Showing posts with label hindi film. Show all posts
Showing posts with label hindi film. Show all posts

Monday, July 25, 2011

Shor in the City (8/10)

Shor in the City/Hindi/2011/Drama/IMDB/ (8/10)
Rated PG  for language and some disturbing violent content.
Tagline: If you cant hear it, you are obviously dead!


പ്ലോട്ട് : മുംബൈ നഗരത്തിലെ നാലഞ്ച് പേരുടെ കഥ. അവിടെ അവരുടെ അതിജീവനത്തിന്റെ, അതിനുള്ള ശ്രമങ്ങളുടെ, അവരുടെ ക്രൈമുകളുടെ കഥകൾ.

ക്രിക്കറ്റ് ടീമിലേക്ക് പ്രവേശനം കിട്ടാൻ കൈക്കൂലി കൊടുക്കാൻ പണമില്ലാതെ വിഷമിക്കുന്ന ഒരു ക്രിക്കറ്റർ, ലോക്കൽ ഗുണ്ടകളുടെ ഭീഷണിയിൽ വലയുന്ന ഒരു Returned NRI ആയ ബിസിനസ്സ്കാരൻ യുവാവ്, അല്പസ്വല്പം തരികിടകൾ ഒക്കെ ചേയ്ത് ജീവിച്ച് പോവുന്ന മൂന്നംഗ ഗ്രൂപ്പ് - പിന്നെ ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ചില അപ്രധാന കഥാപാത്രങ്ങൾ - ഇത്രയും പേരുടെ കഥകൾ ആണീ സിനിമ. ഇവരുടെ കഥകൾ ആകസ്മികമായി അവിടിവിടെ കൂട്ടിമുട്ടുന്നുണ്ടെങ്കിലും, പരസ്പരം ഇടപെടുന്നതു പോലും പരിമിതമാണു. മൂന്നു തുരുത്തുകൾ ആയിട്ട് ഈ മൂന്നു കൂട്ടരുടേയും കഥകൾ  മുന്നോട്ട് പോവുന്നു. ഗണേശ് ചതുർഥിയുടെ പത്ത് ദിവസങ്ങളിലായി നടക്കുന്നതായി കാട്ടുന്ന ഈ  കഥകളൂടെ കൂടുതൽ ആഴങ്ങളിലേക്ക്  ഇറങ്ങുന്നില്ല.

വെർഡിക്ട് : ഒരു ചെറിയ പടം എങ്കിലും, ഉഗ്രൻ പടം. ഒരു തവണയും കൂടെ കാണണം എനിക്ക്.  തുഷാർ കപൂറിനെ ആദ്യമായി ഒരു കഥാപാത്രത്തിൽ എനിക്കിഷ്ടമായ ഒരു സിനിമ കൂടെ ആയിരുന്നു ഇതു.  അവൻ മാത്രമല്ല, എല്ലാവരും ഉഗ്രൻ. NRI ആയിട്ട് വരുന്ന ആൾ, തുഷാർ കപൂറിന്റെ ഒരു ഞെരിപിരി കൂട്ടുകാരൻ, ഇവരൊക്കെ കിടിലനാണു.
പക്ഷെ ശരിക്കും സ്റ്റാർ തിരക്കഥ തന്നെയാണു. വേണ്ടിടത്ത് വേഗം കൂട്ടിയും അല്ലാത്തിടത്ത് സ്ലോ ആയി ബന്ധങ്ങളുടെ ഊഷ്മളത കാട്ടിയൂം നീങ്ങുന്ന ഈ സിനിമയിൽ വിശ്രമിക്കാൻ ഒരിടം നമുക്കില്ല - നമ്മൾ ഇരുന്നു കണ്ട് തീർക്കുക തന്നെ, ഒരു ബാത്ത്‌റൂം ബ്രേക്ക് എടുക്കാൻ പോലും സമ്മതിക്കാത്ത ഒരു സിനിമ.


ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടം.

ഈ പടം സാമ്പത്തികമായി വിജയം ആയിരുന്നോ? ആയിരുന്നില്ലാ എന്നു തോന്നുന്നു .വിജയിക്കേണ്ട പടം ആയിരുന്നു ഇതു, എന്നാലേ ഇത്തരം പടങ്ങൾ കൂടുതൽ ഇറങ്ങൂ.


വാൽക്കഷ്ണം : രക്ത്‌ചരിത്രയിലെ പെണ്ണ് - രാധിക - ഇതിലും ഉണ്ട് :)  സുന്ദരിയാണൂട്ടോ. ;)





Saturday, June 25, 2011

Game - ഗെയിം (6.5/10)

Game/Hindi/2011/Action-Suspense Thriller/IMDB/ (6.5/10)
Rated PG  for violence/strong language.
Tagline: It's not Over till its Over

പ്ലോട്ട് : കൊലപാതകം ചേയ്ത ശേഷം എന്തു ചേയ്യണമെന്നു അറിയാതിരിക്കുന്ന ഒരു ബോളിവുഡ് സൂപ്പർസ്റ്റാർ(ജിമ്മി ഷെർഗിൽ),  തായ്‌ലന്റിന്റെ അടുത്ത പ്രധാനമന്ത്രി ആവാൻ കച്ചകെട്ടി ഇരിക്കവേ അദ്ദേഹത്തിന്റെ ഫണ്ടുകളുടെ സ്രോതസിനെപ്പറ്റിയുള്ള സംശയത്തിനിരയാവുന്ന ഒരു രാഷ്ട്രീയക്കാരൻ (ബോമൻ ഇറാനി), മദ്യത്തിനടിമയായ ലണ്ടനിലെ ഒരു ക്രൈം ജേർണലിസ്റ്റ് (ഷഹാനാ ഗോസ്വാമി - റോക്കോൺ ഫെയിം), കൊളം‌മ്പ്യൻ ഗാങ്ങിനു 20 മില്യൻ ഡോളർ കൊടുക്കാനില്ലാതെ വിഷമിക്കുന്ന ടർക്കിയിലെ ഒരു കാസിനോ മുതലാളി (അഭിഷേക് ബച്ചൻ) - ഇവരെ നാലു പേരേയും ഗ്രീസിലെ ഒരു ഐലന്റിലേക്ക് വിളിക്കുന്നു ഒരു മൾട്ടീ ബില്യനേയർ ആയ ഒരു ഇന്ത്യാക്കാരൻ (അനുപം ഖേർ).

അവിടെ വച്ച് ഇവർക്കെതിരെ ശക്തമായ ആരോപണങ്ങൾ ആ വ്യവസായി ഉന്നയിക്കുന്നു - അവരെ ഇന്റർണാഷണൽ വിജിലൻസിനു പിറ്റേ ദിവസം കൈമാറുമെന്നു അറിയിക്കുന്നു - അങ്ങേരുടെ മകളെ പല ഘട്ടങ്ങളിലും ദ്രോഹിച്ചവർ ആണവർ .. എന്നാൽ പിറ്റേ ദിവസം രാവിലെ ആ വ്യവസായി വെടിയേറ്റ് മരിക്കുന്നു, ഒരാത്മഹത്യ. -  അവിടുന്നു ആ ഗെയിം തുടങ്ങുന്നു.

വെർഡിക്ട് : നല്ല സ്റ്റെയിലൻ പടം - ആദ്യ ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല. നല്ല ലൊക്കേഷനുകൾ, നല്ല എഡിറ്റിങ്ങ്, നല്ല ബി.ജി, നല്ല സസ്പെൻസ്... പക്ഷെ ആദ്യ മണിക്കൂറിനു ശേഷം കഥ ഒരു കുറ്റിയേൽ ചുറ്റിക്കറങ്ങുകയാണു - സസ്പെൻസ് ഒക്കെയുണ്ടെങ്കിലും ഊഹനീയം ആണു. ( എന്തോ - എനിക്ക് മിക്ക സസ്പെൻസ് സിനിമകളുടേയും സസ്പെൻസ് ആദ്യമേ തന്നെ പിടി കിട്ടും - ഇതോരു രോഗമാണോ ഡോക്ടർ?)

കുറച്ചൂടെ കോപ്പ് കരുതിവച്ച് ഈ സിനിമ ചേയ്തിരുന്നെങ്കിൽ, ഇതോരു ഉഗ്രൻ സിനിമ ആയേനേ. കാതൽ നഷ്ടപ്പെടുന്നതായി തോന്നി, ആദ്യ മണിക്കൂറിനു ശേഷം.  ഫർഹാൻ അക്തറിനെ പോലുള്ള സിനിമാക്കാരൻ നിർമ്മാതാവ് ആയിട്ടും ഇങ്ങനെ സംഭവിക്കുന്നതു - ശരിക്കും അത്ഭുതകരം ആണു. പാട്ടുകളും കൊള്ളാം - കോ എന്ന പടത്തിലെ പോലെ ചുമ്മാ വിളിക്കാതെ വന്നു ശല്യപ്പെടുത്തി പോവുന്ന രീതിയിലല്ല പാട്ടുകൾ ഇതിൽ - അത്രേം സമാധാനം!.

സസ്പെൻസ് കണ്ടു പിടിക്കുന്നതോ - അതു കോപ്പിയടിയാണു. എവിടേയോ കണ്ടിട്ടുണ്ട്/വായിച്ചിട്ടുണ്ട് ഈ രീതിയിലെ കുറ്റകൃത്യം - ഷെർലോക്ക് ഹോംസിൽ ആണോ? പക്ഷെ, കണ്ടിരിക്കാവുന്ന, ഒരു ഡീസന്റ് സിനിമ തന്നെ ആണിത് - ഭാഷ മ്യൂട്ട് ആക്കിയാൽ പലയിടങ്ങളിലും ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഉണ്ടിതിൽ..

ജൂനിയർ ബച്ചൻ കിടിലൻ. അനുപം ഖേർ കൊള്ളാം, ബോമൻ ഇറാനി, ജിമ്മി ഷെർഗിൽ - ഈ ടാലന്റ്സിനെ സംവിധായകൻ വേസ്റ്റാക്കി. ഇന്റർനാഷണൽ വിജിലൻസ് സ്ക്വോഡിലെ ഇൻസ്പെക്ടർ ആയിട്ട് കങ്കണാ റൗണത്ത് ആണു വരുന്നതു - ഈ സിനിമയിൽ ആണു ഇവളുടെ ഏറ്റവും മോശം പ്രകടനം - ചേയ്യാനൊന്നുമില്ല, ചുമ്മാ ഇല്ലാത്ത ചന്തീം ഇളക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയല്ലാതെ !

ഒറ്റ വാചകത്തിൽ : ഒരു കാഴ്ചക്ക് ധാരാളം വകയുണ്ട്, ‘ഡോണ്ട് മിസ്സ്‘ കാറ്റഗറിയിൽ പെടില്ലായെങ്കിലും, മിസ്സ് ആക്കേണ്ട. ഒരു നല്ല ശ്രമം തന്നെയാണിതു.

വാൽക്കഷ്ണം :എവിടെയോ വായിച്ചു, ഈ സിനിമ ബോൺ ഐഡന്റിറ്റി ടൈപ്പ് സിനിമ ആണെന്നു - ഈ സിനിമ ഇനി ഒരു പത്ത് ജന്മം കൂടെ ജനിക്കണം അതിന്റെ അടുക്കെയെത്താൻ!.


Monday, June 20, 2011

Chalo Dilli - ചലോ ദില്ലി (5.75/10)


Chalo Dilli/Hindi/2011/Drama/IMDB/ (5.75/10)



പ്ലോട്ട് : നായിക (ലാറാ ദത്ത): ഒരു മൾട്ടി നാഷണൽ ഇൻ‌വെസ്റ്റ്മെന്റ് ബാങ്ക് ഹെഡ്, ചിരിക്കാൻ പോലും മടിക്കുന്ന, ഓഫീസിനെ വരച്ച വരയിൽ നിർത്തുന്ന, വിദേശ ബോട്ടിൽഡ് വാട്ടർ മാത്രം കുടിക്കുന്ന, ഒരു സീരിയസ് പ്രൊഫഷണൽ, ഒരു hygiene freak.  നായകൻ (വിനയ് പാഥക്ക്) : ദില്ലിയിൽ ഒരു ചെറു തുണിക്കട നടത്തുന്ന, നായികയുടെ സ്വഭാവത്തിനു നേരേ വിപരീതമായിട്ടുള്ള പെരുമാറ്റമുള്ള ഒരാൾ - സഹല ഫുഡും കഴിക്കും, വായിൽ എപ്പോഴും മുറുക്കാൻ, ആരുമായും ചേർന്നു പോവും. ഇവർ ഒരു വിമാനത്തിൽ മുംബൈയിൽ നിന്നും ദില്ലിയിലേക്ക് സഞ്ചരിക്കുമ്പോൾ കണ്ടു മുട്ടുകയാണു.   മുംബൈയിൽ നിന്നും ദില്ലിയിലേക്കുള്ള വിമാനം എന്തോ കാര്യത്തിനു ജയ്പ്പൂർ വരെയാക്കി, യാത്രക്കാരെ ജയ്പ്പൂരിൽ ഇറക്കി വിടൂന്നു, പിന്നെ വിപരീത സ്വഭാവഗുണങ്ങളുള്ള ഇവരുടെ യാത്ര ഒരുമിച്ചാണു. ആ യാത്രയാണു ഈ സിനിമ.


