Showing posts with label nedumudi venu. Show all posts
Showing posts with label nedumudi venu. Show all posts

Wednesday, March 2, 2011

അർജ്ജുനൻ സാക്ഷി - Arjunan Saakshi (6.5/10)


Arjunan Saakshi/Malayalam/2011/Action - Suspense Thriller/M3DB/ (6.5/10) 


പ്ലോട്ട് : കൊച്ചീ നഗരത്തെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കളക്ടർ ഫിറോസ് മൂപ്പന്റെ കൊലപാതകം. ആ സംഭവം നേരിൽ കണ്ടു എന്ന അവകാശവാദവുമായി അർജ്ജുനൻ (ഈ പേരിന്റെ സ്പെല്ലിങ്ങ് സിനിമയിൽ ഉടനീളം തെറ്റിച്ചാണു കാട്ടുന്നതു - അർജ്ജുനനു രണ്ട് ‘ജ’ ഇല്ലേ, അതോ സിനിമയിൽ കാട്ടുന്നതു പോലെ ഒരു ജ - അർജുനൻ - ഒള്ളോ?)  എന്ന വ്യക്തിയുടെ ഒരു കത്ത് മാതൃഭൂമി പത്രത്തിനു ലഭിക്കുന്നു, അതു അവർ പ്രതികരണങ്ങൾ പംക്തിയിൽ പ്രസിദ്ധീകരിക്കുന്നു, ‘അതി ശക്തരായ‘ വില്ലന്മാർ വാലിൽ തീ പിടിച്ച് ഓടുന്നു, ലേഖികക്ക് വധഭീഷണി, ആക്രമണം, .. അതിനിടയിലേക്ക് അബദ്ധവശാൽ കടന്നു വരുന്ന നായകൻ - പൃഥ്വിരാജ് - എല്ലാവരും ലവൻ അർജ്ജുനൻ ആണെന്നു തെറ്റിദ്ധരിക്കുന്നു .. ശേഷം ... ചിന്ത്യം.

വെർഡിക്ട് :  സിനിമ - കൊള്ളാം. ആദ്യ പകുതിയിൽ സിനിമ ഉഗ്രനായി മുന്നേറി, പക്ഷെ പകുതികഴിഞ്ഞതോടെ എങ്ങനേം തീർത്താൽ മതി എന്നു സംവിധായകനു തോന്നിയെന്നാണു എനിക്ക് തോന്നിയത്. ക്രാഷ് ലാന്റ് ചേയ്യിച്ച് തീർത്തു സിനിമ.! രഞ്ജിത്ത് ശങ്കറിൽ നിന്നും ഇതിലും ഒക്കെ മികച്ച ഒരു ക്ലൈമാക്സ് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത് - ചിലപ്പോൾ പാസ്സഞ്ചർ നൽകിയ അമിത-പ്രതീക്ഷകൾ ആവാം രസംകൊല്ലിയായത്!.

ആദ്യ പകുതിയിൽ എന്തും ചേയ്യാൻ കഴിവുണ്ടെന്നു കാട്ടുന്ന - സെൽഫോൺ ടാപ്പ് ചേയ്യുന്നതു മുതൽ കളക്ടറെ തട്ടിക്കളയുക വരെയുള്ള കാര്യങ്ങൾ പുല്ലാണെന്നു വ്യക്തമാക്കുന്ന - വില്ലന്മാർ രണ്ടാം പകുതിയിൽ ചുമ്മാ പഞ്ചപാവങ്ങളെപ്പോലെ പേടിച്ച് വിറച്ച് ‘സാധാരണക്കാരനായ’ നായകന്റെ പിന്നാലെ യാചിച്ച് നടക്കുന്നു! - കളക്ടറെ വരെ പോയിന്റെ ബ്ലാങ്കിൽ നിന്നും ഷൂട്ട് ചേയ്തു കൊല്ലാൻ മാത്രം കെല്‍പ്പുള്ള വില്ലന്മാർ ഒരു പയ്യനെ തട്ടാൻ വിഷമിക്കുന്നു - അവിശ്വസനീയം എന്നു പറയേണ്ടിയിരിക്കുന്നു - ഈ കഥാതന്തു!.

