Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Friday, June 17, 2011

Patiala House - പട്യാലാ ഹൗസ് (5/10)


Patiala House/Hindi/2011/Drama/IMDB/ (5/10)
Rated G  : suitable for General Audience.

പ്ലോട്ട് : ബ്രിട്ടണിലെ ഒരു പഞ്ചാബി കുടുംബം - അവിടത്തുകാരുടെ വർണ്ണവെറിയിൽ ആ കുടുംബനാഥൻ മരണപ്പെടുന്നതോടെ, അദ്ദേഹത്തിന്റെ മകൻ ഇംഗ്ലീഷുകാരെ ഏതു കാര്യത്തിലും എതിർക്കുന്ന, അവർക്കെതിരെ പോരാടുന്ന ഒരാളായി മാറുന്നു - അദ്ദേഹമാണു റിഷീ കപൂർ (സിനിമയിലെ പേരു വലിയ പിടീയില്ല - എല്ലാരുടേം പേരു ഏതാണ്ടൊരുപോലൊക്കെ ഇരിക്കും!).  അദ്ദേഹത്തിന്റെ വാശി കാരണം അദ്ദേഹത്തിന്റെ നല്ലവണ്ണം ക്രിക്കറ്റ് കളിക്കുന്ന മകന്റെ (അക്ഷയ് കുമാർ) ഭാവി തന്നെ തകരുന്നു - അക്ഷയ് കുമാർ ഒരു സാദാ ഡിപ്പാർട്ട്മെന്റ് സ്റ്റോഴ്സ് നടത്തുന്ന ഒരു സാദാ സിക്കുകാരൻ ആയിട്ട് മാറുന്നു. അതു പോലെ ആ വീട്ടിലെ എല്ലാരും അവരുടെ സ്വപ്നങ്ങൾ മറന്നു റിഷിക്കപ്പൂർ പറയുന്നതു പോലെ ജിലേബി ഉണ്ടാക്കിയും ഭജന പാടിയും ടാക്സി ഓടിച്ചും  ഒക്കെ കഴിയുകയാണു അവിടെ.

പിന്നേയും വളരേക്കാലം കഴിഞ്ഞ്, അക്ഷയ്കുമാറിനു തന്റെ സ്വപ്നം - രാജ്യത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കുക എന്ന സ്വപ്നം - സാക്ഷാത്കരിക്കാൻ ഒരു അവസരം വരുന്നതും, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങളും ഒക്കെയാണു ഈ സിനിമ.

വെർഡിക്ട്: കഥ കച്ചറ. സ്വബോധമുള്ളവനു ഒരിക്കലും വിരസത കൺ‌ട്രോൾ ചേയ്യാൻ ആവാത്തത്ര വിരസമായ കഥ. ബാക്ക്ഗ്രൗണ്ട് സ്കോർ എല്ലാ പഞ്ചാബീ സിനിമകളിലേയും പോലെ “ബല്ലേ ബല്ലേ”യും മറ്റേ പെരുമ്പറ കൊട്ടലും.
പക്ഷെ, പടം നന്നായിട്ടെടുത്തിരിക്കുന്നു. അതിനെക്കാൾ മെച്ചമായി അക്ഷയ്കുമാറും മറ്റും അഭിനയിച്ചിരിക്കുന്നു. കാസ്റ്റിങ്ങും കൊള്ളാം - ഇപ്പോൾ പ്രായമായ നായകന്റേയും നായകന്റെ അച്ഛന്റേയും പണ്ടത്തെ റോളുകൾ വേറേ ആളുകളെ വച്ച് ചേയ്തിരിക്കുന്നതും ഇഷ്ടായി - അക്ഷയ് കുമാറിനേയും റിഷിക്കപ്പൂറിനേയും ഒക്കെ രണ്ടിഞ്ച് കനത്തിൽ വാൾപുട്ടി പൂശി പ്രായം കുറച്ചും വേണമെങ്കിൽ അഭിനയിപ്പിക്കാമായിരുന്നു, അതു ചേയ്തില്ല, ടാങ്ക്സ് സംവിധായകാ, ടാങ്ക്സ്.


