Showing posts with label tiny tom. Show all posts
Showing posts with label tiny tom. Show all posts

Sunday, July 1, 2012

നമുക്ക് പാർക്കാൻ .. - Namukku Paarkkaan (3.5/10)

Namukku Parkkan/Malayalam/2012/Family-Drama/M3DB/ (3.5/10)

പ്ലോട്ട് : ഒരു മിഡിൽ ക്ലാസ്സ് കുടുംബം. അച്ഛൻ (അനൂപ് മേനോൻ - വെറ്റിനറി ഡൊക്ടർ) അമ്മ (മേഘ്‍ന രാജ് - ടീച്ചർ) രണ്ട് മക്കൾ. അദ്ദേഹത്തിന്റേം കുടുംബത്തിന്റേം ഏറ്റവും വലിയ ആഗ്രഹം ഒരു വീട് വൈക്കുക എന്നതാണു - അതിനായുള്ള ശ്രമങ്ങൾ ആണു ഈ സിനിമ.

 വെർഡിക്ട് : മലയാള സിനിമയിൽ ഇന്നോളം വന്നിട്ടുള്ള മിക്കവാറും ക്ലീഷേകൾ നിരത്തിവച്ച് ഒരു സിനിമ പിടിച്ചാൽ എങ്ങനിരിക്കും - എന്ന ചോദ്യത്തിനു ഉത്തരം വേണമെങ്കിൽ, ദാ ഈ സിനിമ കാണുക.

നായകൻ ഡോക്ടർ ആണെന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യോം ഇല്ല - നാട്ടാരുടെ കൈയ്യീന്നു അഞ്ച് പൈസ ഫീസ് വാങ്ങില്ല എന്നോരു ദുശ്ശീലവും കൈയ്യിലുണ്ട്. അതുമല്ല, ഒരു മൂവായിരം സ്ക്വയർ ഫീറ്റ് തറ വിസ്തീർണ്ണമുള്ള ‘ചെറീയ’ വീട് വൈക്കാൻ പെടാപ്പാട് പെടുന്ന ഡൊക്ടർ ! .. പിന്നെ സാധാരണ പോലത്തെ ക്ലീഷേകൾ - കൈക്കൂലി വാങ്ങുക, അതിന്റെ ടെൻഷൻ, ചേട്ടന്മാരേയും അനിയന്മാരേയും ദൈവത്തെപ്പോലെ സ്നേഹിക്കുക, അവരെ സ്വന്തം കാലേൽ നിർത്താൻ പരിശ്രമിക്കുക, എന്നിട്ട് അവരുടെ ഭാര്യമാരുടെ കൈയ്യീന്നു ആട്ടും തുപ്പും കൊള്ളുക, എക്സട്രാ, എക്സട്രാ.. !  പിന്നെ ഇടക്കിടക്ക് ബോറടിപ്പിക്കാൻ ഒരു ഗുണവും ഇല്ലാത്ത, സിനിമയും ആയിട്ട് ഒരു ബന്ധവും ഇല്ലാതെ ഒട്ടിച്ച് വച്ചിരിക്കുന്ന കുറച്ച് പാട്ടുകളും.

എന്റെ അനൂപ് മേനോൻ ചേട്ടാ, എന്തിനാ ഇങ്ങനത്തെ സിനിമകൾക്ക് ഡേറ്റ് കൊടുക്കുന്നേ? ഉണ്ടാക്കിയെടുത്ത ഒരു നല്ല പേരു ഇത്തരം സിനിമകളിൽ അഭിനയിച്ച് കളഞ്ഞ് കുളിക്കണോ? കാശു മാത്രം മതിയെന്നാണെങ്കിൽ, ജയറാം എന്ന നടനു വന്ന ദുര്യോഗം ഓർക്കുന്നത് നന്ന് - ഇന്നു മലയാളികൾക്ക് ജയറാമിന്റെ മുഖം തന്നെ അലർജി ആയി മാറിയത് അങ്ങാരുടെ പൊട്ട റോൾ സെലക്ഷനുകൾ മൂലമാണു. 

