Showing posts with label Film review in malayalam. Show all posts
Showing posts with label Film review in malayalam. Show all posts

Friday, October 14, 2011

ഇന്ത്യൻ റുപ്പി (8/10)

Indian Rupee/Malayalam/2011/Drama-Thriller/M3DB/ (8/10) 

പ്ലോട്ട് : പണക്കാരൻ ആവാൻ കൊതിക്കുന്ന ഏതോരു മലയാളി ചെറുപ്പക്കാരന്റേയും മുന്നിലുള്ള ഏറ്റവും എളുപ്പ പണിയാണു റിയൽ എസ്റ്റേറ്റ് ഏജന്റ് ആവുക എന്നത് - ഒരു ബിസിനസ്സ് നടന്നാൽ തന്നെ കിട്ടുന്ന ലക്ഷങ്ങൾ അല്ലായെങ്കിൽ കോടികൾ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുന്ന ഒരു സാധാരണക്കാരൻ ആണു ഈ സിനിമയിലെ നായകൻ.  തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തു തെറ്റും ചേയ്യാൻ മടിക്കാത്ത സാധാരണ മലയാളിയുടെ കഥയാണിത്.  ക്ലീഷേകൾ പരമാവധി ഒഴിവാക്കി, ഏറ്റവും സ്‌ട്രേയിറ്റായി കഥ പറയുന്ന  ഒരു ഡീസന്റ് സിനിമ എന്ന നിലയിൽ ആണു ഈ സിനിമ ഉഗ്രനാവുന്നത്.


വെർഡിക്ട് :  സിനിമയുടെ ആദ്യ അഞ്ച് മിനുറ്റിൽ തന്നെ ഹീറോവിന്റെ(?)  ഇൻ‌ട്രോ നടക്കുന്നുണ്ട് - പൃഥ്വിരാജിന്റെ ആദ്യ ഷോട്ടിൽ തന്നെ തീയറ്ററിൽ നിറഞ്ഞത് കൈയ്യടികൾ അല്ലായിരുന്നു, നല്ല ഉഗ്രൻ ‘ബ്ലോക്ക്-ബസ്റ്റർ’ കൂവൽ ആയിരുന്നു. പക്ഷെ നായകനെ പിന്നിലേക്ക് മാറ്റി സിനിമയുടെ സൃഷ്ടാവ് നിയന്ത്രണം ഏറ്റെടുത്തപ്പോഴേക്കും കൂവലുകൾ മാറി മുഴുവൻ ജനങ്ങളും കൈയ്യടികളിലേക്ക് വീണു. ഈ സിനിമ ശരിക്കും ഒരു പൃഥ്വിരാജിന്റെ സിനിമ അല്ല - പക്ഷെ രജ്ഞിത്ത് എന്ന നല്ല കഥാകാരന്റെ, തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ സിനിമ ആണു. കഥാനായകനിട്ട് പാര വൈക്കുന്നവരോട് ഒന്നും ചേയ്യാനാവാതെ ‘അവരോടൊക്കെ എന്തു ചേയ്യാൻ പറ്റും?’ എന്ന വിചാരത്തോടെ നിൽക്കുന്ന നായകൻ - എത്ര സിനിമയിൽ കണ്ടിട്ടുണ്ട് നമ്മൾ ഇത്തരം നായകന്മാരെ? എത്ര പാവത്താൻ  ആണെങ്കിലും, കീരിക്കാടൻ ജോസിനെ പോലത്തെ മഹാ-ഗുണ്ടകളെ അടിച്ച് നിലം പരിശാക്കുന്ന നായകന്മാർക്ക് മാത്രം സ്ഥാനമുള്ള സ്ഥലമാണു സിനിമ എന്ന മിഥ്യാ ധാരണയെ പൊളിച്ചടുക്കിയ രജ്ഞിത്തിനു ഒരു ലൈക്ക്!

