Sunday, July 22, 2012

ഉസ്റ്റാദ് ഹോട്ടൽ - Ustad Hotel (5.5/10)

Ustaad Hotel/Malayalam/2012/Family-Drama/M3DB/ (5.5/10)

പ്ലോട്ട് : നാലു പെങ്ങന്മാരുടെ ഏക സഹോദരൻ, ഫുഡ് ഉണ്ടാക്കാൻ വളരേ ഇഷ്ടമുള്ളയാളുമായ നായകൻ സ്വന്തം അച്ഛന്റെ ഇച്ഛക്ക് വിപരീതമായി വിദേശത്ത് ഷെഫ് പഠിക്കാൻ പോവുന്നു, തിരികെയെത്തിയ മകനു സ്വന്തമായി ഒരു മദാമ്മ ഗേൾഫ്രണ്ടും ഒക്കെയുണ്ട്, പക്ഷെ, മകൻ കുശിനിക്കാരനാവൻ പഠിക്കുകയായിരുന്നു എന്നറിയുന്ന അച്ഛൻ  പാസ്സ്പോർട്ടും ഒക്കെ എടുത്ത് മാറ്റുന്നു മകന്റെ, അങ്ങനെ തിരികെപ്പോവാൻ ആവാതെ മകൻ കേരളത്തിൽ പെട്ട് പൊവുന്നു, അങ്ങനെ മകൻ വീട് വിട്ടിറങ്ങുന്നു. മകൻ ചെന്നു പെടുന്നത് കോഴിക്കോട് ബീച്ചിൽ ദശാബ്ദങ്ങളായി ഉസ്താദ് ഹോട്ടൽ എന്ന ഹോട്ടൽ നടത്തുന്ന സ്വന്തം അപ്പൂപ്പന്റെ അടുക്കേലാണു. അവിടെ അവൻ പ്ലേറ്റെടുക്കുന്നത് മുതൽ പാചകം വരെ ആദ്യേന്നു പഠിച്ച് തുടങ്ങുന്നു .. ആ ഹോട്ടലിനു പിന്നീട് വരുന്ന പ്രശ്നങ്ങളും, അത് അതിജീവിക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങളും ഒക്കെയാണു ഈ സിനിമ. .


വെർഡിക്ട് : ബിസിനസ്സുകാരനായ അച്ഛൻ, അച്ഛനെ ധിക്കരിച്ച് വീടിനു പുറത്തിറങ്ങുന്ന മകൻ, ചെന്നു പെടുന്നത് ഒരു സിംഹത്തിന്റെ മടയിൽ, അവിടുന്നു പാട്ട് പഠിച്ച് നാടിനെ നന്നാക്കുന്ന നായകൻ, അത് കേട്ട് അച്ഛൻ തിരിച്ചെത്തി മകനെ കെട്ടിപ്പിടിക്കുന്നു .. ക്ലീഷേ കഥ അല്ലാല്ലോ അല്ലേ ഇത്? :)

 മമ്മൂട്ടിയുടെ മകൻ അഭിനയിക്കുന്ന സിനിമ, അഞ്ജലീ മേനോൻ എഴുതിയ സിനിമ, ബ്രിഡ്ജ് കഴിഞ്ഞ് അന്വർ റഷീദ് ഒരുക്കുന്ന സിനിമ .. എന്നിങ്ങനെയുള്ള  ഈ ഹൈപ്പ് ഒക്കെ ഒഴിവാക്കിയാൽ, ശരിക്കും ഒരു ആവറേജ് സിനിമ. നിന്ന നില്പിൽ ലക്ഷങ്ങൾ ഒക്കെ ഉണ്ടാക്കുന്നതു മാതിരി തികച്ചും അസാധ്യമായ കാര്യങ്ങൾ ഒക്കെ നായകൻ കാട്ടുന്നത്  സാധാരണ സിനിമയിൽ സാധാരണയാവാം, പക്ഷെ നവയുഗ റിയലിസ്റ്റിക്ക് സിനിമ എന്നൊക്കെ ഉദ്ഘോഷിച്ച ഈ സിനിമയിൽ ഇത്തരം സംഭവങ്ങൾ പ്രതീക്ഷിക്കാനാവാത്തതാണു, ക്ഷമിക്കാനാവാത്തതാണു.  അല്ലെങ്കിലും, ഈ സിനിമ ഉൾപ്പെടെ, ദുൽഖർ സൽമാന്റെ പടങ്ങൾ  അമിതമായി ഹൈപ്പ്ഡ് ആണെന്നാണു എനിക്ക് തോന്നീട്ടുള്ളത്. 
പക്ഷെ, നല്ല ഒരു സന്ദേശം തരുന്ന സിനിമ ( ഇതേ സന്ദേശം ഞാൻ ഇതേ തമിഴ് അഭിനേതാവിന്റെ വായിൽ നിന്നും ഞാൻ ഏതോ തമിഴ് സിനിമയിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്!)   തയ്യാറാക്കാൻ ചങ്കൂറ്റം കാട്ടി എന്ന നിലയിൽ അഞ്ജലീ മേനോനും അന്വർ റഷീദും അഭിനന്ദനം അർഹിക്കുന്നു.