എന്നാലും, നായകന്റെ റ്റാറ്റാ സഫാരി കാറിനെ ഇടിച്ച്  തകർക്കാൻ മാരുതി എസ്റ്റീമിനെ വിട്ട ആ വില്ലന്റെ ബുദ്ധിശക്തിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല!. ;) ഹിമാലയാ-കണിച്ചുകുളങ്ങര കേസിലൂടെ കേരളമാകെ മനസ്സിലാക്കിയ കാര്യമാണു, ഒരു ലോറി കൊണ്ടേ ഇടിപ്പിച്ച് തെറിപ്പിച്ചാലും സഫാരിക്ക് വലുതായിട്ടൊന്നും സംഭവിക്കില്ലാ എന്നു.  അതുമല്ലാ,  എന്തിനാണാവോ നല്ല കിടിലൻ ഫോറിൻ കാറിൽ അതു വരെ സഞ്ചരിച്ചിരുന്ന പൃഥ്വിരാജ് പെട്ടെന്നു സഫാരിയിലേക്ക് മാറിയതു, ആ ഷോട്ടിനു വേണ്ടി മാത്രം?

ആക്ടേഴ്സ് : നാ‍യകൻ പൃഥ്വിരാജ് : കലക്കീട്ടുണ്ട് ഇഷ്ടൻ. ആദ്യ പകുതിയിൽ കമ്പനി പാർട്ടിയിൽ അടിച്ച് കിന്റായിട്ട് നടക്കുന്ന പൃഥ്വിരാജ് അഭിനയത്തിൽ വളരേ അധികം മുന്നേറിയിരിക്കുന്നു എന്നു തെളിയിക്കുന്നു - ഉഗ്രൻ ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട്, റോയ് എന്ന യൂത്തിനെ, പൃഥ്വിരാജ്. :) ഉഗ്രൻ.

പിന്നെ പൃഥ്വിരാജിന്റെ ഫ്രണ്ടായി സിനിമയി വരുന്ന പയ്യൻസ് - 

ആൻ : എത്സമ്മയിൽ നിന്നും വളരേ മുന്നോട്ട് വന്നിരിക്കുന്നു ആൻ അഗസ്റ്റിൻ. എത്സമ്മയിൽ എടുത്താൽ പൊങ്ങാത്ത റോൾ ആയതിനാൽ ആവണം എനിക്ക് ഈ കുട്ടിയെ അത്രെക്കങ്ങ് പിടീക്കാഞ്ഞത് ആ സിനിമയിൽ - ഇതിൽ : ആപ്റ്റ്.!

പിന്നെ ഉഗ്രനായിട്ടുള്ളതു നമ്മുടെ പഴേയ നൂലുണ്ടയാണു - വിജീഷ്. എന്തോരു ചേഞ്ച്!!!!  ഒരു ജിം ഇൻസ്ട്രക്ടർ ആയ പൃഥ്വിരാജിന്റെ ഫ്രണ്ടായിട്ട് ആണു ഇതിൽ വിജീഷ് - ആ പൊണ്ണത്തടി ഒക്കെ മാറി ആശാൻ കലക്കൻ ബോഡിയും ഒക്കെ വച്ച് ഉഗ്രനാക്കീട്ടുണ്ട് ഈ സിനിമയിൽ. അതു മാത്രമല്ല, ഈ സിനിമയിൽ പൃഥ്വിരാജിനൊപ്പം തിളങ്ങി നിൽക്കാൻ സാധിക്കുന്നും ഉണ്ട് വിജീഷിനു. ! കലക്കി മോനേ, കലക്കി!. :)

വില്ലന്മാർ : വേസ്റ്റ്!

ജഗതി : പെർഫക്ട്.

പിന്നെ എടുത്ത് പറയേണ്ടത് : ക്യാമറ വർക്കാണു - ഉഗ്രൻ എന്നല്ലാതെ വേറോരു വാക്കില്ല. :) പ്രത്യേകിച്ച് കാർ ചേസ് സമയത്തും, ആദ്യ പകുതിയിലും.  സംവിധായകൻ സിനിമയെ സ്റ്റൈലിഷ് ആക്കുന്നതിൽ ശരിക്കും വിജയിച്ചിരിക്കുന്നു, ആർട്ട് ഡിപ്പാർട്ട്മെന്റിനും കൺഗ്രാറ്റ്സ്. :)


ഒറ്റ വാചകത്തിൽ : കണ്ടിരിക്കാവുന്ന, ബോറടിക്കാത്ത, എന്നാൽ വലിയ പ്രതീക്ഷ വേണ്ടാത്ത ഒരു എബൗവ് ആവറേജ് സിനിമ.

