Thursday, October 28, 2010

T D ദാസൻ - സ്റ്റാൻഡേർഡ് VI B (7.5/10)


Malayalam/2010/Drama/IMDB/(7.5/10)

 പ്ലോട്ട് : പാലക്കാട്ടെ ഒരു ഗ്രാമത്തിൽ നിന്നും ഒരു പയ്യൻ - ദാസൻ - സ്വന്തം അച്ഛനു അയക്കുന്ന എഴുത്ത് വഴിതെറ്റി എത്തിപ്പെടുന്നതു ബാഗ്ലൂരിലെ ഒരു ആഡ് ഫിലിം ഡയറക്ടർ ആയ ബിജു മേനോന്റെ വീട്ടിലാണു.  ആ എഴുത്തിലെ ഉള്ളടക്കം ആ ആറാം ക്ലാസ്സ് പയ്യന്റെ ഹൃദയം തന്നെ ആണു എന്നു അറിയുന്ന ബിജുമേനോൻ ദാസന്റെ അച്ഛനെ കണ്ടു പിടിച്ച് എഴുത്ത് എങ്ങനെയെങ്കിലും എത്തിച്ചു കൊടൂക്കാൻ വീടു കാര്യസ്ഥനോട് (ജഗദീഷ്) ആവശ്യപ്പെടൂന്നു. അങ്ങാരു അതു ചുരുട്ടിക്കൂട്ടി ചവറ്റു കൊട്ടയിൽ ഇടുന്നതു കണ്ട ബിജുമേനോന്റെ (ഏകദേശം ദാസന്റെ അതേ പ്രായമുള്ള) മകൾ എടൂത്തു വായിക്കുകയും, ആ എഴുത്തിനു മറുപടി എഴുതുകയും ചേയ്യുകയും ചേയ്യുന്നു... ബിജു മേനോൻ ആവട്ടെ, വഴി തെറ്റി ആ എത്തുന്ന എഴുത്തിനെ ബേസ് ചേയ്തു ഒരു സിനിമ പ്ലാൻ ചേയ്യുന്നു, ആ കഥ ഡെവലപ്പ് ചേയ്യാൻ ശ്രമിക്കുന്നു .. പക്ഷെ സാങ്കല്പികമായ ആ കഥയെ നിഷ്പ്രഭമാക്കി ശരിക്കുമുള്ള കഥ നീങ്ങുന്നു.. അതാണു ഈ സിനിമ.

വെർഡിക്ട് : ആദ്യേ പറയട്ടെ, സൂപ്പർ താരങ്ങളുടെ വളിപ്പു സിനിമകളെക്കാളും അമാനുഷ്യ നായക സങ്കല്പത്തെ ഉറപ്പിക്കുന്ന പടങ്ങളെക്കാളും മലയാള സിനിമക്ക് വേണ്ടതു ടി ആർ ദാസന്മാർ ആണു. തീയറ്ററിൽ ഇനിഷ്യൽ പുൾ ഒട്ടും തന്നെ കിട്ടാൻ സാധ്യതയില്ലാത്ത താരങ്ങളെ വച്ചുള്ള ഒരു പരീക്ഷണ സിനിമ - ഒരു കൊച്ചു സിനിമ, അതും ഒരു പുതുമുഖ സംവിധായകന്റെ വക. ഒരു നല്ല്ല സീരിയസ് സിനിമയിൽ വേണ്ടതെല്ലാം ഇതിലുണ്ട്. ബിജുമേനോൻ ആണു നായകൻ എന്നതു കൊണ്ടോ, കുട്ടികളുടെ സിനിമ ആണു ഇതു എന്നുള്ള തോന്നൽ വന്നതു കൊണ്ടോ, സിബിമലയിലിന്റേയോ സത്യൻ അന്തിക്കാടിന്റേയോ അല്ലാ സംവിധാനം എന്നുള്ളതു കൊണ്ടോ ഈ സിനിമ ഡി വി ഡി എടുത്ത് കാണാൻ പോലും മടിക്കുന്ന ആളാണു നിങ്ങളെങ്കിൽ, നിങ്ങൾ ഒരു വളരേ നല്ല സിനിമ ആണു മിസ്സ് ആക്കുന്നതു. 

