Monday, March 9, 2009

ഒരബദ്ധകഥ : ഗോ പര്‍വ്വം

ഇടിയുന്ന സമ്പദ്‌വ്യവസ്ഥയും, കുറയുന്ന ജോലിയും ജോലിക്കൂലിയും, കുതിച്ചുകയറുന്ന ഡോള‌ര്‍ നിരക്കും മനസ്സിലിട്ട് കടഞ്ഞ് വെണ്ണയാക്കി, ആ വെണ്ണക്കു പോലും സാമ്പത്തിക മാന്ദ്യം മൂലം വിലയിടിവാണെന്നു മനസ്സിലാക്കി ബൂഷിനെയും സഖി കോണ്ടോളിസാ റൈസിനേയും പ്‌രാകിക്കൊണ്ട് വീട്ടില്‍ ഉണ്ണാനെത്തിയ ഞാന്‍ കാണുന്നതു കാരി കുത്തിയ മുഖഭാവവും ആയിട്ട് ആരുടേയോ മെലുള്ള ദേഷ്യം ടി വി യുടെ റിമോട്ടില്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന അഛനേയും, ചാനല്‍ ചേഞ്ചായി ചേഞ്ചായി സഹികെട്ട് പണിമുടക്കി തുടങ്ങിയ ആ പാവം ഇരുപത്തിയഞ്ചിഞ്ച് ടി വി യേയും ആണ്. ചാനല്‍ മാറുന്നതിന്റെ സ്‌പീഡ് പോരാ എന്നു അഛനു തോന്നുണ്ടെന്നു റിമോട്ടില്‍ കൊടുക്കുന്ന ആരോഗ്യം കൊണ്ട് തികച്ചും സ്പഷ്ടം. എന്റെ ഉച്ചക്കത്തെ ‘ചിരിക്കും തളിക‘ ഗോവിന്ദ!! ആകെ ഞാന്‍ ആ വിഡ്ഡിപ്പെട്ടിയില്‍ കാണുന്ന പരിപാടി ആണ് ഇന്നു സ്വാഹ ആയതു! അഛന്റെ ഈ മൂഡില്‍ ഞാന്‍ റിമോട്ട് ചോദിച്ചാല്‍ .... “ധാണ്‍‌ണ്ടേ കെടക്കണു നിന്റെ കോപ്പ്” എന്നും പറഞ്ഞ് ആ റിമോട്ട് ഒരു പറക്കും തളിക ആക്കും അഛന്‍ , അതുറപ്പു !!

എന്താവും അഛനെ ഇത്രേയും ദേഷ്യം പിടിപ്പിക്കാന്‍ കാരണം .. ഡ്രസ്സ് മാറിക്കൊണ്ട് മിന്നി മറയുന്ന ചാനലുകള്‍ക്കിടയില്‍, വാര്‍ത്താ ചാനലുകളുടെ ഓടുന്ന ഫ്ലാഷ് ന്യുസുകളില്‍, ഞാന്‍ ക്ലൂസ് പരതി ... ഇല്ല .. കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും ജീവനോടുണ്ടെല്ലോ .. ? , അതാ വെളിയം പ്രാന്തു പിടിച്ചു നടക്കുന്നു, പിണറായിയെ ചീത്ത പറയുന്നു .. ഇതു കണ്ടാല്‍ അച്ചനു സന്തോഷം ആവേണ്ടതാണല്ലൊ - നട്ടേല്ലില്ലാതെ മാര്‍ക്സിസ്റ്റുകളുടെ പിന്നാലെ നടക്കുന്ന ഏര്‍പ്പാടു തീരുന്നതിന്റെ അത്രേം സന്തോഷം അഛനു വേറെ ഇല്ലാ .... പിന്നെന്തു? അഛന്‍ അതൊന്നും കാണാനുള്ള മൂഡിലേ അല്ലാന്നു ഉറപ്പ്.! ചാനല്‍ വീണ്ടും മാറി ..

സാധാരണ പോലെ, പലതവണത്തെ നിര്‍ബന്ധങ്ങള്‍ക്കും, ഭീഷണികള്‍ക്കും ശേഷം ചോറ് വിളമ്പപ്പെട്ടു, കഴിക്കാന്‍ തുടങ്ങി വയറ്റിലെ കാളല്‍ ഒന്നടങ്ങിയ ശേഷം ആണ് അമ്മയുടെ ചുവന്ന മുഖവും ഭക്ഷണം കഴിക്കുന്നതിലെ താല്പര്യമില്ലായ്മയും എന്റെ കണ്ണില്‍ പെട്ടതു .. അല്ലക്കിലും ഫുഡ് മുന്നില്‍ എത്തിയാല്‍ ചുറ്റും കൊലപാതകം നടന്നലും അറിയില്ലാല്ലോ ഞാന്‍ ! നല്ലോണം ഉരുട്ടിയ ഒരുരുള മീഞ്ചാറില്‍ പകുതി മുക്കി ഞാന്‍ അതേ പടി വായില്‍ ഒതുക്കി.