അക്ഷയ് കുമാർ : സകല സ്വപ്നങ്ങളും നശിച്ച്, സ്വന്തം അച്ഛനു വേണ്ടി സ്വന്തം ജീവിതം അഴുക്ക്ചാലിലേക്ക് ഒലിച്ച് പോവുന്നതു നോക്കി നിക്കേണ്ടി വരുന്ന ഒരാളുടെ നിർവ്വികാരമായ ഭാവം - അതു അക്ഷയ് ഉഗ്രനായിട്ട് അവതരിപ്പിച്ചിരിക്കുന്നു. നല്ല കടൂകട്ടി ഡയലോഗുകൾ വരുമ്പോൾ വേണമെങ്കിൽ അക്ഷയിനു സുരേഷ് ഗോപി സ്റ്റയ്‌ലിൽ അതൊക്കെ പൂശാമായിരുന്നു - പക്ഷെ ചേയ്തില്ല. അതാണു നല്ല അഭിനയം, നല്ല സംവിധാനം.


ഒറ്റ വാചകത്തിൽ : കച്ചറ കഥ, ഡയലോഗുകൾ ഓവർ ഡോസ്, പാട്ടുകൾ ആവറേജ്, ബല്ലേ ബല്ലേ അൺ സഹിക്കബിൾ,  അഭിനയം ഉഗ്രൻ ...  കണ്ടിരിക്കാവുന്ന പടം.


വാൽക്കഷ്ണം : എനിക്ക് ചില കാര്യങ്ങൾ ഒട്ടും മനസ്സിലായില്ല - തന്തപ്പടി സിംഗിനു ഇത്ര ദേഷ്യം ആണു ഇംഗ്ലീഷുകാരേയും, അവരുടെ സംസ്കാരത്തേയും ഒക്കേയെങ്കിൽ എന്തു കൊണ്ട് അങ്ങാരു ബ്രിട്ടണിൽ തന്നെ കെട്ടിക്കിടക്കുന്നു? നാട്ടിലേക്ക് പോന്നൂടെ അങ്ങേർക്ക്? അങ്ങനെ പോന്നാലെങ്ങനെ സിനിമ നടക്കും അല്ലേ? :)

ആ വീട്ടിലെ ഒറ്റണ്ണത്തിനു നട്ടെല്ലില്ല-  എന്നാൽ സംവിധായകൻ പറയുന്നതു അക്ഷയ്കുമാർ “പറ്റില്ല” എന്നു പറയാഞ്ഞിട്ടാണു എല്ലാരും അവിടെ ഈ ഗതിയിൽ ആയിരിക്കുന്നതെന്നാണു. ഭയങ്കര ഔട്ട് സ്പോക്കൺ എന്നൊക്കെ കാട്ടുന്ന ഒരു കുടുംബാംഗവും ഉണ്ടവിടെ, അവനൊക്കെ എന്തേ റിഷിക്കപ്പൂറിനടൂത്ത് “ഒന്നു പോടാപ്പനേ” എന്നു വാ തുറന്നു പറയുന്നില്ല?  അപ്പോ എങ്ങനെ നായകൻ സൂപ്പറാവും അല്ലേ? :)

ഡിമ്പിൾ കപാഡിയ ഒക്കെ ഭയങ്കര കിഴവി ആയിരിക്കുന്നു - സുകുമാരിയെക്കാൾ പ്രായം തോന്നിക്കും ഇപ്പോ അവരെ കണ്ടാൽ! - എങ്ങനിരുന്നതാ അവരു - ഹോ - പണ്ട് ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ഫിലിം ഫേയറിൽ ഗോദ്‌റേജിന്റെ ഒരു കോണ്ടസ്റ്റ് വന്നു - എന്തോ പൂരിപ്പിച്ച് അയച്ചാൽ ഡിമ്പിളിനോടൊപ്പം ഒരു സായാഹ്നം!.. എനിക്ക് അതു കിട്ടിയെന്നു എത്ര രാത്രികളിൽ ആണു ഞാൻ സ്വപ്നം കണ്ടിട്ടുള്ളതു!. .. ഇപ്പോ അവരെ കാണുമ്പോൾ, .. ഭയാനകം! എല്ലാരുടേയും കാര്യം ഇത്രക്കേ ഉള്ളൂ!