വാൽക്കഷ്ണം : സാധാരണക്കാരൻ എന്ന ലേബലിൽ നായകന്റെ സൂപ്പർ ഹീറോ ഇമേജ് വിൽക്കുന്ന ഇത്തരം സിനിമകൾ ഇനിയും ഉണ്ടാവണം ..  എല്ലാ സാധാരണക്കാരിലും ഒരു സൂപ്പർഹീറോ ഒളിഞ്ഞിരിപ്പുണ്ട് എന്നോ മറ്റോ ആണോ സിനിമയുടെ ക്രിയേറ്റേഴ്സ് ഉദ്ദേശിച്ചിരിക്കുന്നതു?

സിനിമ ആദ്യാവസാനം ‘മാതൃഭൂമി’ പത്രത്തിന്റെ പരസ്യമാണു - ഒരോ അഞ്ച് ഷോട്ടുകളിലും ആ പേരു പറയുകയോ കാട്ടുകയോ ചേയ്യുന്നുണ്ട് .. എനിക്കാ പേരു കണ്ട് ബോറടിച്ചു, ശരിക്കും!.അവരാണോ സിനിമയുടെ വട്ടിപ്പലിശാ-ഫിനാൻസിയേഴ്സ്?


Monday, December 20, 2010

Best Actor (6/10)

Best Actor/Malayalam/2010/Drama-Comedy/IMDB(6/10)

പ്ലോട്ട് : ഒരു സിനിമാപ്രാന്തൻ ആയ സ്കൂൾമാഷ് സിനിമാ നടനാവാൻ നടക്കുന്നതാണു സിനിമയുടെ കഥ. അങ്ങാർക്ക് ഭാര്യേം കുട്ടീം ഒക്കെ ഉണ്ട്, പക്ഷെ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹത്തിനു അവരെക്കാളൊക്കെ സ്ഥാനം അയാൾ കൊടുക്കുന്നുണ്ട് .. ബാക്കി എല്ലാം സാദാ സിനിമകളെ പോലെ, സംവിധായകർ ആട്ടി ഓടിക്കുന്നു, അയാൾ കിട്ടിയേക്കാവുന്ന ഒരു പടത്തിലെ റോളിനു എക്സ്പീരിയൻസ് ഉണ്ടാക്കാനായി കൊച്ചിയിലെത്തുന്നു, ഗുണ്ടകളുടെ കൂടെ താമസിച്ച് അവരുടെ രീതികൾ പഠിക്കാൻ. ..  പിന്നെ കോറേ തമാശകൾ, വളിപ്പുകൾ, .. അവസാനം ഒരുഗ്രൻ ട്വിസ്റ്റ്, അതിലും ഉഗ്രൻ ക്ലൈമാക്സ്.


വെർഡിക്ട് : സിനിമ ക്ലൈമാക്സ് ഒഴിവാക്കി നോക്കിയാൽ തികച്ചും ആവറേജ് ആണു.ചുമ്മാ കൈയ്യടി വാങ്ങാൻ സ്ഥിരം വളിപ്പുകളും, തമാശകളും ഒക്കെയായിട്ട് മുന്നോട്ട് പോവുന്ന കഥപറച്ചിൽ. അസ്വാഭാവികങ്ങളായ സ്വഭാവമാറ്റങ്ങൾ മമ്മൂട്ടിയുടെ കഥാ‍പാത്രത്തിന്റെ ബേസിക്ക് സ്വഭാവത്തിൽ കാണികൾക്ക് സംശയം ഉണ്ടാക്കുന്നുണ്ട്, അതു ഒഴിവാക്കാമായിരുന്നു. ഒരിക്കലും ഒരു പാവം സ്കൂൾമാഷ് കൊച്ചീലെ തടിമാടൻ ക്വട്ടേഷൻ‌ടീമുകളോട് ഉരസില്ല, അതും ഇന്നലെ പരിചയപ്പെട്ട ഗുണ്ടകൾക്ക് വേണ്ടി.!  അതു കഥയിലെ തെറ്റ്. !

