Monday, October 19, 2009

ഊഞ്ഞാല്‍

എന്റമ്മയുടെ കാലഹരണപ്പെട്ട പ്രത്യേയശാസ്ത്രം അനുസരിച്ചു, ഞാന്‍ ഒരു ഒന്നാംതരം താന്നോന്നിയാണ്, ഞാന്‍ ചേയ്യുന്നതെന്തും തെറ്റാണ്, എനിക്കു രണ്ടല്ല, വളരെ അധികം അടിയുടെ കുറവുണ്ട് എന്നൊക്കെ ആണ്. അതു കൊണ്ട് എന്റെ കേസില്‍ ആദ്യം അടി, പിന്നെ ചോദ്യവും പറച്ചിലും എന്ന DYFI ചട്ട സംഹിത പ്രയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു, അതില്‍ അമ്മ അടിയുറച്ച് വിശ്വസിക്കുന്നു. അതു കൊണ്ട് എനിക്ക് എന്തെങ്കിലും അബദ്ധം പറ്റിയാല്‍ ഞാന്‍ അമ്മ ഉള്ള ഏരിയയിലേ നിക്കില്ലായിരുന്നു, അപ്പോ തന്നെ സ്റ്റാന്റ് വിടുമായിരുന്നു.

ഓണം അടുത്തു വന്നിരിക്കുന്ന സമയം - ‘കൂകൂകൂയ്‌യ്‌യ് ...‘ എന്നൊന്നു നീട്ടി വിളിച്ചാല്‍ ഓണം ഓടി പടിക്കല്‍ എത്തും എന്നുള്ള നിലയില്‍ ആണ് സ്കൂളിലെ ഓണപ്പരീക്ഷ കഴിഞ്ഞതു തന്നെ. എന്നെ പോലെ തന്നെ അമ്മയും സ്കൂളില്‍ പോയിരുന്നതിനാല്‍ - പഠിക്കാനല്ല, പഠിപ്പിക്കാന്‍ - ഓണത്തിന്റെ ഒരുക്കങ്ങള്‍ ഒന്നും തന്നെ തുടങ്ങിയിട്ടില്ലാ ആസ് യൂഷ്വല്‍.

പക്ഷെ അഛന്‍ നേരത്തെ തന്നെ എനിക്ക് നല്ല ഒരു ഊഞ്ഞാല്‍ ഒക്കെ കെട്ടി തന്നിരുന്നു വീടിന്റെ വടക്കേപ്പുറത്തുള്ള പ്ലാവില്‍ - കയറ് കൊണ്ട് കെട്ടിയ ഒരു നല്ല ഊഞ്ഞാല്‍ - എനിക്കന്നു ഒരു ഏഴ് വയസ്സ് ആയിട്ടുണ്ടാവും, ഊഞ്ഞാലേല്‍ എഴുന്നേറ്റ് നില്‍ക്കരുതു, ആടി തോട്ടില്‍ വീഴരുതു, അവളെ (അനുജത്തിയെ) ശക്തിയില്‍ ഉന്തി നിലത്തു വീഴിക്കരുതു, വീടിന്റെ ടെറസ്സില്‍ നിന്നും ഊഞ്ഞാലിലേക്ക് ചാടി വീഴരുതു (ജംബോ സര്‍ക്കസ് ആ ഓണത്തിനു തൊട്ട് മുന്നേ ഞങ്ങളുടെ നാട്ടില്‍ വന്നു പോയിരുന്നു) എന്നിങ്ങനെ ഒരു നൂറ് ഉപധികളോട് കൂടെ ആണ് എനിക്ക് ഊഞ്ഞാല്‍ കെട്ടി തന്നതു തന്നെ. പക്ഷെ എന്തോ.. എനിക്ക് അന്നേ ഉപാധികളോട് കടുത്ത എതിര്‍പ്പ് ആയിരുന്നു.

