Showing posts with label jayasuriya. Show all posts
Showing posts with label jayasuriya. Show all posts
Saturday, January 7, 2012
ബ്യൂട്ടിഫുൾ (8.5/10)
Beautiful/Malayalam/2011/Drama/M3DB/ (8.5/10)
പ്ലോട്ട് : അളവറ്റ സ്വത്തിനുടമയായ സ്റ്റീഫനു (ജയസൂര്യ) കഴുത്തിനു താഴേക്ക് ഒരു സ്വാധീനവും ഇല്ല, തളർന്നു കിടക്കുവാണു. വളരെ കുറച്ച് പേരൊഴികെയുള്ള ബന്ധുജനങ്ങളെല്ലാം തന്നെ സ്റ്റീഫന്റെ സ്വത്തിലാണു കണ്ണ് - പക്ഷെ സ്റ്റീഫൻ ആരേയും അടുപ്പിക്കുന്നില്ല. അദ്ദേഹത്തിനു കൂട്ട് കമലു എന്നും കണാരൻ എന്നും പേരുള്ള രണ്ട് പേരാണു. ഒരിക്കൽ ഡിന്നറിനു റസ്റ്റോറന്റിൽ ചെല്ലുന്ന സ്റ്റീഫൻ അവിടത്തെ ഗായകന്റെ പാട്ടിഷ്ടപ്പെടുന്നു, ഒരു വലിയ ഗായകനാവാൻ കൊതിക്കുന്ന ജോൺ (അനൂപ് മേനോൻ) എന്ന ആ പാട്ടുകാരനെ കൂടെ കൂട്ടുന്നു. ഇടക്ക് ഹോം നേഴ്സായി പത്രപ്പരസ്യം കണ്ടെത്തുന്ന അഞ്ജലി (മേഘ്നാ രാജ്) കൂടെ അവരുടെ ചെറു കുടുംബത്തിലേക്കെത്തുന്നു .. ഇവരുടെ കഥയാണു ഈ സിനിമ.
വെർഡിക്ട് : കിടിലൻ.! വി കെ പ്രകാശ് എന്ന സംവിധായകനെ അദ്ദേഹത്തിന്റെ ശരാശരിയിൽ താഴെയുള്ള പല സിനിമകൾ കാരണം എഴുതിത്തള്ളാറായിരിക്കുവായിരുന്നു - പക്ഷെ ഈ സിനിമ പ്രതീക്ഷ തെറ്റിച്ചു. എന്നെ തറപറ്റിച്ചു ഈ സിനിമ. !
സംവിധാനത്തെക്കാളും, ഈ സിനിമയുടെ തിരക്കഥ/സംഭാഷണം തന്നെയാണു സ്റ്റാർ. അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെ സൂപ്പർ സ്റ്റാർ പട്ടാഭിഷേകം തന്നെയാണീ സിനിമ. അമിത ഡ്രാമയുടെ കൂട്ടില്ലാതെ, സാധാരണ മനുഷ്യർ എങ്ങനെ സംസാരിക്കും, അതു പോലെ സംസാരിക്കുന്ന കഥാപാത്രങ്ങൾ - കോക്ക്ടെയിലിലും ഇതേ സ്വഭാവം അനൂപ് മേനോന്റെ തിരക്കഥ കാണിച്ചിരുന്നു.. സബാഷ് അനൂപ് - ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിക്കഴിഞ്ഞൂ!.
നടന്മാർ : ആദ്യം ജയസൂര്യ. മറ്റുള്ളവർക്ക് സ്വന്തം ശരീരം മുഴുവനുണ്ട് കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിക്കാൻ, പക്ഷെ ജയസൂര്യക്ക് കഴുത്തിനു മുകളിലുള്ള ഭാഗങ്ങൾ മാത്രമേ അനക്കാൻ സാധിക്കുമായിരുന്നുള്ളൂ, സ്റ്റീഫൻ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിക്കാൻ. അത് ഒരു തരി പ്രശ്നം പോലും കൂടാതെ ജയസൂര്യക്കായി - അതിനാൽ ഈ സിനിമയിലേ ജൂറി സ്പെഷ്യൽ മെൻഷൻ ജയസൂര്യക്ക്.