അഭിനേതാക്കളിൽ അനൂപ് മേനോൻ ‌ - ആവറേജ്, മേഘ്നാ റായ് - ഗ്ലാമറാവാൻ ശ്രമിച്ച് ബോറാക്കിയിട്ടുണ്ട്, ടിനീ ടോം - ബ്യൂട്ടിഫൂളിലെ അതേ വേഷം, അതേ സ്ലാങ്ങ്, നന്ദൂ - സ്പിരിറ്റിലെ വേഷത്തിന്റെ ഒരു ഈച്ച കോപ്പി, ആകെ ഉഗ്രൻ എന്നു പറയാൻ ഗസ്റ്റ് അപ്പിയറൻസിൽ വരുന്ന ജയസൂര്യ മാത്രം.

ഒറ്റ വാചകത്തിൽ : ആവറേജ് പടം. കണ്ടില്ലാന്നു വച്ച് ഒന്നും സംഭവിക്കാനില്ല.

വാൽക്കഷ്ണം : എന്റെ ലാസ്റ്റ് പത്ത് മുപ്പത്തിയഞ്ച് കൊല്ലത്തിനിടക്ക് വീട്ടിൽ വന്നു ചികിത്സിക്കുന്ന ഡൊക്ടറന്മാരിൽ ഒരാളെ പോലും കണ്ടിട്ടില്ലാ, ഫീസ് വാങ്ങാത്തതായിട്ട്. ഇതു പോലത്തെ കഥാപാത്രങ്ങളെ ഒക്കെ എവിടുന്നു കിട്ടുന്നു ഈ സിനിമാക്കാർക്ക്, ആവോ!.


Saturday, January 7, 2012

ബ്യൂട്ടിഫുൾ (8.5/10)


Beautiful/Malayalam/2011/Drama/M3DB/ (8.5/10)

പ്ലോട്ട് : അളവറ്റ സ്വത്തിനുടമയായ സ്റ്റീഫനു (ജയസൂര്യ) കഴുത്തിനു താഴേക്ക് ഒരു സ്വാധീനവും ഇല്ല, തളർന്നു കിടക്കുവാണു. വളരെ കുറച്ച് പേരൊഴികെയുള്ള ബന്ധുജനങ്ങളെല്ലാം തന്നെ സ്റ്റീഫന്റെ സ്വത്തിലാണു കണ്ണ് - പക്ഷെ സ്റ്റീഫൻ ആരേയും അടുപ്പിക്കുന്നില്ല. അദ്ദേഹത്തിനു കൂട്ട് കമലു എന്നും കണാരൻ എന്നും പേരുള്ള രണ്ട് പേരാണു. ഒരിക്കൽ ഡിന്നറിനു റസ്റ്റോറന്റിൽ ചെല്ലുന്ന സ്റ്റീഫൻ അവിടത്തെ ഗായകന്റെ പാട്ടിഷ്ടപ്പെടുന്നു, ഒരു വലിയ ഗായകനാവാൻ കൊതിക്കുന്ന ജോൺ (അനൂപ് മേനോൻ) എന്ന ആ പാട്ടുകാരനെ കൂടെ കൂട്ടുന്നു. ഇടക്ക് ഹോം നേഴ്സായി പത്രപ്പരസ്യം കണ്ടെത്തുന്ന അഞ്ജലി (മേഘ്നാ രാജ്) കൂടെ അവരുടെ ചെറു കുടുംബത്തിലേക്കെത്തുന്നു  .. ഇവരുടെ കഥയാണു ഈ സിനിമ.

വെർഡിക്ട്  : കിടിലൻ.! വി കെ പ്രകാശ് എന്ന സംവിധായകനെ അദ്ദേഹത്തിന്റെ ശരാശരിയിൽ താഴെയുള്ള പല സിനിമകൾ കാരണം എഴുതിത്തള്ളാറായിരിക്കുവായിരുന്നു - പക്ഷെ ഈ സിനിമ പ്രതീക്ഷ തെറ്റിച്ചു. എന്നെ തറപറ്റിച്ചു ഈ സിനിമ. !

