Showing posts with label english film review. Show all posts
Showing posts with label english film review. Show all posts

Sunday, January 29, 2012

Monsters (8/10)


Monsters/English-British/2010/Drama-Sci-Fiction/IMDB/ (8/10)
Rated R for langauge.
Tagline: Now, It's Our Turn To Adapt.

 പ്ലോട്ട് : നാസയുടെ ഒരു അന്യ-ഗൃഹ പര്യടനം നടത്തി തിരിച്ച് വന്ന പേടകം മെക്സിക്കോയുടേയും അമേരിക്കയുടേയും അതിർത്തിയിൽ തകർന്നു വീഴുന്നു, ആറ് വർഷത്തിനു ശേഷം ആ അതിർത്തി അന്യഗൃഹജീവികളുടെ ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. ഈ ഏലിയൻസ് ആയ ജീവികൾ (ജീവികൾ തന്നെയാണു, അല്ലാതെ വിമാനത്തിലും മറ്റും വരുന്ന ഹൈലീ ഇന്റലച്വൽ ബീയിങ്ങ്സ് അല്ല ഈ അന്യഗൃഹ ജീവികൾ) വളരുന്നു എന്നു കരുതപ്പെടുന്ന സ്ഥലം ‘ഇൻഫക്ടട് സോൺ’ ആയിട്ട് രണ്ട് സർക്കാരുകളും പ്രഖ്യാപിക്കുകയും, ഇവറ്റകളെ, ഇവറ്റകളുടെ വ്യാപനത്തെ അമർച്ച ചേയ്യാൻ രണ്ട് രാജ്യത്തിന്റേയും സൈന്യങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുകയും ചേയ്യുന്നു. ഒരു അവസാന വട്ട ആക്രമണം തുടങ്ങാൻ സൈന്യങ്ങൾ തുടക്കമിടുന്ന സമയം - ഇവിടെയാണു ഈ സിനിമ ആരംഭിക്കുന്നതു.  സിനിമ നടക്കുന്ന സമയത്ത് ഏലിയൻസിനെ ആരും ഏലിയൻസ് എന്നു വിളിക്കാറില്ല - അതോരു ഇൻഫക്ഷൻ ആണിപ്പോൾ!

ഒരു പത്ര സ്ഥാപനത്തിന്റെ ഉടമയുടെ മകൾ ഈ ഇൻഫറ്റഡ് സോണിന്റെ മെക്സിക്കൻ സൈഡിൽ കുരുങ്ങിപ്പോയിരിക്കുന്നു, ആ മകളെ തിരികെ അമേരിക്കയിലേക്ക് തിരികെ കൊണ്ടു വരാൻ മാധ്യമ ഉടന തന്റെ ഒരു ഫോട്ടോജേർണലിസ്റ്റിനെ നിയോഗിക്കുന്നു - അവരുടെ തിരികെ വരാനുള്ള ശ്രമങ്ങളും മറ്റുമാണു ഈ സിനിമയുടെ പ്ലോട്ട്.


വെർഡിക്ട് : ഏലിയൻ മൂവി എന്ന പേര് കേട്ടപ്പോൾ ഞാൻ കരുതിയത് ഇത് ബാറ്റിൽഫീൽഡ് എൽ എ, അല്ലെങ്കിൽ ഇൻഡിപ്പെൻഡൻസ് ഡേ പോലത്തെ, നിറയെ തോക്കും മിസൈലുകളും ഒക്കെയുള്ള ഒരു സിനിമയാണെന്നാണു - പക്ഷെ, അതൊന്നുമില്ലാതെ, ശരിക്കും ഒരു ഏലിയനെ കാട്ടാതെ തന്നെ ഒരു ആക്രമണം/ഭീഷണിയുടെ ഭീതി നമ്മളിൽ നിറക്കാൻ ഈ സിനിമയുടെ ക്രിയേറ്റേഴ്സിനായി - അതോരു ചെറിയ കാര്യമല്ല. 

നടന്മാർ നന്നാക്കിയിട്ടുണ്ട്, പക്ഷെ, നമ്മൾ വെറും അഭിനേതാക്കളെ അല്ല, മറിച്ച് സിനിമയെ ആണു ശ്രദ്ധിക്കുക.  നടന്മാർ ആരാണെങ്കിലും ശരി, ഈ സിനിമ മോശമാക്കാൻ സാധിക്കില്ല. അതാണു ക്രിയേറ്റേഴ്സിന്റെ ക്വാളിറ്റി!. നടന്മാർ, കഥാപാത്രങ്ങൾ, ഒക്കെ സിനിമയുടെ എഫക്ട്സ് നമ്മളിൽ എത്തിക്കാനുള്ള ഉപകരണങ്ങൾ മാത്രം...

ഉഗ്രൻ!

പിന്നെ കിടിലൻ ആയിട്ടുള്ളത് സ്പെഷ്യൽ എഫക്ട്സ്, ആർട്ട്, സിനിമാറ്റോഗ്രഫി എന്നീ വിഭാഗങ്ങൾ ആണു. അവർണ്ണനീയം ഈ വിഭാഗങ്ങളുടെ റിസൾട്ട്സ് !

ഒറ്റ വാചകത്തിൽ : ഞെട്ടിക്കുന്ന സിനിമ - മസ്റ്റ് സീ! ..

വാൽക്കഷ്ണം. :  ഞെട്ടി ഞാൻ ഈ സിനിമ കണ്ടപ്പോൾ! ഞാൻ ശരിക്കും ഞെട്ടിത്തരിച്ചത്, ഈ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങൾ വായിച്ചറിഞ്ഞപ്പോൾ ആയിരുന്നു.  നിങ്ങളും ഈ സിനിമ കാണു, നിങ്ങളും എന്നെപ്പോലെ ഞെട്ടിയിരിക്കും.

ഇൻഡിപ്പെൻഡൻസ് ഡേ നിർമ്മിക്കാൻ ചിലവാക്കിയ തുകയുടെ ഇരുപതിൽ ഒരംശം, അതിലും കുറഞ്ഞ ചിലവിനു ഒരു സിനിമ നിർമ്മിച്ചിറക്കീ ഇവർ!- മലയാളം സിനിമാക്കാർ കണ്ട് പഠിക്കട്ടെ!. എന്തിനു, പല മലയാള സിനിമക്കും ചിലവാക്കുന്നതിന്റെ പകുതി പണമേ ചിലവാക്കിയിട്ടൊള്ളൂവത്രെ ഈ സിനിമ തീയറ്ററിൽ എത്തിക്കാൻ!

ഇതിലെ സ്പെഷ്യൽ എഫക്ട്സ് ഈ സിനിമയുടെ സംവിധായകൻ തന്നെ ഇരുന്നു, സ്വന്തം ബെഡ്രൂമിൽ ഇരുന്നു നിർമ്മിച്ചവയാണു!!  ഈ സിനിമാ ക്രൂ എന്നു പറയാൻ മാത്രം ഒന്നും ഇല്ലായിരുന്നുവത്രെ ഈ സിനിമക്ക് - ഒരു ടെമ്പോ ട്രാവലറിൽ സഞ്ചരിച്ചാൽ സീറ്റ് ബാക്കി കിടക്കുമായിരുന്നുവത്രെ, ക്രൂവിന്റെ സൈസ് പറയാനാണേങ്കിൽ!

പറയാൻ ആണെങ്കിൽ കൊറേ ഉണ്ട് ഇതു പോലെ..

മക്കളേ, മലയാള സിനിമാ താരങ്ങളേ, സംവിധായകരേ,  സംഘടനകളേ, ഒന്നു കാണു നിങ്ങൾ ഈ സിനിമ - എന്നിട്ടൊന്നു ഡിസന്റായിട്ട് ലജ്ജിക്കൂ .. !

കഷ്ടം!. എനിക്ക് നാണമാവുന്നു ഇങ്ങനെത്തെ സിനിമകൾ കാണുമ്പോൾ, മലയാള സിനിമ എന്റെ സിനിമ ആണേന്നു പറയാൻ.  :(




Thursday, June 30, 2011

127 Hours (8.5/10)

127 Hours/English/2010/Adventure/IMDB/ (8.5/10)
Rated R for language and some disturbing violent content/bloody images.
Tagline: Every Second Counts

പ്ലോട്ട് : വീക്കെൻഡുകളിൽ അതി-സാ‍ഹസിക പരിപാടികളിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന നായകൻ. ലവനാണെങ്കിൽ എങ്ങോട്ട് പോവുന്നു എന്ന് പോയിട്ട് പോവുന്ന ദിശ പോലും ആരോടും പറയാൻ ടൈമില്ലാത്ത, സൗകര്യമില്ലാത്ത ഒരു എമ്പോക്കി. അവൻ ഇത്തവണ പോവുന്നതു canyons-ലേക്കാണു.കൂട്ടായി തന്റെ സ്ഥിരം സഹയാത്രികർ മാത്രമേ ഉള്ളൂ, ട്രക്കിങ്ങ് ഗിയർ, തന്റെ ഹാന്റി-കാം എന്നിവയാണവർ.

ആ അതി-സാഹസിക യാത്രക്കിടയിൽ നമ്മുടെ അലുക്കൂലുത്തു നായകൻ ഒരു അപകടത്തിൽ പെടുന്നതും, ആ അപകടത്തിൽ മരണത്തെ കാത്ത് അഞ്ച് ദിവസത്തോളം കിടക്കുന്നതും, ആ സമയത്ത് അതു വരെ സ്വന്തം ചിന്തയിൽ പോലും വരാതിരുന്ന തന്റെ ജീവിതത്തെക്കുറിച്ചും, തന്റെ അടുത്ത കൂട്ടുകാരെക്കുറിച്ചും, സ്വന്തം കുടുംബത്തെക്കുറിച്ചും ഉള്ള ഓർമ്മകൾ അയവിറക്കുന്നതും, പിന്നെ അവസാനം  ആ ആസന്ന മരണത്തിൽ നിന്നും വല്ലവിധേനേയും രക്ഷപ്പെടുന്നതും ആണു കഥ. ഒട്ടും പേടിക്കേണ്ട, കഥ ശരിക്കും നടന്നതു തന്നെയാണു.

വെർഡിക്ട് :  പടം കിടു. നല്ല ക്ലീൻ തുടക്കം, ത്രില്ലിങ്ങ് നടുവശം, ക്രിസ്പി അവസാനം.
സിനിമ ഒരു നടന്ന കഥയെ ആസ്പദമാക്കി എടുത്തിരിക്കുന്നതിനാലും, ഒരു റിയൽ ലൈഫ് സംഭവം എന്ന തോന്നൽ വരുത്തുവാൻ പാകത്തിനുള്ള കാമറാ പരിപാടികൾ ഉപയോഗിച്ചിരിക്കുന്നതിനാലും,  ഒരു ഡോക്യുമെന്ററിയുടെ ലെവലിൽ എത്തി-എത്തിയില്ലാ എന്ന നിലയിലാണു രണ്ടാം പകുതി പോവുന്നതു. പക്ഷെ സിനിമ, ശരിക്കും ത്രില്ലിങ്ങ് ആണുട്ടോ.

ഡാനീ ബോയ്‌ൽ എന്ന സംവിധായകന്റെ സ്ലംഡോഗ് മില്യനേയർ എന്ന സിനിമ മാത്രമേ ഞാൻ മനസ്സിരുത്തി കണ്ടീട്ടോള്ളൂ, (മസാല കാണാൻ വേണ്ടി മാത്രം ഞാൻ കണ്ട ‘ദ ബീച്ച്‘ എന്ന ഇങ്ങാരുടെ പടം എന്നെ പറ്റിച്ചതു ഞാൻ പക്ഷെ ഇപ്പഴും മറന്നിട്ടില്ല!) ആ സിനിമയിൽ എനിക്ക് അങ്ങാരെ ഒരു ഒന്നാംതരം തട്ടുപൊളിപ്പൻ മസാലപ്പട സംവിധായകൻ എന്ന ലേബലേ കൊടുക്കാൻ സാധിച്ചോള്ളൂ. - പക്ഷെ ഈ പടം - അസാധ്യം!.