അനൂപ് മേനോൻ : ജോൺ എന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള, സംഗീതജ്ഞനായ ചെറുപ്പക്കാരൻ ആയിട്ട് അനൂപ് കസറി. ജയസൂര്യ ഹ്യൂമർ രംഗങ്ങളിൽ കസറും എന്നു നമ്മൾ കണ്ടിട്ടുള്ളതാണു, പണ്ടേ. പക്ഷെ ഇതിൽ അനൂപ് ആണു ആ സ്ഥാനം കൈയ്യടക്കിയത് . ചില ചമ്മലുകൾ, ഭാവങ്ങൾ ഒക്കെ - ചിലയിടങ്ങളിൽ മോഹൻലാലിന്റെ സുവർണ്ണകാലം അനുസ്മരിപ്പിച്ചു അനൂപ്.
മേഘ്നാ രാജ് : മലയാള സിനിമയുടെ മുഴുനീള ഐറ്റം നായികയായി ഒതുങ്ങിപ്പോയ മേഘ്നക്ക് വിനയൻ ചിത്രങ്ങളിൽ നിന്നോരു മോചനം ഈ സിനിമ വഴി കിട്ടി - അതാവട്ടെ ഉഗ്രനാക്കുകയും ചേയ്തിട്ടുണ്ട്. പ്രിയ മേഘ്നാ, ഒരു കാര്യം പറഞ്ഞോട്ടേ, അടിവസ്ത്രങ്ങളെക്കാളും ചെറു വസ്ത്രങ്ങൾ ധരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നതിനെക്കാളൊക്കെ സാരി മാത്രം ഉടുത്ത് ഈ സിനിമയിൽ എത്തിയപ്പോൾ ഞങ്ങൾക്കിഷ്ടായി - എന്തിനീ തറപ്പടങ്ങളിൽ പോയി അഭിനയിച്ച് സമയം കളയുന്നു ..? ഇത്തരം കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ.
ബാക്കിയുള്ള എല്ലാവരും നന്നായിട്ടുണ്ട്- ഒരാളൊഴിച്ച്. ഉണ്ണിമേനോൻ. അദ്ദേഹം നന്നായി പാടുമായിരിക്കാം, പക്ഷെ അഭിനയം - പോര.
ഒറ്റ വാചകത്തിൽ : ഡോണ്ട് മിസ്സ് . കണ്ടിരിക്കേണ്ട, കാണാൻ മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.
വാൽക്കഷ്ണം : ഈ സിനിമ റിലീസ് ചേയ്തിട്ട് കുറച്ച് നാളായി, ശരിക്കും ഞാൻ ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ കാണേണ്ട സിനിമ ആയിരുന്നു ഇതു - ഞാൻ കാണാൻ പോയതും ആണു. റീലീസ് ചേയ്ത് എട്ടാം ദിവസം (വെള്ളിയാഴ്ച) ഞാൻ ചേർത്തല പാരഡൈസ് എന്ന തീയറ്റർ തൊഴുത്തിൽ ഈ സിനിമ കാണാൻ ചെന്നപ്പോൾ അവിടെ ഓടുന്നത് ‘ഓസ്തി‘ എന്ന ചിലമ്പരശന്റെ തമിഴ് പടം - ഓർക്കണം - മുല്ലപ്പെരിയാർ പ്രശ്നത്തിൽ മലയാള സിനിമകൾ തമിഴ്നാട്ടിൽ പ്രദർശനം നിഷേധിച്ചു എന്നു വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ആണിത്. നമുക്ക് മലയാളത്തെ ഒതുക്കണം - അതിനു ഏതു ഭാഷ സിനിമ ഇട്ടാലും ഒന്നുമില്ല. കഷ്ടം.!
വെള്ളിയാഴ്ച സിനിമയുടെ റിലീസ് വച്ചിരിക്കുന്നതു തന്നെ എന്റെ അഭിപ്രായത്തിൽ തെറ്റാണു. വീക്കെൻഡുകളിൽ മാത്രമേ മദ്ധ്യവർഗ്ഗ കുടൂംബങ്ങൾക്ക് സിനിമ കാണാൻ ഉള്ള സമയവും സാഹചര്യവും ലഭിക്കൂ, പ്രത്യേകിച്ചും ഒരു വീട്ടിലെ ഭാര്യക്കും ഭർത്താവിനും ജോലിക്ക് പോവേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുള്ളപ്പോൾ. വെള്ളിയാഴ്ച റിലീസ് ആവുന്ന സിനിമക്ക് ആദ്യ വീക്കെൻഡിൽ വളരേ കുറച്ചേ കുടുംബങ്ങൾ കയറൂ - ഒന്നാമതേ ഒരു ചെറു നഗരത്തിലെ 10% പേർ പോലും സിനിമ മാറി എന്നു അറിഞ്ഞിരിക്കില്ല, ആ ആദ്യ ദിവസങ്ങളിൽ. ആളുകൾ അറിഞ്ഞ് വരുമ്പോഴേക്കും, അടുത്ത വെള്ളിയാഴ്ച ആ സിനിമ മാറിയിട്ടുണ്ടാവും, ഏതെങ്കിലും തമിഴ്/തെലുങ്ക് മൊഴിമാറ്റ സിനിമക്കായി. പിന്നെങ്ങനെ നല്ല മലയാള സിനിമക്ക് ആളുണ്ടാവും?