മോഹൻ രാഘവൻ ആണു താരം. തിരക്കഥയും സംവിധാനവും ഈ പുതുമുഖം മനോഹരമായി ചേയ്തിരിക്കുന്നു. ഇങ്ങാരുടെ പടങ്ങൾക്കായി ഞാൻ ഇനി കാത്തിരിക്കും. ഉറപ്പ്. 

തെറ്റുകളും കുറ്റങ്ങളും കണ്ടു പിടീക്കാൻ ആണേങ്കിൽ കണ്ടു പിടീക്കാം ധാരാളം - കുട്ടികളുടെയും ശ്രുതി മേനോന്റെയും അഭിനയത്തിലെ സ്വാഭാവികതക്കുറവുകളും, (പ്രത്യേകിച്ച് സപ്പോർട്ടിങ്ങ് കുട്ടികളുടെ റോളുകൾ). സ്വപ്നത്തിലേയും,  സിനിമയിലെ-സിനിമയിലെയും കഥാപാത്രങ്ങളുടെ മുഖങ്ങളും ഒറിജിനൽ മുഖങ്ങളും ഒന്നായി കാട്ടുന്നതും മറ്റും എനിക്ക് ഒരല്പം സുഖക്കുറവ് തന്നു. ഒരു പക്ഷെ ആ സങ്കല്പ-കഥാപാത്രങ്ങൾക്ക് വേറേ മുഖങ്ങൾ ആയിരുന്നുവെങ്കിൽ സിനിമയുടെ മാറ്റു കൂടിയേനേ എന്ന് എനിക്ക് തോന്നി. (പക്ഷെ അങ്ങനെ ആയിരുന്നു എങ്കിൽ അതു ജനത്തിനു പറഞ്ഞു കൊടുക്കാൻ എഴുതിക്കാണിക്കുകയോ, മോർഫിങ്ങ് റ്റൈപ്പ് ഗ്രാഫിക്ക്സോ വേണ്ടി വന്നേനെ, മലയാളത്തിൽ!  :)   )

പക്ഷെ - ഇതൊന്നും ഈ സിനിമയുടെ ക്വാളിറ്റിയെ തെല്ലും ബാധിക്കുന്നില്ല. ഉഗ്രൻ - അതു മാത്രം ആണു വെർഡിക്ട്.  കാണാതിരിക്കരുതു ഈ സിനിമ. 

വാൽക്കഷ്ടം :  തീയറ്ററിൽ പോയി ഈ സിനിമ കാണാൻ സാധിച്ചില്ലാല്ലോ എന്നു മാത്രം ആണു എന്റെ ദുഃഖം - പക്ഷെ ഈ സിനിമയുടെ പോസ്റ്ററിലെ പശ ഉണങ്ങും മുന്നേ തന്നെ വേറേ പോസ്റ്റർ തീയറ്ററുകാർ അതിനു മുകളിൽ ഒട്ടിച്ചിരുന്നു ഇവിടെ. മിക്കടത്തും അങ്ങനെ ആയിരുന്നിരിക്കണം.! ഇതു പോലെ തന്നെ ആയിരുന്നു രഞ്ജിത്തിന്റെ കേരളാ കഫേയുടെ ഗതിയും. ആ പടം വന്നതും പോയതും ഞാനറിഞ്ഞില്ല!. :)

തീയറ്ററുകാർ ഒരല്പം പോലും സപ്പോർട്ട് നല്ല പടങ്ങൾക്ക് കൊടൂക്കുന്നില്ലാ എങ്കിൽ മലയാള സിനിമകൾ മൊത്തം പൊട്ടും - തീയറ്ററിൽ സിനിമ കാണുന്ന ശീലം തന്നെ മലയാളികൾ മറക്കും. അതു തീയറ്ററുകളുടെ തന്നെ നാശത്തിനു ഇടയാക്കും.. 

ഇതു തീയറ്ററുകൾ മനസ്സിലാക്കിയാൽ അവർക്ക് കൊള്ളാം !


Saturday, October 9, 2010

പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് : Pranchiyettan & The Saint (9/10)


Malayalam/2010/Satire/(9/10)

വെർഡിക്ട് ചുരുക്കത്തിൽ : മലയാളത്തിൽ അപൂർവ്വം ആയിട്ട് മാത്രം വരുന്ന, മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടം.