അമ്മ അകത്ത് ഉപ്പേരി വറുക്കുന്നു - എന്റെ ബട്ടന്‍സ് ഇല്ലാത്ത, അതു കൊണ്ട് തന്നെ അരയില്‍ ഒരു വിധം കെട്ടി വച്ചിരിക്കുന്ന (ഉടുത്ത് വൈക്കുക എന്നതാവും കറക്ട് വാക്ക്) കാക്കി നിക്കറിന്റെ പോക്കറ്റ് നിറയെ കുത്തിനിറച്ചിരുന്ന ചെറു ചൂടുള്ള കപ്പ ഉപ്പേരി അഭ്യാസിയേ പോലെ വായില്‍ ഇട്ടുകൊണ്ടാണ് എന്റെ ആട്ടം. നിലത്ത് ഒരല്പം മാറി കണ്ണില്ലാത്ത ചിരട്ട കൊണ്ട് മണ്ണ് ഇഡ്ഡലി ഉണ്ടാക്കി , ഇഡ്ഡലി വേകാന്‍ എടുക്കുന്ന സമയത്ത് “എന്നേം ആട്ട്” എന്നു ശല്യം ചേയ്തു കൊണ്ട് അവള്‍ ഇരുപ്പുണ്ട്.

ഈ ശല്യത്തില്‍ നിന്നു ഒഴിവാകാന്‍ ആവണം ഞാന്‍ സ്വയം ഒരു ചലഞ്ച് ഏറ്റേടുത്തതു - ആടി പ്ലാവിന്റെ ഇല കടിക്കുക എന്ന അതി-സാഹസം. എന്റെ നോട്ടത്തില്‍ തികച്ചും സി‌മ്പിള്‍ ആയോരു ദൌത്യം - കയറിന്റെ നീട്ടം, കൈനറ്റിക്ക് വെലോസിറ്റി, ടോര്‍ക്ക്, ആങ്ങിള്‍ ഓഫ് റീച്ചബിലിറ്റി, ഹുമ്മഡിറ്റി, റ്റൈഡ് പൊസിഷന്‍, എന്നിവ ഒക്കെ വച്ച് കാല്‍ക്കുലേറ്റ് ചേയ്തപ്പോള്‍ അന്നു (വെറും) 180 ഡിഗ്രി ആടിച്ചെന്നു ഒരു പ്ലാവില കടിക്കുന്നതു അത്രക്ക് പ്രശ്നം ആയിട്ട് എനിക്കന്നു തോന്നിയതേ ഇല്ലാ, സത്യം!.

പ്ലാവ്, പ്ലാവില്‍ ഊഞ്ഞാല്‍, ഊഞ്ഞാലില്‍ ഞാന്‍, പ്ലാവിനു പിന്നില്‍ തോട്, തോടിനു പടിഞ്ഞാറ് ചെറിയ ഒരു കാട് പോലത്തെ സംഭവം. (പണ്ട് മുതല്‍ വലിയ മരങ്ങള്‍ - ആഞ്ഞിലി, പാല, പുളി തുടങ്ങിയവ - അവിടെ ആണ് വളര്‍ന്നു വരുന്നതു. ആ പടിഞ്ഞാറേ ‘കാട്ടിലേക്ക്’ ഞങ്ങള്‍ അധികം പോവാറില്ലാ . പൊട്ടിയ കുപ്പിയും റ്റൂബും മറ്റും വലിച്ചെറിയുന്ന സ്ഥലം ആണതു.) ഞാന്‍ ആടുന്നതു കിഴക്കോട്ട് നോക്കി ആണ്, വലത്തേ സൈഡില്‍ - അതായതു തെക്ക് -കിഴക്ക് വശത്ത് ഒരല്പം മാറി എന്റെ വീടിന്റെ അടുക്കള ഭാഗം, ഇടത്തേ സൈഡില്‍ പ്ലാവിന്റെ കട, ആ തോടിന്റെ മട്ടല്‍ ആണ് നമ്മുടെ കാലു കുത്തി കുതിക്കുന്ന ലോഞ്ച്പാഡ്. ഇങ്ങനെ ആണ് സെറ്റപ്പ്.