നായകൻ : James Franco - യെവൻ ആണു ഈ സിനിമ ! - യെവന്റെ അസാദ്ധ്യ പ്രകടനം ഇല്ലായെങ്കിൽ ഈ സിനിമയില്ല - സിനിമയുടെ ആദ്യ പകുതിയിലെ സാഹസികന്റേയും രണ്ടാം പകുതിയിലെ മരണം കാത്ത് കിടക്കുന്ന മനുഷ്യന്റേയും മുഖങ്ങൾ ഉഗ്രനായിട്ട് അഭിനയിക്കാൻ ഇങ്ങാർക്ക് കഴിഞ്ഞു - ഓർക്കുന്നുണ്ടോ യെവനെ ? സ്പൈഡർമാൻ 3 ലെ വില്ലൻ - ജൂനിയർ ഓസ്ബോൺ?  അവൻ താനെടാ യെവൻ.

ഒറ്റ വാചകത്തിൽ : ത്രില്ലിങ്ങ്, പക്ഷെ ശരിക്കും ടെൻഷൻ ആവും. ഭയങ്കര ഡിപ്രഷന്റെ അസുഖമുള്ളവർ ഒഴിവാക്കൂ. 

വാൽക്കഷ്ണം : പടം ഇങ്ങനെയൊക്കെയാണു എന്നു ആദ്യമേ പുടികിട്ടിയിരുന്നു ആദ്യമേ. എനിക്കാണെങ്കിൽ ഈ ദയനീയാവസ്ഥ കാട്ടി കാശുവാരുന്ന ‘ആകാശദൂത്‘ ടൈപ്പ് പടങ്ങൾ ഇഷ്ടമേ അല്ല, ആകാശദൂത് പോലത്തെ തീം സ്ലംഡോഗ് മില്യനേയർ പിടിച്ച സംവിധായകന്റെ കൈയ്യിൽ കിട്ടിയാലത്തെ സ്ഥിതി ആലോചിക്കാൻ പോലും എനിക്കാവില്ലായിരുന്നു,  അതിനാൽ ഈ പടം പെന്റിങ്ങിൽ വച്ചിരിക്കുവായിരുന്നു കുറച്ചധികം നാളുകളായിട്ട്. പിന്നെ ബ്ലോഗിലെ പുലി-പടക്കാഴ്ചക്കാരുടെ ഒക്കെ അഭിപ്രായങ്ങളും റിവ്യൂകളും ഒക്കെ വന്നപ്പോൾ, ധൈര്യം സംഭരിച്ച് കണ്ടതാണു ഈ പടം. ഇത്രേം വച്ചോണ്ടിരിക്കെണ്ടായിരുന്നു എന്നു എനിക്കിപ്പോൾ തോന്നുന്നു!. :)


Sunday, May 15, 2011

From Paris With Love (6/10)

From Paris With Love/English/2010/Action-Thriller/IMDB/ (6/10)
Rated R for strong bloody violence throughout, drug content, pervasive language and brief sexuality.

പ്ലോട്ട് : ഒരു സ്പൈ ആവാൻ കൊതിക്കുന്ന, അതിനായി അപേക്ഷ കൊടുത്തു കാത്തിരിക്കുന്ന ഒരു യുവാവ് -  ഇപ്പോൾ അമേരിക്കൻ എംബസിയിൽ ചെറുകിട സ്പൈ പരിപാടികളുമായി അംബാസിഡറുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ പണി ചേയ്തു കൊണ്ടിരിക്കുന്ന നായകൻ - അയാളുടെ ജീവിതത്തിലേക്ക് ‘വാക്സ്’ എന്ന പ്രൊഫഷണൽ സ്പൈ ഒരു ഓപ്പറേഷനായി കടന്നു വരുന്നതും, നമ്മുടെ നായകനെ ഒരു ട്രെയിനി എന്ന നിലയിൽ അയാളുടെ അസിസ്റ്റന്റ് ആക്കുന്നതും, അതുകഴിഞ്ഞുൾല ട്വിസ്റ്റുകളും ആണു ഈ സിനിമ.

വെർഡിക്ട് : വാക്സ് ആയിട്ട് ട്രവോൾട്ട കലക്കീട്ടുണ്ട്. കൂടാതെ നായകൻ - (Jonathan Rhys Meyers) കൊള്ളാം. ആക്ഷൻ കൊള്ളാം. സസ്പെൻസ് - അതു ആ‍ദ്യമേ തന്നെ പൊളിയുന്നുണ്ട്, എന്നാലും മോശമല്ല. സിനിമയുടെ ത്രെഡ് ഒരു നൂറു തവണ നമ്മൾ പലതിലായി കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് - എന്നിട്ട് വീണ്ടും അതേ അച്ചിൽ ഒരു സിനിമ കൂടെ.. പ്രിയ ഡയറക്ടറേ .. വേണ്ടായിരുന്നു!

ഡയറക്ടർ : ഈ ഡയറക്ടറുടെ സിനിമ എന്ന നിലയിൽ ആണു ഞാൻ ഈ പടം എടുത്ത് വച്ചതും, കണ്ടതും. പക്ഷെ, പ്രതീക്ഷിച്ചതു കിട്ടിയില്ലാ എന്നു ഞാൻ സങ്കടത്തോടെ പറയട്ടെ. ഡയറക്ടർ Pierre Morel ആണു - Taken എന്ന അത്യുഗ്രൻ സിനിമയുടെ ഡയറക്ടർ, District 13 എന്ന കിടിലോൽക്കിടിലൻ സിനിമയുടെ സൃഷ്ടാവ് ..അത്രേം ഒന്നും ഇത് ആയില്ല, പക്ഷെ.

ഒറ്റ വാചകത്തിൽ : ബോറടിക്കാത്ത, ഒറ്റ ഇരുപ്പിനു കണ്ടു തീർക്കാവുന്ന ഒരു സിനിമ.

വാൽക്കഷ്ണം : ഈ സിനിമയിൽ പാക്കിസ്ഥാനികളെ മൊത്തത്തിൽ തീവ്രവാദികൾ ആയിട്ടാണു പറയുന്നതു - കാണിക്കുന്നവരെല്ലാം തന്നെ വൃത്തികെട്ടവർ! - ഈ ഡയറക്ടറുടെ ‘ടേക്കൺ‘ എന്ന സിനിമയിൽ അറബികൾ - അൽബേനിയൻസ് - എല്ലാം വൃത്തികെട്ടവർ ആയിട്ടായിരുന്നു കാട്ടിയിരിന്നതു - അടുത്തതു ഇന്ത്യാക്കാർക്കിട്ട് ആണോ ആവോ പണി കിട്ടാൻ പോവുന്നതു  ..!


Tuesday, May 10, 2011

Essential Killing (8.5/10)

Essential Killing/Multi-Langauge-Multi Country/2010/Action-Thriller/IMDB/ (8.5/10)
Have graphic content,some violence and sexuality.

പ്ലോട്ട് : അഫ്ഗാനിസ്ഥാനിൽ നിന്നും പിടികൂടപ്പെട്ട ഒരു മുസ്ലീം തീവ്രവാദിയെ അമേരിക്കൻ സൈന്യം തടവിൽ പാർപ്പിക്കുന്നതിനോ, ചോദ്യം ചേയ്യുന്നതിനോ മറ്റോ ആയി ഒരു യൂറോപ്യൻ രാജ്യത്തിൽ എത്തിക്കുന്നു. എയർബേസിൽ നിന്നും അജ്ഞാതമായ ഏതോ സങ്കേതത്തേക്ക് അമേരിക്കൻ സൈന്യം അയാളെ കൊണ്ടുപോവുന്നു. വഴിയിൽ വച്ച് ഇയാളെ കൊണ്ടുപോയിരുന്ന വാഹനം ഐസിൽ തെന്നി അപകടം ഉണ്ടാവുന്നു, അതിൽ നിന്നും ഇയാൾ രക്ഷപ്പെടുന്നു.

അയാൾ രക്ഷപ്പെടുന്ന സ്ഥലം ഏതോ കാട് ആണു, വലിയ ജനവാസമില്ലാത്ത, ഐസാൽ മൂടപ്പെട്ടു കിടക്കുന്ന ഏതോ ഒരു സ്ഥലം. അയാളുടെ ശത്രുക്കൾ : അയാളെ പിടീക്കാൻ വരുന്ന അമേരിക്കൻ പട്ടാളം, മുകളിൽ ചുറ്റിത്തിരികുന്ന ഹെലിക്കോപ്ടറുകൾ, ദുർഘടമായ ഭൂഘടന, കൊടൂം തണുപ്പായ കാലാവസ്ഥ  എന്നിവയൊക്കെയാണു. സിനിമയുടെ ക്യാപ്ഷൻ ആയ  “Run to live... kill to survive..” കേട്ടാൽ അറിയാം ബാക്കി പ്ലോട്ട്!.

വെർഡിക്ട് : ഉഗ്രൻ ത്രില്ലർ. ഭാഷയെ പേടിക്കേണ്ട - ആകെ ഒന്നോ രണ്ടോ സംഭാഷണങ്ങൾ മാത്രമേ സിനിമയിലുള്ളൂ - അതും ഇംഗ്ലീഷിൽ ആണു, അതിനേയും പേടിക്കേണ്ട, അതിനും വലിയ കാര്യമൊന്നും ഇല്ല സിനിമയിൽ. കഥ നടക്കുന്ന സ്ഥലങ്ങളോ, രാജ്യങ്ങളോ പോലും സിനിമയിൽ എങ്ങും പരാമർശിക്കുന്നില്ല - എന്തിനു നായകൻ ഏതു രാജ്യക്കാരൻ ആണെന്നു പോലും പറയുന്നില്ല സിനിമയുടെ സൃഷ്ടാക്കൾ - അതു കൊള്ളാം!.

അഭിനേതാക്കൾ ആയിട്ട് ഒരാളേ ഉള്ളൂ പ്രധാനമായിട്ട്, അയാളുടെ കഥയാണു ഇതു - അങ്ങാരു ശരിക്കും ജീവിക്കുകയാണു സിനിമയിൽ!, ഉഗ്രൻ. 

നായകൻ ഈ ദുർഘടസ്ഥലങ്ങളിലൂടെയൊക്കെ നടക്കുന്നതു കാട്ടുന്നുണ്ട്, സമ്മതിച്ചു, പക്ഷെ കാമറാമാൻ? .. സിനിമയിൽ മൊത്തം Steadicam ആണു ഉപയോഗിച്ചിരിക്കുന്നതു, ഈ ഭാരമുള്ള കാമറയും ചുമന്നുകൊണ്ട് സിനിമയിൽ കാട്ടുന്ന തരം സ്ഥലങ്ങളിലൂടൊക്കെ നടന്നു ഈ പടം പിടിച്ചിരിക്കുന്ന കാമറാ ക്രൂ - സമ്മതിച്ചേ മതിയാകൂ അവരുടെ ഡെഡിക്കേഷനും ടാലന്റും!. ഹാറ്റ്സ് ഓഫ്!.

ഒറ്റ വാചകത്തിൽ : ഡോൺ‌ഡ് മിസ്സ്!.

വാൽക്കഷ്ണം : ഇതിലെ മെയിൻ നടൻ : Vincent Gallo സിനിമക്ക് വേണ്ടി ചേയ്ത ത്യാഗങ്ങൾക്ക് ഒരന്തവും ഇല്ലായിരുന്നു - സിനിമ ഷൂട്ട് ചേയ്തതു മൈനസ് 35 ഡിഗ്രി സെൽ‌ഷ്യസിൽ ആയിരുന്നു, ആ കാലാവസ്ഥയിൽ വീണു കിടക്കുന്ന ഐസിനു മുകളിലൂടെ പാദരക്ഷകൾ ഒന്നും ഇല്ലാതെ സഞ്ചരിക്കുക എന്നു പറഞ്ഞാൽ ... !! :-o

ഈ സിനിമയുടെ പേര് എനിക്ക് കിട്ടിയതിനു കടപ്പാട് : ബ്ലോഗ്ഗേഴ്സ്/ബസ്സേഴ്സ് ആയ റോബി കുര്യനു, വിനയനു.. 


