Monday, December 20, 2010

Best Actor (6/10)

Best Actor/Malayalam/2010/Drama-Comedy/IMDB(6/10)

പ്ലോട്ട് : ഒരു സിനിമാപ്രാന്തൻ ആയ സ്കൂൾമാഷ് സിനിമാ നടനാവാൻ നടക്കുന്നതാണു സിനിമയുടെ കഥ. അങ്ങാർക്ക് ഭാര്യേം കുട്ടീം ഒക്കെ ഉണ്ട്, പക്ഷെ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹത്തിനു അവരെക്കാളൊക്കെ സ്ഥാനം അയാൾ കൊടുക്കുന്നുണ്ട് .. ബാക്കി എല്ലാം സാദാ സിനിമകളെ പോലെ, സംവിധായകർ ആട്ടി ഓടിക്കുന്നു, അയാൾ കിട്ടിയേക്കാവുന്ന ഒരു പടത്തിലെ റോളിനു എക്സ്പീരിയൻസ് ഉണ്ടാക്കാനായി കൊച്ചിയിലെത്തുന്നു, ഗുണ്ടകളുടെ കൂടെ താമസിച്ച് അവരുടെ രീതികൾ പഠിക്കാൻ. ..  പിന്നെ കോറേ തമാശകൾ, വളിപ്പുകൾ, .. അവസാനം ഒരുഗ്രൻ ട്വിസ്റ്റ്, അതിലും ഉഗ്രൻ ക്ലൈമാക്സ്.


വെർഡിക്ട് : സിനിമ ക്ലൈമാക്സ് ഒഴിവാക്കി നോക്കിയാൽ തികച്ചും ആവറേജ് ആണു.ചുമ്മാ കൈയ്യടി വാങ്ങാൻ സ്ഥിരം വളിപ്പുകളും, തമാശകളും ഒക്കെയായിട്ട് മുന്നോട്ട് പോവുന്ന കഥപറച്ചിൽ. അസ്വാഭാവികങ്ങളായ സ്വഭാവമാറ്റങ്ങൾ മമ്മൂട്ടിയുടെ കഥാ‍പാത്രത്തിന്റെ ബേസിക്ക് സ്വഭാവത്തിൽ കാണികൾക്ക് സംശയം ഉണ്ടാക്കുന്നുണ്ട്, അതു ഒഴിവാക്കാമായിരുന്നു. ഒരിക്കലും ഒരു പാവം സ്കൂൾമാഷ് കൊച്ചീലെ തടിമാടൻ ക്വട്ടേഷൻ‌ടീമുകളോട് ഉരസില്ല, അതും ഇന്നലെ പരിചയപ്പെട്ട ഗുണ്ടകൾക്ക് വേണ്ടി.!  അതു കഥയിലെ തെറ്റ്. !

മമ്മൂട്ടി ഒരു നാട്ടിൻ‌പുറത്തെ മാഷിന്റെ എല്ലാ മാനറിസങ്ങളും പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്, അതു ഒരു നല്ല പരിധിവരെ നന്നായിട്ടും ഉണ്ട്. ലാലിനു സ്വന്തം റോൾ ഇനിയും വളരേ അധികം നന്നാക്കാനുള്ള സ്കോപ്പ് ഉണ്ടായിരുന്നു, പക്ഷെ ഓവറാക്കി. സലിംകുമാർ വൃത്തികേടാക്കിയിട്ടില്ല. വിനായകൻ ചെറുതെങ്കിലും നല്ലോരു റോൾ നന്നാക്കിയിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാൻ അദ്ദേഹത്തിനു നന്നായി അറിയാം. നെടുമുടി വെറുതേ വന്നു പോവുന്നുണ്ട് - ചുമ്മാ സെന്റി അടീക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. ശ്രീനിവാസനും ഒരു ചലനം ഉണ്ടാക്കാനാവാതെ വന്നു പോവുന്നു. സ്പെഷ്യൽ അപ്പിയറൻസ് നടത്തുന്ന ലാൽജോസ്, രഞ്ജിത്ത് എന്നിവർ ഇവരെക്കാൾ ഒക്കെ നന്നായിട്ട് ചേയ്യുന്നുണ്ട് റോളൂകൾ. :)

മേഘമൽഹാറിൽ ക്യാമറാമാൻ ആയിട്ട് ബിജുമേനോന്റെ കൂടെ നടക്കുന്ന പയ്യൻ (ഹിപ്പി സ്റ്റൈൽ) : ഇതിലും ഉണ്ട് : അദ്ദേഹത്തിനെന്തേ നല്ല റോളുകൾ ആരും കൊടുക്കാത്തേ? അങ്ങാരു ഏതു റോളും ഉഗ്രൻ ആക്കുന്നുണ്ടല്ലോ? കുറച്ച് കൂടെ പ്രാധാന്യമുള്ള റോളുകൾ അങ്ങാർക്ക് ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ..  നല്ല സ്വാ‍ഭാവിക ഡയലോഗ് ഡെലിവറി അങ്ങാരെ വ്യത്യസ്ഥനാക്കി നിർത്തുന്നു, എല്ലാവരിലും ഇടയിൽ. മേഘമൽഹാറിലും ഞാൻ ഇങ്ങാരെ ശ്രദ്ധിച്ചിരുന്നു..

