Showing posts with label suraj venjarammoodu. Show all posts
Showing posts with label suraj venjarammoodu. Show all posts

Wednesday, March 2, 2011

അർജ്ജുനൻ സാക്ഷി - Arjunan Saakshi (6.5/10)


Arjunan Saakshi/Malayalam/2011/Action - Suspense Thriller/M3DB/ (6.5/10) 


പ്ലോട്ട് : കൊച്ചീ നഗരത്തെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കളക്ടർ ഫിറോസ് മൂപ്പന്റെ കൊലപാതകം. ആ സംഭവം നേരിൽ കണ്ടു എന്ന അവകാശവാദവുമായി അർജ്ജുനൻ (ഈ പേരിന്റെ സ്പെല്ലിങ്ങ് സിനിമയിൽ ഉടനീളം തെറ്റിച്ചാണു കാട്ടുന്നതു - അർജ്ജുനനു രണ്ട് ‘ജ’ ഇല്ലേ, അതോ സിനിമയിൽ കാട്ടുന്നതു പോലെ ഒരു ജ - അർജുനൻ - ഒള്ളോ?)  എന്ന വ്യക്തിയുടെ ഒരു കത്ത് മാതൃഭൂമി പത്രത്തിനു ലഭിക്കുന്നു, അതു അവർ പ്രതികരണങ്ങൾ പംക്തിയിൽ പ്രസിദ്ധീകരിക്കുന്നു, ‘അതി ശക്തരായ‘ വില്ലന്മാർ വാലിൽ തീ പിടിച്ച് ഓടുന്നു, ലേഖികക്ക് വധഭീഷണി, ആക്രമണം, .. അതിനിടയിലേക്ക് അബദ്ധവശാൽ കടന്നു വരുന്ന നായകൻ - പൃഥ്വിരാജ് - എല്ലാവരും ലവൻ അർജ്ജുനൻ ആണെന്നു തെറ്റിദ്ധരിക്കുന്നു .. ശേഷം ... ചിന്ത്യം.

വെർഡിക്ട് :  സിനിമ - കൊള്ളാം. ആദ്യ പകുതിയിൽ സിനിമ ഉഗ്രനായി മുന്നേറി, പക്ഷെ പകുതികഴിഞ്ഞതോടെ എങ്ങനേം തീർത്താൽ മതി എന്നു സംവിധായകനു തോന്നിയെന്നാണു എനിക്ക് തോന്നിയത്. ക്രാഷ് ലാന്റ് ചേയ്യിച്ച് തീർത്തു സിനിമ.! രഞ്ജിത്ത് ശങ്കറിൽ നിന്നും ഇതിലും ഒക്കെ മികച്ച ഒരു ക്ലൈമാക്സ് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത് - ചിലപ്പോൾ പാസ്സഞ്ചർ നൽകിയ അമിത-പ്രതീക്ഷകൾ ആവാം രസംകൊല്ലിയായത്!.

ആദ്യ പകുതിയിൽ എന്തും ചേയ്യാൻ കഴിവുണ്ടെന്നു കാട്ടുന്ന - സെൽഫോൺ ടാപ്പ് ചേയ്യുന്നതു മുതൽ കളക്ടറെ തട്ടിക്കളയുക വരെയുള്ള കാര്യങ്ങൾ പുല്ലാണെന്നു വ്യക്തമാക്കുന്ന - വില്ലന്മാർ രണ്ടാം പകുതിയിൽ ചുമ്മാ പഞ്ചപാവങ്ങളെപ്പോലെ പേടിച്ച് വിറച്ച് ‘സാധാരണക്കാരനായ’ നായകന്റെ പിന്നാലെ യാചിച്ച് നടക്കുന്നു! - കളക്ടറെ വരെ പോയിന്റെ ബ്ലാങ്കിൽ നിന്നും ഷൂട്ട് ചേയ്തു കൊല്ലാൻ മാത്രം കെല്‍പ്പുള്ള വില്ലന്മാർ ഒരു പയ്യനെ തട്ടാൻ വിഷമിക്കുന്നു - അവിശ്വസനീയം എന്നു പറയേണ്ടിയിരിക്കുന്നു - ഈ കഥാതന്തു!.

