Chappa Kurish/Malayalam/2011/Drama-Thriller/M3DB/ (6/10)
പ്ലോട്ട് : അർജ്ജുൻ (ഫഹദ് ഫാസിൽ) ഒരു അടിപൊളി, കാശ് വീട്ടിലെ പയ്യൻ, ഉയർന്ന ശമ്പളമുള്ള ജോലിയും ഉയർന്ന നിലയിലെ ജീവിതവും നയിക്കുന്നു. അൻസാരി (വിനീത് ശ്രീനിവാസൻ) വടക്കൻ മലബാറിൽ നിന്നും കൊച്ചിയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചേയ്യാൻ എത്തിയിരിക്കുന്ന ഒരു സാധാരണക്കാരൻ പയ്യൻ, പണത്തിലും വിദ്യാഭ്യാസത്തിലും, ജീവിത നിലവാരത്തിലും, ആത്മധൈര്യത്തിലും അർജ്ജുന്റെ നേർ വിപരീതം - ഇവർ ഒരു നാണയത്തിന്റെ അകവും പുറവും ആയിട്ട് വരുന്ന ഒരു കഥയാണു ചാപ്പാ കുരിശ്. അർജ്ജുനും അയാളുടെ ആപ്പീസിലെ ജീവനക്കാരിയും (രമ്യാ നമ്പീശൻ) ആയിട്ടുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തിയിട്ടുള്ള മൊബൈൽ ഫോൺ അയാളുടെ കൈയ്യിൽ നിന്നു കൈമോശം വരുന്നതും, അതു ആകസ്മികമായി വിനീത് ശ്രീനിവാസന്റെ കൈയ്യിൽ എത്തുന്നതും, പിന്നെ അതു തിരിച്ച് വാങ്ങുവനുള്ള അർജ്ജുന്റെ ശ്രമങ്ങളും ഒക്കെയാണു ഈ സിനിമ.
വെർഡിക്ട് : ഈ പടം - ആവറേജ് ആണോ, അത്യുഗ്രൻ ആണോ? എനിക്ക് ഒരു തീരുമാനത്തിൽ എത്തുവാൻ ആകുന്നില്ല - ഇതോരു ഇംഗ്ലീഷ് പടം ആയിരുന്നെങ്കിൽ ഞാനിതിനെ അത്യുഗ്രൻ എന്നു വിളിച്ചേനേ, പക്ഷെ മലയാളം ആയതു കൊണ്ട് ആവറേജ് എന്നും (കാരണം ചോദിക്കരുതു, എനിക്കറിയില്ല!). പക്ഷെ സിനിമ ഒരല്പം - ഒരു പത്ത് മുപ്പത് മിനുറ്റ് - വെട്ടികുറച്ച്, രണ്ട് പാട്ടുകളും കട്ട് ചേയ്തു ഇറക്കിയിരുന്നെങ്കിൽ ശരിക്കും ഉഗ്രനായേനേ. അതു കൊണ്ട്, രണ്ട് റേറ്റിങ്ങ് ഈ സിനിമക്ക് - അഞ്ചരയും ആറും.
കൈ എത്തും ദൂരത്തിൽ അഭിനയിച്ച ‘ഫാസിലിന്റെ മ്വോൻ‘ തന്നെ ആണോ ഇതു? .. എങ്കിൽ ഫാസിലിന്റെ മകൻ എന്ന നിലയിൽ നിന്നും ഫഹദ് ഒരു വളരേ നല്ല അഭിനേതാവിന്റെ നിലയിലേക്ക് പെട്ടെന്നു ഉയർന്നിരിക്കുന്നു, അർജ്ജുനൻ സാക്ഷിയിലും എനിക്കിവനെ വളരേ ഇഷ്ടായിരുന്നു. കൊള്ളാം, ഇങ്ങനെ കഴിവുള്ളവർ ഉയർന്നു വരട്ടേ ധാരാളം.
ഫഹദ് വിനീത് ശ്രീനിവാസനെ നിഷ്പ്രഭനാക്കി. പക്ഷെ സമൂഹത്തിന്റെ ആട്ടും തുപ്പും സഹിച്ച് കഴിയുന്ന താഴേക്കിടയിലെ ഒരു ‘പുഴു‘വിനെ പ്രതിനിധീകരിക്കുന്നതിൽ വിനീത് ശ്രീനിവാസൻ നന്നായിട്ടുണ്ട്. പിന്നെ എടുത്ത് പറയേണ്ടതു സപ്പോർട്ടിങ്ങ് ആക്ടേഴ്സ് ആണു. അർജ്ജുന്റെ സുഹൃത്ത് ആയിട്ട് വരുന്ന ആ ആൾ, പിന്നെ അൻസാരിയൂടെ സൂപ്പർവൈസർ ആയിട്ട് അഭിനയിക്കുന്ന ആൾ .. കൊള്ളാം.