സംവിധാനത്തെക്കാളും, ഈ സിനിമയുടെ തിരക്കഥ/സംഭാഷണം തന്നെയാണു സ്റ്റാർ. അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെ സൂപ്പർ സ്റ്റാർ പട്ടാഭിഷേകം തന്നെയാണീ സിനിമ. അമിത ഡ്രാമയുടെ കൂട്ടില്ലാതെ, സാധാരണ മനുഷ്യർ എങ്ങനെ സംസാരിക്കും, അതു പോലെ സംസാരിക്കുന്ന കഥാപാത്രങ്ങൾ - കോക്ക്ടെയിലിലും ഇതേ സ്വഭാവം അനൂപ് മേനോന്റെ തിരക്കഥ കാണിച്ചിരുന്നു.. സബാഷ് അനൂപ് - ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിക്കഴിഞ്ഞൂ!.

നടന്മാർ : ആദ്യം ജയസൂര്യ. മറ്റുള്ളവർക്ക് സ്വന്തം ശരീരം മുഴുവനുണ്ട് കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിക്കാൻ, പക്ഷെ ജയസൂര്യക്ക് കഴുത്തിനു മുകളിലുള്ള ഭാഗങ്ങൾ മാത്രമേ അനക്കാൻ സാധിക്കുമായിരുന്നുള്ളൂ, സ്റ്റീഫൻ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിക്കാൻ. അത് ഒരു തരി പ്രശ്നം പോലും കൂടാതെ ജയസൂര്യക്കായി - അതിനാൽ ഈ സിനിമയിലേ ജൂറി സ്പെഷ്യൽ മെൻഷൻ ജയസൂര്യക്ക്.


അനൂപ് മേനോൻ : ജോൺ എന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള, സംഗീതജ്ഞനായ ചെറുപ്പക്കാരൻ ആയിട്ട് അനൂപ് കസറി. ജയസൂര്യ ഹ്യൂമർ രംഗങ്ങളിൽ കസറും എന്നു നമ്മൾ കണ്ടിട്ടുള്ളതാണു, പണ്ടേ. പക്ഷെ ഇതിൽ അനൂപ് ആണു ആ സ്ഥാനം കൈയ്യടക്കിയത് . ചില ചമ്മലുകൾ, ഭാവങ്ങൾ ഒക്കെ - ചിലയിടങ്ങളിൽ മോഹൻലാലിന്റെ സുവർണ്ണകാലം അനുസ്മരിപ്പിച്ചു അനൂപ്.

മേഘ്നാ രാജ് : മലയാള സിനിമയുടെ മുഴുനീള ഐറ്റം നായികയായി ഒതുങ്ങിപ്പോയ മേഘ്നക്ക് വിനയൻ ചിത്രങ്ങളിൽ നിന്നോരു മോചനം ഈ സിനിമ വഴി കിട്ടി - അതാവട്ടെ ഉഗ്രനാക്കുകയും ചേയ്തിട്ടുണ്ട്. പ്രിയ മേഘ്നാ, ഒരു കാര്യം പറഞ്ഞോട്ടേ, അടിവസ്ത്രങ്ങളെക്കാളും ചെറു വസ്ത്രങ്ങൾ ധരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നതിനെക്കാളൊക്കെ സാരി മാത്രം ഉടുത്ത് ഈ സിനിമയിൽ എത്തിയപ്പോൾ ഞങ്ങൾക്കിഷ്ടായി - എന്തിനീ തറപ്പടങ്ങളിൽ പോയി അഭിനയിച്ച് സമയം കളയുന്നു ..? ഇത്തരം കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ.



ബാക്കിയുള്ള എല്ലാവരും നന്നായിട്ടുണ്ട്- ഒരാളൊഴിച്ച്. ഉണ്ണിമേനോൻ.  അദ്ദേഹം നന്നായി പാടുമായിരിക്കാം, പക്ഷെ അഭിനയം - പോര.

ഒറ്റ വാചകത്തിൽ : ഡോണ്ട് മിസ്സ് . കണ്ടിരിക്കേണ്ട, കാണാൻ മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.