എന്നാലും, നായകന്റെ റ്റാറ്റാ സഫാരി കാറിനെ ഇടിച്ച്  തകർക്കാൻ മാരുതി എസ്റ്റീമിനെ വിട്ട ആ വില്ലന്റെ ബുദ്ധിശക്തിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല!. ;) ഹിമാലയാ-കണിച്ചുകുളങ്ങര കേസിലൂടെ കേരളമാകെ മനസ്സിലാക്കിയ കാര്യമാണു, ഒരു ലോറി കൊണ്ടേ ഇടിപ്പിച്ച് തെറിപ്പിച്ചാലും സഫാരിക്ക് വലുതായിട്ടൊന്നും സംഭവിക്കില്ലാ എന്നു.  അതുമല്ലാ,  എന്തിനാണാവോ നല്ല കിടിലൻ ഫോറിൻ കാറിൽ അതു വരെ സഞ്ചരിച്ചിരുന്ന പൃഥ്വിരാജ് പെട്ടെന്നു സഫാരിയിലേക്ക് മാറിയതു, ആ ഷോട്ടിനു വേണ്ടി മാത്രം?

ആക്ടേഴ്സ് : നാ‍യകൻ പൃഥ്വിരാജ് : കലക്കീട്ടുണ്ട് ഇഷ്ടൻ. ആദ്യ പകുതിയിൽ കമ്പനി പാർട്ടിയിൽ അടിച്ച് കിന്റായിട്ട് നടക്കുന്ന പൃഥ്വിരാജ് അഭിനയത്തിൽ വളരേ അധികം മുന്നേറിയിരിക്കുന്നു എന്നു തെളിയിക്കുന്നു - ഉഗ്രൻ ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട്, റോയ് എന്ന യൂത്തിനെ, പൃഥ്വിരാജ്. :) ഉഗ്രൻ.

പിന്നെ പൃഥ്വിരാജിന്റെ ഫ്രണ്ടായി സിനിമയി വരുന്ന പയ്യൻസ് - 

ആൻ : എത്സമ്മയിൽ നിന്നും വളരേ മുന്നോട്ട് വന്നിരിക്കുന്നു ആൻ അഗസ്റ്റിൻ. എത്സമ്മയിൽ എടുത്താൽ പൊങ്ങാത്ത റോൾ ആയതിനാൽ ആവണം എനിക്ക് ഈ കുട്ടിയെ അത്രെക്കങ്ങ് പിടീക്കാഞ്ഞത് ആ സിനിമയിൽ - ഇതിൽ : ആപ്റ്റ്.!

പിന്നെ ഉഗ്രനായിട്ടുള്ളതു നമ്മുടെ പഴേയ നൂലുണ്ടയാണു - വിജീഷ്. എന്തോരു ചേഞ്ച്!!!!  ഒരു ജിം ഇൻസ്ട്രക്ടർ ആയ പൃഥ്വിരാജിന്റെ ഫ്രണ്ടായിട്ട് ആണു ഇതിൽ വിജീഷ് - ആ പൊണ്ണത്തടി ഒക്കെ മാറി ആശാൻ കലക്കൻ ബോഡിയും ഒക്കെ വച്ച് ഉഗ്രനാക്കീട്ടുണ്ട് ഈ സിനിമയിൽ. അതു മാത്രമല്ല, ഈ സിനിമയിൽ പൃഥ്വിരാജിനൊപ്പം തിളങ്ങി നിൽക്കാൻ സാധിക്കുന്നും ഉണ്ട് വിജീഷിനു. ! കലക്കി മോനേ, കലക്കി!. :)

വില്ലന്മാർ : വേസ്റ്റ്!

ജഗതി : പെർഫക്ട്.

പിന്നെ എടുത്ത് പറയേണ്ടത് : ക്യാമറ വർക്കാണു - ഉഗ്രൻ എന്നല്ലാതെ വേറോരു വാക്കില്ല. :) പ്രത്യേകിച്ച് കാർ ചേസ് സമയത്തും, ആദ്യ പകുതിയിലും.  സംവിധായകൻ സിനിമയെ സ്റ്റൈലിഷ് ആക്കുന്നതിൽ ശരിക്കും വിജയിച്ചിരിക്കുന്നു, ആർട്ട് ഡിപ്പാർട്ട്മെന്റിനും കൺഗ്രാറ്റ്സ്. :)


ഒറ്റ വാചകത്തിൽ : കണ്ടിരിക്കാവുന്ന, ബോറടിക്കാത്ത, എന്നാൽ വലിയ പ്രതീക്ഷ വേണ്ടാത്ത ഒരു എബൗവ് ആവറേജ് സിനിമ.

