പേർ ഞെട്ടുന്നു - പക്ഷെ തങ്ങളുടെ പ്രിയ സ്നേഹിതന്റെ ആഗ്രഹത്തിനു അവർ വഴങ്ങുന്നു, അവർ നാലു പേരും തിരിച്ച് കാമ്പസിൽ എത്തുന്നു .. തുടർന്നു അവരുടെ വിലസൽ ആണു കാമ്പസിൽ - അതിനു തുടർച്ചയായി പഴയ സംഭവങ്ങളുടെ തനിയാവർത്തനങ്ങളും ..


വെർഡിക്ട് : പല സിനിമകളുടെ പലൈ ഭാഗങ്ങൾ അവിടിവിടെ വരുന്നുണ്ട് - കാമ്പസിലേക്ക് തിരിച്ച് പോക്കും, പഴയ കാമുകിയുടെ വിശ്വാസം തിരിച്ച് പിടിക്കാൻ ശ്രമിക്കുന്നതും, ചേയ്യാത്ത കുറ്റം ഏറ്റേടുക്കലും, പിന്നെ അതു ശരിക്കും ആരാണു ചേയ്തതെന്നു കണ്ടു പിടിക്കാൻ ശ്രമിക്കുന്നതും .. പല തവണ നമ്മൾ കണ്ടിട്ടുള്ള സംഭവങ്ങൾ തന്നെ ഇതു. പക്ഷെ ഈ സംഭവങ്ങൾ ഒക്കെ തന്നേയും രസകരമായി ചേയ്തു വൈക്കാൻ കഴിഞ്ഞിട്ടുണ്ട്, പോക്കിരിരാജ ഫെയിം വൈശാഖിനു.

പോക്കിരി രാജ എന്ന വൈശാഖിന്റെ ആദ്യ പടം കേരളീയർ ഹിറ്റാക്കിയ ഏറ്റവും മോശം പടങ്ങളിൽ ഒന്നായിരുന്നു, പക്ഷെ ഈ സിനിമ മലയാള സിനിമയുടെ ഇപ്പോഴത്തെ നിലവാരം വച്ച് നോക്കുമ്പോൾ ഹിറ്റാവാൻ വളരേ അധികം യോഗ്യതയുള്ള സിനിമ തന്നെയാണു. 

ആദ്യ 10 മിനുറ്റ് കഴിഞ്ഞാൽ ചിരിയൊഴിയില്ല തീയറ്ററിൽ - സുരാജിന്റെ ചില വളിപ്പുകൾ ഒഴിച്ചാൽ ബാക്കി മിക്ക നമ്പറുകളും ഫ്രഷ് - ബിജൂ മേനോനും മനോജ് കെ ജയനും ചിരിപ്പിച്ച് കൊല്ലുന്നുണ്ട് ചില അവസരങ്ങളിൽ.

കുഞ്ചാക്കോ ബോബൻ - എന്റെ മ്വോനേ, ഇനിയെങ്കിലും ഒന്നഭിനയിക്കാൻ ശ്രമിച്ചൂടേ, ബാക്കി മൂന്നുപേരുടേയും കൂടെ നിൽക്കുമ്പോൾ കുഞ്ചാക്കോ ബോബൻ ശരിക്കും അമച്വർ!

സസ്പെൻസ് : അങ്ങനെ ഒന്നും ഇല്ല - ആദ്യ പകുതിയുടെ കാൽ ഭാഗം കഴിഞ്ഞപ്പോഴേ ഏകദേശം നമുക്ക് മനസ്സിലാവുന്നുണ്ട് ആരെയാണു തേടുന്നതെന്ന്, ബാക്കി ഉള്ളവർക്ക് മനസ്സിലാവാഞ്ഞതെന്തേ അതു? .. ക്ലൈമാക്സും കൃത്യമായി പ്രവചിക്കാൻ എനിക്ക് കഴിഞ്ഞൂ, ക്ലൈമാക്സിനു ഒരു പതിനഞ്ച് മിനുറ്റ് മുന്നേ തന്നെ ... അതു സൃഷ്ടാക്കളുടെ കഴിവു കേടോ, അതോ എന്റെ ബുദ്ധി വൈഭവമോ?

... ആദ്യത്തേതാവാൻ ആണു കൂടുതൽ സാധ്യത!. :)

ഒറ്റ വാചകത്തിൽ : പൈസാ വസൂൽ - വാല്യൂ ഫോർ മണി ആയ ഒരു എന്റർടെയിന്മെന്റ് ഫിലിം - ധൈര്യമായി കാണാം.

വാൽക്കഷ്ണം : അൽഫോൺസ് ജോസഫിന്റെ റ്റൈറ്റിൽ മ്യൂസിക്ക് - കിടു - ക്ലാസ്സ്. അതു എങ്ങു നിന്നും ഇൻസ്പയർ ആയതല്ലാ എന്നു വിശ്വസിക്കുന്നു, .. എന്തോ .. നല്ല പരിചയം തോന്നുന്നു ആ ട്യൂൺ ..


Friday, January 14, 2011

അപൂർവ്വരാഗം - Apoorva Raagam (4/10)

Apoorva Raagam/Malayalam/2010/Thriller-Suspence/IMDB/M3DB (4/10)

പ്ലോട്ട് : രണ്ട് കൂട്ടുകാർ .. അവർ കോളേജിൽ പഠിക്കുന്നു, ഒരു പണച്ചാക്കിന്റെ മകളെ പ്രേമിക്കുന്നു, ചാടിച്ച് കൊണ്ട് പോയി രജിസ്റ്റർ കല്യാണം കഴിക്കുന്നു ...  പിന്നെ പ്ലോട്ടിൽ ട്വിസ്റ്റോട് ട്വിസ്റ്റ്.  കൂടുതൽ പറഞ്ഞാൽ കാണാനുള്ളവർ എന്റെ തലക്കടിക്കും, അതോണ്ട് പറയണില്ലാ :)

വെർഡിക്ട് : അലമ്പ്!  ഒരു അമച്വർ നാടകത്തിനു ഈ സിനിമയെക്കാൾ നിലവാരം ഉണ്ടാവും.. . ഈ സിനിമ അന്നു തീയറ്ററിൽ പോയി കാണാഞ്ഞത് ബുദ്ധിപരമായ നീക്കമായി എന്നു എനിക്കിപ്പോൾ തോന്നുന്നു - അന്നു കാണാൻ പറ്റാത്തതിൽ ദുഃഖിച്ചതിൽ ഞാൻ ഇന്നു ഖേദിക്കുന്നു.

നടന്മാർ : എല്ലാരും ഒന്നിനൊന്നു മോശമാണു. ആ നിഷാൻ ഒക്കെ അഭിനയിക്കാൻ ഇനീം പഠിക്കേണ്ടിയിരിക്കുന്നു .. തമ്മിൽ ഭേദം ആസിഫ് അലിയാണു, അവൻ തരക്കേടില്ലാതെ കാര്യം അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട് - അവസാനം കൊണ്ടെ നശിപ്പിച്ചിട്ടുണ്ടെങ്കിലും.. ജഗതി ഒക്കെ ചുമ്മാ വന്നു ചുമ്മാ പോവുന്നു!