പുലിവാലില്‍ ആണ് പിടീക്കാന്‍ പോകുന്നതെന്നു നേരത്തേ അറിയാനുള്ള ഒരു മെഷീന്‍ ഉണ്ടാക്കിയാല്‍ എന്തെന്നു എനിക്ക് പല തവണ തോന്നിയിട്ടുള്ളതാണ് - അതു ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ എവിടെയിക്കിലും ഒക്കെ എത്തിയേനെ! സാധാരണ, വാലേല്‍ പിടിച്ചു വാലിന്റെ ഉടമസ്ഥന്‍ എന്നേം വലിച്ചൊണ്ട് ഓട്ടം തുടങ്ങി കഴിഞ്ഞാവും ഞാന്‍ അറിയുക, പിടിച്ചതു വാലില്‍ ആണെന്നും, അതു രണ്ടാഴ്ച ആയിട്ട് പട്ടിണി കിടന്നിരുന്ന ഒരു പുലിയുടേതു ആയിരുന്നെന്നും .. വിടാനും, പിടിച്ചോണ്ടിരിക്കാനും പറ്റാത്തൊരവസ്ഥ!! ഇത്തവണയും അതു തന്നെ സംഭവിച്ചു. എന്നേം വലിച്ചോണ്ട് ആ പുലി ഇത്തവണയും ഓടി.

സംഭവം ഇങ്ങനെ. അഛനും അമ്മക്കും കുറച്ചും കൂടി വിശ്രമം ആവശ്യമാണെന്ന പലരുടെ വിദദ്ധ ഉപദേശങ്ങളുടെ നിര്‍ബന്ധത്താലും, എനിക്കു ഫുഡ് പോലുള്ള അവശ്യ സര്‍വ്വീസുകളുടെ വിഘ്നരഹിതമായ ഒഴുക്ക് തന്നെ എപ്പോഴും ആവശ്യമുണ്ടെന്ന എന്റെ പോളിറ്റ്ബ്യൂറോ ആയ വയറിന്റെ നിരന്തര ആവശ്യത്തിന്റെ സ്വാധീനത്താലും, ആദ്യ കാരണം മുന്നിര്‍ത്തി ഞാന്‍ വീട്ടില്‍ ഒരു അടിയന്തിര പ്രമേയം അവതരിപ്പിച്ചിരുന്നു. എത്രെയും പെട്ടന്നു വീട്ടിലെ പശുവിനെ വില്‍ക്കണം - ടി പശു ആണ് അമ്മയുടെ ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്നതു - അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ - ‘ഘ’ ) നേരിടേണ്ടി വരും എന്നു. എന്റെ അതിശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങളുടെ ഫലമായി, അഛന്‍ എങ്ങാണ്ടൊക്കെ പറഞ്ഞ് ആരാണ്ടൊക്കെ പശുവിനെ കാണാന്‍ അന്നു ഉച്ചക്കു മുന്‍പു വന്നിരുന്നു.

പശുവിനെ കാണാന്‍ വന്ന ആള്‍ക്കാരെ കണ്ട ഉടനെ അമ്മ അഛനോട് അവരുടെ മുന്നില്‍ വച്ചു പറഞ്ഞത്രെ .. “ആ ഡേവിസ് കൊണ്ട് വരുന്ന ആളുകള്‍ക്കു നമ്മുടെ പശുവിനെ കൊടുക്കാന്‍ പറ്റില്ലാ” എന്നു. (ഡേവിസ് എന്ന കക്ഷി, ചന്തയില്‍ പണം ന്യായമായ കൊള്ള-കൂട്ടു-പലിശക്ക് കടം കൊടൂക്കുന്ന ടീം ആണ്. അതിനാല്‍ ഡെയിലി മൂന്നും നാലും മാടുകളെ കൊന്നു കൊലവിളിക്കുന്ന വെട്ടുകാരും ആയിട്ടൊക്കെ എടാ-പോടാ ബന്ധം ആണ്.) അമ്മ ശക്തമായി ഇതു നിഷേധിക്കുന്നു, അഛനെ മാറ്റിനിര്‍ത്തി ആണ് ഇതു പറഞ്ഞതെന്നു ആണ് ഇപ്പോഴും അമ്മയുടെ ഔദ്യോഗിക നിലപാട്, ആ നിലപാട് അഛന്‍ പിന്നീടു തള്ളികളഞ്ഞെങ്കിലും.