അതുമല്ല, ചില ഡയലോഗ്സ് മനസ്സിൽ നിന്നും മായുന്നും ഇല്ല  - “വയറു നിറക്കാൻ ആർക്കും പറ്റും, പക്ഷെ കഴിക്കുന്നവന്റെ മനസ്സു നിറക്കുന്നവനേ കൈപ്പുണ്യമുള്ളൂ”,  “ വയർ നിറഞ്ഞാല് മതിയെന്ന് പറഞ്ഞെ പറ്റു!! വേറേ എന്തായാലും ഇനിയും വേണം എന്നു മനുഷ്യൻ പറയും” എന്ന ഡയലോഗും കൊള്ളാം.

പക്ഷെ, ഷെഫ് എന്നാൽ കുശിനിക്കാരൻ എന്ന് വിശ്വസിക്കുന്ന അൾട്രാ മോഡേൺ ഹൈലീ എജൂക്കേറ്റഡ് റോക്ക്സ്റ്റാർ പെൺകുട്ടി കഥാപാത്രം ഇച്ചിരി ഓവറായില്ലേ എന്നോരു ഡവിട്ട്!

ഒറ്റ വാചകത്തിൽ : ഷാറൂഖ് ഖാൻ അഭിനയിച്ച സ്വദേശിന്റെ ഫുഡ് വേഴ്ഷൻ കാണണമെങ്കിൽ കാണാം. ബോറടി ഇല്ല, ജസ്റ്റ് ടൈം പാസ്സ്.

വാൽക്കഷ്ണം : കാക്ക കുളിച്ചാൽ കൊക്കാവില്ല ..  ഇടക്കിടക്ക് ഫുഡിന്റെ ക്ലോസ്സപ്പുകൾ സ്ക്രീൻ സ്പ്ലിറ്റ് ചേയ്തും അല്ലാതേയും കാണിച്ചാൽ ഒരു സിനിമ സോൾട്ട് ആൻഡ് പെപ്പർ ആവില്ല.




Sunday, July 1, 2012

നമുക്ക് പാർക്കാൻ .. - Namukku Paarkkaan (3.5/10)

Namukku Parkkan/Malayalam/2012/Family-Drama/M3DB/ (3.5/10)

പ്ലോട്ട് : ഒരു മിഡിൽ ക്ലാസ്സ് കുടുംബം. അച്ഛൻ (അനൂപ് മേനോൻ - വെറ്റിനറി ഡൊക്ടർ) അമ്മ (മേഘ്‍ന രാജ് - ടീച്ചർ) രണ്ട് മക്കൾ. അദ്ദേഹത്തിന്റേം കുടുംബത്തിന്റേം ഏറ്റവും വലിയ ആഗ്രഹം ഒരു വീട് വൈക്കുക എന്നതാണു - അതിനായുള്ള ശ്രമങ്ങൾ ആണു ഈ സിനിമ.

 വെർഡിക്ട് : മലയാള സിനിമയിൽ ഇന്നോളം വന്നിട്ടുള്ള മിക്കവാറും ക്ലീഷേകൾ നിരത്തിവച്ച് ഒരു സിനിമ പിടിച്ചാൽ എങ്ങനിരിക്കും - എന്ന ചോദ്യത്തിനു ഉത്തരം വേണമെങ്കിൽ, ദാ ഈ സിനിമ കാണുക.

നായകൻ ഡോക്ടർ ആണെന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യോം ഇല്ല - നാട്ടാരുടെ കൈയ്യീന്നു അഞ്ച് പൈസ ഫീസ് വാങ്ങില്ല എന്നോരു ദുശ്ശീലവും കൈയ്യിലുണ്ട്. അതുമല്ല, ഒരു മൂവായിരം സ്ക്വയർ ഫീറ്റ് തറ വിസ്തീർണ്ണമുള്ള ‘ചെറീയ’ വീട് വൈക്കാൻ പെടാപ്പാട് പെടുന്ന ഡൊക്ടർ ! .. പിന്നെ സാധാരണ പോലത്തെ ക്ലീഷേകൾ - കൈക്കൂലി വാങ്ങുക, അതിന്റെ ടെൻഷൻ, ചേട്ടന്മാരേയും അനിയന്മാരേയും ദൈവത്തെപ്പോലെ സ്നേഹിക്കുക, അവരെ സ്വന്തം കാലേൽ നിർത്താൻ പരിശ്രമിക്കുക, എന്നിട്ട് അവരുടെ ഭാര്യമാരുടെ കൈയ്യീന്നു ആട്ടും തുപ്പും കൊള്ളുക, എക്സട്രാ, എക്സട്രാ.. !  പിന്നെ ഇടക്കിടക്ക് ബോറടിപ്പിക്കാൻ ഒരു ഗുണവും ഇല്ലാത്ത, സിനിമയും ആയിട്ട് ഒരു ബന്ധവും ഇല്ലാതെ ഒട്ടിച്ച് വച്ചിരിക്കുന്ന കുറച്ച് പാട്ടുകളും.