കഥ : കലക്കൻ! .. മറ്റോരു ടീം ആണു ഈ സിനിമ എടുത്തിരുന്നതെങ്കിൽ ഇതു ഒരു ഒന്നാംതരം സിനിമ ആയിരുന്നേനെ.  പക്ഷെ, ഈ സിനിമ ആ കഥയോട് നീതി പുലർത്തിയിട്ടില്ലാ എന്നു മാത്രമല്ല, കഥയുടെ മുകളിൽ കുന്തക്കാലിൽ കയറി ഇരുന്നു വൃത്തികേടും ആക്കിയിരിക്കുന്നു.!

സംവിധാനം : വേസ്റ്റ് - സിബിസാർ നല്ല സിനിമകൾ എടുത്തിട്ടുള്ള വ്യക്തിയാണു, പക്ഷെ ഈ സിനിമ അങ്ങാരുടേത് തന്നെയാണോ? ആണെന്നു തോന്നുന്നു, പഴഞ്ചൻ രീതികൾ ആണു ഈ സിനിമയെ ഇത്രേം ബോറാക്കിയിരിക്കുന്നതു .. 

വെർഡിക്ട് ഒറ്റ വാക്കിൽ  :  കാണൽ ഒഴിവാക്കാമെങ്കിൽ ഒഴിവാക്കൂ.. മിനിമം സിബിസാറിനോട് നമുക്ക് ബാക്കിയുള്ള ആദരവ് എങ്കിലും ബാക്കി ഉണ്ടാവും.

വാൽക്കഷ്ണം : മിനിമം, അഭിനയിക്കാനറിയില്ലാത്ത (?) നടന്മാർ ആണു എന്ന് എങ്കിലും മനസ്സിൽ വച്ച് ഷോട്ടുകൾ ഒരല്പം കൂറ്റെ ചെറുതാക്കാമായിരുന്നു എഡിറ്റർക്ക്.. ഇതു നെടുനീളൻ ഷോട്ടുകൾ വച്ച് ആ നടന്മാരുടെ മൊത്തം വീക്ക്നെസ്സുകളും കാണികളെ കാട്ടുന്നു, നിർമ്മാതാക്കൾ. ഈ നടന്മാരോട് സംവിധായക-എഡിറ്റർ ജോഡിക്ക് വല്ല വൈരാഗ്യവും ഉണ്ടോ ആവോ?


ആ നിഷാനു മലയാളം അറിയില്ലേ ആവോ .. പറയുന്നത് ഒന്നു, കേൾക്കുന്നതു മറ്റൊന്നു .. 


Monday, December 20, 2010

Best Actor (6/10)

Best Actor/Malayalam/2010/Drama-Comedy/IMDB(6/10)

പ്ലോട്ട് : ഒരു സിനിമാപ്രാന്തൻ ആയ സ്കൂൾമാഷ് സിനിമാ നടനാവാൻ നടക്കുന്നതാണു സിനിമയുടെ കഥ. അങ്ങാർക്ക് ഭാര്യേം കുട്ടീം ഒക്കെ ഉണ്ട്, പക്ഷെ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹത്തിനു അവരെക്കാളൊക്കെ സ്ഥാനം അയാൾ കൊടുക്കുന്നുണ്ട് .. ബാക്കി എല്ലാം സാദാ സിനിമകളെ പോലെ, സംവിധായകർ ആട്ടി ഓടിക്കുന്നു, അയാൾ കിട്ടിയേക്കാവുന്ന ഒരു പടത്തിലെ റോളിനു എക്സ്പീരിയൻസ് ഉണ്ടാക്കാനായി കൊച്ചിയിലെത്തുന്നു, ഗുണ്ടകളുടെ കൂടെ താമസിച്ച് അവരുടെ രീതികൾ പഠിക്കാൻ. ..  പിന്നെ കോറേ തമാശകൾ, വളിപ്പുകൾ, .. അവസാനം ഒരുഗ്രൻ ട്വിസ്റ്റ്, അതിലും ഉഗ്രൻ ക്ലൈമാക്സ്.


വെർഡിക്ട് : സിനിമ ക്ലൈമാക്സ് ഒഴിവാക്കി നോക്കിയാൽ തികച്ചും ആവറേജ് ആണു.ചുമ്മാ കൈയ്യടി വാങ്ങാൻ സ്ഥിരം വളിപ്പുകളും, തമാശകളും ഒക്കെയായിട്ട് മുന്നോട്ട് പോവുന്ന കഥപറച്ചിൽ. അസ്വാഭാവികങ്ങളായ സ്വഭാവമാറ്റങ്ങൾ മമ്മൂട്ടിയുടെ കഥാ‍പാത്രത്തിന്റെ ബേസിക്ക് സ്വഭാവത്തിൽ കാണികൾക്ക് സംശയം ഉണ്ടാക്കുന്നുണ്ട്, അതു ഒഴിവാക്കാമായിരുന്നു. ഒരിക്കലും ഒരു പാവം സ്കൂൾമാഷ് കൊച്ചീലെ തടിമാടൻ ക്വട്ടേഷൻ‌ടീമുകളോട് ഉരസില്ല, അതും ഇന്നലെ പരിചയപ്പെട്ട ഗുണ്ടകൾക്ക് വേണ്ടി.!  അതു കഥയിലെ തെറ്റ്. !

മമ്മൂട്ടി ഒരു നാട്ടിൻ‌പുറത്തെ മാഷിന്റെ എല്ലാ മാനറിസങ്ങളും പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്, അതു ഒരു നല്ല പരിധിവരെ നന്നായിട്ടും ഉണ്ട്. ലാലിനു സ്വന്തം റോൾ ഇനിയും വളരേ അധികം നന്നാക്കാനുള്ള സ്കോപ്പ് ഉണ്ടായിരുന്നു, പക്ഷെ ഓവറാക്കി. സലിംകുമാർ വൃത്തികേടാക്കിയിട്ടില്ല. വിനായകൻ ചെറുതെങ്കിലും നല്ലോരു റോൾ നന്നാക്കിയിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാൻ അദ്ദേഹത്തിനു നന്നായി അറിയാം. നെടുമുടി വെറുതേ വന്നു പോവുന്നുണ്ട് - ചുമ്മാ സെന്റി അടീക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. ശ്രീനിവാസനും ഒരു ചലനം ഉണ്ടാക്കാനാവാതെ വന്നു പോവുന്നു. സ്പെഷ്യൽ അപ്പിയറൻസ് നടത്തുന്ന ലാൽജോസ്, രഞ്ജിത്ത് എന്നിവർ ഇവരെക്കാൾ ഒക്കെ നന്നായിട്ട് ചേയ്യുന്നുണ്ട് റോളൂകൾ. :)

മേഘമൽഹാറിൽ ക്യാമറാമാൻ ആയിട്ട് ബിജുമേനോന്റെ കൂടെ നടക്കുന്ന പയ്യൻ (ഹിപ്പി സ്റ്റൈൽ) : ഇതിലും ഉണ്ട് : അദ്ദേഹത്തിനെന്തേ നല്ല റോളുകൾ ആരും കൊടുക്കാത്തേ? അങ്ങാരു ഏതു റോളും ഉഗ്രൻ ആക്കുന്നുണ്ടല്ലോ? കുറച്ച് കൂടെ പ്രാധാന്യമുള്ള റോളുകൾ അങ്ങാർക്ക് ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ..  നല്ല സ്വാ‍ഭാവിക ഡയലോഗ് ഡെലിവറി അങ്ങാരെ വ്യത്യസ്ഥനാക്കി നിർത്തുന്നു, എല്ലാവരിലും ഇടയിൽ. മേഘമൽഹാറിലും ഞാൻ ഇങ്ങാരെ ശ്രദ്ധിച്ചിരുന്നു..