വാൽക്കഷ്ണം : ഈ സിനിമ റിലീസ് ചേയ്തിട്ട് കുറച്ച് നാളായി, ശരിക്കും ഞാൻ ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ കാണേണ്ട സിനിമ ആയിരുന്നു ഇതു - ഞാൻ കാണാൻ പോയതും ആണു. റീലീസ് ചേയ്ത് എട്ടാം ദിവസം (വെള്ളിയാഴ്ച) ഞാൻ ചേർത്തല പാരഡൈസ് എന്ന തീയറ്റർ തൊഴുത്തിൽ ഈ സിനിമ കാണാൻ ചെന്നപ്പോൾ അവിടെ ഓടുന്നത് ‘ഓസ്തി‘ എന്ന ചിലമ്പരശന്റെ തമിഴ് പടം - ഓർക്കണം - മുല്ലപ്പെരിയാർ പ്രശ്നത്തിൽ മലയാള സിനിമകൾ തമിഴ്നാട്ടിൽ പ്രദർശനം നിഷേധിച്ചു എന്നു വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ആണിത്. നമുക്ക് മലയാളത്തെ ഒതുക്കണം - അതിനു ഏതു ഭാഷ സിനിമ ഇട്ടാലും ഒന്നുമില്ല. കഷ്ടം.!

വെള്ളിയാഴ്ച സിനിമയുടെ റിലീസ് വച്ചിരിക്കുന്നതു തന്നെ എന്റെ അഭിപ്രായത്തിൽ തെറ്റാണു. വീക്കെൻഡുകളിൽ മാത്രമേ മദ്ധ്യവർഗ്ഗ കുടൂംബങ്ങൾക്ക് സിനിമ കാണാൻ ഉള്ള സമയവും സാഹചര്യവും ലഭിക്കൂ, പ്രത്യേകിച്ചും ഒരു വീട്ടിലെ ഭാര്യക്കും ഭർത്താവിനും ജോലിക്ക് പോവേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുള്ളപ്പോൾ.  വെള്ളിയാഴ്ച റിലീസ് ആവുന്ന സിനിമക്ക് ആദ്യ വീക്കെൻഡിൽ വളരേ കുറച്ചേ കുടുംബങ്ങൾ കയറൂ -  ഒന്നാമതേ ഒരു ചെറു നഗരത്തിലെ 10% പേർ പോലും സിനിമ മാറി എന്നു അറിഞ്ഞിരിക്കില്ല, ആ ആദ്യ ദിവസങ്ങളിൽ.  ആളുകൾ അറിഞ്ഞ് വരുമ്പോഴേക്കും, അടുത്ത വെള്ളിയാഴ്ച ആ സിനിമ മാറിയിട്ടുണ്ടാവും, ഏതെങ്കിലും തമിഴ്/തെലുങ്ക് മൊഴിമാറ്റ സിനിമക്കായി. പിന്നെങ്ങനെ നല്ല മലയാള സിനിമക്ക് ആളുണ്ടാവും?

ബ്യൂട്ടിഫുളിന്റെ പോസ്റ്ററുകൾ ചേർത്തല നഗര ഹൃദയത്തിൽ നിന്നും വെറും 3 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ പോലും ഒട്ടിച്ചിട്ടില്ല - കാശ് ലാഭിച്ചതാവും, ഈ സിനിമ വന്നത് ഞാനറിഞ്ഞത് അബദ്ധത്തിൽ തീയറ്ററിനു മുന്നിലൂടെ ഞാൻ കടന്നു പോയപ്പോളാണു. ഇപ്പോ ചേർത്തല ചിത്രാഞ്ജലി തീയറ്ററിൽ ഓടുന്ന ‘അസുരവിത്ത്‘ എന്ന പടത്തിനു ഇതു തന്നെയാവും സ്ഥിതി, കാരണം, അതിനും വലിയ പരസ്യമില്ല - ആ തീയറ്ററിൽ വരേണ്ട അടുത്ത സിനിമ പ്രഖ്യാപിച്ചും കഴിഞ്ഞു, പത്രത്തിലൂടെ! പത്രപ്പരസ്യം മാത്രമല്ല, പോസ്റ്റർ പരസ്യവും ആളുകൾ സിനിമ തീയറ്ററിലെത്തിയെന്നു ജനങ്ങളെ അറിയിക്കാൻ വളരേ ഉപയോഗപ്രദമാണേന്നു എന്തേ സിനിമാക്കാരേ നിങ്ങൾ മറക്കുന്നു?

