Showing posts with label drama. Show all posts
Showing posts with label drama. Show all posts

Sunday, July 1, 2012

നമുക്ക് പാർക്കാൻ .. - Namukku Paarkkaan (3.5/10)

Namukku Parkkan/Malayalam/2012/Family-Drama/M3DB/ (3.5/10)

പ്ലോട്ട് : ഒരു മിഡിൽ ക്ലാസ്സ് കുടുംബം. അച്ഛൻ (അനൂപ് മേനോൻ - വെറ്റിനറി ഡൊക്ടർ) അമ്മ (മേഘ്‍ന രാജ് - ടീച്ചർ) രണ്ട് മക്കൾ. അദ്ദേഹത്തിന്റേം കുടുംബത്തിന്റേം ഏറ്റവും വലിയ ആഗ്രഹം ഒരു വീട് വൈക്കുക എന്നതാണു - അതിനായുള്ള ശ്രമങ്ങൾ ആണു ഈ സിനിമ.

 വെർഡിക്ട് : മലയാള സിനിമയിൽ ഇന്നോളം വന്നിട്ടുള്ള മിക്കവാറും ക്ലീഷേകൾ നിരത്തിവച്ച് ഒരു സിനിമ പിടിച്ചാൽ എങ്ങനിരിക്കും - എന്ന ചോദ്യത്തിനു ഉത്തരം വേണമെങ്കിൽ, ദാ ഈ സിനിമ കാണുക.

നായകൻ ഡോക്ടർ ആണെന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യോം ഇല്ല - നാട്ടാരുടെ കൈയ്യീന്നു അഞ്ച് പൈസ ഫീസ് വാങ്ങില്ല എന്നോരു ദുശ്ശീലവും കൈയ്യിലുണ്ട്. അതുമല്ല, ഒരു മൂവായിരം സ്ക്വയർ ഫീറ്റ് തറ വിസ്തീർണ്ണമുള്ള ‘ചെറീയ’ വീട് വൈക്കാൻ പെടാപ്പാട് പെടുന്ന ഡൊക്ടർ ! .. പിന്നെ സാധാരണ പോലത്തെ ക്ലീഷേകൾ - കൈക്കൂലി വാങ്ങുക, അതിന്റെ ടെൻഷൻ, ചേട്ടന്മാരേയും അനിയന്മാരേയും ദൈവത്തെപ്പോലെ സ്നേഹിക്കുക, അവരെ സ്വന്തം കാലേൽ നിർത്താൻ പരിശ്രമിക്കുക, എന്നിട്ട് അവരുടെ ഭാര്യമാരുടെ കൈയ്യീന്നു ആട്ടും തുപ്പും കൊള്ളുക, എക്സട്രാ, എക്സട്രാ.. !  പിന്നെ ഇടക്കിടക്ക് ബോറടിപ്പിക്കാൻ ഒരു ഗുണവും ഇല്ലാത്ത, സിനിമയും ആയിട്ട് ഒരു ബന്ധവും ഇല്ലാതെ ഒട്ടിച്ച് വച്ചിരിക്കുന്ന കുറച്ച് പാട്ടുകളും.

എന്റെ അനൂപ് മേനോൻ ചേട്ടാ, എന്തിനാ ഇങ്ങനത്തെ സിനിമകൾക്ക് ഡേറ്റ് കൊടുക്കുന്നേ? ഉണ്ടാക്കിയെടുത്ത ഒരു നല്ല പേരു ഇത്തരം സിനിമകളിൽ അഭിനയിച്ച് കളഞ്ഞ് കുളിക്കണോ? കാശു മാത്രം മതിയെന്നാണെങ്കിൽ, ജയറാം എന്ന നടനു വന്ന ദുര്യോഗം ഓർക്കുന്നത് നന്ന് - ഇന്നു മലയാളികൾക്ക് ജയറാമിന്റെ മുഖം തന്നെ അലർജി ആയി മാറിയത് അങ്ങാരുടെ പൊട്ട റോൾ സെലക്ഷനുകൾ മൂലമാണു. 

അഭിനേതാക്കളിൽ അനൂപ് മേനോൻ ‌ - ആവറേജ്, മേഘ്നാ റായ് - ഗ്ലാമറാവാൻ ശ്രമിച്ച് ബോറാക്കിയിട്ടുണ്ട്, ടിനീ ടോം - ബ്യൂട്ടിഫൂളിലെ അതേ വേഷം, അതേ സ്ലാങ്ങ്, നന്ദൂ - സ്പിരിറ്റിലെ വേഷത്തിന്റെ ഒരു ഈച്ച കോപ്പി, ആകെ ഉഗ്രൻ എന്നു പറയാൻ ഗസ്റ്റ് അപ്പിയറൻസിൽ വരുന്ന ജയസൂര്യ മാത്രം.

ഒറ്റ വാചകത്തിൽ : ആവറേജ് പടം. കണ്ടില്ലാന്നു വച്ച് ഒന്നും സംഭവിക്കാനില്ല.

വാൽക്കഷ്ണം : എന്റെ ലാസ്റ്റ് പത്ത് മുപ്പത്തിയഞ്ച് കൊല്ലത്തിനിടക്ക് വീട്ടിൽ വന്നു ചികിത്സിക്കുന്ന ഡൊക്ടറന്മാരിൽ ഒരാളെ പോലും കണ്ടിട്ടില്ലാ, ഫീസ് വാങ്ങാത്തതായിട്ട്. ഇതു പോലത്തെ കഥാപാത്രങ്ങളെ ഒക്കെ എവിടുന്നു കിട്ടുന്നു ഈ സിനിമാക്കാർക്ക്, ആവോ!.


Saturday, January 7, 2012

ബ്യൂട്ടിഫുൾ (8.5/10)


Beautiful/Malayalam/2011/Drama/M3DB/ (8.5/10)

പ്ലോട്ട് : അളവറ്റ സ്വത്തിനുടമയായ സ്റ്റീഫനു (ജയസൂര്യ) കഴുത്തിനു താഴേക്ക് ഒരു സ്വാധീനവും ഇല്ല, തളർന്നു കിടക്കുവാണു. വളരെ കുറച്ച് പേരൊഴികെയുള്ള ബന്ധുജനങ്ങളെല്ലാം തന്നെ സ്റ്റീഫന്റെ സ്വത്തിലാണു കണ്ണ് - പക്ഷെ സ്റ്റീഫൻ ആരേയും അടുപ്പിക്കുന്നില്ല. അദ്ദേഹത്തിനു കൂട്ട് കമലു എന്നും കണാരൻ എന്നും പേരുള്ള രണ്ട് പേരാണു. ഒരിക്കൽ ഡിന്നറിനു റസ്റ്റോറന്റിൽ ചെല്ലുന്ന സ്റ്റീഫൻ അവിടത്തെ ഗായകന്റെ പാട്ടിഷ്ടപ്പെടുന്നു, ഒരു വലിയ ഗായകനാവാൻ കൊതിക്കുന്ന ജോൺ (അനൂപ് മേനോൻ) എന്ന ആ പാട്ടുകാരനെ കൂടെ കൂട്ടുന്നു. ഇടക്ക് ഹോം നേഴ്സായി പത്രപ്പരസ്യം കണ്ടെത്തുന്ന അഞ്ജലി (മേഘ്നാ രാജ്) കൂടെ അവരുടെ ചെറു കുടുംബത്തിലേക്കെത്തുന്നു  .. ഇവരുടെ കഥയാണു ഈ സിനിമ.

വെർഡിക്ട്  : കിടിലൻ.! വി കെ പ്രകാശ് എന്ന സംവിധായകനെ അദ്ദേഹത്തിന്റെ ശരാശരിയിൽ താഴെയുള്ള പല സിനിമകൾ കാരണം എഴുതിത്തള്ളാറായിരിക്കുവായിരുന്നു - പക്ഷെ ഈ സിനിമ പ്രതീക്ഷ തെറ്റിച്ചു. എന്നെ തറപറ്റിച്ചു ഈ സിനിമ. !