വെർഡിക്ട് : തുടക്കം കൊള്ളാം, അതു കൂടുതൽ പ്രതീക്ഷ നൽകി വീണ്ടൂം മെച്ചപ്പെടുന്നു, നടുക്കെത്തും മുന്നേയും മദ്ധ്യഭാഗം കഴിഞ്ഞ് സിനിമയുടെ കെട്ട് അഴിയുന്നു, ബോറാവുന്നു, അവസാനം കൊണ്ടേ കലവും ഉടച്ചിട്ടുണ്ട്, സൃഷ്ടാക്കൾ. : ‘ദസ്‌വിതാനിയ’ എന്ന ഹിന്ദി പടത്തിന്റെ സംവിധായകൻ ആണു ഇതും ചേയ്തിരിക്കുന്നതു. എനിക്ക് വളരേ ഇഷ്ടപ്പെട്ട സിനിമ ആയിരുന്നു അതു, അതാക്കാൻ ശ്രമിച്ചതാവണം ഈ സിനിമയിൽ സംവിധായകനു പ്രശ്നം ആയതു. അതു പോലുള്ള ഒരു അവസാനിപ്പിക്കൽ ആവണം അങ്ങാരു മനസ്സിൽ വിചാരിച്ചതു, പക്ഷെ, വളച്ച് വച്ചതും ഇല്ല, കൈയ്യിൽ ഇരുന്നതും പോയി എന്നു പറഞ്ഞതു പോലായി കാര്യം അവസാനിച്ചപ്പോൾ.

സിനിമയിലെ കഥ വളരേ പ്രഡിക്ടബിൾ ആണു, മിക്കവാറും ഓരോ ട്വിസ്റ്റും ഊഹിക്കാനാവും നമുക്ക് - അതു തന്നെയാവണം സിനിമയുടെ രസച്ചരട് പൊട്ടിക്കുന്നതു. അതുമല്ല, ‘ജബ് വീ മെറ്റ്‘ എന്ന സിനിമയിലും, Mr and Mrs Iyer എന്ന സിനിമയിലും ഒക്കെ കണ്ട തീം, അതിലും നന്നാക്കിയാലേ നമുക്കിഷ്ടപ്പെടൂ, അത്കൊണ്ട് ഈ കഥയെടുത്തതു ശരിക്കും റിസ്ക് ആയ പരിപാടി ആയിരുന്നു.

ഒറ്റ വാചകത്തിൽ : ഒരു തവണ കാണാൻ ആണെങ്കിൽ ഓക്കൈ, കണ്ടിട്ട് മറന്നേക്കുക, അത്രെക്കേ ഉള്ളൂ.


വാൽക്കഷ്ണം : ദസ്‌വിതാനിയ കണ്ടിട്ടില്ലാ, ? കണ്ടോളൂ, ധൈര്യമായിട്ട്.

അക്ഷയ് കുമാർ ഒക്കെ ചുമ്മാ ഗസ്റ്റ് റോളിൽ വന്നു പോവുന്നുണ്ട്, .. പക്ഷെ ഏച്ചു കെട്ടിയാൽ മുഴച്ചല്ലേ ഇരിക്കൂ?


Friday, June 17, 2011

Patiala House - പട്യാലാ ഹൗസ് (5/10)


Patiala House/Hindi/2011/Drama/IMDB/ (5/10)
Rated G  : suitable for General Audience.

പ്ലോട്ട് : ബ്രിട്ടണിലെ ഒരു പഞ്ചാബി കുടുംബം - അവിടത്തുകാരുടെ വർണ്ണവെറിയിൽ ആ കുടുംബനാഥൻ മരണപ്പെടുന്നതോടെ, അദ്ദേഹത്തിന്റെ മകൻ ഇംഗ്ലീഷുകാരെ ഏതു കാര്യത്തിലും എതിർക്കുന്ന, അവർക്കെതിരെ പോരാടുന്ന ഒരാളായി മാറുന്നു - അദ്ദേഹമാണു റിഷീ കപൂർ (സിനിമയിലെ പേരു വലിയ പിടീയില്ല - എല്ലാരുടേം പേരു ഏതാണ്ടൊരുപോലൊക്കെ ഇരിക്കും!).  അദ്ദേഹത്തിന്റെ വാശി കാരണം അദ്ദേഹത്തിന്റെ നല്ലവണ്ണം ക്രിക്കറ്റ് കളിക്കുന്ന മകന്റെ (അക്ഷയ് കുമാർ) ഭാവി തന്നെ തകരുന്നു - അക്ഷയ് കുമാർ ഒരു സാദാ ഡിപ്പാർട്ട്മെന്റ് സ്റ്റോഴ്സ് നടത്തുന്ന ഒരു സാദാ സിക്കുകാരൻ ആയിട്ട് മാറുന്നു. അതു പോലെ ആ വീട്ടിലെ എല്ലാരും അവരുടെ സ്വപ്നങ്ങൾ മറന്നു റിഷിക്കപ്പൂർ പറയുന്നതു പോലെ ജിലേബി ഉണ്ടാക്കിയും ഭജന പാടിയും ടാക്സി ഓടിച്ചും  ഒക്കെ കഴിയുകയാണു അവിടെ.

പിന്നേയും വളരേക്കാലം കഴിഞ്ഞ്, അക്ഷയ്കുമാറിനു തന്റെ സ്വപ്നം - രാജ്യത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കുക എന്ന സ്വപ്നം - സാക്ഷാത്കരിക്കാൻ ഒരു അവസരം വരുന്നതും, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങളും ഒക്കെയാണു ഈ സിനിമ.

വെർഡിക്ട്: കഥ കച്ചറ. സ്വബോധമുള്ളവനു ഒരിക്കലും വിരസത കൺ‌ട്രോൾ ചേയ്യാൻ ആവാത്തത്ര വിരസമായ കഥ. ബാക്ക്ഗ്രൗണ്ട് സ്കോർ എല്ലാ പഞ്ചാബീ സിനിമകളിലേയും പോലെ “ബല്ലേ ബല്ലേ”യും മറ്റേ പെരുമ്പറ കൊട്ടലും.
പക്ഷെ, പടം നന്നായിട്ടെടുത്തിരിക്കുന്നു. അതിനെക്കാൾ മെച്ചമായി അക്ഷയ്കുമാറും മറ്റും അഭിനയിച്ചിരിക്കുന്നു. കാസ്റ്റിങ്ങും കൊള്ളാം - ഇപ്പോൾ പ്രായമായ നായകന്റേയും നായകന്റെ അച്ഛന്റേയും പണ്ടത്തെ റോളുകൾ വേറേ ആളുകളെ വച്ച് ചേയ്തിരിക്കുന്നതും ഇഷ്ടായി - അക്ഷയ് കുമാറിനേയും റിഷിക്കപ്പൂറിനേയും ഒക്കെ രണ്ടിഞ്ച് കനത്തിൽ വാൾപുട്ടി പൂശി പ്രായം കുറച്ചും വേണമെങ്കിൽ അഭിനയിപ്പിക്കാമായിരുന്നു, അതു ചേയ്തില്ല, ടാങ്ക്സ് സംവിധായകാ, ടാങ്ക്സ്.


അക്ഷയ് കുമാർ : സകല സ്വപ്നങ്ങളും നശിച്ച്, സ്വന്തം അച്ഛനു വേണ്ടി സ്വന്തം ജീവിതം അഴുക്ക്ചാലിലേക്ക് ഒലിച്ച് പോവുന്നതു നോക്കി നിക്കേണ്ടി വരുന്ന ഒരാളുടെ നിർവ്വികാരമായ ഭാവം - അതു അക്ഷയ് ഉഗ്രനായിട്ട് അവതരിപ്പിച്ചിരിക്കുന്നു. നല്ല കടൂകട്ടി ഡയലോഗുകൾ വരുമ്പോൾ വേണമെങ്കിൽ അക്ഷയിനു സുരേഷ് ഗോപി സ്റ്റയ്‌ലിൽ അതൊക്കെ പൂശാമായിരുന്നു - പക്ഷെ ചേയ്തില്ല. അതാണു നല്ല അഭിനയം, നല്ല സംവിധാനം.


ഒറ്റ വാചകത്തിൽ : കച്ചറ കഥ, ഡയലോഗുകൾ ഓവർ ഡോസ്, പാട്ടുകൾ ആവറേജ്, ബല്ലേ ബല്ലേ അൺ സഹിക്കബിൾ,  അഭിനയം ഉഗ്രൻ ...  കണ്ടിരിക്കാവുന്ന പടം.


വാൽക്കഷ്ണം : എനിക്ക് ചില കാര്യങ്ങൾ ഒട്ടും മനസ്സിലായില്ല - തന്തപ്പടി സിംഗിനു ഇത്ര ദേഷ്യം ആണു ഇംഗ്ലീഷുകാരേയും, അവരുടെ സംസ്കാരത്തേയും ഒക്കേയെങ്കിൽ എന്തു കൊണ്ട് അങ്ങാരു ബ്രിട്ടണിൽ തന്നെ കെട്ടിക്കിടക്കുന്നു? നാട്ടിലേക്ക് പോന്നൂടെ അങ്ങേർക്ക്? അങ്ങനെ പോന്നാലെങ്ങനെ സിനിമ നടക്കും അല്ലേ? :)

ആ വീട്ടിലെ ഒറ്റണ്ണത്തിനു നട്ടെല്ലില്ല-  എന്നാൽ സംവിധായകൻ പറയുന്നതു അക്ഷയ്കുമാർ “പറ്റില്ല” എന്നു പറയാഞ്ഞിട്ടാണു എല്ലാരും അവിടെ ഈ ഗതിയിൽ ആയിരിക്കുന്നതെന്നാണു. ഭയങ്കര ഔട്ട് സ്പോക്കൺ എന്നൊക്കെ കാട്ടുന്ന ഒരു കുടുംബാംഗവും ഉണ്ടവിടെ, അവനൊക്കെ എന്തേ റിഷിക്കപ്പൂറിനടൂത്ത് “ഒന്നു പോടാപ്പനേ” എന്നു വാ തുറന്നു പറയുന്നില്ല?  അപ്പോ എങ്ങനെ നായകൻ സൂപ്പറാവും അല്ലേ? :)

ഡിമ്പിൾ കപാഡിയ ഒക്കെ ഭയങ്കര കിഴവി ആയിരിക്കുന്നു - സുകുമാരിയെക്കാൾ പ്രായം തോന്നിക്കും ഇപ്പോ അവരെ കണ്ടാൽ! - എങ്ങനിരുന്നതാ അവരു - ഹോ - പണ്ട് ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ഫിലിം ഫേയറിൽ ഗോദ്‌റേജിന്റെ ഒരു കോണ്ടസ്റ്റ് വന്നു - എന്തോ പൂരിപ്പിച്ച് അയച്ചാൽ ഡിമ്പിളിനോടൊപ്പം ഒരു സായാഹ്നം!.. എനിക്ക് അതു കിട്ടിയെന്നു എത്ര രാത്രികളിൽ ആണു ഞാൻ സ്വപ്നം കണ്ടിട്ടുള്ളതു!. .. ഇപ്പോ അവരെ കാണുമ്പോൾ, .. ഭയാനകം! എല്ലാരുടേയും കാര്യം ഇത്രക്കേ ഉള്ളൂ!


Monday, June 13, 2011

Dum Maro Dum - ദം മാരോ ദം (6.5/10)


Dum Maro Dum/Hindi/2011/Action-Thriller/IMDB/ (6.5/10)
Rated R  for violence, drug content and some language

Tagline: Liquor is cheap here and women are even cheaper here 

പ്ലോട്ട് : ഒരു അഴിമതിക്കാരനായ ഓഫീസർ ആയ ACP കാമത്തിനെ (അഭിഷേക് ബച്ചൻ)  രോഗശയ്യയിൽ ആയ മുഖ്യമന്ത്രി മുൻ‌കൈ എടുത്ത് ഗോവയിലെ മയക്ക് മരുന്നു മാഫിയകളെ ഒതുക്കാൻ നിയോഗിക്കുന്നു.  അദ്ദേഹം ഒരു കറപ്റ്റഡ് അല്ലാത്ത ടീമിനെ തിരഞ്ഞെടുക്കുന്നു, തന്റെ ആക്ഷൻ ആരംഭിക്കുന്നു. പതുക്കെ പതുക്കെ, അദ്ദേഹത്തിനോടൊപ്പം, മയക്ക്മരുന്നു മാഫിയയുടെ ക്രൂരതകൾക്കിരയായ ഒരു ചെറു സംഘവും കൂടെ ചേരുന്നു - ശേഷം ചിന്ത്യം.

വെർഡിക്ട് : നല്ല തുടക്കം, നല്ല ബിൽഡ് അപ്പ്, നല്ല ആക്ടിങ്ങ്, നല്ല കാസ്റ്റിങ്ങ്, തരക്കേടില്ലാത്ത പാട്ടുകൾ, .. പക്ഷെ ഇടക്ക് ഇഴച്ചിൽ നന്നായിട്ടുണ്ട്, ക്ലൈമാക്സ് ആണെങ്കിൽ ഒരു പരിധിവരെ ഊഹിക്കാനും സാധിക്കുന്നുണ്ട് - അതൊഴിവാക്കാൻ ആണേന്നു തോന്നുന്നു, ഒരിക്കലും വേണ്ടാത്ത രീതിയിൽ, ആരും തന്നെ ധൈര്യപ്പെടാത്ത രീതിയിൽ, വളരേ മോശായിട്ട് കൊണ്ടെ സിനിമ അവസാനിപ്പിച്ചിരിക്കുന്നതു.

ഇത്രേം പറഞ്ഞത്, സിനിമയുടെ എഴുത്ത്/എടുപ്പ് വശം -  സിനിമയുടെ ടെക്ക്നിക്കൽ വശം പറഞ്ഞാൽ, ഉഗ്രൻ എന്ന വാക്ക് പോരാതെ വരും വർണ്ണിക്കാൻ. സിനിമയുടെ ടേണിങ്ങ് പോയിന്റ് എന്നു വേണമെങ്കിൽ പറയാവുന്ന (എന്റെ ഊഹം ശരിയെന്നു ഉറപ്പിച്ച മുഹൂർത്തം)   ഒരു ഷൂട്ടൗട്ട് ഉണ്ട് - രാത്രിയിൽ ഒരു നൈറ്റ് മാർക്കറ്റിലെ ഒരു സംഭവം. അത് നടത്തുന്നവരെ കാണിക്കുന്ന രീതി - ശരിക്കും ഇന്റർനാഷണൽ സ്റ്റൈയിൽ!. എനിക്കിഷ്ടായി. അതു ഒരു സീൻ മാത്രം - അതല്ലാതെ സിനിമ മൊത്തം സിനിമാറ്റോഗ്രാഫറും എഡിറ്ററും മറ്റു ടെക്ക്നിക്കൽ ക്രൂവും ഭരിക്കുകയാണു. :) .. പക്ഷെ, ഇവർക്കൊന്നും സിനിമ മുറുക്കിയെടുക്കാൻ കഴിഞ്ഞില്ല എന്നതു ഒരു പരാജയം തന്നെയാണു.

