Chappa Kurish/Malayalam/2011/Drama-Thriller/M3DB/ (6/10)
പ്ലോട്ട് : അർജ്ജുൻ (ഫഹദ് ഫാസിൽ) ഒരു അടിപൊളി, കാശ് വീട്ടിലെ പയ്യൻ, ഉയർന്ന ശമ്പളമുള്ള ജോലിയും ഉയർന്ന നിലയിലെ ജീവിതവും നയിക്കുന്നു. അൻസാരി (വിനീത് ശ്രീനിവാസൻ) വടക്കൻ മലബാറിൽ നിന്നും കൊച്ചിയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചേയ്യാൻ എത്തിയിരിക്കുന്ന ഒരു സാധാരണക്കാരൻ പയ്യൻ, പണത്തിലും വിദ്യാഭ്യാസത്തിലും, ജീവിത നിലവാരത്തിലും, ആത്മധൈര്യത്തിലും അർജ്ജുന്റെ നേർ വിപരീതം - ഇവർ ഒരു നാണയത്തിന്റെ അകവും പുറവും ആയിട്ട് വരുന്ന ഒരു കഥയാണു ചാപ്പാ കുരിശ്. അർജ്ജുനും അയാളുടെ ആപ്പീസിലെ ജീവനക്കാരിയും (രമ്യാ നമ്പീശൻ) ആയിട്ടുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തിയിട്ടുള്ള മൊബൈൽ ഫോൺ അയാളുടെ കൈയ്യിൽ നിന്നു കൈമോശം വരുന്നതും, അതു ആകസ്മികമായി വിനീത് ശ്രീനിവാസന്റെ കൈയ്യിൽ എത്തുന്നതും, പിന്നെ അതു തിരിച്ച് വാങ്ങുവനുള്ള അർജ്ജുന്റെ ശ്രമങ്ങളും ഒക്കെയാണു ഈ സിനിമ.
വെർഡിക്ട് : ഈ പടം - ആവറേജ് ആണോ, അത്യുഗ്രൻ ആണോ? എനിക്ക് ഒരു തീരുമാനത്തിൽ എത്തുവാൻ ആകുന്നില്ല - ഇതോരു ഇംഗ്ലീഷ് പടം ആയിരുന്നെങ്കിൽ ഞാനിതിനെ അത്യുഗ്രൻ എന്നു വിളിച്ചേനേ, പക്ഷെ മലയാളം ആയതു കൊണ്ട് ആവറേജ് എന്നും (കാരണം ചോദിക്കരുതു, എനിക്കറിയില്ല!). പക്ഷെ സിനിമ ഒരല്പം - ഒരു പത്ത് മുപ്പത് മിനുറ്റ് - വെട്ടികുറച്ച്, രണ്ട് പാട്ടുകളും കട്ട് ചേയ്തു ഇറക്കിയിരുന്നെങ്കിൽ ശരിക്കും ഉഗ്രനായേനേ. അതു കൊണ്ട്, രണ്ട് റേറ്റിങ്ങ് ഈ സിനിമക്ക് - അഞ്ചരയും ആറും.
കൈ എത്തും ദൂരത്തിൽ അഭിനയിച്ച ‘ഫാസിലിന്റെ മ്വോൻ‘ തന്നെ ആണോ ഇതു? .. എങ്കിൽ ഫാസിലിന്റെ മകൻ എന്ന നിലയിൽ നിന്നും ഫഹദ് ഒരു വളരേ നല്ല അഭിനേതാവിന്റെ നിലയിലേക്ക് പെട്ടെന്നു ഉയർന്നിരിക്കുന്നു, അർജ്ജുനൻ സാക്ഷിയിലും എനിക്കിവനെ വളരേ ഇഷ്ടായിരുന്നു. കൊള്ളാം, ഇങ്ങനെ കഴിവുള്ളവർ ഉയർന്നു വരട്ടേ ധാരാളം.
ഫഹദ് വിനീത് ശ്രീനിവാസനെ നിഷ്പ്രഭനാക്കി. പക്ഷെ സമൂഹത്തിന്റെ ആട്ടും തുപ്പും സഹിച്ച് കഴിയുന്ന താഴേക്കിടയിലെ ഒരു ‘പുഴു‘വിനെ പ്രതിനിധീകരിക്കുന്നതിൽ വിനീത് ശ്രീനിവാസൻ നന്നായിട്ടുണ്ട്. പിന്നെ എടുത്ത് പറയേണ്ടതു സപ്പോർട്ടിങ്ങ് ആക്ടേഴ്സ് ആണു. അർജ്ജുന്റെ സുഹൃത്ത് ആയിട്ട് വരുന്ന ആ ആൾ, പിന്നെ അൻസാരിയൂടെ സൂപ്പർവൈസർ ആയിട്ട് അഭിനയിക്കുന്ന ആൾ .. കൊള്ളാം.