പിന്നെ ഉള്ളത് തിലകൻ - ഈ സിനിമയിലെ നായകൻ പൃഥ്വിരാജാണോ അതോ തിലകൻ ആണോ? എനിക്ക് സംശയം ഉണ്ട് - പൃഥ്വിരാജിനെക്കാൾ നിറഞ്ഞ് നിൽക്കുന്നതു തിലകൻ ആണു ഈ സിനിമയിൽ ആദ്യാവസാനം. കിടിലൻ പെർഫോർമൻസ്, അതിനെക്കാൾ കിടിലൻ ഈ കാസ്റ്റിങ്ങ്!

ടിനി ടൊം, ജഗതി, കല്‍പ്പന (രണ്ടോ മൂന്നോ സീനുകൾ മാത്രം), മാമുക്കോയ,എന്നിങ്ങനെ സ്വന്തം കഥാപാത്രങ്ങളെ അനശ്വരമാക്കിയ മറ്റുള്ളവരും ഉഗ്രനാക്കിയിട്ടുണ്ട് - പക്ഷെ ഈ കഥാപാത്രങ്ങളിൽ ഒക്കേയും (ജഗതി ഒഴിച്ച്) താരങ്ങളെ കാണാനേ ഇല്ല - കഥാപാത്രങ്ങളെ മാത്രമാണു കാണാനുള്ളത് മുഴുവൻ സമയവും.  അതിലും രജ്ഞിത്തിന്റെ കഴിവ് സമ്മതിക്കാതെ തരമില്ല. റീമ എല്ലാ സിനിമയിലേയും പോലെ സൈഡെഡുപ്പുള്ള ചിരിയുമായി ചുമ്മാ വന്നു പോവുന്നുണ്ട്.  ഗോൾഡ് പപ്പൻ എന്ന ജഗതിയുടെ കഥാപാത്രത്തിൽ പകുതി ജഗതി മാനറിസംസ് ആണെങ്കിലും, അതും നന്നായിട്ടുണ്ട്.


ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത, തീയറ്ററിൽ ഇരുന്നു തന്നെ കണ്ടിരിക്കേണ്ട ഒരു സിനിമ.

വാൽക്കഷ്ണം : കല്‍പ്പനയും സഹോദരനും കൂടെ വരുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - അസാദ്ധ്യം. സിനിമ കഴിഞ്ഞും ആ ഡയലോഗുകൾ നമ്മളെ പിന്തുടരുന്നു കൊണ്ടിരിക്കും, അതൂറപ്പ്.

കുറച്ച് നല്ല ചിരിയും ഉണ്ട് സിനിമയിൽ - ചിലവ തീയറ്ററിനെ മുഴുവൻ ചിരിയിൽ മുക്കുന്നവയും ആണു.





Wednesday, May 4, 2011

Payback - പേബാക്ക് (6.9/10)

PayBack/Hindi/2010/Action-Thriller/IMDB/ (6.9/10)
Rated R for graphic violence and some language.

പ്ലോട്ട് : ഒരു രാത്രി ഒരു റോഡ് ആക്സിഡന്റിൽ പെട്ട് ആരാലും ഗൗനിക്കപ്പെടാതെ റോഡരുകിൽ രക്തം വാർന്നു മരിച്ചുകൊണ്ടിരുന്ന നമ്മുടെ നായകൻ പയ്യനെ(കുണാൽ) അതുവഴി കടന്നു വന്ന ഒരു അജ്ഞാതനായ മനുഷ്യൻ ആശുപത്രിയിൽ കൊണ്ടാക്കുകയും, അതു വഴി നമ്മുടെ നായകന്റെ ജീവൻ രക്ഷപ്പെടുകയും ചേയ്യുന്നു. അന്നു മുതൽ വളരേ അവ്യക്തമായി മാത്രം മനസ്സിലുള്ള ഈ രക്ഷകന്റെ മുഖം അന്വേഷിച്ച് നടക്കുകയാണു കുണാൽ. മാസങ്ങൾക്ക് ശേഷം ഒരു ദിവസം വഴിയിൽ ആ മുഖത്തെ അവൻ കണ്ടുമുട്ടുക തന്നെ ചേയ്തു, കുണാൽ അദ്ദേഹത്തെ (രഘു) ആനയിച്ച് തന്റെ ഫ്ലാറ്റിൽ കൊണ്ടു പോയി ട്രീറ്റ് ചേയ്തു സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും, പിരിയാൻ നേരം “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയണം, എന്നെക്കൊണ്ടാവുന്നതാണെങ്കിൽ ഞാൻ അതു ചേയ്തു തരും” എന്നു വാഗ്ദാനം ചേയ്യുകയും ചേയ്യുന്നു.