പ്ലോട്ട് : വിദ്യാഭ്യാസമോ സമൂഹത്തിൽ ആഡ്യത്വമോ ഇല്ലാത്ത ഒരു പുത്തൻപണക്കാരൻ കോടീശ്വരൻ - ഫ്രാൻസീസ് എന്ന പ്രാഞ്ചിയേട്ടൻ എന്ന അരിപ്രാഞ്ചി. പണം എറിഞ്ഞോ വിലക്ക് വാങ്ങിയോ എങ്ങനെയെങ്കിലും സമൂഹത്തിൽ ഒരു ആദരവ് വാങ്ങാൻ ശ്രമിക്കുന്ന അരിപ്രാഞ്ചിയുടെ കഥയാണു ഈ സിനിമ.

സിനിമയുടെ കഥ തുടങ്ങുന്നതു, സ്വന്തം പിതൃക്കളെ കാണാൻ സിമിത്തേരിയിൽ എത്തുന്ന പ്രാഞ്ചിയെ കാണിച്ചു കൊണ്ടാണു. അവരുടെ നിർദ്ദേശപ്രകാരം പള്ളിയിൽ ചെന്നു ഫ്രാൻസിസ് പുണ്യാളനെ കണ്ട്, തന്റെ അടുത്ത നടപടിക്ക് അനുവാദം ചോദിക്കുന്ന പ്രാഞ്ചി കണ്ണ് തുറക്കുമ്പോൾ കാണുന്നതു ചക്കക്കുരു-ചൊടിയോടെ മുന്നിൽ നിൽക്കുന്ന പുണ്യാളനെ ആണ്. അദ്ദേഹത്തോട് തന്റെ കഥ പറയുന്നത് ആയിട്ടാണു പിന്നെ കഥ നീങ്ങുന്നതു.

വെർഡിക്ട്  : അസാധാരണമായതു ഒന്നും ഇല്ലാത്ത, തികച്ചും സാധാരണമായൊരു കഥ. ആ കഥയിലേക്ക് ഒരു തോന്നലോ, വിശ്വാസമോ ഒക്കെ ആയ പുണ്യാളനെ കൂടെ കൂട്ടിച്ചേർത്തപ്പോൾ ഉണ്ടാവുന്ന ആ എഫക്ട് - അതു പറഞ്ഞറിയിക്കാനാവാത്തതാണു. ഈ സിനിമയുടെ സൃഷ്ടാക്കൾക്ക് ആ ജീനിയസ് നീക്കത്തിനു  കൊടുക്കണം പത്തിൽ പത്ത്.  പുണ്യാളൻ എന്ന കഥാപാത്രമില്ലാതെ ‘പ്രാഞ്ചിയേട്ടൻ’ മാത്രം ആയിട്ട് ആയിരുന്നു ഈ കഥ മുന്നോട്ട് പോയിരുന്നെങ്കിൽ മറ്റൊരു ആവറേജ് സിനിമ ആയേനെ ഇതും - പക്ഷെ സ്പെഷ്യലിൽ കുറഞ്ഞ് ഒന്നും തന്നെ ഇഷ്ടമില്ലാത്ത രഞ്ജിത്ത് ആ കഥാപാത്രത്തെ ബുദ്ധിപൂർവ്വം ചേർത്തു, അങ്ങനെ നമുക്ക് ഒരു നല്ല സിനിമ കിട്ടി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്-ലൂടെ.

തുവാനത്തുമ്പികൾ എന്ന സിനിമക്ക് ശേഷം തൃശൂർ ഭാഷയിൽ സംസാരിക്കുന്ന നായകൻ - ആ നായകന്റെ എല്ലാ തോൽ‌വികളും ജനം കൈകൊട്ടോടെ ഏറ്റുവാങ്ങുകയാണു. നായകൻ തോറ്റ് ബോധശൂന്യനായി കസേര‌ഉൾപ്പെടെ വീഴുമ്പോഴും ജനം ആഘോഷിക്കുകയാണു തീയറ്ററിൽ - ആഘോഷിക്കാൻ നിർബന്ധിതരാക്കുകയാണു സംവിധായക-തിരക്കഥാ‌-സംഭാഷണ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചേയ്ത രഞ്ജിത്ത്. :) 