വാൽക്കഷ്ണം : സാധാരണക്കാരൻ എന്ന ലേബലിൽ നായകന്റെ സൂപ്പർ ഹീറോ ഇമേജ് വിൽക്കുന്ന ഇത്തരം സിനിമകൾ ഇനിയും ഉണ്ടാവണം ..  എല്ലാ സാധാരണക്കാരിലും ഒരു സൂപ്പർഹീറോ ഒളിഞ്ഞിരിപ്പുണ്ട് എന്നോ മറ്റോ ആണോ സിനിമയുടെ ക്രിയേറ്റേഴ്സ് ഉദ്ദേശിച്ചിരിക്കുന്നതു?

സിനിമ ആദ്യാവസാനം ‘മാതൃഭൂമി’ പത്രത്തിന്റെ പരസ്യമാണു - ഒരോ അഞ്ച് ഷോട്ടുകളിലും ആ പേരു പറയുകയോ കാട്ടുകയോ ചേയ്യുന്നുണ്ട് .. എനിക്കാ പേരു കണ്ട് ബോറടിച്ചു, ശരിക്കും!.അവരാണോ സിനിമയുടെ വട്ടിപ്പലിശാ-ഫിനാൻസിയേഴ്സ്?


Sunday, December 5, 2010

പോക്കിരിരാജ - PokkiriRaja (3/10)


Malayalam/2010/Action-Drama-Comedy/IMDB/(3/10)

പ്ലോട്ട് : അങ്ങനൊന്നില്ല. നായകന്മാർ രണ്ട്, നായിക ഒന്നു. ഒരു നായകൻ നാടു വിട്ട് പോവുന്നു, റൗഡി യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ, മറ്റേ ആൾക്ക് തല്ല് കിട്ടുമ്പോൾ അയാളെ തിരിച്ച് വിളിക്കുന്നു.. പിന്നെ മിനുറ്റിനു മിനുറ്റിനു അടി, അതിന്റെ ബോറടീ മാറ്റാൻ ബ്രെഡിനിടയിൽ ജാമെന്ന പോലെ പാട്ടുകൾ. അവസാനം ഒരു കൂട്ടയടി. തീർന്നു.

വെർഡിക്ട് : പക്കാ ചവറ്. ഫ്രീ ആയിട്ട് ആരെങ്കിലും ഈ സിനിമയുടെ ഡി വിഡിയോ വീ സീ ഡിയോ തന്നാൽ ഉടൻ മനസ്സിൽ കുറിക്കുക - അയാൾ നിങ്ങളുടെ ഒരു ശത്രുവാണു. അയാളെ സൂക്ഷിക്കുക, ഇതിലും മുട്ടൻ പാര അയാൾ വേറേ തരാനില്ല, എങ്കിലും.

സുരാജിനെ പോലീസ് എൻ‌കൗണ്ടർ ചേയ്യാഞ്ഞതെന്തേ? ഇത്രയും കാലം സിനിമാ നടന്മാർ അഭിനയിച്ച് പോലീസിനെ കരിവാരിത്തേച്ചതൊന്നും ഒന്നുമല്ല, സുരാജിന്റെ ഈ സിനിമയിലെ കഥാപാത്രവും ആയിട്ട് തട്ടിച്ച് നോക്കുമ്പോൾ - ആരേ കണ്ടാലും - സ്വന്തം ഭാര്യേ കണ്ടാൽ പോലും - പേടിച്ച് മതിലുചാടി ഓടുന്ന പോലീസ് ആപ്പീസർ ..തമാശക്കും ഒരു അതിരില്ലേ? ഇതിന്റെ പേർ തമാശയെന്നല്ല,  വൃത്തികേട് എന്നാണു.

സലിംകുമാർ ഇടക്കിടക്ക് വന്നു പോവുന്നുണ്ട് - അങ്ങാർക്ക് പ്രമേഹമുണ്ടോ ? മെലിഞ്ഞ് വരുന്നു? (അല്ലാതെ കഥാപാത്രത്തെപറ്റി ഒന്നും പറയാനില്ല എനിക്ക്!) ശ്രേയാശരൺ ഒക്കെ എന്തിനായിരുന്നാവോ ഈ പടത്തിൽ? ടോമിച്ചൻ മുളകുപാടം എന്ന പ്രോഡ്യൂസറിന്റെ കാശ്  കുറച്ച് ആ വഹയിൽ പോയതു മിച്ചം.