സംവിധായകൻ : ഒരു കാര്യം ഉറപ്പ് - ഈ പുതുമുഖ സംവിധായകൻ ഒരു വാഗ്ദാനം ആണു, മലയാള സിനിമക്ക്. കൊള്ളാം, ആദ്യ സിനിമയുടെ ഒരു വിറവൽ ഇല്ലാതെ ഒരു സൂപ്പർ നായകനെ ഇൻ‌ട്രോ ചേയ്തു കൊണ്ടുവരുന്നതും, നായകന്റെ ബിൽഡപ്പും, ഒക്കെ, വളരേ നന്നാക്കിയിട്ടുണ്ട്. ടെക്ക്നിക്കൽ ഡിവിഷൻ ആണു ഈ സിനിമയെ ‘മോശ‘ത്തിൽ നിന്നും ‘തരക്കേടില്ലാ’ത്തത് എന്ന നിലവാരത്തിൽ എത്തിക്കുന്നതെന്നു പറഞ്ഞാൽ അതു ഒരു തെറ്റാവില്ല.

വാൽക്കഷ്ണം :  ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞല്ലോ - അതൊരു ഉഗ്രൻ ഐറ്റം ആണുട്ടോ. :) ഇഷ്ടായി. ആ ഒരു ക്ലൈമാക്സ് ഇല്ലായിരുന്നുവെങ്കിൽ, ഈ സിനിമ ‘സൂപ്പർസ്റ്റാർ ചവർ’ എന്ന ലിസ്റ്റിൽ സ്ഥാനം പിടിച്ചേനേ. ആ ക്ലൈമാക്സ് ഇട്ടതിനു, കഥാകൃത്ത്/തിരക്കഥാകൃത്ത്/സംവിധായക ത്രയങ്ങൾക്ക് എല്ലാ കൈയ്യടികളും. :)

വെർഡിക്ട് ഒറ്റ വാക്കിൽ  : ആവറേജ്, ബട്ട് സഹിക്കബിൾ. :)


Sunday, December 19, 2010

കാണ്ഡഹാർ - Kandahar (2/10)


Kandahar/Malayalam/2010/Action-War/Wiki(2.0/10)

പ്ലോട്ട് : സംവിധാനം അറിയില്ലാത്ത മേജർ രവി എന്ന അമച്വർ സംവിധായകനു ഷൈൻ ചേയ്യാൻ ഉള്ള ഒരു പ്ലോട്ട്. സംവിധാനം കൂടാതെ അങ്ങാരു ഇതിൽ അഭിനയവും ചേയ്തിട്ടുണ്ട്. 

എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ട് പോവുന്ന വിമാനം തിരിച്ച് പിടിക്കുന്ന കമാൻണ്ടോകളുടെ കഥ പറയാൻ ‘ശ്രമിക്കുക’  യാണു ഈ സിനിമയിലൂടെ ‘സംവിധായകൻ’ . 

വെർഡിക്ട് : ചവറ്!  വേസ്റ്റ്! വധം ! ട്രാഷ് !
ഞാൻ കുറച്ചധികം കാലമായി ഇത്രയും ബോറും തല്ലിപ്പൊളിയുമായ ഒരു സിനിമ കണ്ടിട്ടില്ല.  കഥ ഒന്നും ഇല്ലായെങ്കിൽ പോലും - കഥയെന്നൊരു സാധനം ലാലേട്ടന്റെ സിനിമകളിൽ കണ്ടിട്ട് വർഷങ്ങൾ പലതായി, എന്നാലും, - ഒരു ത്രെഡ് ഇത്രേം അമച്വർ ആയിട്ട് ഉണ്ടാക്കി, അതു ഇത്രേം വലിയ താരങ്ങളെ കൂട്ട് പിടീച്ച് ഇറക്കണമെങ്കിൽ ചില്ലറ തൊലിക്കട്ടിയും പാദസേവയും ചേയ്താൽ പോരാ.!   പോക്കിരിരാജ ഒക്കെ ഇതിനോട് അപേക്ഷിച്ച് നോക്കിയാൽ ക്ലാസ്സ് പടമാണു!

ലാലേട്ടൻ - അത്ര മെച്ചം ആയിട്ടില്ല - ഇതിലും ഒക്കെ നന്നായിട്ട് പല സിനിമകളിലും ലാലേട്ടനെ കണ്ടിട്ടുണ്ട്, പക്ഷെ പ്രകടനം നടത്താൻ വല്ലതും ഉണ്ടെങ്കിൽ അല്ലേ പ്രകടീപ്പിക്കാൻ പറ്റൂ? സത്യത്തിൽ സ്കോപ്പില്ലാത്ത ഈ പടം ലാലേട്ടൻ എന്ന നടന്റെ ചിറകുകൾ കെട്ടിയിരിക്കുന്നു എന്നു തോന്നി .. അതു അദ്ദേഹത്തിനു തന്നെ അറിയാമായിരുന്നിരിക്കണം - പല ഷോട്ടുകളിലും ലാലേട്ടൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്നു അഭിനയിച്ച മാതിരി തോന്നി.

എന്റെ ലാലേട്ടാ, എന്തിനു ഈ മേജറിനു തുരുതുരാ ഡേറ്റ്സ് കൊടൂക്കുന്നു? തനിക്ക് സംവിധാനപ്പണി അറിയില്ലാ എന്നു കഴിഞ്ഞ മൂന്നു പടങ്ങളായി വീണ്ടും വീണ്ടും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ? എന്നിട്ട് എന്തിനു വീണ്ടും?  ഹൊ .. കരയാൻ തോന്നുന്നു എനിക്ക്. :(   അദ്ദേഹത്തിനു ഡേറ്റ് കൊടുത്തില്ലായെങ്കിൽ ലെഫ്:കേണൽ പദവി എടുത്ത് കളയുമെന്നോ മറ്റോ അങ്ങാരു ഭീഷണിപ്പെടുത്തുന്നുണ്ടോ? ഞങ്ങൾ ഇടപെടണോ?