ബ്യൂട്ടിഫുളിന്റെ പോസ്റ്ററുകൾ ചേർത്തല നഗര ഹൃദയത്തിൽ നിന്നും വെറും 3 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ പോലും ഒട്ടിച്ചിട്ടില്ല - കാശ് ലാഭിച്ചതാവും, ഈ സിനിമ വന്നത് ഞാനറിഞ്ഞത് അബദ്ധത്തിൽ തീയറ്ററിനു മുന്നിലൂടെ ഞാൻ കടന്നു പോയപ്പോളാണു. ഇപ്പോ ചേർത്തല ചിത്രാഞ്ജലി തീയറ്ററിൽ ഓടുന്ന ‘അസുരവിത്ത്‘ എന്ന പടത്തിനു ഇതു തന്നെയാവും സ്ഥിതി, കാരണം, അതിനും വലിയ പരസ്യമില്ല - ആ തീയറ്ററിൽ വരേണ്ട അടുത്ത സിനിമ പ്രഖ്യാപിച്ചും കഴിഞ്ഞു, പത്രത്തിലൂടെ! പത്രപ്പരസ്യം മാത്രമല്ല, പോസ്റ്റർ പരസ്യവും ആളുകൾ സിനിമ തീയറ്ററിലെത്തിയെന്നു ജനങ്ങളെ അറിയിക്കാൻ വളരേ ഉപയോഗപ്രദമാണേന്നു എന്തേ സിനിമാക്കാരേ നിങ്ങൾ മറക്കുന്നു?
ഇപ്പോൾ ഈ സിനിമ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവാനുള്ള കാരണം, ചേർത്തലക്കും എറണാകുളത്തിനും ഇടയിൽ എരമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു നല്ല തീയറ്റർ - ‘എരമല്ലൂർ സാനിയ സിനിമാസ്’ 2011ൽ തുടങ്ങിയതിനാൽ ആണു. എഴുപുന്ന ബൈജു എന്ന പേരിൽ നമ്മൾ എല്ലാം അറിയുന്ന സിനിമാ ആർട്ടിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ തീയറ്റർ, ഞാൻ ശരിക്കും ഇതു വരെ കയറിയിട്ടുള്ള തീയറ്ററുകളിൽ ഏറ്റവും മികച്ചതാണു. 170 -200 രൂപ വാങ്ങുന്ന മൾട്ടിപ്ലെക്സുകളെക്കാളൊക്കെ മെച്ചം ആണു ഇവിടത്തെ ആമ്പിയൻസ്, ശുചിത്വം, സ്ക്രീനിങ്ങ്, ഓഡിയോ, ക്രൗഡ്, ഒക്കെ. ശരിക്കും സിനിമ എന്നത് എന്തെന്നറിയാവുന്ന ഒരിടത്ത് സിനിമ കാണുന്ന പ്രതീതി - ഒരു സീരിയസ്നെസ്സ് എനിക്കൂണ്ടായി ഈ തീയറ്ററിൽ സിനിമ കണ്ടപ്പോൾ.
കൂക്കിവിളികളോ, അമിത കൈയ്യടികളോ, പൂച്ച കരയലുകളോ, കമന്റടികളോ അനുവദിക്കാത്ത ഇത്തരം തീയറ്ററൂകൾ ആണു കേരളത്തിനാവശ്യം - അങ്ങനെയെങ്കിലേ മലയാള സിനിമ രക്ഷപ്പെടൂ. എരമല്ലൂർ സാനിയ സിനിമക്ക് പത്തിൽ പത്ത് മാർക്ക്സ്. എല്ലാവരും സിനിമാ തീയറ്ററുകൾ കല്യാണ മണ്ഡപങ്ങളാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രേം നല്ലോരു തീയറ്റർ സ്വന്തം നാട്ടാർക്ക് ഒരുക്കിത്തന്ന എഴുപുന്ന ബൈജുവിനു ഒരായിരം ഉമ്മകൾ...