സംവിധായകൻ : ആരാണീ വൈശാഖ്? ഏത് നാട്ടുകാരൻ? ഹൊ ... ഇങ്ങനേം മനുഷ്യനെ കൊല്ലാക്കൊല ചേയ്യുവോ? ധാരാളം പ്രശ്നങ്ങൾ അവിടിവിടെ അങ്ങാരുടെ വഹയായിട്ട് വന്നിട്ടുണ്ട് - ഇത്രേം കോൺസണ്ട്രേഷൻ ഇല്ലാതെ ഞാൻ ഒരു പടം കണ്ടിട്ടില്ല - എന്നിട്ടും പ്രശ്നങ്ങൾ അവിടിവിടെ കണ്ടു ഞാൻ. കുളിച്ച് ഈറനുടുത്ത് വന്ന് മന്ത്രീടെ ഭാര്യ പൈപ്പ് തുറക്കുന്നു - ശൂശൂ ... വെള്ളമില്ല - “അയ്യോ വെള്ളമില്ലേ പൈപ്പിൽ“ എന്നു അടുത്ത ചോദ്യം!.  കുളിച്ചതു പിന്നെ കക്കൂസീന്നു വെള്ളമെടുത്താണോ?  അവരുടെ അഭിനയവും അപാരം - സ്കൂൾ നാടകത്തിലെ പുള്ളാരു വരെ അതിലും ബെറ്റർ ആയിട്ടഭിനയിക്കും. വലിയ ഗുണ്ടാസെറ്റപ്പ് ഒക്കെ ആയിട്ട് എല്ലാം നിരത്താൻ വരുന്ന മമ്മൂട്ടിയുടെ കൂടെ അവസാന ക്ലൈമാക്സ് കൂട്ടപ്പൊരിച്ചിലിൽ ഈ പറയണ ഗുണ്ടകളെ ഒന്നും കാണാനില്ല - എന്തു പറ്റിയോ ആവോ അവർക്ക്? 

പൃഥ്വിരാജ്, മമ്മൂട്ടി ശ്രേയാ ശരൺ എന്നീ തെന്നിന്ത്യയിലെ ഏറ്റവും വലിയ സ്റ്റാറുകളെ തന്നെ കൈയ്യിൽ കിട്ടിയിട്ടും ഇത്രേം തല്ലിപ്പോളി സിനിമ പടച്ചിറക്കിയ വൈശാഖ് എന്ന സംവിധായകനെ ആണു പഞ്ഞിക്കിടേണ്ടത് ! മമ്മൂട്ടി ഒക്കെ പൊട്ടത്തരം പറഞ്ഞ് കൈയ്യടി(?) വാങ്ങുന്ന പരിപാടി ഒന്നു നിർത്തിയിരുന്നെങ്കിൽ!! എത്രാമത്തെ പടമായി ഇങ്ങനെ തെറ്റ് പറഞ്ഞും, മറുഭാഷ പറഞ്ഞും കൈയ്യടി വാങ്ങാൻ ശ്രമിക്കുന്നേ അങ്ങാരു!

അല്ലെങ്കിലും, ഈ സ്റ്റാറുകൾക്കൊക്കെ എന്തിന്റെ കേടായിരുന്നു? ഒരു വരി എങ്കിലും കഥ കേട്ടിട്ടാണോ ഇവർ ഒക്കെ ഡേറ്റ് കൊടുക്കുന്നതു? ആണെങ്കിൽ ഈ സിനിമ മലയാളത്തിന്റെ നാണം കെടുത്താൻ ഇറങ്ങില്ലായിരുന്നു..