എന്റെ അനൂപ് മേനോൻ ചേട്ടാ, എന്തിനാ ഇങ്ങനത്തെ സിനിമകൾക്ക് ഡേറ്റ് കൊടുക്കുന്നേ? ഉണ്ടാക്കിയെടുത്ത ഒരു നല്ല പേരു ഇത്തരം സിനിമകളിൽ അഭിനയിച്ച് കളഞ്ഞ് കുളിക്കണോ? കാശു മാത്രം മതിയെന്നാണെങ്കിൽ, ജയറാം എന്ന നടനു വന്ന ദുര്യോഗം ഓർക്കുന്നത് നന്ന് - ഇന്നു മലയാളികൾക്ക് ജയറാമിന്റെ മുഖം തന്നെ അലർജി ആയി മാറിയത് അങ്ങാരുടെ പൊട്ട റോൾ സെലക്ഷനുകൾ മൂലമാണു. 

അഭിനേതാക്കളിൽ അനൂപ് മേനോൻ ‌ - ആവറേജ്, മേഘ്നാ റായ് - ഗ്ലാമറാവാൻ ശ്രമിച്ച് ബോറാക്കിയിട്ടുണ്ട്, ടിനീ ടോം - ബ്യൂട്ടിഫൂളിലെ അതേ വേഷം, അതേ സ്ലാങ്ങ്, നന്ദൂ - സ്പിരിറ്റിലെ വേഷത്തിന്റെ ഒരു ഈച്ച കോപ്പി, ആകെ ഉഗ്രൻ എന്നു പറയാൻ ഗസ്റ്റ് അപ്പിയറൻസിൽ വരുന്ന ജയസൂര്യ മാത്രം.

ഒറ്റ വാചകത്തിൽ : ആവറേജ് പടം. കണ്ടില്ലാന്നു വച്ച് ഒന്നും സംഭവിക്കാനില്ല.

വാൽക്കഷ്ണം : എന്റെ ലാസ്റ്റ് പത്ത് മുപ്പത്തിയഞ്ച് കൊല്ലത്തിനിടക്ക് വീട്ടിൽ വന്നു ചികിത്സിക്കുന്ന ഡൊക്ടറന്മാരിൽ ഒരാളെ പോലും കണ്ടിട്ടില്ലാ, ഫീസ് വാങ്ങാത്തതായിട്ട്. ഇതു പോലത്തെ കഥാപാത്രങ്ങളെ ഒക്കെ എവിടുന്നു കിട്ടുന്നു ഈ സിനിമാക്കാർക്ക്, ആവോ!.


Thursday, May 3, 2012

22 ഫീമെയിൽ കോട്ടയം - 22 Female Kottayam (8/10)


22 Female Kottayam/Malayalam/2012/Drama/M3DB/ (8/10)

ഒറ്റ വാചകത്തിൽ : മസ്റ്റ് സീ. ഒരു കാരണവശാലും തീയറ്റർ കാഴ്ച മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.

വെർഡിക്ട് : ഇതാണു സിനിമ. ഞാൻ പണ്ടെങ്ങാണ്ടും ഒക്കെ കണ്ട ഒരു ചെക്കസ്ലോവാക്യൻ സിനിമയോട് പ്ലോട്ടിനു നല്ല സാദൃശ്യം ഒക്കെ ഉണ്ടെങ്കിലും, മലയാളത്തിൽ ഇങ്ങനത്തെ ഒരു സിനിമ - സങ്കല്‍പ്പിക്കാൻ പോലും ആവുന്നില്ല. ഇത്തരം ഒരു സിനിമ എടുക്കാൻ ആഷിക്ക് അബുവിനുണ്ടായ ധൈര്യത്തിനു നൂറിൽ നൂറ് മാർക്ക്.