Monday, May 2, 2011

The Fighter (8.5/10)


The Fighter/English/2010/Drama/IMDB/ (8.5/10)  
Rated R for language throughout, drug content, some violence and sexuality.

പ്ലോട്ട് : പ്രൊഫഷണൽ ബോക്സറന്മാരായ മിക്കി വാർഡിന്റേയും ഡിക്കി എക്ലൽണ്ടിന്റേയും കഥയെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു പടം. ബോക്സിങ്ങിൽ ഒരു ബ്രേക്കിനു വേണ്ടി കിണഞ്ഞ് പരിശ്രമിച്ചിട്ടും ഒരു നല്ല ചാൻസ് കിട്ടാതെ വലയുന്ന അവസരത്തിൽ ഉണ്ടാവുന്ന തിരിച്ചടികളും അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും ആണു ഈ സിനിമ.

വെർഡിക്ട് : കഥ ഇങ്ങനെ ഒരു ഒറ്റ വാചകത്തിൽ തീർത്തുവെങ്കിലും, പടം അസാദ്ധ്യം! കഥയല്ല, പക്ഷെ തിരക്കഥയും അഭിനയങ്ങളും അസാദ്ധ്യം.  നായകൻ മറ്റേ Mark Wahlberg (ഷൂട്ടർ/ഡിപ്പാർട്ടഡ്/മാക്സ് പെയ്ൻ ഫേയിം) ആണെങ്കിലും ക്രിസ്റ്റയ്ൻ ബെയ്‌ൽ ആണു താരം. സഹനടനുള്ള അവാർഡുകൾ അങ്ങാരു വാരിക്കൂട്ടുകയാണു, ഈ ഫിലിമിലൂടെ - ഒട്ടും അത്ഭുതമില്ലാ എനിക്ക് - ശരിക്കും ജീവിക്കുകയാണു കഥാപാത്രമായിട്ട്. കഥാപാത്രത്തിനായി എത്ര ത്യാഗങ്ങളും നടത്താൻ തയ്യാറായ ഒരു നടൻ എന്നാണു ഞാൻ പണ്ടേ ഇദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുള്ളതു - 'The Machinist'  എന്ന പടത്തിനു വേണ്ടി പത്ത് മുപ്പതു കിലോ ഒറ്റ സ്ട്രച്ചിൽ കുറച്ചത്രെ ഇങ്ങാരു (ആ പടം ഞാൻ കാണാൻ ഒന്ന്-ഒന്നര വർഷമായി പെന്റിങ്ങിൽ വച്ചിരിക്കാണു, പക്ഷെ .. ഒരു മടി !!)

ഈ പടത്തിലും ബെയ്‌ൽ ഒരു ഡ്രഗ് അഡിക്ടിന്റെ/ഒരു അലവലാതിയുടെ സഹല മാനറിസങ്ങളും, രീതികളും പകർത്തിയിട്ടുണ്ട് എന്നു എനിക്ക് തോന്നുന്നു - ശരിക്കും താരത്തെ ഈ കഥാപാത്രത്തിൽ കാണാനേ ആയില്ല എനിക്ക് - എന്നു വച്ച് മറ്റുള്ളവർ മോശമായി എന്നല്ലാട്ടോ - ബെയ്‌ലിന്റെ അമ്മയായിട്ട് അഭിനയിക്കുന്ന സ്ത്രീ - എന്റമ്മോ .. ഒരു ചെപ്പക്കുറ്റി നോക്കി ചാമ്പ് കൊടുക്കാൻ തോന്നിപ്പോവും നമുക്ക്.

ഒറ്റവാക്യത്തിൽ : മിസ്സ് ആക്കേണ്ടാത്ത ഒരു പടം - കണ്ട് തുടങ്ങിയാൽ തീരാതെ നിർത്താൻ തോന്നാത്ത ഒരു പടം.

വാൽക്കഷ്ണം : പണ്ടേ ഞാൻ ബെയ്‌ലിന്റെ ഫാൻ ആണു, ഈ പടം എന്നെ വീണ്ടും അങ്ങാരുടെ ഫാനാക്കിയിരിക്കുന്നു.


Thursday, April 7, 2011

Let Me In - ലെറ്റ് മീ ഇൻ (8/10)


Let Me In/English/2010/Romantic-horror/IMDB/ (8/10)  
Rated R for strong bloody horror violence, language and a brief sexual situation.

പ്ലോട്ട് :  നായകൻ പയ്യൻ : വയസ്സ് ഒരു 10, അമ്മ സെപ്പറേറ്റഡ്,  സ്കൂളിൽ സ്ഥിരം മൂത്ത പുള്ളാരുടെ അടി വാങ്ങുന്നതു ഹോബി.  അവന്റെ ജീവിതത്തിലേക്ക് ഒരു അച്ഛനും 12 വയസ്സ് തോന്നിക്കുന്ന മകളും കടന്നു വരുന്നതാണു സിനിമയുടെ പ്ലോട്ട്. ഇവർ ഈ പയ്യൻ താമസിക്കുന്ന അതേ ബിൽഡിങ്ങിൽ താമസമാക്കുന്നു. ... തുടർന്നു ... കണ്ടറിയുക. :) ..

വെർഡിക്ട് : ക്ലോവർ ഫീൽഡ് -ന്റെ ഡയറക്ടറുടെ പടം, ഹൊറർ കിംഗ് ആയ സ്റ്റീഫൻ കിങ്ങിന്റെ ടെസ്റ്റിമോണിയൽ, എന്നിങ്ങനെ വളരേ അധികം കാരണങ്ങൾ കൊണ്ടാണു, ഒരു ഡൈഹാർഡ് ഹോറർ പട വിരോധി ആയ ഞാൻ ഈ പടം കാണാൻ തീരുമാനിച്ചതു.  ശ്രമം പാളിയില്ല - കിടിലൻ പടം. ഹൊററിനെക്കാൾ അധികം നമ്മളെ പിടിച്ചിരുത്തുന്ന ആകാംക്ഷയാണു ഇതിൽ കൂടുതൽ, നമ്മളെ ഹൊറർ പേടിപ്പിക്കുന്നതേ ഇല്ല - ക്ലോവർഫീൽഡിലും ഏകദേശം ഇതേ ഫീൽ തന്നെയായിരുന്നല്ലോ?

നായകൻ നന്നായിട്ടുണ്ട്, നായിക, നമ്മടെ ‘കിക്ക് ആസ്’  പടത്തിലെ കൊച്ചാണു, അപ്പോ അധികം പറയേണ്ടല്ലോ, അതിലെ സ്മാർട്ട്നെസ്സ് ഒക്കെ ഇതിൽ എത്തിയപ്പോഴേക്കും എവിടെ ഒളിപ്പിച്ചു ഈ കുട്ടി? കഥാപാത്രത്തിനു വേണ്ട ആ അന്തർമുഖഃത്വം നന്നായി വരുത്തുവാൻ സാധിച്ചിരിക്കുന്നു, ഈ കുട്ടിക്ക്, ഇവൾ ഒരു ഭാവി വാഗ്ദാനം തന്നെയാണു, ഉറപ്പ്.

ഒരു ഹൊറർ പടം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നതു ജെർക്കി കാമറായും പിന്നെ  അറപ്പ് തോന്നുമാറത്രേം ചോരയും, വികൃതമുഖങ്ങളോട് കൂടിയ ഭൂതങ്ങളേയും ആവും, ഈ സിനിമയിൽ അത്രേം വൾഗർ സംഭവങ്ങൾ തീരേ ഇല്ലാട്ടോ .. ഹൊറർ പടം ഇങ്ങനെ നല്ല ക്വാളിറ്റിയോടേയും പിടിക്കാം!


ഒറ്റ വാചകത്തിൽ : കിടിലൻ!. :) എലഗന്റ്! ക്ലാസ്സ് !  ക്ലോവർഫീൽഡിനെക്കാൾ പത്തിരട്ടി മെച്ചം, സ്റ്റീഫൻ കിംഗ് പറഞ്ഞതു ഞാൻ ക്വോട്ട് ചേയ്യുകയാണെങ്കിൽ, - കഴിഞ്ഞ 20 കൊല്ലങ്ങളിൽ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ പടം.

വാൽക്കഷ്ണം :2008ൽ ഇറങ്ങിയ ഒരു സ്വീഡീഷ് സിനിമയുടെ(ആ സിനിമ ഒരു ബെസ്റ്റ് സെല്ലർ നോവലിനെ ആസ്പദമാക്കി നിർമ്മിച്ചതായിരുന്നു) റീമേക്ക് ആയിരുന്നു ഈ സിനിമ. വിമർശകരുടെ അഭിപ്രായപ്രകാരം, ആ സ്വീഡീഷ് സിനിമ ഏകദേശം പെർഫക്ട് ആയിരുന്നു, എന്നാൽ ഈ റീമേക്ക് ഒറിജിനലിനേക്കാൾ മികച്ച ഡ്യൂപ്ലിക്കേറ്റായി - വളരേ വിരളമായി സംഭവിക്കുന്നതത്രേ ഇതു!.


Friday, February 25, 2011

Tomorrow, When the War Began (7.5/10)


Tomorrow, When the War Began/English-Australian/2010/Action - Adventure/IMDB/ (7.5/10)  

പ്ലോട്ട് : കാട്ടിലേക്ക് ക്യാമ്പിങ്ങിനു പോവുന്ന ഒരു ചെറു കൂട്ടം - നായികക്കാണു ടീമിന്റെ സാരഥ്യം, പതിനെട്ട് തികയാനായി ഇരിക്കുന്ന പ്രായത്തിൽ ഉള്ളവർ ആണു എല്ലാരും. ‘ഹെൽ’ എന്നറിയപ്പെടുന്ന കാട്ടിലേക്ക് ക്യാമ്പിങ്ങിനു പോയി തിരിച്ച് വരുന്ന അവർ കാണുന്നതു തങ്ങളുടെ വീടുകളും, എന്തിനു അവരുടെ പട്ടണം തന്നെയും ആകെ ജനമൊഴിഞ്ഞാണു - അവരുടെ അച്ഛനമ്മമാരേയും, ബന്ധുക്കളേയും ആരേയും തന്നെ കാണാനില്ല - പതുക്കെ അവർ അറിയുന്നു അവരുടെ പട്ടണം ഏതോ വിദേശ രാജ്യം ആക്രമിച്ച് കീഴടക്കിയിരിക്കുന്നു എന്നു.  ആ വിദേശ അധിനിവേശത്തിനെതിരെ അവർക്കാവുന്ന ചെറിയ ചെറുത്ത്നില്‍പ്പീലൂടെ പ്രതിരോധം തുടങ്ങി വൈക്കുന്ന കഥയാണു ഈ സിനിമ പറയുന്നതു.

ഒരു ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ സിനിമാ പതിപ്പ് ആണീ സിനിമ.

വെർഡിക്ട് : ഉഗ്രൻ - IMDBയിൽ ഒക്കെ ജസ്റ്റ് എബൗവ് ആ‍വറേജ് റേറ്റിങ്ങ് ആണു, ചിലപ്പോൾ പുസ്തകം വായിച്ചവർ ആവാം റേറ്റിങ്ങ് ഇട്ടിരിക്കുന്നതു! - എനിക്ക് വളരേ ഇഷ്ടായി ഈ സിനിമ. ഒരു നല്ല എന്റർടൈനർ തന്നെ ഇതു. (പക്ഷെ ഹോളീവുഡ് സിനിമയുടെ ആ ഒരു പെർഫെക്ഷൻ ഒന്നും എത്തീട്ടില്ലാ എന്നും തോന്നി).