വാൽക്കഷ്ണം : ഇനി കുട്ടിസ്രാങ്ക് കാണണം - എന്നാലേ ഈ സിനിമ ചേയ്ത കേട് തീരു. !  പണ്ട് സിനിമ കൊട്ടകയിൽ ഇറങ്ങിയപ്പോൾ എന്നേം വിളിച്ചോണ്ട് ഈ സിനിമ കാണാൻ കൊണ്ട് പോയ പാക്കരനെ എനിക്കൊന്നു കാണണം ... അവനോട് ഞാനെന്തു തെറ്റു ചേയ്തു എന്ന് എനിക്കിന്നറിയണം! .. അന്നു ഞങ്ങൾ ചെന്നു ഇറങ്ങിയപാടേ ഹൗസ്ഫു:ൾ ബോർഡ് തൂക്കിയ കൊട്ടകയിലെ സെക്യൂരിറ്റിക്കാരനു എനിക്ക് ഒരു മസാല ദോശ എങ്കിലും വാങ്ങിക്കൊടുക്കുകയും വേണം .. എന്റെ ജീവൻ അയാൾ രക്ഷിച്ചു അന്നു!


Monday, September 20, 2010

ശിക്കാർ - Shikkar (5/10)


പ്ലോട്ട് : ആരുടെയോ ഒക്കെ കൈയ്യിൽ നിന്നും ഒളിച്ച് കഴിയുന്ന നായകൻ.. നായകനെ പിടിക്കാൻ വില്ലന്മാർ വരുന്നു. ആ വേട്ടയുടെ കഥയാണു ശിക്കാർ.

വെർഡിക്ട് : ലാലേട്ടന്റെ പടമായതു കൊണ്ട് മാത്രം പറയുന്നു - പോര. അല്ലായിരുന്നേൽ ചവറ് എന്നു വിളിച്ചേനെ ഞാൻ. സംവിധായകൻ ഒരു സാദാ- സംവിധായകൻ മാത്രം. അങ്ങേരുടെ ഒരു സീൽ എങ്ങും കാണാനില്ല. ചവറു തമാശകൾ (ഉണ്ടാക്കനുള്ള ശ്രമം‌), ഡബിൾ മീനിങ്ങ് കോമഡി (അതും ശ്രമം മാത്രം), തമാശക്കായുള്ള കൊറേ താരങ്ങൾ, തല്ലു കൊള്ളാൻ അവർക്കായി വെവ്വേറേ സീനുകൾ,  സെന്റിക്കായി വേറേ ചില താരങ്ങൾ - അവരുടെ സീനുകൾ, പാട്ടിനായി വേറേ രണ്ടെണ്ണം  അഡ്ഡീഷണൽ ഇമ്പോർട്ട് ... ആകെ മൊത്തം സിനിമ കണ്ടാൽ ഓരോ ഭാഗവും വേവ്വേറേ പടങ്ങളിൽ നിന്നും കട്ട് ചേയ്ത് എടൂത്തിരിക്കുന്നതെന്നു തോന്നുന്ന വിധം ആണു നിർമ്മിതി.

ഇതെല്ലാം പറഞ്ഞത് ആദ്യ പകുതിയെ പറ്റിയാണു. പക്ഷെ അതു കഴിഞ്ഞ് സിനിമ മാറുന്നു. അത്ര കേമം ഒന്നും അല്ലാ എങ്കിലും കണ്ടിരിക്കാൻ പറ്റുന്ന വിധം ആണു രണ്ടാം പകുതി മുന്നേറുന്നതു. ആദ്യ പകുതിയുടെ ബോറടി രണ്ടാം പകുതിയിൽ ഇല്ല.  - ആദ്യ പകുതിയിലെ മോഹൻലാൽ ഒഴിച്ച് വേറേ താരങ്ങൾ മിക്കവരും തന്നെ രണ്ടാം പകുതിയിൽ ഇല്ലാ എന്നു വേണമെങ്കിലും പറയാം.  സ്നേഹ, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ലാൽ,  തുടാങ്ങിയ വൻ താരങ്ങളെ എന്തിനാണു ഇതിൽ പിടീച്ചിട്ടിരിക്കുന്നേ ആവോ!

പക്ഷെ ലൊക്കേഷൻ കൊള്ളാം - ആകെ പച്ചമയം ! :) 