സംവിധാനത്തെക്കാളും, ഈ സിനിമയുടെ തിരക്കഥ/സംഭാഷണം തന്നെയാണു സ്റ്റാർ. അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെ സൂപ്പർ സ്റ്റാർ പട്ടാഭിഷേകം തന്നെയാണീ സിനിമ. അമിത ഡ്രാമയുടെ കൂട്ടില്ലാതെ, സാധാരണ മനുഷ്യർ എങ്ങനെ സംസാരിക്കും, അതു പോലെ സംസാരിക്കുന്ന കഥാപാത്രങ്ങൾ - കോക്ക്ടെയിലിലും ഇതേ സ്വഭാവം അനൂപ് മേനോന്റെ തിരക്കഥ കാണിച്ചിരുന്നു.. സബാഷ് അനൂപ് - ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിക്കഴിഞ്ഞൂ!.

നടന്മാർ : ആദ്യം ജയസൂര്യ. മറ്റുള്ളവർക്ക് സ്വന്തം ശരീരം മുഴുവനുണ്ട് കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിക്കാൻ, പക്ഷെ ജയസൂര്യക്ക് കഴുത്തിനു മുകളിലുള്ള ഭാഗങ്ങൾ മാത്രമേ അനക്കാൻ സാധിക്കുമായിരുന്നുള്ളൂ, സ്റ്റീഫൻ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിക്കാൻ. അത് ഒരു തരി പ്രശ്നം പോലും കൂടാതെ ജയസൂര്യക്കായി - അതിനാൽ ഈ സിനിമയിലേ ജൂറി സ്പെഷ്യൽ മെൻഷൻ ജയസൂര്യക്ക്.


അനൂപ് മേനോൻ : ജോൺ എന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള, സംഗീതജ്ഞനായ ചെറുപ്പക്കാരൻ ആയിട്ട് അനൂപ് കസറി. ജയസൂര്യ ഹ്യൂമർ രംഗങ്ങളിൽ കസറും എന്നു നമ്മൾ കണ്ടിട്ടുള്ളതാണു, പണ്ടേ. പക്ഷെ ഇതിൽ അനൂപ് ആണു ആ സ്ഥാനം കൈയ്യടക്കിയത് . ചില ചമ്മലുകൾ, ഭാവങ്ങൾ ഒക്കെ - ചിലയിടങ്ങളിൽ മോഹൻലാലിന്റെ സുവർണ്ണകാലം അനുസ്മരിപ്പിച്ചു അനൂപ്.

മേഘ്നാ രാജ് : മലയാള സിനിമയുടെ മുഴുനീള ഐറ്റം നായികയായി ഒതുങ്ങിപ്പോയ മേഘ്നക്ക് വിനയൻ ചിത്രങ്ങളിൽ നിന്നോരു മോചനം ഈ സിനിമ വഴി കിട്ടി - അതാവട്ടെ ഉഗ്രനാക്കുകയും ചേയ്തിട്ടുണ്ട്. പ്രിയ മേഘ്നാ, ഒരു കാര്യം പറഞ്ഞോട്ടേ, അടിവസ്ത്രങ്ങളെക്കാളും ചെറു വസ്ത്രങ്ങൾ ധരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നതിനെക്കാളൊക്കെ സാരി മാത്രം ഉടുത്ത് ഈ സിനിമയിൽ എത്തിയപ്പോൾ ഞങ്ങൾക്കിഷ്ടായി - എന്തിനീ തറപ്പടങ്ങളിൽ പോയി അഭിനയിച്ച് സമയം കളയുന്നു ..? ഇത്തരം കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ.



ബാക്കിയുള്ള എല്ലാവരും നന്നായിട്ടുണ്ട്- ഒരാളൊഴിച്ച്. ഉണ്ണിമേനോൻ.  അദ്ദേഹം നന്നായി പാടുമായിരിക്കാം, പക്ഷെ അഭിനയം - പോര.

ഒറ്റ വാചകത്തിൽ : ഡോണ്ട് മിസ്സ് . കണ്ടിരിക്കേണ്ട, കാണാൻ മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.

വാൽക്കഷ്ണം : ഈ സിനിമ റിലീസ് ചേയ്തിട്ട് കുറച്ച് നാളായി, ശരിക്കും ഞാൻ ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ കാണേണ്ട സിനിമ ആയിരുന്നു ഇതു - ഞാൻ കാണാൻ പോയതും ആണു. റീലീസ് ചേയ്ത് എട്ടാം ദിവസം (വെള്ളിയാഴ്ച) ഞാൻ ചേർത്തല പാരഡൈസ് എന്ന തീയറ്റർ തൊഴുത്തിൽ ഈ സിനിമ കാണാൻ ചെന്നപ്പോൾ അവിടെ ഓടുന്നത് ‘ഓസ്തി‘ എന്ന ചിലമ്പരശന്റെ തമിഴ് പടം - ഓർക്കണം - മുല്ലപ്പെരിയാർ പ്രശ്നത്തിൽ മലയാള സിനിമകൾ തമിഴ്നാട്ടിൽ പ്രദർശനം നിഷേധിച്ചു എന്നു വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ആണിത്. നമുക്ക് മലയാളത്തെ ഒതുക്കണം - അതിനു ഏതു ഭാഷ സിനിമ ഇട്ടാലും ഒന്നുമില്ല. കഷ്ടം.!

വെള്ളിയാഴ്ച സിനിമയുടെ റിലീസ് വച്ചിരിക്കുന്നതു തന്നെ എന്റെ അഭിപ്രായത്തിൽ തെറ്റാണു. വീക്കെൻഡുകളിൽ മാത്രമേ മദ്ധ്യവർഗ്ഗ കുടൂംബങ്ങൾക്ക് സിനിമ കാണാൻ ഉള്ള സമയവും സാഹചര്യവും ലഭിക്കൂ, പ്രത്യേകിച്ചും ഒരു വീട്ടിലെ ഭാര്യക്കും ഭർത്താവിനും ജോലിക്ക് പോവേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുള്ളപ്പോൾ.  വെള്ളിയാഴ്ച റിലീസ് ആവുന്ന സിനിമക്ക് ആദ്യ വീക്കെൻഡിൽ വളരേ കുറച്ചേ കുടുംബങ്ങൾ കയറൂ -  ഒന്നാമതേ ഒരു ചെറു നഗരത്തിലെ 10% പേർ പോലും സിനിമ മാറി എന്നു അറിഞ്ഞിരിക്കില്ല, ആ ആദ്യ ദിവസങ്ങളിൽ.  ആളുകൾ അറിഞ്ഞ് വരുമ്പോഴേക്കും, അടുത്ത വെള്ളിയാഴ്ച ആ സിനിമ മാറിയിട്ടുണ്ടാവും, ഏതെങ്കിലും തമിഴ്/തെലുങ്ക് മൊഴിമാറ്റ സിനിമക്കായി. പിന്നെങ്ങനെ നല്ല മലയാള സിനിമക്ക് ആളുണ്ടാവും?