പക്ഷെ, അടുത്ത ദിവസം രഘു വന്നു കയറുന്നതു പുറത്ത് ഒരു വെടിയുണ്ടയും പേറിയാണു, അയാൾ ചോദിക്കുന്നതു വല്ലാത്ത ഒരാവശ്യമാണു! ..

വെർഡിക്ട് : കഥ അസാദ്ധ്യം, കാണികളെ പിടിച്ചിരുത്തുന്നതിൽ സംവിധായകനും നന്നായി വിജയിച്ചിരിക്കുന്നു, പക്ഷെ, കഥ കല്ലുകടിയില്ലാതെ മുന്നോട്ട് കൊണ്ട് പോവുന്നതിൽ എഴുത്തുകാർ അത്ര വിജയിച്ചോ? പലയിടങ്ങളിലും നടക്കുന്ന കാര്യങ്ങൾക്ക് ഒരു നീതീകരണം നമ്മൾ കണ്ടു പിടിക്കേണ്ട സ്ഥിതിയാണൂ, ഡയലോഗുകളും കഥാസന്ദർഭങ്ങളും കുറച്ചൂടെ ഒന്നു കൊഴുപ്പിക്കാമായിരുന്നു എഴുത്തുകാർക്ക്, അതിനുള്ള സ്കോപ്പ് കഥ കൊടുക്കുന്നുണ്ടായിരുന്നു. പക്ഷെ അവർ നിരാശരാക്കി. (അതു കൊണ്ട് 7 റേറ്റിങ്ങ് കൊടുക്കാൻ മനസ്സില്ല!! )

പക്ഷെ സിനിമ മോശമല്ല - സിനിമ എനിക്കിഷ്ടായി - ഒരു കൊച്ച് സിനിമ, അതും ഡീസന്റായിട്ട് എടുത്തിട്ടും ഉണ്ട്. അത്ര സ്റ്റാർസ് അല്ലാത്ത അഭിനേതാക്കളെ വച്ച് ഈ ഒരു സിനിമ എടുത്തതിനു ഇതിന്റെ സൃഷ്ടാക്കളെ എത്ര അനുമോദിച്ചാലും മതിയാവില്ല.

അഭിനേതാക്കളെ പറ്റി പറയുകയാണെങ്കിൽ : പയ്യൻ :  തരക്കേടില്ല. നായിക : പ്രത്യേകിച്ച് അഭിപ്രായമില്ല. ഗുൽ‌ഷൻ ഗ്രോവർ : കുറച്ചേ അവസരമുള്ളൂ എങ്കിൽ പോലും പ്രസൻസ് അറിയിക്കുന്നുണ്ട്.
സാക്കിർ ഹുസൈൻ : കിടിലൻ.  യെവൻ പുലിയാട്ടാ. :) പയ്യൻ വീട്ടിലേക്ക് കൊണ്ടോയി സൽക്കരിക്കുമ്പോഴും മറ്റും അങ്ങാരുടെ മുഖത്ത് വരുന്ന എക്പ്രഷൻസ് ! .. അസാദ്ധ്യം. :)

ഒറ്റ വാചകത്തിൽ : കാണു, ബോറടിക്കില്ല, നഷ്ടമാവില്ല.