മറന്നു തുടങ്ങിയ പഴേയ താരങ്ങളെ -  പ്രതാപ് പോത്തൻ, ടി ജീ രവി, സത്താർ എന്നിവരെയൊക്കെ സ്വന്തം സിനിമയിൽ അവസരം കൊടുത്തതിനു - അതും എണ്ണം പറഞ്ഞ റോളുകളിൽ തന്നെ അവസരം വീണ്ടും കൊടുത്തതിനു വീണ്ടൂം ആഷിക്ക് അബുവിനു തന്നെ കൈയ്യടി..

സംവിധാനത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ : ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധ ചെലുത്തി, ഒരു പെർഫക്ട് സിനിമയാക്കാൻ ആഷിക്ക് നടത്തിയിരിക്കുന്ന ശ്രമത്തെ, അഭിനന്ദിച്ചേ മതിയാകൂ.   പരിക്ക് പറ്റിയിരിക്കുന്ന ഒരാളെ അയാളുടെ പാർട്ട്ണർ ഒരു വികാര വിസ്ഫോടനത്തിന്റെ  വക്കിൽ വച്ച്  പിടിച്ചുലക്കുമ്പോൾ, “അയ്യോ വേദനിക്കുന്നു” എന്ന് കരയുന്ന കഥാപാത്രങ്ങൾ എത്ര മലയാള സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ടാവും?

സിനിമയുടെ മൂഡിനൊത്ത വിധം കാമറ ചലിപ്പിച്ച്, ആ മൂഡുകൾ പ്രേക്ഷകനിലേക്കെത്തിക്കാൻ ശ്രമിച്ച് വിജയിച്ച ഷൈജൂ ഖാലിദിനും കൈയ്യടിക്കാതെ വയ്യ - ട്രാഫിക്ക്, പിന്നെ സോൾട്ട് ആൻഡ് പെപ്പർ ... അതു കഴിഞ്ഞ് ഈ സിനിമ. യിങ്ങേരു കൊള്ളാട്ടോ!.

ഇനി മെയിൻ അ‘ഫി’നേതാക്കൾ : റീമാ കല്ലിങ്കൽ : സത്യത്തിൽ ആദ്യായിട്ട് ആണു ഒരു സിനിമയിൽ റീമയുടെ അഭിനയം ഇഷ്ടാവുന്നത്. ചെറിയ ചെറിയ കാര്യങ്ങൾ വരെ ഓർത്ത് വച്ച്, അവയിൽ ശ്രദ്ധിച്ചുള്ള അഭിനയവും, അതിൽ ഇവർ എടുത്തിട്ടുള്ള എഫേർട്ടും ഒക്കെ പലയിടങ്ങളിലും നമ്മൾക്ക് വ്യക്തമായി അറിയാൻ ആവുന്നുണ്ട് - ആർട്ടിസ്റ്റിന്റെ അടുക്കേൽ നിന്നും കൂടുതൽ ഡിമാന്റ് ചേയ്യുന്ന ഒരു സംവിധായകനു, ഒരു നല്ല കഠിനപ്രയത്നം ചേയ്യുന്ന ആർട്ടിസ്റ്റിന്റെ കൈയ്യിൽ നിന്നും വാങ്ങാവുന്ന ഭാവങ്ങൾക്കും പ്രകടനങ്ങൾക്കും ഒരു പരിധിയില്ല എന്നു തെളിയിക്കുന്നു ഇതിലെ റീമയുടെ പ്രകടനം.

ഫഹദ് ഫാസിൽ : നോർമൽ ബിസിനസ്സ് ക്ലാസ്സ് ഗയ്. മെനക്ക് ചേയ്തിരിക്കുന്നു ഫഹദ്. പക്ഷെ, ഫഹദിനെ ഈ ബിസിനസ്സ്മാനോ, എക്സിക്യൂട്ടീവോ അല്ലാത്തോരു  നോർമൽ റോളിൽ കാണാൻ കൊതിയാവുന്നു എനിക്ക്..

പിന്നെ പറയേണ്ടത് റെക്സ് വിജയനും ബിജിബാലും കൂടെ സംവിധാനം നടത്തിയിരിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറിനെപ്പറ്റിയാണു. ഓവറാവാതെ, സിനിമയുടെ കൂടെ ചേർന്നു സീനുകളുടെ മൂഡിനെ പതിന്മടങ്ങാക്കാൻ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല - അതുകൊണ്ട് ഇവർക്കും കൈയ്യടി അനിവാര്യം.