മമ്മൂട്ടി ഒരു നാട്ടിൻ‌പുറത്തെ മാഷിന്റെ എല്ലാ മാനറിസങ്ങളും പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്, അതു ഒരു നല്ല പരിധിവരെ നന്നായിട്ടും ഉണ്ട്. ലാലിനു സ്വന്തം റോൾ ഇനിയും വളരേ അധികം നന്നാക്കാനുള്ള സ്കോപ്പ് ഉണ്ടായിരുന്നു, പക്ഷെ ഓവറാക്കി. സലിംകുമാർ വൃത്തികേടാക്കിയിട്ടില്ല. വിനായകൻ ചെറുതെങ്കിലും നല്ലോരു റോൾ നന്നാക്കിയിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാൻ അദ്ദേഹത്തിനു നന്നായി അറിയാം. നെടുമുടി വെറുതേ വന്നു പോവുന്നുണ്ട് - ചുമ്മാ സെന്റി അടീക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. ശ്രീനിവാസനും ഒരു ചലനം ഉണ്ടാക്കാനാവാതെ വന്നു പോവുന്നു. സ്പെഷ്യൽ അപ്പിയറൻസ് നടത്തുന്ന ലാൽജോസ്, രഞ്ജിത്ത് എന്നിവർ ഇവരെക്കാൾ ഒക്കെ നന്നായിട്ട് ചേയ്യുന്നുണ്ട് റോളൂകൾ. :)

മേഘമൽഹാറിൽ ക്യാമറാമാൻ ആയിട്ട് ബിജുമേനോന്റെ കൂടെ നടക്കുന്ന പയ്യൻ (ഹിപ്പി സ്റ്റൈൽ) : ഇതിലും ഉണ്ട് : അദ്ദേഹത്തിനെന്തേ നല്ല റോളുകൾ ആരും കൊടുക്കാത്തേ? അങ്ങാരു ഏതു റോളും ഉഗ്രൻ ആക്കുന്നുണ്ടല്ലോ? കുറച്ച് കൂടെ പ്രാധാന്യമുള്ള റോളുകൾ അങ്ങാർക്ക് ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ..  നല്ല സ്വാ‍ഭാവിക ഡയലോഗ് ഡെലിവറി അങ്ങാരെ വ്യത്യസ്ഥനാക്കി നിർത്തുന്നു, എല്ലാവരിലും ഇടയിൽ. മേഘമൽഹാറിലും ഞാൻ ഇങ്ങാരെ ശ്രദ്ധിച്ചിരുന്നു..

സംവിധായകൻ : ഒരു കാര്യം ഉറപ്പ് - ഈ പുതുമുഖ സംവിധായകൻ ഒരു വാഗ്ദാനം ആണു, മലയാള സിനിമക്ക്. കൊള്ളാം, ആദ്യ സിനിമയുടെ ഒരു വിറവൽ ഇല്ലാതെ ഒരു സൂപ്പർ നായകനെ ഇൻ‌ട്രോ ചേയ്തു കൊണ്ടുവരുന്നതും, നായകന്റെ ബിൽഡപ്പും, ഒക്കെ, വളരേ നന്നാക്കിയിട്ടുണ്ട്. ടെക്ക്നിക്കൽ ഡിവിഷൻ ആണു ഈ സിനിമയെ ‘മോശ‘ത്തിൽ നിന്നും ‘തരക്കേടില്ലാ’ത്തത് എന്ന നിലവാരത്തിൽ എത്തിക്കുന്നതെന്നു പറഞ്ഞാൽ അതു ഒരു തെറ്റാവില്ല.