സംവിധാനം - പടത്തിനു നീളം കൂടിയതു എഡിറ്റിങ്ങിന്റെ പ്രശ്നം ആണോ, അതോ സംവിധായകന്റെയോ? അതു ഒഴിവാക്കിയാൽ, സമീർ താഹിർ ഒരു വാഗ്ദാനം തന്നെയാണു മലയാളം സിനിമക്ക്. അങ്ങാരുടെ ക്ലാസ്സ് വ്യക്തമാണു സിനിമയിൽ ഉടനീളം. പിന്നെ സിനിമയിൽ ഉടനീളം വരുന്ന ‘ബീപ്പ്’ ശബ്ദങ്ങളുടെ പിന്നിലെ തെറികൾ - അതു ശരിക്കും എല്ലാവരുടേയും നാക്കിൽ വരുന്നതാണു, പ്രാന്ത് പിടിച്ചിരിക്കുമ്പോൾ മനസ്സിലെങ്കിലും തെറി പറയാത്തവാരായി ആരുമുണ്ടാവില്ല, ഉറപ്പ്. അതു സിനിമയിൽ ഉൾപ്പെടുത്തിയതു ആരുടെ കൈക്രിയ ആണെങ്കിലും, അദ്ദേഹത്തിനും ഒരു ക്ലാപ്പ്.
പിന്നെ അവസാനം ഒരു അടി ഉണ്ട്, ഈ അൻസാരിയും അർജ്ജുനും തമ്മിൽ - ഒരു വേട്ടക്കാരന്റേയും വേട്ടമൃഗത്തിന്റേയും യുദ്ധം പോലൊരൊണ്ണം - തനി നാടൻ ഉരുട്ടിപ്പിടുത്തം - മാർക്ക്സ് ശരിക്കും അതിനു പത്തിൽ പത്താണു.
സിനിമാറ്റോഗ്രാഫിയും എടുത്ത് പറയേണ്ട കാര്യം തന്നെയാണു. അൻസാരിയേയും അർജ്ജുനേയും കാട്ടുമ്പോൾ ഉള്ള ലൈറ്റിങ്ങ് (അതു സിനിമാറ്റോഗ്രാഫറുടെ കഴിവ് അല്ലേ?), കാമറാ ആംഗിൾസ്, ബാക്ക് ഗ്രൗണ്ട്, .. ഒക്കെ കിടിലൻ. ആക്ഷൻ സീക്വൻസിലും ജോമോന്റെ ക്യാമറ ആ അടിയുടെ മൊരടത്തരം കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട്. ആ രണ്ട് കഥാപാത്രങ്ങളുടേയും ക്യാരക്ടർ അനുസരിച്ച് കാമറ അവരുടെ കൂടെ യാത്രയാവുന്നതു സിനിമയെ വളരേ അധികം സഹായിച്ചിരിക്കുന്നു എന്നു പറയുമ്പോൾ അതിൽ സുഖിപ്പിക്കലിന്റേയോ, ഫേവറിസത്തിന്റേയോ ഒട്ടും മായം ഞാൻ ചേർക്കുന്നില്ല. പക്ഷെ, ഇന്നു ചേർത്തലക്കടുക്കെയുള്ള മരുത്തോർവട്ടം എന്ന എന്റെ കൊച്ച് ഗ്രാമം ജോമോൻ ടി ജോൺ ന്റെ പേരിൽ അഭിമാനിക്കുന്നു, എനിക്കുറപ്പാണു, ഇനി കേരളം അവന്റെ പേരിൽ അഭിമാനിക്കുന്ന ഒരു ദിനം വരും, അധികം താമസിക്കാതെ തന്നെ.!
ഒറ്റ വാചകത്തിൽ : നീട്ടക്കൂടുതൽ ഇല്ലായിരുന്നെങ്കിൽ പടം രസിച്ചേനേ, പക്ഷെ സംഭവം കൊള്ളാം എന്നാൽ എല്ല്ലാവർക്കും സുഖിക്കണമെന്നില്ല.