സംവിധായകൻ : ഒരു കാര്യം ഉറപ്പ് - ഈ പുതുമുഖ സംവിധായകൻ ഒരു വാഗ്ദാനം ആണു, മലയാള സിനിമക്ക്. കൊള്ളാം, ആദ്യ സിനിമയുടെ ഒരു വിറവൽ ഇല്ലാതെ ഒരു സൂപ്പർ നായകനെ ഇൻ‌ട്രോ ചേയ്തു കൊണ്ടുവരുന്നതും, നായകന്റെ ബിൽഡപ്പും, ഒക്കെ, വളരേ നന്നാക്കിയിട്ടുണ്ട്. ടെക്ക്നിക്കൽ ഡിവിഷൻ ആണു ഈ സിനിമയെ ‘മോശ‘ത്തിൽ നിന്നും ‘തരക്കേടില്ലാ’ത്തത് എന്ന നിലവാരത്തിൽ എത്തിക്കുന്നതെന്നു പറഞ്ഞാൽ അതു ഒരു തെറ്റാവില്ല.

വാൽക്കഷ്ണം :  ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞല്ലോ - അതൊരു ഉഗ്രൻ ഐറ്റം ആണുട്ടോ. :) ഇഷ്ടായി. ആ ഒരു ക്ലൈമാക്സ് ഇല്ലായിരുന്നുവെങ്കിൽ, ഈ സിനിമ ‘സൂപ്പർസ്റ്റാർ ചവർ’ എന്ന ലിസ്റ്റിൽ സ്ഥാനം പിടിച്ചേനേ. ആ ക്ലൈമാക്സ് ഇട്ടതിനു, കഥാകൃത്ത്/തിരക്കഥാകൃത്ത്/സംവിധായക ത്രയങ്ങൾക്ക് എല്ലാ കൈയ്യടികളും. :)

വെർഡിക്ട് ഒറ്റ വാക്കിൽ  : ആവറേജ്, ബട്ട് സഹിക്കബിൾ. :)


Sunday, December 19, 2010

കാണ്ഡഹാർ - Kandahar (2/10)


Kandahar/Malayalam/2010/Action-War/Wiki(2.0/10)

പ്ലോട്ട് : സംവിധാനം അറിയില്ലാത്ത മേജർ രവി എന്ന അമച്വർ സംവിധായകനു ഷൈൻ ചേയ്യാൻ ഉള്ള ഒരു പ്ലോട്ട്. സംവിധാനം കൂടാതെ അങ്ങാരു ഇതിൽ അഭിനയവും ചേയ്തിട്ടുണ്ട്. 

എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ട് പോവുന്ന വിമാനം തിരിച്ച് പിടിക്കുന്ന കമാൻണ്ടോകളുടെ കഥ പറയാൻ ‘ശ്രമിക്കുക’  യാണു ഈ സിനിമയിലൂടെ ‘സംവിധായകൻ’ . 

വെർഡിക്ട് : ചവറ്!  വേസ്റ്റ്! വധം ! ട്രാഷ് !
ഞാൻ കുറച്ചധികം കാലമായി ഇത്രയും ബോറും തല്ലിപ്പൊളിയുമായ ഒരു സിനിമ കണ്ടിട്ടില്ല.  കഥ ഒന്നും ഇല്ലായെങ്കിൽ പോലും - കഥയെന്നൊരു സാധനം ലാലേട്ടന്റെ സിനിമകളിൽ കണ്ടിട്ട് വർഷങ്ങൾ പലതായി, എന്നാലും, - ഒരു ത്രെഡ് ഇത്രേം അമച്വർ ആയിട്ട് ഉണ്ടാക്കി, അതു ഇത്രേം വലിയ താരങ്ങളെ കൂട്ട് പിടീച്ച് ഇറക്കണമെങ്കിൽ ചില്ലറ തൊലിക്കട്ടിയും പാദസേവയും ചേയ്താൽ പോരാ.!   പോക്കിരിരാജ ഒക്കെ ഇതിനോട് അപേക്ഷിച്ച് നോക്കിയാൽ ക്ലാസ്സ് പടമാണു!

ലാലേട്ടൻ - അത്ര മെച്ചം ആയിട്ടില്ല - ഇതിലും ഒക്കെ നന്നായിട്ട് പല സിനിമകളിലും ലാലേട്ടനെ കണ്ടിട്ടുണ്ട്, പക്ഷെ പ്രകടനം നടത്താൻ വല്ലതും ഉണ്ടെങ്കിൽ അല്ലേ പ്രകടീപ്പിക്കാൻ പറ്റൂ? സത്യത്തിൽ സ്കോപ്പില്ലാത്ത ഈ പടം ലാലേട്ടൻ എന്ന നടന്റെ ചിറകുകൾ കെട്ടിയിരിക്കുന്നു എന്നു തോന്നി .. അതു അദ്ദേഹത്തിനു തന്നെ അറിയാമായിരുന്നിരിക്കണം - പല ഷോട്ടുകളിലും ലാലേട്ടൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്നു അഭിനയിച്ച മാതിരി തോന്നി.

എന്റെ ലാലേട്ടാ, എന്തിനു ഈ മേജറിനു തുരുതുരാ ഡേറ്റ്സ് കൊടൂക്കുന്നു? തനിക്ക് സംവിധാനപ്പണി അറിയില്ലാ എന്നു കഴിഞ്ഞ മൂന്നു പടങ്ങളായി വീണ്ടും വീണ്ടും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ? എന്നിട്ട് എന്തിനു വീണ്ടും?  ഹൊ .. കരയാൻ തോന്നുന്നു എനിക്ക്. :(   അദ്ദേഹത്തിനു ഡേറ്റ് കൊടുത്തില്ലായെങ്കിൽ ലെഫ്:കേണൽ പദവി എടുത്ത് കളയുമെന്നോ മറ്റോ അങ്ങാരു ഭീഷണിപ്പെടുത്തുന്നുണ്ടോ? ഞങ്ങൾ ഇടപെടണോ?