കേരളാ സർക്കാർ പ്ലാറ്റിനം ഗ്രേഡ് നൽകിയത് വെറുതെയല്ല ഈ തീയറ്ററിനു - പാരഡൈസുകളും ചിത്രാജ്ഞലികളും ഇവിടെ പോയി പണി പഠിക്കട്ടെ.. ഇഡിയറ്റ്സ്!
Labels:
2011,
anoop menon,
drama,
excellent film,
Film review,
humour,
jayasuriya,
malayalam film,
tiny tom,
v k prakash
Monday, November 8, 2010
കോക്ക്ടെയിൽ - Cocktail (6.5/10)
Cocktail/Malayalam/2010/Suspense-Thriller/Wiki/(6.5/10)
പ്ലോട്ട് : സന്തുഷ്ടമായ ഒരു ഭാര്യ (സംവൃതാ സുനിൽ) -ഭർത്താവ് (അനൂപ് മേനോൻ)-കുട്ടി എന്നിവർ അടങ്ങുന്ന കുടുംബം. ഗ്രഹനാഥൻ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ടോപ്പ് എക്സിക്യൂട്ടീവ്. അവർ ഒരു ദിനം കാറിൽ പോവുമ്പോൾ വഴിയിൽ നിന്നും ഒരപരിചിതനു(ജയസൂര്യ) ലിഫ്റ്റ് കൊടുക്കുന്നതും, അയാൾ അവരുടെ ജീവിതം മൊത്തത്തിൽ മാറ്റി മറിക്കുന്നതും ആയ സംഭവവികാസങ്ങൾ ആണു ഈ സിനിമ. ഇനിയും കൂടുതൽ പറഞ്ഞാൽ സ്പോയ്ലറുകൾ വരാൻ സാധ്യതയുള്ളതിനാൽ പ്ലോട്ട് ചുരുക്കുന്നു.
വെർഡിക്ട് : നല്ലോരു സ്റ്റോറി ലൈൻ - പക്ഷെ ഇംഗ്ലീഷിൽ നിന്നും മോട്ടിച്ച് മാറ്റിയതു. നല്ല ഉഗ്രൻ ഡയലോഗുകൾ - അനൂപ് മേനോന്റെ. നല്ല അഭിനയം മൂന്നു പേരുടേയും (അവസാനം കൊണ്ടേ ജയസൂര്യയും മറ്റു രണ്ടു പേരും ബോറാക്കിയതു സൗകര്യ പൂർവ്വം മറന്നാൽ),
അത്യുഗ്രൻ സിനിമാറ്റോഗ്രാഫി - ക്യാമറ ശരിക്കും ഒരു ഫ്രഷ്നെസ്സ് അനുഭവപ്പെട്ടു എനിക്ക്. ഒരിടത്ത് മാത്രമേ (കഥാപാത്രങ്ങളെ തെരുവിലൂടെ സ്റ്റെഡികാമിൽ ഫോളോ ചേയ്യുന്ന ഒരു സീൻ) ഓവറായി എന്നു എനിക്ക് തോന്നിയൊള്ളൂ..
സംഭാഷണം : അനൂപ് മേനോനു മുഴുവൻ മാർക്കും കൊടൂത്തേ തീരൂ. സ്വാഭാവികമായ ഡയലോഗുകൾ കൊണ്ട് സമ്പുഷ്ടമാണു സിനിമയുടെ ആദ്യാവസാനം. (വീണ്ടും : അവസാന 10 മിനുറ്റ് മറക്കുകയാണെങ്കിൽ) യാതോരു നാടകീയതയും ഇല്ലാതെ, യാതോരു ഏച്ചു കെട്ടലും ഇല്ലതെ വരുന്ന ഡയലോഗുകൾ നമ്മളെ ഒരു സിനിമ കാണുകയാണെന്നുള്ള വസ്തുത മറക്കാൻ പ്രേരിപ്പിക്കുന്നു - നമ്മൾ സാധാരണ വീട്ടിലും പുറത്തും പറയുന്ന സംഭാഷണങ്ങൾ പോലെയുള്ളവ മൊത്തം!. അതിനു പത്തിൽ പത്ത്!