ഇനി ശരിക്കും താരങ്ങളുടെ കാര്യം : അഭിലാഷ് കുമാർ-ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന സിനിമയുടെ തിരനാടകം. കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി കണ്ടിട്ടുള്ള സിനിമകളിൽ നിന്നും വ്യത്യസ്ഥമാക്കാൻ ഈ സിനിമയെ സഹായിച്ചിരിക്കുന്നതും, ഈ സിനിമയുടെ ഹൈലൈറ്റും ഈ തിരക്കഥയും സംഭാഷണങ്ങളും ഒക്കെത്തന്നെയാണു. ഹ്യൂമറിനു ഹ്യൂമർ, ഇമോഷൻസിനു ഇമോഷൻസ് ..   ഇവർ ഇനിയും ഇത്തരം എഴുത്തുകൾ നടത്തട്ടെ.. അങ്ങനെ കാഴ്ചക്കാർക്ക് ഇനിയും വിരുന്നൊരുക്കട്ടെ..


പ്ലോട്ട് : പലരുടേയും റിവ്യൂകളും, മറു റിവ്യൂകളും, ഫെമിനിസ്റ്റ്-ആന്റീ ഫെമിനിസ്റ്റ്-മെയിൽ ഷെവനിസ്റ്റ്-ആന്റീ മെയിൽ ചിന്താഗതികളും, സിനിമയുടെ നെഗറ്റീവ് പ്രമോഷനും ഒക്കെക്കൊണ്ട് തമ്മിത്തല്ലുകൾ സോഷ്യൽ മീഡിയയിലും മറ്റും  മിക്കവാറൂം ദിവസേന എന്ന വിധം നടക്കുന്നത് കൊണ്ടൂം, ഈ അടികളിൽ സിനിമയുടെ  ക്ലൈമാക്സ് വരെ റിവീൽഡ് ആവുന്നുണ്ട് എന്നതു കൊണ്ട്, എല്ലാവർക്കും പ്ലോട്ട്  അറിയാമെന്ന് ഊഹിച്ച് കൊണ്ട്, ആ സാഹസത്തിനു ഞാൻ മുതിരുന്നില്ല.  - അല്ലെങ്കിലും, കഥയല്ല, സിനിമായാണു ഇവിടെ താരം.

വാൽക്കഷ്ണം : ഈ റേഡിയോക്കാർ ചുമ്മാ പറഞ്ഞ് പറ്റിച്ചു : ഈ സിനിമയിൽ റീമയും ഫഹദും കിസ്സ് ചേയ്യുന്നുണ്ട് .. മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മിയാണു ഫഹദ് ... എന്നൊക്കെ   പറഞ്ഞ് എന്തോരു ബഹളമായിരുന്നു ...    ചുമ്മാതാണേ .. അങ്ങനത്തോരു സംഭവം ഈ സിനിമയിലില്ല! :)

പിന്നെ വിവാദങ്ങളുടെ കാര്യം : ഒരു സിനിമ കണ്ടിട്ട്, അതിലെ കഥാപാത്രം കോട്ടയംകാരിയാണെന്നതു കൊണ്ട് ആ കഥാപാത്രം ചേയ്യുന്ന കാര്യങ്ങൾ ആണു എല്ലാ കോട്ടയംകാരും ചേയ്യുന്നതെന്നു വിശ്വസിക്കുന്നതോ, അല്ലെങ്കിൽ വിചാരിക്കുന്നതോ ആരുടെ തെറ്റ്? ആ സിനിമയുടെ സംവിധായകന്റേയോ, ഫിക്ഷൻ എന്ന വാക്കിന്റെ അർത്ഥം എന്തെന്നു അറിയില്ലാത്ത പ്രേക്ഷകന്റേയോ?  ഫിക്ഷൻ എന്ന വാക്കിൽ തന്നെയുണ്ട് അതിന്റെ അർത്ഥം - "Fiction is the form of any narrative or informative work that deals, in part or in whole, with information or events that are not factual, but rather, imaginary—that is, invented by the author."  എന്നു വിക്കി പറയുന്നു. 


ഇങ്ങനെ പോയാൽ, കഥാപാത്രങ്ങൾ ചേയ്യുന്നത് മുഴുവനും കഥാപാത്രത്തിന്റെ നാട്ടുകാരോ, ഗോത്രക്കാരോ, മതക്കാരോ ജാതിക്കാരോ എപ്പോഴും ചേയ്യുന്നു എന്ന ആരോപണം ആണു സിനിമ ഉയർത്തുന്നതെന്നു എല്ലാ സംഘടനകളും ഉയർത്തുകയും, സിനിമാ തീയറ്റർ തല്ലിപ്പൊളിക്കുകയും ചേയ്യും കുറച്ച് നാളുകൾക്കകം. ഇതിൽ നിന്നൊക്കെ രക്ഷപ്പെടാൻ ആയിട്ട് സിനിമാക്കാർ വില്ലന്മാരേ എപ്പോഴും വല്ല അന്യഗൃഹജീവികളോ, പാക്കിസ്ഥാൻ‌കാരോ ആക്കി സിനിമ പിടിക്കുന്ന കാലവും വിദൂരമല്ല. 