അമിതാബ് ബച്ചൻ : ഇങ്ങാരു ഈ സിനിമയിൽ മര്യാദക്ക് വന്നു പോവുന്നുണ്ട് - ഗസ്റ്റ് അപ്പിയറൻസ് ആണെങ്കിലും,ആകെ രണ്ടോ മൂന്നോ സീനുകളിലേ ഉള്ളൂ എങ്കിലും, ആ പ്രഭാവം നമുക്ക് ആദ്യാവസാനം അനുഭവപ്പെടുന്നു - അതാണു സ്ക്രീൻ പ്രസൻസ്! :)

പക്ഷെ, അങ്ങ് വടക്ക് കിടന്നു, ഇവിടത്തെ നല്ല സിനിമകൾ മാത്രം കണ്ട് മലയാള സിനിമയെന്നാൽ എന്തോ അതിഭയങ്കര-ഭീകര സംഭവമാണെന്നു തെറ്റിദ്ധരിച്ച് മൂഡസ്വർഗ്ഗത്തിൽ കഴിഞ്ഞിരുന്ന ബച്ചനെ എന്തിനു മേജർ രവി സാർ, താങ്കൾ സ്വന്തം ചവറ് പടത്തിൽ അഭിനയിക്കാൻ കൊണ്ടു വന്നു? താങ്കൾക്കറിയില്ലേ, താങ്കളുടെ ലിമിറ്റ്സ്? താങ്കളുടെ കഴിവുകേടുകൾ?
എന്തിനു മലയാള പടം ഇങ്ങനെ പൊട്ട ആണെന്ന് അങ്ങാരേം കൂടെ മനസ്സിലാക്കിക്കൊടുത്തു? എന്തിനു ? എന്റെ പത്ത് ഇരുന്നൂറ് രൂപ പോയതിൽ അല്ല, പക്ഷെ മലയാളസിനിമയിൽ ഇങ്ങനേം സിനിമകൾ ഉണ്ടാവുന്നുണ്ട് എന്നു അങ്ങാരെ അറിയിച്ച് മലയാളസിനിമയെ, മലയാളത്തെ മൊത്തം നാണംകെടുത്തിയതിനു താങ്കൾക്ക് മാപ്പില്ല. ഒട്ടും മാപ്പില്ല. ഷേം, രവി സാർ, ഷേം.! :(

ഡയലോഗുകൾ : രാഷ്ട്ര സ്നേഹം ഡബ്ബിൾ ഓവർഡോസിൽ ഇട്ട് ഉണ്ടാക്കിയ പല ഡയലോഗുകളും കൂവൽ ക്ഷണിച്ച് വാങ്ങുന്നുണ്ട് ഈ സിനിമയിൽ. ആവറേജ് മുസ്ലീം വീട്ടമ്മയുടെ ദേശഭക്തി ഘോഷണങ്ങൾ കേൾപ്പിക്കുവാനായിട്ട് മാത്രം കൊണ്ടുവന്ന കെ പി എസ് സി ലളിതക്ക് വരെ സ്കൂൾതല സ്കിറ്റുകളിൽ കേൾക്കുന്നതിനെക്കാൾ ദയനീയ ഡയലോഗുകൾ കൊടുത്ത് ഡയലോഗ് എഴുതിയാൾ തന്റെ ജോലി ഭംഗിയായിട്ട് നശിപ്പിച്ചിട്ടുണ്ട്. ഏതു റോളും ഭംഗിയാക്കാൻ വിദദ്ധയായ ലളിതച്ചേച്ചിക്ക് വരെ അടിതെറ്റുന്നെങ്കിൽ, എന്തോക്കെയോ പ്രശ്നം അടിത്തറക്കുണ്ട്, അതുറപ്പ്.!

ബാക്കി വരുന്ന എല്ലാവരും, കെ പി എസ് സി ലളിത ഉൾപ്പെടെ, അലമ്പാക്കിയിട്ടുണ്ട്. അമച്വർ നാടകങ്ങളിൽ പോലും ഇതിലും നല്ല പ്രകടനങ്ങൾ നമുക്ക് കാണാനാവും - ഇതു ക്യാമറാ ആംഗിളിന്റേ പ്രശ്നമോ, അതോ സംവിധായകന്റെ പരിചയക്കുറവോ കാരണം മഹാ ബോർ ആയിരിക്കുന്നു പല രംഗങ്ങളും.

ഡോണ്മാക്സ് എന്ന ന്യൂജനറേഷൻ എഡിറ്റിങ്ങ് വിദദ്ധൻ കൂടെ ഈ സിനിമയിൽ ഇല്ലായിരുന്നുവെങ്കിൽ - എന്റെ സിനിമാ-കാഴ്ചജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആയി മാറിയേനേ ഈ സിനിമ. തീയറ്ററിൽ നിന്നും ഒരു കോമ ആകാതെ രക്ഷപ്പെടൂത്തിയതിനു ഡോൺ മാക്സിനോട് എന്റെ നന്ദി. !

വാൽക്കഷ്ണങ്ങൾ  : സുനിൽ ഷെട്ടി, പാർവ്വതി ഓമനക്കുട്ടൻ, സൂര്യ .. എന്നിവർ ഒക്കെ ഈ സിനിമയിൽ ഉണ്ടെന്നു വിക്കിയിലും നെറ്റിലെ പല ആർട്ടിക്കിൾസിലും കണ്ട പേരുകൾ ആണു. എവിടെ ഇവരൊക്കെ? ഇത്രേം കച്ചറ ആണെന്ന് അറിഞ്ഞ് അവസാന നിമിഷം എസ്കേപ്പ് ആ‍യതാണോ ഇവരൊക്കേ? 