സംവിധാനം - പടത്തിനു നീളം കൂടിയതു എഡിറ്റിങ്ങിന്റെ പ്രശ്നം ആണോ, അതോ സംവിധായകന്റെയോ? അതു ഒഴിവാക്കിയാൽ, സമീർ താഹിർ ഒരു വാഗ്ദാനം തന്നെയാണു മലയാളം സിനിമക്ക്. അങ്ങാരുടെ ക്ലാസ്സ് വ്യക്തമാണു സിനിമയിൽ ഉടനീളം. പിന്നെ സിനിമയിൽ ഉടനീളം വരുന്ന ‘ബീപ്പ്’ ശബ്ദങ്ങളുടെ പിന്നിലെ തെറികൾ - അതു ശരിക്കും എല്ലാവരുടേയും നാക്കിൽ വരുന്നതാണു, പ്രാന്ത് പിടിച്ചിരിക്കുമ്പോൾ മനസ്സിലെങ്കിലും തെറി പറയാത്തവാരായി ആരുമുണ്ടാവില്ല, ഉറപ്പ്. അതു സിനിമയിൽ ഉൾപ്പെടുത്തിയതു ആരുടെ കൈക്രിയ ആണെങ്കിലും, അദ്ദേഹത്തിനും ഒരു ക്ലാപ്പ്.
പിന്നെ അവസാനം ഒരു അടി ഉണ്ട്, ഈ അൻസാരിയും അർജ്ജുനും തമ്മിൽ - ഒരു വേട്ടക്കാരന്റേയും വേട്ടമൃഗത്തിന്റേയും യുദ്ധം പോലൊരൊണ്ണം - തനി നാടൻ ഉരുട്ടിപ്പിടുത്തം - മാർക്ക്സ് ശരിക്കും അതിനു പത്തിൽ പത്താണു.
സിനിമാറ്റോഗ്രാഫിയും എടുത്ത് പറയേണ്ട കാര്യം തന്നെയാണു. അൻസാരിയേയും അർജ്ജുനേയും കാട്ടുമ്പോൾ ഉള്ള ലൈറ്റിങ്ങ് (അതു സിനിമാറ്റോഗ്രാഫറുടെ കഴിവ് അല്ലേ?), കാമറാ ആംഗിൾസ്, ബാക്ക് ഗ്രൗണ്ട്, .. ഒക്കെ കിടിലൻ. ആക്ഷൻ സീക്വൻസിലും ജോമോന്റെ ക്യാമറ ആ അടിയുടെ മൊരടത്തരം കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട്. ആ രണ്ട് കഥാപാത്രങ്ങളുടേയും ക്യാരക്ടർ അനുസരിച്ച് കാമറ അവരുടെ കൂടെ യാത്രയാവുന്നതു സിനിമയെ വളരേ അധികം സഹായിച്ചിരിക്കുന്നു എന്നു പറയുമ്പോൾ അതിൽ സുഖിപ്പിക്കലിന്റേയോ, ഫേവറിസത്തിന്റേയോ ഒട്ടും മായം ഞാൻ ചേർക്കുന്നില്ല. പക്ഷെ, ഇന്നു ചേർത്തലക്കടുക്കെയുള്ള മരുത്തോർവട്ടം എന്ന എന്റെ കൊച്ച് ഗ്രാമം ജോമോൻ ടി ജോൺ ന്റെ പേരിൽ അഭിമാനിക്കുന്നു, എനിക്കുറപ്പാണു, ഇനി കേരളം അവന്റെ പേരിൽ അഭിമാനിക്കുന്ന ഒരു ദിനം വരും, അധികം താമസിക്കാതെ തന്നെ.!
ഒറ്റ വാചകത്തിൽ : നീട്ടക്കൂടുതൽ ഇല്ലായിരുന്നെങ്കിൽ പടം രസിച്ചേനേ, പക്ഷെ സംഭവം കൊള്ളാം എന്നാൽ എല്ല്ലാവർക്കും സുഖിക്കണമെന്നില്ല.
വാൽക്കഷ്ണം : ഇതിൽ രമ്യാ നമ്പീശന്റെ ഒരു ലിപ്പ് ലോക്ക് ഉണ്ട് - തമിഴിലും തെലുങ്കിലും അഭിനയിച്ചതു കൊണ്ട് രമ്യക്ക് പുരോഗമനം ഇല്ലാ എന്നു പറയാനാകില്ല ;) പണ്ടാരടങ്ങാനായിട്ട് ആ ഭാഗ്യം കിട്ടിയതു ഫഹദിനും - അവൻ ഒരു പൊടി ഗ്ലാമർ ആണൂട്ടോ.
നേരത്തെ പറഞ്ഞതു പോലെ സിനിമയുടെ ഇഴച്ചിൽ മാറ്റാൻ കുറച്ച് ഭാഗങ്ങൾ കട്ട് ചേയ്തു ക്രിസ്പ് ആക്കിയിരുന്നെങ്കിൽ എന്റെ റേറ്റിങ്ങ് എട്ടിനു മുകളിൽ പോയേനേ - അങ്ങനെ ഒന്നൂടെ ഈ പടം ഇറങ്ങിയിന്നെങ്കിൽ, വീഡിയോ ആയിട്ടെങ്കിലും!.
Sunday, July 17, 2011
Chappa Kurish - ചാപ്പാ കുരിശ് (5.5/10)
Labels:
2011,
chappa kurish,
fahad fazil,
malayalam film,
sameer thahir,
thriller,
vineeth sreenivasan
Subscribe to:
Post Comments (Atom)
സൂപ്പര്‍ ഫിലിം .... ഇഷ്ടായി :)
ReplyDelete