ബ്യൂട്ടിഫുളിന്റെ പോസ്റ്ററുകൾ ചേർത്തല നഗര ഹൃദയത്തിൽ നിന്നും വെറും 3 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ പോലും ഒട്ടിച്ചിട്ടില്ല - കാശ് ലാഭിച്ചതാവും, ഈ സിനിമ വന്നത് ഞാനറിഞ്ഞത് അബദ്ധത്തിൽ തീയറ്ററിനു മുന്നിലൂടെ ഞാൻ കടന്നു പോയപ്പോളാണു. ഇപ്പോ ചേർത്തല ചിത്രാഞ്ജലി തീയറ്ററിൽ ഓടുന്ന ‘അസുരവിത്ത്‘ എന്ന പടത്തിനു ഇതു തന്നെയാവും സ്ഥിതി, കാരണം, അതിനും വലിയ പരസ്യമില്ല - ആ തീയറ്ററിൽ വരേണ്ട അടുത്ത സിനിമ പ്രഖ്യാപിച്ചും കഴിഞ്ഞു, പത്രത്തിലൂടെ! പത്രപ്പരസ്യം മാത്രമല്ല, പോസ്റ്റർ പരസ്യവും ആളുകൾ സിനിമ തീയറ്ററിലെത്തിയെന്നു ജനങ്ങളെ അറിയിക്കാൻ വളരേ ഉപയോഗപ്രദമാണേന്നു എന്തേ സിനിമാക്കാരേ നിങ്ങൾ മറക്കുന്നു?

ഇപ്പോൾ ഈ സിനിമ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവാനുള്ള കാരണം, ചേർത്തലക്കും എറണാകുളത്തിനും ഇടയിൽ എരമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു നല്ല തീയറ്റർ - ‘എരമല്ലൂർ സാനിയ സിനിമാസ്’ 2011ൽ തുടങ്ങിയതിനാൽ ആണു. എഴുപുന്ന ബൈജു എന്ന പേരിൽ നമ്മൾ എല്ലാം അറിയുന്ന സിനിമാ ആർട്ടിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ തീയറ്റർ, ഞാൻ ശരിക്കും ഇതു വരെ കയറിയിട്ടുള്ള തീയറ്ററുകളിൽ ഏറ്റവും മികച്ചതാണു. 170 -200 രൂപ വാങ്ങുന്ന മൾട്ടിപ്ലെക്സുകളെക്കാളൊക്കെ മെച്ചം ആണു ഇവിടത്തെ ആമ്പിയൻസ്, ശുചിത്വം, സ്ക്രീനിങ്ങ്, ഓഡിയോ, ക്രൗഡ്, ഒക്കെ.  ശരിക്കും സിനിമ എന്നത് എന്തെന്നറിയാവുന്ന ഒരിടത്ത് സിനിമ കാണുന്ന പ്രതീതി - ഒരു സീരിയസ്നെസ്സ് എനിക്കൂണ്ടായി ഈ തീയറ്ററിൽ സിനിമ കണ്ടപ്പോൾ.

കൂക്കിവിളികളോ, അമിത കൈയ്യടികളോ, പൂച്ച കരയലുകളോ, കമന്റടികളോ അനുവദിക്കാത്ത ഇത്തരം തീയറ്ററൂകൾ ആണു കേരളത്തിനാവശ്യം - അങ്ങനെയെങ്കിലേ മലയാള സിനിമ രക്ഷപ്പെടൂ. എരമല്ലൂർ സാനിയ സിനിമക്ക് പത്തിൽ പത്ത് മാർക്ക്സ്.  എല്ലാവരും സിനിമാ തീയറ്ററുകൾ കല്യാണ മണ്ഡപങ്ങളാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രേം നല്ലോരു തീയറ്റർ സ്വന്തം നാട്ടാർക്ക് ഒരുക്കിത്തന്ന എഴുപുന്ന ബൈജുവിനു ഒരായിരം ഉമ്മകൾ...

കേരളാ സർക്കാർ പ്ലാറ്റിനം ഗ്രേഡ് നൽകിയത് വെറുതെയല്ല ഈ തീയറ്ററിനു - പാരഡൈസുകളും ചിത്രാജ്ഞലികളും ഇവിടെ പോയി പണി പഠിക്കട്ടെ.. ഇഡിയറ്റ്സ്!


Friday, June 17, 2011

Patiala House - പട്യാലാ ഹൗസ് (5/10)


Patiala House/Hindi/2011/Drama/IMDB/ (5/10)
Rated G  : suitable for General Audience.

പ്ലോട്ട് : ബ്രിട്ടണിലെ ഒരു പഞ്ചാബി കുടുംബം - അവിടത്തുകാരുടെ വർണ്ണവെറിയിൽ ആ കുടുംബനാഥൻ മരണപ്പെടുന്നതോടെ, അദ്ദേഹത്തിന്റെ മകൻ ഇംഗ്ലീഷുകാരെ ഏതു കാര്യത്തിലും എതിർക്കുന്ന, അവർക്കെതിരെ പോരാടുന്ന ഒരാളായി മാറുന്നു - അദ്ദേഹമാണു റിഷീ കപൂർ (സിനിമയിലെ പേരു വലിയ പിടീയില്ല - എല്ലാരുടേം പേരു ഏതാണ്ടൊരുപോലൊക്കെ ഇരിക്കും!).  അദ്ദേഹത്തിന്റെ വാശി കാരണം അദ്ദേഹത്തിന്റെ നല്ലവണ്ണം ക്രിക്കറ്റ് കളിക്കുന്ന മകന്റെ (അക്ഷയ് കുമാർ) ഭാവി തന്നെ തകരുന്നു - അക്ഷയ് കുമാർ ഒരു സാദാ ഡിപ്പാർട്ട്മെന്റ് സ്റ്റോഴ്സ് നടത്തുന്ന ഒരു സാദാ സിക്കുകാരൻ ആയിട്ട് മാറുന്നു. അതു പോലെ ആ വീട്ടിലെ എല്ലാരും അവരുടെ സ്വപ്നങ്ങൾ മറന്നു റിഷിക്കപ്പൂർ പറയുന്നതു പോലെ ജിലേബി ഉണ്ടാക്കിയും ഭജന പാടിയും ടാക്സി ഓടിച്ചും  ഒക്കെ കഴിയുകയാണു അവിടെ.

പിന്നേയും വളരേക്കാലം കഴിഞ്ഞ്, അക്ഷയ്കുമാറിനു തന്റെ സ്വപ്നം - രാജ്യത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കുക എന്ന സ്വപ്നം - സാക്ഷാത്കരിക്കാൻ ഒരു അവസരം വരുന്നതും, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങളും ഒക്കെയാണു ഈ സിനിമ.

വെർഡിക്ട്: കഥ കച്ചറ. സ്വബോധമുള്ളവനു ഒരിക്കലും വിരസത കൺ‌ട്രോൾ ചേയ്യാൻ ആവാത്തത്ര വിരസമായ കഥ. ബാക്ക്ഗ്രൗണ്ട് സ്കോർ എല്ലാ പഞ്ചാബീ സിനിമകളിലേയും പോലെ “ബല്ലേ ബല്ലേ”യും മറ്റേ പെരുമ്പറ കൊട്ടലും.
പക്ഷെ, പടം നന്നായിട്ടെടുത്തിരിക്കുന്നു. അതിനെക്കാൾ മെച്ചമായി അക്ഷയ്കുമാറും മറ്റും അഭിനയിച്ചിരിക്കുന്നു. കാസ്റ്റിങ്ങും കൊള്ളാം - ഇപ്പോൾ പ്രായമായ നായകന്റേയും നായകന്റെ അച്ഛന്റേയും പണ്ടത്തെ റോളുകൾ വേറേ ആളുകളെ വച്ച് ചേയ്തിരിക്കുന്നതും ഇഷ്ടായി - അക്ഷയ് കുമാറിനേയും റിഷിക്കപ്പൂറിനേയും ഒക്കെ രണ്ടിഞ്ച് കനത്തിൽ വാൾപുട്ടി പൂശി പ്രായം കുറച്ചും വേണമെങ്കിൽ അഭിനയിപ്പിക്കാമായിരുന്നു, അതു ചേയ്തില്ല, ടാങ്ക്സ് സംവിധായകാ, ടാങ്ക്സ്.