ആകെ സിനിമ 2 മണിക്കൂർ ആയിരുന്നു കഷ്ടിച്ച് ഉണ്ടായിരുന്നതു. ഇടക്ക് എന്തോ മിസ്സിങ്ങ് എനിക്കനുഭവപ്പെട്ടു, സിനിമാ തീയറ്ററുകാർ കൊറേ ഭാഗങ്ങൾ കൂവൽ ഒഴിവാക്കൻ വെട്ടിനിരത്തിയോ?  എങ്കിൽ അവർക്ക് ആവണം ഏറ്റവും ക്രിയേറ്റീവ് എഡിറ്റിങ്ങിനുള്ള ഇത്തവണത്തെ അവാർഡ് കൊടുക്കേണ്ടത്.

രാംഗോപാൽ വർമ്മയുടെ പൊട്ട-ആഗിൽ കൊണ്ടെ അഭിനയിപ്പിച്ച് നാണം കെടുത്തിയതിനു പകരം വീട്ടാനായിരിക്കും ബച്ചനെ ഇങ്ങോട്ട് ഈ സിനിമയിൽ അഭിനയിക്കാൻ ലാലേട്ടൻ  കൊണ്ടുവന്നത്? 
ആണെങ്കിൽ, റബ്ബർ വച്ച പെൻസിൽ എടുത്ത സഹപാഠിയുടെ തലവെട്ടി പകരം വീട്ടുന്നതു പോലെത്തെ പരിപാടിയായിപ്പോയി ഇതു! :)  ഇനി ബച്ചൻ സാർ മലയാളത്തിന്റെ മ എന്നു കേട്ടാൽ പോലും ഉലക്കയെടുക്കും, ഉറപ്പ്! :)

അല്ല, വേറോരു സംശയം : ഈ ഇന്ത്യാ മഹാരാജ്യത്തിൽ ആകെ ഒരു മേജർ മഹാദേവൻ മാത്രേ ഉള്ളോ, ഈ തീവ്രവാദികളെ മൊത്തം പിടിക്കാനും, വിമാനറാഞ്ചികളെ പിടിക്കാനും ഒക്കെ? അതും, വിമാനത്തിന്റെ ഒരു പ്ലാനും ഒന്നും ഇല്ലാതെ, മേജറും ട്രെയിനിങ്ങ് കഴിഞ്ഞ് ഇറങ്ങി വന്ന കമാണ്ടോ പിള്ളാരും കൂടെ ചുമ്മാ വിമാനത്തിന്റെ ലാന്റിങ്ങ് ഗിയർ വഴി നടന്നു കയറി കാർഗോവിൽ ഒളിച്ചിരിക്കുന്നു .. അവിടുന്നു അവരു ചുമ്മാ ഒരു ഡോർ തുറന്ന് പാസഞ്ചർ ഏരിയയി എത്തി എല്ലാ തീവ്രവാദികളെയും തല്ലിക്കൊല്ലുന്നു..ചുമ്മാ പൈലറ്റ് ഒന്നും അറിയാതെ ഇങ്ങനെ കയറി കയറി ക്കോക്ക്പിറ്റ് വരെ എത്താൻ പറ്റുമോ ഒരാൾക്ക്? സമ്മതിക്കണം, മേജർ രവിസാറിനെ!.

IMA ട്രെയിനിങ്ങിനെക്കാൾ കൂടുതൽ സമയം ട്രെയിനിങ്ങ് തീവ്രവാദികൾക്ക് - 4 കൊല്ലം!. എന്നിട്ടും നമ്മടെ മേജർ മഹാദേവന്റെ പുള്ളാർക്ക് നേരെ ഒരു വെടി പോലും വൈക്കാൻ അവർക്കാർക്കും കഴിഞ്ഞതും ഇല്ല! - ഓർക്കണം - വെറും കുറച്ച് ആഴ്ചകൾ മാത്രം ആയിരുന്നു മുംബൈ ആക്രമണ കേസിലെ കസബിനും മറ്റും കിട്ടിയ ട്രെയിനിങ്ങ്! എന്നിട്ട് ഏകദേശം 2 ദിവസങ്ങളോളം NSGയെ അവർ വട്ടം കറക്കി..

 ഉഗ്രൻ,  മേജർ രവിസാർ. :)


Friday, December 17, 2010

രക്തചരിത്ര 1 - RakthaCharithra 1 (6.5/10)


Rakht Charitra/Hindi/2010/Action-Political-Thriller/IMDB/(6.5/10)

പ്ലോട്ട് : ആന്ധ്രാപ്രദേശ്, അവിടത്തെ രാഷ്ട്രീയം ആണു സിനിമയുടെ ശരിക്കുമുള്ള ത്രെഡ്. അതിലെ തന്നെ, പരിതല(ള?) രവീന്ദ്ര (Parithala Ravindra) എന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവിന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്തിരിക്കുന്ന സിനിമ ആണിതു. രാം ഗോപാൽവർമ്മയുടെ സിനിമ, ആന്ധ്രാ രാഷ്ട്രീയം, സംവിധായകന്റെ തന്നെ മുൻ‌കൂർ ജാമ്യം സിനിമയിലെ വയലൻസിനെ പറ്റിയുള്ളതു - ഇവ ഒക്കെ തന്നെ ഈ സിനിമയുടെ മെയിൻ കണ്ടന്റ് എന്തെന്നു വ്യക്തമാക്കുന്നു - വയലൻസ്! .

ഈ സിനിമ രണ്ട് ഭാഗങ്ങൾ ആയിട്ടാണു കാണികൾക്ക് മുന്നിൽ എത്തുന്നതു. ആദ്യത്തേതിൽ നായകന്റെ ഉദയവും, രണ്ടിൽ പിന്നീടത്തെ സംഭവങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.  രണ്ട് ഭാഗങ്ങൾ ആയിട്ട് സ്ക്രീനിൽ എത്തുന്ന ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഇതു ആദ്യം ആണേന്നു തോന്നുന്നു (ആണോ?)  