വാൽക്കഷ്ണം : സാക്കിർ ഹുസൈൻ .. അതാണു അപ്പോൾ ലവന്റെ പേരു! ‘സർക്കാർ’ എന്ന എന്റെ ഫേവറേറ്റ് സിനിമയിലെ ഐസ് പോലെ തണുത്ത വില്ലനെ അവതരിപ്പിച്ചുകൊണ്ട് എന്നെ ഒരു ഫാനാക്കി മാറ്റിയ ഇങ്ങാരുടെ പേരു അന്വേഷിച്ച് നടക്കുകയായിരുന്നു ഞാൻ കുറച്ച് നാളായി - കിട്ടിപ്പോയി.! ഇങ്ങാരു ഒരു സംഭവം തന്നാട്ടോ!


Sunday, July 18, 2010

മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് - Malarvadi Arts Club - (6.5/10)


Malayalam/2010/Drama/(6.5/10)

ആദ്യം നല്ല വശങ്ങള്‍  : സംഭവം കൊള്ളാം. കൊടുത്ത കാശ് നഷ്ടമാവില്ലാ എന്നു മാത്രമല്ല, മുതലും ആണ്. ഒന്നോ രണ്ടോ രൂപ ഇങ്ങോട്ടുണ്ടങ്കിലേ ഉള്ളൂ. കഥാസന്ദര്‍ഭങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനും, പലതിനും കൈയ്യടി വാങ്ങാനും സാധിക്കുന്നുണ്ട്  സംവിധായകനും മറ്റു പിന്നാ‌മ്പുറ മുന്നാ‌മ്പുറ പ്രവര്‍ത്തകര്‍ക്കും. പലയിടങ്ങളിലും സംവിധായക-തിരിക്കഥാകൃത്ത് ജോഡിക്ക് (ജോഡി ഒന്നുമില്ല, രണ്ടും ഒരാളുതന്നാ - വിനീത് ശ്രീനിവാസന്‍- ലവന്‍ തന്നാ പാട്ടെഴുത്തും.) ചെറു നൊ‌മ്പരങ്ങള്‍ താല്‍കാലികമായിട്ടെങ്കിലും തരാന്‍ സാധിക്കുന്നും ഉണ്ട്.

പയ്യന്മാര്‍ കൊള്ളാം - അതില്‍ ഒന്നല്ലങ്കില്‍ രണ്ട് പേര്‍ ഉറപ്പായും മലയാള സിനിമാ രംഗത്ത് സ്ഥിരമായിട്ടുണ്ടാവും. പോസ്റ്ററില്‍ കൈലിമുണ്ടുടൂത്തു നില്‍ക്കുന്ന ഇഷ്ടന്‍ കിടു!. ലവന്‍ ഒരു അര ജഗദീഷ് തന്നെ - ആദ്യാവസാനം സഭാക‌മ്പം എന്ന സാധനം ലവനില്‍ കാണാനും ഇല്ലായിരുന്നു എന്നും എനിക്ക് തോന്നി. 
പെണ്‍പിള്ളാര്‍ : ഓ - ചുമ്മാ “നായിക ഉണ്ടോ” എന്ന ചോദ്യത്തിനു ഉണ്ടെന്നുത്തരം പറയാന്‍ മാത്രം രണ്ട് പേര്‍ ഉണ്ട് - വലിയ റോളൊന്നും ഇല്ല അവര്‍ക്ക് - സിനിമയില്‍ ആദ്യാവസാനം മലര്‍വാടീ പുള്ളേരാണ്.