അവസാന പത്ത് മിനുറ്റ് : എന്തിനായിരുന്നു അതു? എന്തിനു ക്ലൈമാക്സ് ഒന്നു നല്ലതു ഒത്ത് വന്നിട്ട് വീണ്ടും സംവിധായകൻ വലിച്ച് നീട്ടി? എന്തിനു അങ്ങനെ ഒരു ബോറൻ എൻഡിങ്ങിൽ പടം കൊണ്ടേ തീർത്തു? എനിക്ക് തീരേ മനസ്സിലായില്ല! ആ സമയത്ത് സിനിമയിലെ എല്ലാർക്കും വട്ടായോ? എന്ത് ഓവർ അഭിനയം ആയിരുന്നു എല്ലാറ്റിനും ആ സമയത്ത് !!!
പാട്ടുകൾ : പാട്ടുകൾ കൊള്ളാമായിരിക്കും - പക്ഷെ ഈ സിനിമയിൽ അതു രസം കൊല്ലികൾ ആയി. ഒരു പാട്ട് ദമ്പതികൾ തമ്മിലുള്ള സ്നേഹബന്ധം കാട്ടുവാനും, മറ്റോന്നു തെരുവിലെ ഒരു ക്യാബറേയും ആണു. രണ്ടാമത്തെ ആവശ്യമേ ഇല്ലായിരുന്നു - ആദ്യത്തേത് - അതും ആവശ്യമില്ലായിരുന്നു. കാരണം സംവിധായകൻ ആ പോയിന്റ് ഓൾറെഡി പാട്ടില്ലാതെ തന്നെ സ്റ്റേറ്റ് ചേയ്തു കഴിഞ്ഞതായിരുന്നു. പാട്ടുകൾ സിനിമയുടെ ആ മുറുക്കത്തെ നന്നായി ബാധിച്ചു. വേണ്ടായിരുന്നു!
പരസ്യം : നല്ല പോസ്റ്റേഴ്സ് ആയിരുന്നു പടത്തിന്റേതായിട്ട് ഇറങ്ങിയതു. ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രൊജക്ട് ചേയ്തു കൊണ്ട് ഇറക്കിയ സിനിമയുടെ പോസ്റ്ററുകൾ സിനിമയിൽ ഉള്ള ദുരൂഹതയുടെ സാന്നിധ്യത്തെ പരസ്യം ചേയ്തു കൊണ്ട് അതിന്റെ ലക്ഷം കൈവരിച്ചു നല്ലവണ്ണം! പോസ്റ്റേഴ്സിനും 8/10 മാർക്ക്സ്!.
ഈ രണ്ട് കാര്യങ്ങൾ ഒഴിച്ച് നിർത്തിയാൽ, ഒരു ഉഗ്രൻ ശ്രമം ആയിരുന്നു ഇതു. ഈ സംവിധായകനിൽ, അതിനെക്കാൾ അധികമായി അനൂപ് മേനോനിലെ സംഭാഷണ ടാലന്റിൽ എനിക്ക് വളരേ അധികം പ്രതീക്ഷയുണ്ട്..
മൊത്തത്തിൽ സിനിമ അബൗവ് ആവറേജ് തന്നെ.
വാൽക്കഷ്ണം : മട്ടാഞ്ചേരിയിൽ ഡെയിലി ക്യാബറേ നടക്കുന്ന തെരുവേതെന്നു ആരെങ്കിലും ഒന്നു പറഞ്ഞു തര്വോ? ഒരൂസ്സം അത് വഴി ഒന്നു കറങ്ങാനാ .. ആ കൊച്ചും കൊള്ളാം .. ;)
Labels:
2010,
anoop menon,
cocktail,
innocent,
jayasuriya,
malayalam film,
mammukkoya,
samvritha sunil
Saturday, June 26, 2010
ഹാപ്പി ഹസ്ബന്റ്സ് : Happy Husbands (6/10)
Family-Humour/2010(6/10)
പ്ലോട്ട് : മൂന്നു നായകന്മാര്‍ - ജയറാം, ഇന്ദ്രജീത്ത്, ജയസൂര്യ. ജയറാമിന്റെ ഭാര്യക്ക്(ഭാവന) സംശയ രോഗം, ഇന്ദ്രജിത്തിന്റെ ഭാര്യക്ക് (സംവൃതാ സുനില്‍) ഭയങ്കര വിശ്വാസം എന്നിങ്ങനെ ആണ് കിടപ്പ്. കൂടാതെ ഇന്ദ്രജിത്ത് നല്ല ഒരു പഞ്ചാരക്കുട്ടനും ആണ്. - അതെ, തമിഴ് പടം ‘തെന്നാലി രാമന്റെ കഥ തന്നെ - പക്ഷെ കട്ടേടുത്തതല്ല, പക്ഷെ റീമേക്ക് ആണ്. ക്രഡിറ്റ് തമിഴ് പടത്തിനു കൊടുത്തത് തന്നെ മലയാളത്തില്‍ ആദ്യമാണെന്നു തോന്നുന്നു. സാധാരണ കട്ടേടുക്കാറു മാത്രമല്ലേ ഒള്ളൂ? !