വെർഡിക്ട് :  ടെക്നിക്കലി, കൊള്ളാം. ഓവർ ആവാത്ത സ്ലോമോഷൻ സീനുകൾ ഇടക്കിടക്ക് വരുന്നതൊക്കെ നല്ലവണ്ണം എന്നെ രസിപ്പിച്ചു. പക്ഷെ വോയ്സ് ഓവർ സീനുകൾ രസംകൊല്ലികൾ ആയെന്നു തോന്നു - അതു വളരേ കൂടിപ്പോയി - ഒരു ഹൈ ബജറ്റ് ഡോക്യുമെന്ററി ആണോ ഞാൻ കാണുന്നതു എന്നു എനിക്ക് പലപ്പോഴും തോന്നിപ്പോയി.പക്ഷെ, രാംഗോപാൽ വർമ്മയുടെ ട്രേഡ് മാർക്ക് ഷോട്ടുകൾ  - പ്രധാന സംഭവങ്ങൾ അപ്രധാന കഥാപാത്രങ്ങളുടെ കണ്ണിലൂടെ കാട്ടുന്നതു മാതിരിയുള്ള ഫ്രെയിമുകൾ - ഇതിലുമുണ്ട്.

വയലൻസ് : .. ഇച്ചി കൂടുതൽ ആണു ഇതിൽ. മനുഷ്യജഡങ്ങൾ മരത്തേൽ കെട്ടിത്തൂക്കി ഇടുന്ന സീനുകൾ ഒക്കെ ഇടക്കിടക്ക് ഉണ്ട്, കൈകാലുകൾ വെട്ടുന്നതൊക്കെ ചറപറാ.. വെറുതെയല്ല, സംവിധായകൻ ഏതോ അഭിമുഖത്തിൽ പറഞ്ഞത്, പെണ്ണുങ്ങൾ ഈ സിനിമ കാണാൻ വരേണ്ടാ, വീട്ടിൽ ഇരുന്നാൽ മതിയെന്നു!

നടനം : വില്ലൻ! എന്റമ്മോ കിടിലൻ! എന്നാ സ്ക്രീൻ പ്രസൻസാ ഈ പിശാശിന്റെ ! ലവൻ ആരെന്നു ഒരു സെർച്ച് ചേയ്തപ്പോ പുടി കിട്ടി. അഭിമന്യൂ സിങ്ങ് ആണിവൻ.  ( പഴേയ ചന്ദ്രചൂർസിങ്ങിന്റെ അനിയൻ)  ലിവൻ കലക്കും ഇനീം!. ബുക്കാ സിങ്ങ് മനസ്സിൽ നിന്നും പോവുന്നതെ ഇല്ല.  

വിവേക് ഒബ്രോയ് : ദാദാ റോളുകളിൽ വിവേകിനെ വെല്ലാൻ ആരുമില്ല എന്ന സ്ഥിതി വരികയാണെന്നാ തോന്നുന്നേ. പക്ഷെ വേറേ എന്തു റോൾ കൊടുത്താലും, നശിപ്പിച്ച് കൈയ്യിൽ വച്ചു തരും കക്ഷി!. :)  പക്ഷെ, ഒള്ളതു പറയണോല്ലോ - വില്ലന്റെ പ്രകടനം നായകന്റേതിനെക്കാൾ അസ്സലായി, ഈ സിനിമയിൽ! നായകൻ തോൽക്കണേ എന്നു വരെ എനിക്ക് തോന്നിപ്പോയി ഇടക്ക്, ലവനെ കുറച്ചും കൂടെ നേരം കണ്ടിരിക്കാനായിട്ട്.

ഒരു നായിക ഉണ്ട് : എന്റമ്മേ .. എന്നാ ഐശ്വര്യമാ ആ മുഖത്ത്!. ഐശ്വര്യാ റായ് ആദ്യ പെപ്സി ആഡിൽ വന്ന ടൈമിലെ ഒരു ലുക്ക്! .. ഗ്ലാമറിനെക്കാളധികം ഐശ്വര്യം തുളുമ്പുന്ന, ഒരു ഗ്രാമീണ മുഖം. എനിക്കിഷ്ടായി! (എന്റെ കൊച്ച് വരില്ലായിരിക്കും അല്ലേ ഇവിടെ! ;) )

വാൽക്കഷ്ണം : എനിക്കിപ്പോ പുടികിട്ടി, അമൽനീരദിൽ കൂടിയിരിക്കുന്ന സ്ലോമോഷൻ പ്രേതം എവിടുന്നു കൂടി എന്നു. രാംഗോപാൽ വർമ്മയിൽ നിന്നും തന്നെ!. പക്ഷെ വ്യത്യാസം : ഇങ്ങാരു ചേയ്യും‌മ്പോൾ നമുക്കതു രസിക്കുന്നു, അമൽ നീരദ് ചേയ്യു‌മ്പോൾ അതു ബോർ ആയിട്ട് തോന്നുന്നു. അധികമായാൽ അ‌മൃതും വിഷം എന്നതു അമൽ നീരദ് മനസ്സിലാക്കേണ്ടിയിരിക്കുന്നു!.


Tuesday, December 14, 2010

രാംഗോപാൽ വർമ്മയുടെ കണ്ടിന്യൂറ്റി !!

നല്ല സിനിമകളുടെ ആശാനായ, അധികം പ്രശ്നങ്ങൾ വരുത്തിവൈക്കാതെ പടമെടുക്കുന്ന രാം ഗോപാൽ‌വർമ്മയുടെ പുതിയ പടം കാണുന്നു ഞാൻ .. ആദ്യ സീനിൽ തന്നെ കല്ലുകടി.!! :(
അടിക്കാൻ ഇട്ട് ഓടിക്കുന്ന ഗുണ്ടയുടെ കാലേൽ നല്ല ഒന്നാംതരം ലെതർ ഷൂ ശ്രദ്ധിച്ചല്ലോ അല്ലേ?