പക്ഷെ, ഡയറക്ടർ ഒരു കഥാപാത്രത്തെക്കൊണ്ട് ഗറില്ലാ അറ്റാക്കിനിടയിൽ ബീഡി കത്തിപ്പിക്കാൻ ശ്രമിക്കുന്നതു, തികച്ചും ബാലിശമായിപ്പോയി!. ശത്രുഭടന്റെ മണമടിച്ചാലുടൻ സ്കൂട്ടാവുന്ന ഒരു കഥാപാത്രം വിമാനം ബോംബിടാൻ വരുമ്പോൾ പട്ടിയെ രക്ഷിക്കാൻ നോക്കുന്നതു അതിലും ചീപ്പായിപ്പോയി - ബാലിശം എന്ന വാക്ക് ആ പൊട്ടത്തരത്തിനു ചേരില്ല!.

അതൊക്കെ പോവട്ടേ, ആക്ഷനിടയിൽ ഈ സിംഹിണികൾ ഗോസിപ്പും പറഞ്ഞിരുന്നു ശത്രുവിന്റെ തോക്കിനിരയാവാൻ പോവുന്നതു - ഈ ഡയറക്ടർക്കും തിരക്കഥാകൃത്തിനും ഒന്നും ഒരു ബോധവും ഇല്ലേ ആവോ!  ഒരു ചെറു ക്ലാസ്ടെസ്റ്റ് മുന്നിൽ ഉണ്ടെങ്കിൽ പോലും ടെൻഷനടിക്കും മനുഷ്യർ ആയാൽ - ഇവർ ഗറില്ലാ ആമ്പുഷിനുഇടയിൽ  കുത്തി ഇരുന്നു പയ്യന്മാരുടെ ഉമ്മ താരതമ്യം ചേയ്യുന്നു... കഷ്ടം!


വെർഡിക്ട് ഒറ്റ വാക്യത്തിൽ : ഇതൊക്കെ ആണെങ്കിലും, സിനിമ കൊള്ളാം, നിങ്ങൾ ധൈര്യമായി കാണൂ, ബോറടിക്കില്ല. 

വാൽക്കഷ്ണം : കുറച്ച് നല്ല നടീനടന്മാരെ കിട്ടും ഈ സിനിമയിലൂടെ ഇംഗ്ലീഷ് സിനിമാലോകത്തിനു - അതിൽ ഒന്നു രണ്ട് പേർ കിടിലൻ സുന്ദരിമാരും ആണു. ! ;) ;)

സിനിമ കണ്ടീട്ട് രണ്ടാം ഭാഗം വരാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട് - അങ്ങനെയെങ്കിൽ അതിനായി കാത്തിരിക്കാം നമുക്ക്!.


Friday, January 21, 2011

ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ - How to train your Dragon (6.5/10)

 How to train your Dragon/English/2010/Animation-Drama - Adventure/IMDB (6.5/10)

പ്ലോട്ട് : "This is Berk. It's twelve days north of Hopeless and a few degrees south of Freezing to Death. It's located solidly on the Meridian of Misery. My village. In a word? Sturdy, and it's been here for seven generations, but every single building is new. We have fishing, hunting, and a charming view of the sunset. The only problems are the pests. You see, most places have mice or mosquitoes. We have...

... Dragons!  "

ഈ ഡയലോഗ് തന്നെ കഥ പറയുന്നുണ്ട് - ഒരു ദ്വീപ്, അവിടത്തെ ഏറ്റവും വലിയ പ്രശ്നക്കാർ ഡ്രാഗണുകൾ ആണു, രാത്രി വന്നു ആടിനേം കോഴിയേയും ഒക്കെ കട്ടോണ്ട് പോവും, അവറ്റകൾ.. കൂടെ ആളുകളെ റോസ്റ്റ് ചേയ്ത് കൊല്ലുകയും ചേയ്യും ഇവറ്റകൾ. .. ആ ഡ്രാഗൺ- മനുഷ്യൻ സമരം ആണീ സിനിമ. നായകൻ ആ ദ്വീപിലെ രാജാവിന്റെ മകൻ, പേടിത്തൂറി. ഡ്രാഗണുകളെ കൊല്ലാത്തവർ ആണും പെണ്ണൂം കെട്ടവരായി തന്നെ മുദ്രകുത്തപ്പെടുന്ന ഈ ദ്വീപിന്റെ രാജാവിന്റെ മകൻ ഒരു ഡ്രാഗന്റെ കൂട്ടുകാരൻ ആവുന്ന കഥയാണിത്.


വെർഡിക്ട് : സഹല സൈറ്റുകളിലും, സഹല റിവ്യൂകളിലും, ഒക്കെ ഈ സിനിമക്ക് 9 നു അടുക്കേ റേറ്റിങ്ങ് ഉണ്ട്, പക്ഷെ അതു 3ഡി-യിൽ ഈ സിനിമ കണ്ടവർ ഇട്ട റേറ്റിങ്ങ് ആവണം.. സിനിമയിൽ കിടിലൻ ആനിമേഷൻ ആണുള്ളതു, നല്ല ആക്ഷൻ സീക്വൻസുകൾ, നല്ല ഡബ്ബിങ്ങ്, നല്ല സ്ക്രീൻ പ്ലേ, ഡയലോഗുകൾ .. എല്ലാം കിടിലൻ, പക്ഷെ കഥ - അതു പലകുറി കേട്ട് ബോറായ കഥയാണു, ആ ഒരു ഫാക്ടർ കൊണ്ട് മാത്രം ആണു ഞാൻ 6 ഇടുന്നതു, ബാക്കി എല്ലാം ഓക്കെ .. പക്ഷെ ഇടക്ക് ഇച്ചിരി നേരം എനിക്ക് ബോറും അടിച്ചിരുന്നു എന്നു തോന്നുന്നു ..  പക്ഷെ ഒരു കാഴ്ചക്ക് ഒക്കെ ഡബിൾ ഓക്കെ ആണു ഈ സിനിമ.

വെർഡിക്ട് ഒറ്റ വാക്യത്തിൽ  : കണ്ടാൽ ബോറടിക്കില്ല - ഗ്രാഫിക്ക്സ് കണ്ട് വാ പൊളിക്കുകയും ചേയ്യും.

വാൽക്കഷ്ണം : ഒരല്പം കൂടെ നല്ല കഥ കൂടെ സംഘടിപ്പിക്കാമായിരുന്നു ഈ സിനിമയുടെ ക്രിയേറ്റേഴ്സിനു .. എങ്കിൽ പത്തിൽ പത്ത് വാങ്ങാമായിരുന്നു എന്റെടുക്കേന്നു.. യോഗമില്ല! ;)


Monday, January 17, 2011

ബ്ലഡ് വർക്ക് & മിസ്റ്റിക്ക് റിവർ - Blood Work & Mystic River (7.5/10)


Blood work/English/2002/Crime-Suspense/IMDB (7/10) 
Rated R for violence and language.

 Mystic River/English/2003/Drama-Suspense/IMDB (8.5/10) 
Rated R for language and violence.

പ്ലോട്ട്സ്:  ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം നിർവ്വഹിച്ച രണ്ട് സിനിമകൾ - ബ്ലഡ് വർക്ക്, മിസ്റ്റിക്ക് റിവർ - ഒന്നിൽ അങ്ങാരു അഭിനയിച്ചിട്ടുണ്ട്. അതിന്റെ വിശേഷങ്ങൾ ആണു ഈ ലക്കം.

ബ്ലഡ് വർക്ക് : ഒരു സീരിയൽ കില്ലറിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഹൃദയത്തിൽ വെടിയേറ്റ്,  ട്രാൻസ്പ്ലാന്റ് ചേയ്യപ്പെട്ട ഹൃദയവുമായി റിട്ടയർ ചേയ്ത എക്സ്-FBI ഏജന്റ് ആയ നായകൻ, അയാളുടെ ജീവിതത്തിലേക്ക് വീണ്ടും ആ സീരിയൽ കില്ലർ കടന്നു വരുന്ന കഥയാണു ബ്ലഡ് വർക്ക്.

മിസ്റ്റിക്ക് റിവർ : ഒരു ചെറു പട്ടണം, അവിടെ സംഭവിക്കുന്ന ഒരു കൊലപാതകം, കൊല്ലപ്പെടുന്നതു ഒരു മുൻ-അധോലോക നായകന്റെ മകളാണു. കേസ് അന്വേഷിക്കുന്നതു അദ്ദേഹത്തിന്റെ ഒരു സുഹൃത്തും, സംശയത്തിന്റെ നിഴലിൽ പെടുന്നതു മറ്റോരു ബാല്യകാ‍ല സുഹൃത്തുമാണു.. ..

വെർഡിക്ട് : രണ്ട് സിനിമകളും  മെച്ചം, പക്ഷെ എനിക്ക് കൂടുതൽ ഇഷ്ടായത് മിസ്റ്റിക്ക് റിവർ തന്നെയാണു. ബ്ലഡ് വർക്കിന്റെ കുഴപ്പം (മിസ്റ്റിക്ക് റിവറുമായി താരതമ്യം ചേയ്യുമ്പോൾ മാത്രം) എന്താണെന്നു വച്ചാൽ, നമുക്ക് ഒരു ഊഹം കിട്ടും, വില്ലനെ പറ്റി, എന്നതാണു. മിസ്റ്റിക്ക് റിവറിൽ അങ്ങനില്ല, സിനിമ ഒരു പക്കാ സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ നിർമ്മിക്കുന്നതിനു പകരം കഥാപാത്രങ്ങളുടെ മാനസിക നിലകൾ കൂടെ പറഞ്ഞു പോവുന്നു സംവിധായകൻ.  ഓസ്കാറിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സീൻ പെന്നിനെക്കാൾ എനിക്കിഷ്ടായതു ടിം റോബിൻസിന്റെ പ്രകടനമായിരുന്നു, പക്ഷെ.  ടിം റോബിൻസ് മികച്ച സഹനടനുള്ള അവാർഡ് നേടിയതിൽ ഒരത്ഭുതവും ഇല്ല, ഈ സിനിമയിൽ !

കൊള്ളാം - ക്രൈം സിനിമകൾ ഇഷ്ടമുള്ളവർക്ക് ഈ രണ്ട് പടങ്ങളും ഇഷ്ടാവും, ഉറപ്പ്. ! :) കാണൂ, കണ്ടഭിപ്രായം പറയൂ.

വെർഡിക്റ്റ് ഒറ്റ വാചകത്തിൽ : എബ്ബൗവ്വ് ആവറേജ്.

വാൽക്കഷ്ണം : മിസ്റ്റിക്ക് റിവറിനു 6 ഓസ്കാർ നോമിനേഷനുകൾ ലഭിച്ചിരുന്നു,  അതിൽ 2 എണ്ണം (ബെസ്റ്റ് ആക്ടർ, ബെസ്റ്റ് സപ്പോർട്ടിങ്ങ് ആക്ടർ) അടിച്ചെടുത്തു ഈ സിനിമ. ബെൻഹർ കഴിഞ്ഞ്  ഈ രണ്ട് അവാർഡുകളും ഒരുമിച്ച് നേടിയിട്ടുള്ള ആദ്യ സിനിമയാണിതു - 40+ കൊല്ലങ്ങൾ എടുത്തു ബെൻഹറിന്റെ ആ റെക്കോർഡ് പൊളിക്കപ്പെടാൻ!


Monday, January 3, 2011

ഡെവിൾസ് അഡ്വക്കേറ്റ് - Devil's Advocate (8/10)

Devil's Advocate/English/1997/Thriller-Horror/IMDB (8/10)
Rating : Rated R for sexuality, nudity, violence and language.