Saturday, June 26, 2010

ഹാപ്പി ഹസ്ബന്റ്സ് : Happy Husbands (6/10)


Family-Humour/2010(6/10)

പ്ലോട്ട് : മൂന്നു നായകന്മാര്‍ - ജയറാം, ഇന്ദ്രജീത്ത്, ജയസൂര്യ. ജയറാമിന്റെ ഭാര്യക്ക്(ഭാവന) സംശയ രോഗം, ഇന്ദ്രജിത്തിന്റെ ഭാര്യക്ക് (സംവൃതാ സുനില്‍) ഭയങ്കര വിശ്വാസം എന്നിങ്ങനെ ആണ് കിടപ്പ്. കൂടാതെ ഇന്ദ്രജിത്ത് നല്ല ഒരു പഞ്ചാരക്കുട്ടനും ആണ്. - അതെ,  തമിഴ് പടം ‘തെന്നാലി രാമന്റെ കഥ തന്നെ - പക്ഷെ  കട്ടേടുത്തതല്ല, പക്ഷെ റീമേക്ക് ആണ്. ക്രഡിറ്റ് തമിഴ് പടത്തിനു കൊടുത്തത് തന്നെ മലയാളത്തില്‍ ആദ്യമാണെന്നു തോന്നുന്നു. സാധാരണ കട്ടേടുക്കാറു മാത്രമല്ലേ ഒള്ളൂ? !

വെര്‍ഡിക്ട് : സംഭവം കൊള്ളാം - രണ്ട് പേരും നന്നായിട്ടുണ്ട് - ജയറാമിന്റെ മാനറിസംസ് വളരെ കൂടുതല്‍ ആണ് പക്ഷെ സഹിക്കബിളും രസകരവും ആണ്.  ഇന്ദ്രജിത്ത് ആണ് ഏറ്റവും നന്നായിരിക്കുന്നതു എന്നതു പറയാന്‍ എനിക്കു മടിയില്ലാ - കാരണം അങ്ങാര്‍ക്ക് കഷണ്ടി ഉണ്ടല്ലോ - അതു കൊണ്ട് കുശും‌മ്പ് ഇല്ല എനിക്ക് ലവനോട്. പക്ഷെ ജയസൂര്യ .. ഞാന്‍ സമ്മതിക്കില്ലാ!   കൂടാതെ സുരാജ് വെഞ്ഞാറമ്മൂട് നമ്മളെ ബോറടിപ്പിക്കുന്നതില്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. റീമാ കല്ലുങ്കല്‍ റിതുവിലെ പോലെ ‘പോക്ക് പെണ്‍കൊച്ച് ഇമേജ്’ ഇതിലും കീപ്പ് ചേയ്തിട്ടുണ്ട്- ആ കൊച്ചിനു നല്ല റോളുകള്‍ ആരു കൊടൂക്കാത്തതെന്തേ? കാണാന്‍ ഒരു ലുക്ക് ഉണ്ടേന്നു വച്ച് ... ഇങ്ങനെ ആകാമോ? സലിം കുമാറിനെ ചുമ്മാ കോപ്രായം കാട്ടാനും ഗള്‍ഫ് ഗേറ്റിന്റെ പരസ്യത്തിനായും  കൂടെ ചേര്‍ത്തിട്ടുണ്ട്. മണിയന്‍പിള്ള രാജു നല്ല ഭേഷായി തല്ലു കോള്ളുന്നും ഉണ്ട്.


എന്തോക്കെ പറഞ്ഞാലും, ഒരു പ്രാവിശ്യം കണ്ടാല്‍ ഈ പടം ബോറടിക്കില്ല - ധൈര്യമായി കണ്ടോളൂ.  




വാല്‍ക്കഷ്ണം : സാദാ തമിഴ് പടങ്ങളിലേ പോലെ ഇതിലും കോമഡി ചേയ്യുന്ന കഥാപാത്രങ്ങളെ നായകന്മാരും, നായികമാരും, വില്ലന്മാരും, എന്തിനു വഴിയേ പോവുന്നവര്‍ പോലും പൊതിരേ തല്ലി ആണ് നമ്മളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നതു. എന്തിനെന്നു എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല, മനസ്സിലാവും എന്നു തോന്നുന്നും ഇല്ല. മലയാളം സിനിമ ഉണ്ടാക്കുന്നവര്‍ക്ക് സ്വന്തമായുള്ള ഐഡിയ മൊത്തം മണ്ഡരി ബാധിച്ച് ചുരുണ്ടിരിക്കുന്നതിനാല്‍ തമിഴില്‍ നിന്നും, ഇംഗ്ലീഷില്‍ നിന്നും നല്ലതു അനുകരിക്കുന്നതില്‍ തെറ്റില്ലാ, പക്ഷെ ആ പടങ്ങളിലെ സകല അലവലാതി രീതികളും നമ്മള്‍ അനുകരിക്കേണ്ട വല്ല കാര്യവും ഉണ്ടോ?