ആക്ടേഴേസ് : ഐഡിയ മൊബൈലിന്റെ പരസ്യങ്ങൾ എനിക്ക് വളരേ അധികം ഇഷ്ടം ആണു- അതിനു, അതിലെ ജൂനിയർ ബച്ചന്റെ അനായാസമായുള്ള അഭിനയം ഒരു കാരണം ആണു. അഭിഷേക് ബച്ചൻ ഉഗ്രനായിട്ടുണ്ട് ഇതിലും. ‘ ജാനേ തൂ യാ ജാനേ നാ‘ യിൽ വന്നു ഉഗ്രനാക്കിപ്പോയ രാജ് ബബ്ബാറിന്റെ മകനും നന്നാക്കിയിട്ടുണ്ട് - എല്ലാരും തന്നെ ഉഗ്രനായി അഭിനയിച്ചിട്ടുണ്ട് . ലവനു കൂടുതൽ പടങ്ങൾ ആരും കൊടുക്കാത്തതോ, അവൻ വരുന്ന ഓഫറുകൾ ഒഴിവാക്കുന്നതോ? വിദ്യാ ബാ‍ലൻ ഒക്കെ ചുമ്മാ വന്നു പോവുന്നുണ്ട് - ഗസ്റ്റ് അപ്പിയറൻസ് ആയിട്ട്.

ഒറ്റ വാചകത്തിൽ : ഇടക്ക് ഇഴച്ചിലുണ്ടെങ്കിലും, കണ്ടിരിക്കാ‍വുന്ന ഒരു സിനിമ.

വാൽക്കഷ്ണം :  ദീപികാ പദുകോൺ വന്നു അവളുടെ 26 ഇഞ്ച് വയറു കാണിച്ചോണ്ടൊരു ഐറ്റം നമ്പറും ഇറക്കിയിട്ടുണ്ട് - അവളാണു ഈ സിനിമയുടെ പോസ്റ്ററുകളിൽ കൂടുതലും വന്നതു. ഹോ .. എന്നാ വയറാ അവളുടേ .. ഇത്രേം 'ദൂരം' ഉണ്ടോ എല്ലാരുടേം വയറിനു !!! 26 ഇഞ്ച് !!! :-o

ഈ സിനിമ വിൽക്കാൻ ഉണ്ടാക്കിയ റ്റാഗ് ലൈൻ കണ്ടല്ലോ - അതു വമ്പൻ പ്രശ്നങ്ങൾ ഉണ്ടാക്കി, കേസുകൾ പലതു ഫയൽ ചേയ്യപ്പെട്ടു - പക്ഷെ അതൊക്കെയും നിർമ്മാതാക്കളുടെ ലാഭം കൂട്ടാനേ ഉപകരിച്ചൊള്ളൂ..

ഈ സംവിധായകന്റെ രണ്ടാമത്തെ പടമാണു ഞാൻ കാണുന്നതു - ആദ്യത്തേത് ബ്ലഫ് മാസ്റ്റർ. ആ സിനിമയിൽ ആയിരുന്നു എനിക്ക് അഭിഷേകിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതു. പക്ഷെ ആ സിനിമ ഒരു സൂപ്പർ ഹിറ്റ് ഹോളീവുഡ് സിനിമയിൽ നിന്നും അടിച്ച് മാറ്റിയതായിരുന്നു - ആ സിനിമ പിന്നെ മലയാളികൾ വീണ്ടും അടിച്ച് മാറ്റി! 


Thursday, May 19, 2011

No One Killed Jessica - നോ വൺ കിൽഡ് ജെസ്സീക്ക (8/10)

No One Killed Jessica/Hindi/2011/Political-Thriller/IMDB/ (8/10)


പ്ലോട്ട് : മണിയും പവ്വറും ഭരിക്കുന്ന ഡൽഹി, അവിടത്തെ ഒരു ലേറ്റ് നൈറ്റ് പാർട്ടിയിൽ കടന്നു ചെന്ന ഒരു പറ്റം ചെറുപ്പക്കാർ, അവർക്ക് ഡ്രിംഗ്സ് കൊടുക്കാതിരുന്ന ബാർ അറ്റെൻഡർ ആയ ജെസ്സീക്കയെ വെടി വച്ച് കൊല്ലുന്നു, പത്ത് മുന്നൂറ് പേരുടെ മുന്നിൽ വച്ച്. കൊലപാതകി ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനും. അതെ, നമ്മുടെ ജെസ്സീക്കാ ലാൽ മർഡർ കേസ് തന്നെ ആണു ഈ സിനിമക്ക് ആസ്പദം. ആ കഥ കുറച്ച് സാങ്കല്പിക-നാടകീയ രംഗങ്ങൾ ഉൾക്കൊള്ളിച്ച് സിനിമ ആക്കിയിരിക്കുന്നൂ, അതാണു ഈ പടം.

വെർഡിക്ട് : കൊള്ളാം. നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഇത്രയും ത്രില്ലിങ്ങ് ആയ ഒരു പടം നിർമ്മിച്ച ഇതിന്റെ സൃഷ്ടാക്കൾക്ക് എന്റെ ഡബ്ബിൾ സെല്യൂട്ട്. ടെക്ക്നിക്കൽ സൈഡ് ഉഗ്രൻ- ഒരു കമന്റും പറയാനില്ല അതല്ലാതെ. ... അത്യുഗ്രൻ!

അഭിനേതാക്കൾ : വിദ്യാ ബാലൻ കിടിലൻ. ഇവരുടേതായി ഇഷ്കിയ കഴിഞ്ഞ് ഞാൻ കണ്ടതു ഉറുമി ആയിരുന്നു, അതിൽ ആവട്ടെ ഒരു ചവറു ഐറ്റം ഡാൻസുകാരി ആയിട്ടും!. ഇഷ്കിയയിലെ കഥാപാത്രാവിഷ്കാരം എന്നെ ശരിക്കും ഇളക്കിമറിച്ചിരുന്നു, അതു പോലെ തന്നെയാണു ഇതിലേയും ഇവരുടെ അഭിനയം. ശരിക്കും ഒതുക്കമുള്ള സ്വഭാവമുള്ള ഈ കഥാപാത്രത്തെ ഒട്ടും ഓവറാക്ടിങ്ങ് ഇല്ലാതെ സാധിക്കുക അത്ര എളുപ്പമല്ല, അതു ഇവർ നന്നായിത്തനെ ചേയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു.
റാണീ മുഖർജി ആണു ഇതിലെ മറ്റോരു മെയിൻ കഥാപാത്രം : അവരും നന്നാക്കിയിട്ടുണ്ട് - ആവശ്യത്തിനും അല്ലാത്തതിനും ഒക്കെ തെറി പറയുന്നതു ഇപ്പോൾ ഹിന്ദി സിനിമകളിലെ ഫാഷൻ ആണെന്നു തോന്നുന്നു, ഇവളെക്കൊണ്ടും ധാരാളം തെറി പറയിച്ചിട്ടുണ്ട് സംഭാഷണം എഴുതിയ വിദ്വാൻ.

ഒറ്റ വാചകത്തിൽ : മിസ്സ് ആക്കേണ്ടാത്ത ഒരു പടം.



വാൽക്കഷ്ണം : ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു മുൻപേജ് ആണു ഈ സിനിമക്ക് ഹേതു, ആ തലവാചകം തന്നെയാണു സിനിമയുടെ പേരും.! അതു ഇവിടെ. കാണാം.

ഈ ഡയറക്ടറുടെ കഴിഞ്ഞ സിനിമ : അമീർ കാണാത്തവരുണ്ടോ? .. ഉണ്ടെങ്കിൽ അതും ഒരു കിടിലോൽക്കിടിലൻ പടമാട്ടോ .. ഒരു ചെറിയ സിനിമ, പക്ഷെ ഒരു ഫസ്റ്റ് ക്ലാസ്സ് പടം!

Shayan Munshi (ജങ്കാർ ബീറ്റ്സ് നായകൻ) ഒക്കെ ശരിക്കും ജസീക്കാലാൽ മർഡർ കേസിലെ പ്രധാന സാക്ഷി ആയിരുന്നു, പക്ഷെ ആശാൻ മറുകണ്ടം ചാടി, ആദ്യമേ തന്നെ!. അതും ഇതിലുണ്ട്!.

ഞാൻ കണ്ടിട്ടുള്ളതിൽ ജെസ്സീക്കാ ലാൽ മർഡർ കേസിൽ ആസ്പദമായ രണ്ടാമത്തെ പടം ആണെന്നു തോന്നുന്നു ഇതു. ആദ്യത്തേത് - ഹല്ലാബോൽ ആയിരുന്നു ഞാൻ കണ്ടത് - അതും ഒരു അത്യുഗ്രൻ- ഒരു 8/10 കൊടുക്കാവുന്നത്രേം കിടിലൻ പടം ആയിരുന്നു.

ഇതിൽ കാട്ടുന്ന പത്രപ്രവർത്തക ബർഖ്വാ ദത്ത് ആണെന്നു വിശ്വസിക്കപ്പെടുന്നു - റാഡിയ ടേപ്പ്സ് ഇറങ്ങി അവരുടെ ഇമേജ് ആകെ നശിച്ചിരിക്കുമ്പോൾ തന്നെ ആണു ഈ സിനിമ ഇറങ്ങിയതു എന്നതും കൗതുകകരം തന്നെ!


Wednesday, May 4, 2011

Payback - പേബാക്ക് (6.9/10)

PayBack/Hindi/2010/Action-Thriller/IMDB/ (6.9/10)
Rated R for graphic violence and some language.

പ്ലോട്ട് : ഒരു രാത്രി ഒരു റോഡ് ആക്സിഡന്റിൽ പെട്ട് ആരാലും ഗൗനിക്കപ്പെടാതെ റോഡരുകിൽ രക്തം വാർന്നു മരിച്ചുകൊണ്ടിരുന്ന നമ്മുടെ നായകൻ പയ്യനെ(കുണാൽ) അതുവഴി കടന്നു വന്ന ഒരു അജ്ഞാതനായ മനുഷ്യൻ ആശുപത്രിയിൽ കൊണ്ടാക്കുകയും, അതു വഴി നമ്മുടെ നായകന്റെ ജീവൻ രക്ഷപ്പെടുകയും ചേയ്യുന്നു. അന്നു മുതൽ വളരേ അവ്യക്തമായി മാത്രം മനസ്സിലുള്ള ഈ രക്ഷകന്റെ മുഖം അന്വേഷിച്ച് നടക്കുകയാണു കുണാൽ. മാസങ്ങൾക്ക് ശേഷം ഒരു ദിവസം വഴിയിൽ ആ മുഖത്തെ അവൻ കണ്ടുമുട്ടുക തന്നെ ചേയ്തു, കുണാൽ അദ്ദേഹത്തെ (രഘു) ആനയിച്ച് തന്റെ ഫ്ലാറ്റിൽ കൊണ്ടു പോയി ട്രീറ്റ് ചേയ്തു സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും, പിരിയാൻ നേരം “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയണം, എന്നെക്കൊണ്ടാവുന്നതാണെങ്കിൽ ഞാൻ അതു ചേയ്തു തരും” എന്നു വാഗ്ദാനം ചേയ്യുകയും ചേയ്യുന്നു.

പക്ഷെ, അടുത്ത ദിവസം രഘു വന്നു കയറുന്നതു പുറത്ത് ഒരു വെടിയുണ്ടയും പേറിയാണു, അയാൾ ചോദിക്കുന്നതു വല്ലാത്ത ഒരാവശ്യമാണു! ..

വെർഡിക്ട് : കഥ അസാദ്ധ്യം, കാണികളെ പിടിച്ചിരുത്തുന്നതിൽ സംവിധായകനും നന്നായി വിജയിച്ചിരിക്കുന്നു, പക്ഷെ, കഥ കല്ലുകടിയില്ലാതെ മുന്നോട്ട് കൊണ്ട് പോവുന്നതിൽ എഴുത്തുകാർ അത്ര വിജയിച്ചോ? പലയിടങ്ങളിലും നടക്കുന്ന കാര്യങ്ങൾക്ക് ഒരു നീതീകരണം നമ്മൾ കണ്ടു പിടിക്കേണ്ട സ്ഥിതിയാണൂ, ഡയലോഗുകളും കഥാസന്ദർഭങ്ങളും കുറച്ചൂടെ ഒന്നു കൊഴുപ്പിക്കാമായിരുന്നു എഴുത്തുകാർക്ക്, അതിനുള്ള സ്കോപ്പ് കഥ കൊടുക്കുന്നുണ്ടായിരുന്നു. പക്ഷെ അവർ നിരാശരാക്കി. (അതു കൊണ്ട് 7 റേറ്റിങ്ങ് കൊടുക്കാൻ മനസ്സില്ല!! )

പക്ഷെ സിനിമ മോശമല്ല - സിനിമ എനിക്കിഷ്ടായി - ഒരു കൊച്ച് സിനിമ, അതും ഡീസന്റായിട്ട് എടുത്തിട്ടും ഉണ്ട്. അത്ര സ്റ്റാർസ് അല്ലാത്ത അഭിനേതാക്കളെ വച്ച് ഈ ഒരു സിനിമ എടുത്തതിനു ഇതിന്റെ സൃഷ്ടാക്കളെ എത്ര അനുമോദിച്ചാലും മതിയാവില്ല.