പ്ലോട്ട് : വളരേ സക്സസ്സ്ഫുൾ ആയ ഒരു ലോയർ ആണു കിയാനു റീവ്സ്. സ്വന്തം കക്ഷി കുറ്റക്കാരൻ ആണെങ്കിൽ പോലും 100% കേസുകളിലും ജയം എന്ന തന്റെ റെക്കോർഡ് തകരാതിരിക്കാൻ ഏത് കളിയും കളിക്കാൻ മടിക്കാത്ത ഒരു ലോയർ. അദ്ദേഹത്തെ തിരക്കി ന്യൂയോർക്കിലെ പ്രസിദ്ധമായ ഒരു വക്കീൽ സ്ഥാ‍പനം അവരുടെ ഒരു കേസിന്റെ ജൂറി സെലക്ഷനു സഹായം അഭ്യർത്ഥിച്ചെത്തുന്നു. അവിടെ ചെന്നു അതും വളരേ സ്തുത്യർഹമായി പൂർത്തിയാക്കുന്ന നമ്മുടെ നായകനെ ആ വക്കീലാപ്പീസ് ഉടമസ്ഥൻ (അൽ പാക്കിനൊ) അവിടെ ഒരു സ്ഥിരം ജോലി ഓഫർ ചേയ്യുന്നു, കൂടെ ഒരു തള്ളിക്കളയാൻ ആവാത്ത ഒരു ഓഫറും നൽകുന്നു. അങ്ങനെ ന്യൂയോർക്കിൽ താമസം ആവുന്ന നായകന്റേയും, ഭാര്യയുടേയും അവർ എത്തിപ്പെടുന്ന സാഹചര്യങ്ങളുടേയും, .... കൂടെ വ്യത്യസ്ഥനായ വില്ലൻ - അൽ-പാക്കിനോവിന്റേയും കഥയാണു ഡെവിൾസ് അഡ്വക്കേറ്റ്.

വെർഡിക്ട് : ഒരു നല്ല മലയാളം സിനിമ വച്ച് ഈക്കൊല്ലം തുടക്കമീടാമെന്നു വച്ചതാ, പക്ഷെ മലയാളം സിനിമ അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല. അതു കൊണ്ട് മാത്രം ആണു ഈ സിനിമയുടെ പോസ്റ്റ്. അതുമല്ല, ഈ സിനിമ കണ്ടിട്ട് ഏകദേശം 1 ആഴ്ച ആയി - എന്നിട്ടും ഈ സിനിമയുടെ ഒരു ഹാങ്ങോവർ ഇതു വരെ മാറീട്ടില്ല. അത്രെക്ക് നല്ലതാണീ സിനിമ, എന്ന് എനിക്ക് തോന്നുന്നു.

കിയാനു റീവ്സ് - ആസ് യൂഷ്വൽ - വളരേ നല്ലതും അല്ല, മോശവും അല്ല.
അൽ പാക്കിനോ - ഇഷ്ടൻ ആസ് യൂഷ്വൽ  കിടിലൻ ആക്കീട്ടുണ്ട്. ചില അവസരങ്ങളിൽ ഒരു കള്ളച്ചിരിയിലൂടുള്ള ആശയസംവേദനം - കിടിലൻ. :)
ചാരിസ് തെറോൺ (Charlize Theron - ഇതെങ്ങനെ മലയാളത്തിൽ വിളിക്കുവോ ആവോ!) - ഇവളും കൊള്ളാം, ഇതിലെ പെർഫോർമെൻസിനു അവാർഡൊന്നും കിട്ടിയില്ലെ ഇവൾക്ക്? പരിഗണിക്കാമായിരുന്നു. - കൂടെ യെവൾടെ കുറച്ച് നൂഡ് സീൻസും ഉണ്ട്.. ;)

സംവിധാനം - കിടീലൻ
ഛായാഗ്രഹണം - എക്സ്പെക്ഷണൽ! - ഇനീം ഒരു 10 കൊല്ലം കഴിഞ്ഞാലേ മലയാള സിനിമയിൽ ഇങ്ങനത്തെ വർക്ക് കാണാൻ കഴിയൂ എന്നു എനിക്ക് തോന്നുന്നു - അതിൽ ഞാൻ സ്വയം നാണിക്കുന്നു!.:(

വെർഡിക്ട് ഒറ്റ വാക്കിൽ  :  മസ്റ്റ് സീ  പടം..
കാണു, കണ്ടഭിപ്രായം പറയൂ..

വാൽക്കഷ്ണം : ഏകദേശം 13 വർഷമായി ഈ സിനിമ അവിടെ റിലീസ് ചേയ്തിട്ട്. 13 കൊല്ലം മുന്നത്തെ സിനിമ ആണിത് എന്നു വിശ്വസിക്കാനാവുന്നില്ല ! .. ഇത്രേം കൊല്ലങ്ങൾക്ക് ശേഷവും ഹോളീവുഡിന്റെ അന്നത്തെ നിലവാരത്തിന്റെ ഏഴയലത്ത്  പോലും എത്താൻ മലയാള സിനിമക്ക് ഇന്നും കഴിയുന്നില്ലാ എന്നു പറയുമ്പോൾ .. എവിടൊക്കേയോ എന്തോക്കെയോ സീരിയസ് പ്രശ്നങ്ങൾ ഇല്ലേ?

എങ്ങനെ പുതിയ ടാലന്റ്സ് വരും മലയാള സിനിമയിൽ? 
- ഇവിടെ ടെക്നീഷ്വൻസിനെ നിശ്ചയിക്കുന്നതു പോലും സ്റ്റാർസ് ആണ്. അവർക്കിഷ്ടമില്ലാത്ത യൂണിയനുകളെ പുറംകാലു കൊണ്ട് തട്ടി ചവറ്റുകൊട്ടയിൽ ഇടും അവർ.. അവർ പറയുന്നതു കേൾക്കുന്ന, അനുസരിക്കുന്നവരെ അല്ലാത്തവർക്ക് സിനിമയിൽ സ്ഥാനമില്ല!. . യൂണിയനുകളിൽ കയറിപ്പറ്റാൻ ആയിരങ്ങൾ ഫീസ് - എന്നൊക്കെയാണു കേൾക്കുന്നതു .. ശരിയാണെങ്കിൽ, ഈ സിനിമാ ഫീൽഡ് ഒരിക്കലും രക്ഷപെടില്ല!. നമ്മൾ പൊട്ടക്കിണറ്റിലെ തവളയെപ്പോലെ നമുക്ക് ചുറ്റും ഉള്ളതാണു ബെസ്റ്റ് എന്നും വിശ്വസിച്ച്, ഘോഷിച്ച് കഴിയേണ്ടി വരും എപ്പോഴും ! :(


Sunday, November 28, 2010

മാചൈറ്റൈ - Machette (5.5/10)



English/2010/Crime-Action/IMDB/(5.5/10)
Rated R for strong bloody violence throughout, language, some sexual content and nudity.

മുൻ‌കൂർ ജാമ്യം : മാഷൈറ്റെ, മാചൈറ്റൈ, മാഷൈറ്റി .. ഇതിൽ ശരിക്കും പേരു എന്താണെന്ന് ചോദിച്ചാൽ .. ഞാനീ നാട്ടുകാരനല്ല എന്നു പറയുകയെ നിവൃത്തിയൊള്ളൂ - സിനിമക്കകത്ത് പോലും പലയിടത്തും പല രീതിയിൽ പറയുന്നുണ്ട് ഈ പേരു.. സോ, ഐ ആം നോട്ട് ദിസ് പ്ലേസ്-മാൻ!!

പ്ലോട്ട് : മെക്സിക്കോവിൽ നിന്നും നുഴഞ്ഞ് കയറി അമേരിക്കയിൽ എത്തിയിരിക്കുന്ന ഒരു ഫെഡറൾ ആപ്പീസർ - മാചൈറ്റൈ - നാർക്കോട്ടിക്ക്സ് വാറിൽ മുഖ്യ പങ്ക് വഹിച്ചതിനു പകരം സ്വന്തമായതെന്തും നഷ്ടപ്പെട്ട അയാൾ അമേരിക്കയിൽ എത്തിയിരിക്കുന്നതു പ്രതികാരത്തിനായി മാത്രമാണു .. ആ പ്രതികാരം ആണു പ്ലോട്ട്.

വെർഡിക്ട് : IMDB, Rotten Tomatoes, മറ്റു റിവ്യൂസ്, എന്നിവകളിൽ ഒക്കെ ‘കിടു’ എന്ന പേരു  ഈ സിനിമയുടെ പര്യായമായി തന്നെ പറയുന്നുണ്ട് - ചിലപ്പോൾ ‘എൽ മരിയാച്ചി‘,  ‘ഡെസ്പരാഡോ’ .. തുടങ്ങിയ സിനിമകൾ ഉണ്ടാക്കിയ റോഡ്രിഗ്ഗസ്സ് ഉണ്ടാക്കുന്നതെന്തും ഉഗ്രൻ എന്നു പറഞ്ഞില്ലാ എങ്കിൽ പോലീസ് പിടീക്കും എന്ന ധാരണ ഉള്ളതു കൊണ്ടാവുമോ എന്നറിയില്ല,  പക്ഷെ എങ്കിൽ, എന്റെ വിവരക്കേട് കൊണ്ടോ, സിനിമ എങ്ങനെ ആവണം എന്നുള്ള മുൻ‌ധാരണകൾ കൊണ്ടോ മറ്റോ, ഈ സിനിമ എനിക്കത്ര ദഹിച്ചില്ല. കൊറേ വെടി, കൊറേ വെട്ട്, കോറേ കുത്ത്, കൊറേ സ്ഫോടനങ്ങൾ, കൊറേ ജമണ്ടൻ സ്റ്റാർസ്, കൊറേ നഗ്നമേനികൾ - ലിൻസേ ലോഹന്റെ ഉൾപ്പെടേ -, .. പിന്നെ ഓരോ മിനുറ്റിലും കൊലപാതകങ്ങൾ - വിത്ത് ലോട്ട്സ് ആൻഡ് ലോട്ട്സ് ഓഫ് ബ്ലഡ്.! തീർന്നു സിനിമ. 

ഈ കഥയില്ലായ്മയും, കേട്ട് കേട്ട് മത്തുപിടിച്ച തീമും, പ്രത്യേകിച്ച് പ്രത്യേകതകൾ ഒന്നുമില്ലാത്ത സ്റ്റോറി ടെല്ലിങ്ങും എല്ലാം കൂടി എന്നെ ടെക്ക്നിക്കൽ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമ്മതിച്ചില്ല, സത്യം. പ്രതീക്ഷ കൂടിയതു കൊണ്ടാണോ ആവോ എനിക്ക് സിനിമ പിടീക്കാഞ്ഞതു? .. അതോ ശരിക്കും എനിക്കെന്തിങ്കിലും കുഴപ്പമുണ്ടോ? !! ... ഇനി മാചൈറ്റൈ ഫാൻസ് എന്നെ ഘരാവോ ചേയ്യുവോ ആവോ .. അങ്ങനെയെങ്കിൽ എന്റെ റേറ്റിങ്ങ് 6 ആക്കിയതായിട്ട് മുൻ‌കാല പ്രബല്യത്തോടെ ഞാൻ ഇതാ ഇവിടെ പ്രഖ്യാപിക്കുകയാണു ..

വാൽക്കഷ്ണം : ലിൻസേ ലോഹന്റെ പീസ് ഉണ്ടതിൽ ;) - ആ വകുപ്പിൽ സിനിമ മിസ്സ് ആക്കാൻ പാടില്ലാത്തതാണു. പിന്നെ വെടി വൈപ്പും വെട്ടും കുത്തും ഒക്കെക്കൂടി ഒരു ബി ക്ലാസ്സ് ഫിലിം കാണുന്ന രീതിയിൽ കണ്ടാൽ കണ്ടിരിക്കാം, ബോറടിക്കില്ല. സ്റ്റീഫൻ സൈഗളിനു അനങ്ങാൻ പറ്റാത്തത്രേം തടിയും പ്രായവും ആയിരിക്കുന്നു .. മഹാ ബോറ്. ഡാനി ട്രെജോ കലക്കിട്ടുണ്ട്. :)

കാണു. കണ്ടഭിപ്രായം പറയൂ.. :)


Sunday, September 26, 2010

സോൾട്ട് - Salt (6/10)


Salt/English/Action/IMDB/(6/10)
Rated PG-13 for intense sequences of violence and action.