മലയാള സിനിമയേ രക്ഷിച്ചേക്കണേ ദൈവമേ. .. 


Wednesday, April 4, 2012

മാസ്റ്റേഴ്സ് - Masters (6.5/10)



Masters/Malayalam/2012/Suspense Crime-Thriller/M3DB/ (6.5/10)

 പ്ലോട്ട് :  യുവ IPS ഓഫീസർ ആയ നായകൻ ശ്രീരാമകൃഷ്ണനെ (പൃഥ്വിരാജ്) തന്റെ കരിയറിലെ കേസുകളിലെ പരാജയത്തിനിടയിലും, പ്രമാദമായ  ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനായി ചുമതലപ്പെടുത്തപ്പെടുന്നതോടെയാണു സിനിമ തുടങ്ങുന്നത്. തന്റെ എല്ലാ കേസുകളിലും ഉറ്റ സുഹൃത്തായ മിലിൻ പോളിന്റെ (ശശികുമാർ) സഹായങ്ങൾ ആസ്വദിക്കുന്നയാളാണു നായകൻ. തുടരെത്തുടരെയുള്ള കൊലപാതകങ്ങളും, കൊലചേയ്യുന്നവർ ചാവേറുകൾ ആവുന്ന രീതിയും, കൊലചേയ്യപ്പെടുന്നവരുടെ സാമൂഹിക പ്രാധാന്യവും ഒക്കെ ഈ കേസിനെയും കഥാഗതിയേയും വളരേ ശ്രദ്ധിക്കപ്പെടുന്നവ ആക്കുന്നു. ആ കേസന്വേഷണങ്ങൾ  ആണു ഈ സിനിമയുടെ കാതൽ.

വെർഡിക്ട് : ജോണി ആന്റണി എന്ന തട്ട് പൊളിപ്പൻ സ്ലാപ്പ്സ്റ്റിക്ക് കോമഡി പടങ്ങളുടെ  സംവിധായകൻ ഒരു ത്രില്ലർ ചേയ്യുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് അത്ര പ്രതീക്ഷ ഇല്ലായിരുന്നു - പക്ഷെ അൻ‌വർ റഷീദിന്റെ അടുക്കേൽ നിന്നും ബ്രിഡ്ജ് വന്നതു പോലെ വല്ലതും സംഭവിച്ചേക്കാം എന്ന  - സാഹസികം എന്നു വിശേഷിപ്പിക്കാവുന്ന - ഒരു ആശയും ഉണ്ടായിരുന്നു എനിക്ക്. ബ്രിഡ്ജ് പോലെ ഒന്നു സംഭവിച്ചില്ലായെങ്കിലും, ജോണീ ആന്റണി എന്ന സംവിധായകനു കഴിവുകൾ ഉണ്ട് എന്നു തെളിയിക്കുന്നു ഈ സിനിമ.

ഒരു ഡീസന്റ് സസ്പെൻസ് ത്രില്ലർ, മെനക്ക് പറഞ്ഞ് പോവാൻ കഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണു സിനിമയുടെ സൃഷ്ടാക്കളുടെ ഏറ്റവും വലിയ കാര്യം. നല്ല തിരക്കഥ, നായകന്റെ കുഴപ്പമില്ലാത്ത അഭിനയം, എന്നിവയൊക്കെ പരാമശം അർഹിക്കുന്നവ ആണു.

പക്ഷെ, ശശികുമാർ എന്ന നടനെപ്പറ്റിയുള്ള സഹല അഭിപ്രായങ്ങളും ഈ സിനിമയോടെ മാറി - അലമ്പ് ഡബ്ബിങ്ങ്! ആവറേജ് അഭിനയം!  .. മലയാളം ഒരു തരി പോലും അറിയാത്തവരെ ഒക്കെ പിടിച്ച് എന്തിനു ഇത്തരം സിനിമകളിൽ മുഴുനീളം കഥാപാത്രങ്ങൾ കൊടുക്കുന്നു ഈ സിനിമാക്കാർ? - വല്ല നസ്സുറൂദ്ദീൻ ഷായോ, അനുപം ഖേറോ ഒക്കെയാണെങ്കിൽ സഹിക്കാമായിരുന്നു .. ആ ടാലന്റ്സ് മലയാളത്തിൽ അഭിനയിക്കേണ്ടത് മലയാളത്തിന്റെ ആവശ്യമാണു. പക്ഷെ .. അവരെവിടെക്കിടക്കുന്നു, ഇങ്ങേരെവിടെക്കിടക്കുന്നു! അലമ്പ്, ശശികുമാർ.