അഭിനേതാക്കളെ പറ്റി പറയുകയാണെങ്കിൽ : പയ്യൻ :  തരക്കേടില്ല. നായിക : പ്രത്യേകിച്ച് അഭിപ്രായമില്ല. ഗുൽ‌ഷൻ ഗ്രോവർ : കുറച്ചേ അവസരമുള്ളൂ എങ്കിൽ പോലും പ്രസൻസ് അറിയിക്കുന്നുണ്ട്.
സാക്കിർ ഹുസൈൻ : കിടിലൻ.  യെവൻ പുലിയാട്ടാ. :) പയ്യൻ വീട്ടിലേക്ക് കൊണ്ടോയി സൽക്കരിക്കുമ്പോഴും മറ്റും അങ്ങാരുടെ മുഖത്ത് വരുന്ന എക്പ്രഷൻസ് ! .. അസാദ്ധ്യം. :)

ഒറ്റ വാചകത്തിൽ : കാണു, ബോറടിക്കില്ല, നഷ്ടമാവില്ല.

വാൽക്കഷ്ണം : സാക്കിർ ഹുസൈൻ .. അതാണു അപ്പോൾ ലവന്റെ പേരു! ‘സർക്കാർ’ എന്ന എന്റെ ഫേവറേറ്റ് സിനിമയിലെ ഐസ് പോലെ തണുത്ത വില്ലനെ അവതരിപ്പിച്ചുകൊണ്ട് എന്നെ ഒരു ഫാനാക്കി മാറ്റിയ ഇങ്ങാരുടെ പേരു അന്വേഷിച്ച് നടക്കുകയായിരുന്നു ഞാൻ കുറച്ച് നാളായി - കിട്ടിപ്പോയി.! ഇങ്ങാരു ഒരു സംഭവം തന്നാട്ടോ!


Friday, December 17, 2010

രക്തചരിത്ര 1 - RakthaCharithra 1 (6.5/10)


Rakht Charitra/Hindi/2010/Action-Political-Thriller/IMDB/(6.5/10)

പ്ലോട്ട് : ആന്ധ്രാപ്രദേശ്, അവിടത്തെ രാഷ്ട്രീയം ആണു സിനിമയുടെ ശരിക്കുമുള്ള ത്രെഡ്. അതിലെ തന്നെ, പരിതല(ള?) രവീന്ദ്ര (Parithala Ravindra) എന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവിന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്തിരിക്കുന്ന സിനിമ ആണിതു. രാം ഗോപാൽവർമ്മയുടെ സിനിമ, ആന്ധ്രാ രാഷ്ട്രീയം, സംവിധായകന്റെ തന്നെ മുൻ‌കൂർ ജാമ്യം സിനിമയിലെ വയലൻസിനെ പറ്റിയുള്ളതു - ഇവ ഒക്കെ തന്നെ ഈ സിനിമയുടെ മെയിൻ കണ്ടന്റ് എന്തെന്നു വ്യക്തമാക്കുന്നു - വയലൻസ്! .

ഈ സിനിമ രണ്ട് ഭാഗങ്ങൾ ആയിട്ടാണു കാണികൾക്ക് മുന്നിൽ എത്തുന്നതു. ആദ്യത്തേതിൽ നായകന്റെ ഉദയവും, രണ്ടിൽ പിന്നീടത്തെ സംഭവങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.  രണ്ട് ഭാഗങ്ങൾ ആയിട്ട് സ്ക്രീനിൽ എത്തുന്ന ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഇതു ആദ്യം ആണേന്നു തോന്നുന്നു (ആണോ?)  

വെർഡിക്ട് :  ടെക്നിക്കലി, കൊള്ളാം. ഓവർ ആവാത്ത സ്ലോമോഷൻ സീനുകൾ ഇടക്കിടക്ക് വരുന്നതൊക്കെ നല്ലവണ്ണം എന്നെ രസിപ്പിച്ചു. പക്ഷെ വോയ്സ് ഓവർ സീനുകൾ രസംകൊല്ലികൾ ആയെന്നു തോന്നു - അതു വളരേ കൂടിപ്പോയി - ഒരു ഹൈ ബജറ്റ് ഡോക്യുമെന്ററി ആണോ ഞാൻ കാണുന്നതു എന്നു എനിക്ക് പലപ്പോഴും തോന്നിപ്പോയി.പക്ഷെ, രാംഗോപാൽ വർമ്മയുടെ ട്രേഡ് മാർക്ക് ഷോട്ടുകൾ  - പ്രധാന സംഭവങ്ങൾ അപ്രധാന കഥാപാത്രങ്ങളുടെ കണ്ണിലൂടെ കാട്ടുന്നതു മാതിരിയുള്ള ഫ്രെയിമുകൾ - ഇതിലുമുണ്ട്.

വയലൻസ് : .. ഇച്ചി കൂടുതൽ ആണു ഇതിൽ. മനുഷ്യജഡങ്ങൾ മരത്തേൽ കെട്ടിത്തൂക്കി ഇടുന്ന സീനുകൾ ഒക്കെ ഇടക്കിടക്ക് ഉണ്ട്, കൈകാലുകൾ വെട്ടുന്നതൊക്കെ ചറപറാ.. വെറുതെയല്ല, സംവിധായകൻ ഏതോ അഭിമുഖത്തിൽ പറഞ്ഞത്, പെണ്ണുങ്ങൾ ഈ സിനിമ കാണാൻ വരേണ്ടാ, വീട്ടിൽ ഇരുന്നാൽ മതിയെന്നു!

നടനം : വില്ലൻ! എന്റമ്മോ കിടിലൻ! എന്നാ സ്ക്രീൻ പ്രസൻസാ ഈ പിശാശിന്റെ ! ലവൻ ആരെന്നു ഒരു സെർച്ച് ചേയ്തപ്പോ പുടി കിട്ടി. അഭിമന്യൂ സിങ്ങ് ആണിവൻ.  ( പഴേയ ചന്ദ്രചൂർസിങ്ങിന്റെ അനിയൻ)  ലിവൻ കലക്കും ഇനീം!. ബുക്കാ സിങ്ങ് മനസ്സിൽ നിന്നും പോവുന്നതെ ഇല്ല.  

വിവേക് ഒബ്രോയ് : ദാദാ റോളുകളിൽ വിവേകിനെ വെല്ലാൻ ആരുമില്ല എന്ന സ്ഥിതി വരികയാണെന്നാ തോന്നുന്നേ. പക്ഷെ വേറേ എന്തു റോൾ കൊടുത്താലും, നശിപ്പിച്ച് കൈയ്യിൽ വച്ചു തരും കക്ഷി!. :)  പക്ഷെ, ഒള്ളതു പറയണോല്ലോ - വില്ലന്റെ പ്രകടനം നായകന്റേതിനെക്കാൾ അസ്സലായി, ഈ സിനിമയിൽ! നായകൻ തോൽക്കണേ എന്നു വരെ എനിക്ക് തോന്നിപ്പോയി ഇടക്ക്, ലവനെ കുറച്ചും കൂടെ നേരം കണ്ടിരിക്കാനായിട്ട്.

ഒരു നായിക ഉണ്ട് : എന്റമ്മേ .. എന്നാ ഐശ്വര്യമാ ആ മുഖത്ത്!. ഐശ്വര്യാ റായ് ആദ്യ പെപ്സി ആഡിൽ വന്ന ടൈമിലെ ഒരു ലുക്ക്! .. ഗ്ലാമറിനെക്കാളധികം ഐശ്വര്യം തുളുമ്പുന്ന, ഒരു ഗ്രാമീണ മുഖം. എനിക്കിഷ്ടായി! (എന്റെ കൊച്ച് വരില്ലായിരിക്കും അല്ലേ ഇവിടെ! ;) )

വാൽക്കഷ്ണം : എനിക്കിപ്പോ പുടികിട്ടി, അമൽനീരദിൽ കൂടിയിരിക്കുന്ന സ്ലോമോഷൻ പ്രേതം എവിടുന്നു കൂടി എന്നു. രാംഗോപാൽ വർമ്മയിൽ നിന്നും തന്നെ!. പക്ഷെ വ്യത്യാസം : ഇങ്ങാരു ചേയ്യും‌മ്പോൾ നമുക്കതു രസിക്കുന്നു, അമൽ നീരദ് ചേയ്യു‌മ്പോൾ അതു ബോർ ആയിട്ട് തോന്നുന്നു. അധികമായാൽ അ‌മൃതും വിഷം എന്നതു അമൽ നീരദ് മനസ്സിലാക്കേണ്ടിയിരിക്കുന്നു!.


Saturday, October 2, 2010

ഉഡാൻ - Udaan (9/10)



Hindi/2010/Drama/IMDB/(9/10)


പ്ലോട്ട് : ഹോസ്റ്റലിൽ നിന്നും രാത്രി ചാടി പടം കാണുന്ന പരിപാടി പിടിക്കപ്പെട്ട്, സ്കൂളിൽ നിന്നും ഡിസ്മിസ്സ് ചേയ്യപ്പെട്ട്, നാടായ ജംഷഡ്പൂരിൽ എട്ട് വർഷത്തിനു ശേഷം എത്തുകയാണു നായകനായ പയ്യൻ.   ഈ എട്ട് കൊല്ലവും അവന്റെ അച്ഛൻ അവനെ കാണാൻ ബോർഡിങ്ങ് സ്കൂളിൽ എത്തുകയോ അവൻ അവധിക്കാലത്ത് വീട്ടിൽ എത്തുകയോ ചേയ്തിരുന്നില്ല - ബോർഡിങ്ങ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട് നാട്ടിൽ എത്തുന്ന അവനെ കാത്തിരിക്കുന്നതു തനി പട്ടാളച്ചിട്ടയിൽ ജീവിക്കുന്ന സ്വന്തം അച്ഛനും, അവന്റെ അച്ഛന്റെ ഏഴു വയസ്സുള്ള മകനും ആണു. - ഈ അനുജൻ ഈ ഭൂമിയിൽ ഉണ്ടായി എന്നു പോലും അവൻ അറിയുന്നതു വീട്ടിൽ എത്തിയ ശേഷമാണു. തുടർന്നു ആ ‘ജയിലിൽ‘  വാർഡനായ അച്ഛന്റെ ഉരുക്കു മുഷ്ടിയിൽ പെട്ട് ഗതികെടുന്ന, അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഇവർ രണ്ടു പേരുടേയും കഥയാണു ഉഡാൻ.


വെർഡിക്ട് : എ വെനെസ്ഡേ’ക്ക് ശേഷം ഞാൻ കാണുന്ന ഏറ്റവും നല്ല ഹിന്ദി പടം ആണെന്നു തോന്നുന്നു ഇതു! എ വെനെസ്ഡേ’യുടെ വിജയം എന്തായിരുന്നു എന്നു വച്ചാൽ, ഒരു നിമിഷം പോലും സിനിമയുടെ മൂഡിൽ നിന്നും രക്ഷപ്പെടാൻ കാണികളെ അനുവദിച്ചില്ലാ സംവിധാന/തിരക്കഥാകൃത്ത്/സിനിമാറ്റോഗ്രാഫി കൈകാര്യം ചേയ്തവർ എന്നതാണു.   അതിനൊപ്പമോ അതിൽക്കൂടുതലോ നമ്മളെ സിനിമയുടെ മൂഡിലേക്ക് എത്തിക്കാൻ കഴിഞ്ഞൂ ഉഡാന്റെ സൃഷ്ടാക്കൾക്ക് എന്നതാണു ഈ കൊച്ചു പടത്തിന്റെ വിജയം.

സിനിമയുടെ സൃഷ്ടാക്കൾ വേറോരു കാര്യത്തിൽ എന്റെ മുഴുവൻ ആദരവും നേടുന്നുണ്ട് ഈ സിനിമയിലൂടെ - (വില്ലൻ എന്നു പറയാൻ ആവില്ലാ എങ്കിലും) വില്ലനായ അച്ഛന്റെ കഥാപാത്രത്തെ, വെറും  വില്ലനായി അധപതിപ്പിക്കുന്നില്ല അവർ. പകരം അദ്ദേഹത്തിന്റെ വിചാരങ്ങൾ നമ്മളിലേക്കെത്തിക്കാൻ ശ്രമിക്കുക വഴി ആ കഥാപാത്രത്തോടും മാന്യത പുലർത്തിയിരിക്കുന്നു അവർ. വേറേ സിനിമകളിൽ കാണാൻ ബുദ്ധിമുട്ടുള്ള ഒരു സംഗതി ആണിതു.

അഭിനയിച്ചിരിക്കുന്നവർ - അതു ആ കൊച്ചൻ ആണെങ്കിലും ശരി, നായകൻ പയ്യൻ ആണെങ്കിലും ശരി, അച്ഛൻ ആണെങ്കിലും ശരി, അത്യുഗ്രൻ ആയിട്ട് വന്നിട്ടുണ്ട് - ആരേയും മോശം പറയാനില്ലാ എനിക്ക്.  പിന്നെ പ്രത്യേകം എടുത്ത് പറയേണ്ടതു കാസ്റ്റിങ്ങ് ഡയറക്ടറുടെ കാര്യമാണു. കഥാപാത്രങ്ങൾക്ക് ഇതിലും ചേർന്ന നടന്മാരേ കിട്ടില്ലാ എന്നു തോന്നുന്നു, ഈ ഭൂമിയിൽ!. ആ അച്ഛനായിട്ട് റോണിത് റോയ് ജീവിക്കുക തന്നെ ആയിരുന്നു!!..

ശരിക്കും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടമാണിതു. - അതു കൊണ്ടു തന്നെ ആണു ഞാൻ 9 എന്ന ഓൾമോസ്റ്റ് പെർഫക്ട് സിനിമകൾക്ക് മാത്രം കൊടുക്കാവുന്ന റേറ്റിങ്ങ് കൊടുക്കുന്നതു. ആക്ഷനോ, ത്രില്ലിങ്ങ് മോമെന്റ്സോ പറയാനില്ല - പക്ഷെ - .. മിസ്സ് ആക്കേണ്ട! ഒരു കാരണവശാലും.! :)

വാൽക്കഷ്ണം : ഈ സിനിമ നീണ്ട 7 വർഷങ്ങൾക്ക് ശേഷം കാൻസിലെ മത്സര വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധാനം ചേയ്തത്രെ! ..  യാതൊരു അത്ഭുതവും ഇല്ല അതിലേക്ക് സെലക്ഷൻ കിട്ടിയതിൽ!. ..