Monday, November 23, 2009

പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ ചൂളംവിളി! : റിപ്പീറ്റ് പോസ്റ്റ്


പൊങ്ങുമ്മൂടന്റെ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കും തോന്നി ഈ സിനിമ വിജയിപ്പിക്കേണ്ടതു ഏതൊരു സിനിമാ ആസ്വാദകന്റേയും ചുമതല ആണെന്നു, അതുകൊണ്ട് ഞാന്‍ എനിക്ക് പറ്റുന്ന രീതിയില്‍ ഈ പോസ്റ്റിനു പരസ്യം കൊടുക്കട്ടെ : അനുവാദമില്ലാതെ ആ പോസ്റ്റ് ഇവിടെ കൊണ്ടിട്ടതിനു പൊങ്ങമ്മൂടന്‍ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു .. പൊങ്ങുമ്മൂടന്റെ പോസ്റ്റ് അതേ പടി ഞാന്‍ ഇവിടെ പോസ്റ്റുന്നു. ഒര്‍ജിനല്‍ പോസ്റ്റ് ഇവിടെ കാണാം.






വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോസ് തോമസ് നിര്‍മ്മിച്ച്, ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി മാത്യു സംവിധാനം ചെയ്ത ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയെക്കുറിച്ച് നന്നായി ആസ്വദിയ്ക്കാനും രസിയ്ക്കാനും കഴിയുന്ന ഒരു കൊച്ചുമലയാള സിനിമ എന്ന് ചുരുക്കത്തില്‍ പറയാമെന്നാണ് എനിയ്ക്കു തോന്നുന്നത്.

കലാകൌമുദിയില്‍, ഈ സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ഡെന്നീസ് ജോസഫ് എഴുതിയ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് പത്താം നിലയിലെ തീവണ്ടി. മൂന്നു സംവിധായകര്‍ ഒത്തൊരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തം.

ചിത്തഭ്രമം (സ്കിസോഫ്രേനിയ) പിടിപെട്ട് ധര്‍മ്മാശുപത്രിയില്‍ കഴിയുന്ന ശങ്കരനാരായണന്‍(ഇന്നസെന്റ്) എന്ന റെയില്‍‌വേ ഗാംഗ്‌മാന്‍ തന്റെ മകനായ രാമുവിന് (ജയസൂര്യ)അയയ്ക്കുന്ന കത്തുകളിലൂടെ വികസിയ്ക്കുന്നതാണ് ഈ സിനിമ. ഇന്നസെന്റ് എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമുറ്റ കഥാപാത്രമായിരിയ്ക്കും ഇതിലെ ശങ്കരനാരായണന്‍. ഈ ചിത്രത്തിലൂടെ ഇന്നസെന്റ് അഭിനയത്തിന്റെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആവില്ല. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ നല്‍കുന്ന ദുരിതങ്ങളും ചിത്തഭ്രമത്താലുള്ള ഒരുവന്റെ അസ്വസ്ഥതയും ഒറ്റപ്പെടുന്നവന്റെ നിസ്സഹായതയുമൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിയ്ക്കാന്‍ ഇന്നസെന്റ് എന്ന നടന് സാധിച്ചിരിയ്ക്കുന്നു.


ജയസൂര്യ, അനൂപ് മേനോന്‍, വിജയരാഘവന്‍, ജഗന്നാഥന്‍, മീര നന്ദന്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ സംഗീതസംവിധാനവും എസ്.പി വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും പ്രമേയത്തോട് ആശ്ചര്യകരമാം വിധം ഇഴുകിച്ചേരുന്നുവെന്നും പറയാതെ പോവുന്നത് ശരിയല്ല.

അങ്ങനെ ഏത് രീതിയില്‍ നോക്കിയാലും ശരാശരി സിനിമയ്ക്കും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ കൊച്ചു സിനിമയ്ക്കുനേരേ; എന്തിന്, പണം മുടക്കി ചിത്രം കാണുന്ന ഏതു പ്രേക്ഷകനും ദൃശ്യഭാഷയുടെ വേറിട്ടൊരു അനുഭവം നല്‍കുന്ന ഈ സുന്ദരചിത്രത്തിനു നേരേ, പ്രേക്ഷകര്‍ മുഖം തിരിയ്ക്കുന്നുവെന്നത് നിരാശാജനകമാണ്.