വാൽക്കഷ്ടം : ലോജിക്ക് വീട്ടിൽ വച്ച് മാത്രം പടം കാണാൻ പോവുക. ചില കഥാപാത്രങ്ങൾ സീനുകൾക്കിടെ അപ്രത്യക്ഷർ ആവുന്നു ( കലാഭവൻ മണി അഭിനയിക്കുന്ന കഥാപാത്രം ഇടക്കുള്ള ഒരു സീനിൽ കാണാതാവുന്നുണ്ട് - അങ്ങാരു ആ സീനിലുണ്ടെങ്കിൽ അടുത്ത സീനിലെ സംഭവം നടക്കില്ലാത്തതു കൊണ്ടാവണം അങ്ങാരെ മുക്കിയതു.)  സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ആന്റി ടെറർ ഫോഴ്സിലേയോ മറ്റോ ഓഫീസറെ ഒരു റിട്ടയേർഡ് കാലി-പോലീസുകാരൻ ഉപദേശിച്ച് നന്നാക്കുന്നതു പോലെ  കോറേ ലോജിക്കൽ പ്രശ്നങ്ങൾ അവിടിവിടെ ഉണ്ട്.. ക്ലൈമാക്സ് ഉൾപ്പെടുന്നതിനാൽ ഞാൻ അതു ഇവിടെ പറയുന്നില്ല  :)

കണ്ട് നോക്കൂ. അഭിപ്രായം പറയൂ  :)


Sunday, July 18, 2010

മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് - Malarvadi Arts Club - (6.5/10)


Malayalam/2010/Drama/(6.5/10)

ആദ്യം നല്ല വശങ്ങള്‍  : സംഭവം കൊള്ളാം. കൊടുത്ത കാശ് നഷ്ടമാവില്ലാ എന്നു മാത്രമല്ല, മുതലും ആണ്. ഒന്നോ രണ്ടോ രൂപ ഇങ്ങോട്ടുണ്ടങ്കിലേ ഉള്ളൂ. കഥാസന്ദര്‍ഭങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനും, പലതിനും കൈയ്യടി വാങ്ങാനും സാധിക്കുന്നുണ്ട്  സംവിധായകനും മറ്റു പിന്നാ‌മ്പുറ മുന്നാ‌മ്പുറ പ്രവര്‍ത്തകര്‍ക്കും. പലയിടങ്ങളിലും സംവിധായക-തിരിക്കഥാകൃത്ത് ജോഡിക്ക് (ജോഡി ഒന്നുമില്ല, രണ്ടും ഒരാളുതന്നാ - വിനീത് ശ്രീനിവാസന്‍- ലവന്‍ തന്നാ പാട്ടെഴുത്തും.) ചെറു നൊ‌മ്പരങ്ങള്‍ താല്‍കാലികമായിട്ടെങ്കിലും തരാന്‍ സാധിക്കുന്നും ഉണ്ട്.

പയ്യന്മാര്‍ കൊള്ളാം - അതില്‍ ഒന്നല്ലങ്കില്‍ രണ്ട് പേര്‍ ഉറപ്പായും മലയാള സിനിമാ രംഗത്ത് സ്ഥിരമായിട്ടുണ്ടാവും. പോസ്റ്ററില്‍ കൈലിമുണ്ടുടൂത്തു നില്‍ക്കുന്ന ഇഷ്ടന്‍ കിടു!. ലവന്‍ ഒരു അര ജഗദീഷ് തന്നെ - ആദ്യാവസാനം സഭാക‌മ്പം എന്ന സാധനം ലവനില്‍ കാണാനും ഇല്ലായിരുന്നു എന്നും എനിക്ക് തോന്നി. 
പെണ്‍പിള്ളാര്‍ : ഓ - ചുമ്മാ “നായിക ഉണ്ടോ” എന്ന ചോദ്യത്തിനു ഉണ്ടെന്നുത്തരം പറയാന്‍ മാത്രം രണ്ട് പേര്‍ ഉണ്ട് - വലിയ റോളൊന്നും ഇല്ല അവര്‍ക്ക് - സിനിമയില്‍ ആദ്യാവസാനം മലര്‍വാടീ പുള്ളേരാണ്.

ആദ്യമായി ഒരു പടത്തില്‍ സുരാജിനെ എനിക്ക് ബോറടിച്ചില്ല!. അതു കണക്കിലെടുക്കു‌മ്പോള്‍ സംവിധായകന്‍ ആയ വിനീത് ശ്രീനിവാസന്‍ ഒരു അതുല്യ പ്രതിഭ തന്നെ ആണെന്നു വേണമെങ്കില്‍ നമുക്ക് പറയാം. സലിം കുമാറും നെടുമുടിയും, പിന്നെ ഒന്നു തൊട്ടു നക്കാന്‍ എന്ന പോലെ ജഗതിയും കോട്ടയം നസീറും - എല്ലാവരും   അവരവരുടെ പങ്ക് നന്നാക്കിയിട്ടുണ്ട്. അവസാനം മകന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഒരച്ഛന്റെ ആഗ്രഹം നിറവേറ്റാനെന്ന പോലെ വന്ന ശ്രീനിവാസനും റോള്‍ മോശമാക്കിയിട്ടില്ല..