വേറൊരു കാര്യം .. ആ പോസ്റ്റർ കണ്ടോ .. ആ പോസ്റ്ററിൽ ഉണ്ട് മുഴുവൻ കഥയും ;)


Tuesday, September 28, 2010

പാ - Paa (7/10)




Paa/2009/Hindi/Drama/IMDB/(7/10)

പ്ലോട്ട് : ജാക്ക് എന്ന പടത്തിന്റെ അതേ പ്ലോട്ട് + പയ്യന്റെ മാതാപിതാക്കളുടെ റൊമാൻസ് + അച്ഛനില്ലാത്ത മകൻ + അതിന്റെ ദേഷ്യം അച്ഛനോട് + കുറച്ച് തമാശകൾ + സെന്റി സന്ദർഭങ്ങൾ ...  = പാ.


വെർഡിക്ട് : ഉഗ്രൻ പടം. നല്ല സ്ക്രീൻപ്ലേ, നല്ല ഡയറക്ഷൻ, നല്ല സ്റ്റോറി, നല്ല ക്യാമറാ വർക്ക് .. എല്ലാം വളരേ നല്ലതു. പക്ഷെ,  എന്തിനു അവസാന ഭാഗത്തെ സെന്റി സീനുകൾ അത്രേം സെന്റി ആക്കി ? ഒരല്പം കൂടെ മൈൽഡ് ആക്കിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോയി - പക്ഷെ, അതു ഈ സിനിമയുടെ മാറ്റ് കുറക്കുന്നില്ല കേട്ടോ. :)  ‘ചീനി കം’ എന്ന പടത്തിന്റെ ഡയറക്ടർ താൻ ഒരൊറ്റ സിനിമാ വണ്ടർ അല്ല എന്ന് തെളിയിച്ചു ഈ സിനിമയിലൂടെ. പരസ്യ ചിത്രങ്ങൾ മാത്രമല്ല, സിനിമകളുടേയും രാജാവ് താൻ തന്നെ എന്നു തെളിയിക്കും ഒരു നാൾ അദ്ദേഹം, അതുറപ്പ്.

ബച്ചന്മാർ : അച്ഛനും മകനും ഉഗ്രനായിട്ടുണ്ട്. പക്ഷെ മകൻ ആണു എന്റെ അഭിപ്രായത്തിൽ ഇതിൽ കൂടുതൽ നന്നായിരിക്കുന്നതു. മേക്കപ്പ് കൊള്ളാം - ബച്ചന്റെ മാസ്കും കൊള്ളാം. :)  പക്ഷെ ഇവരെക്കാൾ ഒക്കെ വളരെ ഉഗ്രനായിട്ടുള്ളതു വിദ്യാ ബാലൻ ആണു. കലക്കി കടുകുവറുത്തു ആ സുന്ദരി. ... ഇഷ്കിയ കഴിഞ്ഞ് ഇതും.! കൊള്ളാം !


ആ അവസാനഭാഗത്ത് എന്നെ കരയിച്ചതു കാരണം ഞാൻ ഒരു അര - ഒരു മാർക്ക് കുറക്കുന്നു. :)

വാൽക്കഷ്ണം : “Just by lending me your sperm doesn’t means he is your son” ..    വിദ്യാ ബാലൻ  കുട്ടിയുടെ അച്ഛനായ അഭിഷേക് ബച്ചനോട് ആക്രോശിക്കുന്ന ഡയലോഗ് ആണിതു. .. ഹിന്ദി സിനിമകളിൽ   മെച്വർ ആയ സംഭാഷണങ്ങൾ ജെനറൽ കാറ്റഗറി സിനിമകളിലേക്ക് കടന്നു വന്നു തുടങ്ങിയിരിക്കുന്നു  നേരത്തെ മഹേഷ് മഞ്ജരേക്കറുടേയും മറ്റും സിനിമകളിൽ പച്ചത്തെറി പറഞ്ഞിരുന്നു എങ്കിലും,  ഒരു മുഖ്യധാരാ സിനിമയിൽ - അതും കുട്ടികൾ മുഖ്യ പ്രേക്ഷകർ ആയിട്ട് വരാൻ സാധ്യതയുള്ള ഒരു സിനിമയിൽ ഇത്തരം ഡയലോഗുകൾ ഒരു ചേഞ്ച് തന്നെ ആണ്. കൊള്ളാം.  !

ജാക്ക് എന്ന പടത്തെപ്പോലെ നല്ലോരു പടം - ഒരു കണ്ടിരിക്കേണ്ട പടം. :)


Wednesday, September 8, 2010

ലംഹാ - Lamhaa


Hindi/2010/Action/IMDB/(8/10)
Rated 'A' because of the theme - terrorism.

പ്ലോട്ട് : ഒരു കശ്മീർ കഥ. കശ്മീരിന്റെ ശത്രു ആരു എന്ന അന്വേഷണം നടത്താൻ ആണു ഈ പടത്തിൽ സംവിധായകനും കഥാ-തിരക്കഥാകൃത്തുമായ രാഹുൽ ഡോലാക്യ  ശ്രമിക്കുന്നതു. ഈ പടത്തിൽ നായകന്മാരോ വില്ലന്മാരോ ഇല്ലാ എന്നു വേണമെങ്കിൽ പറയാം, എല്ലാവരും അവരവരുടെ അല്ലാ എങ്കിൽ അവരുടെ വിശ്വാ‍സങ്ങൾക്കായി പൊരുതുന്നു, ചിലർ കശ്മീരിനായി, ചിലർ കശ്മീരികൾക്കായി, ചിലർ ഇന്ത്യക്കായി, ചിലർ പാക്കിസ്ഥാനിനായി, ചിലർ സ്വന്തം കീശ വീർപ്പിക്കാനായി പൊരുതുന്നു, ആ പോരിന്റെ കഥയാണിതു - ലംഹാ (അർഥം : ഒരു നിമിഷം.) ഡൽഹിയിൽ നിന്നും സ്പെഷ്യൽ മിഷനായി മിലിറ്ററി ഇന്റലിജൻസ് അയക്കുന്ന സ്പെഷ്യൽ ഏജന്റായി സഞ്ജയ് ദത്തും, വിഘടനവാദി ആയ ആത്മീയ നേതാവായി അനുപം ഖേറും, മുൻ തീവ്രവാദിയായി കുണാൽ കപൂറും, തീവ്രവാദി ലേഡീ വിങ്ങ് നേതാവായി ബിപാഷാ ബസുവും അഭിനയിക്കുന്നു.

വെർഡിക്ട് : പല പടങ്ങളിൽ നിന്നും അടിച്ച് മാറ്റിയ ആക്ഷൻ സീനുകൾ പടത്തിന്റെ നിറം ഒരല്പം കെടുത്തുന്നുണ്ടെങ്കിലും, ഇന്ത്യൻ സിനിമയിലെ ഒരു മാറ്റത്തിന്റെ തുടക്കമാവും ഈ സിനിമ എന്നു തോന്നുന്നു എനിക്ക്. ഈ സിനിമ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങൾ - അതു പാക്കിസ്ഥനു നേരേ ആയാലും, ഡൽഹിക്ക് നേരേയായാലും അതു അല്പം സുഖക്കുറവ് ഉണ്ടാക്കുന്നതാണേങ്കിലും,  ഈ സിനിമ മുൻ കശ്മീർ സിനിമകളിൽ നിന്നും വ്യത്യസ്ഥമാവുന്നതു അന്ധമായ ഡൽഹി സ്നേഹം ഇതിൽ ഇല്ല എന്ന കാരണത്താലാണ്.  ചുരുക്കിപ്പറഞ്ഞാൽ, ഈ സിനിമ പാക്കിസ്ഥാനേയും കശ്മീർ വിഘടനവാദത്തേയും പോലെ ഡൽഹിയുടെ കശ്മീർ നയത്തേയും പ്രതിക്കൂട്ടിൽ നിർത്തുന്നു.

അഭിനയം : മറ്റേ കക്ഷി : കുണാൽ കപ്പൂർ : എന്റമ്മോ, കിടു. സഞ്ജ‌യ് ദത്ത് ചുമ്മാ വന്നു നിന്നാൽ പോലും എനിക്കിഷ്ടാവും. മറ്റുള്ളവർ വലിയ എഫക്ട് ഉണ്ടാക്കിയില്ല.  പാട്ടുകൾ വന്നു പോയതു ഞാനറിഞ്ഞില്ല, അവ പടവുമായി അത്രക്ക് ചേർന്നു നിൽക്കുന്നു. (പക്ഷെ ഒരെണ്ണം വന്നതു ഞാനറിഞ്ഞൂ, അതു അത്ര വേണ്ട പാട്ടാണെന്നു തോന്നിയില്ല)

ബോൾഡായ ഈ സബ്ബ്ജക്ടിനാണു എന്റെ മാർക്ക്. നാട്ടാർക്ക് സുഖിക്കുന്നതു മാത്രമേ പറയൂ എന്ന കടും പിടുത്തം ഉപേക്ഷിച്ചതിനാണു എന്റെ മാർക്ക്. പാട്രിയോറ്റിസം കൊണ്ട് കാലാകാലങ്ങളായി മൂടിവച്ചിരിക്കുന്ന സത്യത്തിനെ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന ഡയറക്ടറുടെ ആ ചങ്കൂറ്റത്തിനു ആണു എന്റെ മുഴുവൻ മാർക്കും.   :)  . ഇങ്ങനെ ഒക്കെ ആയിട്ടും അകാരണമായ ഒരു ‘A' സർട്ടിഫിക്കേഷൻ കൊടുത്തെങ്കിൽ പോലും, രണ്ട് സീനുകൾ വെട്ടി മാറ്റിയെങ്കിൽ പോലും, പ്രദർശനാനുമതി നൽകിയ ഇന്ത്യയുടെ സെ‌ട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു എന്റെ നൂറിൽ നൂറ് മാർക്ക്! :) ബ്രാവോ!.


വാൽക്കഷ്ടം: ബോൺ സുപ്രമസിയിലെ ലണ്ടനിലെ വാട്ടർലൂ റെയിൽ‌വേ സ്റ്റേഷൻ ആക്ഷൻ സീക്വൻസ് അതേ പടി അടിച്ച് മാറ്റിയിട്ടുണ്ട് ഈ സിനിമയിൽ.  കഴിഞ്ഞ ഓസ്കാർ നേടിയ പടമാ‍യ ഹർട്ട്‌ലോക്കറിലേയും ബോംബ് ഒളിപ്പിക്കുന്ന സീനുകൾ ഇതിലുണ്ട് (പക്ഷെ ഈ പടം 2008 ഇൽ ഷൂട്ടിങ്ങ് തുടങ്ങിയതാണു, എങ്ങനെ അപ്പോൾ ഇവർക്ക് താരതമ്യേന പുതിയ ഇംഗ്ലീഷ് പടത്തിൽ നിന്നും അടീച്ച് മാറ്റാൻ പറ്റും എന്നു എനിക്ക് അത്ര പിടി കിട്ടിയില്ല.

ഈ സിനിമ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചിരിക്കുകയാണു - എന്തിനാണാവോ, എന്തുണ്ടായിട്ടാണാവോ!. ഈ സിനിമക്കിടയിൽ ആണു ബിപാഷാബസു പേടിച്ച് വിറച്ച് ആരോടും മിണ്ടാതെ സെറ്റിൽ നിന്നും മുങ്ങിക്കളഞ്ഞത്! പാവം - എപ്പോ വേണമെങ്കിലും  വീഴും എന്ന പോലെ തൂങ്ങിക്കിടക്കുന്ന മരണത്തിന്റെ വാളിനെ ആർക്കാണു പേടിയില്ലാത്തതു! അവസാനം ക്ലൈമാക്സ് മനാലിയിൽ വച്ച് പൂർത്തിയാക്കി സിനിമ തീയറ്ററുകളിലെത്തിക്കുകയായിരുന്നു.


Tuesday, September 7, 2010

വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ - Once upon a Time in Mumbai (7/10)


Hindi/Action-Drama-Period/2010/(7/10)

പ്ലോട്ട് : 70കളിലെ ബോംബൈ നഗരം. അധോലോക നായകന്മാർ ജനങ്ങളുടെ കണ്ണിലുണ്ണിയും ഹീറോകളും ആയി വരുന്ന കാലം.  ആ സമയത്തെ പുത്തൻ അധോലോക ഉദയം ആയി അജയ്ദേവ്ഗനും,  ആ നായകന്റെ കീഴിൽ ഉദിച്ചുയരുന്ന മറ്റോരു ക്രിമിനൽ ആയി ഇമ്രാൻ ഹാഷ്മിയും അഭിനയിക്കുന്നു. ആ കാലഘട്ടത്തിലെ അധോലോക-സിനിമാ-ബിസിനസ്സ്-രാഷ്ട്രീയ ബന്ധങ്ങളും മറ്റും ആണു കഥയുടെ ഇതിവൃത്തം. മുംബൈ സ്ഫോടനങ്ങളുടെ അന്നു സ്വയം അപായപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെടുന്ന ഹൂഡ അവതരിപ്പിക്കുന്ന ഉന്നത പോലീസ് ഓഫീസറുടെ ഫ്ലാഷ്ബാക്ക് ആയിട്ടാണു കഥ തുടങ്ങുന്നതും മുന്നേറുന്നതും അവസാനിക്കുന്നതും..

