Sunday, July 18, 2010

മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് - Malarvadi Arts Club - (6.5/10)


Malayalam/2010/Drama/(6.5/10)

ആദ്യം നല്ല വശങ്ങള്‍  : സംഭവം കൊള്ളാം. കൊടുത്ത കാശ് നഷ്ടമാവില്ലാ എന്നു മാത്രമല്ല, മുതലും ആണ്. ഒന്നോ രണ്ടോ രൂപ ഇങ്ങോട്ടുണ്ടങ്കിലേ ഉള്ളൂ. കഥാസന്ദര്‍ഭങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനും, പലതിനും കൈയ്യടി വാങ്ങാനും സാധിക്കുന്നുണ്ട്  സംവിധായകനും മറ്റു പിന്നാ‌മ്പുറ മുന്നാ‌മ്പുറ പ്രവര്‍ത്തകര്‍ക്കും. പലയിടങ്ങളിലും സംവിധായക-തിരിക്കഥാകൃത്ത് ജോഡിക്ക് (ജോഡി ഒന്നുമില്ല, രണ്ടും ഒരാളുതന്നാ - വിനീത് ശ്രീനിവാസന്‍- ലവന്‍ തന്നാ പാട്ടെഴുത്തും.) ചെറു നൊ‌മ്പരങ്ങള്‍ താല്‍കാലികമായിട്ടെങ്കിലും തരാന്‍ സാധിക്കുന്നും ഉണ്ട്.

പയ്യന്മാര്‍ കൊള്ളാം - അതില്‍ ഒന്നല്ലങ്കില്‍ രണ്ട് പേര്‍ ഉറപ്പായും മലയാള സിനിമാ രംഗത്ത് സ്ഥിരമായിട്ടുണ്ടാവും. പോസ്റ്ററില്‍ കൈലിമുണ്ടുടൂത്തു നില്‍ക്കുന്ന ഇഷ്ടന്‍ കിടു!. ലവന്‍ ഒരു അര ജഗദീഷ് തന്നെ - ആദ്യാവസാനം സഭാക‌മ്പം എന്ന സാധനം ലവനില്‍ കാണാനും ഇല്ലായിരുന്നു എന്നും എനിക്ക് തോന്നി. 
പെണ്‍പിള്ളാര്‍ : ഓ - ചുമ്മാ “നായിക ഉണ്ടോ” എന്ന ചോദ്യത്തിനു ഉണ്ടെന്നുത്തരം പറയാന്‍ മാത്രം രണ്ട് പേര്‍ ഉണ്ട് - വലിയ റോളൊന്നും ഇല്ല അവര്‍ക്ക് - സിനിമയില്‍ ആദ്യാവസാനം മലര്‍വാടീ പുള്ളേരാണ്.

ആദ്യമായി ഒരു പടത്തില്‍ സുരാജിനെ എനിക്ക് ബോറടിച്ചില്ല!. അതു കണക്കിലെടുക്കു‌മ്പോള്‍ സംവിധായകന്‍ ആയ വിനീത് ശ്രീനിവാസന്‍ ഒരു അതുല്യ പ്രതിഭ തന്നെ ആണെന്നു വേണമെങ്കില്‍ നമുക്ക് പറയാം. സലിം കുമാറും നെടുമുടിയും, പിന്നെ ഒന്നു തൊട്ടു നക്കാന്‍ എന്ന പോലെ ജഗതിയും കോട്ടയം നസീറും - എല്ലാവരും   അവരവരുടെ പങ്ക് നന്നാക്കിയിട്ടുണ്ട്. അവസാനം മകന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഒരച്ഛന്റെ ആഗ്രഹം നിറവേറ്റാനെന്ന പോലെ വന്ന ശ്രീനിവാസനും റോള്‍ മോശമാക്കിയിട്ടില്ല..


ആകെ മൊത്തം ടോട്ടല്‍ - എബൌവ് ആവറേജ് പടം തന്നെ ഇതു. ഇടക്കിടെ ചിരിയും, ഇടക്ക് ചെറിയ രീതിയിലെ നൊ‌മ്പരങ്ങളും ഒക്കെ കൂട്ടിയിണക്കിയ ഒരു കൊച്ചു പടം. പുതുമു:ഖങ്ങളുടെ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ എന്ന നിലയില്‍ പല അഭിനയ-വെള്ളികളും നമുക്ക് മറക്കാം..