വാൽക്കഷ്ണം : ഇതിൽ രമ്യാ നമ്പീശന്റെ ഒരു ലിപ്പ് ലോക്ക് ഉണ്ട് - തമിഴിലും തെലുങ്കിലും അഭിനയിച്ചതു കൊണ്ട് രമ്യക്ക് പുരോഗമനം ഇല്ലാ എന്നു പറയാനാകില്ല ;) പണ്ടാരടങ്ങാനായിട്ട് ആ ഭാഗ്യം കിട്ടിയതു ഫഹദിനും - അവൻ ഒരു പൊടി ഗ്ലാമർ ആണൂട്ടോ.
നേരത്തെ പറഞ്ഞതു പോലെ സിനിമയുടെ ഇഴച്ചിൽ മാറ്റാൻ കുറച്ച് ഭാഗങ്ങൾ കട്ട് ചേയ്തു ക്രിസ്പ് ആക്കിയിരുന്നെങ്കിൽ എന്റെ റേറ്റിങ്ങ് എട്ടിനു മുകളിൽ പോയേനേ - അങ്ങനെ ഒന്നൂടെ ഈ പടം ഇറങ്ങിയിന്നെങ്കിൽ, വീഡിയോ ആയിട്ടെങ്കിലും!.
Showing posts with label vineeth sreenivasan. Show all posts
Showing posts with label vineeth sreenivasan. Show all posts
Sunday, July 17, 2011
Sunday, July 18, 2010
മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് - Malarvadi Arts Club - (6.5/10)
Malayalam/2010/Drama/(6.5/10)
ആദ്യം നല്ല വശങ്ങള്‍ : സംഭവം കൊള്ളാം. കൊടുത്ത കാശ് നഷ്ടമാവില്ലാ എന്നു മാത്രമല്ല, മുതലും ആണ്. ഒന്നോ രണ്ടോ രൂപ ഇങ്ങോട്ടുണ്ടങ്കിലേ ഉള്ളൂ. കഥാസന്ദര്‍ഭങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനും, പലതിനും കൈയ്യടി വാങ്ങാനും സാധിക്കുന്നുണ്ട് സംവിധായകനും മറ്റു പിന്നാമ്പുറ മുന്നാമ്പുറ പ്രവര്‍ത്തകര്‍ക്കും. പലയിടങ്ങളിലും സംവിധായക-തിരിക്കഥാകൃത്ത് ജോഡിക്ക് (ജോഡി ഒന്നുമില്ല, രണ്ടും ഒരാളുതന്നാ - വിനീത് ശ്രീനിവാസന്‍- ലവന്‍ തന്നാ പാട്ടെഴുത്തും.) ചെറു നൊമ്പരങ്ങള്‍ താല്‍കാലികമായിട്ടെങ്കിലും തരാന്‍ സാധിക്കുന്നും ഉണ്ട്.
പയ്യന്മാര്‍ കൊള്ളാം - അതില്‍ ഒന്നല്ലങ്കില്‍ രണ്ട് പേര്‍ ഉറപ്പായും മലയാള സിനിമാ രംഗത്ത് സ്ഥിരമായിട്ടുണ്ടാവും. പോസ്റ്ററില്‍ കൈലിമുണ്ടുടൂത്തു നില്‍ക്കുന്ന ഇഷ്ടന്‍ കിടു!. ലവന്‍ ഒരു അര ജഗദീഷ് തന്നെ - ആദ്യാവസാനം സഭാകമ്പം എന്ന സാധനം ലവനില്‍ കാണാനും ഇല്ലായിരുന്നു എന്നും എനിക്ക് തോന്നി.
പെണ്‍പിള്ളാര്‍ : ഓ - ചുമ്മാ “നായിക ഉണ്ടോ” എന്ന ചോദ്യത്തിനു ഉണ്ടെന്നുത്തരം പറയാന്‍ മാത്രം രണ്ട് പേര്‍ ഉണ്ട് - വലിയ റോളൊന്നും ഇല്ല അവര്‍ക്ക് - സിനിമയില്‍ ആദ്യാവസാനം മലര്‍വാടീ പുള്ളേരാണ്.
ആദ്യമായി ഒരു പടത്തില്‍ സുരാജിനെ എനിക്ക് ബോറടിച്ചില്ല!. അതു കണക്കിലെടുക്കുമ്പോള്‍ സംവിധായകന്‍ ആയ വിനീത് ശ്രീനിവാസന്‍ ഒരു അതുല്യ പ്രതിഭ തന്നെ ആണെന്നു വേണമെങ്കില്‍ നമുക്ക് പറയാം. സലിം കുമാറും നെടുമുടിയും, പിന്നെ ഒന്നു തൊട്ടു നക്കാന്‍ എന്ന പോലെ ജഗതിയും കോട്ടയം നസീറും - എല്ലാവരും അവരവരുടെ പങ്ക് നന്നാക്കിയിട്ടുണ്ട്. അവസാനം മകന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഒരച്ഛന്റെ ആഗ്രഹം നിറവേറ്റാനെന്ന പോലെ വന്ന ശ്രീനിവാസനും റോള്‍ മോശമാക്കിയിട്ടില്ല..