വെർഡിക്ട് : 8 അല്ലായെങ്കിൽ 8.5 വരെ റേറ്റിങ്ങ് വാങ്ങാമായിരുന്ന ഒരു പടം, അതിനുള്ള ഹോംവർക്ക് അതിന്റെ ക്രിയേറ്റേഴ്സും ആർട്ടിസ്റ്റുകളൂം ആത്മാർഥമായി ചേയ്തിട്ടുള്ള ഒരു പടം. അതിനു 7 വരെയേ (എന്റെ) റേറ്റിങ്ങ് എത്തുന്നുള്ളൂ, (അതും കടിച്ച് പിടിച്ച്) എന്നതിന്റെ ഒരേ ഒരു കാരണം ഇടക്ക് വച്ച് സംവിധായകനോ അല്ലാ എങ്കിൽ നിർമ്മാതാവിനോ നാലഞ്ച് പാട്ട് കയറ്റിയില്ലായെങ്കിൽ പടം പൊളിയുവോ എന്നുള്ള സംശയം ഉണ്ടായതാണ് അല്ലാതെ പടം മോശമായതു കൊണ്ടല്ല. പകുതി അല്ലായെങ്കിൽ മുക്കാൽഭാഗം ഡീസന്റായി മുന്നോട്ട് നീങ്ങുന്ന പടം ഇടക്ക് വച്ച് ലക്ഷ്യം നഷ്ടപ്പെട്ട് അനാവശ്യ പാട്ടുകളിലും ഡയലോഗുകളിലും പെട്ട് ഒരു കുറ്റിക്ക് ചുറ്റും വട്ടം കറങ്ങുന്നതു പോലെയാണു എനിക്ക് തോന്നിയതു, പിന്നീട് അതു ശരിയാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും. 

ഇതോക്കെ ആണെങ്കിലും, പടം ക്ലാസ്സ് തന്നെയാണു. 1970കളിലെ മുംബൈ (ബോംബൈ എന്നു സ്വകാര്യമായി പറയാം വേണമെങ്കിൽ ഞാൻ) വളരെ ഉഗ്രനായിട്ട് തന്നെ റീക്രിയേറ്റ് ചേയ്തിരിക്കുന്നു കലാ-ഗ്രാഫിക്ക്സ് ഡിപ്പാർട്ട്മെന്റ്. ആ സമയത്തെ ബോംബൈ സ്കൈലൈൻ കാട്ടുന്നുണ്ട് - ഉഗ്രൻ!. :)  അതു പോലെ ആ സമയത്തെ വസ്‌‌ത്രങ്ങൾ, വാഹനങ്ങൾ, സ്റ്റയിലുകൾ .. എല്ലാം കൊള്ളാം. എടുത്ത് പറയേണ്ടതു സ്ക്രീപ്ലേയും ഡയലോഗുകൾ ആണു,  ടെക്നിക്കലി വളരേ ഉഗ്രൻ.

‘D‘ എന്ന പടത്തിലെ നായകൻ ഹൂഡ ഇതിലും ഉഗ്രൻ - രാംഗോപാൽ‌വർമ്മയുടെ കണ്ടുപിടുത്തം മോശമായില്ല. അജയ് ദേവ്ഗൻ - കമ്പനിയിലെ പെർഫോർമൻസ് ഓർമ്മിപ്പിക്കുന്ന ഒരു വർക്ക് - ചാടുന്ന വളയത്തിന്റെ അളവ് കുറച്ച് കുറച്ച് കൊണ്ടു വരികയാണു അങ്ങാരു, ആദ്യ സിനിമകളിലെ അജയും ഇന്നത്തെ അജയിനെയും കമ്പയർ പോലും ചേയ്യാനാവില്ലാ എന്നു തോന്നുന്നു!.
ആദ്യമായിട്ടാവണം ഇമ്രാൻ ഹാഷ്മിക്ക് ഒരു പടത്തിൽ ഉമ്മ വൈക്കാൻ പെണ്ണിനെ കിട്ടാതിരിക്കുന്നതു.! അവന്റെ ഡീസന്റ് പെർഫോർമൻസ് ആദ്യായിട്ട് ഞാൻ കാണുവാണു. അജയ് ദേവഗനു ഒരു ചലഞ്ച് കൊടുക്കാൻ മാത്രം ഹാർഡ് വർക്ക് അവൻ ചേയ്തിരിക്കുന്നു, കൊള്ളാം. കങ്കണാറൗണത്ത് : ആദ്യായിട്ട് ഒരു പടത്തിൽ അവളെ രോഗിയോ തലക്ക് ഓളമോ മയക്ക് മരുന്നു അടിമത്തമോ ഇല്ലാതെ കാണാം എന്നു നോക്കിയിരിക്കായിരുന്നു ഇതിൽ - പക്ഷെ എന്തു ചേയ്യാം, അവൾക്കവസാനം ഹൃദയത്തിൽ ഊട്ടയാവും (ദ്വാരമാവും) ! ആ കൊച്ചിന്റെ കാര്യം പോക്കാ!(പക്ഷെ എനിക്കിഷ്ടാ ;) ‌)

അങ്ങനെ എല്ലാം കൊള്ളാം- പക്ഷെ പടത്തിന്റെ നടുവശം സ്ലോ, ആദ്യവശം കൊള്ളാം, അവസാനം ഫാസ്റ്റസ്റ്റ്. നടുവശം ഒന്നു ചെത്തി മിനുക്കി ചിന്തേരിട്ട് എടുത്തിരുന്നെങ്കിൽ ഒരു ക്ലാസ്സിക്ക് പടം ആയേനെ ഇതു!. കണ്ട് നോക്കൂ. :)

വാൽക്കഷ്ണം : അൺ‌ഒഫിഷ്യലീ, അജയ്ദേവ്ഗൻ പണ്ടത്തെയും എന്നേത്തേയും അധോലോക സുൽത്താൻ ആയ ഹാജി മസ്താൻ ആയിട്ടാണു അഭിനയിക്കുന്നതു, ഇമ്രാൻ ഹാഷ്മി ദാവൂദ് ആയിട്ടും അഭിനയിക്കുന്നു. പലയിടങ്ങളിയാലി മന്ദാകിനി, മറ്റോരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന മധുബാല എന്നിവരേയും കഥയിൽ പരാമർശിച്ച് പോവുന്നുണ്ട്.


Monday, September 6, 2010

ഐ ഹേറ്റ് ലവ് സ്റ്റോറീസ് - I Hate Love Storys (6/10)


പ്ലോട്ട് : നായകൻ : ലവ് സ്റ്റോറീസിനേം ലവ് എന്ന വാക്കിനെ തന്നെയും വെറുക്കുന്നു. എന്നാൽ പുള്ളി വർക്ക് ചേയ്യുന്നതു ബോളീവുഡിലെ ടോപ്പ് ലവ് സ്റ്റോറി ഡയറക്ടറുടെ അസിസ്റ്റന്റ് ആയിട്ടാണു.  നായിക  ആസ് യൂഷ്വൽ -: ലവ് സ്റ്റോറീസിനേം ലവിനേം ഇഷ്ടപ്പെടുന്നു. ഒരു കാമുകൻ കുട്ടിക്കാലം മുതൽക്കുണ്ട് ഓൾക്ക്. പിന്നെ  വെറുക്കുന്നവന്റെ വെറുപ്പ് മാറുന്നതും കഥ സാദാ ബോളീവുഡ് മസാലപ്പടം ലെവലിലേക്ക് വരുന്നതും ഒക്കെ ആണു സംഭവം. പക്ഷെ ഒരു കാര്യമുണ്ട് കേട്ടോ - കഥയിൽ എന്തു സംഭവിക്കുന്നതിനു മുൻപും വോയിസ് ഓവറിൽ സാദാ ബോളീവുഡ് പടത്തെ കുറ്റം പറഞ്ഞു കൊണ്ട് ആണു അതേ കാര്യം ചേയ്യുന്നതു - അതൊരു ചേഞ്ച് ആണു. . ;)

വെർഡിക്ട് : ആദ്യാവസാനം ലവ് സ്റ്റോറീസിനെ വെറുക്കുന്നു വെറുക്കുന്നു എന്നു പറയുന്ന നായകൻ, സിനിമകളിലെ പാട്ടുപാടലും, വെള്ളമടിയും ഒക്കെ വെറുക്കുന്ന നായകൻ - ചേയ്യുന്നതു മൊത്തം അതാണു. പകുതി കഴിഞ്ഞാൽ പടം ശരിക്കും ഒരു കരൺ ജോഹർ പടം (പാട്ട്-വിരഹം-കുടൂംബസ്നേഹം-എയർപ്പോർട്ട്-തിരിച്ചോടൽ-പ്രേമസാഫല്യം) ആയി മാറുകയാണു. ചുമ്മാ ഓരോ സന്ദർഭങ്ങൾ ഉണ്ടാക്കി കൈയ്യടി വാങ്ങാനുള്ള വ്യഥാ ശ്രമം.


ഇനി നല്ല വശം : പകുതി വരെ, പടം വളരേ രസകരം ആയിരുന്നു. സോനം കപൂറും ഇമ്രാൻ ഖാനും ആയിട്ടുള്ള കൊ‌മ്പിനേഷൻ ആൻഡ് കെമിസ്ട്രി കിടു. ലവന്റെ കെയർഫ്രീ ആറ്റിറ്റ്യൂഡ് അഭിനയം കൊള്ളാം. പക്ഷെ ഇപ്പോഴും ആ മാനറിസംസ് ഇടക്കിടക്ക് ചാടി വീഴുന്നുണ്ട് മുഖത്തേക്ക്. സോനം കപൂർ ഇതിൽ ആണു ആദ്യായിട്ട് എനിക്കിഷ്ടാവുന്നതു. പക്ഷെ ഏറ്റവും നന്നായിരിക്കുന്നതു ..... നായകന്റെ ഫ്രണ്ട് ആയിട്ടഭിനയിക്കുന്ന ലവനാണു - സ്പ്രൈറ്റിന്റെ പരസ്യത്തിലെ തടിയൻ പയ്യൻ. ലവൻ കിടു എന്നു പറഞ്ഞാൽ പോര, കിക്കിടു!. ബാക്കി സബ്ബ് ബക്വാസ്!

പകുതി കഴിഞ്ഞാൽ ബോറാണു. പക്ഷെ ആദ്യ പകുതി കണ്ടിരിക്കാവുന്നതും ആണു. സൊ, എന്റെ അഭിപ്രായം, ഒട്ടും പേടിക്കാതെ സിഡി/ഡിവിഡി എടുത്തോളുക, പകുതി കണ്ടോളുക, പകുതി കഴിഞ്ഞ് ബോറടിക്കുന്നു എങ്കിൽ നിർത്താം, എന്നാലും സിഡി വാടക നഷ്ടമാവില്ല.!  പകുതി കഴിഞ്ഞും മറ്റേ സ്പ്രൈറ്റ് നടന്റെ ന‌മ്പേഴ്സ് ഉണ്ട്, പക്ഷെ ആദ്യ പകുതിയുടെ അത്രേം ഇല്ല.  , എനിക്കിഷ്ടായി, പക്ഷെ മിക്ക റിവ്യൂസും പടം വളരേ മോശം എന്നാണു, അതു കൊണ്ട് സ്വന്തം റിസ്കിൽ കാണുക.  ഈ സജ്ജക്ഷനു ഞാൻ മുൻ‌കൂർ ജാമ്യം എടുക്കുന്നു!

വാൽക്കഷ്ടം : സ്പെല്ലിങ്ങ് തെറ്റിച്ച് എഴുതുന്ന പരിപാടിയേ എനിക്കിഷ്ടാല്ല, എനിക്ക് അക്ഷരപിശാശിന്റെ ബാധ ഉണ്ടെങ്കിൽ പോലും. അപ്പോഴാണു ഈ പടത്തിന്റെ ടൈറ്റിലിൽ തന്നെ സ്പെല്ലിങ്ങ് മിസ്റ്റേക്ക്!.. ഇഡീയറ്റ്സ്!


Friday, August 20, 2010

ഇഷ്‌ക്വിയ - Ishqiya (7.5/10)


Hindi/Thriller/2010/(7.5/10)

പ്ലോട്ട് : പടത്തിൽ ആകെ വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളേ ഉള്ളൂ. സ്ഥിരം കുറ്റവാളികൾ ആയ രണ്ട് കൂട്ടുകാർ (അർഷദ് വാർസി, നസ്സുറുദ്ദീൻ ഷാ) അവർ എത്തിപ്പെടുന്ന ഒരു ഉൾഗ്രാമത്തിലെ സുന്ദരിയായ വിധവ (വിദ്യാബാലൻ), ആ വിധവയുടെ ഭർത്താവ്,  ഈ കുറ്റവാളികളെ പിടിക്കാൻ നടക്കുന്ന നസ്സുറുദ്ദീൻ ഷായുടെ അളിയൻ ഒരാൾ, പട്ടണത്തിലെ ഒരു വ്യവസായി എന്നിവർ  ആണവർ.

പടം തുടങ്ങുന്നതു തന്നെ സുന്ദരിയായ കൃഷ്ണാ വർമ്മയേയും (വിദ്യാബാലൻ) പോലീസിനു പിടി കൊടുക്കാതെയും ശത്രുക്കളെ പേടിച്ചും  ഒളിവിൽ കഴിയുന്ന അവളുടെ ഭർത്താവായ വിദ്യാധർ വർമ്മയേയും കാണിച്ചു കൊണ്ടാണു. സ്വന്തം ഭർത്താവിനെ വളരേ അധികം സ്നേഹിക്കുന്ന ഭാര്യ - ഭാര്യയേ അതിനെക്കാൾ ഏറേ ഇഷ്ടപ്പെടൂന്ന ഭർത്താവ്.. ആ രാത്രി ഭാര്യയുടെ കൂടെ കഴിയാൻ ഒളിച്ചും പാത്തും സ്വന്തം വീട്ടിൽ എത്തിയതാണു വർമ്മ. പക്ഷെ ആ രാത്രി അവരുടെ സന്തോഷങ്ങളുടെ അന്ത്യ രാത്രി ആവുന്നു - ദുരൂഹമായ ഒരു  ഗ്യാസ് സിലണ്ടർ സ്ഫോടനത്തിൽ ആ വീട് അന്നു ഒരു മരണ വീടാവുന്നു.