പ്ലോട്ട് : നായിക ആഞ്ചലീനാ ജോലി - ജോലി സി.ഐ.എ യിൽ.  ഒരു സുപ്രഭാതത്തിൽ ഒരു മുൻ-റഷ്യൻ സ്പൈ  ആപ്പീസിൽ കയറി ചെന്നു അടുത്ത രണ്ട് ദിവസങ്ങൾക്കകം ആഞ്ചലീനാ ജ്വാലി റഷ്യൻ പ്രസിഡന്റിനെ തട്ടിക്കളയും എന്നു വെളിപ്പെടുത്തുന്നു - കാരണം അവൾ പണ്ട് മുതലേ ഒരു റഷ്യൻ സ്പൈ ആണത്രെ. ആസ് യൂഷ്വൽ ആഞ്ചലീനാ ജോലി സി ഐ എ യുടെ ആപ്പീസിൽ നിന്നും എല്ലാരേയും ഇടീച്ച് സൂപ്പാക്കിയിട്ട്  ചാടി പുറത്ത് വരുന്നു (എന്നാലല്ലേ സംശയം അവളുടെ നേരേ വരൂ) .. എന്നിട്ട് ഒറ്റക്ക് എന്തോക്കെയോ തെളിയിക്കാൻ ശ്രമിക്കുന്നു.!

വെർഡിക്ട് : ആവറേജ്. നല്ല റോപ്പ് ട്രിക്ക്സ്. ചേസ്,  കോറേ കുരങ്ങൻ സ്റ്റയിൽ ചാട്ടം,  ലോറിയുടെ മുകളിൽ നിന്നും ബസ്സിന്റേയും അവിടെ നിന്നു ഓട്ടോ റിക്ഷയുടേ മുകളിലേക്കും തിരിച്ചും ഒക്കെ ആയിട്ട്.  പിന്നെ വെടിവൈപ്പ് ചറപറാന്നു - അതും അമേരിക്കക്കാരെ കൊല്ലില്ല - ചുമ്മാ തോക്കെടുത്ത് തിരിച്ച് പിടിച്ച് ചന്തിക്കിട്ട് അടിക്കും - അത്രേ ചേയ്യൂള്ളൂ!. റഷ്യക്കാരെ ചറപറാ വെടിവച്ച് കൊല്ലുകയും ചേയ്യും - അതും ഓട്ടോമാറ്റിക്ക് വെപ്പൺസും ആയിട്ട് നിക്കണ ഡസൺ കണക്കിനു ചേട്ടന്മാരെ കൈത്തോക്ക് വച്ച്!  കത്തി ആവശ്യത്തിൽ കൂടുതൽ ഉണ്ട് - പക്ഷെ കണ്ടിരിക്കാം - ബോറടീക്കില്ല.


Thursday, September 23, 2010

ദി എക്പെൻഡബിൾസ് - The Expendables (3/10)


The Expendables/English/Action/2010/IMDB/(3/10)
Rated R for strong action and bloody violence throughout, and for some language.

പ്ലോട്ട് : ബൂം .. ബ്ബൂം.. സ്ക്രാ‍ാ‍ാ‍ാഗ്ഗീ‍ീ‍ീ‍ീ‍ീ ...  ബാംഗ്.. ബാംഗ് .. ബാംഗ് .. വൂഷ് .. ഹാ ... യൂ ഡൈ ... ബാംഗ് .. ബാംഗ് ... ബൂം .. ബ്ബൂം..  ബ്ബ്ബ്ബ്ബ്ബ്ബ്ബൂ‍ൂ‍ൂ‍ൂമ്മ്മ്ം .... നോ .. യൂ കാണ്ട് ...  ബൂം .. ബ്ബൂം..   ഹ ഹ ഹ ...  ഐ കേം ഫോർ ഹെർ !!

ദി എൻഡ് !


വെർഡിക്ട് :  ...  ബാംഗ്.. ബാംഗ് .. ബാംഗ് .. ഇതൊക്കെ തന്നേയേ ഉള്ളൂ.. ചുമ്മാ കൊറേ പടക്കമേറ്, വെടിവൈപ്പ്, പെട്രോൾ ഒഴിച്ച് കത്തിക്കൽ, വെടിവച്ച് തല ചിതറിപ്പിക്കൽ, വണ്ടി ചേസ്, ചോര, .. വീണ്ടും പടക്കമേറ്, വെടീവൈപ്പ്, ഓട്ടം .. പെണ്ണിനെ രക്ഷിക്കാൻ പോകൽ .. ചളം തമാശക്ക് വേണ്ടിയുള്ള ശ്രമം .. ബ്ലാഹ് .. ബ്ലാഹ് ..!  സ്റ്റാലോൺ വീട്ടിൽ ആവിയും പിടിച്ചിരിക്കേണ്ട സമയം അതിക്രമിച്ചു. തൊലി ഒക്കെ ചുക്കി ചുളുങ്ങി ഏതാണ്ട് മാറ്റ് ഫിനീഷ് പെയിന്റടിച്ച സാൻഡ് പേപ്പർ പോലെ ആയിരിക്കുന്നു അദ്ദേഹത്തിന്റെ. . മഹാരഥന്മാർ പലരും ഒക്കെ ചുമ്മാ വന്നു പോവുന്നുണ്ട്. ആകെ മൊത്തം അപ്പൂപ്പന്മാരുടെ സംസ്ഥാന സമ്മേളനം തന്നെയാണീ പടം!

മിനിമം ലോജിക്ക് ഉള്ള പടം കാണണം എന്നാണെങ്കിൽ,  ഈ പടത്തിനു തല വൈക്കാതിരിക്കുക - എനിക്കത്രയുമേ പറയാനുള്ളു. അല്ലാ, ചുമ്മാ കൊറെ തീ ഉണ്ടകളും ഇടിയും പെരവാസ്തുബലിയും കാണാൻ ആണെങ്കിൽ ഇതാണു നിങ്ങൾക്കുള്ള പടം.


Sunday, September 5, 2010

ഗ്രീൻബർഗ് -Greenberg (5/10)





ഗ്രീൻബർഗ്ഗ്/Greenberg/2010/Romantic comedy/IMDB/(5/10)
 Rated R for some strong sexuality, drug use, and language.

റൊമാന്റിക്ക് കോമഡി. റൊമാന്റിക്ക് എന്നു വേണമെങ്കിൽ പറയാം - പക്ഷെ  കോമഡി? നായകൻ ഒരു അരക്കിറുക്കൻ. ചിന്തകൾ കാടു കയറി, സോപ്പിനു പത പോര, അമേരിക്കൻ എയർലൈൻസിനു ഒച്ച കൂടുതലാണു എന്നു തുടങ്ങി കണ്ടതിനും കാണാത്തതിനും വരെ കമ്പനി ഉടമസ്ഥർക്ക് പരാതി കൊടുക്കാൻ മടിക്കാത്ത ഒരു 40കാരൻ. ഡിപ്രഷൻ തെറാപ്പി കഴിഞ്ഞ് ചേട്ടന്റെ വീട്ടിൽ എത്തുന്ന ദിനം തന്നെ വീടും, ഒരു നായയേയും ഇങ്ങാരെ ഏല്‍പ്പിച്ച് ചേട്ടച്ചാരു വിയറ്റ്നാമിലേക്ക് പോകുകയാണു, സകുടുംബം എന്തോ ബിസിനസ്സ് ആവശ്യത്തിനു. എന്താവശ്യത്തിനും ധൈര്യമായി വിളിച്ചോളൂ എന്നു പറഞ്ഞ് അസിസ്റ്റന്റിന്റെ ഫോൺ നമ്പറും കൊടൂക്കുന്നു അനിയനു. അസിസ്റ്റന്റ് ഒരു സുന്ദരി ആണു, വളരേ ഡെഡിക്കേറ്റഡ് യങ്ങ് സിംഗിൾ പെൺകുട്ടി. ആ കുട്ടിയും ആയിട്ട് ലവൻ ലൈൻ{?} ആവുന്നതാണു കഥ. ആ കൊച്ച് വളരെ നന്നായിട്ടുണ്ട്.  പടം എനിക്ക് ആവറേജ് ആയിട്ടാണു തോന്നിയതു - പക്ഷെ മിക്ക റേറ്റിങ്ങ് സ്ഥലങ്ങളിലും 65%ൽ അധികം റേറ്റിങ്ങ് ഉണ്ട് ഈ പടത്തിനു. 

അതോ  ഞാൻ ചിരിക്കാൻ മറന്നു പോയിക്കൊണ്ടിരിക്കുകയാണോ? ഇതിനു മുന്നേ യൂറോട്രിപ്പ് എന്ന പടവും - അതെ കോമഡി തന്നെ - ഞാൻ കണ്ട് ഇഷ്ടപ്പെടാതെ പോയ്യിരുന്നു. പക്ഷെ അതിലെ ചില നല്ല ചിരികൾ ഞാൻ ആത്മാർഥമായി ചിരിച്ചിരുന്നു, പടം ചവറായി തോന്നിയെങ്കിലും!. അപ്പോൾ ഞാൻ ചിരിക്കാൻ മറക്കുന്നതാണോ? അതോ .. എന്റെ മൂഡിന്റെ കുഴപ്പമാണോ? 

ആവുമായിരിക്കും അല്ലേ? നോക്കാം. :)


Sunday, August 29, 2010

പ്രിൻസ് ഓഫ് പേർഷ്യ - Prince of Persia: The Sands of Time (5/10)


English/2010/Action-Adventure/IMDB/(5/10)
Rated PG-13 for intense sequences of violence and action.

പ്ലോട്ട് :  ലോകത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ നീണ്ട് നിവർന്നു ഏമ്പക്കം വിട്ട് കിടക്കുന്ന പേർഷ്യൻ സാമ്രാജ്യത്തിലെ സുൽത്താൻ, അങ്ങേർക്ക് ഒരു അനിയൻ, രണ്ട് മക്കൾ. ഒരു ദിവസം വഴിക്കരുകിൽ വച്ച് അങ്ങേരുടെ തന്നെ പട്ടാളക്കാരെ ഇടിച്ചിട്ട് ഓടിയ ഒരു അനാഥബാലനെ (ലവനാണു നായകൻ) അങ്ങാരു കൊട്ടാരത്തിൽ കൊണ്ടു ചെന്നു മകനെ പോലെ വളർത്തുന്നു. അവർ വളർന്നു വലുതാവുന്നു - അവർ ഒരു പുണ്യ പട്ടണം ആക്രമിച്ച് കീഴടക്കാൻ ശ്രമിക്കുന്നു. മൂത്ത പ്രിൻസ് ആജ്ഞാപിക്കുന്നതിൽ നിന്നും വിപരീതമായി നമ്മുടെ അനാഥ പ്രിൻസ് വളരേ സാഹസികമായി ഒറ്റക്ക് പട്ടണം കീഴ്പ്പെടുത്തുന്നു! (ബാക്കി പട്ടാളക്കാരെ ഒക്കെ പിരിച്ച് വിട്ട് അത്രേം ശമ്പളം ലാഭിച്ചേനെ ഞാൻ ആയിരുന്നു രാജാവെങ്കിൽ.)  അവിടെനിന്നും കിട്ടുന്ന ഒരു കഠാര കഥയുടെ ദിശ വീണ്ടും മാറ്റുന്നു. തൂണിലും തുരു‌മ്പിലും ഒന്നുമല്ല, പക്ഷെ ആ കഠാരയിൽ ആണു  ലോകം തന്നെ ഇരിക്കുന്നതെന്നു നമുക്ക് പിന്നീടേ മനസ്സിലാവൂ. ... ഇനീം ഞാൻ പറഞ്ഞ് കാണാൻ ഇരിക്കുന്നവരെ കൂടെ ചന്തിക്കടിച്ച് ഓടിക്കണില്ല, കാണു, അനുഭവിക്കൂ.