ആദ്യമായി ഒരു പടത്തില്‍ സുരാജിനെ എനിക്ക് ബോറടിച്ചില്ല!. അതു കണക്കിലെടുക്കു‌മ്പോള്‍ സംവിധായകന്‍ ആയ വിനീത് ശ്രീനിവാസന്‍ ഒരു അതുല്യ പ്രതിഭ തന്നെ ആണെന്നു വേണമെങ്കില്‍ നമുക്ക് പറയാം. സലിം കുമാറും നെടുമുടിയും, പിന്നെ ഒന്നു തൊട്ടു നക്കാന്‍ എന്ന പോലെ ജഗതിയും കോട്ടയം നസീറും - എല്ലാവരും   അവരവരുടെ പങ്ക് നന്നാക്കിയിട്ടുണ്ട്. അവസാനം മകന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഒരച്ഛന്റെ ആഗ്രഹം നിറവേറ്റാനെന്ന പോലെ വന്ന ശ്രീനിവാസനും റോള്‍ മോശമാക്കിയിട്ടില്ല..


ആകെ മൊത്തം ടോട്ടല്‍ - എബൌവ് ആവറേജ് പടം തന്നെ ഇതു. ഇടക്കിടെ ചിരിയും, ഇടക്ക് ചെറിയ രീതിയിലെ നൊ‌മ്പരങ്ങളും ഒക്കെ കൂട്ടിയിണക്കിയ ഒരു കൊച്ചു പടം. പുതുമു:ഖങ്ങളുടെ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ എന്ന നിലയില്‍ പല അഭിനയ-വെള്ളികളും നമുക്ക് മറക്കാം..


പക്ഷെ, കഥ - സംഗീതം നട്ടെല്ലായിട്ടുള്ള, സൌഹൃദം മജ്ജയും മാംസവും ആയിട്ടുള്ള ഒരു കഥ  ഇത്രെയും നന്നായാല്‍ പോര - അതിനിയും  വളരെ അധികം നന്നാക്കാമായിരുന്നു. ഈ കഥ തന്നെ നമ്മള്‍ പല തവണ കണ്ടും കേട്ടും മടുത്ത ദരിദ്ര സുഹൃത്തുക്കള്‍-മ്യൂസിക്ക്-റിയാലിറ്റി ഷോ-ജയിക്കുന്നവനു അഹങ്കാരമെന്നു തെറ്റിധാരണ - പിണക്കം- അത്യാവശ്യ സമയത്ത് തെറ്റിധാരണ മാറ്റി സഹായിക്കല്‍ - എന്ന ഫോര്‍മുലയില്‍ അതിഷ്ടിതമാണ്.  റിയാലിറ്റി ഷോ ക്ക് പകരം വല്ല സ്റ്റേജ് പ്രോഗ്രാമോ അല്ലായെങ്കില്‍ വല്ല ന്യൂ ഇയര്‍ റോക്ക് ട്രൂപ്പ് മത്സരമോ ഒക്കെ ആക്കിയിരുന്നുവെങ്കില്‍ അതിലെങ്കിലും ഒരല്പം വ്യത്യാസം  ഉണ്ടായേനെ. പിന്നെ സംഗീതം - അതു അത്ര പോര എന്നും എനിക്ക് തോന്നി. സ്റ്റിങ്ങിന്റെ ഒരു ഹിറ്റ് പാട്ടിന്റെ ട്യൂണിലുള്ള ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം ആവറേജ് - സംഗീതം ആണ് കഥയുടെ നട്ടെല്ല് എന്നോര്‍ക്കണം!
മൊത്തത്തില്‍ - കഥ തിരഞ്ഞെടുത്തതില്‍ വിനീതിനു ഒരല്പം കൂടെ ശ്രദ്ധിക്കാമായിരുന്നു.