അമിതാബ് ബച്ചൻ : ഇങ്ങാരു ഈ സിനിമയിൽ മര്യാദക്ക് വന്നു പോവുന്നുണ്ട് - ഗസ്റ്റ് അപ്പിയറൻസ് ആണെങ്കിലും,ആകെ രണ്ടോ മൂന്നോ സീനുകളിലേ ഉള്ളൂ എങ്കിലും, ആ പ്രഭാവം നമുക്ക് ആദ്യാവസാനം അനുഭവപ്പെടുന്നു - അതാണു സ്ക്രീൻ പ്രസൻസ്! :)

പക്ഷെ, അങ്ങ് വടക്ക് കിടന്നു, ഇവിടത്തെ നല്ല സിനിമകൾ മാത്രം കണ്ട് മലയാള സിനിമയെന്നാൽ എന്തോ അതിഭയങ്കര-ഭീകര സംഭവമാണെന്നു തെറ്റിദ്ധരിച്ച് മൂഡസ്വർഗ്ഗത്തിൽ കഴിഞ്ഞിരുന്ന ബച്ചനെ എന്തിനു മേജർ രവി സാർ, താങ്കൾ സ്വന്തം ചവറ് പടത്തിൽ അഭിനയിക്കാൻ കൊണ്ടു വന്നു? താങ്കൾക്കറിയില്ലേ, താങ്കളുടെ ലിമിറ്റ്സ്? താങ്കളുടെ കഴിവുകേടുകൾ?
എന്തിനു മലയാള പടം ഇങ്ങനെ പൊട്ട ആണെന്ന് അങ്ങാരേം കൂടെ മനസ്സിലാക്കിക്കൊടുത്തു? എന്തിനു ? എന്റെ പത്ത് ഇരുന്നൂറ് രൂപ പോയതിൽ അല്ല, പക്ഷെ മലയാളസിനിമയിൽ ഇങ്ങനേം സിനിമകൾ ഉണ്ടാവുന്നുണ്ട് എന്നു അങ്ങാരെ അറിയിച്ച് മലയാളസിനിമയെ, മലയാളത്തെ മൊത്തം നാണംകെടുത്തിയതിനു താങ്കൾക്ക് മാപ്പില്ല. ഒട്ടും മാപ്പില്ല. ഷേം, രവി സാർ, ഷേം.! :(

ഡയലോഗുകൾ : രാഷ്ട്ര സ്നേഹം ഡബ്ബിൾ ഓവർഡോസിൽ ഇട്ട് ഉണ്ടാക്കിയ പല ഡയലോഗുകളും കൂവൽ ക്ഷണിച്ച് വാങ്ങുന്നുണ്ട് ഈ സിനിമയിൽ. ആവറേജ് മുസ്ലീം വീട്ടമ്മയുടെ ദേശഭക്തി ഘോഷണങ്ങൾ കേൾപ്പിക്കുവാനായിട്ട് മാത്രം കൊണ്ടുവന്ന കെ പി എസ് സി ലളിതക്ക് വരെ സ്കൂൾതല സ്കിറ്റുകളിൽ കേൾക്കുന്നതിനെക്കാൾ ദയനീയ ഡയലോഗുകൾ കൊടുത്ത് ഡയലോഗ് എഴുതിയാൾ തന്റെ ജോലി ഭംഗിയായിട്ട് നശിപ്പിച്ചിട്ടുണ്ട്. ഏതു റോളും ഭംഗിയാക്കാൻ വിദദ്ധയായ ലളിതച്ചേച്ചിക്ക് വരെ അടിതെറ്റുന്നെങ്കിൽ, എന്തോക്കെയോ പ്രശ്നം അടിത്തറക്കുണ്ട്, അതുറപ്പ്.!

ബാക്കി വരുന്ന എല്ലാവരും, കെ പി എസ് സി ലളിത ഉൾപ്പെടെ, അലമ്പാക്കിയിട്ടുണ്ട്. അമച്വർ നാടകങ്ങളിൽ പോലും ഇതിലും നല്ല പ്രകടനങ്ങൾ നമുക്ക് കാണാനാവും - ഇതു ക്യാമറാ ആംഗിളിന്റേ പ്രശ്നമോ, അതോ സംവിധായകന്റെ പരിചയക്കുറവോ കാരണം മഹാ ബോർ ആയിരിക്കുന്നു പല രംഗങ്ങളും.

ഡോണ്മാക്സ് എന്ന ന്യൂജനറേഷൻ എഡിറ്റിങ്ങ് വിദദ്ധൻ കൂടെ ഈ സിനിമയിൽ ഇല്ലായിരുന്നുവെങ്കിൽ - എന്റെ സിനിമാ-കാഴ്ചജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആയി മാറിയേനേ ഈ സിനിമ. തീയറ്ററിൽ നിന്നും ഒരു കോമ ആകാതെ രക്ഷപ്പെടൂത്തിയതിനു ഡോൺ മാക്സിനോട് എന്റെ നന്ദി. !

വാൽക്കഷ്ണങ്ങൾ  : സുനിൽ ഷെട്ടി, പാർവ്വതി ഓമനക്കുട്ടൻ, സൂര്യ .. എന്നിവർ ഒക്കെ ഈ സിനിമയിൽ ഉണ്ടെന്നു വിക്കിയിലും നെറ്റിലെ പല ആർട്ടിക്കിൾസിലും കണ്ട പേരുകൾ ആണു. എവിടെ ഇവരൊക്കെ? ഇത്രേം കച്ചറ ആണെന്ന് അറിഞ്ഞ് അവസാന നിമിഷം എസ്കേപ്പ് ആ‍യതാണോ ഇവരൊക്കേ? 


ആകെ സിനിമ 2 മണിക്കൂർ ആയിരുന്നു കഷ്ടിച്ച് ഉണ്ടായിരുന്നതു. ഇടക്ക് എന്തോ മിസ്സിങ്ങ് എനിക്കനുഭവപ്പെട്ടു, സിനിമാ തീയറ്ററുകാർ കൊറേ ഭാഗങ്ങൾ കൂവൽ ഒഴിവാക്കൻ വെട്ടിനിരത്തിയോ?  എങ്കിൽ അവർക്ക് ആവണം ഏറ്റവും ക്രിയേറ്റീവ് എഡിറ്റിങ്ങിനുള്ള ഇത്തവണത്തെ അവാർഡ് കൊടുക്കേണ്ടത്.

രാംഗോപാൽ വർമ്മയുടെ പൊട്ട-ആഗിൽ കൊണ്ടെ അഭിനയിപ്പിച്ച് നാണം കെടുത്തിയതിനു പകരം വീട്ടാനായിരിക്കും ബച്ചനെ ഇങ്ങോട്ട് ഈ സിനിമയിൽ അഭിനയിക്കാൻ ലാലേട്ടൻ  കൊണ്ടുവന്നത്? 
ആണെങ്കിൽ, റബ്ബർ വച്ച പെൻസിൽ എടുത്ത സഹപാഠിയുടെ തലവെട്ടി പകരം വീട്ടുന്നതു പോലെത്തെ പരിപാടിയായിപ്പോയി ഇതു! :)  ഇനി ബച്ചൻ സാർ മലയാളത്തിന്റെ മ എന്നു കേട്ടാൽ പോലും ഉലക്കയെടുക്കും, ഉറപ്പ്! :)

അല്ല, വേറോരു സംശയം : ഈ ഇന്ത്യാ മഹാരാജ്യത്തിൽ ആകെ ഒരു മേജർ മഹാദേവൻ മാത്രേ ഉള്ളോ, ഈ തീവ്രവാദികളെ മൊത്തം പിടിക്കാനും, വിമാനറാഞ്ചികളെ പിടിക്കാനും ഒക്കെ? അതും, വിമാനത്തിന്റെ ഒരു പ്ലാനും ഒന്നും ഇല്ലാതെ, മേജറും ട്രെയിനിങ്ങ് കഴിഞ്ഞ് ഇറങ്ങി വന്ന കമാണ്ടോ പിള്ളാരും കൂടെ ചുമ്മാ വിമാനത്തിന്റെ ലാന്റിങ്ങ് ഗിയർ വഴി നടന്നു കയറി കാർഗോവിൽ ഒളിച്ചിരിക്കുന്നു .. അവിടുന്നു അവരു ചുമ്മാ ഒരു ഡോർ തുറന്ന് പാസഞ്ചർ ഏരിയയി എത്തി എല്ലാ തീവ്രവാദികളെയും തല്ലിക്കൊല്ലുന്നു..ചുമ്മാ പൈലറ്റ് ഒന്നും അറിയാതെ ഇങ്ങനെ കയറി കയറി ക്കോക്ക്പിറ്റ് വരെ എത്താൻ പറ്റുമോ ഒരാൾക്ക്? സമ്മതിക്കണം, മേജർ രവിസാറിനെ!.