വെർഡിക്ട് : ആദ്യം നല്ല കാര്യങ്ങൾ : നല്ല ആക്ഷൻ, നല്ല റോപ്പ് ട്രിക്ക്സ്, ഗ്രാഫിക്ക്സ്, റെൻഡിഷൻ എന്ന പടത്തിൽ അഭിനയിച്ച പയ്യൻ ഇതിലും നന്നാക്കിയിട്ടുണ്ട്(എന്തോ ഗില്ലറ്റിൻ എന്നോ മറ്റോ ആണവന്റെ പേരു, ഞാനിന്നു നാക്കു വടിച്ചിട്ടില്ലാത്തതു കൊണ്ട് ശരിക്ക് ആ പേരു എഴുതാൻ പറ്റണില്ല), ബെൻ കിങ്ങ്സ്ലി റോൾ തരക്കേടില്ലാതെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്, നായിക പെയ്മെന്റ് സീറ്റ് ആണെന്നു തോന്നുന്നു - നായികയുടെ മുഖത്ത് വികാരം വാരിവിതറപ്പെടണമെങ്കിൽ  ഇനിയും കോറേ ജന്മങ്ങൾ ജനിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു, നായായും, നരിയായും, പിന്നെ നരനായും!. 


ആദ്യമൊക്കെ സംഭവം നന്നായിട്ട് പോയി, പക്ഷെ സമയം കഴിയുന്തോറും ബോറായി തുടങ്ങി.ഹല്ലേ കേൾക്കണേ കഥ .. നല്ല പൊതിരെ അടി നടന്നോണ്ടിരിക്കാണേ .. ഇടിയിൽ തോറ്റാൽ ഞാനും നിങ്ങളും എന്റെ അപ്പുറത്തെ വീട്ടിലെ സൂസിയും അടക്കം സകലരും തവിടൂ പൊടിയാവും എന്ന സ്ഥിതിയാ  .. അപ്പഴാ ദാണ്ടേ നായകനും നായികക്കും കൂടെ മുട്ടൻ കിസ്സിങ്ങ് .. ഹോ .. എനിക്കിത് ഇതു കാണു‌മ്പോഴാണൂ ചൊറിയണതു...ഇവനൊക്കെ ഒരു ഉത്തരവാദിത്യമുണ്ടോ? ഹോളിവുഡാണു പോലും ഹോളിവുഡ് !

അതു പോലെ നായിക തൂങ്ങിക്കിടക്കുന്നു നായകന്റെ കൈയ്യിൽ, താഴെ കൊക്ക .. നായിക : വിടൂന്നേ, പൊയി ലോകത്തെ രക്ഷിക്കൂ ..നായകൻ : വിടില്ല ചക്കരേ .. വിടൂ .. വിടില്ലാ ... വിടൂ .. വിടില്ലാടീ ... ഗർ‌ർ‌ർ .... ഒന്നു വിടടാ പേട്ടു ചെക്കാ, സൂസി ഇപ്പ ചാവും അപ്പഴാ അവന്റെ പിള്ളെരു കളി എന്നു എനിക്ക് ചൂടായി പറയേണ്ടി വന്നു, കൈ വിടാൻ .. അത്രേം നേരം ഈ കളിയായിരുന്നു ലവരു രണ്ടും കൂടെ - അവനറിയാം, അവന്റെ കൈയ്യിലെ കഠാരയുടെ സ്വിച്ച് ഞെക്കിയാൽ (അതെ, അന്നും ഉണ്ടായിരുന്നു സ്വിച്ചും ട്രിഗറും, റിമോട്ടും ഒക്കേ) എല്ലാം പഴേ പടീ ആവുമെന്നു, അപ്പഴാ അവന്റെ സെന്റി!. ഇഡിയറ്റ് - ഇവനെ ഒക്കെ സിനിമയിൽ എടുത്ത ഗീർവാസീസ് ആശാനെ പറഞ്ഞാൽ മതിയല്ലോ!.


അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ, ഇത്രേം കാശു മുടക്കി പടം പിടിക്കുവാണു, ഒരു ഹിറ്റ് ഗെയിമിനെ ബേസ് ചേയ്ത് പടം പിടിക്കുവാണു, ഗ്രാഫിക്ക് ആർട്ടിസ്റ്റുകളെയും കുതിരകളേയും വാളും പരിചയും പപ്പടം കുത്തിയുംമൊക്കെ കാശു മുടക്കി പൊക്കറ്റിൽ ആക്കിയിട്ടുണ്ട് - എന്നാ പിന്നെ ഒരു മര്യാദക്കുള്ള സ്ക്രീൻപ്ലേ കൂടെ സംഘടിപ്പിക്കാമായിരുന്നില്ലേ? മനുഷ്യനെ വടീയാക്കാൻ ഒരു പത്തു ട്വിസ്റ്റും കുത്തിത്തിരുകി ഒരു പടവും പടച്ച് ഇറങ്ങിക്കോളും ഓരോലവന്മാരു ...  ഡിസ്നി ആണു പോലും! ഡിസ്നി.!

നിങ്ങളും കണ്ടു നോക്കൂ, ചിലപ്പോ ഇഷ്ടപ്പെട്ടേക്കാം, ഞാൻ പറഞ്ഞില്ലേ, നല്ല ആക്ഷൻ ഒക്കെ ആണു - കഥ മാത്രം നോക്കരുതു. കാണൂ കണ്ടഭിപ്രായം പറയൂ.


Saturday, August 28, 2010

The Girl with the dragon tatoo - ദി ഗേൾ വിത്ത് ദ ഡ്രാഗൺ റ്റാറ്റൂ (Swedish: Män som hatar kvinnor) (7/10)


2009/Thriller/Swedish-English/(7/10)/IMDB
Original title : "Män som hatar kvinnor"  means 'Men who hate women'.
Rated R for disturbing violent content including rape, grisly images, sexual material, nudity and language.

പ്ലോട്ട് : ഒരു അന്വേഷനാത്മക പത്രപ്രവർത്തകൻ ആയ നമ്മുടെ നായകൻ മൈക്കളിന്റെ (മൈക്കൾ എന്നു നമുക്ക് വിളിക്കാം)  ഒരു പത്രറിപ്പോർട്ട് തെളിവുകളോ സാക്ഷികളോ ഇല്ലാത്തതിന്റെ പേരിൽ കോടതി കയറുന്നു, നായകനെ കോടതി ശിക്ഷിക്കുന്നു. അതേ സമയത്ത് തന്നെ ഒരു വൻ-ബിസിനസ്സ് ഗ്രൂപ്പിനു വേണ്ടി നമ്മുടെ നായിക ആയ ലിസ്ബത്ത് (അതു തന്നാ അവളെ എല്ലാരും സിനിമയിൽ വിളിക്കുന്നതു, ഉറപ്പ് .. ആണെന്നു തോന്നുന്നു) മൈക്കളിനെ പിന്തുടർന്നു അങ്ങാരുടെ എല്ലാ കാര്യങ്ങളും വാങ്ങർ ഗ്രൂപ്പ് എന്ന ക്ലൈന്റിനു വേണ്ടി ശേഖരിച്ചു കൊടുക്കുന്നും ഉണ്ട്.

അങ്ങനെ നായകനെ ബിസിനസ്സ് ടൈക്കൂൺസ് ആയ വാങ്ങർ ഗ്രൂപ്പിലെ കാർണവർ ആയ  വാങ്ങർ -അപ്പൂപ്പൻ വിളിച്ചു വരുത്തുന്നു, ഒരു ക്രിസ്തുമസ്സ് തലേന്നാൾ. കാർണവർ വിളിക്കുന്നതു ഒരു അസാധ്യചുമതല ഏല്‍പ്പിച്ച് കൊടുക്കാൻ ആയിരുന്നു. 40 കൊല്ലം മുന്നേ അപ്രത്യക്ഷയായ ചേട്ടന്റെ മകളുടെ ഘാതകരെ കണ്ടു പിടിക്കാൻ ആയിരുന്നു ആ ചുമതല.  ആ പെൺകുട്ടി മരിക്കുമ്പോൾ അവരുടെ എസ്റ്റേറ്റിൽ ഒരു ഫാമിലി റീയൂണിയൻ നടക്കുക ആയിരുന്നു, അതുകൊണ്ട് കുടുംബത്തിലെ ആരോ തന്നെയാണു ആ കൊലപാതകം നടത്തിയിരിക്കുന്നതെന്നും ഉറപ്പാണു വാങ്ങർ -അപ്പൂപ്പനു. പിന്നീടുള്ള കഥ ആ കൊലപാതക്കിയെ കണ്ടു പിടിക്കുന്നതിന്റെ ആണു - ക്ലൂസ് പിന്തുടർന്നു ചെല്ലും തോറും ഒരു വൻ കൊലപാതക പരമ്പര തന്നെ മണ്ണിനു വെളിയിൽ ആക്കുന്നു അന്വേഷകർ..

വെർഡിക്ട് :അവസാനം വരെ സീറ്റിൽ പിടിച്ചിരുത്തുന്ന ഒരു പടം ആണിത്. നല്ല സസ്പെൻസ്, നല്ല സ്റ്റോറി, നല്ല രീതിയിൽ എടുത്തിരിക്കുന്നു ഈ പടം.  നായികയുടെ വല്ലാത്ത ക്യാരക്റ്റർ എന്തിനു അങ്ങനെ ആക്കിയിരിക്കുന്നു എന്നു പക്ഷെ പിടികിട്ടിയില്ല, പക്ഷെ നായിക ആയിട്ട് അഭിനയിച്ചിരിക്കുന്ന പെൺകൊച്ച് ശരിക്കും കൊള്ളാം (ഹോ .. എന്നാ മസിലാ ആ കൊച്ചിനു!‌) . ടെക്നിക്കലിയും വളരെ മുന്നിൽ നിൽക്കുന്ന ഒരു പടം ആണിത്.
പക്ഷെ മിക്ക മർഡർ മിസ്റ്ററി പടങ്ങൾക്കുമുള്ള ഒരു പ്രശ്നം ഇതിനും ഉണ്ട് - പെട്ടെന്നു മറന്നു പോവും സിനിമ - കാരണം മിസ്റ്ററി കണ്ടു പിടിക്കപ്പെടുന്നതു വരേയെ സിനിമയുടെ ആ ആകർഷണീയത നിലനിൽക്കുന്നുള്ളൂ. അങ്ങനെ അല്ലാത്ത പടങ്ങൾ വളരേ കുറവാണു, മലയാളത്തിൽ മണിച്ചിത്രത്താഴ്, ഇംഗ്ലീഷിൽ മിസറി തുടങ്ങിയ പടങ്ങൾ ആണു ഈ പ്രശ്നം ഇല്ലാത്ത സിനിമകൾ..   ചുരുക്കിപ്പറഞ്ഞാൽ, മണിച്ചിത്രത്താഴ് പോലത്തെ ഒരു പടത്തിന്റെ അത്രേം കിടുവല്ല ഈ പടം.

കണ്ടു നോക്കൂ, ബോറടിക്കില്ല.


Monday, August 2, 2010

ഷട്ടര്‍ ഐലന്റ് - Shutter Island (7/10)


English/Psychological Thriller/2010/(7/10)

പ്ലോട്ട് : ഒരു രക്ഷപ്പെടല്‍ അന്വേഷിക്കുവാനായി US മാര്‍ഷല്‍ ആയ നായകന്‍ ടെഡി ഡാനിയത്സ് (ലിയനാഡോ ഡിക്കാപ്രിയോ) കൂട്ടാളി ചക്ക്-നോട് കൂടി ഷട്ടര്‍ ഐലന്റ് എന്ന ക്രിമിനല്‍-സൈക്കോളജി ഹോസ്പിറ്റലിലേക്ക്  ഒരു ബോട്ട് മാര്‍ഗ്ഗം എത്തുന്നതോടെ ആണ് കഥ തുടങ്ങുന്നത്. ഒരു വന്‍ കൊടുങ്കാറ്റ് വീശി അടിക്കാന്‍ ഒരു‌മ്പട്ട് നില്‍ക്കുന്ന അവസരത്തില്‍ ആണ് ഇവര്‍ അന്വേഷണത്തിനായി അവിടെ ലാന്റ് ചേയ്യുന്നതു. രക്ഷപെട്ട അന്തേവാസി നാലു മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന ഒരു കുറ്റവാളി ആയ പേഷ്യന്റ് ആണ്. ഈ അന്തേവാസിയേ പറ്റിയും, ആ ഹോസ്പിറ്റലിനു പിന്നില്‍ നടക്കുന്ന രഹസ്യ പരീക്ഷണങ്ങളെ പറ്റിയും ഉള്ള നായകന്റെ അന്വേഷണങ്ങള്‍ ആണ് ഈ പടം.


