Monday, November 23, 2009
പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ ചൂളംവിളി! : റിപ്പീറ്റ് പോസ്റ്റ്
പൊങ്ങുമ്മൂടന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കും തോന്നി ഈ സിനിമ വിജയിപ്പിക്കേണ്ടതു ഏതൊരു സിനിമാ ആസ്വാദകന്റേയും ചുമതല ആണെന്നു, അതുകൊണ്ട് ഞാന്‍ എനിക്ക് പറ്റുന്ന രീതിയില്‍ ഈ പോസ്റ്റിനു പരസ്യം കൊടുക്കട്ടെ : അനുവാദമില്ലാതെ ആ പോസ്റ്റ് ഇവിടെ കൊണ്ടിട്ടതിനു പൊങ്ങമ്മൂടന്‍ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു .. പൊങ്ങുമ്മൂടന്റെ പോസ്റ്റ് അതേ പടി ഞാന്‍ ഇവിടെ പോസ്റ്റുന്നു. ഒര്‍ജിനല്‍ പോസ്റ്റ് ഇവിടെ കാണാം.
വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോസ് തോമസ് നിര്‍മ്മിച്ച്, ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി മാത്യു സംവിധാനം ചെയ്ത ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയെക്കുറിച്ച് നന്നായി ആസ്വദിയ്ക്കാനും രസിയ്ക്കാനും കഴിയുന്ന ഒരു കൊച്ചുമലയാള സിനിമ എന്ന് ചുരുക്കത്തില്‍ പറയാമെന്നാണ് എനിയ്ക്കു തോന്നുന്നത്.
കലാകൌമുദിയില്‍, ഈ സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ഡെന്നീസ് ജോസഫ് എഴുതിയ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് പത്താം നിലയിലെ തീവണ്ടി. മൂന്നു സംവിധായകര്‍ ഒത്തൊരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തം.
ചിത്തഭ്രമം (സ്കിസോഫ്രേനിയ) പിടിപെട്ട് ധര്‍മ്മാശുപത്രിയില്‍ കഴിയുന്ന ശങ്കരനാരായണന്‍(ഇന്നസെന്റ്) എന്ന റെയില്‍വേ ഗാംഗ്‌മാന്‍ തന്റെ മകനായ രാമുവിന് (ജയസൂര്യ)അയയ്ക്കുന്ന കത്തുകളിലൂടെ വികസിയ്ക്കുന്നതാണ് ഈ സിനിമ. ഇന്നസെന്റ് എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമുറ്റ കഥാപാത്രമായിരിയ്ക്കും ഇതിലെ ശങ്കരനാരായണന്‍. ഈ ചിത്രത്തിലൂടെ ഇന്നസെന്റ് അഭിനയത്തിന്റെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആവില്ല. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ നല്‍കുന്ന ദുരിതങ്ങളും ചിത്തഭ്രമത്താലുള്ള ഒരുവന്റെ അസ്വസ്ഥതയും ഒറ്റപ്പെടുന്നവന്റെ നിസ്സഹായതയുമൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിയ്ക്കാന്‍ ഇന്നസെന്റ് എന്ന നടന് സാധിച്ചിരിയ്ക്കുന്നു.
ജയസൂര്യ, അനൂപ് മേനോന്‍, വിജയരാഘവന്‍, ജഗന്നാഥന്‍, മീര നന്ദന്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ സംഗീതസംവിധാനവും എസ്.പി വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും പ്രമേയത്തോട് ആശ്ചര്യകരമാം വിധം ഇഴുകിച്ചേരുന്നുവെന്നും പറയാതെ പോവുന്നത് ശരിയല്ല.
അങ്ങനെ ഏത് രീതിയില്‍ നോക്കിയാലും ശരാശരി സിനിമയ്ക്കും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ കൊച്ചു സിനിമയ്ക്കുനേരേ; എന്തിന്, പണം മുടക്കി ചിത്രം കാണുന്ന ഏതു പ്രേക്ഷകനും ദൃശ്യഭാഷയുടെ വേറിട്ടൊരു അനുഭവം നല്‍കുന്ന ഈ സുന്ദരചിത്രത്തിനു നേരേ, പ്രേക്ഷകര്‍ മുഖം തിരിയ്ക്കുന്നുവെന്നത് നിരാശാജനകമാണ്.