IMA ട്രെയിനിങ്ങിനെക്കാൾ കൂടുതൽ സമയം ട്രെയിനിങ്ങ് തീവ്രവാദികൾക്ക് - 4 കൊല്ലം!. എന്നിട്ടും നമ്മടെ മേജർ മഹാദേവന്റെ പുള്ളാർക്ക് നേരെ ഒരു വെടി പോലും വൈക്കാൻ അവർക്കാർക്കും കഴിഞ്ഞതും ഇല്ല! - ഓർക്കണം - വെറും കുറച്ച് ആഴ്ചകൾ മാത്രം ആയിരുന്നു മുംബൈ ആക്രമണ കേസിലെ കസബിനും മറ്റും കിട്ടിയ ട്രെയിനിങ്ങ്! എന്നിട്ട് ഏകദേശം 2 ദിവസങ്ങളോളം NSGയെ അവർ വട്ടം കറക്കി..

 ഉഗ്രൻ,  മേജർ രവിസാർ. :)


Monday, November 8, 2010

കോക്ക്ടെയിൽ - Cocktail (6.5/10)


Cocktail/Malayalam/2010/Suspense-Thriller/Wiki/(6.5/10)

പ്ലോട്ട് : സന്തുഷ്ടമായ ഒരു ഭാര്യ (സംവൃതാ സുനിൽ) -ഭർത്താവ് (അനൂപ് മേനോൻ)-കുട്ടി എന്നിവർ അടങ്ങുന്ന കുടുംബം. ഗ്രഹനാഥൻ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ടോപ്പ് എക്സിക്യൂട്ടീവ്. അവർ ഒരു ദിനം കാറിൽ  പോവുമ്പോൾ വഴിയിൽ നിന്നും ഒരപരിചിതനു(ജയസൂര്യ) ലിഫ്റ്റ് കൊടുക്കുന്നതും, അയാൾ അവരുടെ ജീവിതം മൊത്തത്തിൽ മാറ്റി മറിക്കുന്നതും ആയ സംഭവവികാ‍സങ്ങൾ ആണു ഈ സിനിമ. ഇനിയും കൂടുതൽ പറഞ്ഞാൽ സ്പോയ്ലറുകൾ വരാൻ സാധ്യതയുള്ളതിനാൽ പ്ലോട്ട് ചുരുക്കുന്നു.

വെർഡിക്ട് : നല്ലോരു സ്റ്റോറി ലൈൻ - പക്ഷെ ഇംഗ്ലീഷിൽ നിന്നും മോട്ടിച്ച് മാറ്റിയതു. നല്ല ഉഗ്രൻ ഡയലോഗുകൾ - അനൂപ് മേനോന്റെ. നല്ല അഭിനയം മൂന്നു പേരുടേയും (അവസാനം കൊണ്ടേ ജയസൂര്യയും മറ്റു രണ്ടു പേരും ബോറാക്കിയതു സൗകര്യ പൂർവ്വം മറന്നാൽ),

അത്യുഗ്രൻ സിനിമാറ്റോഗ്രാഫി - ക്യാമറ ശരിക്കും ഒരു ഫ്രഷ്നെസ്സ് അനുഭവപ്പെട്ടു എനിക്ക്.  ഒരിടത്ത് മാത്രമേ (കഥാപാത്രങ്ങളെ തെരുവിലൂടെ സ്റ്റെഡികാമിൽ ഫോളോ ചേയ്യുന്ന ഒരു സീൻ) ഓവറായി എന്നു എനിക്ക് തോന്നിയൊള്ളൂ..

സംഭാഷണം : അനൂപ് മേനോനു മുഴുവൻ മാർക്കും കൊടൂത്തേ തീരൂ. സ്വാഭാവികമായ ഡയലോഗുകൾ കൊണ്ട് സമ്പുഷ്ടമാണു സിനിമയുടെ ആദ്യാവസാനം. (വീണ്ടും : അവസാന 10 മിനുറ്റ് മറക്കുകയാണെങ്കിൽ) യാതോരു നാടകീയതയും ഇല്ലാതെ, യാതോരു ഏച്ചു കെട്ടലും ഇല്ലതെ വരുന്ന ഡയലോഗുകൾ നമ്മളെ ഒരു സിനിമ കാണുകയാണെന്നുള്ള വസ്തുത മറക്കാൻ പ്രേരിപ്പിക്കുന്നു - നമ്മൾ സാധാരണ വീട്ടിലും പുറത്തും പറയുന്ന സംഭാഷണങ്ങൾ പോലെയുള്ളവ മൊത്തം!. അതിനു പത്തിൽ പത്ത്!

അവസാന പത്ത് മിനുറ്റ് : എന്തിനായിരുന്നു അതു? എന്തിനു ക്ലൈമാക്സ് ഒന്നു നല്ലതു ഒത്ത് വന്നിട്ട് വീണ്ടും സംവിധായകൻ വലിച്ച് നീട്ടി? എന്തിനു അങ്ങനെ ഒരു ബോറൻ എൻഡിങ്ങിൽ പടം കൊണ്ടേ തീർത്തു? എനിക്ക് തീരേ മനസ്സിലായില്ല! ആ സമയത്ത് സിനിമയിലെ എല്ലാർക്കും വട്ടായോ? എന്ത് ഓവർ അഭിനയം ആയിരുന്നു എല്ലാറ്റിനും ആ സമയത്ത് !!!

പാട്ടുകൾ : പാട്ടുകൾ കൊള്ളാമായിരിക്കും - പക്ഷെ ഈ സിനിമയിൽ അതു രസം കൊല്ലികൾ ആയി. ഒരു പാട്ട് ദമ്പതികൾ തമ്മിലുള്ള സ്നേഹബന്ധം കാട്ടുവാനും, മറ്റോന്നു തെരുവിലെ ഒരു ക്യാബറേയും ആണു.  രണ്ടാമത്തെ ആവശ്യമേ ഇല്ലായിരുന്നു - ആദ്യത്തേത് - അതും ആവശ്യമില്ലായിരുന്നു. കാരണം സംവിധായകൻ ആ പോയിന്റ് ഓൾ‌റെഡി പാട്ടില്ലാതെ തന്നെ സ്റ്റേറ്റ് ചേയ്തു കഴിഞ്ഞതായിരുന്നു. പാട്ടുകൾ സിനിമയുടെ ആ മുറുക്കത്തെ നന്നായി ബാധിച്ചു.  വേണ്ടായിരുന്നു!

