Wednesday, January 19, 2011

മൈന - Mynaa (8/10)

Mynaa/Tamil/2010/Romance-Drama/Wiki (8/10) 

പ്ലോട്ട് : തമിഴ്നാട്ടിലെ, സഹ്യപർവ്വതത്തോട് ചേർന്നു കിടക്കുന്ന ഒരു പട്ടിക്കാട് ഗ്രാമം. അവിടെ എത്തണമെങ്കിൽ തന്നെ മണിക്കൂറുകൾ വേണ്ടുന്ന ജീപ്പ് സവാരി ആവശ്യം. അവിടെ, കുട്ടികൾ ആയിരുന്നപ്പോൾ മുതൽ കൂട്ടുകാരും, പിന്നെ കാമുകീ-കാമുകന്മാരും ആയിരുന്ന, പരസ്പരം ഒന്നു ചേരുവാനുള്ളവർ എന്നു എല്ലാവരാലും പറഞ്ഞുറപ്പിക്കപ്പെട്ട രണ്ട് പേർ, നമ്മുടെ നായകനും നായികയും. നായികയുടെ കുടുംബത്തെ തൻ‌കാലിൽ നിർത്താൻ വളരേ അധികം സഹായിച്ചിട്ടുള്ള നായകനെ നായികയുടെ അമ്മ പുറംകാലു കൊണ്ട് തട്ടിമാറ്റി വേറേ കല്യാണം ആലോചിച്ച് തുടങ്ങുന്നതോടെ കഥയുടെ ഗതി മാറുന്നു, അമ്മ നായകനെ കള്ളക്കേസിൽ അകത്താക്കുന്നു, നായകൻ ശിക്ഷയുടെ അവസാന ദിവസം - ദീപാവലിയുടെ തലേ ദിനം- എന്തോ കാര്യത്തിനു ജയിൽ ചാടുന്നു.. 

നായകനെ തിരികെ ജയിലിൽ എത്തിക്കാൻ അവന്റെ ഗ്രാമത്തിലേക്ക് വണ്ടി കയറുന്ന ജയിൽ സൂപ്രണ്ടിന്റേയും കോൺസ്റ്റബിളിന്റേയും, ആ യാത്രയുടേയും, ആ ഗ്രാമത്തിൽ എത്തിച്ചേർന്നു കഴിഞ്ഞും, തിരികെ ഉള്ള യാത്രക്കിടയിലും നായകനും, നായികക്കും, പോലീസുകാർക്കും ഉണ്ടാവുന്ന അനുഭവങ്ങളുടേയും കഥയാണു ഈ സിനിമ.

വെർഡിക്ട് : കലക്കൻ ലൊക്കേഷൻ, കലക്കൻ സ്ട്രെയിറ്റ് ഫോർവേർഡ് സ്റ്റോറി ടെല്ലിങ്ങ് ടെക്ക്നിക്ക്, നല്ല അഭിനയം, കാമറാ വർക്ക്, സംവിധാനം. എല്ലാം കലക്കൻ, ഒരു കുറവ് പോലും പറയാനില്ല ശരിക്കും ഈ സിനിമയിൽ.. ഒരു സംഭവത്തിൽ മാത്രം ജുറാസിക്ക് പാർക്കിലെ സീൻ അതേ പടി പകർത്തി എന്നതൊഴിച്ചാൽ വേറേ കട്ടെടുക്കലുകൾ ഒന്നും തന്നെ എനിക്ക് കാണാനുമായില്ല, ഈ സിനിമയിൽ - പക്ഷെ ആ കട്ടെടുക്കൽ ഒഴിവാക്കാമായിരുന്നു.

കാടെന്നാൽ ഇതിലെ കാടാണു കാട് - ദൗത്യം എന്ന മലയാള സിനിമ കഴിഞ്ഞാൽ ഇതിലാവണം ഇത്രേം ഘോരവനം സിനിമയിൽ - വേറൊന്നു ഓർത്തിട്ട് കിട്ടുന്നില്ല എനിക്ക്.  ശിക്കറിൽ ഒക്കെ വനത്തിന്റേയും, അവിടത്തെ അതി-സാഹസിക ഷൂട്ടിന്റെ കഥകൾ ഒക്കെ ഞാൻ വായിച്ചിരുന്നു, അതൊക്കെ ഈ സിനിമയും ആയിട്ട് താരതമ്യം ചേയ്യ്യാനേ പറ്റില്ലാ എന്നു തോന്നുന്നു..


അമലാപോൾ എന്ന മലയാളിക്കുട്ടിയാണിതിലെ നായിക - നമ്മടെ നീലത്താമരയിലെ ഭാര്യക്കുട്ടി ഇവളായിരുന്നുവോ? എന്തായാലും കൊള്ളാട്ടോ .. ;)

നായകനും കൊള്ളാം - കഥാപാത്രമായി ജീവിച്ചു പയ്യൻ ! :)

പ്രഭു സോളമൻ എന്ന സംവിധായകനെ ഞാൻ ഇതിനു മുൻപ് കേട്ടിട്ടില്ല - ഇനി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ..


വെർഡിക്ട് ഒറ്റ വാക്കിൽ : മിസ്സ് ആക്കരുതു.ഒരു കാരണവശാലും.

വാൽക്കഷ്ണം :   ഇവർ കേരളത്തിൽ എത്തുന്ന ഒരു സീനുണ്ട്, അവിടെ എല്ലാരും തമിഴ് നല്ല വെള്ളം പോലെ സംസാരിക്കുന്നു - മലയാളം സംസാരിക്കുന്ന ഒരുത്തനാവട്ടെ, എന്തോ സായിപ്പന്മാർ മലയാളം പറയുന്നതു പോലേയും സംസാരിക്കുന്നു .. :) .. പക്ഷെ, ഞാൻ നേരിൽ കണ്ടിട്ടുള്ള സ്ഥലങ്ങൾ സിനിമയിൽ കാണുന്നതു തന്നെ ഒരു സുഖം ആയിരുന്നു.. അതും ഒരു തമിഴ് സിനിമയിൽ ! :)


ഒരു അത്യുഗ്രൻ റോഡ് മൂവി എന്നു തന്നെ പറയാവുന്ന സിനിമയാണിതു. ഇങ്ങനത്തെ പടങ്ങളാണു മലയാളത്തിൽ വരേണ്ടത് .. എന്നാലേ മലയാളത്തിന്റെ ക്ലീഷേ ബേസ്ഡ് സിനിമകളിൽ നിന്നും മോചനം കാണികൾക്കുണ്ടാവൂ ..ട്രാഫിക്ക് ഇത്തരം ഒരു സിനിമയാണെന്നു കേൾക്കുന്നു, കണ്ടില്ലാ ഇതു വരെ, കാണും ഉടൻ. !


No comments:

Post a Comment