കഥയില്ലായ്മകളും അമാനുഷിക കഥാപാത്രങ്ങളും അനാവശ്യ വിവാദങ്ങളും താരവാഴ്ചയും സംഘടനാ ബാഹുല്യവുമൊക്കെ അരങ്ങു തകര്‍ക്കുന്ന മലയാള സിനിമാലോകത്തുനിന്നും മനുഷ്യബന്ധങ്ങളുടെ വൈകാരിക തീവ്രത അതിന്റെ പാരമ്യതയില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്രേക്ഷകരെ തേടി തീയേറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയ്ക്ക് മുടക്കുമുതലെങ്കിലും തിരിച്ച് ലഭ്യമാകും വിധം പ്രോത്സാഹിപ്പിയ്ക്കാന്‍ സിനിമാപ്രേമികള്‍ക്ക് ബാധ്യതയുണ്ടെന്ന് തോന്നുന്നു. ഞാനിതു പറയാന്‍ കാരണം ഈ ചിത്രത്തിനു നേരേയുള്ള പ്രേക്ഷകരുടെ സമീപനം കണ്ടാണ്.

തിരുവനന്തപുരത്തെ കൈരളി / ശ്രീ തീയേറ്ററുകളിലെ ശ്രീയിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. വ്യാഴാഴ്ച ഫസ്റ്റ് ഷോ കാണാനായി ഞാന്‍ തീയേറ്ററില്‍ എത്തി. അന്‍പതില്‍ താഴെ മാത്രം വരുന്ന ആളുകള്‍ മുറ്റത്ത് അങ്ങിങ്ങായി ചിതറി നില്‍ക്കുന്നു. ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ആള്‍ക്കാര്‍ ക്യൂ നിന്നുതുടങ്ങി. ഞാന്‍ ശ്രീ തീയ്യേറ്ററിന്റെ കൌണ്ടറില്‍ ഒറ്റയ്ക്കാണ്. എന്നുവച്ചാല്‍ എനിയ്ക്കു പിന്നില്‍ ആരുമില്ല എന്നുതന്നെ അര്‍ത്ഥം. ക്യൂ കൈരളി തീയേറ്ററിന്റെ കൌണ്ടറില്‍ മാത്രം. അവിടെ കളിക്കുന്ന പടം ‘സിംഹക്കുട്ടി’!! അല്ലു അര്‍ജ്ജുന്‍ എന്ന നടന്റെ ഒരു പഴയ തെലുങ്കു ചിത്രം. ഇപ്പോള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തുവന്നതാണിത്. അല്ലു അര്‍ജ്ജുന് ഇവിടെ തിരുവനന്തപുരത്തും ശക്തമായ ഫാന്‍സ് അസോസിയേഷനുണ്ടെന്ന് മുറ്റത്തു വച്ച ഫ്ലെക്സ് ബോര്‍ഡ് നമ്മോട് പറയുന്നുണ്ട്.

എനിയ്ക്ക് മാത്രമായി ടിക്കറ്റ് തരാന്‍ കഴിയില്ലെന്ന് ടിക്കറ്റ് വിതരണക്കാരന്‍. ഈ സിനിമ കാണാന്‍ ആളില്ലാതിരുന്നതുകൊണ്ട് അന്നേ ദിവസം മാറ്റിനി ഷോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തില്‍ നിന്നും അറിയാനും കഴിഞ്ഞു. കുറഞ്ഞത് 5 പേരെങ്കിലും ഇല്ലാതെ എങ്ങനെ ഷോ തുടങ്ങും എന്ന ആ മനുഷ്യന്റെ ചോദ്യം ന്യായവുമാണ്. കുറച്ച് സമയം കൂടി ഞാനവിടെ നിന്നു. എന്റെ ഭാഗ്യമായി നടന്‍ ഇന്ദ്രന്‍സ് ഈ സിനിമ കാണാന്‍ വന്നു. ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചു.


ഇപ്പോള്‍ തീയേറ്ററില്‍ ഞാനും ഇന്ദ്രന്‍സും മാത്രം. ‘ശുദ്ധരില്‍ ശുദ്ധന്‍‘ തന്നെയാണ് ഈ ചെറിയ,വലിയ മനുഷ്യനെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സംസാരം. സിനിമ തുടങ്ങുമ്പോഴേയ്ക്ക് ഞങ്ങളുള്‍പ്പെടെ 8 പേര്‍ കാഴ്ചക്കാരായി എത്തിയിരുന്നു. മാറ്റിനി ഷോയില്‍ നിന്നും പിരിഞ്ഞുകിട്ടിയത് 320 രൂപ. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ഇത്രയ്ക്ക് മോശം പ്രതികരണം നേരിടേണ്ട ഒരു സിനിമയല്ല സ്നേഹിതരേ ‘പത്താം നിലയിലെ തീവണ്ടി’.