വാൽക്കഷ്ണം :  ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞല്ലോ - അതൊരു ഉഗ്രൻ ഐറ്റം ആണുട്ടോ. :) ഇഷ്ടായി. ആ ഒരു ക്ലൈമാക്സ് ഇല്ലായിരുന്നുവെങ്കിൽ, ഈ സിനിമ ‘സൂപ്പർസ്റ്റാർ ചവർ’ എന്ന ലിസ്റ്റിൽ സ്ഥാനം പിടിച്ചേനേ. ആ ക്ലൈമാക്സ് ഇട്ടതിനു, കഥാകൃത്ത്/തിരക്കഥാകൃത്ത്/സംവിധായക ത്രയങ്ങൾക്ക് എല്ലാ കൈയ്യടികളും. :)

വെർഡിക്ട് ഒറ്റ വാക്കിൽ  : ആവറേജ്, ബട്ട് സഹിക്കബിൾ. :)


Sunday, July 18, 2010

മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് - Malarvadi Arts Club - (6.5/10)


Malayalam/2010/Drama/(6.5/10)

ആദ്യം നല്ല വശങ്ങള്‍  : സംഭവം കൊള്ളാം. കൊടുത്ത കാശ് നഷ്ടമാവില്ലാ എന്നു മാത്രമല്ല, മുതലും ആണ്. ഒന്നോ രണ്ടോ രൂപ ഇങ്ങോട്ടുണ്ടങ്കിലേ ഉള്ളൂ. കഥാസന്ദര്‍ഭങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനും, പലതിനും കൈയ്യടി വാങ്ങാനും സാധിക്കുന്നുണ്ട്  സംവിധായകനും മറ്റു പിന്നാ‌മ്പുറ മുന്നാ‌മ്പുറ പ്രവര്‍ത്തകര്‍ക്കും. പലയിടങ്ങളിലും സംവിധായക-തിരിക്കഥാകൃത്ത് ജോഡിക്ക് (ജോഡി ഒന്നുമില്ല, രണ്ടും ഒരാളുതന്നാ - വിനീത് ശ്രീനിവാസന്‍- ലവന്‍ തന്നാ പാട്ടെഴുത്തും.) ചെറു നൊ‌മ്പരങ്ങള്‍ താല്‍കാലികമായിട്ടെങ്കിലും തരാന്‍ സാധിക്കുന്നും ഉണ്ട്.

പയ്യന്മാര്‍ കൊള്ളാം - അതില്‍ ഒന്നല്ലങ്കില്‍ രണ്ട് പേര്‍ ഉറപ്പായും മലയാള സിനിമാ രംഗത്ത് സ്ഥിരമായിട്ടുണ്ടാവും. പോസ്റ്ററില്‍ കൈലിമുണ്ടുടൂത്തു നില്‍ക്കുന്ന ഇഷ്ടന്‍ കിടു!. ലവന്‍ ഒരു അര ജഗദീഷ് തന്നെ - ആദ്യാവസാനം സഭാക‌മ്പം എന്ന സാധനം ലവനില്‍ കാണാനും ഇല്ലായിരുന്നു എന്നും എനിക്ക് തോന്നി. 
പെണ്‍പിള്ളാര്‍ : ഓ - ചുമ്മാ “നായിക ഉണ്ടോ” എന്ന ചോദ്യത്തിനു ഉണ്ടെന്നുത്തരം പറയാന്‍ മാത്രം രണ്ട് പേര്‍ ഉണ്ട് - വലിയ റോളൊന്നും ഇല്ല അവര്‍ക്ക് - സിനിമയില്‍ ആദ്യാവസാനം മലര്‍വാടീ പുള്ളേരാണ്.

ആദ്യമായി ഒരു പടത്തില്‍ സുരാജിനെ എനിക്ക് ബോറടിച്ചില്ല!. അതു കണക്കിലെടുക്കു‌മ്പോള്‍ സംവിധായകന്‍ ആയ വിനീത് ശ്രീനിവാസന്‍ ഒരു അതുല്യ പ്രതിഭ തന്നെ ആണെന്നു വേണമെങ്കില്‍ നമുക്ക് പറയാം. സലിം കുമാറും നെടുമുടിയും, പിന്നെ ഒന്നു തൊട്ടു നക്കാന്‍ എന്ന പോലെ ജഗതിയും കോട്ടയം നസീറും - എല്ലാവരും   അവരവരുടെ പങ്ക് നന്നാക്കിയിട്ടുണ്ട്. അവസാനം മകന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഒരച്ഛന്റെ ആഗ്രഹം നിറവേറ്റാനെന്ന പോലെ വന്ന ശ്രീനിവാസനും റോള്‍ മോശമാക്കിയിട്ടില്ല..