അങ്ങനെ ഞാന്‍ ആ സി‌മ്പിള്‍ ദൌത്യം ആരംഭിച്ചു... ഞാന്‍ ആടിത്തുടങ്ങി .. കാലേല്‍ കുത്തി പിന്നോട്ട് ഉന്തി, മുന്നോട്ട് കാലു നീട്ടി ശരീരം പിന്നോട്ട് ആഞ്ഞ് മുന്നോട്ട് കുതിച്ച്, റൈറ്റ് ആംഗിള്‍ വരെ വളരെ ഈസിയായിട്ട് ഞാന്‍ എത്തി. നാലു പാടും നോക്കി, ചെവി വട്ടം പിടിച്ച് ശബ്ദം ശ്രദ്ധിച്ച്, ഞാന്‍ ഊഞ്ഞാലേല്‍ എഴുന്നേറ്റ് നിന്നു - പടി ഒരു കവളം മടല്‍ രണ്ട് സൈഡില്‍ ‘വി’ പോലെ കുഴിച്ച് ഉണ്ടാക്കിയ ഒന്നാണ് - അതു ആണേല്‍ പുതിയതും, അതു കൊണ്ട് കയര്‍ അകത്തേക്ക് അധികം കിഴിഞ്ഞ് ഇറങ്ങിയിട്ടില്ല - അതു തെന്നി പോവാന്‍ ചാര്‍സ് കൂടുതല്‍ ആയത് കൊണ്ട് വളരെ ശ്രദ്ധിച്ച് തന്നെ ആണ് എഴുന്നേറ്റ് നിന്നതു.

കാലു കൊണ്ട് കുതിച്ചൂ ഞാന്‍, കയറ് ഞെരുങ്ങി, പടി ആക്കിയ കവളം മടല്‍ കീറിക്കുഴിഞ്ഞു, പക്ഷെ പ്ലാവില മാത്രം താഴ്‌ന്ന് തന്നില്ല. അതു ശരിയാണോ? പ്ലാവിലക്ക് അത്രക്ക് അഹങ്കാരം പാടുണ്ടോ?

കാല്‍ ആദ്യം പ്ലാവിലയില്‍ മുട്ടി, തട്ടി, ചിലത് ഇടര്‍ന്നു വീണൂ. പക്ഷെ കടി എന്നാല്‍ തൊഴി അല്ലാല്ലോ, കടിക്കുക തന്നെ ഇനി. ഊഞ്ഞാല്‍ ഏകദേശം 180 ഡിഗ്രിയില്‍ നിക്കുന്ന ടോപ്പ് പൊസിഷനില്‍ തല മുന്നോട്ടാഞ്ഞ് പ്ലാവില കടിക്കുക എന്ന ‘സി‌മ്പിള്‍’ പണി ഇനിയാണ്. ആദ്യം രണ്ട് തവണ കടിക്കാന്‍ ശ്രമിച്ചത് പ്ലാവിലയുടെ അടുക്കെ എത്തിയതേ ഇല്ലാ.

വീണ്ടും കുതിച്ചൂ ഞാന്‍, പ്ലാവിങ്കൊ‌മ്പ് ഉലഞ്ഞൂ, പ്ലാവ് കിതച്ചൂ, ഊഞ്ഞാല്‍ കരഞ്ഞൂ .. അവള്‍ പേടിച്ച് സേഫായി മാറി നിന്നു .. കടിച്ചൂ .. കടിച്ചില്ലാ .. വീണ്ടും .. ഒന്നൂടെ .. അടുത്തത് കിട്ടും .. കിട്ടണം .. ഒരിഞ്ച് കൂടെ .. കടിച്ചു .. ഇപ്പ കടിക്കും .. കടിച്ചൂ .. തെന്നി .. കാലു തെന്നി .. ഡിം !!!!!!!