വെര്‍ഡിക്ട് : സംഭവം കൊള്ളാം - രണ്ട് പേരും നന്നായിട്ടുണ്ട് - ജയറാമിന്റെ മാനറിസംസ് വളരെ കൂടുതല്‍ ആണ് പക്ഷെ സഹിക്കബിളും രസകരവും ആണ്. ഇന്ദ്രജിത്ത് ആണ് ഏറ്റവും നന്നായിരിക്കുന്നതു എന്നതു പറയാന്‍ എനിക്കു മടിയില്ലാ - കാരണം അങ്ങാര്‍ക്ക് കഷണ്ടി ഉണ്ടല്ലോ - അതു കൊണ്ട് കുശുംമ്പ് ഇല്ല എനിക്ക് ലവനോട്. പക്ഷെ ജയസൂര്യ .. ഞാന്‍ സമ്മതിക്കില്ലാ! കൂടാതെ സുരാജ് വെഞ്ഞാറമ്മൂട് നമ്മളെ ബോറടിപ്പിക്കുന്നതില്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. റീമാ കല്ലുങ്കല്‍ റിതുവിലെ പോലെ ‘പോക്ക് പെണ്‍കൊച്ച് ഇമേജ്’ ഇതിലും കീപ്പ് ചേയ്തിട്ടുണ്ട്- ആ കൊച്ചിനു നല്ല റോളുകള്‍ ആരു കൊടൂക്കാത്തതെന്തേ? കാണാന്‍ ഒരു ലുക്ക് ഉണ്ടേന്നു വച്ച് ... ഇങ്ങനെ ആകാമോ? സലിം കുമാറിനെ ചുമ്മാ കോപ്രായം കാട്ടാനും ഗള്‍ഫ് ഗേറ്റിന്റെ പരസ്യത്തിനായും കൂടെ ചേര്‍ത്തിട്ടുണ്ട്. മണിയന്‍പിള്ള രാജു നല്ല ഭേഷായി തല്ലു കോള്ളുന്നും ഉണ്ട്.
എന്തോക്കെ പറഞ്ഞാലും, ഒരു പ്രാവിശ്യം കണ്ടാല്‍ ഈ പടം ബോറടിക്കില്ല - ധൈര്യമായി കണ്ടോളൂ.
വാല്‍ക്കഷ്ണം : സാദാ തമിഴ് പടങ്ങളിലേ പോലെ ഇതിലും കോമഡി ചേയ്യുന്ന കഥാപാത്രങ്ങളെ നായകന്മാരും, നായികമാരും, വില്ലന്മാരും, എന്തിനു വഴിയേ പോവുന്നവര്‍ പോലും പൊതിരേ തല്ലി ആണ് നമ്മളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നതു. എന്തിനെന്നു എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല, മനസ്സിലാവും എന്നു തോന്നുന്നും ഇല്ല. മലയാളം സിനിമ ഉണ്ടാക്കുന്നവര്‍ക്ക് സ്വന്തമായുള്ള ഐഡിയ മൊത്തം മണ്ഡരി ബാധിച്ച് ചുരുണ്ടിരിക്കുന്നതിനാല്‍ തമിഴില്‍ നിന്നും, ഇംഗ്ലീഷില്‍ നിന്നും നല്ലതു അനുകരിക്കുന്നതില്‍ തെറ്റില്ലാ, പക്ഷെ ആ പടങ്ങളിലെ സകല അലവലാതി രീതികളും നമ്മള്‍ അനുകരിക്കേണ്ട വല്ല കാര്യവും ഉണ്ടോ?
Subscribe to:
Posts (Atom)