അക്ഷയ് കുമാർ : സകല സ്വപ്നങ്ങളും നശിച്ച്, സ്വന്തം അച്ഛനു വേണ്ടി സ്വന്തം ജീവിതം അഴുക്ക്ചാലിലേക്ക് ഒലിച്ച് പോവുന്നതു നോക്കി നിക്കേണ്ടി വരുന്ന ഒരാളുടെ നിർവ്വികാരമായ ഭാവം - അതു അക്ഷയ് ഉഗ്രനായിട്ട് അവതരിപ്പിച്ചിരിക്കുന്നു. നല്ല കടൂകട്ടി ഡയലോഗുകൾ വരുമ്പോൾ വേണമെങ്കിൽ അക്ഷയിനു സുരേഷ് ഗോപി സ്റ്റയ്‌ലിൽ അതൊക്കെ പൂശാമായിരുന്നു - പക്ഷെ ചേയ്തില്ല. അതാണു നല്ല അഭിനയം, നല്ല സംവിധാനം.


ഒറ്റ വാചകത്തിൽ : കച്ചറ കഥ, ഡയലോഗുകൾ ഓവർ ഡോസ്, പാട്ടുകൾ ആവറേജ്, ബല്ലേ ബല്ലേ അൺ സഹിക്കബിൾ,  അഭിനയം ഉഗ്രൻ ...  കണ്ടിരിക്കാവുന്ന പടം.


വാൽക്കഷ്ണം : എനിക്ക് ചില കാര്യങ്ങൾ ഒട്ടും മനസ്സിലായില്ല - തന്തപ്പടി സിംഗിനു ഇത്ര ദേഷ്യം ആണു ഇംഗ്ലീഷുകാരേയും, അവരുടെ സംസ്കാരത്തേയും ഒക്കേയെങ്കിൽ എന്തു കൊണ്ട് അങ്ങാരു ബ്രിട്ടണിൽ തന്നെ കെട്ടിക്കിടക്കുന്നു? നാട്ടിലേക്ക് പോന്നൂടെ അങ്ങേർക്ക്? അങ്ങനെ പോന്നാലെങ്ങനെ സിനിമ നടക്കും അല്ലേ? :)

ആ വീട്ടിലെ ഒറ്റണ്ണത്തിനു നട്ടെല്ലില്ല-  എന്നാൽ സംവിധായകൻ പറയുന്നതു അക്ഷയ്കുമാർ “പറ്റില്ല” എന്നു പറയാഞ്ഞിട്ടാണു എല്ലാരും അവിടെ ഈ ഗതിയിൽ ആയിരിക്കുന്നതെന്നാണു. ഭയങ്കര ഔട്ട് സ്പോക്കൺ എന്നൊക്കെ കാട്ടുന്ന ഒരു കുടുംബാംഗവും ഉണ്ടവിടെ, അവനൊക്കെ എന്തേ റിഷിക്കപ്പൂറിനടൂത്ത് “ഒന്നു പോടാപ്പനേ” എന്നു വാ തുറന്നു പറയുന്നില്ല?  അപ്പോ എങ്ങനെ നായകൻ സൂപ്പറാവും അല്ലേ? :)

ഡിമ്പിൾ കപാഡിയ ഒക്കെ ഭയങ്കര കിഴവി ആയിരിക്കുന്നു - സുകുമാരിയെക്കാൾ പ്രായം തോന്നിക്കും ഇപ്പോ അവരെ കണ്ടാൽ! - എങ്ങനിരുന്നതാ അവരു - ഹോ - പണ്ട് ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ഫിലിം ഫേയറിൽ ഗോദ്‌റേജിന്റെ ഒരു കോണ്ടസ്റ്റ് വന്നു - എന്തോ പൂരിപ്പിച്ച് അയച്ചാൽ ഡിമ്പിളിനോടൊപ്പം ഒരു സായാഹ്നം!.. എനിക്ക് അതു കിട്ടിയെന്നു എത്ര രാത്രികളിൽ ആണു ഞാൻ സ്വപ്നം കണ്ടിട്ടുള്ളതു!. .. ഇപ്പോ അവരെ കാണുമ്പോൾ, .. ഭയാനകം! എല്ലാരുടേയും കാര്യം ഇത്രക്കേ ഉള്ളൂ!


Saturday, May 21, 2011

Life of Others (Das Leben der Anderen) (8/10)

Life of Others(Das Leben der Anderen)/German/2006/Drama/IMDB/ (8/10)
Rated R for some sexuality/nudity.
Tagline: Before the Fall of the Berlin Wall, East Germany's Secret Police Listened to Your Secrets

പ്ലോട്ട് :  പഴയ കമ്മ്യൂണിസ്റ്റ് ജർമ്മനി - അവിടത്തെ ആഭ്യന്തര രഹസ്യപ്പോലീസ് ആയ സ്റ്റാസിയുടെ(Stasi) ആർട്ടിസ്റ്റുകളേയും എഴുത്തുകാരേയും ബേസ് ചേയ്തുകൊണ്ടുള്ള നിരീക്ഷണങ്ങളെ പറ്റിയുള്ള, ഒരു കഥയാണു ലൈഫ് ഓഫ് അദേഴ്സ്.

സ്റ്റാസിയിലെ ഒരു ബ്രില്യന്റ് ഓഫീസർ. അങ്ങാരുടെ ഒരു ടെയിനിങ്ങ് ലച്വറിലൂടെ ആണു നമ്മൾ ആദ്യം അദ്ദേഹത്തിന്റെ കഴിവുകളെ പറ്റി അറിയുന്നതു. അദ്ദേഹത്തിന്റെ ഒരു ഇന്ററോഗേഷൻ ഓഡിയോ സ്റ്റുഡന്റ്സിനെ കേൾപ്പിക്കുന്നതും എങ്ങനെയൊക്കെ സബ്ബ്ജക്റ്റ്സിനെ ചോദ്യം ചേയ്യാം എന്നു പഠിപ്പിക്കുന്ന ക്ലാസ്സ്‌റൂമിൽ നിന്നും യഥാർത്ഥ രഹസ്യപ്പോലീസ് ജോലിയിലേക്ക് അദ്ദേഹത്തെ പറിച്ചു നടുന്നു, മേലാളന്മാർ.
അദ്ദേഹം ഒരു എഴുത്തുകാരനായ ഡ്രേമാനെ നിരീക്ഷിക്കാൻ നിയമിതനാവുന്നു. ഡ്രേമാന്റേയും അദ്ദേഹത്തിന്റെ കാമുകിയുടേയും സകല നീക്കങ്ങളും, സംസാരങ്ങളും അവർ റെക്കോർഡ് ചേയ്യുന്നു .. പക്ഷെ എപ്പോഴോ നമ്മുടെ നായകൻ ആ നിരീക്ഷണത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കുന്നു, അങ്ങനെ അദ്ദേഹം ആ കുടുംബത്തെ സപ്പോർട്ട് ചേയ്യാൻ തുടങ്ങുന്നു..അവരുടെ സ്നേഹത്തിന്റെ ആരാധകനാവുന്നു ..

വെർഡിക്ട് : പതുക്കെ, സ്റ്റെഡിയായി നീങ്ങുന്ന പ്ലോട്ട് - സസ്പെൻസ് ഒന്നും ഉണ്ടാവില്ലാ എന്നു വ്യക്തമായി വിളിച്ച് പറയുന്ന സ്ലോ-സ്റ്റെഡീ തിരക്കഥ, ആ പതിയനെയുള്ള, ഒരു കെട്ടുവള്ളത്തിൽ ഇങ്ങനെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലുള്ള യാത്രക്കവസാനം സിനിമ നല്ലോരു ക്ലൈമാക്സിലേക്ക് നമ്മളെ കൊണ്ടെത്തിക്കുമ്പോഴേക്കും നമ്മൾ സിനിമയിൽ കുടുങ്ങിയിട്ടുണ്ടാവും.  അതാണു ഈ സിനിമയുടെ ഹൈലൈറ്റ് - ഫാസ്റ്റ് മൂവിങ്ങ് വെട്ടിത്തിരിയുന്ന കാമറയും, ഹൂഷ്-വൂഷ് ഒച്ചകളും ഒന്നുമില്ലാതെ ഒരു ത്രില്ലിങ്ങ് ഡ്രാമ ഉണ്ടാക്കാം എന്നു തെളിയിക്കുകയാണു, ഈ ജർമ്മൻ സംവിധായകന്റെ ആദ്യ സംരംഭം.