50 ലക്ഷം രൂപ പോലും മുതല്‍മുടക്കില്ലാത്ത, നന്നായി ആസ്വദിയ്ക്കാനാവുന്ന ഒരു നല്ല മലയാള ചലച്ചിത്രത്തിന് എന്തുകൊണ്ടാണ് പ്രേക്ഷകര്‍ ഇത്ര ക്രൂരമായ ശിക്ഷ നല്‍കുന്നത്. മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് വിലപിച്ചുനടന്നവരെ/നടക്കുന്നവരെ തീയേറ്ററിന്റെ പരിസരത്തുപോലും കാണാനില്ല. എന്തിന് നിരൂപകരെയോ വിമര്‍ശകരെയോ പോലും ഈ സിനിമ കളിക്കുന്ന തീയേറ്ററിന്റെ പരിസരത്ത് കാണാനാവില്ല. ചിലപ്പോള്‍ അവര്‍ സിംഹക്കുട്ടിയുടെ ‘മൊഴിമാറ്റിയുള്ള ഗര്‍ജ്ജനമാസ്വദിച്ച് ‘ ഇരിക്കുകയുമാവും. ഇനി അവര്‍ എഴുതും മലയാള സിനിമ ഊര്‍ദ്ധ്വന്‍ വലിക്കുന്നുവെന്ന്. കഥാദാരിദ്ര്യം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നുവെന്ന്. മൊഴിമാറ്റ ചിത്രങ്ങള്‍ പണം വാരുന്നതിനെതിരെ വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ ഇനിയും പത്രത്താളുകളില്‍ ഇടം പിടിക്കുകയും ചെയ്യും.

മലയാള സിനിമയെ രക്ഷിയ്ക്കാന്‍ മൊഴിമാറ്റ ചിത്രങ്ങളും മറ്റ് അന്യഭാഷാചിത്രങ്ങളും നിരോധിയ്ക്കണമെന്നു പറയുന്നത് പുതിയ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ മമ്മൂട്ടിയും മോഹന്‍‌ലാലും സിനിമയില്‍ നിന്നും മാറി നില്‍‌ക്കണമെന്ന് പറയും പോലെ ബാലിശമാണ്. അത്രതന്നെ വിവരക്കേടുമാണ്. എന്നാല്‍ മലയാള സിനിമയുടെ കഥാദാരിദ്ര്യത്തെക്കുറിച്ചും നിലവാരത്തകര്‍ച്ചയെക്കുറിച്ചും വാതോരാതെ ചര്‍ച്ച നടക്കുന്ന ഈ നാട്ടില്‍ ഇതുപോലൊരു നല്ല സിനിമ ഉണ്ടാവുകയും അത് കാണാന്‍ ആളില്ലാതെ പോവുകയും അതേസമയം മൊഴിമാറ്റ ചിത്രങ്ങള്‍ പ്രേക്ഷകരുടെ കീശയും മനവും കവരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? കുഴപ്പം സിനിമയുടെ ജാതകത്തിനോ അതോ പ്രേക്ഷകരുടെ മനോഭാവത്തിനോ? ആരാണ് ഉത്തരം നല്‍കേണ്ടത്?