സിനിമയിൽ ആദ്യാവസാനം ഹാസ്യവും ആക്ഷേപ ഹാസ്യവും ഇടകലർന്നുള്ള സംഭാഷണങ്ങൾ ആണ് - ആദ്യ ഷോട്ട് മുതൽ അവസാന അഞ്ച് മിനുട്ട് വരെ ഈ പ്രതിഭാസമുണ്ട് - സാധാരണ അവസാന മിനുറ്റിൽ ഒക്കെ കട്ട-‌ടെൻഷൻ ആയിരിക്കും - അല്ലാ എങ്കിൽ ആക്കാനുള്ള കട്ട-ശ്രമം ആയിരിക്കും - അതിനൊന്നും രഞ്ജിത്ത് ഈ സിനിമയിൽ ശ്രമിച്ചിട്ടേ ഇല്ല. ക്ലൈമാക്സിൽ (അങ്ങനെ വിളിക്കാമെങ്കിൽ - സിനിമയുടെ അവസാനം എന്നു വായിക്കുന്നതാണു ബെറ്റർ എന്നു തോന്നുന്നു‌) ആണു ഞാൻ ഏറ്റവും അധികം ഇരുന്നു ചിരിച്ച ഒരു ഡയലോഗ് വരുന്നതു, അതും പുണ്യാളന്റെ വായിൽ നിന്നും.

വാൽക്കഷ്ണം : “തോൽ‌വികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി” എന്നു പ്രാഞ്ചിയേട്ടൻ സ്വയം പറയുമ്പോഴും, പക്ഷെ അതു അംഗീകരിക്കാൻ അദ്ദേഹത്തിന്റെ ഫാൻസ് എന്ന വെട്ടുകിളിക്കുട്ടങ്ങൾ തയ്യാറല്ലാ എന്നു തോന്നുന്നു - പതിവിൽ നിന്നും വ്യത്യസ്ഥമായി കൊട്ടകയിൽ നായകന്റെ ചെരുപ്പ് കാട്ടുന്നതു മുതൽ മുഴങ്ങുന്ന വിസിലുകളും ബഹളങ്ങളും കാണാനേ ഇല്ലായിരുന്നു. കുറച്ച് അധികം നാളുകൾക്ക് ശേഷം ഒരു സിനിമ ഓപ്പണിങ്ങ് ദിവസം വലിയ ശല്യമില്ലാതെ രസിച്ച് കാണാൻ പറ്റി എനിക്ക്! .. നന്ദി രഞ്ജിത്ത്, നന്ദി! :)

 വീണ്ടും ആലോചിക്കുമ്പോൾ, നന്ദനം എന്ന സിനിമയിൽ വിജയകരമായി പരീക്ഷിച്ച ദൈവം എന്ന കഥാപാത്രം (അല്ലാ എങ്കിൽ  ‘തോന്നൽ’)  അത് വീണ്ടും രഞ്ജിത്ത് പഴയതിലും വിജയകരമായി ആഘോഷിക്കുകയാണു ഈ സിനിമയിൽ. ഈ സിനിമയുടെ വിജയത്തോടെ അത്തരം പടങ്ങളുടെ ഘോഷയാത്ര തന്നെ ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു മലയാള സിനിമയിൽ! പ്രാഞ്ചിയുടെ ഫ്രാൻസിസ് പുണ്യാളാ, ഈ സിനിമാക്കാർക്ക് സൽബുദ്ധി തുടർന്നും കൊടുക്കേണമേ..

സിനിമയിലെ ധാരാളം സന്ദർഭങ്ങൾ ഇപ്പോഴും മനസ്സിൽ ബാക്കി നിൽക്കുന്നു - പുണ്യാളൻ ആറ് വരക്കുന്നതു, മലയാളം അറിയാത്ത പുണ്യാളനോട് മലയാളികൾ പ്രാർത്ഥിച്ചതിലെ അർത്ഥശൂന്യത പറയുന്ന ഡയലോഗ്, അങ്ങനെ അങ്ങനെ ...

ശ്ശോ ..എനിക്ക് ഇനീം ഒന്നൂടെ ഈ സിനിമ കാണണം - ഞാൻ ഇനീം പോയി കണ്ടേക്കും ഈ സിനിമ. ! ഉമ്മ .. രഞ്ജിത്ത് .. !