ഇതിൽ വ്യക്തം ഷൂസ് .. ഗുണ്ടകളുടെ കാലുകളിൽ ..
ഢിം!! .. എവിടെപ്പോയി??
പ്രൊഡക്ഷൻ ടീം ലെതർ ഷൂസ് നനഞ്ഞ് പോവ്വാതിരിക്കാൻ ഊരി വാങ്ങിയോ?

ഒരാളെ ചവിട്ടുമ്പോൾ വേദനിക്കാതിരിക്കാൻ ഷൂസ് വേണ്ടാ എന്നു തീരുമാനിച്ചിരിക്കാം - എന്നാൽ പിന്നെ ആദ്യ  ഷോട്ട് ചേയ്തപ്പോൾ തന്നെ അതു തീരുമാനിക്കാമായിരുന്നില്ലേ? അല്ലേങ്കിൽ തീരുമാനം വന്നു കഴിഞ്ഞ് രണ്ടാമത് ആദ്യ ഷോട്ട് എടുക്കാമായിരുന്നില്ലേ? ... പിച്ച തെണ്ടി സിനിമ ഉണ്ടാക്കുന്ന പ്രോഡ്യൂസർ ഒന്നും അല്ലല്ലോ? സൺ ഗ്രൂപ്പിന്റെ പ്രൊഡക്ഷൻ അല്ലേ, അവർ എത്രയോ ലക്ഷം കോടി ഒരൊറ്റ എടപാടു വഴി തന്നെ ഉണ്ടാക്കി ഇരിക്കുന്ന ടീംസാണെന്നാ നാട്ടാരു പറയുന്നേ.. എന്നിട്ടാ.!

ആദ്യ ഉരുളയിൽ തന്നെ കല്ലുകടിച്ചു - ‘ആഗ്‘ പോലായിത്തീരുവോ എന്റ കൃഷ്ണാ ഇതും?


Monday, December 13, 2010

കുഞ്ഞൻ റേഡിയോപാടാനറിയുന്നത്, പാടാൻ പറ്റുന്നതു, അതൊക്കെ ഒരു മുൻ‌ജന്മ സുകൃതഫലമാണു. അതിനു തലമുറകൾ പലതു പുണ്യം ചേയ്യണം. അതിനെക്കാൾ ഭാഗ്യമുണ്ടാവണം, ആ പാട്ട് അവതരിപ്പിക്കാനും, അത് ലക്ഷോപലക്ഷം പേരിലേക്ക് എത്തിക്കാനും കഴിയുന്നതിൽ. പണ്ടൊക്കെ അതിനെത്ര പാടായിരുന്നു! ..  

ഇനി ഇപ്പോൾ ദാ സംഭവം സിമ്പിൾ : ചേരുക, പാടുക, ഡിം .. !   ഹോ.. എനിക്ക് ഒന്നു മൂളിപ്പാട്ടെങ്കിലും പാടാൻ പറ്റിയിരുന്നെങ്കിലെന്റേ കൃഷ്ണാ !  :(


Sunday, December 5, 2010

പോക്കിരിരാജ - PokkiriRaja (3/10)


Malayalam/2010/Action-Drama-Comedy/IMDB/(3/10)

പ്ലോട്ട് : അങ്ങനൊന്നില്ല. നായകന്മാർ രണ്ട്, നായിക ഒന്നു. ഒരു നായകൻ നാടു വിട്ട് പോവുന്നു, റൗഡി യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ, മറ്റേ ആൾക്ക് തല്ല് കിട്ടുമ്പോൾ അയാളെ തിരിച്ച് വിളിക്കുന്നു.. പിന്നെ മിനുറ്റിനു മിനുറ്റിനു അടി, അതിന്റെ ബോറടീ മാറ്റാൻ ബ്രെഡിനിടയിൽ ജാമെന്ന പോലെ പാട്ടുകൾ. അവസാനം ഒരു കൂട്ടയടി. തീർന്നു.

വെർഡിക്ട് : പക്കാ ചവറ്. ഫ്രീ ആയിട്ട് ആരെങ്കിലും ഈ സിനിമയുടെ ഡി വിഡിയോ വീ സീ ഡിയോ തന്നാൽ ഉടൻ മനസ്സിൽ കുറിക്കുക - അയാൾ നിങ്ങളുടെ ഒരു ശത്രുവാണു. അയാളെ സൂക്ഷിക്കുക, ഇതിലും മുട്ടൻ പാര അയാൾ വേറേ തരാനില്ല, എങ്കിലും.

സുരാജിനെ പോലീസ് എൻ‌കൗണ്ടർ ചേയ്യാഞ്ഞതെന്തേ? ഇത്രയും കാലം സിനിമാ നടന്മാർ അഭിനയിച്ച് പോലീസിനെ കരിവാരിത്തേച്ചതൊന്നും ഒന്നുമല്ല, സുരാജിന്റെ ഈ സിനിമയിലെ കഥാപാത്രവും ആയിട്ട് തട്ടിച്ച് നോക്കുമ്പോൾ - ആരേ കണ്ടാലും - സ്വന്തം ഭാര്യേ കണ്ടാൽ പോലും - പേടിച്ച് മതിലുചാടി ഓടുന്ന പോലീസ് ആപ്പീസർ ..തമാശക്കും ഒരു അതിരില്ലേ? ഇതിന്റെ പേർ തമാശയെന്നല്ല,  വൃത്തികേട് എന്നാണു.