ഏതൊരു പ്രോഡക്ടും അത് സിനിമയാവട്ടെ, തുള്ളി നീലമാവട്ടെ വില്‍ക്കണമെങ്കില്‍ പരസ്യം വേണം. അപ്പോള്‍ ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയുടെ പരസ്യത്തിലേയ്ക്ക് വരാം. ‘പത്താം നിലയിലെ തീവണ്ടി‘ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ഒരേപോലെ നമുക്ക് മനസ്സിലാവും ഈ ചിത്രത്തിന്റെ കലാപരമായ മൂല്യവും ഒപ്പം സാമ്പത്തികമായ ദാരിദ്ര്യവും. സോഡാ/മിനറല്‍ വാട്ടര്‍ കമ്പനിക്കാരന്റെ പണം വേണ്ടി വന്നു ഈ സിനിമയുടെ തുച്ഛമായ പോസ്റ്റര്‍ പോലും അച്ചടിപ്പിക്കാന്‍. സിനിമയുടെ പ്രമേയത്തോട് നീതി പുലര്‍ത്തുന്ന ഡിസൈനുകളാണ് ‘ഗായത്രി’യില്‍ നിന്നും പുറത്തുവന്നത്. എന്നാല്‍ ആ പോസ്റ്റര്‍ പ്രിന്റ് ചെയ്യാന്‍, നായകനടന്റെ വലിപ്പത്തില്‍ മിനറല്‍ വാട്ടറിന്റെ കുപ്പി തന്നെ പ്രദര്‍ശിപ്പിക്കേണ്ടി വന്നു. ചുരുക്കത്തില്‍ ‘പത്താം നിലയിലെ തീവണ്ടി’ സോഡാക്കമ്പനിയുടെ പരസ്യപോസ്റ്ററായി മാറുന്ന ഗതികെട്ട അവസ്ഥയും സിനിമാപ്രേമികള്‍ കണ്ടു.

ഒരു നല്ല സിനിമ ഇങ്ങനെ തകര്‍ന്ന് തരിപ്പണമാവുമ്പോള്‍ സിനിമയെസ്നേഹിയ്ക്കുന്ന എതൊരാള്‍ക്കും നിരാശ തോന്നുക സ്വാഭാവികമാണ്. എനിയ്ക്കും നിരാശ തോന്നുന്നു. പത്താം നിലായിലെ തിവണ്ടി മുഴക്കുന്നത് നിസ്സഹായതയുടെ ചൂളം വിളിയാണ്. അത് ഏറെക്കാലം പ്രേക്ഷകരുടെ തലച്ചോറില്‍ കുറ്റബോധത്തിന്റെ സ്വരമായി മുഴങ്ങും!


Wednesday, February 4, 2009

നായരു പിടിച്ച ബ്ലോഗുവാല്‍

ചൊവ്വാഴ്ച ദിവസം അല്ലേലും എനിക്ക് അത്ര പോര. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന സുന്ദരിക്ക് മറ്റൊരു സുന്ദരന്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞത് ഒരു ചൊവ്വാഴ്ച ആയിരുന്നു. അപ്പത്തില്‍ ഇടാനുള്ള സോഡാപ്പൊടിക്കു പകരം കാരം വാരി ഞാന്‍ ഇട്ടതും മറ്റൊരു ചൊവ്വാഴ്ച ആയിരുന്നു .. അതേ അപ്പം എന്നെ ഇരുത്തി അമ്മ മൊത്തം തീറ്റിച്ചതും അതേ ചൊവ്വാഴ്ച ആയിരുന്നു .. അത് പോലെ, അന്നും ഒരു ചൊവ്വാഴ്ച ആയിരുന്നു ..

ഉച്ചക്ക് ഊണിനു വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് അച്ഛന്റെ കൂരംമ്പുകളെ പോലുള്ള സംശയങ്ങള്‍ ആയിരുന്നു. ആരാടാ ഈ കുമ്പസാരി (കണ്‍്ഫസ്സര്‍്) ? നിനക്കും അവളും ആയിട്ട് എന്തേലും പരിചയം ഉണ്ടോ? നിന്റെ ചാറ്റിങ്ങില്‍ ലവളും വരാറുണ്ടോ? എന്തോന്നാ ഈ ബ്ലോഗ്? കുമ്പസാരിയുടെ ബ്ലോഗിലെ ലവന്മ്മാരും നിനക്കും തമ്മില്‍ എന്തേലും സാമ്യം?

... എന്റമ്മോ ..

ചോദ്യങ്ങള്‍ ഒരു വിധം തീര്‍ത്തു, നല്ല കുത്തരി ചോറില്‍ അയലക്കറിയുടെ ചാര്‍ ഒഴിച്ച്, പപ്പടവും കൂടെ വേണേല്‍ ഒരിച്ചിരി തൈരും കൂടി ചേര്‍ത്ത് കുഴച്ച് പായസപരുവത്തില്‍ ആക്കി രസിച്ചു ഉണ്ണാന്‍ ചെന്നിരുന്ന എനിക്ക് ഊണിനു മീങ്കറിക്ക് പകരം അമ്മ ഒഴിച്ച് തന്നത് ആ മാധവന്റെ അധികപ്രസംഗത്തെ പറ്റി ഉള്ള മറ്റു കഥകള്‍ ആയിരുന്നു. അവള്‍ ഇങ്ങനെയാണത്രേ .. അങ്ങനെയാണത്രേ ..