എന്നിട്ടും സ്വതവേ ഒരല്പം സ്‌ലോ ആയ എനിക്ക് കാര്യം മനസ്സിലായില്ല .. “എന്തു കൊണ്ട് ഡെവിസ് കൊണ്ട് വരുന്ന ആള്‍ക്കു പശുവിനെ കൊടുത്തുകൂടാ ?“ എന്നു ഞാന്‍ പതുക്കെ .. മയത്തില്‍ .. ഒന്നു ചോദിച്ചതു മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു .. പിന്നെ അവിടെ നടന്നതു എന്താണെന്നു ഞാന്‍ ഓര്‍ക്കണില്ല, ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലാ എന്ന് പറയുന്നതാവും കൂടുതല്‍ സത്യം .. അമ്മയുടെ കരച്ചില്‍, എന്റെ കണ്ണിലെ മൂടല്‍, അഛന്റെ പല്ലുകടി, ഇതിനൊക്കെ ഇടയില്‍ ഞാന്‍ അമ്മയുടെ ശബ്ദം കേട്ടു .. “പശുവിനെ കറന്നു പാല്‍ അടുക്കളയ്യില്‍ പാതാമ്പുറത്തു ഇരിക്കുന്നു, പത പോലും വറ്റിയിട്ടില്ല ... ആ പശുവിനെ തന്നെ വെട്ടുകാര്‍ക്കു കൊടുക്കാന്‍ നിനക്കൊക്കെ എങ്ങനെ മനസ്സു വരുന്നെടാ .. ആ പത ഒന്നു പൊയ്ക്കോട്ടേ, എന്നിട്ട് പോരേ ഈ കണ്ണില്‍ചോരയില്ലായ്മ ??”

അഛന്റെ തികച്ചും ന്യായമായ - “വെട്ടുകാരു എങ്ങനെ ഈ കൊച്ചു പശുവിനു ലിറ്ററിനു 3000 വച്ചു - 18000 രൂഭാ തരും? അവരെന്തിനാ മോക്ഷത്തിനാണോ പശുവിനെ ഇത്രേം കാശു കൊടൂത്തു വാങ്ങുന്നേ ? “ എന്ന ചോദ്യം അമ്മയുടെ ദേഷ്യം കലര്‍ന്ന സങ്കടത്തിനിടയില്‍ ഉച്ചത്തില്‍ മുഴങ്ങാന്‍ വിസമ്മതിച്ചു. എന്റെ അടിയന്തിരപ്രമേയത്തെ അമ്മയുടെ വീറ്റോ എയ്തു വീഴ്‌ത്തിയിരിക്കുന്നു എന്നു എനിക്കു മനസ്സിലായി ..

.. അല്ലെങ്കിലും എനിക്കങ്ങനെ തന്നെ വേണം .. വല്ല കാര്യവും ഉണ്ടായിരുന്നോ പശുവിനെ വില്‍ക്കാന്‍ ആവശ്യപ്പെടാന്‍? വല്ല കാര്യവും ഉണ്ടായിരുന്നോ എനിക്കു ചോറൂണിനിടയില്‍ 'എന്തു പറ്റി' എന്നു ചോദിക്കാന്‍? ഹല്ല, വല്ല കാര്യവും ഉണ്ടായിരുന്നോ .. !! അതു കൊണ്ട് ഒരു ഗുണമേ ഉണ്ടായൊള്ളു - എന്റെ ഉച്ചക്കത്തെ ഫുഡ് അതിന്റെ ടേസ്റ്റില്‍ കഴിക്കാന്‍ പറ്റിയില്ല എന്നതു. ദോഷങ്ങള്‍ പലതുണ്ടായി താനും - പശുവിനെ കറവ തീരും വരെ വില്‍ക്കേണ്ടാ എന്നു കുടുംബത്തിന്റെ ഹൈക്കമാണ്ട് തീരുമാനിച്ചു !


6 comments:

  1. ho veettil oru pashuvokke undo, appo oru thani naadan contry thanne......

    ReplyDelete
  2. പുലിവാലില്‍ ആണ് പിടീക്കാന്‍ പോകുന്നതെന്നു നേരത്തേ അറിയാനുള്ള ഒരു മെഷീന്‍ ഉണ്ടാക്കിയാല്‍ എന്തെന്നു എനിക്ക് പല തവണ തോന്നിയിട്ടുള്ളതാണ് - അതു ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ എവിടെയിക്കിലും ഒക്കെ എത്തിയേനെ! സാധാരണ, വാലേല്‍ പിടിച്ചു വാലിന്റെ ഉടമസ്ഥന്‍ എന്നേം വലിച്ചൊണ്ട് ഓട്ടം തുടങ്ങി കഴിഞ്ഞാവും ഞാന്‍ അറിയുക, പിടിച്ചതു വാലില്‍ ആണെന്നും, അതു രണ്ടാഴ്ച ആയിട്ട് പട്ടിണി കിടന്നിരുന്ന ഒരു പുലിയുടേതു ആയിരുന്നെന്നും ..

    പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ - ‘ഘ’ )

    പോരട്ടങ്ങനെ പോരട്ടെ ... വീണ്ടും വീണ്ടും ... കൊള്ളാം നല്ല പോസ്റ്റ്

    ReplyDelete
  3. എന്‍റെ പാച്ചുവേ... ആ പശുവിനെ വിക്കാതെ അമ്മക്കൊരു സഹായിയെ കിട്ടുമോന്നു നോക്ക്... തൊഴുതും കിടാവും ഒക്കെ കാണാന്‍ കിട്ടാത്ത കാഴ്ചകള്‍ ആകുന്ന കാലം അടുത്തെത്തി. അന്നേരം നല്ല ഒരു പോസ്റ്റിനും വകയുണ്ടേ ... നമ്മുടെ സാജു ചേട്ടന്‍ അവാര്‍ഡും തരും. പിന്നെ ഞാന്‍ സഹായി എന്ന് ഉദേശിച്ചത് പെണ്നുകെട്ടുന്ന കാര്യം എന്നല്ലട്ടോ :-) എന്നെ കൊല്ലാന്‍ വരല്ലേ. ഇതൊരു ശുപാര്‍ശ ആയി അമ്മയെ കാണിക്കാം എന്ന് കരുതേണ്ട.
    എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു... ഇനിയും ഇനിയും എഴുതാന്‍ കഴിയട്ടെ. സസ്നേഹം

    ReplyDelete
  4. കമന്റ്സിനു നന്ദി. :) സുരാജേ, സുസ്വാഗതം ബ്ലോഗിലേക്ക്.. :)

    പാച്ചിക്കുട്ടീ, സഹായി .. അത് ഒരു പ്രശ്നമാണ്. ഇവിടെ കയര്‍ കമ്പനികള്‍ ധാരാളമായിട്ടുണ്ട്, സൊ, ഒരൊറ്റ വീട്ടില്‍ പെണ്ണുങ്ങളൊ, ആണുങ്ങളൊ വെറുതേ ഇരിക്കുന്നില്ല. ഒന്നുകില്‍ കയര്‍ കമ്പനി തൊഴിലാളി, അല്ലെങ്കില്‍ കമ്പനി മുതലാളി- അതാണ് ഇപ്പോള്‍ ഇവിടത്തെ സ്ഥിതി.

    തെങ്ങേല്‍ കയറാന്‍, പറമ്പ് കിളക്കാന്‍, തെങ്ങേല്‍ മരുന്നടിക്കാന്‍ വീട്ടു ജോലിക്ക് വരാന്‍ - ഇതിനൊക്കെ ആളുകള്‍ തീരെ ഇല്ലാ ഇവിടെ. മേസ്തിരിമാര്‍, മൈക്കര്‍ഡ്മാര്‍ മുതലായവര്‍ ഒക്കെ ഇപ്പോള്‍ തമിഴന്മാര്‍ ആയിക്കഴിഞ്ഞു. !

    വെറുതെ ഇരിക്കുന്ന ഏക ടീം ലോഡിങ്ങ്- അണ്‍ലോഡിങ്ങ് ടീം മാത്രമാണ്. പക്ഷെ അവര്‍ വീടു കയറി കൊള്ള ആയതു കൊണ്ട് അവര്‍ക്കും കൈയ്യില്‍ ധാരാളം പൈസ ഉണ്ട്!! പൈസ ഇല്ലാത്തതു മര്യാദക്ക് ഇരുന്നു പഠിച്ച് ജോലി എടുക്കുന്ന നമ്മളെപോലുള്ളവര്‍ക്ക് മാത്രം. ;) വല്ല കാര്യവും ഉണ്ടായിരുന്നോ, പഠിച്ച് മാര്‍ക്ക് വാങ്ങേണ്ട?

    ReplyDelete
  5. പഠിച്ചു ജോലി വാങ്ങിയവര്‍ക്ക് കാശില്ല...അത് സത്യം. തരികിട കാണിച്ചു നടന്നവരൊക്കെ മിടുക്കന്‍ മാരായി അതല്ലേ നമ്മുടെ നാടിന്‍റെ യഥാര്‍ത്ഥ മുഖം.

    ReplyDelete
  6. ഞാന്‍, ഒരു നാടന്‍ കണ്‍ട്രി. സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ മൂത്താശാരി. ഭാര്യ, കുട്ടികള്‍, എന്നിവ ഇപ്പോഴും സ്വപ്നത്തില്‍ മാത്രം. ഒരു തീറ്റ പണ്ടാരവും സിനിമാ പിരാന്തനും ആണ്.......

    പാച്ചുവണ്ണാ.... ഈ സ്വപ്ന്മങ് യാഥാര്‍ത്യമാക്കരുതൊ.

    ReplyDelete