സലിംകുമാർ ഇടക്കിടക്ക് വന്നു പോവുന്നുണ്ട് - അങ്ങാർക്ക് പ്രമേഹമുണ്ടോ ? മെലിഞ്ഞ് വരുന്നു? (അല്ലാതെ കഥാപാത്രത്തെപറ്റി ഒന്നും പറയാനില്ല എനിക്ക്!) ശ്രേയാശരൺ ഒക്കെ എന്തിനായിരുന്നാവോ ഈ പടത്തിൽ? ടോമിച്ചൻ മുളകുപാടം എന്ന പ്രോഡ്യൂസറിന്റെ കാശ്  കുറച്ച് ആ വഹയിൽ പോയതു മിച്ചം.

സംവിധായകൻ : ആരാണീ വൈശാഖ്? ഏത് നാട്ടുകാരൻ? ഹൊ ... ഇങ്ങനേം മനുഷ്യനെ കൊല്ലാക്കൊല ചേയ്യുവോ? ധാരാളം പ്രശ്നങ്ങൾ അവിടിവിടെ അങ്ങാരുടെ വഹയായിട്ട് വന്നിട്ടുണ്ട് - ഇത്രേം കോൺസണ്ട്രേഷൻ ഇല്ലാതെ ഞാൻ ഒരു പടം കണ്ടിട്ടില്ല - എന്നിട്ടും പ്രശ്നങ്ങൾ അവിടിവിടെ കണ്ടു ഞാൻ. കുളിച്ച് ഈറനുടുത്ത് വന്ന് മന്ത്രീടെ ഭാര്യ പൈപ്പ് തുറക്കുന്നു - ശൂശൂ ... വെള്ളമില്ല - “അയ്യോ വെള്ളമില്ലേ പൈപ്പിൽ“ എന്നു അടുത്ത ചോദ്യം!.  കുളിച്ചതു പിന്നെ കക്കൂസീന്നു വെള്ളമെടുത്താണോ?  അവരുടെ അഭിനയവും അപാരം - സ്കൂൾ നാടകത്തിലെ പുള്ളാരു വരെ അതിലും ബെറ്റർ ആയിട്ടഭിനയിക്കും. വലിയ ഗുണ്ടാസെറ്റപ്പ് ഒക്കെ ആയിട്ട് എല്ലാം നിരത്താൻ വരുന്ന മമ്മൂട്ടിയുടെ കൂടെ അവസാന ക്ലൈമാക്സ് കൂട്ടപ്പൊരിച്ചിലിൽ ഈ പറയണ ഗുണ്ടകളെ ഒന്നും കാണാനില്ല - എന്തു പറ്റിയോ ആവോ അവർക്ക്? 

പൃഥ്വിരാജ്, മമ്മൂട്ടി ശ്രേയാ ശരൺ എന്നീ തെന്നിന്ത്യയിലെ ഏറ്റവും വലിയ സ്റ്റാറുകളെ തന്നെ കൈയ്യിൽ കിട്ടിയിട്ടും ഇത്രേം തല്ലിപ്പോളി സിനിമ പടച്ചിറക്കിയ വൈശാഖ് എന്ന സംവിധായകനെ ആണു പഞ്ഞിക്കിടേണ്ടത് ! മമ്മൂട്ടി ഒക്കെ പൊട്ടത്തരം പറഞ്ഞ് കൈയ്യടി(?) വാങ്ങുന്ന പരിപാടി ഒന്നു നിർത്തിയിരുന്നെങ്കിൽ!! എത്രാമത്തെ പടമായി ഇങ്ങനെ തെറ്റ് പറഞ്ഞും, മറുഭാഷ പറഞ്ഞും കൈയ്യടി വാങ്ങാൻ ശ്രമിക്കുന്നേ അങ്ങാരു!

അല്ലെങ്കിലും, ഈ സ്റ്റാറുകൾക്കൊക്കെ എന്തിന്റെ കേടായിരുന്നു? ഒരു വരി എങ്കിലും കഥ കേട്ടിട്ടാണോ ഇവർ ഒക്കെ ഡേറ്റ് കൊടുക്കുന്നതു? ആണെങ്കിൽ ഈ സിനിമ മലയാളത്തിന്റെ നാണം കെടുത്താൻ ഇറങ്ങില്ലായിരുന്നു..

വാൽക്കഷ്ണം : ഇനി കുട്ടിസ്രാങ്ക് കാണണം - എന്നാലേ ഈ സിനിമ ചേയ്ത കേട് തീരു. !  പണ്ട് സിനിമ കൊട്ടകയിൽ ഇറങ്ങിയപ്പോൾ എന്നേം വിളിച്ചോണ്ട് ഈ സിനിമ കാണാൻ കൊണ്ട് പോയ പാക്കരനെ എനിക്കൊന്നു കാണണം ... അവനോട് ഞാനെന്തു തെറ്റു ചേയ്തു എന്ന് എനിക്കിന്നറിയണം! .. അന്നു ഞങ്ങൾ ചെന്നു ഇറങ്ങിയപാടേ ഹൗസ്ഫു:ൾ ബോർഡ് തൂക്കിയ കൊട്ടകയിലെ സെക്യൂരിറ്റിക്കാരനു എനിക്ക് ഒരു മസാല ദോശ എങ്കിലും വാങ്ങിക്കൊടുക്കുകയും വേണം .. എന്റെ ജീവൻ അയാൾ രക്ഷിച്ചു അന്നു!


Saturday, December 4, 2010

Friday, December 3, 2010

M3DB : ഒരു സമ്പൂർണ്ണ മലയാളം സിനിമാ ഡാറ്റാബേസ്അങ്ങനെ, ഞങ്ങൾ കുറച്ച് പേർ കുറച്ചധികം നാളായി കാത്തിരുന്ന, സ്വപ്നം കണ്ട ഒരു സംരംഭം - ഒരു സംഭവം - വെളിച്ചം കാണുകയാണു . എം 3 ഡി ബി (M3DB) അഥവാ, ‘മലയാളം മൂവി ആൻഡ് മ്യൂസിക്ക് ഡാറ്റാബേസ്’ ഈ വരുന്ന 2010 ഡിസംബർ 20 നു പാലക്കാട് വച്ച് ലോഞ്ച് ചേയ്യപ്പെടുകയാണു ഒരു ചെറു ചടങ്ങിൽ ..