വാല്‍ക്കഷ്ണം : മലര്‍വാടി പുള്ളേരുടെ ഒരു പരിപാടി നടക്കു‌മ്പോള്‍ അവരെ കൂവി ഇരുത്താന്‍ വരുന്ന സുരാജിനെ ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ വന്നു അടിച്ച് നിരത്തുന്ന സീനുണ്ട് പടത്തില്‍ - കാരണം അവര്‍ അപ്പോള്‍ പാടിയിരുന്നതു ലാലേട്ടന്റെ വിഷ്ണുലോകം എന്ന പടത്തിലെ “കസ്തൂരി..” എന്ന പാട്ടായിരുന്നു!. ആ സീന്‍ എനിക്ക് ശരിക്കും ഇഷ്ടായി -  അതു ഫാന്‍സ് അസോസിയേഷനുകള്‍ക്കിട്ടോരു താങ്ങ് കൂടെ ആയിട്ടാണ് എനിക്ക് തോന്നിയതു - അത് എഴുതിയതിനു ശ്രീനിവാസന്റെ സഹായം വിനീതിനു കിട്ടിയിട്ടില്ലാ എങ്കില്‍, എന്റെ പ്രവചനം ഇതാ : ഈ പയ്യന്‍ കലക്കും ഇനി വരുന്ന നാളുകളില്‍‍. :)


Friday, July 2, 2010

ദി ബുക്ക് ഓഫ് ഇളൈയ് - The book of Eli - (5/10)


English/2010/Action-Thriller/(5/10)
Rating: Rated 'R'  for some brutal violence and language.

പ്ലോട്ട് : എല്ലാ തവണയും പോലെ, ലോകം അവസാനിച്ചു, ഇത്തവണ, എന്തോ യുദ്ധത്തില്‍ ആണ് എല്ലാം തകര്‍ന്ന്, കരിഞ്ഞ്, ഉണങ്ങി പോയ്യിരിക്കുന്നതു - രാജ്യങ്ങളോ, സര്‍ക്കാരുകളോ, പോലീസോ പട്ടാളമോ, എന്തിനു ഹര്‍ത്താല്‍ പോലും ഇല്ലാത്ത സമത്വ-സുന്ദര ലോകം!. അവിടിവിടെ കയ്യൂക്കുള്ളവര്‍ മറ്റുള്ളവരെ അടിച്ചമര്‍ത്തി ജീവിക്കുന്നുണ്ട്, ചിലര്‍ നരഭോജികള്‍ ആയി മാറി, മറ്റു ചിലര്‍ നരഭോജികളുടെ ഭക്ഷണമായും മാറി. നായകന്‍ - ഡെന്‍സല്‍ വാഷിങ്ങ്ടന്‍ - കൊറേ തോക്കുകളും, കത്തിയും ഒക്കെ പിടിച്ച് ചുമ്മാ നടക്കുവാണ്, പടിഞ്ഞാട്ടേക്ക് - അങ്ങേരുടെ ദൌത്യം : കൈയ്യിലെ ഒരു ബുക്ക് (ബൈബിള്‍ ആണ് ആ ബുക്ക് എന്നു ക്ലൈമാക്സില്‍ നമുക്ക് മനസ്സിലാവും) പടിഞ്ഞാറ്റേലുള്ള നല്ല മനുഷ്യരുടെ അടുക്കേല്‍ എത്തിക്കുക.  (അല്ലങ്കിലും എനിക്കറിയാമായിരുന്നു, പടിഞ്ഞാറ് കടലിനോട് ചേര്‍ന്നു കിടക്കുന്ന ചേര്‍ത്തലക്കാരുടെ മഹത്വം ആരെങ്കിലും ഒക്കെ എപ്പോഴെങ്കിലും ആയിട്ട് മനസ്സിലാക്കുമെന്നു!). അങ്ങാരു ഈ യാത്ര അങ്ങേരു തുടങ്ങിയിട്ട് 30 കൊല്ലം ആയി - ആ യാത്രയുടേയും അതിന്റെ അന്ത്യത്തിന്റേയും കഥയാണ് ദി ബുക്ക് ഓഫ് എലി - ഇലൈയ്  .. അങ്ങനെ ഏതാണ്ടും ആണ്.! അല്ലാ, എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ഈ അമേരിക്കക്കാര്‍ക്ക് ഈ ലോകം നശിഞ്ഞ് പണ്ടാരടങ്ങി കാണാ‍ന്‍ ഇത്ര കൊതിയാണോ?