വെര്‍ഡി‌ക്‍ട് : പടം ശരിക്കും ത്രില്ലര്‍ തന്നെ. സസ്പെന്‍സ് വിടാതെ തന്നെ മുന്നോട്ട് കൊണ്ടു പോയ്യിരിക്കുന്ന കഥ അവസാനം വരെ രസകരമാക്കി വൈക്കാന്‍ സംവിധായകനും മറ്റു സൃഷ്ടാക്കള്‍ക്കും സാധിച്ചിട്ടുണ്ട്. ശരിക്കും കണ്ടിരിക്കേണ്ട പടങ്ങളുടെ ലിസ്റ്റില്‍ വരുന്ന ഈ പടം കണ്ടാല്‍ ബോറടിക്കില്ലാ എന്നു ഞാന്‍ ഗ്യാരണ്ടി തരാം :). ഗാങ്ങ്സ് ഓഫ് ന്യൂയോര്‍ക്ക്, ദി ഏവിയേറ്റര്‍, ദി ഡിപ്പാര്‍ട്ടഡ്, കേപ്പ് ഫിയര്‍, ഗുഡ് ഫെല്ലാസ് തുടങ്ങിയ കിടൂക്കന്‍ പടങ്ങളുടെ സംവിധായകനില്‍ നിന്നും  - മാര്‍ട്ടിന്‍ ‘ഏതാണ്ടൂം‘ (Martin Scorsese)-ല്‍ നിന്നും ഇതിലും കുറഞ്ഞോരു സാധനം പ്രതീക്ഷിക്കുക വയ്യല്ലോ?

വാല്‍ക്കഷ്‌ണം : ഞാന്‍ റേറ്റിങ്ങ് കുറക്കാന്‍ കാരണം, എനിക്ക് ഏകദേശം പകുതിയോടു കൂടി തന്നെ അവസാനം പറയാന്‍ വച്ചിരിക്കുന്ന സസ്പെന്‍സിനെ കൂറിച്ച് ഊഹിക്കാന്‍ സാധിച്ചു എന്നതിനാല്‍ ആണ്. അതു സത്യമായി വരികയും ചേയ്തു. അതു തിരക്കഥാകൃത്തിനു ഉണ്ടായിരിക്കുന്ന ഒരു പാളിച്ചയായി ഞാന്‍ കണക്കാക്കുന്നു. സൊ, ഒരു അര മാര്‍ക്ക് അതിനു കുറച്ചു ഞാന്‍. :)


Saturday, July 31, 2010

ക്രേസി ഹാര്‍ട്ട് -Crazy Heart (7.5/10)


പ്ലോട്ട് : ഒരു കണ്‍‌ട്രി (Country music) പാട്ടു എഴുത്തുകാരന്‍-പാട്ടുകാരന്‍-മ്യൂസീഷ്യന്‍. ജീവിതം ഒരല്പം കഷ്ടത്തിലാണ് - ഹോട്ടലുകളിലും പബ്ബുകളിലും മറ്റും പാടി അന്നാന്നത്തെ വെള്ളമടിക്കുള്ള പണം സംഘടിപ്പിച്ചു ജീവിച്ചു പോവുന്നു. അതു പോലെ ഒരിടത്ത് വച്ച് പരിചയപ്പെടുന്ന ഒരു പത്ര ലേഖികയും ആയി ഇഷ്ടത്തിലാവുന്നതും, ഇപ്പോള്‍ കണ്‍‌ട്രി മ്യൂസിക്ക് സൂപ്പര്‍സ്റ്റാര്‍ ആയ സ്വന്തം ശിഷ്യനു പാട്ടെഴുതി കൊടുക്കാന്‍ തുടങ്ങുന്നതും, അതു വഴി വലിയ അംഗീകാരം നേടുന്നതും  അങ്ങാരുടെ ബാക്കി ജീവിതവും ഒക്കെ ആണ് കഥ.

വെര്‍ഡി‌ക്‍ട് : അമ്മേ .. ഞാന്‍ ഈ പടത്തോടെ കണ്‍‌ട്രി മ്യൂസിക്കിന്റെ വലിയ ഫാന്‍ ആയി .. ഹോ എന്താ സംഭവം - അക്വേസ്റ്റിക് ഗിത്താറിന്റെ കളിയാണ് മൊത്തം..ബഫല്ലോ സോള്‍ജിയര്‍ ഒക്കെ ഞാന്‍ പണ്ട് കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ട്, അതും കണ്‍‌ട്രി ആണോ ആവോ..
സിനിമ : അതും കൊള്ളാം - അങ്ങാരു വെള്ളമടിച്ച് നശിക്കുന്നതും മറ്റും കണ്ടിട്ട് ഇരിക്കപ്പൊറുതി ഇല്ലാതായി  ഇടക്ക് എനിക്ക്. അങ്ങേരുടെ അഭിനയത്തിനു ഇത്തവണത്തെ ഓസ്കാര്‍ കിട്ടിയതില്‍ അത്ഭുതമില്ല.! പടത്തിന്റെ കഥയും കൊള്ളാം - നല്ല രീതിയില്‍ എടുത്തു പോയിട്ടും ഉണ്ട് - നല്ല കാലം കഴിഞ്ഞുള്ള ഒറ്റപ്പെടലിന്റെ ദുഃഖം കണ്ട് എന്തോ എനിക്ക് വളരേ ഫീല്‍ അടിച്ചു.. എന്തായാലും ഞാന്‍ തീരുമാനമെടുത്തു : എത്രേം പെട്ടെന്നു കെട്ടിയിട്ടേ വേറേ പരിപാടി ഉള്ളൂ!

പടം സ്ലോ ആണ്, പക്ഷെ വളരെ നല്ലതും ആണ്. :) കണ്ടിട്ടഭിപ്രായം പറയൂ. ..

കണ്ടു നോക്കു സോങ്ങ്സ് ..






വിയറി കൈന്‍ഡ് : ഒറിജിനല്‍ സിങ്ങര്‍ പാടൂന്നു ..





യെഞ്ജോയ് :)


Monday, July 26, 2010

ഇന്‍സെപ്‌ക്ഷന്‍ - Inception - ഇതൊരു റിവ്യൂ അല്ല.


ഇന്‍സെപ്‌ക്ഷന്‍ കണ്ടു. കണ്ടിരിക്കേണ്ട പടം ആണൂട്ടോ ഇത്. . റിവ്യൂ .. അതു ഞാന്‍ പിന്നീട് ഇടാം, ഒന്നൂടെ കാണണം, എന്നാലേ ശരിക്കും മനസ്സിലാവൂ.. ശരിക്കും, നമ്മളെ ചിന്തിപ്പിക്കുന്ന ഒരു പടം തന്നെ ഇതു - അതിന്റെ കാര്യത്തില്‍ മെട്രിക്സിന്റെ മൂത്താപ്പ ആണീ പറ്റം. റിവ്യൂ ഒന്നൂടെ കണ്ടിട്ടിടാം :)

പക്ഷെ ചാന്‍സ് കിട്ടിയാല്‍ കാണാന്‍ മിസ്സ് ആക്കേണ്ട, തീയറ്ററില്‍ തന്നെ പോയി കാണൂ, കാശു മുതലാണ്.!


Thursday, July 8, 2010

യൂത്ത് ഇന്‍ റിവോള്‍ട്ട് - Youth in Revolt (5/10)


English/2010/Comedy/(5/10)
Rated R for sexual content, language and drug use.

പ്ലോട്ട് : നായകന്‍ 16 വയസ്സുള്ള പയ്യന്‍ നിക്ക് (മറ്റേ ജൂനോയിലെ പയ്യന്‍ തന്നെ), ലവന്റ് ഏറ്റവും വലിയ പ്രശ്നം എന്താണെന്നു വച്ചാല്‍, അവന്‍ ആ വയസ്സിലും ‘കന്യക‘ന്‍ ആണ് എന്നതാണ്!. ലവനു എപ്പോഴും പയ്യന്മാരുടെ കൂടെ കഴിയാന്‍ ഇഷ്ടപ്പെടുന്ന ഒരു അമ്മയുണ്ട്, അവന്റെ അത്രേം മാത്രം പ്രായമുള്ള ഗേള്‍ ഫ്രണ്ടുള്ള ഒരു അഛനുണ്ട്, അതൊന്നും അവനൊരു പ്രശ്നമേ അല്ല, ഇതാണ് ലവന്റെ മെയിന്‍ പ്രശ്നം!  അഹങ്കാരം, അല്ലാണ്ടെന്ത്!

ലവന്‍ ലവന്റെ അമ്മേടെ കാമുകന്‍ ആയ ഒരു ആള്‍ടെ ഫ്രോഡ് പണി കാരണം നാട്ടീന്നു മാറി നില്‍ക്കുന്ന സ്ഥലത്ത് വച്ച് ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നു, അവളെ ലവന്‍ പ്രേമിച്ച് തുടങ്ങുന്നു. ലവളാണെങ്കില്‍ വളരെ ദൈവ വിശ്വാസികള്‍ ആയ അഛനമ്മമാരുടെ ‘ഏക‘ ഇളയ മകള്‍, അവള്‍ ആണെങ്കില്‍ പാരീസില്‍ ഒരു ഫ്രഞ്ച്കാരനെ കെട്ടാനാണ് സ്വപ്നം കാണുന്നതു! വീണ്ടും അഹങ്കാരം, അല്ലാണ്ടെന്താ! (എന്താണാവോ ആരും ചേര്‍ത്തലക്കാരനെ കെട്ടാന്‍ സ്വപ്നം കാണാത്തതു!)   അതോടെ അവന്റെ മറ്റോരു അംശം - ഫ്രഞ്ച്കാരനാവാനും, അവന്റെ നാണം കുണുങ്ങി പുറംചട്ടയില്‍ നിന്നും പുറത്ത് വരാന്‍ കൊതിക്കുന്നതുമായ ഒരു അംശം, മറ്റോരു അവനായി അവന്റെ കൂടെ നടന്നു അല‌മ്പ് ഉപദേശം കൊടുക്കാന്‍ തുടങ്ങുകയാണ് ... ബാക്കി കണ്ട് അറിയൂ..

വെര്‍ഡിക്ട് : ഓ .. എന്തോന്നു - എനിക്കെങ്ങും ഇഷ്ടായില്ല - റോട്ടണ്‍ ടൂമാറ്റോസിലും മെറ്റാക്രിട്ടിക്കിലും ഒക്കെ ഒടുക്കത്തെ റിവ്യൂകള്‍ ആണ് - എന്തു കാര്യം? എനിക്കു ഇംഗ്ലീഷ് മനസ്സിലാവാത്തതു കൊണ്ടാവണം, ചിരി വന്നതേ ഇല്ല - ഒരു വിധം  സീരിയസ്സ് കോമഡി!. കണ്ട് നോക്കൂ - ഇഷ്ടായെങ്കില്‍ പറയൂ, ഞാന്‍ ഒന്നൂടെ കണ്ട് നോക്കാം... 

എനിക്ക് സിനിമായേ ഇഷ്ടമാ‍വാതുള്ളൂട്ടോ - പയ്യന്‍ കൊള്ളാം - യെവന്‍ മറ്റേ ‘ജൂനോ’ എന്ന പടത്തിലെ പോലെ തന്നെ നന്നായിട്ടുണ്ട് - പെണ്‍കൊച്ചുങ്ങളും കൊള്ളാം, ‘കാണാന്‍’ മാത്രം ഉള്ള വകയുണ്ട്. ഡയലോഗുകളും കൊള്ളാം - ആന്‍സിന്റെ മസാല പോലെ നല്ല എരിവൊക്കെ ഉണ്ട്.!