ഇപ്പോൾ ഈ സിനിമ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവാനുള്ള കാരണം, ചേർത്തലക്കും എറണാകുളത്തിനും ഇടയിൽ എരമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു നല്ല തീയറ്റർ - ‘എരമല്ലൂർ സാനിയ സിനിമാസ്’ 2011ൽ തുടങ്ങിയതിനാൽ ആണു. എഴുപുന്ന ബൈജു എന്ന പേരിൽ നമ്മൾ എല്ലാം അറിയുന്ന സിനിമാ ആർട്ടിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ തീയറ്റർ, ഞാൻ ശരിക്കും ഇതു വരെ കയറിയിട്ടുള്ള തീയറ്ററുകളിൽ ഏറ്റവും മികച്ചതാണു. 170 -200 രൂപ വാങ്ങുന്ന മൾട്ടിപ്ലെക്സുകളെക്കാളൊക്കെ മെച്ചം ആണു ഇവിടത്തെ ആമ്പിയൻസ്, ശുചിത്വം, സ്ക്രീനിങ്ങ്, ഓഡിയോ, ക്രൗഡ്, ഒക്കെ.  ശരിക്കും സിനിമ എന്നത് എന്തെന്നറിയാവുന്ന ഒരിടത്ത് സിനിമ കാണുന്ന പ്രതീതി - ഒരു സീരിയസ്നെസ്സ് എനിക്കൂണ്ടായി ഈ തീയറ്ററിൽ സിനിമ കണ്ടപ്പോൾ.

കൂക്കിവിളികളോ, അമിത കൈയ്യടികളോ, പൂച്ച കരയലുകളോ, കമന്റടികളോ അനുവദിക്കാത്ത ഇത്തരം തീയറ്ററൂകൾ ആണു കേരളത്തിനാവശ്യം - അങ്ങനെയെങ്കിലേ മലയാള സിനിമ രക്ഷപ്പെടൂ. എരമല്ലൂർ സാനിയ സിനിമക്ക് പത്തിൽ പത്ത് മാർക്ക്സ്.  എല്ലാവരും സിനിമാ തീയറ്ററുകൾ കല്യാണ മണ്ഡപങ്ങളാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രേം നല്ലോരു തീയറ്റർ സ്വന്തം നാട്ടാർക്ക് ഒരുക്കിത്തന്ന എഴുപുന്ന ബൈജുവിനു ഒരായിരം ഉമ്മകൾ...

കേരളാ സർക്കാർ പ്ലാറ്റിനം ഗ്രേഡ് നൽകിയത് വെറുതെയല്ല ഈ തീയറ്ററിനു - പാരഡൈസുകളും ചിത്രാജ്ഞലികളും ഇവിടെ പോയി പണി പഠിക്കട്ടെ.. ഇഡിയറ്റ്സ്!


Saturday, October 9, 2010

പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് : Pranchiyettan & The Saint (9/10)


Malayalam/2010/Satire/(9/10)

വെർഡിക്ട് ചുരുക്കത്തിൽ : മലയാളത്തിൽ അപൂർവ്വം ആയിട്ട് മാത്രം വരുന്ന, മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടം.

പ്ലോട്ട് : വിദ്യാഭ്യാസമോ സമൂഹത്തിൽ ആഡ്യത്വമോ ഇല്ലാത്ത ഒരു പുത്തൻപണക്കാരൻ കോടീശ്വരൻ - ഫ്രാൻസീസ് എന്ന പ്രാഞ്ചിയേട്ടൻ എന്ന അരിപ്രാഞ്ചി. പണം എറിഞ്ഞോ വിലക്ക് വാങ്ങിയോ എങ്ങനെയെങ്കിലും സമൂഹത്തിൽ ഒരു ആദരവ് വാങ്ങാൻ ശ്രമിക്കുന്ന അരിപ്രാഞ്ചിയുടെ കഥയാണു ഈ സിനിമ.