ആകെ മൊത്തം ടോട്ടല്‍ - എബൌവ് ആവറേജ് പടം തന്നെ ഇതു. ഇടക്കിടെ ചിരിയും, ഇടക്ക് ചെറിയ രീതിയിലെ നൊ‌മ്പരങ്ങളും ഒക്കെ കൂട്ടിയിണക്കിയ ഒരു കൊച്ചു പടം. പുതുമു:ഖങ്ങളുടെ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ എന്ന നിലയില്‍ പല അഭിനയ-വെള്ളികളും നമുക്ക് മറക്കാം..


പക്ഷെ, കഥ - സംഗീതം നട്ടെല്ലായിട്ടുള്ള, സൌഹൃദം മജ്ജയും മാംസവും ആയിട്ടുള്ള ഒരു കഥ  ഇത്രെയും നന്നായാല്‍ പോര - അതിനിയും  വളരെ അധികം നന്നാക്കാമായിരുന്നു. ഈ കഥ തന്നെ നമ്മള്‍ പല തവണ കണ്ടും കേട്ടും മടുത്ത ദരിദ്ര സുഹൃത്തുക്കള്‍-മ്യൂസിക്ക്-റിയാലിറ്റി ഷോ-ജയിക്കുന്നവനു അഹങ്കാരമെന്നു തെറ്റിധാരണ - പിണക്കം- അത്യാവശ്യ സമയത്ത് തെറ്റിധാരണ മാറ്റി സഹായിക്കല്‍ - എന്ന ഫോര്‍മുലയില്‍ അതിഷ്ടിതമാണ്.  റിയാലിറ്റി ഷോ ക്ക് പകരം വല്ല സ്റ്റേജ് പ്രോഗ്രാമോ അല്ലായെങ്കില്‍ വല്ല ന്യൂ ഇയര്‍ റോക്ക് ട്രൂപ്പ് മത്സരമോ ഒക്കെ ആക്കിയിരുന്നുവെങ്കില്‍ അതിലെങ്കിലും ഒരല്പം വ്യത്യാസം  ഉണ്ടായേനെ. പിന്നെ സംഗീതം - അതു അത്ര പോര എന്നും എനിക്ക് തോന്നി. സ്റ്റിങ്ങിന്റെ ഒരു ഹിറ്റ് പാട്ടിന്റെ ട്യൂണിലുള്ള ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം ആവറേജ് - സംഗീതം ആണ് കഥയുടെ നട്ടെല്ല് എന്നോര്‍ക്കണം!
മൊത്തത്തില്‍ - കഥ തിരഞ്ഞെടുത്തതില്‍ വിനീതിനു ഒരല്പം കൂടെ ശ്രദ്ധിക്കാമായിരുന്നു.


വാല്‍ക്കഷ്ണം : മലര്‍വാടി പുള്ളേരുടെ ഒരു പരിപാടി നടക്കു‌മ്പോള്‍ അവരെ കൂവി ഇരുത്താന്‍ വരുന്ന സുരാജിനെ ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ വന്നു അടിച്ച് നിരത്തുന്ന സീനുണ്ട് പടത്തില്‍ - കാരണം അവര്‍ അപ്പോള്‍ പാടിയിരുന്നതു ലാലേട്ടന്റെ വിഷ്ണുലോകം എന്ന പടത്തിലെ “കസ്തൂരി..” എന്ന പാട്ടായിരുന്നു!. ആ സീന്‍ എനിക്ക് ശരിക്കും ഇഷ്ടായി -  അതു ഫാന്‍സ് അസോസിയേഷനുകള്‍ക്കിട്ടോരു താങ്ങ് കൂടെ ആയിട്ടാണ് എനിക്ക് തോന്നിയതു - അത് എഴുതിയതിനു ശ്രീനിവാസന്റെ സഹായം വിനീതിനു കിട്ടിയിട്ടില്ലാ എങ്കില്‍, എന്റെ പ്രവചനം ഇതാ : ഈ പയ്യന്‍ കലക്കും ഇനി വരുന്ന നാളുകളില്‍‍. :)