Tuesday, October 5, 2010

നാൻ മഹാൻ അല്ല - Naan Mahaan Alla (7/10)

Tamil/2010/Drama-Action/IMDB/(7/10)

പ്ലോട്ട് : ഒരു സംഭവത്താൽ പരസ്പരം കൂട്ടിമുട്ടുന്ന രണ്ട് കഥകൾ നെയ്ത് ഉണ്ടാക്കിയിരിക്കുന്ന ഒരു സിനിമ ആണിതു.  നായകൻ - ജോലിക്കൊന്നും പോവാതെ ചുമ്മാ കറങ്ങി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു പയ്യൻ.അച്ഛൻ ടാക്സി ഡ്രൈവർ, അമ്മ, പെങ്ങൾ എന്നിവർ ആണു കുടുംബത്തിൽ. നായകൻ ഒരു ബഡാ പൈസക്കാരന്റെ മകളെ പ്രേമിക്കുന്നു, അതിനെ ചുറ്റിപ്പറ്റി ആണു ആദ്യ കഥ നീങ്ങുന്നതു. രണ്ടാം കഥ ഒരു പറ്റം ചെറുപ്പക്കാരെ ചുറ്റിപ്പറ്റി ആണു പറഞ്ഞു പോവുന്നതു - മയക്ക് മരുന്നും മറ്റുമായി ജീവിക്കുന്ന നാലഞ്ച് പുള്ളാർ.. ഒരു ഘട്ടത്തിൽ ഈ രണ്ടു കഥകളും കൂട്ടിമുട്ടുന്നതും, ആ കൂട്ടിമുട്ടലിന്റെ റിസൾട്ടും ആണു ഈ സിനിമ.

വെർഡിക്ട് : സംവിധാനം കിടു!. കഥ പറഞ്ഞ് പോവുന്നതു കാണുമ്പോൾ നമ്മൾ വിചാരിക്കും ഇതെന്താ ഈ സിനിമയിൽ വില്ലന്മാരില്ലാത്തതു എന്നു .. വില്ലന്മാർ ആയിട്ട് ഒരു കഥയിലെ നായകരെ കൂട്ടാമെങ്കിൽ കൂടി നായകനും ആയിട്ട് കൂട്ടിമുട്ടാതെ പരസ്പരം സമാന്തരങ്ങളായി നീങ്ങുന്ന കഥാപാത്രങ്ങൾ എവിടെ വച്ച് കൂട്ടിമുട്ടും എന്ന ഡൗട്ടും. പക്ഷെ ഈ സമാന്തര കഥാപാത്രങ്ങളെ സംവിധാന-കഥാകൃത്ത്-തിരക്കഥാകൃത്തുക്കൾ സമർത്ഥമായി കൂട്ടി മുട്ടിക്കുന്നു, തികച്ചും അപരിചിതർ ആയി തുടങ്ങുന്ന രണ്ട് കഥകളിലേയും കഥാപാത്രങ്ങൾ അങ്ങനെ തന്നെ  തുടരുകയും ചേയ്യുന്നു.

പറയാതിരിക്കാൻ ആവില്ല - പക്ഷെ രണ്ടു കഥകളിലേയും നായകരെ സംവിധായകൻ ‘വെറും വില്ലൻ’ ആയി തരം താഴ്ത്തുന്നില്ല - അവർ അവസാനം വരെ അവരുടെ വ്യൂപോയിന്റിൽ   വീരനായകർ ആണ്. അവർ അവരുടെ നിലനില്പിനായി അവസാന ഇറ്റ് രക്തം വരെ ചിന്താൻ തയ്യാറായി, അങ്ങനെ തന്നെ ചേയ്യുകയും ചേയ്യുന്നു. ചുമ്മാ നായകൻ ഒന്നു തൊടു‌മ്പോഴേക്കും അഞ്ചെട്ട് പ്രാവിശ്യം വായുവിൽ കറങ്ങി, പിന്നെ പറന്ന് ചെന്നു ഭിത്തിയേൽ ഇടിച്ച് വീണു കിടന്നു പിടയുന്ന വില്ലന്മാരുടെ കാലം കഴിഞ്ഞെന്നു തോന്നുന്നു തമിഴ് സിനിമയിൽ! അവസാന സംഘട്ടന രംഗങ്ങളിൽ ശരിക്കും നായകനായ കാർത്തിയെ കടന്നൽ ആക്രമിക്കുന്നതു പോലാണു ഇവർ ആക്രമിക്കുന്നതു - ഒരു ഘട്ടത്തിൽ നായകൻ തോൽക്കും എന്നു പോലും തോന്നിപ്പോവുന്ന തരത്തിലെ ആക്രമണം ആയിരുന്നു വില്ലന്മാരുടേതു. :) 

പിന്നെ വില്ലന്മാർ : നമ്മുടെ വഴിയിലോ മറ്റോ കാണുന്ന പോലത്തെ പുള്ളാർ ആണു ഇവറ്റ. .. കാണു, ഞാൻ ചുമ്മാ പറഞ്ഞ് രസം കളയുന്നില്ല.