കഥയില്ലായ്മകളും അമാനുഷിക കഥാപാത്രങ്ങളും അനാവശ്യ വിവാദങ്ങളും താരവാഴ്ചയും സംഘടനാ ബാഹുല്യവുമൊക്കെ അരങ്ങു തകര്‍ക്കുന്ന മലയാള സിനിമാലോകത്തുനിന്നും മനുഷ്യബന്ധങ്ങളുടെ വൈകാരിക തീവ്രത അതിന്റെ പാരമ്യതയില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്രേക്ഷകരെ തേടി തീയേറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയ്ക്ക് മുടക്കുമുതലെങ്കിലും തിരിച്ച് ലഭ്യമാകും വിധം പ്രോത്സാഹിപ്പിയ്ക്കാന്‍ സിനിമാപ്രേമികള്‍ക്ക് ബാധ്യതയുണ്ടെന്ന് തോന്നുന്നു. ഞാനിതു പറയാന്‍ കാരണം ഈ ചിത്രത്തിനു നേരേയുള്ള പ്രേക്ഷകരുടെ സമീപനം കണ്ടാണ്.
തിരുവനന്തപുരത്തെ കൈരളി / ശ്രീ തീയേറ്ററുകളിലെ ശ്രീയിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. വ്യാഴാഴ്ച ഫസ്റ്റ് ഷോ കാണാനായി ഞാന്‍ തീയേറ്ററില്‍ എത്തി. അന്‍പതില്‍ താഴെ മാത്രം വരുന്ന ആളുകള്‍ മുറ്റത്ത് അങ്ങിങ്ങായി ചിതറി നില്‍ക്കുന്നു. ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ആള്‍ക്കാര്‍ ക്യൂ നിന്നുതുടങ്ങി. ഞാന്‍ ശ്രീ തീയ്യേറ്ററിന്റെ കൌണ്ടറില്‍ ഒറ്റയ്ക്കാണ്. എന്നുവച്ചാല്‍ എനിയ്ക്കു പിന്നില്‍ ആരുമില്ല എന്നുതന്നെ അര്‍ത്ഥം. ക്യൂ കൈരളി തീയേറ്ററിന്റെ കൌണ്ടറില്‍ മാത്രം. അവിടെ കളിക്കുന്ന പടം ‘സിംഹക്കുട്ടി’!! അല്ലു അര്‍ജ്ജുന്‍ എന്ന നടന്റെ ഒരു പഴയ തെലുങ്കു ചിത്രം. ഇപ്പോള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തുവന്നതാണിത്. അല്ലു അര്‍ജ്ജുന് ഇവിടെ തിരുവനന്തപുരത്തും ശക്തമായ ഫാന്‍സ് അസോസിയേഷനുണ്ടെന്ന് മുറ്റത്തു വച്ച ഫ്ലെക്സ് ബോര്‍ഡ് നമ്മോട് പറയുന്നുണ്ട്.
എനിയ്ക്ക് മാത്രമായി ടിക്കറ്റ് തരാന്‍ കഴിയില്ലെന്ന് ടിക്കറ്റ് വിതരണക്കാരന്‍. ഈ സിനിമ കാണാന്‍ ആളില്ലാതിരുന്നതുകൊണ്ട് അന്നേ ദിവസം മാറ്റിനി ഷോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തില്‍ നിന്നും അറിയാനും കഴിഞ്ഞു. കുറഞ്ഞത് 5 പേരെങ്കിലും ഇല്ലാതെ എങ്ങനെ ഷോ തുടങ്ങും എന്ന ആ മനുഷ്യന്റെ ചോദ്യം ന്യായവുമാണ്. കുറച്ച് സമയം കൂടി ഞാനവിടെ നിന്നു. എന്റെ ഭാഗ്യമായി നടന്‍ ഇന്ദ്രന്‍സ് ഈ സിനിമ കാണാന്‍ വന്നു. ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചു.
ഇപ്പോള്‍ തീയേറ്ററില്‍ ഞാനും ഇന്ദ്രന്‍സും മാത്രം. ‘ശുദ്ധരില്‍ ശുദ്ധന്‍‘ തന്നെയാണ് ഈ ചെറിയ,വലിയ മനുഷ്യനെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സംസാരം. സിനിമ തുടങ്ങുമ്പോഴേയ്ക്ക് ഞങ്ങളുള്‍പ്പെടെ 8 പേര്‍ കാഴ്ചക്കാരായി എത്തിയിരുന്നു. മാറ്റിനി ഷോയില്‍ നിന്നും പിരിഞ്ഞുകിട്ടിയത് 320 രൂപ. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ഇത്രയ്ക്ക് മോശം പ്രതികരണം നേരിടേണ്ട ഒരു സിനിമയല്ല സ്നേഹിതരേ ‘പത്താം നിലയിലെ തീവണ്ടി’.