ഈശ്വരാ .. അതിന് ഞാന്‍ എന്ത് ചെയ്തു!! ഇനിയും ചോദ്യങ്ങളോ? ഞാന്‍ ഇന്നു ക്ഷീണിക്കും!

ഞാന്‍ അവരുടെ ആരോപണങ്ങളെ നിര്‍ദ്ദയം തള്ളിക്കളഞ്ഞു. അത് ഇന്റര്‍നെറ്റ് എന്ന തങ്കപ്പെട്ട മാധ്യമത്തെ മനപ്പൂര്‍്വ്വം കരിവാരി തേക്കാനുള്ള മുതലാളിത്വ പത്രങ്ങളുടെ തികച്ചും രാഷ്ട്രീയ പ്രേരിതമായ ഗൂഢനീക്കം ആണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി വന്നപ്പോഴേക്കും ഇനി ഉണ്ണാന്‍ ആവാത്ത വിധം കൈ ഉണങ്ങിയിരുന്നു .. എന്റമ്മേ .. കൈ ഉണങ്ങിയാല്‍ പെണ്ണുകെട്ടാന്‍ താമസിക്കുമെന്നാ കാര്‍്ന്നോന്മാരു പറയ്യുന്നെ ..!

ഊണോ പോയ്യി, ഒരു കാപ്പി കുടിച്ചു ആപ്പീസിലേക്കു നീങ്ങാം എന്ന് കരുതി അമ്മയുടെ അടുക്കേല്‍ ഒരു കാപ്പിക്കുള്ള നിവേദനവും കൊടുത്തു സോഫയില്‍ ചെന്നു ഇരുന്ന എന്നെ തേടി പുലിവാല് എത്തിയത് പെട്ടന്നായിരുന്നു .. "എടാ .. നിനക്കും ബ്ലോഗ് ഉണ്ടോ?" - അച്ഛന്‍!

"പിന്നില്ലേ .... എന്റെ ബ്ലോഗില്‍ മിനിങ്ങാന്ന് വന്നു കയറിയത് 32 പേരാ .. അറിയ്യോ?" എന്ന് പറഞ്ഞാല്‍ ഒരാഴ്ചത്തേക്ക് മീന്‍കറി എന്നല്ല മീന്‍ കഴുകിയ വെള്ളം പോലും കിട്ടില്ല എന്ന് ഉറപ്പായിരുന്നത് കൊണ്ടും, ബാലന്‍ ചേട്ടന്റെ ചായക്കടെന്നു ഉഴുന്നു വടയും ചായയും കഴിക്കാന്‍ മിനിമം നമ്പര്‍ പല്ലെങ്കിലും വേണം എന്ന് നന്നായി അറിയാവുന്നത് കൊണ്ടും, "യ്യേ ... ബ്ലോഗ്ഗോ ... അയ്യേ .. ഛേ ഛേ .. എന്റെ അച്ഛാ, കുടുംബത്തില്‍ പിറന്ന ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഈ ബ്ലോഗ് എഴുത്ത് എന്ന വഷളത്തരം? ഡെയിലി ഞാന്‍ അപ്പി ഇട്ടു എന്നും, അപ്പി മര്യാദക്ക് പോയില്ല എന്നും ഒക്കെ എഴുതാന്‍, നമുക്കൊക്കെ ഒരു സ്റ്റാറ്റസ് ഇല്ലേ അച്ഛാ? അഭിമാനം പണയം വച്ചോണ്ടുള്ള ഒരു പരിപാടിക്കും നമ്മളില്ല .. ഛെ .. ഛെ .. അച്ഛന്‍ എന്നോട് ഇങ്ങനെ ചോദിച്ചത് തന്നെ തെറ്റായിപ്പോയി" എന്നും പറഞ്ഞു കാപ്പി ക്യാന്‍സല്‍ ചെയ്തു ഞാന്‍ എന്റെ വണ്ടിയുടെ കീ എടുത്തു എലിപ്പെട്ടിയില്‍ നിന്നും രക്ഷപ്പെട്ട എലിയെപ്പോലെ ചാടി പുറത്തേക്കിറങ്ങി .. ... എസ്കേപ്പ് ബോയ്, എസ്കപ്പ്‌ .. ഇന്നു ചോവ്വാഴ്ചയാ ..