എനിക്ക് വളരേ ഇഷ്ടായി, ട്രീറ്റ്മെന്റും, കഥ പറയുന്ന രീതിയും, വില്ലന്മാരേയും. :)  ഇടക്ക് സെന്റി കൊണ്ടു വരാൻ ശ്രമിച്ച പാട്ട് ആണെങ്കിൽ ബോറും ആയി!.  കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ.!

വാൽക്കഷ്ണം : ആ പെൺകൊച്ച് എന്തിനാണാവോ ഈ സിനിമയിൽ - സാധാരണ പെൺകൊച്ചുങ്ങളെ തമിഴ് സിനിമയിൽ ഉൾപ്പെടുത്തുന്നതു തന്നെ പെറ്റിക്കോട്ടും നിക്കറും ഇട്ട് തുള്ളാൻ ആണു, പക്ഷെ ഇതിൽ അതു പോലും ആ കൊച്ച് ചേയ്തിട്ടില്ല!. വേസ്റ്റ്!.


Saturday, October 2, 2010

ഉഡാൻ - Udaan (9/10)



Hindi/2010/Drama/IMDB/(9/10)


പ്ലോട്ട് : ഹോസ്റ്റലിൽ നിന്നും രാത്രി ചാടി പടം കാണുന്ന പരിപാടി പിടിക്കപ്പെട്ട്, സ്കൂളിൽ നിന്നും ഡിസ്മിസ്സ് ചേയ്യപ്പെട്ട്, നാടായ ജംഷഡ്പൂരിൽ എട്ട് വർഷത്തിനു ശേഷം എത്തുകയാണു നായകനായ പയ്യൻ.   ഈ എട്ട് കൊല്ലവും അവന്റെ അച്ഛൻ അവനെ കാണാൻ ബോർഡിങ്ങ് സ്കൂളിൽ എത്തുകയോ അവൻ അവധിക്കാലത്ത് വീട്ടിൽ എത്തുകയോ ചേയ്തിരുന്നില്ല - ബോർഡിങ്ങ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട് നാട്ടിൽ എത്തുന്ന അവനെ കാത്തിരിക്കുന്നതു തനി പട്ടാളച്ചിട്ടയിൽ ജീവിക്കുന്ന സ്വന്തം അച്ഛനും, അവന്റെ അച്ഛന്റെ ഏഴു വയസ്സുള്ള മകനും ആണു. - ഈ അനുജൻ ഈ ഭൂമിയിൽ ഉണ്ടായി എന്നു പോലും അവൻ അറിയുന്നതു വീട്ടിൽ എത്തിയ ശേഷമാണു. തുടർന്നു ആ ‘ജയിലിൽ‘  വാർഡനായ അച്ഛന്റെ ഉരുക്കു മുഷ്ടിയിൽ പെട്ട് ഗതികെടുന്ന, അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഇവർ രണ്ടു പേരുടേയും കഥയാണു ഉഡാൻ.


വെർഡിക്ട് : എ വെനെസ്ഡേ’ക്ക് ശേഷം ഞാൻ കാണുന്ന ഏറ്റവും നല്ല ഹിന്ദി പടം ആണെന്നു തോന്നുന്നു ഇതു! എ വെനെസ്ഡേ’യുടെ വിജയം എന്തായിരുന്നു എന്നു വച്ചാൽ, ഒരു നിമിഷം പോലും സിനിമയുടെ മൂഡിൽ നിന്നും രക്ഷപ്പെടാൻ കാണികളെ അനുവദിച്ചില്ലാ സംവിധാന/തിരക്കഥാകൃത്ത്/സിനിമാറ്റോഗ്രാഫി കൈകാര്യം ചേയ്തവർ എന്നതാണു.   അതിനൊപ്പമോ അതിൽക്കൂടുതലോ നമ്മളെ സിനിമയുടെ മൂഡിലേക്ക് എത്തിക്കാൻ കഴിഞ്ഞൂ ഉഡാന്റെ സൃഷ്ടാക്കൾക്ക് എന്നതാണു ഈ കൊച്ചു പടത്തിന്റെ വിജയം.