നടന്മാർ : പ്രധാനമായും പ്രധാന നടൻ - സ്റ്റാസി ക്യാപ്റ്റൻ ആയിട്ടഭിനയിക്കുന്ന ആൾ. ഉഗ്രൻ - ആ ബോറടിച്ച് കൊണ്ട് ഓരോ നിമിഷവും തള്ളി നീക്കുന്ന, ഇഷ്ടമില്ലാത്ത തൊഴിൽ ചേയ്യുന്ന ഒരാളുടെ ജീവിതം എത്ര ഭംഗിയായിട്ടണു അങ്ങാരു അവതരിപ്പിച്ചിരിക്കുന്നതു... പിന്നെ  ‘Suspects‘ തന്റെ ജീവിതത്തിൽ കൊണ്ടു വരുന്ന മാറ്റങ്ങൾ, അത് വളരെ ചെറുതാണെങ്കിൽ പോലും, നമ്മളിലേക്ക് ആവാഹിക്കാൻ തിരക്കഥാകൃത്തിന്റെ കഥാപാത്രവും അഭിനേതാവും നടത്തുന്ന ശ്രമം നന്നായിട്ട് തന്നെ വിജയിക്കുന്നും ഉണ്ട്. 

കാമറ : വാക്കുകളില്ല. .. മയങ്ങിപ്പോയി, ഞാൻ, മയങ്ങിപ്പോയി ..

എനിക്ക് ഭാഗ്യമുണ്ട് - ഞാൻ മാത്രമല്ല ഈ സിനിമയിൽ അനുരക്തനായി വീണിട്ടുള്ളതു. നിരന്നു നിൽക്കുകയാണു ഈ സിനിമക്ക് കിട്ടിയ പുരസ്കാരങ്ങൾ, പ്രശസ്ഥ ക്രിട്ടിക്ക്സുകളുടെ അഭിപ്രായങ്ങൾ ഒക്കെ, അവരും ഈ സിനിമയെ പ്രേമിക്കുന്നു എന്ന് വിളിച്ചു പറഞ്ഞു കൊണ്ട്..

എനിക്ക് ഈ സിനിമ ഒന്നൂടെ കാണാൻ തോന്നുന്നു - ഒരു റൂഫ് ഇല്ലാത്ത കാറിൽ കണ്ണടച്ച് മലർന്നു ചാരിക്കിടന്നുകൊണ്ട് വിജനമായ റോഡിലൂടെ, വൈകുന്നേരത്തെ വെയിലിൽ കുളിച്ചു കൊണ്ടുള്ള ഉള്ള ഒരു സവാരി കഴിഞ്ഞിറങ്ങിയതു പോലുള്ള ഒരു ഫീലിങ്ങ് ... കാണണം ഒന്നൂടെ!

ഒറ്റ വാചകത്തിൽ : ആർക്കും കണ്ടിരിക്കാവുന്ന, നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർ മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു നല്ല പടം.

വാൽക്കഷ്ണം : ഇനി ഈ സംവിധായകന്റെ 2010 പ്രൊഡക്ഷൻ : ‘ടൂറിസ്റ്റ്‘ കാണണം.

'Pan's Labyrinth' എന്ന പടം ഈ സിനിമക്ക് മുന്നിൽ 2006ൽ തോറ്റു തുന്നം പാടി ഓസ്കാറിൽ ബെസ്റ്റ് ഫോറിൻ ലാംഗ്വേജ് ഫിലിം കാറ്റഗറിയിൽ, എന്നു കേട്ടപ്പോഴേ ഞാൻ ഉറപ്പിച്ചതാണു ഈ പടം ഞാൻ കണ്ട് നോക്കും എന്നതു. ഇതു സജ്ജസ്റ്റ് ചേയ്ത എന്റെ ഫ്രണ്ടിനു ഒരു സുലാൻ !.


Wednesday, April 20, 2011

ജർമ്മൻ വാരം : Der Untergang (Downfall) (9/10)

Der Untergang/German/2004/War-Drama/IMDB/ (9/10) 
Rated R for strong violence, disturbing images and some nudity

പ്ലോട്ട് : രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലഘട്ടം - ഹിറ്റ്ലറുടെ പട എല്ലായിടത്തും തന്നെ തോറ്റുകൊണ്ടിരിക്കുന്നു, റഷ്യൻ പട ബെർലിന്റെ വാതിൽക്കൽ വരെ എത്തി നിൽക്കുന്നു. അവരുടെ ക്ലോസ് റേഞ്ച് ആർട്ടിലറി ഫയറോടെയാണു സിനിമ തുടങ്ങുന്നതു തന്നെ. ഹിറ്റ്ലർ എന്ന ധീരന്റെ (എന്തോക്കെ പോക്രിത്തരങ്ങൾ കാട്ടിയിട്ടുണ്ടെങ്കിലും, ചേയ്തതു മുഴുവൻ മനുഷ്യരാശിയോടുള്ള അപരാധങ്ങൾ ആണെങ്കിലും, ധീരൻ ആയിരുന്നു അങ്ങാരു - അതോ മൂഡനോ?)  തൊട്ട് മുന്നിലെത്തി നിൽക്കുന്ന മരണത്തിന്റെ അല്ലായെങ്കിൽ തോൽ‌വിയുടെ മുന്നിൽ മുട്ട് മടക്കാതെയുള്ള, എന്നാൽ സത്യത്തിനു നേരേ കണ്ണടച്ചുകൊണ്ട് നടക്കില്ലാത്ത ഒരു ജയത്തിനായി ദാഹിക്കുന്ന ഒരു നേതാവിന്റെ, അദ്ദേഹത്തിനു കൂടെ നിൽക്കുന്ന ഓഫീസറന്മാരുടെ, അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവരുടെ കഥയാണിതു, ആ യുഗത്തിന്റെ, ആ ധീരന്റെ, ജർമ്മൻ ജനങ്ങൾക്ക് തോൽ‌വിയെക്കാൽ മരണമാണു ഇഷ്ടമെന്നു കരുതി അവരെ കൂട്ടക്കൊല ചേയ്യാൻ ഓർഡറിടുന്ന മൂഡന്റെ, അദ്ദേഹത്തിന്റെ വീഴ്ചയുടെ കഥയാണിതു. 

ഹിറ്റ്ലറുടെ സെക്രട്ടറിയായി ജോലി ചേയ്യാൻ ബെർലിനിലേക്കെത്തുന്ന യുവതിയുടെ ഓർമ്മകളിലൂടെയാണു കഥ മുന്നേറുന്നതു, ആ യുവതി ജോലിക്ക് ഹാജരാവുന്നതു മുതൽ യുദ്ധം കഴിഞ്ഞ് തിരികേ പോവുന്നതു വരെയുള്ള ഓർമ്മകൾ ആണീ സിനിമ.

വെർഡിക്ട് :  കിടിലൻ, കലക്കൻ, ഉഗ്രൻ എന്നിങ്ങനെയുള്ള വാക്കുകൾ ഞാൻ ഉപയോഗിച്ച് കഴിഞ്ഞിരിക്കുന്നതു കൊണ്ടും, ആ സിനിമകളെക്കാൾ ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു ഈ സിനിമ എന്നതു കൊണ്ടും ഒരു വാക്കിൽ എനിക്ക് ഈ സിനിമയെ വർണ്ണിക്കാനാവുന്നില്ല.  ശരിക്കും ഉഗ്രനായിട്ടുണ്ട്, തിരക്കഥ, കഥാസന്ദർഭം തിരഞ്ഞെടുത്തിരിക്കുന്നതു, അതു ചിത്രീകരിച്ചിരിക്കുന്നതു,  കഥാപാത്രത്തിനു വേണ്ട അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നതു,  അവരതു അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നതു, സിനിമ കൊണ്ട് നിർത്തിയിരിക്കുന്നതു, എല്ലാമെല്ലാം ഇതിലും മെച്ചെപ്പെടുത്താനാവില്ല, ഉറപ്പ്. സകലരും ഉഗ്രനാക്കിയിരിക്കുന്നു..