പക്ഷെ, കഥ - സംഗീതം നട്ടെല്ലായിട്ടുള്ള, സൌഹൃദം മജ്ജയും മാംസവും ആയിട്ടുള്ള ഒരു കഥ  ഇത്രെയും നന്നായാല്‍ പോര - അതിനിയും  വളരെ അധികം നന്നാക്കാമായിരുന്നു. ഈ കഥ തന്നെ നമ്മള്‍ പല തവണ കണ്ടും കേട്ടും മടുത്ത ദരിദ്ര സുഹൃത്തുക്കള്‍-മ്യൂസിക്ക്-റിയാലിറ്റി ഷോ-ജയിക്കുന്നവനു അഹങ്കാരമെന്നു തെറ്റിധാരണ - പിണക്കം- അത്യാവശ്യ സമയത്ത് തെറ്റിധാരണ മാറ്റി സഹായിക്കല്‍ - എന്ന ഫോര്‍മുലയില്‍ അതിഷ്ടിതമാണ്.  റിയാലിറ്റി ഷോ ക്ക് പകരം വല്ല സ്റ്റേജ് പ്രോഗ്രാമോ അല്ലായെങ്കില്‍ വല്ല ന്യൂ ഇയര്‍ റോക്ക് ട്രൂപ്പ് മത്സരമോ ഒക്കെ ആക്കിയിരുന്നുവെങ്കില്‍ അതിലെങ്കിലും ഒരല്പം വ്യത്യാസം  ഉണ്ടായേനെ. പിന്നെ സംഗീതം - അതു അത്ര പോര എന്നും എനിക്ക് തോന്നി. സ്റ്റിങ്ങിന്റെ ഒരു ഹിറ്റ് പാട്ടിന്റെ ട്യൂണിലുള്ള ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം ആവറേജ് - സംഗീതം ആണ് കഥയുടെ നട്ടെല്ല് എന്നോര്‍ക്കണം!
മൊത്തത്തില്‍ - കഥ തിരഞ്ഞെടുത്തതില്‍ വിനീതിനു ഒരല്പം കൂടെ ശ്രദ്ധിക്കാമായിരുന്നു.


വാല്‍ക്കഷ്ണം : മലര്‍വാടി പുള്ളേരുടെ ഒരു പരിപാടി നടക്കു‌മ്പോള്‍ അവരെ കൂവി ഇരുത്താന്‍ വരുന്ന സുരാജിനെ ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ വന്നു അടിച്ച് നിരത്തുന്ന സീനുണ്ട് പടത്തില്‍ - കാരണം അവര്‍ അപ്പോള്‍ പാടിയിരുന്നതു ലാലേട്ടന്റെ വിഷ്ണുലോകം എന്ന പടത്തിലെ “കസ്തൂരി..” എന്ന പാട്ടായിരുന്നു!. ആ സീന്‍ എനിക്ക് ശരിക്കും ഇഷ്ടായി -  അതു ഫാന്‍സ് അസോസിയേഷനുകള്‍ക്കിട്ടോരു താങ്ങ് കൂടെ ആയിട്ടാണ് എനിക്ക് തോന്നിയതു - അത് എഴുതിയതിനു ശ്രീനിവാസന്റെ സഹായം വിനീതിനു കിട്ടിയിട്ടില്ലാ എങ്കില്‍, എന്റെ പ്രവചനം ഇതാ : ഈ പയ്യന്‍ കലക്കും ഇനി വരുന്ന നാളുകളില്‍‍. :)


1 comment:

  1. മലര്‍വാടി ആര്‍ട്ട്സ് ക്ലബ് :
    ആകെ മൊത്തം ടോട്ടല്‍ - എബൌവ് ആവറേജ് പടം തന്നെ ഇതു. ചിലപ്പോള്‍ ചിരിയും, ഇടക്ക് ചെറിയ രീതിയിലെ നൊ‌മ്പരങ്ങളും ഒക്കെ കൂട്ടിയിണക്കിയ ഒരു കൊച്ചു പടം.

    പുതുമു:ഖങ്ങളുടെ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ എന്ന നിലയില്‍ പല അഭിനയ-വെള്ളികളും നമുക്ക് മറക്കാം..

    ReplyDelete