സിനിമയുടെ കഥ തുടങ്ങുന്നതു, സ്വന്തം പിതൃക്കളെ കാണാൻ സിമിത്തേരിയിൽ എത്തുന്ന പ്രാഞ്ചിയെ കാണിച്ചു കൊണ്ടാണു. അവരുടെ നിർദ്ദേശപ്രകാരം പള്ളിയിൽ ചെന്നു ഫ്രാൻസിസ് പുണ്യാളനെ കണ്ട്, തന്റെ അടുത്ത നടപടിക്ക് അനുവാദം ചോദിക്കുന്ന പ്രാഞ്ചി കണ്ണ് തുറക്കുമ്പോൾ കാണുന്നതു ചക്കക്കുരു-ചൊടിയോടെ മുന്നിൽ നിൽക്കുന്ന പുണ്യാളനെ ആണ്. അദ്ദേഹത്തോട് തന്റെ കഥ പറയുന്നത് ആയിട്ടാണു പിന്നെ കഥ നീങ്ങുന്നതു.

വെർഡിക്ട്  : അസാധാരണമായതു ഒന്നും ഇല്ലാത്ത, തികച്ചും സാധാരണമായൊരു കഥ. ആ കഥയിലേക്ക് ഒരു തോന്നലോ, വിശ്വാസമോ ഒക്കെ ആയ പുണ്യാളനെ കൂടെ കൂട്ടിച്ചേർത്തപ്പോൾ ഉണ്ടാവുന്ന ആ എഫക്ട് - അതു പറഞ്ഞറിയിക്കാനാവാത്തതാണു. ഈ സിനിമയുടെ സൃഷ്ടാക്കൾക്ക് ആ ജീനിയസ് നീക്കത്തിനു  കൊടുക്കണം പത്തിൽ പത്ത്.  പുണ്യാളൻ എന്ന കഥാപാത്രമില്ലാതെ ‘പ്രാഞ്ചിയേട്ടൻ’ മാത്രം ആയിട്ട് ആയിരുന്നു ഈ കഥ മുന്നോട്ട് പോയിരുന്നെങ്കിൽ മറ്റൊരു ആവറേജ് സിനിമ ആയേനെ ഇതും - പക്ഷെ സ്പെഷ്യലിൽ കുറഞ്ഞ് ഒന്നും തന്നെ ഇഷ്ടമില്ലാത്ത രഞ്ജിത്ത് ആ കഥാപാത്രത്തെ ബുദ്ധിപൂർവ്വം ചേർത്തു, അങ്ങനെ നമുക്ക് ഒരു നല്ല സിനിമ കിട്ടി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്-ലൂടെ.

തുവാനത്തുമ്പികൾ എന്ന സിനിമക്ക് ശേഷം തൃശൂർ ഭാഷയിൽ സംസാരിക്കുന്ന നായകൻ - ആ നായകന്റെ എല്ലാ തോൽ‌വികളും ജനം കൈകൊട്ടോടെ ഏറ്റുവാങ്ങുകയാണു. നായകൻ തോറ്റ് ബോധശൂന്യനായി കസേര‌ഉൾപ്പെടെ വീഴുമ്പോഴും ജനം ആഘോഷിക്കുകയാണു തീയറ്ററിൽ - ആഘോഷിക്കാൻ നിർബന്ധിതരാക്കുകയാണു സംവിധായക-തിരക്കഥാ‌-സംഭാഷണ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചേയ്ത രഞ്ജിത്ത്. :) 