വെര്‍ഡിക്റ്റ് : കാര്യം കൊള്ളാം - ‘ദി റോഡ്‘ എന്ന ഇതേ തീമില്‍ ഇറങ്ങിയ  പടത്തിനു അറ്റെപറ്റെ ഒക്കെ എത്തിക്കാനും സാധിച്ചിട്ടുണ്ട്, പടത്തിന്റെ അണിയറയില്‍ ഉള്ളവര്‍ക്ക്. ആദ്യം ഒരല്പം ബോറ് അടിക്കുമെങ്കിലും, പടത്തിന്റ് നടുക്കാവു‌മ്പോള്‍ ആ ബോറടി ഒരല്പം കുറയുന്നുണ്ട് .. പക്ഷെ അവസാനം കൈമാക്സില്‍ കൊറേ വെടിവൈപ്പുകള്‍ക്കും മറ്റും ശേഷം എങ്ങനേയോ അവസാനിക്കുന്നു. ! ... സത്യത്തില്‍ എനിക്ക് ഈ പടം ഇഷ്ടപ്പെട്ടോ ? .. ഇല്ലാന്നു തോന്നുന്നു - സമ്മിശ്ര പ്രതികരണം എന്നു വേണമെങ്കില്‍ പറയാം.പടത്തിനു ഞാന്‍ 5 മാര്‍ക്ക് കൊടുക്കാന്‍ കാരണം - ആക്ഷന്‍ കിടു തന്നെ ആണ്, അതു കൊണ്ടാണ്.


കണ്ടു നോക്കൂ .. 50/50 ആണ് ഇഷ്ടപ്പെടാനുള്ള ചാന്‍സ്.


ദി വാല്‍ക്കഷ്ണം : ‘ദി റോഡ് ‘എന്ന പടത്തിനെ പറ്റി ഇടക്ക് ഞാന്‍ പറഞ്ഞല്ലോ ... അതും ഏകദേശം ഇതേ എടപാട് ഒക്കെ ആണെങ്കിലും, അതില്‍ ആക്ഷന്‍ ഇല്ലാ - റീയലിസ്റ്റിക്ക് പടമാണതു - അതു കണ്ടിട്ടില്ലാ എങ്കില്‍ കണ്ടോളൂ - എങ്ങാനും ഭൂമി അങ്ങനെ ആയിപ്പെട്ടാല്‍ ഒരു മുന്‍ പരിചയം നല്ലതാ, ടെന്‍ഷനടിക്കാന്‍ !


Thursday, July 1, 2010

ദി മെസ്സഞ്ചര്‍ - The Messenger - (8/10)


English/Drama/2009/(8/10)

Rating : Rated R for language and some sexual content/nudity.

പ്ലോട്ട് : നായകന്‍ വില്‍ ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ - ഇറാക്കില്‍ നിന്നും ഒരു IED (Improvised explosive device) സ്ഫോടനത്തില്‍ പരിക്കേറ്റ് തിരികെ വന്നിരിക്കുന്നു. പരിക്കില്‍ നിന്നും മോചിതനായി തിരികേ ഇറാക്കിലേക്ക് തന്നെ പോകുവാന്‍ വെ‌മ്പുന്ന നമ്മുടെ നായകനു - പരിക്കിന്റെ അടിസ്ഥാനത്തിനും, അങ്ങേര്‍ക്ക് ഇനി അധികം നാള്‍ സര്‍വീസില്‍ ബാക്കി ഇല്ലാത്തതിനാലും - ആര്‍മി ഒരു പുതിയ മിഷന്‍ നല്‍കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ (അവരുടെ തന്നെ പോക്രിത്തരം കൊണ്ട്) മരിക്കുന്ന അമേരിക്കന്‍ പട്ടാളക്കാരുടെ ബന്ധുക്കളെ വിവരം അറിയിക്കാനുള്ള ‘മെസഞ്ചര്‍‘ ആയിട്ട് വില്‍-നെ നിയമിക്കുന്നു, ക്യാപ്റ്റന്‍ ടോണിയുടെ സില്‍ബന്ദി ആയിട്ട്.