പരസ്യം : നല്ല പോസ്റ്റേഴ്സ് ആയിരുന്നു പടത്തിന്റേതായിട്ട് ഇറങ്ങിയതു.  ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രൊജക്ട് ചേയ്തു കൊണ്ട് ഇറക്കിയ സിനിമയുടെ പോസ്റ്ററുകൾ സിനിമയിൽ ഉള്ള ദുരൂഹതയുടെ സാന്നിധ്യത്തെ പരസ്യം ചേയ്തു കൊണ്ട് അതിന്റെ ലക്ഷം കൈവരിച്ചു നല്ലവണ്ണം!  പോസ്റ്റേഴ്സിനും 8/10 മാർക്ക്സ്!.

ഈ രണ്ട് കാര്യങ്ങൾ ഒഴിച്ച് നിർത്തിയാൽ, ഒരു ഉഗ്രൻ ശ്രമം ആയിരുന്നു ഇതു. ഈ സംവിധായകനിൽ, അതിനെക്കാൾ അധികമായി അനൂപ് മേനോനിലെ സംഭാഷണ ടാലന്റിൽ എനിക്ക് വളരേ അധികം പ്രതീക്ഷയുണ്ട്..

മൊത്തത്തിൽ സിനിമ അബൗവ് ആവറേജ് തന്നെ.



വാൽക്കഷ്ണം : മട്ടാഞ്ചേരിയിൽ ഡെയിലി ക്യാബറേ നടക്കുന്ന തെരുവേതെന്നു ആരെങ്കിലും ഒന്നു പറഞ്ഞു തര്വോ? ഒരൂസ്സം അത് വഴി ഒന്നു കറങ്ങാനാ .. ആ കൊച്ചും കൊള്ളാം .. ;)


Thursday, October 28, 2010

T D ദാസൻ - സ്റ്റാൻഡേർഡ് VI B (7.5/10)


Malayalam/2010/Drama/IMDB/(7.5/10)

 പ്ലോട്ട് : പാലക്കാട്ടെ ഒരു ഗ്രാമത്തിൽ നിന്നും ഒരു പയ്യൻ - ദാസൻ - സ്വന്തം അച്ഛനു അയക്കുന്ന എഴുത്ത് വഴിതെറ്റി എത്തിപ്പെടുന്നതു ബാഗ്ലൂരിലെ ഒരു ആഡ് ഫിലിം ഡയറക്ടർ ആയ ബിജു മേനോന്റെ വീട്ടിലാണു.  ആ എഴുത്തിലെ ഉള്ളടക്കം ആ ആറാം ക്ലാസ്സ് പയ്യന്റെ ഹൃദയം തന്നെ ആണു എന്നു അറിയുന്ന ബിജുമേനോൻ ദാസന്റെ അച്ഛനെ കണ്ടു പിടിച്ച് എഴുത്ത് എങ്ങനെയെങ്കിലും എത്തിച്ചു കൊടൂക്കാൻ വീടു കാര്യസ്ഥനോട് (ജഗദീഷ്) ആവശ്യപ്പെടൂന്നു. അങ്ങാരു അതു ചുരുട്ടിക്കൂട്ടി ചവറ്റു കൊട്ടയിൽ ഇടുന്നതു കണ്ട ബിജുമേനോന്റെ (ഏകദേശം ദാസന്റെ അതേ പ്രായമുള്ള) മകൾ എടൂത്തു വായിക്കുകയും, ആ എഴുത്തിനു മറുപടി എഴുതുകയും ചേയ്യുകയും ചേയ്യുന്നു... ബിജു മേനോൻ ആവട്ടെ, വഴി തെറ്റി ആ എത്തുന്ന എഴുത്തിനെ ബേസ് ചേയ്തു ഒരു സിനിമ പ്ലാൻ ചേയ്യുന്നു, ആ കഥ ഡെവലപ്പ് ചേയ്യാൻ ശ്രമിക്കുന്നു .. പക്ഷെ സാങ്കല്പികമായ ആ കഥയെ നിഷ്പ്രഭമാക്കി ശരിക്കുമുള്ള കഥ നീങ്ങുന്നു.. അതാണു ഈ സിനിമ.

വെർഡിക്ട് : ആദ്യേ പറയട്ടെ, സൂപ്പർ താരങ്ങളുടെ വളിപ്പു സിനിമകളെക്കാളും അമാനുഷ്യ നായക സങ്കല്പത്തെ ഉറപ്പിക്കുന്ന പടങ്ങളെക്കാളും മലയാള സിനിമക്ക് വേണ്ടതു ടി ആർ ദാസന്മാർ ആണു. തീയറ്ററിൽ ഇനിഷ്യൽ പുൾ ഒട്ടും തന്നെ കിട്ടാൻ സാധ്യതയില്ലാത്ത താരങ്ങളെ വച്ചുള്ള ഒരു പരീക്ഷണ സിനിമ - ഒരു കൊച്ചു സിനിമ, അതും ഒരു പുതുമുഖ സംവിധായകന്റെ വക. ഒരു നല്ല്ല സീരിയസ് സിനിമയിൽ വേണ്ടതെല്ലാം ഇതിലുണ്ട്. ബിജുമേനോൻ ആണു നായകൻ എന്നതു കൊണ്ടോ, കുട്ടികളുടെ സിനിമ ആണു ഇതു എന്നുള്ള തോന്നൽ വന്നതു കൊണ്ടോ, സിബിമലയിലിന്റേയോ സത്യൻ അന്തിക്കാടിന്റേയോ അല്ലാ സംവിധാനം എന്നുള്ളതു കൊണ്ടോ ഈ സിനിമ ഡി വി ഡി എടുത്ത് കാണാൻ പോലും മടിക്കുന്ന ആളാണു നിങ്ങളെങ്കിൽ, നിങ്ങൾ ഒരു വളരേ നല്ല സിനിമ ആണു മിസ്സ് ആക്കുന്നതു. 

മോഹൻ രാഘവൻ ആണു താരം. തിരക്കഥയും സംവിധാനവും ഈ പുതുമുഖം മനോഹരമായി ചേയ്തിരിക്കുന്നു. ഇങ്ങാരുടെ പടങ്ങൾക്കായി ഞാൻ ഇനി കാത്തിരിക്കും. ഉറപ്പ്. 

തെറ്റുകളും കുറ്റങ്ങളും കണ്ടു പിടീക്കാൻ ആണേങ്കിൽ കണ്ടു പിടീക്കാം ധാരാളം - കുട്ടികളുടെയും ശ്രുതി മേനോന്റെയും അഭിനയത്തിലെ സ്വാഭാവികതക്കുറവുകളും, (പ്രത്യേകിച്ച് സപ്പോർട്ടിങ്ങ് കുട്ടികളുടെ റോളുകൾ). സ്വപ്നത്തിലേയും,  സിനിമയിലെ-സിനിമയിലെയും കഥാപാത്രങ്ങളുടെ മുഖങ്ങളും ഒറിജിനൽ മുഖങ്ങളും ഒന്നായി കാട്ടുന്നതും മറ്റും എനിക്ക് ഒരല്പം സുഖക്കുറവ് തന്നു. ഒരു പക്ഷെ ആ സങ്കല്പ-കഥാപാത്രങ്ങൾക്ക് വേറേ മുഖങ്ങൾ ആയിരുന്നുവെങ്കിൽ സിനിമയുടെ മാറ്റു കൂടിയേനേ എന്ന് എനിക്ക് തോന്നി. (പക്ഷെ അങ്ങനെ ആയിരുന്നു എങ്കിൽ അതു ജനത്തിനു പറഞ്ഞു കൊടുക്കാൻ എഴുതിക്കാണിക്കുകയോ, മോർഫിങ്ങ് റ്റൈപ്പ് ഗ്രാഫിക്ക്സോ വേണ്ടി വന്നേനെ, മലയാളത്തിൽ!  :)   )

പക്ഷെ - ഇതൊന്നും ഈ സിനിമയുടെ ക്വാളിറ്റിയെ തെല്ലും ബാധിക്കുന്നില്ല. ഉഗ്രൻ - അതു മാത്രം ആണു വെർഡിക്ട്.  കാണാതിരിക്കരുതു ഈ സിനിമ. 