50 ലക്ഷം രൂപ പോലും മുതല്‍മുടക്കില്ലാത്ത, നന്നായി ആസ്വദിയ്ക്കാനാവുന്ന ഒരു നല്ല മലയാള ചലച്ചിത്രത്തിന് എന്തുകൊണ്ടാണ് പ്രേക്ഷകര്‍ ഇത്ര ക്രൂരമായ ശിക്ഷ നല്‍കുന്നത്. മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് വിലപിച്ചുനടന്നവരെ/നടക്കുന്നവരെ തീയേറ്ററിന്റെ പരിസരത്തുപോലും കാണാനില്ല. എന്തിന് നിരൂപകരെയോ വിമര്‍ശകരെയോ പോലും ഈ സിനിമ കളിക്കുന്ന തീയേറ്ററിന്റെ പരിസരത്ത് കാണാനാവില്ല. ചിലപ്പോള്‍ അവര്‍ സിംഹക്കുട്ടിയുടെ ‘മൊഴിമാറ്റിയുള്ള ഗര്‍ജ്ജനമാസ്വദിച്ച് ‘ ഇരിക്കുകയുമാവും. ഇനി അവര്‍ എഴുതും മലയാള സിനിമ ഊര്‍ദ്ധ്വന്‍ വലിക്കുന്നുവെന്ന്. കഥാദാരിദ്ര്യം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നുവെന്ന്. മൊഴിമാറ്റ ചിത്രങ്ങള്‍ പണം വാരുന്നതിനെതിരെ വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ ഇനിയും പത്രത്താളുകളില്‍ ഇടം പിടിക്കുകയും ചെയ്യും.
മലയാള സിനിമയെ രക്ഷിയ്ക്കാന്‍ മൊഴിമാറ്റ ചിത്രങ്ങളും മറ്റ് അന്യഭാഷാചിത്രങ്ങളും നിരോധിയ്ക്കണമെന്നു പറയുന്നത് പുതിയ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും മാറി നില്‍ക്കണമെന്ന് പറയും പോലെ ബാലിശമാണ്. അത്രതന്നെ വിവരക്കേടുമാണ്. എന്നാല്‍ മലയാള സിനിമയുടെ കഥാദാരിദ്ര്യത്തെക്കുറിച്ചും നിലവാരത്തകര്‍ച്ചയെക്കുറിച്ചും വാതോരാതെ ചര്‍ച്ച നടക്കുന്ന ഈ നാട്ടില്‍ ഇതുപോലൊരു നല്ല സിനിമ ഉണ്ടാവുകയും അത് കാണാന്‍ ആളില്ലാതെ പോവുകയും അതേസമയം മൊഴിമാറ്റ ചിത്രങ്ങള്‍ പ്രേക്ഷകരുടെ കീശയും മനവും കവരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? കുഴപ്പം സിനിമയുടെ ജാതകത്തിനോ അതോ പ്രേക്ഷകരുടെ മനോഭാവത്തിനോ? ആരാണ് ഉത്തരം നല്‍കേണ്ടത്?