സിനിമയുടെ സൃഷ്ടാക്കൾ വേറോരു കാര്യത്തിൽ എന്റെ മുഴുവൻ ആദരവും നേടുന്നുണ്ട് ഈ സിനിമയിലൂടെ - (വില്ലൻ എന്നു പറയാൻ ആവില്ലാ എങ്കിലും) വില്ലനായ അച്ഛന്റെ കഥാപാത്രത്തെ, വെറും  വില്ലനായി അധപതിപ്പിക്കുന്നില്ല അവർ. പകരം അദ്ദേഹത്തിന്റെ വിചാരങ്ങൾ നമ്മളിലേക്കെത്തിക്കാൻ ശ്രമിക്കുക വഴി ആ കഥാപാത്രത്തോടും മാന്യത പുലർത്തിയിരിക്കുന്നു അവർ. വേറേ സിനിമകളിൽ കാണാൻ ബുദ്ധിമുട്ടുള്ള ഒരു സംഗതി ആണിതു.

അഭിനയിച്ചിരിക്കുന്നവർ - അതു ആ കൊച്ചൻ ആണെങ്കിലും ശരി, നായകൻ പയ്യൻ ആണെങ്കിലും ശരി, അച്ഛൻ ആണെങ്കിലും ശരി, അത്യുഗ്രൻ ആയിട്ട് വന്നിട്ടുണ്ട് - ആരേയും മോശം പറയാനില്ലാ എനിക്ക്.  പിന്നെ പ്രത്യേകം എടുത്ത് പറയേണ്ടതു കാസ്റ്റിങ്ങ് ഡയറക്ടറുടെ കാര്യമാണു. കഥാപാത്രങ്ങൾക്ക് ഇതിലും ചേർന്ന നടന്മാരേ കിട്ടില്ലാ എന്നു തോന്നുന്നു, ഈ ഭൂമിയിൽ!. ആ അച്ഛനായിട്ട് റോണിത് റോയ് ജീവിക്കുക തന്നെ ആയിരുന്നു!!..

ശരിക്കും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടമാണിതു. - അതു കൊണ്ടു തന്നെ ആണു ഞാൻ 9 എന്ന ഓൾമോസ്റ്റ് പെർഫക്ട് സിനിമകൾക്ക് മാത്രം കൊടുക്കാവുന്ന റേറ്റിങ്ങ് കൊടുക്കുന്നതു. ആക്ഷനോ, ത്രില്ലിങ്ങ് മോമെന്റ്സോ പറയാനില്ല - പക്ഷെ - .. മിസ്സ് ആക്കേണ്ട! ഒരു കാരണവശാലും.! :)

വാൽക്കഷ്ണം : ഈ സിനിമ നീണ്ട 7 വർഷങ്ങൾക്ക് ശേഷം കാൻസിലെ മത്സര വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധാനം ചേയ്തത്രെ! ..  യാതൊരു അത്ഭുതവും ഇല്ല അതിലേക്ക് സെലക്ഷൻ കിട്ടിയതിൽ!. ..

വേറൊരു കാര്യം .. ആ പോസ്റ്റർ കണ്ടോ .. ആ പോസ്റ്ററിൽ ഉണ്ട് മുഴുവൻ കഥയും ;)


Friday, October 1, 2010

മദരാസപ്പട്ടണം - Madarasappattanam (7/10)



Tamil/2010/Period-Drama/IMDB/(7/10)