ഹിറ്റ്ലറുടെ അവസാന നാളുകളിലെ മാനസിക സംഘർഷം, ചുറ്റുമുള്ളവരുടെ വികാരങ്ങൾ, സ്വന്തം നെതാവിനോടുള്ള കൂറ്, കൂറില്ലായ്മ, അവരുടെ സ്വന്തം കാര്യം നോക്കി ഉള്ള പോക്ക്, എന്നിങ്ങനെ നടക്കാവുന്നതെല്ലാം നന്നായിട്ട് തന്നെ എഴുതിപ്പിടിപ്പിച്ച തിരക്കഥാകൃത്തിനു എന്റെ ആദ്യ സുലാം. പിന്നെ ആ തിരക്കഥ ആസ്പദമാക്കി ഇത്രേം നല്ലോരു സിനിമ പിടിച്ച മറ്റു ടെക്നീഷ്യൻസിനു, പിന്നെ അഭിനേതാക്കൾക്ക്  - എല്ലാർക്കും ചറപറാ സുലാം!.

ഒറ്റ വാക്യത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ. !

വാൽക്കഷ്ണം : - ഹിറ്റ്ലർ ആയിട്ട് അഭിനയിച്ചിരിക്കുന്ന താരം ശരിക്കും ജീവിക്കുകയാണു സ്ക്രീനിൽ, അതു ശരിക്കും ഹിറ്റ്ലർ തന്നെയാണു എന്ന് വിശ്വസിക്കാനാണു എനിക്കിഷ്ടം - അല്ലാതെ വിശ്വസിക്കാൻ എനിക്കാവില്ല. ഹോ .. അപാരം അങ്ങാരു അങ്ങു ജീവിക്കുകയാണു ഹിറ്റ്ലർ ആയിട്ട്.

പോസ്റ്റ് വാർ ജർമ്മനിയിലെ ഹിറ്റ്ലറെ നായകനാക്കിയുള്ള ആദ്യ സിനിമ ആയിരുന്നു ഇതു - ഇത്തരം സിനിമകൾ വന്നിരുന്നെങ്കിൽ തന്നെ, ഒർജിനൽ ഹിറ്റ്ലറിന്റെ ഫയൽ ക്ലിപ്പിങ്ങ്സ് ആയിരുന്നു ഉപയോഗിച്ചിരുന്നതു അഭിനേതാക്കളെ ഉപയോഗിക്കുന്നതിനു പകരം. 65 കൊല്ലങ്ങളോളം ഒരു അലിഖിത വിലക്ക് പോലെ ആയിരുന്നു ഇത്തരം സിനിമകൾക്ക് - ആളുകൾക്ക് അത്തരം സിനിമ ചേയ്യാൻ ധൈര്യമില്ലായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. 


Tuesday, March 22, 2011

ടേക്കിങ്ങ് ചാൻസ് - Taking Chance (8.5/10)

Taking Chance /TV original movie/2009/Drama/IMDB/ (8.5/10)  

പ്ലോട്ട് : ഇറാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ചാൻസ് ഫെല്‍പ്പ്സ് എന്ന ജവാന്റെ മൃതദേഹം വീട്ടിലെത്തിക്കാൻ വളരേ ഉയർന്ന ഓഫീസർ ആയ ഒരു ലെഫ്:കേണൽ വോളന്റീയർ ചേയ്യുന്നതും, ആ ജവാന്റെ ശരീരം എസ്കോർട്ട് ചേയ്തുകൊണ്ട്  വീട്ടിലേക്കുള്ള യാത്രയും ആണു ഈ സിനിമ. നടന്ന സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ സിനിമ എടുത്തിരിക്കുന്നതു HBO ആണു. അപ്പോ ഊഹിക്കാല്ലോ അല്ലേ ക്വാളിറ്റി?

വെർഡിക്ട് : ഉഗ്രൻ സിനിമ. ഓരോ നിമിഷവും രാജ്യസ്നേഹം (രാജ്യസ്നേഹംമന്നു പറഞ്ഞാൽ തെറ്റാവും, രാജ്യത്തിനു വേണ്ടി സ്വയം ബലിയർപ്പിക്കുന്ന ജവാന്മാരോടുള്ള ആദരവ് ആണു ഇതിൽ മുഴുവൻ) ജ്വലിപ്പിക്കുന്ന രീതിയിൽ എടുത്തിരിക്കുന്നു ഈ സിനിമ. യുദ്ധമോ, യുദ്ധത്തിലെ രാഷ്ട്രീയമോ പറയാൻ ഒരു സെക്കന്റ് വേസ്റ്റ് ചേയ്യാതെ സിനിമയുടെ സബ്ബ്ജക്ടിനെ ചുറ്റിപ്പറ്റി തന്നെ സിനിമ പോവുന്നു എന്നതു ക്രിയേറ്റേഴ്സിന്റെ കഴിവ് തന്നെയാണു.

നമ്മടെ നായകൻ - (കെവിൻ ബേക്കൺ - അങ്ങനെ തന്നെ ആണല്ലോ അല്ലേ വിളിക്കുക?)  അസ്സലാക്കീട്ടുണ്ട്. മനസ്സിലെ സംഘർഷങ്ങൾ ഒരു പട്ടാളക്കാരന്റെ നിയന്ത്രണത്തോടെ കാണികളിലേക്കെത്തിക്കാൻ അദ്ദേഹം ചേയ്തിരിക്കുന്ന എഫർട്ട് : കിടിലൻ.  ടെക്ക്നിക്കൽ സൈഡും പെർഫക്ട് ആണു- HBO ഒർജിനത്സിന്റെ ടെക്ക്നിക്കൽ അഭിപ്രായം പറയാൻ മാത്രം ഒന്നും ഞാൻ ആയിട്ടില്ലാത്തതിനാൽ ആ ഏരിയ എക്സ്പേർട്ടുകൾക്ക് വിടുന്നു..

വെർഡിക്ട് ഒറ്റ വാക്കിൽ : ഒട്ടും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.


വാൽക്കഷ്ണം : കാണ്ഡഹാർ എന്ന നമ്മക്കടെ മേജറായ രവിയുടെ പടം കണ്ടപ്പോൾ, അതിൽ ഏറ്റവും കൂടുതൽ എനിക്കിഷ്ടായത് (മൊത്തം ചവറ് ആയിരുന്നതിനാൽ ഡീസന്റ് സീൻ ഓർത്തിരിക്കാൻ വളരേ എളുപ്പം ആയിരുന്നു ആ സിനിമയിൽ) മരിച്ച ജവാന്റെ മൃതദേഹം വഹിച്ച് കൊണ്ട് പോവുന്ന ട്രക്കിനു വഴിയിലെ വാഹനങ്ങൾ (ടിപ്പർ ലോറി വരെ) നൽകുന്ന ആദരവ് ആയിരുന്നു - ആ വാഹനങ്ങൾ ഒരു കോൺ‌വോയ് ആയിട്ട് കാണ്ഡഹാർ നായകന്റെ മൃതശരീരം വീട്ടിൽ എത്തിച്ച് കൊടുക്കുന്നുണ്ട് ആ സിനിമയിൽ.