ആ ഗ്രാമത്തിലേക്ക് നമ്മുടെ നായകർ പോലീസിൽ നിന്നും, അവരേ വേട്ടയാടുന്നവരിൽ നിന്നും ഒളിച്ച് നേപ്പാളിലേക്ക്  രക്ഷപ്പെടാൻ ആയി വിദ്യാബാലന്റെ ഭർത്താവായ വർമ്മയിൽ നിന്നും സഹായം നേടാൻ എത്തുന്നു, പക്ഷെ അവർ അറിയുന്നതു  അദ്ദേഹം മരിച്ചെന്ന വാർത്തയാണു. വിധവയായ, വളരെ ദുരൂഹമായ സ്വഭാവമുള്ള, പ്രതികാരദുർഗ്ഗാ പരിവേഷമുള്ള വിദ്യാബാലൻ അവരെ സ്വീകരിക്കുന്നു ..

ബാക്കി കഥ സസ്പെൻസ്. :)  അതു കണ്ടറിയൂ.

വെർഡിൿട് : കൊള്ളാം, നല്ല പടം.  സസ്പെൻസ് അവസാനം വരെ കാത്തു വൈക്കാൻ സിനിമാ സൃഷ്ടാക്കൾക്ക് കഴിഞ്ഞു എന്നു മാത്രമല്ല,  കാണികൾക്ക് വളരെ സിമ്പിളാ‍യ റീസൺ കൊടൂത്ത് കഥയുടെ ഹൈലൈറ്റായ ദുരൂഹതയെ മറച്ചു വൈക്കാൻ കഴിഞ്ഞു എന്നതു തന്നെയാണു ഈ കഥയിലെ ഏറ്റവും പ്രധാന കാര്യം.   വിദ്യാബാലനും നസ്സുറുദ്ദീൻഷായും അർഷദ് വാർസിയും ഉഗ്രനാക്കി. മിസ്റ്ററീ  വുമൺ ആയിട്ട് വിദ്യാബാലൻ ശരിക്കും കസറി.  കഥക്ക് 100 മാർക്ക്. അഭിനേതാക്കൾക്കും. :)

കണ്ടാൽ ഒരു നഷ്ടമാവില്ല. ധൈര്യമായി തല വച്ചോളൂ. :)

വാൽക്കഷ്ണം : ഒരു ചൂടൻ സീനുണ്ട് പടത്തിൽ, എന്നാ കെമിസ്ട്രി ആയിരുന്നു അർഷദ് വാർസിയും വിദ്യാബാലനും തമ്മിൽ ഈ സീനിൽ.  ഹൂ ... 

എന്റെ വിദ്യാമോളേ .. കാപാലികേ ... വഞ്ചകീ  ..  നീയും എന്നെ ചതിച്ചു  അല്ലേ ..?  :( എന്നാലും എന്നോടിതു വേണ്ടായിരുന്നു..


Sunday, August 15, 2010

രാജ്നീതി - Rajneeti (6/10)



Hindi/2010/Political Thriller/(6/10)

പ്ലോട്ട് : ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണീ പടം. ഒരു രാഷ്ട്രീയ കുടൂം‌ബത്തിന്റെ, പവറിനായുള്ള അവരുടെ തമ്മിൽതല്ലിന്റെ കഥയാണിതു. കഥ മുഴുവൻ  പറഞ്ഞാൽ നിങ്ങൾ പറയും രാമായണ മാസം ആയതു കൊണ്ട് ഞാൻ മഹാഭാരത കഥ പറയുവാണു എന്നു .. അതു കൊണ്ട് പറയുന്നില്ല ബാക്കി കഥ.

വെർഡിൿട് : സംഭവം കൊള്ളാം. ഏകദേശം പകുതി വരെ ഞാൻ വളരെ രസിച്ചു തന്നെ സിനിമ കണ്ടു. നല്ല ട്വിസ്റ്റുകൾ, ഉഗ്രൻ കഥാപാത്ര സൃഷ്ടികൾ, തകർപ്പൻ ബാക്ക്ഗ്രൗണ്ട് സ്കോർ, .. ആകെ കൂടെ ഒരു തട്ടുപൊളിപ്പൻ പടത്തിന്റെ എല്ലാ കെട്ടും മട്ടും. പക്ഷെ പതുക്കെ പതുക്കെ കഥയിലെ ആ സസ്പെൻസ് നഷ്ടമായി എനിക്ക് - കാരണം മഹാഭാരത കഥ അതേപടി പകർത്തിയിരിക്കുകയാണു സിനിമയിൽ. ഒരല്പം ചേഞ്ച് ഒക്കെ വരുത്തി കഥയിൽ അടുത്തെതെന്താണു സംഭവിക്കാൻ പോവുന്നതു എന്ന് കാണികൾക്ക് ഊഹിക്കാനാവാത്ത വിധം ആക്കാമായിരുന്നു ക്രിയേറ്റേഴ്സിന്. അവർ അതു ചേയ്തില്ല - സിനിമയുടെ സുഖം പോയി!

എന്നാലും - ഒരു തവണ ഒക്കെ കാണാവുന്ന ഒരു സിനിമ ആണു ഇതു. കത്രീന കൈഫ് എന്ന അഭിനയം എന്നതു എന്തെന്നു അറിയുക പോലും ഇല്ലാത്ത ആ നടിയെ എന്തിനു ബോളിവുഡ് വച്ച് പൊറുപ്പിക്കുന്നു എന്നു എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. ഇതിലും അവർ യാതോരു വികാരവും ഇല്ലാതെ അഞ്ചെട്ട് സീനുകളിൽ വന്നു പോവുന്നുണ്ട്. രൺബീർ മെച്ചപ്പെട്ടു വരുന്നുണ്ട്. അജ‌യ് ദേവ്ഗൻ, ഷാ, നാനാ പട്ടേക്കർ എന്നിവർ ആസ് യൂഷ്വൽ ഉഗ്രൻ. സാധാരണ പോലെ മനോജ് വാജ്പെയ് ഓവറും ആക്കിയിട്ടുണ്ട്. കുന്തിയുടെ വേഷം ചേയ്യുന്ന നടി - അവർ കത്രീനയുടെ ഫ്രണ്ട് ആണെന്നു തൊന്നുന്നു - അവരുടെ ചില അഭിനയം ഒക്കെ അൺ സഹിക്കബിൾ ആണു. 


വാൽക്കഷ്ണം : ശ്രീകൃഷ്ണൻ ആയിട്ട് നാനാപട്ടേക്കർ! ..  ബാക്കി ലിസ്റ്റ് പറഞ്ഞാൽ എന്റെ വാലു എല്ലാരും കൂടെ മുറിക്കും. അതു കൊണ്ടൂ ഞാൻ ഇന്നു സുൽ!

കത്രീനാ കൈഫ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വൈക്കുന്ന ഒരു സ്പീച്ച് ഉണ്ട് പടത്തിൽ. നല്ല ഒന്നാം തരം പ്രസംഗം. ഭാഷ അറിയാത്തവർ വരെ കൈയ്യടിക്കുമാറ് എഴുതിയിരിക്കുന്ന തീപ്പോരി ഡയലോഗാണത് - അതു ആ പെണ്ണുമ്പിള്ള പ്രസംഗിക്കുന്നതു കാണേണ്ടതു തന്നെ ആണ്. ഹോ .. ഉള്ള വോട്ട് അസാധുവാക്കാൻ തോന്നിപ്പോവും അതു അവർ പ്രസംഗിക്കുന്നതു കേട്ടാൽ ... ഇതിനെ എന്തിനാണാവോ വച്ചോണ്ടിരിക്കുന്നേ - ............ പണ്ടാരം ഇതു ഞാൻ മുകളിൽ ഒരിക്കൽ പറഞ്ഞതല്ലേ!! ...


Monday, July 5, 2010

കൈറ്റ്സ് : Kites (4.5/10)



Hindi/Romance/(4.5/10)

പ്ലോട്ട് : നാ‍യകന്‍ : ഹൃതിക്ക് റോഷന്‍. ലങ്ങേരു അമേരിക്കയില്‍ ഡാന്‍സ് പഠിപ്പിക്കല്‍, കള്ളനോട്ട് പരിപാടി, ഗ്രീന്‍ കാര്‍ഡ് തട്ടിപ്പ് കല്യാണങ്ങള്‍ തുടങ്ങിയ തരികിടപരിപാടികളിലൂടെ കോടീശ്വരനാവാന്‍ കൊതിക്കുന്ന ഒരു യുവാവ് - പേരു : ജെ. ജെ നടത്തുന്ന ഡാന്‍സ് ക്ലാസ്സില്‍ വച്ച് ഒരു സുന്ദരിക്കൊച്ച് (കങ്കണാ റൌണത്ത്) പ്രേമം ആണെന്നു പറയുന്നു ഒരു ദിവസം. ആ കൊച്ച് ലാസ് വേഗാസിലെ ഏറ്റവും പ്രമുഖമായ കാസിനോ മുതലാളിയുടെ മകള്‍ ആണെന്നു അറിയുന്നതോടെ അവളെ ‘പ്രേമിച്ച്‘ തുടങ്ങുകയും ചേയ്യുന്നു ജെ. ഇത്രെയും ഓക്കെ.

ഇതോടെ കഥാകൃത്തിന്റെ തലയുടെ നട്ട്സ് ലൂസ്സാവുകയാണ്. കോടീശ്വരനായ, കാസിനോ മുതലാളീ ആയ പെണ്ണിന്റെ അച്ഛന്‍ ബന്ധം അംഗീകരിച്ചതോടെ  (അങ്ങേരു ഒരു മഹാമനസ്കന്‍ ആയതു കൊണ്ട് അംഗീകരിച്ചു എന്നു നമ്മള്‍ ഒരു സമാധാനത്തിനു വേണ്ടി കരുതാം, അതു വിടൂ) ഒരു ദിവസം ജെ-യിനെ അദ്ദേഹം വീട്ടിലേക്ക് വിളിക്കുന്നു, ഒരു പാര്‍ട്ടിക്ക്. ആ പാര്‍ട്ടിയില്‍ വച്ച് പണ്ട് ജെ കല്യാണം കഴിച്ച് ഗ്രീന്‍ കാര്‍ഡ് വാങ്ങിക്കൊടുത്ത ഒരു മെക്സിക്കന്‍ പെണ്ണ് (ബാര്‍ബറാ മോറി) ആണ് കങ്കണായുടെ ചേട്ടന്റെ (ടോണി) ഭാവി വധു എന്നും അറിയുന്നു ജെ - അതോടെ ലവനു ലബ്ബ്!! .. ഓര്‍ക്കണം - നേരം വെളുത്താല്‍ കോടീശ്വരന്‍ ആവാന്‍ പോവുന്ന പിച്ചവാസി പയ്യനാ - അതും സീമാബിശ്വാസിനെ പോലുള്ള പെണ്ണാണെങ്കില്‍ സഹിക്കാം, ഇതു കങ്കണാ റൌണത്തിനെ ആണ് കെട്ടാന്‍ പോവുന്നതു, എന്നിട്ടാണ് വീണ്ടും ലബ്ബ് എന്നു പറയുന്നതു!!  .. പിന്നെ കല്യാണത്തില്‍ നിന്നും ചാടിപ്പൊകല്‍, പിന്നാലെ ചെന്നു പിടിക്കാന്‍ ചെല്ലല്‍, വെടി വൈപ്പ്, ഇടക്കിടേ ഫില്ലര്‍ ആയി പാട്ടു പാടല്‍ - അങ്ങനെ കോറേ ചാട്ടം-ഓട്ടം-പാട്ടം-ഡിഷ്യൂം പരിപാടികള്‍.

വെര്‍ഡിക്ട് : ഓ ... ചുമ്മാ കണ്ടിരിക്കാം എന്നു പറയാം - പലൈ പാട്ടുകളുടേയ്യും സമയം നമ്മള്‍ സിഡി സ്കിപ്പ് ബട്ടന്‍ അറിയാതെ ഞെക്കിപ്പോവും. ചില അതി ഇമൊഷണല്‍ ഡയലോഗുകള്‍ നടക്കുന്ന സമയം നമ്മള്‍ കോട്ടുവാ ഇട്ട് പോവും ... പിന്നെ കൊറേ പൊട്ടത്തരങ്ങളും - ആദ്യായി കാസിനോവില്‍ നായകനെ എത്തിക്കുന്ന ദിവസം തന്നെ, അവനെ നേരേ കൊണ്ടു പോവുന്നതു കാസിനോവിലെ അറവു ശാലയിലേക്ക് - ചെന്ന ഉടനേ അവന്റെ കൈയ്യില്‍ ഒരു തോക്ക് കൊടുത്ത് ഒരാളെ കൊല്ലാന്‍ പറയുന്നു കാസിനോ മുതലാളി ആയ കബീര്‍ ബേഡി.!! വന്നവന്‍ വല്ല പോലീസുകാരനും ആയിരുന്നെങ്കിലോ? കെട്ടാന്‍ വന്നവനെ കുറിച്ച് ഒരു അന്വേഷണവും ഇല്ല - കാവിലെ ഡാന്‍സ് മത്സരത്തില്‍ ജയിച്ച ഒടനെ സ്വന്തമായി അറവു ശാല ഒക്കെ ഉള്ള കാസിനോ മുതലാളി ചെക്കനെ ഭാവി മരുമകനായി സ്വീകരിക്കുന്നു!  രാകേഷ് റോഷന്റെ മകന്‍ പണ്ടു മുതലേ കള്ളനേ ആയിട്ടൊള്ളൂ - അതു കൊണ്ട് പോലീസില്‍ എടുക്കില്ലാന്നു കബീര്‍ ബേഡിക്ക് തോന്നിക്കാണും - എന്നല്ലേ നിങ്ങള്‍ പറയാന്‍ വരുന്നതു - എനിക്കും അതു തന്നാ തോന്നുന്നതു !!