പിയാ ബാജ്പൈ കൊള്ളാം, സലിം കുമാർ സാധാരണ പോലെ ബോറാക്കിയില്ല, ഷമ്മീതിലകൻ സാധാരണ പോലെ തെറിച്ച് അഭിനയിച്ചിരിക്കുന്നു!

പക്ഷെ, മെച്ചപ്പെടുത്താമായിരുന്നു പലയിടങ്ങളിലും - ബിജൂമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഉൾപ്പടെയുള്ളവരുടെ ഇൻ‌ട്രോ ഒരല്പം കൂടെ മെച്ചപ്പെടുത്തിയിരുന്നുവെങ്കിൽ എന്നു ആഗ്രഹിച്ചു പോയീ ഞാൻ.

പക്ഷെ, പേരിനു കുറച്ച് ഇഴച്ചിലും ചേർത്തിട്ടുണ്ട് സംവിധായകൻ - മെയിൻ വില്ലന്റെ ഇൻ‌ട്രോ വലിച്ച് നീട്ടി ഒരു മഹാഭാരതം തന്നെ  രചിച്ചിട്ടുണ്ട് സംവിധായകൻ - എന്തിനു ഒരു പതിനഞ്ച് മിനുറ്റ് വെറൂതേ കളഞ്ഞൂ അതിനായി? പിന്നെ അനവസത്തിൽ വരുന്ന പാട്ടുകൾ .. മാപ്പില്ലാ!.

ഒറ്റവാചകത്തിൽ : കണ്ടിരിക്കാൻ പറ്റുന്ന, ഒരു സിനിമ. ഒട്ടുമേ ബോറടിക്കില്ല, അതുറപ്പ്.  കാണു, മിസ്സാക്കേണ്ട - മലയാളത്തിൽ ഇത്തരം ഡീസന്റ് സിനിമകൾ പോലും ഉണ്ടാവുന്നത് വല്ലപ്പോഴും കാലത്താണു!

വാൽക്കഷ്ണം :  ജഗതി, സമുദ്രക്കനി തുടങ്ങിയ വളരേ വലിയൊരു താരനിര ചുമ്മാ വന്നു പോവുന്നുണ്ട് ഈ സിനിമയിൽ .. കോറേപ്പേരെ അഭിനയിപ്പിച്ച് ബഡ്ജറ്റ് കൂട്ടിയാൽ സിനിമ ഹിറ്റാകുമെന്നോ മറ്റോ വിശ്വസിച്ച് വച്ചിട്ടുണ്ടോ ആവോ ഈ സിനിമയുടെ ക്രിയേറ്റേഴ്സ്?


Sunday, February 26, 2012

ഈ അടുത്ത കാലത്ത് - EE Adutha Kaalathu (6/10)


Ee Adutha Kaalathu/Malayalam/2012/Drama-Thriller/M3DB/ (6/10)  

പ്ലോട്ട് : നഗരജീവിതത്തിലെ വ്യത്യസ്ഥങ്ങളായ ചില ജീവിതങ്ങളുടെ ഒരു നേർപ്പകർപ്പ്. ജീവിതത്തിന്റെ പല തുറകളിലെ പല കഥാപാത്രങ്ങളൂം, ഒരു സീരിയൽ കില്ലറുടെ പശ്ചാത്തലത്തോടെ മുന്നോട്ട് നീങ്ങുന്ന ഒരു കഥ. ക്ലീഷേകളുടെ ഘോഷയാത്രകളില്ലാത്ത ഒരു ഡീസന്റ് സിനിമ.

സ്ക്രീനിങ്ങ് : ചേർത്തല ചിത്രാഞ്ജലിയിൽ ആണു ഈ സിനിമ ഞാൻ കണ്ടത് - ആൾ തീയറ്റർ കപ്പാസിറ്റിയുടെ കഷ്ടിച്ച് ഒരു കാൽഭാഗം. മിക്കവാറും അടുത്ത വെള്ളിയാഴ്ച കാണില്ല ഈ സിനിമ!.ഞാൻ പറയാൻ വന്നത് ഇതൊന്നുമല്ല - സിനിമയുടെ ആദ്യാവസാനം ഓഡിയോ ലാഗ്ഗിങ്ങ് ആയിരുന്നു, സെക്കന്റിന്റെ ഒരംശം. മലയാളം അറിയാത്ത നടിമാരുടെ ഡബ്ബിങ്ങ് പ്രശ്നം ആണെന്ന് കരുതിയിരുന്ന എനിക്ക് മുരളി ഗോപിയുടെ ഒക്കെ ഡയലോഗുകൾ ലാഗ്ഗിങ്ങ് ആയപ്പോൾ ആണു പ്രശ്നം ടെക്നിക്കൽ ആണെന്നു തോന്നിത്തുടങ്ങിയത് .. സിനിമയുടെ ക്വാളിറ്റി മൂലം മാത്രം ഉയർന്നു വരാൻ ചാൻസുള്ള ഇത്തരം സിനിമകൾ കൂടെ സ്ക്രീനിങ്ങിന്റെ തകരാറുകൾ മൂലം രസിക്കാനാവാതെ പോവുന്നത് ... കഷ്ടം എന്നല്ലാതെ എന്തു പറയാൻ!