ഞാൻ അന്നേ വിചാരിച്ചിരുന്നു, - ചിലപ്പോൾ പട്ടാളക്കാരൻ ആയതു കൊണ്ടാവും ആ സംഭവങ്ങൾ ഒക്കെ പിടിക്കാൻ മേജർ രവിക്ക് സാധിച്ചതെന്നു - പക്ഷെ ഇന്നു എനിക്ക് മനസ്സിലായി - അങ്ങാരു ഈ പടം നേരത്തേ കണ്ടിരുന്നതു കൊണ്ടാണു അത് മലയാള സിനിമയിൽ വന്നതെന്നു!. ഇതു മാത്രമല്ല, പല കാര്യങ്ങളും ഇതിൽ നിന്നും രവിസാർ അടിച്ച് മാറ്റീട്ടും ഉണ്ട്!


Monday, November 1, 2010

അജാമി - Ajami (8/10)


Hebrew-Arabic/2009/Crime-Drama/IMDB/(8/10)

പ്ലോട്ട് : ഒരു സിനിമ - ഒരു കഥ - അഞ്ച് ചാപ്റ്റേഴ്സ് - അഞ്ച് കഥാപാത്രങ്ങൾ - അഞ്ച്  തമ്മിൽ ഇഴ ചേർന്നു കിടക്കുന്ന കഥകൾ.. മൊത്തത്തിലുള്ള കഥയുടെ ഗതിയെ, കഥയെപറ്റിയുള്ള കാണികളുടെ മനസ്സിന്റെ പ്രൊജക്ഷനെ ആ അഞ്ച് കഥകളും കൂടെ നിയന്തിക്കുന്നു, കാണികളെ കഥയുടേതായ ഒരു മായാ വലയത്തിൽ അകപ്പെടുത്തുന്നു ഈ സിനിമ. Rashomon സ്റ്റൈലിൽ എടുത്തിരിക്കുന്ന ഈ സിനിമ എന്നെ ഒരിക്കൽ കൂടെ കാണാൻ പ്രേരിപ്പിക്കുകയാണു, എനിക്കുറപ്പാണു, ഒരിക്കൽ കൂടി കണ്ടാൽ ഈ സിനിമയെ ഞാൻ ഇനിയും അധികം സ്നേഹിക്കും.

സിനിമ ഇസ്രയേലിലെ ജാഫാ പ്രവിശ്യലിലെ അജാമി എന്ന സ്ഥലത്ത് നടക്കുന്ന കഥയാണു. ഇസ്രയേൽ ആയതു കൊണ്ട് ഭാഷ രണ്ടാണു ഈ സിനിമയിൽ-  അറബികൾ തമ്മിൽ അറബിയും, ഇസ്രയേലികൾ തമ്മിൽ ഹിബ്രുവും സംസാരിക്കുന്നു - ഇവർ പരസ്പരമുള്ള സംസാരം ഹിബ്രുവിലും ആണു. കൂടുതൽ കഥ പറയുന്നില്ല - അത് സിനിമ കണ്ട് രസിക്കൂ. :)

വെർഡിക്ട് : ദി മെമെന്റോ (The Memento) ആണോ ഇതാണൊ ബെറ്റർ സിനിമ എന്നു എനിക്കിപ്പോൾ ഡൗട്ട് ആയി! ( ലോകസിനിമയിലെ ഏറ്റവും നല്ല പടങ്ങളിൽ ഒന്നു എന്നു ജനങ്ങൾ വിശേഷിപ്പിക്കുന്ന മെമെന്റോവും ഇതും തമ്മിൽ താരതമ്യപ്പെടുത്തിയതിനു പോലീസ് പിടീക്കില്ലാ എന്നു വിശ്വസിക്കുന്നു - അങ്ങനെ എങ്ങാനും ഉണ്ടെങ്കിൽ ഞാൻ മിനിങ്ങാന്നേ സ്ഥലം കാലിയാക്കി എന്നു നേരത്തേ അറിയിക്കുകയാണു) .
ഓരോ കഥകൾ നമ്മുടെ മുന്നിലേക്ക് വരും തോറൂം മൊത്തത്തിലുള്ള കഥക്കുണ്ടാവുന്ന മാറ്റം - അതു ഉഗ്രനാണു. അതാണു ഈ സിനിമയുടെ ഹൈലൈറ്റും! ഫിലിം സംഭവം കലക്കൻ. !!

കാണൂ .. ബോറടിക്കില്ല.

വാൽക്കഷ്ണം : ഞാൻ കണ്ട പ്രിന്റ് ഹിബ്രു ഹാർഡ്-സബ്ബ്റ്റൈറ്റിൾഡ് ആയിരുന്നു. അതുകൊണ്ട് ഇംഗ്ലീഷ് സബ്റ്റൈറ്റിത്സ് കൂടെ ഇട്ട് ലൊക്കേഷൻ അഡ്ജസ്റ്റ് ചേയ്താണു കണ്ടതു. .. സബ്റ്റൈറ്റിത്സ് ഉള്ള പ്രിന്റ് നോക്കി സെലക്സ് ചേയ്താൽ നല്ലതു.


Thursday, July 29, 2010

ദി ഇയര്‍ മൈ പേരന്റ്സ് വെന്റ് ഓണ്‍ വെക്കേഷന്‍ - The Year My Parents Went on Vacation (8.5/10)


Drama/Brazilian-Portuguese/2006/(8.5/10)
Rated PG for thematic material, mild language, brief suggestive content, some violence and smoking.

പ്ലോട്ട് : ഈ പടത്തിന്റെ പേരു എനിക്ക് ആദ്യം കിട്ടുന്നതു ‘ആര്‍ട്ട് ഓഫ് ഫുട്ട്‌ബോള്‍’ എന്ന മലയാളം ബ്ലോഗില്‍ നിന്നാണ്. ഒരു ഫുട്‌ബോള്‍ പടം അല്ല പക്ഷെ ഇത്.  ഫുട്ബോള്‍ ഉണ്ട് ഇതില്‍, പക്ഷെ കഥാപാത്രങ്ങളുടെ വികാരങ്ങളെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍, കഥാ‍പാത്രങ്ങളെ കോര്‍ത്തിണക്കുന്ന ഒരു ചരട് പോലെ ആണ് ഇതില്‍ ഫുട്‌ബോള്‍.
കഥ ഇങ്ങനെ : 1970 മെക്സിക്കോ ലോകകപ്പ് തുടങ്ങാന്‍ പോവുന്നു - ബ്രസീല്‍ പെലെയുടെ ശക്തിയില്‍ മൂന്നാം തവണ ലോകകപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷെ, രാജ്യത്ത് മിലിറ്ററി ഭരണത്തിനെതിരെ ഉള്ള പ്രതിഷേധം ശക്തം. സിനിമയിലെ നായകനായ കൊച്ചന്റെ (മോറോ) അച്ഛനും അമ്മയും ധൃതി പിടിച്ച് പാക്ക് ചേയ്ത് മകനെ അകലെ ഉള്ള അപ്പൂപ്പന്റെ വീട്ടില്‍ കൊണ്ടാക്കുന്നു. എന്നിട്ട് അവര്‍ വെക്കേഷനു പോകുന്നു, ബ്രസീലിന്റെ കളിക്ക് മൂന്നേ എത്താമെന്നു മകനു വാക്ക് കൊടുത്തിട്ട്. പക്ഷെ ആ അപ്പൂപ്പന്‍ അവര്‍ എത്തുന്നതിനു മുന്നേ തന്നെ ഹാര്‍ട്ട് ഫെയ്ലിയര്‍ ആയി മരിക്കുന്നു, അതറിയാതെ അങ്ങേരുടെ വീടിനു മുന്നില്‍ അവന്‍ കാത്തു നില്‍ക്കുന്നു. അയല്‍ക്കാരന്‍ ആയ പ്രായമുള്ള മനുഷ്യന്‍ പയ്യനെ സ്വന്തം വീട്ടിലേക്ക് കയറ്റി ഇരുത്തുന്നു, അവിടെ  അവന്‍ സ്വന്തം അച്ഛനമ്മമാര്‍ വരുന്നതും കാത്ത് ഇരിക്കുകയാണ്.
ബ്രസീലിന്റെ കളികള്‍ ഓരോന്നായി കടന്നു പോവുകയാണ്, പക്ഷെ വരാത്ത മാതാപിതാക്കളെ കാത്തിരിക്കുന്ന, അതിനിടയില്‍ പുതിയ കൂട്ടുകാരെ കണ്ടെത്തുന്ന, സ്വന്തം ലക്ഷ്യം ഒരു ഗോള്‍കീപ്പര്‍ ആവുക എന്നതാണേന്ന് തിരിച്ചറിയുന്ന ആ പയ്യന്റേ കഥയാണ് ഈ പടത്തിലൂടെ നമ്മുടെ മുന്നില്‍ എത്തുന്നത്.