ഇതൊരു IMDB അല്ലായെങ്കിൽ വിക്കിപ്പീഡിയ മോഡൽ ഡാറ്റാബേസ് ആയിരിക്കും. നമ്മൾ ഉൾപ്പെടുന്ന പൊതുജനം ആവും ഇതിലെ സ്റ്റാർസ്. നമ്മൾ ആവും സിനിമകളുടെ ഡാറ്റാ എന്റർ ചേയ്യുന്നതു, നമ്മളിൽ നിന്നും തിരഞ്ഞെടുത്ത ആക്ടീവ് മെംബേഴ്സിനാൽ ആവും എന്റർ ചേയ്യപ്പെടുന്ന ഡാറ്റ മോഡറേറ്റ് ചേയ്യപ്പെടുന്നതു, സൈറ്റിന്റെ കാര്യങ്ങൾ നിശ്ചയിക്കപ്പെടുന്നതു നമ്മളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു മോണിറ്ററിങ്ങ് ടീം ആയിരിക്കും. അങ്ങനെ അധികാരം ജനങ്ങളിലേക്ക് എന്ന ഇതു വരെ പാലിക്കപ്പെടാത്ത ആ വാഗ്ദാനം ഇവിടെ ഈ സൈറ്റിൽ എങ്കിലും പ്രാവർത്തികമാക്കപ്പെടുന്നു. :)

യാതോരു സ്റ്റാറിന്റേയും സൈഡ് പിടീക്കാതെ, ഒരു സിനിമക്കും അനാവശ്യ പ്രമോഷൻ കൊടുക്കാതെ തികച്ചും സുതാര്യമായിട്ടാവും സൈറ്റ് മുന്നോട്ട് നീങ്ങുക. ജനങ്ങൾക്ക് സിനിമകളെ പറ്റി അഭിപ്രായങ്ങൾ പോസ്റ്റ് ചേയ്യാൻ പറ്റുന്ന തരം സംവിധാനം വർഷങ്ങൾക്ക് ശേഷം, പിന്നീട് സൈറ്റിൽ വന്നേക്കാം, പക്ഷെ ഇപ്പോൾ നമ്മുടെ ദൗത്യം മലയാള സിനിമയെ പറ്റി, അതിന്റെ പിന്നാമ്പുറ പ്രവർത്തകരെ പറ്റിയുള്ള ഒരു റഫറൻസ് മാന്വൽ ആയി സൈറ്റിനെ മാറ്റുക എന്നതാണു.

ഇതു നമ്മുടെ, മലയാള സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഒരു പ്രൊജക്ട് ആണു. ഒരു സിനിമയിൽ അവസാന ക്രെഡിറ്റ്സിൽ പോലും സ്ഥലം കണ്ടെത്താനാവാതെ വിഷമിക്കുന്ന സിനിമയുടെ പിന്നാമ്പുറ പ്രവർത്തകരെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതും ഈ സൈറ്റിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണു.  ഇംഗ്ലീഷ് സിനിമകളിലെ ഏതൊരു കൊച്ച് ടെക്നീഷ്യന്റേയും ഹിസ്റ്ററി, പ്രൊഫൈൽ പേജുകൾ, വർക്കുകൾ- അതെത്ര ചെറുതാണെങ്കിലും ശരി, ഇതൊക്കെ ഐ എം ഡി ബി യിൽ ട്രാക്ക് ചേയ്യാം, ഇവിടെ മലയാളത്തിൽ അങ്ങനെ ഒന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാവാൻ ആണു നമ്മൾ ശ്രമിക്കേണ്ടതു.

ഇതിനെല്ലാം, നിങ്ങളുടെ സപ്പോർട്ടും സഹായവും സൈറ്റിനു ആവശ്യമാണു. സഹായം എന്നു കൊണ്ടുദ്ദ്യേശിച്ചതു പണമല്ലാട്ടോ - കൈ സഹായം ആണു. കിട്ടുന്ന ഡാറ്റ സൈറ്റിൽ ആഡ് ചേയ്തു സഹായിച്ചാൽ ചിലപ്പോൾ അതു മറ്റു പലർക്കും സഹായകരമായി തീർന്നേക്കാം. ഇതു ഭാവി തലമുറക്കു ഉപകരിക്കുന്ന ഒരു ഡാറ്റാ കളക്ഷൻ ആവട്ടെ എന്നു സ്വപ്നം കണ്ടുകൊണ്ട് നിർത്തുന്നു .. നിങ്ങളുടെ എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു ..

പാച്ചു.


ഒരറിയിപ്പ് : ഈദിവസങ്ങളിൽ ഈ സൈറ്റിന്റെ പോസ്റ്റേഴ്സ് ഒരു ചെറു പരസ്യം എന്ന നിലയിൽ ഇവിടെ പോസ്റ്റുന്നതാണു - ഇങ്ങനെയൊക്കെയല്ലേ ഇതിനു പിന്നിൽ  ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആ മനസ്സുകൾക്ക് ഒരു പ്രചോദനം കൊടുക്കാൻ ആവൂ നമുക്ക്?  ഇതു നിങ്ങളുടെ ഇൻബോക്സ് നിറക്കുന്നുണ്ടെങ്കിൽ ഇതൊരു മുൻ‌‌കൂർ ജാമ്യാപേക്ഷയായി കണക്കാക്കണം എന്നു അപേക്ഷിക്കുന്നു. :)