സിനിമയിൽ ആദ്യാവസാനം ഹാസ്യവും ആക്ഷേപ ഹാസ്യവും ഇടകലർന്നുള്ള സംഭാഷണങ്ങൾ ആണ് - ആദ്യ ഷോട്ട് മുതൽ അവസാന അഞ്ച് മിനുട്ട് വരെ ഈ പ്രതിഭാസമുണ്ട് - സാധാരണ അവസാന മിനുറ്റിൽ ഒക്കെ കട്ട-‌ടെൻഷൻ ആയിരിക്കും - അല്ലാ എങ്കിൽ ആക്കാനുള്ള കട്ട-ശ്രമം ആയിരിക്കും - അതിനൊന്നും രഞ്ജിത്ത് ഈ സിനിമയിൽ ശ്രമിച്ചിട്ടേ ഇല്ല. ക്ലൈമാക്സിൽ (അങ്ങനെ വിളിക്കാമെങ്കിൽ - സിനിമയുടെ അവസാനം എന്നു വായിക്കുന്നതാണു ബെറ്റർ എന്നു തോന്നുന്നു‌) ആണു ഞാൻ ഏറ്റവും അധികം ഇരുന്നു ചിരിച്ച ഒരു ഡയലോഗ് വരുന്നതു, അതും പുണ്യാളന്റെ വായിൽ നിന്നും.

വാൽക്കഷ്ണം : “തോൽ‌വികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി” എന്നു പ്രാഞ്ചിയേട്ടൻ സ്വയം പറയുമ്പോഴും, പക്ഷെ അതു അംഗീകരിക്കാൻ അദ്ദേഹത്തിന്റെ ഫാൻസ് എന്ന വെട്ടുകിളിക്കുട്ടങ്ങൾ തയ്യാറല്ലാ എന്നു തോന്നുന്നു - പതിവിൽ നിന്നും വ്യത്യസ്ഥമായി കൊട്ടകയിൽ നായകന്റെ ചെരുപ്പ് കാട്ടുന്നതു മുതൽ മുഴങ്ങുന്ന വിസിലുകളും ബഹളങ്ങളും കാണാനേ ഇല്ലായിരുന്നു. കുറച്ച് അധികം നാളുകൾക്ക് ശേഷം ഒരു സിനിമ ഓപ്പണിങ്ങ് ദിവസം വലിയ ശല്യമില്ലാതെ രസിച്ച് കാണാൻ പറ്റി എനിക്ക്! .. നന്ദി രഞ്ജിത്ത്, നന്ദി! :)

 വീണ്ടും ആലോചിക്കുമ്പോൾ, നന്ദനം എന്ന സിനിമയിൽ വിജയകരമായി പരീക്ഷിച്ച ദൈവം എന്ന കഥാപാത്രം (അല്ലാ എങ്കിൽ  ‘തോന്നൽ’)  അത് വീണ്ടും രഞ്ജിത്ത് പഴയതിലും വിജയകരമായി ആഘോഷിക്കുകയാണു ഈ സിനിമയിൽ. ഈ സിനിമയുടെ വിജയത്തോടെ അത്തരം പടങ്ങളുടെ ഘോഷയാത്ര തന്നെ ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു മലയാള സിനിമയിൽ! പ്രാഞ്ചിയുടെ ഫ്രാൻസിസ് പുണ്യാളാ, ഈ സിനിമാക്കാർക്ക് സൽബുദ്ധി തുടർന്നും കൊടുക്കേണമേ..

സിനിമയിലെ ധാരാളം സന്ദർഭങ്ങൾ ഇപ്പോഴും മനസ്സിൽ ബാക്കി നിൽക്കുന്നു - പുണ്യാളൻ ആറ് വരക്കുന്നതു, മലയാളം അറിയാത്ത പുണ്യാളനോട് മലയാളികൾ പ്രാർത്ഥിച്ചതിലെ അർത്ഥശൂന്യത പറയുന്ന ഡയലോഗ്, അങ്ങനെ അങ്ങനെ ...

ശ്ശോ ..എനിക്ക് ഇനീം ഒന്നൂടെ ഈ സിനിമ കാണണം - ഞാൻ ഇനീം പോയി കണ്ടേക്കും ഈ സിനിമ. ! ഉമ്മ .. രഞ്ജിത്ത് .. !