ഹൃതിക്ക് റോഷന്റെ ഹോളീവുഡ് അരങ്ങേറ്റം എന്നു വിചാരിച്ച പടം പുതിയ കുപ്പിയില്‍ അടച്ച ഒരു ബോളീവുഡ് പടം ആയിപ്പോയി - ഒരു ബോളിവുഡ് പടം എന്ന നിലയില്‍ എടുത്താല്‍ പടം തരക്കേടില്ല.

ഹൃതിക്ക് റോഷന്‍ തന്റെ ‘ബ്ബ -ബ്ബ - ബ്ബ’ അഭിനയം ഇതിലും എടുത്തിട്ടുണ്ട്.

ബാര്‍ബറാ മോറി കലക്കിയിട്ടുണ്ട്, നല്ല ചാര്‍മിങ്ങ് പീസ്.

കോറിയോഗ്രാഫി - അപാരം.

സംവിധാനം - ഈശ്വരാ - അനുരാഗ് ബസു ഇങ്ങനത്തേം പടം ഉണ്ടാക്കുമോ - “ലൈഫ് ഇന്‍ എ മെട്രോ“ ഒക്കെ ചേയ്ത അനുരാഗ് ബസു തന്നെ അല്ലേ ഇതു??

വില്ലന്മാര്‍ക്ക് ഒരല്പം കൂടെ പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ച് പോയി - കബീര്‍ ബേഡീ ഒക്കെ ചുമ്മാ രണ്ട് സീനുകളില്‍ മാത്രം വന്നു പോവുന്നു!

ആക്ഷന്‍ : ബോളീവുഡ് പടം നിലവാരം ആണേങ്കില്‍ ഓക്കെ. - ഹോളീവുഡ് ആണ് ഉന്നം എങ്കില്‍ ആവറേജ്.

പാട്ടുകള്‍ : ഞാന്‍ കേട്ടില്ല., കേള്‍ക്കാന്‍ തോന്നിയില്ല!






വാല്‍ക്കഷ്ണം :മറ്റേ ബാര്‍ബറാ മോറി - ആളു കലക്കനാട്ടോ - ഓളേ കാണാന്‍ മാത്രം ആയിട്ട് സിനിമാ കണ്ടാലും കാശും സമയവും മുതലാ - കണ്ടോ, ധൈര്യായിട്ട് കണ്ടോ.. ;)


Monday, June 28, 2010

കാര്‍ത്തിക് കോളിങ്ങ് കാര്‍ത്തിക് - Karthik calling Karthik (6.5/10)


Hindi/2010/Romance-Psychological thriller/(6.5/10)

പ്ലോട്ട് : കാര്‍ത്തിക് - ഒരു IIM ടോപ്പര്‍, CA റെക്കോര്‍ഡ് ഹോള്‍ഡര്‍, ഇപ്പോള്‍ ഒരു കണ്‍സ്‌ട്രക്ഷന്‍ ആപ്പീസില്‍ ഗുമസ്ഥന്റെ ജോലി ചേയ്യുന്നു - അതെ, എനിക്ക് തെറ്റിയതല്ലാ, ശരിക്കും അങ്ങനെ തന്നാ. ആപ്പീസിലെ എല്ലാവരും, പ്യൂണ്‍ ഉള്‍പ്പടെ, അങ്ങാരോട് എന്തോ ഏറ്റവും പോഴനെ ട്രീറ്റ് ചേയ്യുന്ന പോലെ ആണ് പെരുമാറുന്നതു.  ഒരു ദിവസം, അങ്ങാര്‍ക്ക് ഒരു ഫോണ്‍ വരുന്നു, വീട്ടില്‍ വെളുപ്പിനെ 5 മണിക്ക്. മറ്റേ തലക്കല്‍ കാര്‍ത്തിക് തന്നെ, അതെ, അങ്ങാരു അങ്ങാരെ തന്നെ ഫോണ്‍ ചേയ്യുന്നു - ശരിക്കും കുട്ടിച്ചാത്തന്‍ സേവ തന്നെ! അതോടെ കഥ മാറുന്നു - എല്ലായിടത്തും ചങ്കൂറ്റത്തോടെ പെരുമാറാനും അങ്ങനെ ജീവിതത്തില്‍ വളരെ വിജയിക്കാനും സാധിക്കുന്നു. അവനെ മൈന്‍ഡ് പോലും ചേയ്യാതിരുന്ന ആപ്പീസിലെ പെങ്കൊച്ച് (ദീപികാ പദുക്കോണ്‍ - അവള്‍ ഡൈലി പാന്റ് ഇടാന്‍ മറക്കുമെന്നാ തോന്നുന്നെ, ദിവസോം ഷഡ്ഡിയില്‍ ആണ് ആപ്പീസില്‍ വരവു!) അവന്റ് പ്രേമ ഭാജനം ആവുന്നു. പക്ഷെ കാര്‍ത്തികിന്റെ സത്യസന്ധത കഥ പിന്നീട് ആകെ മാറി മറിക്കുന്നു...

വെര്‍ഡിക്ട് : സംഭവം കൊള്ളാം. ഫര്‍ഹാന്‍ അക്തര്‍ കിടു - കിക്കിടു. റോക്കോണ്‍ എന്ന പടത്തിലേ പോലെ തന്നെ ഒതുങ്ങിയ അഭിനയം. യെവന്‍ എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും, ഒറപ്പ്!  ദീപിക പദുകോണ്‍ - നേരത്തെ പറഞ്ഞ പോലെ - എപ്പോഴും ഷഡ്ഡിപ്പുറത്താണ്. പക്ഷെ സത്യം പറയാല്ലോ - ആ പെണ്ണുമ്പിള്ള ആദ്യായിട്ടാണ് ഒരു പടത്തില്‍ അഭിനയിക്കുന്നതു. ഇതു വരെ ചുമ്മാ ഫാഷന്‍ പരേഡിലെന്ന പോലെ വന്നു പോവുക മാത്രം ആയിരുന്നല്ലോ!. ആദ്യായിട്ട് കഥാപാത്രത്തിനു ചേരുന്ന അഭിനയം കാഴ്ചവച്ചു ദീപിക പദുകോണ്‍ .  

സംവിധാനം - ഒരു പുതുമുഖ സംവിധായകന്‍ ആണ് ഇതു ചേയ്തിരിക്കുന്നതെന്നു വിശ്വസിക്കാന്‍ പ്രയാസം. റ്റൈറ്റിലിങ്ങ് മുതല്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് പടത്തിന്റെ ലക്ഷണം ഉണ്ട് ഈ പടത്തിനു. നായകനും നായികയും തമ്മിലുള്ള റൊമാന്‍സ്  എനിക്ക് വളരെ ഇഷ്ടായി - അതു വളരെ നന്നാക്കാന്‍ സാധിച്ചിട്ടുണ്ട് സംവിധായകനും മറ്റും.  സ്ലോ ക്യാമറാ മൂവ്മെന്റുകളും - അതും ആവശ്യത്തിനു മാത്രം ഉള്ള മൂവ്മെന്റുകള്‍ - കൊണ്ട് സിനിമാറ്റോഗ്രാഫറും നന്നാക്കിയിട്ടുണ്ട്. (പക്ഷെ അവസാ‍നം കൊണ്ടേ കലം അങ്ങാരു ഉടച്ചു - ഒരു റിഫ്ലക്ഷനില്‍ ക്യാമറാമാനെ വ്യക്തം ആയിരുന്നു!)

എന്തായാലും, സൈക്കോളജിക്കല്‍ ത്രില്ലറുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, നല്ല അഭിനയം കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ഒരു നല്ല പടം ആണിത്. ചുമ്മാ കണ്ട് നോക്കൂന്നേ.. ;)


വാല്‍ക്കഷ്ണം : പട്ടരില്‍ പൊട്ടനില്ല, ഉണ്ടേങ്കില്‍ അവന്‍ കളക്ടര്‍ ആണ് എന്നാണ് പണ്ടത്തെ പഴമൊഴി. മൊഴി ഇപ്പോഴും ഒള്ളതു തന്നാ, പക്ഷെ ഇന്നതു പട്ടര്‍ക്ക് പകരം IIM, IIT-ക്കാര്‍ ആയെന്നു മാത്രം - അങ്ങനെ ഉള്ളപ്പോള്‍ എങ്ങനെ നമ്മുടെ നായകന്‍ ആപ്പീസിലെ പൊട്ടന്‍ ആയി എന്നതു എന്റെ മാത്രം ഒരു ഡൌട്ട് ആണ്.


Saturday, June 26, 2010

പാഠ്ശാല - PaathShaala - ഹിന്ദി ഫിലിം (4.5/10)


Drama/2010/(4.5/10)


പ്ലോട്ട് :  ഒരു സ്‌കൂള്‍, അവിടൊരു സമര്‍ത്ഥനായ പ്രിന്‍സിപ്പാള്‍ (നാനാ പഠേക്കര്‍‍), അവിടെ പുതുതായി വരുന്ന മാഷ് (ഷാഹിദ് കപൂര്‍). സ്‌കൂള്‍ ലാഭകരമാക്കാന്‍ മാനേജ്മെന്റിന്റെ അടുക്കേല്‍ നിന്നും സമ്മര്‍ദ്ദം - പ്രിന്‍സിപ്പാള്‍ റിയാലിറ്റി ഷോ, മീഡിയാ കവറേജ് മുതലായ പുതിയ വഴികള്‍ തേടുന്നു സ്‌കൂളിനെ ഹിറ്റ് ആക്കാന്‍ - ആസ് യൂഷ്വല്‍ - അതെല്ലാം തന്നെ കുട്ടികളുടെ നെഞ്ചത്ത് പൊങ്കാല ഇട്ടുകൊണ്ടുള്ള കളികള്‍ ആയി മാറുന്നു. എവിടാണാവോ സ്‌കൂളില്‍ ഫീസ് കൊടുത്തില്ലാ എന്നു പറഞ്ഞ് കുട്ടിയെ രാവിലെ മുതല്‍ വൈകിട്ട് വരെ പുറത്ത് പൊരി വെയിലത്ത് നിര്‍ത്തുന്നത്?! ആ കുട്ടി എന്നിട്ട് ചക്കക്കുരു പോലെ വൈകിട്ട് നടന്നു പോവുകയും ചേയ്തു, ഇവിടൊക്കെ പതിനഞ്ച് മിനുട്ട് അസംബ്ലിയില്‍ നിന്നാല്‍ പുള്ളാരു ഉരുണ്ടു വീഴും! പിന്നെ : ചീറ്റിപ്പോയ സാറിനോടൂള്ള പ്രേമം (അതിനെപറ്റി പിന്നെ മറന്നു പോയി സംവിധായകന്‍), മുഖത്ത് കരിവാരിത്തേച്ച് വിരുപനായ കുട്ടി, അവനോടെ കൂട്ട് കൂടാതിരിക്കുന്ന - നായകന്‍ രണ്ട് പട്ടിക്കുട്ടികളെ കാട്ടു‌മ്പോള്‍ കെട്ടിപ്പിടീച്ച് കൂട്ട് കൂടുന്ന മറ്റു കുട്ടികള്‍ .. അങ്ങനെ പോവ്വുന്നു മറ്റു കഥാപാത്രങ്ങള്‍!


വെര്‍ഡിക്ട് : പാഠ്ശാല ഒരു സാധാരണ പടം ആണ്. കേട്ട് തഴ‌മ്പിച്ച കഥയും, കണ്ട് മടുത്ത രീതികളും കൊണ്ട് നശിപ്പിച്ചിരിക്കുന്ന ഒരു സിനിമ. നല്ല അഭിനേയാതാക്കളെ കിട്ടിയിട്ടും “ഈ പടം ഇങ്ങാരു ഇതെങ്ങോട്ടാണ് കൊണ്ടുപോവുന്നതു” എന്നു ചിന്തിപ്പിക്കാതിരിപ്പിക്കാന്‍ സംവിധായകനോ കഥാകൃത്തിനോ ആവുന്നില്ലാ എന്നതു തന്നെ അവരുടെ പരാജയത്തെ സൂചിപ്പിക്കുന്നു. നല്ല പശ്ചാത്തലെ സംഗീതം മാത്രം ആണ് ടെക്നിക്കലീ എടുത്ത് പറയാന്‍ ഉള്ളതു. പലകുറി കണ്ട് മടുത്ത കഥാ സന്ദര്‍ഭങ്ങള്‍ പശ്ചാത്തലെ സംഗീതത്തിന്റെ മികവു കൊണ്ടു മാത്രം നമ്മളെ, വളരെ വിരളമായിട്ടാണെങ്കിലും, ഫീല്‍ ചേയ്യിക്കാന്‍ സാധിക്കുന്നുണ്ട്.

പക്ഷെ,നാനാ പഠേക്കര്‍‍ പ്രിന്‍സിപ്പാള്‍ ആയി അഭിനയിപ്പിക്കുക അല്ല, ജീവിക്കുക ആണ് - അങ്ങാരുടെ ഒതുങ്ങിയ അഭിനയത്തെ പുകഴ്‌ത്താതെ വയ്യ. ഷാഹിദ് കപ്പൂര്‍ : എന്റെ സ്വാഭാവികമായുള്ള കുശും‌മ്പ് അവനെ അംഗീകരിക്കാന്‍ സമ്മതിക്കുന്നില്ലാ എങ്കിലും, ലവനും വളരെ നന്നായിട്ടുണ്ട്.  ആയിഷാ ടാക്കിയ - സിനിമാക്ക് നോട്ടം കിട്ടാതിരിക്കാന്‍ മാത്രം ആയിട്ട് ഇടക്കിടക്കു വന്നു പോവുന്നുണ്ട്.

എന്റെ അഭിപ്രായത്തില്‍, കാണാതിരുന്നാലും വലിയ കുഴപ്പം ഒന്നും വരാത്ത പടം ആണിത്. വേറെ ഒന്നും ചേയ്യാന്‍ ഇല്ലാ എങ്കില്‍ മാത്രം ഈ സാഹസം മതി.