കവളം മടല്‍ അറിയാല്ലോ ? എണ്ണ തേച്ച മാര്‍ബിള്‍ പോലെ ആണ് അതിന്റെ മുകള്‍ ഭാഗം. അത് ചതിച്ചൂ. പക്ഷെ വീണില്ലാ. കൈ കയറില്‍ ചുറ്റി അതില്‍ കറങ്ങി നിലത്തടിച്ച് നിലത്തുരഞ്ഞ് മണ്ണ് കുഴിച്ച് തൂങ്ങിക്കിടന്ന് , സര്‍ക്കസില്‍ റഷ്യന്‍ സുന്ദരിമാര്‍ കയറില്‍ തൂങ്ങിക്കിടന്നു ‘ഇതൊക്കെ വെറും സി‌മ്പീള്‍‘ എന്ന മട്ടില്‍ കാലു പൊക്കി കാട്ടി ഒരു സെക്കണ്ട് നിന്ന ശേഷമേ ഞാന്‍ വീണോള്ളൂ.

നിലത്ത് നിന്നും എഴുന്നേറ്റ ഞാന്‍ ആദ്യം നോക്കിയതു അമ്മയുടെ ഒച്ചയാണ്, ഇല്ല, അടുക്കളയില്‍ എന്തോ പാത്രം നിലത്ത് എറിഞ്ഞ് കളിക്കുകയാണമ്മ. പിന്നെ ഒരു സെക്കന്റ് ഞാനവിടെ നിന്നില്ലാ .. തുടയില്‍ കുത്തി കയറിയ ഉപ്പേരി വകവക്കാതെ, ഉരഞ്ഞ് കുഴിഞ്ഞ കൈത്തണ്ട വകവൈക്കാതെ, അവളുടെ ചിരി വകവക്കാതെ, വീണു തുടങ്ങിയ നിക്കര്‍ വകവക്കാതെ, ഞാനോടി .. വേദന എനിക്കില്ലായിരുന്നു അപ്പോള്‍, ആകെ ഒരു മരവിപ്പ് മാത്രം!

പറ‌മ്പില്‍ ഒരു മൂലക്ക് ചെന്നിരുന്നു കൈ പരിശോധിച്ചു, അങ്ങോട്ടും ഇങ്ങോട്ടും അനക്കി നോക്കി .. ഇല്ലാ അധികം പ്രശ്നം ഇല്ല. കുറച്ച് കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞ് മുറിവില്‍ ഒഴിച്ചു, നീറ്റല്‍ കടിച്ചമര്‍ത്തി വൈകിട്ട് വരെ കറങ്ങി നടന്നു ഞാന്‍ സന്ധ്യക്ക് വീട്ടില്‍ ചെന്നു കയറി..

വാല്‍ക്കഷ്ണം : ആ മുറിവിന്റെ പാട് ഇപ്പോഴും എന്റെ കൈത്തണ്ടയിലുണ്ട് - അതാണ് എന്റെ SSLC ബുക്കിലെ ഐഡിന്റിഫിക്കേഷന്‍ മാര്‍ക്കുകളില്‍ ഒന്നു! അമ്മ വൈകിട്ട് തന്നെ എനിക്ക് എനിക്കവകാശപ്പെട്ട ഡോസ് തന്നിരുന്നു, ചൂലില്‍ നിന്നും ഒരു പിടി ഈര്‍ക്കിലി വലിച്ചൂരി പുറമെന്നോ കൈയ്യെന്നോ കാലെന്നോ നോക്കാതെ പൂശി അമ്മ എനിക്കിട്ട്. ചൂലു കൊണ്ടുള്ള അടിക്ക് ഒരു ഗുണം ഉണ്ട് - എവിടെ ആണ് അടി കിട്ടിയതെന്നു നമുക്ക് മനസ്സിലാവില്ലാ - മൊത്തം പരന്നു വീഴും അതു പുറത്ത്! ;)