ആകെ മൊത്തം ടോട്ടല്‍ - എബൌവ് ആവറേജ് പടം തന്നെ ഇതു. ഇടക്കിടെ ചിരിയും, ഇടക്ക് ചെറിയ രീതിയിലെ നൊമ്പരങ്ങളും ഒക്കെ കൂട്ടിയിണക്കിയ ഒരു കൊച്ചു പടം. പുതുമു:ഖങ്ങളുടെ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ എന്ന നിലയില്‍ പല അഭിനയ-വെള്ളികളും നമുക്ക് മറക്കാം..
പക്ഷെ, കഥ - സംഗീതം നട്ടെല്ലായിട്ടുള്ള, സൌഹൃദം മജ്ജയും മാംസവും ആയിട്ടുള്ള ഒരു കഥ ഇത്രെയും നന്നായാല്‍ പോര - അതിനിയും വളരെ അധികം നന്നാക്കാമായിരുന്നു. ഈ കഥ തന്നെ നമ്മള്‍ പല തവണ കണ്ടും കേട്ടും മടുത്ത ദരിദ്ര സുഹൃത്തുക്കള്‍-മ്യൂസിക്ക്-റിയാലിറ്റി ഷോ-ജയിക്കുന്നവനു അഹങ്കാരമെന്നു തെറ്റിധാരണ - പിണക്കം- അത്യാവശ്യ സമയത്ത് തെറ്റിധാരണ മാറ്റി സഹായിക്കല്‍ - എന്ന ഫോര്‍മുലയില്‍ അതിഷ്ടിതമാണ്. റിയാലിറ്റി ഷോ ക്ക് പകരം വല്ല സ്റ്റേജ് പ്രോഗ്രാമോ അല്ലായെങ്കില്‍ വല്ല ന്യൂ ഇയര്‍ റോക്ക് ട്രൂപ്പ് മത്സരമോ ഒക്കെ ആക്കിയിരുന്നുവെങ്കില്‍ അതിലെങ്കിലും ഒരല്പം വ്യത്യാസം ഉണ്ടായേനെ. പിന്നെ സംഗീതം - അതു അത്ര പോര എന്നും എനിക്ക് തോന്നി. സ്റ്റിങ്ങിന്റെ ഒരു ഹിറ്റ് പാട്ടിന്റെ ട്യൂണിലുള്ള ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം ആവറേജ് - സംഗീതം ആണ് കഥയുടെ നട്ടെല്ല് എന്നോര്‍ക്കണം!
മൊത്തത്തില്‍ - കഥ തിരഞ്ഞെടുത്തതില്‍ വിനീതിനു ഒരല്പം കൂടെ ശ്രദ്ധിക്കാമായിരുന്നു.
വാല്‍ക്കഷ്ണം : മലര്‍വാടി പുള്ളേരുടെ ഒരു പരിപാടി നടക്കുമ്പോള്‍ അവരെ കൂവി ഇരുത്താന്‍ വരുന്ന സുരാജിനെ ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ വന്നു അടിച്ച് നിരത്തുന്ന സീനുണ്ട് പടത്തില്‍ - കാരണം അവര്‍ അപ്പോള്‍ പാടിയിരുന്നതു ലാലേട്ടന്റെ വിഷ്ണുലോകം എന്ന പടത്തിലെ “കസ്തൂരി..” എന്ന പാട്ടായിരുന്നു!. ആ സീന്‍ എനിക്ക് ശരിക്കും ഇഷ്ടായി - അതു ഫാന്‍സ് അസോസിയേഷനുകള്‍ക്കിട്ടോരു താങ്ങ് കൂടെ ആയിട്ടാണ് എനിക്ക് തോന്നിയതു - അത് എഴുതിയതിനു ശ്രീനിവാസന്റെ സഹായം വിനീതിനു കിട്ടിയിട്ടില്ലാ എങ്കില്‍, എന്റെ പ്രവചനം ഇതാ : ഈ പയ്യന്‍ കലക്കും ഇനി വരുന്ന നാളുകളില്‍. :)
Subscribe to:
Posts (Atom)