ഏതൊരു പ്രോഡക്ടും അത് സിനിമയാവട്ടെ, തുള്ളി നീലമാവട്ടെ വില്‍ക്കണമെങ്കില്‍ പരസ്യം വേണം. അപ്പോള്‍ ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയുടെ പരസ്യത്തിലേയ്ക്ക് വരാം. ‘പത്താം നിലയിലെ തീവണ്ടി‘ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ഒരേപോലെ നമുക്ക് മനസ്സിലാവും ഈ ചിത്രത്തിന്റെ കലാപരമായ മൂല്യവും ഒപ്പം സാമ്പത്തികമായ ദാരിദ്ര്യവും. സോഡാ/മിനറല്‍ വാട്ടര്‍ കമ്പനിക്കാരന്റെ പണം വേണ്ടി വന്നു ഈ സിനിമയുടെ തുച്ഛമായ പോസ്റ്റര്‍ പോലും അച്ചടിപ്പിക്കാന്‍. സിനിമയുടെ പ്രമേയത്തോട് നീതി പുലര്‍ത്തുന്ന ഡിസൈനുകളാണ് ‘ഗായത്രി’യില്‍ നിന്നും പുറത്തുവന്നത്. എന്നാല്‍ ആ പോസ്റ്റര്‍ പ്രിന്റ് ചെയ്യാന്‍, നായകനടന്റെ വലിപ്പത്തില്‍ മിനറല്‍ വാട്ടറിന്റെ കുപ്പി തന്നെ പ്രദര്‍ശിപ്പിക്കേണ്ടി വന്നു. ചുരുക്കത്തില്‍ ‘പത്താം നിലയിലെ തീവണ്ടി’ സോഡാക്കമ്പനിയുടെ പരസ്യപോസ്റ്ററായി മാറുന്ന ഗതികെട്ട അവസ്ഥയും സിനിമാപ്രേമികള്‍ കണ്ടു.
ഒരു നല്ല സിനിമ ഇങ്ങനെ തകര്‍ന്ന് തരിപ്പണമാവുമ്പോള്‍ സിനിമയെസ്നേഹിയ്ക്കുന്ന എതൊരാള്‍ക്കും നിരാശ തോന്നുക സ്വാഭാവികമാണ്. എനിയ്ക്കും നിരാശ തോന്നുന്നു. പത്താം നിലായിലെ തിവണ്ടി മുഴക്കുന്നത് നിസ്സഹായതയുടെ ചൂളം വിളിയാണ്. അത് ഏറെക്കാലം പ്രേക്ഷകരുടെ തലച്ചോറില്‍ കുറ്റബോധത്തിന്റെ സ്വരമായി മുഴങ്ങും!
Subscribe to:
Post Comments (Atom)
ഇവിടെയും വായിച്ചു!
ReplyDeleteപൊങ്ങൂന്റവിടെം വായിച്ചു!
ഞാനും ഒരു പഴയ സിനിമാപ്രാന്തന്‍ ആണേ !
മുഴുവനും പോസ്റ്റണ്ടായിരുന്നൂ... ലിങ്കും കുറച്ചു വിവരണവും മതിയായിരുന്നു. അല്ലെങ്കിൽ ആരും അവിടെ പോയി വായിക്കില്ലാല്ലൊ...
ReplyDeleteഓഫ്: ഞാനും ചേർത്തലക്കാരൻ ആണേ... ചേർത്തലയിൽ എവിടെയാ വീട്...?
പോങ്ങുവിന്റെ പോസ്റ്റും വായിച്ചിരുന്നു.നമ്മുടെ പ്രേക്ഷകര്‍ക്ക് തട്ടുപൊളിപ്പന്‍ സിനിമകള്‍ മതിയെന്നു വെച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും.എന്നെങ്കിലും ഈ സിനിമ ടിവിയില്‍ വരുന്നതിനായി കാത്തിരിക്കുന്നു
ReplyDelete@റോസാപ്പൂക്കള്‍ : അതെ.. നല്ല പടങ്ങളെ നമ്മള്‍ തന്നെ തോല്‍പ്പിക്കും .. കണ്ടില്ലേ, കേരളാ കഫേ, നീലത്താമര, പാലേരിമാണിക്യം എന്നിവയുടെ സ്ഥിതി? അവതാര്‍ എന്ന പടത്തിനു ആളുകള്‍ വെളുപ്പിനെ 6 മണി മുതല്‍ കാവല്‍ കിടന്നാണ് ടിക്കറ്റ് എടുക്കുന്നതെന്നും ഞാന്‍ കേട്ടു. !
ReplyDeleteമലയാള പടം നന്നായതു തന്നെ!
കൊള്ളാം.. പല പോസ്റ്റുകളും വേണ്ടവിധം ശ്രദ്ധിക്കാതെ പോയിട്ടുണ്ട്.
ReplyDeleteപാച്ചുവിനു വേറെ പണിയൊന്നുമില്ലേ... പണ്ട് “കയ്യൊപ്പ്” സിനിമ കണ്ടിട്ട് നല്ല പടമാണ് എന്നു പറഞ്ഞതിനു ഉറ്റ സുഹ്രുത്തുക്കള്‍ അന്നു തല്ലിയില്ല എന്നേ ഉള്ളൂ...
ReplyDelete