ടോണി കുറച്ചധികം കാലം ആയിട്ട് ഈ പരിപാടിയില്‍ തന്നെ ആണ് - രാപകല്‍ ഭേദമില്ലാതെ ‘മരണത്തിന്റെ മെസ്സഞ്ചര്‍‘ ആയിട്ട് അദ്ദേഹം ജോലി ചേയ്യുക ആണ്. തന്റെ ‘എക്സ്പീരിയന്‍സ്’ വച്ച് അദ്ദേഹം വില്‍-നു ഈ ജോലിയുടെ പ്രോട്ടോക്കോളുകളും ട്രിക്കുകളും പറഞ്ഞു കൊടുക്കുന്നു, കഠിന ഹൃദയനായ ആ ഓഫീസര്‍. ആ ജോലിയുടേയും, അതില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടേയും, ജനത്തിനു അറിയേണ്ടാത്ത യുദ്ധത്തിന്റെ മറ്റോരു മുഖത്തിന്റേയും കഥ ആണ് ഈ സിനിമ.


വെര്‍ഡീക്‍ട് : കൊള്ളാം. ഒരു പുതുമുഖ സംവിധായകന്റേത് ആണ് ഈ പടം എന്നു എനിക്ക് ദാ ഇപ്പോള്‍ സെര്‍ച്ച് ചേയ്തപ്പോള്‍ ആണ് മനസ്സിലായത് - പടം കണ്ടു കൊണ്ടിരുന്നപ്പോള്‍ അങ്ങനെ തോന്നിയതേ ഇല്ലാ. ഒരു ത്രില്ലര്‍ ഗണത്തില്‍ പെടാത്തതിനാല്‍ പടം പൊതുവേ സ്ലോ ആണ് എങ്കിലും, നല്ല പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇഷ്ടപ്പെടും ഈ സിനിമ. വിധവാ പ്രേമം, രാജ്യത്തിന്റെ യുദ്ധം വരുത്തി വയ്ക്കുന്ന നഷ്ടങ്ങള്‍ എന്നിങ്ങനെ ഉറക്കെ പറയാന്‍ പാടില്ലാത്ത കാര്യങ്ങളെ പറ്റിയുള്ള ഈ സിനിമ തീര്‍ച്ചയായും വളരെ ശ്ലാഘനീയം തന്നെ. ഇതിനു മുന്നെ നമ്മളെ യുദ്ധത്തിന്റെ മറ്റോരു വശം കാട്ടിത്തന്ന ഹര്‍ട്ട് ലോക്കര്‍ പോലെ തന്നെ നിങ്ങള്‍ കണ്ടിരിക്കണം ഈ പടം എന്നു പറയാന്‍ തോന്നുന്നു ഈ പടത്തെ പറ്റിയും എനിക്ക്.


കാണൂ .. കണ്ടഭിപ്രായം പറയൂ..


വാല്‍ക്കഷ്ണം : ഇന്ത്യയില്‍ ഇങ്ങനെത്തെ ഒരു പടം ഇറങ്ങാന്‍ ചാന്‍സുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതിനു സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നല്‍കുമോ? എവിടെ, അല്ലേ? ബ്ലാക്ക് ഫ്രൈഡേ പോലുള്ള ഡീസന്റ് പടങ്ങള്‍ക്ക് പോലും പ്രദര്‍ശനാനുമതി നിഷേധിച്ച നമ്മുടെ രാജ്യത്ത് ഇങ്ങനെത്തെ ഒരു പടം പ്രതീക്ഷിക്കുന്നതു പോലും കുറ്റകരമാവും!