വെര്‍ഡിക്ട് : സംഭവം കൊള്ളാം. സംവിധായകന്‍ ടി വി യില്‍ വരുന്ന കളികളുടെ ലൈവ് ടെലിക്കാസ്റ്റിലൂടെ, അവയ്ക്കിടയില്‍ പയ്യന്റേയും മറ്റുള്ളവരുടേയും മാനസിക വ്യാപാരങ്ങള്‍ കാട്ടുന്നതു വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇതിലെ താരം സിനിമാറ്റോഗ്രാഫി ആണ്. ക്യാമറ നമ്മള്‍ നോക്കി ഇരുന്നു പോവും - ക്വാളിറ്റി നമുക്ക് അറിയാം, ഓരോ നിമിഷത്തിലും - ചടുലമായ മൂവ്മെന്‍സ്റ്റ് ഒന്നു പോലും ഇല്ല, ബ്രത്ത് ടേക്കിങ്ങ് വിഷ്വല്‍‌സിന്റെ പൊടി പോലും കാണാനില്ല, പക്ഷെ ... എനിക്ക് പറയാന്‍ അറിയില്ല, പക്ഷെ, എനിക്കിഷ്ടായി. (ഇനി ഇതല്ല നല്ല ക്യാമറ വര്‍ക്ക് എന്നു ആരെങ്കിലും പറഞ്ഞാല്‍ .. സോറി - നിങ്ങള്‍ക്ക് വിവരമില്ല, ഇതാണ് ‘എനിക്ക്‘ നല്ല ക്യാമറാ വര്‍ക്ക്! :) )


നല്ലോരു പടം ആണിത്. മനസ്സിലാവണ ഭാഷ ഒന്നും അല്ല ഇതില്‍, പക്ഷെ - കാണൂ, നിങ്ങള്‍ക്കിഷ്ടാവും.


Thursday, July 1, 2010

ദി മെസ്സഞ്ചര്‍ - The Messenger - (8/10)


English/Drama/2009/(8/10)

Rating : Rated R for language and some sexual content/nudity.

പ്ലോട്ട് : നായകന്‍ വില്‍ ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ - ഇറാക്കില്‍ നിന്നും ഒരു IED (Improvised explosive device) സ്ഫോടനത്തില്‍ പരിക്കേറ്റ് തിരികെ വന്നിരിക്കുന്നു. പരിക്കില്‍ നിന്നും മോചിതനായി തിരികേ ഇറാക്കിലേക്ക് തന്നെ പോകുവാന്‍ വെ‌മ്പുന്ന നമ്മുടെ നായകനു - പരിക്കിന്റെ അടിസ്ഥാനത്തിനും, അങ്ങേര്‍ക്ക് ഇനി അധികം നാള്‍ സര്‍വീസില്‍ ബാക്കി ഇല്ലാത്തതിനാലും - ആര്‍മി ഒരു പുതിയ മിഷന്‍ നല്‍കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ (അവരുടെ തന്നെ പോക്രിത്തരം കൊണ്ട്) മരിക്കുന്ന അമേരിക്കന്‍ പട്ടാളക്കാരുടെ ബന്ധുക്കളെ വിവരം അറിയിക്കാനുള്ള ‘മെസഞ്ചര്‍‘ ആയിട്ട് വില്‍-നെ നിയമിക്കുന്നു, ക്യാപ്റ്റന്‍ ടോണിയുടെ സില്‍ബന്ദി ആയിട്ട്.


ടോണി കുറച്ചധികം കാലം ആയിട്ട് ഈ പരിപാടിയില്‍ തന്നെ ആണ് - രാപകല്‍ ഭേദമില്ലാതെ ‘മരണത്തിന്റെ മെസ്സഞ്ചര്‍‘ ആയിട്ട് അദ്ദേഹം ജോലി ചേയ്യുക ആണ്. തന്റെ ‘എക്സ്പീരിയന്‍സ്’ വച്ച് അദ്ദേഹം വില്‍-നു ഈ ജോലിയുടെ പ്രോട്ടോക്കോളുകളും ട്രിക്കുകളും പറഞ്ഞു കൊടുക്കുന്നു, കഠിന ഹൃദയനായ ആ ഓഫീസര്‍. ആ ജോലിയുടേയും, അതില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടേയും, ജനത്തിനു അറിയേണ്ടാത്ത യുദ്ധത്തിന്റെ മറ്റോരു മുഖത്തിന്റേയും കഥ ആണ് ഈ സിനിമ.


വെര്‍ഡീക്‍ട് : കൊള്ളാം. ഒരു പുതുമുഖ സംവിധായകന്റേത് ആണ് ഈ പടം എന്നു എനിക്ക് ദാ ഇപ്പോള്‍ സെര്‍ച്ച് ചേയ്തപ്പോള്‍ ആണ് മനസ്സിലായത് - പടം കണ്ടു കൊണ്ടിരുന്നപ്പോള്‍ അങ്ങനെ തോന്നിയതേ ഇല്ലാ. ഒരു ത്രില്ലര്‍ ഗണത്തില്‍ പെടാത്തതിനാല്‍ പടം പൊതുവേ സ്ലോ ആണ് എങ്കിലും, നല്ല പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇഷ്ടപ്പെടും ഈ സിനിമ. വിധവാ പ്രേമം, രാജ്യത്തിന്റെ യുദ്ധം വരുത്തി വയ്ക്കുന്ന നഷ്ടങ്ങള്‍ എന്നിങ്ങനെ ഉറക്കെ പറയാന്‍ പാടില്ലാത്ത കാര്യങ്ങളെ പറ്റിയുള്ള ഈ സിനിമ തീര്‍ച്ചയായും വളരെ ശ്ലാഘനീയം തന്നെ. ഇതിനു മുന്നെ നമ്മളെ യുദ്ധത്തിന്റെ മറ്റോരു വശം കാട്ടിത്തന്ന ഹര്‍ട്ട് ലോക്കര്‍ പോലെ തന്നെ നിങ്ങള്‍ കണ്ടിരിക്കണം ഈ പടം എന്നു പറയാന്‍ തോന്നുന്നു ഈ പടത്തെ പറ്റിയും എനിക്ക്.


കാണൂ .. കണ്ടഭിപ്രായം പറയൂ..


വാല്‍ക്കഷ്ണം : ഇന്ത്യയില്‍ ഇങ്ങനെത്തെ ഒരു പടം ഇറങ്ങാന്‍ ചാന്‍സുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതിനു സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നല്‍കുമോ? എവിടെ, അല്ലേ? ബ്ലാക്ക് ഫ്രൈഡേ പോലുള്ള ഡീസന്റ് പടങ്ങള്‍ക്ക് പോലും പ്രദര്‍ശനാനുമതി നിഷേധിച്ച നമ്മുടെ രാജ്യത്ത് ഇങ്ങനെത്തെ ഒരു പടം പ്രതീക്ഷിക്കുന്നതു പോലും കുറ്റകരമാവും!