പ്ലോട്ട് : ഒരു മദാമ്മ - നമ്മുടെ കവിയൂർ പൊന്നമ്മയെ പോലിരിക്കുന്ന നല്ല ചിരിയുള്ള മദാമ്മ  - മരിക്കാൻ തയ്യാറായി കിടക്കുവാണു, അങ്ങ് ബ്രിട്ടണിൽ. അപ്പോൾ അവർക്ക് പെട്ടെന്നു ഇന്ത്യയിൽ പോവാൻ ആഗ്രഹം ഉദിക്കുന്നു - അവർ പണ്ട് ഇന്ത്യയിൽ 1947 ൽ ബ്രിട്ടീഷുകാർ ഇന്ത്യക്ക് വെളിക്ക് ഇറങ്ങിപ്പോവാൻ മുട്ടി നിൽക്കുന്ന ടൈമിൽ മദ്രാസ് ഗവർണ്ണറുടെ മകൾ ആയി വിലസിയ സ്ഥലമാണു മദ്രാസ് എന്ന ഇപ്പഴത്തെ ചെന്നൈ. അവർ മദ്രാസിൽ എത്തി  കൈയ്യിലെ ഫോട്ടോവിൽ ഉള്ള നായകന്റെ പടവും ആയിട്ട് നടക്കുവാണു, നായകനെ കണ്ടു പിടിക്കാൻ,  കൈയ്യിലെ താലിമാല നായകനു - അല്ലാ എങ്കിൽ അവരുടെ കുടുംബത്തിനു തിരികെ കൊടുക്കാൻ, അതിനിടയിൽ പഴയ സംഭവങ്ങൾ സ്വാഭാവികമായ ഫ്ലാഷ്ബാക്കിലൂടെ നമ്മളെ കാട്ടുന്നുമുണ്ട്.

വെർഡിക്ട് : കൊള്ളാം. നല്ല പടം. നല്ല ചെറു ഹ്യൂമർ സന്ദർഭങ്ങൾ അവിടിവിടെ വിതറിയിരിക്കുന്നതു സിനിമയുടെ ആദ്യ പകുതിയെ സമ്പന്നമാക്കുന്നും ഉണ്ട്. രണ്ടാം പകുതി കഥ സീരിയസ് ആവുന്നു - ചേസും അതിജീവനത്തിനായുള്ള സമരവും ഒക്കെ നന്നായി എടുത്തിരിക്കുന്നു. ക്ലൈമാക്സ് ടച്ചിങ്ങ്.! സംവിധായകനെ, അല്ലാ എങ്കിൽ തിരക്കഥാകൃത്തിനെ അഭിനന്ദിക്കാൻ തോന്നുന്നതു ഈ പടത്തിലെ  1947 ആഗസ്റ്റ് 15ആം തീയതി എന്ന ദിവസത്തിലെ മദ്രാസ് പട്ടണം കാട്ടുന്ന രീതിയാണു.
ആര്യ നന്നായി അഭിനയിച്ചിരിക്കുന്നു - ആ നായിക - എന്നാ രസമാ ആ കൊച്ചിനെ കാണാൻ - മിസ് ടീൻ വേൾഡ് ആയിട്ട് തിരഞ്ഞെടുക്കപ്പെട്ട കുട്ടിയാണത്രെ.. ശ്ശോ .. ശരിക്കും കൊള്ളാട്ടോ..  കൂടാതെ ഇതിൽ നമ്മുടെ കൊച്ചിൻ ഹനീഫയും ഉണ്ട് - ഇതാണെന്നു തോന്നുന്നു കൊച്ചിൻ ഹനീഫയുടെ അവസാന പടം. (?) പിന്നെ ...  സോറി..   ബട്ട്, നായികയുടെ പ്രായമായ കാലം അഭിനയിച്ചിരിക്കുന്ന കവിയൂർ പൊന്നമ്മ ക്ലോണിനു നമ്മുടെ മലയാളത്തിന്റെ അമ്മയെക്കാൾ വളരെ നന്നായി അഭിനയിക്കാൻ അറിയാം,

പിന്നെ പറയേണ്ടതു, 1947 കാലഘട്ടത്തിലെ മദ്രാസ് സ്കൈലൈൻ - ട്രാം ഒക്കെ പേപ്പർ ബോർഡ് കൊണ്ട് ഉണ്ടാക്കിയിരിക്കുന്നതാണെന്നു പെട്ടന്നു മനസ്സിലാവും എങ്കിലും - നല്ല രീതിയിൽ ഗ്രാഫിക്ക്സും കലാ ഡിപ്പാർട്ട്മെന്റും പണിയെടുത്തിട്ടുണ്ട്, റിസർച്ച് നടത്തിയിട്ടുണ്ട്.

ആദ്യ പകുതി ഒരല്പം  സബ്ജക്ടിൽ നിന്നും അകന്നു നിൽക്കുന്നു എങ്കിലും, ഒരല്പം അവിടെ ഇഴച്ചിൽ ഉണ്ടെങ്കിലും, കണ്ടിരിക്കാൻ പറ്റിയ പടം. മിസ്സ് ആക്കേണ്ട. :)