വാൽക്കഷ്ടം :  തീയറ്ററിൽ പോയി ഈ സിനിമ കാണാൻ സാധിച്ചില്ലാല്ലോ എന്നു മാത്രം ആണു എന്റെ ദുഃഖം - പക്ഷെ ഈ സിനിമയുടെ പോസ്റ്ററിലെ പശ ഉണങ്ങും മുന്നേ തന്നെ വേറേ പോസ്റ്റർ തീയറ്ററുകാർ അതിനു മുകളിൽ ഒട്ടിച്ചിരുന്നു ഇവിടെ. മിക്കടത്തും അങ്ങനെ ആയിരുന്നിരിക്കണം.! ഇതു പോലെ തന്നെ ആയിരുന്നു രഞ്ജിത്തിന്റെ കേരളാ കഫേയുടെ ഗതിയും. ആ പടം വന്നതും പോയതും ഞാനറിഞ്ഞില്ല!. :)

തീയറ്ററുകാർ ഒരല്പം പോലും സപ്പോർട്ട് നല്ല പടങ്ങൾക്ക് കൊടൂക്കുന്നില്ലാ എങ്കിൽ മലയാള സിനിമകൾ മൊത്തം പൊട്ടും - തീയറ്ററിൽ സിനിമ കാണുന്ന ശീലം തന്നെ മലയാളികൾ മറക്കും. അതു തീയറ്ററുകളുടെ തന്നെ നാശത്തിനു ഇടയാക്കും.. 

ഇതു തീയറ്ററുകൾ മനസ്സിലാക്കിയാൽ അവർക്ക് കൊള്ളാം !


Monday, September 13, 2010

എത്സമ്മ എന്ന ആൺകുട്ടി - Elsamma enna Aankutty (5.5/10)


Malayalam/2010/Family/IMDB/(5.5/10)


പ്ലോട്ട് : എത്സമ്മ എന്ന നായകൻ(ആൻ അഗസ്റ്റിൻ - അതെ - നമ്മുടെ ആറാം തമ്പുരാനു ഉത്സവം നടത്താൻ ചാക്ക് കണക്കിനു നോട്ട് കെട്ടുകൾ കൊണ്ടെ കൊടൂത്ത അതേ കള്ളപ്പണക്കാരന്റെ മകൾ) - ആ നാട്ടിലെ പത്രവിതരണക്കാരിയാണു, അതു കൊണ്ട് അവിടത്തെ ലോക്കൽ പത്ര റിപ്പോർട്ടറൂം ആണു. കള്ളവാറ്റ് നിർത്തുക എന്ന സിമ്പിൾ കേസ് തുടങ്ങി മദ്യപാനിയുടെ ചെപ്പക്കിട്ട് രണ്ട് പൂശ് പൂശി അവന്റെ കള്ളൂ കുടി നിർത്തുക വരെയുള്ള ധീരകൃത്യങ്ങൾ എത്സമ്മയുടെ ഹോബികൾ ആണ്.  സ്ഥലം SI ക്കും, കൊമ്പൻ‌മീശക്കാരനും കള്ളവാറ്റുകാരനും ആയ വിജയരാഘവനും, അങ്ങേരുടെ കുളിക്കാത്ത ഗുണ്ടകൾക്കും ഒക്കെ എത്സമ്മയെ തൂറോളം പേടിയാണു. (എന്തു കണ്ടിട്ടാണേന്നു ചോദിക്കല്ലേ പ്ലീസ് - അതു ലാൽജോസേട്ടനു പോലും അറിയില്ല)

പാലുണ്ണിയെന്നു അറിയപ്പെടുന്ന നായിക(കുഞ്ചാക്കോ ബോബൻ) ആ നാട്ടിലെ മുഖ്യ ഡയറിഫാം ഉടമയും (പശുത്തൊഴുത്ത് ഉടമയെന്നു വായിക്കുക)  പാലിന്റെ കുത്തക വിതരണക്കാരനും ആണു. സ്മാർട്ടായ എത്സമ്മയോടുള്ള ഇഷ്ടം പറയാൻ പേടിച്ച് നടക്കുന്ന നായിക ആണു ഇതിൽ പാലുണ്ണി. എത്സമ്മ എന്ന നായകന്റെ ആ നാട്ടിലെ വീരകൃത്യങ്ങൾ ആണു എത്സമ്മ എന്ന ആൺകുട്ടി എന്ന പടത്തിലൂടെ ലാൽജോസ് പറയാൻ ‘ശ്രമിക്കുന്നത്’.


വെർഡിക്ട് : കാസ് പോയി!
പടം നിരാശപ്പെടുത്തി എന്നു പറഞ്ഞാൽ അതു തെറ്റാവില്ല. ക്ലാസ്മേറ്റ്സും മറവത്തൂരും രണ്ടാം ഭാവവും ഒക്കെ നമുക്ക് തന്ന ലാൽജോസിന്റെ കൈയ്യിൽ നിന്നും ഇങ്ങനത്തൊരു ഫിലിം ... പുതുമുഖ നായകൻ, ചെറിയ സെറ്റപ്പ്, മലയാള സിനിമയുടെ ഈ ദുർഘട ഘട്ടത്തിൽ വന്നതിൽ തരക്കേടില്ലാത്ത പടം - എന്നിങ്ങനെ ഉള്ള എക്സ്ക്യൂസുകൾ മുൻ‌കൂട്ടി തയ്യാറാക്കി വച്ചിട്ടില്ലാ എങ്കിൽ ഇതൊരു ഒന്നാം തരം പൊട്ട പടം ആണു. ഇതൊക്കെ തയ്യാറാക്കി വച്ച് ഒരു സഹാനുഭൂതിയോടെ ആണു പടം കാണുന്നതെങ്കിൽ, ഒരു ആവറേജ് പടവും ആണിത്. ലാൽജോസിന്റെ പിന്നോട്ട് നടത്തം തുടരുകയാണു..

ഗോളാന്തരവാർത്തകൾ എന്ന പടത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലേഡീ പതിപ്പാണു ഈ പടത്തിലെ എത്സമ്മ.  തീയറ്ററിന്റെ കുഴപ്പം ആണോ എന്നറിയില്ല - സൗണ്ട് ഒക്കെ ഒരേ കച്ചറ - എത്സമ്മയുടെ ഡബ്ബിങ്ങ് ചിലപ്പോഴൊക്കെ  വളരേ Out of sync ! ലൊക്കേഷൻ കിടു. ചില ക്യാമറാ ആംഗിൾസും മൂവ്മെന്റ്സും വളരേ ഇഷ്ടായി.  മേക്കപ്പ്മാൻ./വുമൺ കാര്യായി അധ്വാനിച്ചിട്ടുണ്ട് -  മിക്ക കഥാപാത്രത്തിന്റേം മുഖത്ത് റോസ് പൗഡറും മറ്റും തെറിച്ച് നിൽക്കുന്നുണ്ടായിരുന്നു.

