Friday, October 14, 2011

ഇന്ത്യൻ റുപ്പി (8/10)

Indian Rupee/Malayalam/2011/Drama-Thriller/M3DB/ (8/10) 

പ്ലോട്ട് : പണക്കാരൻ ആവാൻ കൊതിക്കുന്ന ഏതോരു മലയാളി ചെറുപ്പക്കാരന്റേയും മുന്നിലുള്ള ഏറ്റവും എളുപ്പ പണിയാണു റിയൽ എസ്റ്റേറ്റ് ഏജന്റ് ആവുക എന്നത് - ഒരു ബിസിനസ്സ് നടന്നാൽ തന്നെ കിട്ടുന്ന ലക്ഷങ്ങൾ അല്ലായെങ്കിൽ കോടികൾ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുന്ന ഒരു സാധാരണക്കാരൻ ആണു ഈ സിനിമയിലെ നായകൻ.  തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തു തെറ്റും ചേയ്യാൻ മടിക്കാത്ത സാധാരണ മലയാളിയുടെ കഥയാണിത്.  ക്ലീഷേകൾ പരമാവധി ഒഴിവാക്കി, ഏറ്റവും സ്‌ട്രേയിറ്റായി കഥ പറയുന്ന  ഒരു ഡീസന്റ് സിനിമ എന്ന നിലയിൽ ആണു ഈ സിനിമ ഉഗ്രനാവുന്നത്.


വെർഡിക്ട് :  സിനിമയുടെ ആദ്യ അഞ്ച് മിനുറ്റിൽ തന്നെ ഹീറോവിന്റെ(?)  ഇൻ‌ട്രോ നടക്കുന്നുണ്ട് - പൃഥ്വിരാജിന്റെ ആദ്യ ഷോട്ടിൽ തന്നെ തീയറ്ററിൽ നിറഞ്ഞത് കൈയ്യടികൾ അല്ലായിരുന്നു, നല്ല ഉഗ്രൻ ‘ബ്ലോക്ക്-ബസ്റ്റർ’ കൂവൽ ആയിരുന്നു. പക്ഷെ നായകനെ പിന്നിലേക്ക് മാറ്റി സിനിമയുടെ സൃഷ്ടാവ് നിയന്ത്രണം ഏറ്റെടുത്തപ്പോഴേക്കും കൂവലുകൾ മാറി മുഴുവൻ ജനങ്ങളും കൈയ്യടികളിലേക്ക് വീണു. ഈ സിനിമ ശരിക്കും ഒരു പൃഥ്വിരാജിന്റെ സിനിമ അല്ല - പക്ഷെ രജ്ഞിത്ത് എന്ന നല്ല കഥാകാരന്റെ, തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ സിനിമ ആണു. കഥാനായകനിട്ട് പാര വൈക്കുന്നവരോട് ഒന്നും ചേയ്യാനാവാതെ ‘അവരോടൊക്കെ എന്തു ചേയ്യാൻ പറ്റും?’ എന്ന വിചാരത്തോടെ നിൽക്കുന്ന നായകൻ - എത്ര സിനിമയിൽ കണ്ടിട്ടുണ്ട് നമ്മൾ ഇത്തരം നായകന്മാരെ? എത്ര പാവത്താൻ  ആണെങ്കിലും, കീരിക്കാടൻ ജോസിനെ പോലത്തെ മഹാ-ഗുണ്ടകളെ അടിച്ച് നിലം പരിശാക്കുന്ന നായകന്മാർക്ക് മാത്രം സ്ഥാനമുള്ള സ്ഥലമാണു സിനിമ എന്ന മിഥ്യാ ധാരണയെ പൊളിച്ചടുക്കിയ രജ്ഞിത്തിനു ഒരു ലൈക്ക്!

പിന്നെ ഉള്ളത് തിലകൻ - ഈ സിനിമയിലെ നായകൻ പൃഥ്വിരാജാണോ അതോ തിലകൻ ആണോ? എനിക്ക് സംശയം ഉണ്ട് - പൃഥ്വിരാജിനെക്കാൾ നിറഞ്ഞ് നിൽക്കുന്നതു തിലകൻ ആണു ഈ സിനിമയിൽ ആദ്യാവസാനം. കിടിലൻ പെർഫോർമൻസ്, അതിനെക്കാൾ കിടിലൻ ഈ കാസ്റ്റിങ്ങ്!

ടിനി ടൊം, ജഗതി, കല്‍പ്പന (രണ്ടോ മൂന്നോ സീനുകൾ മാത്രം), മാമുക്കോയ,എന്നിങ്ങനെ സ്വന്തം കഥാപാത്രങ്ങളെ അനശ്വരമാക്കിയ മറ്റുള്ളവരും ഉഗ്രനാക്കിയിട്ടുണ്ട് - പക്ഷെ ഈ കഥാപാത്രങ്ങളിൽ ഒക്കേയും (ജഗതി ഒഴിച്ച്) താരങ്ങളെ കാണാനേ ഇല്ല - കഥാപാത്രങ്ങളെ മാത്രമാണു കാണാനുള്ളത് മുഴുവൻ സമയവും.  അതിലും രജ്ഞിത്തിന്റെ കഴിവ് സമ്മതിക്കാതെ തരമില്ല. റീമ എല്ലാ സിനിമയിലേയും പോലെ സൈഡെഡുപ്പുള്ള ചിരിയുമായി ചുമ്മാ വന്നു പോവുന്നുണ്ട്.  ഗോൾഡ് പപ്പൻ എന്ന ജഗതിയുടെ കഥാപാത്രത്തിൽ പകുതി ജഗതി മാനറിസംസ് ആണെങ്കിലും, അതും നന്നായിട്ടുണ്ട്.


ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത, തീയറ്ററിൽ ഇരുന്നു തന്നെ കണ്ടിരിക്കേണ്ട ഒരു സിനിമ.

വാൽക്കഷ്ണം : കല്‍പ്പനയും സഹോദരനും കൂടെ വരുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - അസാദ്ധ്യം. സിനിമ കഴിഞ്ഞും ആ ഡയലോഗുകൾ നമ്മളെ പിന്തുടരുന്നു കൊണ്ടിരിക്കും, അതൂറപ്പ്.

കുറച്ച് നല്ല ചിരിയും ഉണ്ട് സിനിമയിൽ - ചിലവ തീയറ്ററിനെ മുഴുവൻ ചിരിയിൽ മുക്കുന്നവയും ആണു.





1 comment:

  1. ഒരു തിരോന്തോരം സ്റ്റൈല്‍ .... "പൊളപ്പന്‍"

    ReplyDelete