ആകെ മൊത്തം ടോട്ടല്‍ - എബൌവ് ആവറേജ് പടം തന്നെ ഇതു. ഇടക്കിടെ ചിരിയും, ഇടക്ക് ചെറിയ രീതിയിലെ നൊ‌മ്പരങ്ങളും ഒക്കെ കൂട്ടിയിണക്കിയ ഒരു കൊച്ചു പടം. പുതുമു:ഖങ്ങളുടെ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ എന്ന നിലയില്‍ പല അഭിനയ-വെള്ളികളും നമുക്ക് മറക്കാം..


പക്ഷെ, കഥ - സംഗീതം നട്ടെല്ലായിട്ടുള്ള, സൌഹൃദം മജ്ജയും മാംസവും ആയിട്ടുള്ള ഒരു കഥ  ഇത്രെയും നന്നായാല്‍ പോര - അതിനിയും  വളരെ അധികം നന്നാക്കാമായിരുന്നു. ഈ കഥ തന്നെ നമ്മള്‍ പല തവണ കണ്ടും കേട്ടും മടുത്ത ദരിദ്ര സുഹൃത്തുക്കള്‍-മ്യൂസിക്ക്-റിയാലിറ്റി ഷോ-ജയിക്കുന്നവനു അഹങ്കാരമെന്നു തെറ്റിധാരണ - പിണക്കം- അത്യാവശ്യ സമയത്ത് തെറ്റിധാരണ മാറ്റി സഹായിക്കല്‍ - എന്ന ഫോര്‍മുലയില്‍ അതിഷ്ടിതമാണ്.  റിയാലിറ്റി ഷോ ക്ക് പകരം വല്ല സ്റ്റേജ് പ്രോഗ്രാമോ അല്ലായെങ്കില്‍ വല്ല ന്യൂ ഇയര്‍ റോക്ക് ട്രൂപ്പ് മത്സരമോ ഒക്കെ ആക്കിയിരുന്നുവെങ്കില്‍ അതിലെങ്കിലും ഒരല്പം വ്യത്യാസം  ഉണ്ടായേനെ. പിന്നെ സംഗീതം - അതു അത്ര പോര എന്നും എനിക്ക് തോന്നി. സ്റ്റിങ്ങിന്റെ ഒരു ഹിറ്റ് പാട്ടിന്റെ ട്യൂണിലുള്ള ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം ആവറേജ് - സംഗീതം ആണ് കഥയുടെ നട്ടെല്ല് എന്നോര്‍ക്കണം!
മൊത്തത്തില്‍ - കഥ തിരഞ്ഞെടുത്തതില്‍ വിനീതിനു ഒരല്പം കൂടെ ശ്രദ്ധിക്കാമായിരുന്നു.


വാല്‍ക്കഷ്ണം : മലര്‍വാടി പുള്ളേരുടെ ഒരു പരിപാടി നടക്കു‌മ്പോള്‍ അവരെ കൂവി ഇരുത്താന്‍ വരുന്ന സുരാജിനെ ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ വന്നു അടിച്ച് നിരത്തുന്ന സീനുണ്ട് പടത്തില്‍ - കാരണം അവര്‍ അപ്പോള്‍ പാടിയിരുന്നതു ലാലേട്ടന്റെ വിഷ്ണുലോകം എന്ന പടത്തിലെ “കസ്തൂരി..” എന്ന പാട്ടായിരുന്നു!. ആ സീന്‍ എനിക്ക് ശരിക്കും ഇഷ്ടായി -  അതു ഫാന്‍സ് അസോസിയേഷനുകള്‍ക്കിട്ടോരു താങ്ങ് കൂടെ ആയിട്ടാണ് എനിക്ക് തോന്നിയതു - അത് എഴുതിയതിനു ശ്രീനിവാസന്റെ സഹായം വിനീതിനു കിട്ടിയിട്ടില്ലാ എങ്കില്‍, എന്റെ പ്രവചനം ഇതാ : ഈ പയ്യന്‍ കലക്കും ഇനി വരുന്ന നാളുകളില്‍‍. :)