ആ കൊച്ച് തരക്കേടില്ല (സുന്ദരി ആയതു കൊണ്ട് പറഞ്ഞതാ അങ്ങനെ - ബോറാ, പക്ഷെ മെച്ചപ്പെടുവായിരിക്കും!)  കുഞ്ചാക്കോ നന്നാക്കി. ജഗതി ഉഷാറാക്കി. സുരാജ് ബോറാക്കിയില്ല. ഇന്ദ്രജിത്ത് കലക്കി - അവൻ കൊള്ളാം ഈ പടത്തിൽ. ഇന്ദ്രജിത്ത് ആണു ഈ പടത്തിലെ ഏറ്റവു മികച്ച പെർഫോർമൻസ് നടത്തിയിരിക്കുന്നതു. പക്ഷെ ഇതൊന്നും സിനിമയെ രക്ഷപ്പെടുത്തുന്നില്ല.
എന്റെ കൂടെ പടം കാണാൻ വന്ന അമ്മയെ  എനിക്ക് ഉണർത്തേണ്ടി വന്നു “സിനിമ തീർന്നു - വീട്ടിൽ പോവാം” എന്നു പറയാൻ!  ആദ്യ ഭാഗം തരക്കേടില്ല - മധ്യം അറു ബോറ് - അവസാനം ആവറേജ്.  ഇടക്ക് വന്ന കാട്ടാള ഡാൻസും സ്വപ്ന-പാട്ടും ഒക്കെ തികച്ചും അനാവശ്യമായിരുന്നു.

ലോജിക്കോ ഒന്നും നോക്കാതെ ചുമ്മാ ഒരു ടൈം പാസ് ആണു ഉദ്ദേശിക്കുന്നതെങ്കിൽ മാത്രം ഈ പടം കാണുക. ഇല്ലായെങ്കിൽ അടുത്ത തീയറ്റർ നോക്കിക്കോള്ളുക.

വാൽക്കഷ്ണം : ലാൽ ജോസ് പടങ്ങളുടെ പരസ്യങ്ങൾ എല്ലായ്പ്പോഴും വളരെ മികച്ചത് ആവാറൂണ്ട്. എത്സമ്മ എന്ന ആൺകുട്ടി എന്ന ഈ പടത്തിന്റേയും പോസ്റ്ററുകൾ വ്യത്യസ്ഥത പുലർത്തി. ചില സംഭവങ്ങൾ .. കുത്തി വലിയ പടം കാണുക.







Monday, September 6, 2010

നായകൻ - Nayakan (6/10)


പ്ലോട്ട് : പ്രതികാരം ആണു കഥ. നായകൻ ഒരു കഥകളി ആർട്ടിസ്റ്റ്. തുടങ്ങുന്നതു തന്നെ നായകനും കൂട്ടുകാരും ഒരു വണ്ടി ആക്സിഡന്റിൽ ‘മരിക്കു’ന്നതാണു. പോസ്റ്റ്മോർട്ടത്തിനിടയിൽ നായകൻ ചാടി എഴുന്നേൽക്കുന്നു, അങ്ങനെ ജീവൻ രക്ഷപ്പെടുന്നു. കഥ മുന്നോട്ടും പിന്നോട്ടും ചറപറാ ഫ്ലാഷ്ബാക്കുകളിലൂടെയും ഫ്ലാഷ്ബാക്കിലെ ഫ്ലാഷ്ബാക്കിലൂടെയും ഒക്കെ നീങ്ങുന്നുണ്ട്. ഒരേ കഥ പലർ പറയുന്ന രീതിയും അവലംബിച്ചിട്ടുണ്ട്.

വെർഡിക്ട് : തുടക്കവും, കഥ പറയുന്ന രീതിയും, ടെക്നിക്കൽ കാര്യങ്ങളും ഒക്കെ നല്ലതായി എങ്കിലും ഒരു ആവറേജ് പടം ആ‍യിട്ട് അവശേഷിക്കുന്നു ഈ പടം. മോശം അഭിനയവും, മോശം സംവിധാനവും ഒക്കെക്കൂടെ അവസാന ഒരു അരമണിക്കൂർ സഹിക്കാവുന്നതിലേറെ ആക്കുന്നുണ്ട്.  ബോറഭിനയം പുതുമുഖങ്ങൾ ആണു ചേയ്യുന്നതെങ്കിൽ ക്ഷമിക്കാമായിരുന്നു, പക്ഷെ തിലകനും സിദ്ദിഖും വരെ തങ്കളുടെ റോളുകൾ ഓവർ ആക്കുന്നുണ്ട് എന്നതാണു കഷ്ടം.!

പടത്തിന്റെ പല കാര്യങ്ങളും പല ഹോളീവുഡ് പടങ്ങളിൽ കണ്ട് മറന്നതു പോലെ .. സീൻ ട്രാൻസിഷൻസും മറ്റും.  റിഡ്ലി സ്കോട്ട് സിനിമകളിലെ ഒരു സംഭവം ഓർമിപ്പിക്കുന്നു..  ക്യാമറ ഹാൻഡ് ഹെൽഡ് ജെർക്കി വർക്ക് ആണു മിക്കപ്പോഴും - പക്ഷെ എന്നിട്ടും ബോൺ സിനിമകളിലെപ്പോലെ സിനിമയിലെ സംഭവങ്ങളിലേക്ക് കാഴ്ചക്കാരനെ കൊണ്ട് ചെന്നു ആക്കാൻ സാധിക്കുന്നില്ല എന്നും തോന്നി.  കഥയിലെ പല സംഭവങ്ങൾ കഥകളിയിലെ ടെംസ് - പുറപ്പാട്, തോടയം.. എന്നിങ്ങനെ വച്ച് കാണിക്കാൻ ശ്രമിച്ചിരിക്കുന്നതു കൊള്ളാം. സിനിമ തുടങ്ങിയപ്പോഴേ സിനിമയുടെ ടെക്ക്നിക്കൽ വശം എന്നെ ആകർഷിച്ചു എന്നും ഇവിടെ പറയേണ്ടതാണു.

ഒരു പുതുമുഖസംവിധായകന്റെ പടം എന്ന നിലക്ക് ഇഷ്ടപ്പെടണം എന്നുണ്ട്  , പക്ഷെ അവസാന അരമണിക്കൂർ, അതു എന്നെക്കൊണ്ട് അതു ചേയ്യാൻ സമ്മതിക്കുന്നില്ല. അവസാന അര മണിക്കൂർ അറു ബോറ്.  ആദ്യ പകുതി സഹിക്കബിൾ. സിനിമ ആദ്യ ക്ലൈമാക്സിൽ നിർത്തേണ്ടതായിരുന്നു, എങ്കിൽ ഇതിലും വളരേ ബെറ്റർ ആയിരുന്നേനെ!