വെർഡിക്ട് :  നല്ലോരു സ്ക്രിപ്റ്റ്, നല്ല കഥ പറച്ചിൽ. നല്ല ഡയലോഗുകൾ. ലീഡ് ആക്ടേഴ്സിന്റെ വളരേ നല്ല പെർഫോർമൻസ്..  നല്ലോരു സിനിമ.

അത്രേം ഒറ്റ വാചകത്തിൽ പറയാം - പക്ഷെ മൊത്തത്തിൽ എടുത്താൽ, സിനിമ എബൗവ് ആവറേജ് എന്നേ പറയാൻ ആവൂ. എവിടേയൊക്കെയോ, എന്തൊക്കെയോ കുറവ്, അല്ലെങ്കിൽ കൂടുതൽ.  പല കഥകൾ ഒരേ രീതിയിൽ മുന്നോട്ട് പോവുന്ന തരം കഥപറച്ചിൽ ആണിതിൽ. അത് ബോറാവാത്ത തരത്തിൽ ഡീസന്റായിട്ട് എടുത്തിട്ടും ഉണ്ട്.

താരനിര : എടുത്ത് പറയേണ്ടത് ലീഡ് റോളുകളിൽ ഒന്നു ധൈര്യസമേതം എടുത്ത് അത് തകർത്താടിയ മുരളി ഗോപി എന്ന കലാകാരന്റെ പ്രതിഭയെ ആണു. തിരക്കഥ/കഥ/ഡയലോഗുകൾ എന്നിവയും മുരളി ഗോപിയുടേത് തന്നെയാണു.  സ്ക്രിപ്റ്റും ഒക്കെ കിടിലൻ ആണു എന്നാൽ തന്നേയും, ഇങ്ങാരു അഭിനയിച്ച് തകർത്ത് വാരിക്കളഞ്ഞൂ - മറ്റുള്ളവരെ എല്ലാരേയും നിഷ്പ്രഭർ ആക്കിക്കളഞ്ഞൂ! ഇദ്ദേഹം അഭിനയം തുടർന്നാൽ, മലയാളത്തിനു ഈ ദശകത്തിൽ ലഭിച്ച ടാലന്റ് ഫിക്സഡ് അസ്സറ്റുകളിൽ ആദ്യ പത്തിൽ ഈ പേരു ഉറപ്പായും ഉണ്ടാവും!

ഇന്ദ്രജിത്ത് : മുരളി ഗോപിയുടെ അസാമാന്യ പ്രകടനം ഇല്ലായിരുന്നുവെങ്കിൽ ഇന്ദ്രജിത്തിന്റെ കഥാപാത്രം ആയിരുന്നേനേ ഈ സിനിമയുടെ ഹൈലൈറ്റ് - അതിനർത്ഥം ഇന്ദ്രജിത്ത് ഇതിൽ മോശാക്കിയെന്നോ, നന്നാക്കിയിട്ടില്ലാ എന്നോ അർത്ഥമില്ല. ഉഗ്രൻ തന്നെ ആക്കീട്ടുണ്ട്. ‘സിറ്റി ഓഫ് ഗോഡ്’ എന്ന സിനിമയിലെ പോലത്തെ ഒരു കഥാപാത്രം ആണു ഇതിലേയും ഇന്ദ്രജിത്തിന്റേത് - ഇത്തരം കഥാ‍പാത്രങ്ങൾ നന്നാക്കാൻ കഴിയുമെന്ന് ഒരിക്കൽ കൂടി ഇന്ദ്രൻ തെളിയിച്ചു.

അനൂപ് മേനോൻ : ഒരു പരാജയമായിക്കൊണ്ടിരിക്കുന്ന കെയർലെസ്സ് പോലീസ് കമ്മീഷ്ണറായി അനൂപ് ജീവിക്കുകയാണു സിനിമയിൽ. കൂടുതൽ പറയേണ്ടതില്ല ഇങ്ങാരുടെ അഭിനയത്തെപറ്റി - ആക്ച്വൽ ഡയലോഗ് ഡെലിവറിയിൽ അനൂപ് കഴിഞ്ഞേ എന്നെ സംബന്ധിച്ചിടത്തോളം വേറേ ആളുള്ളൂ!.

മൈഥിലി : ഈ കൊച്ച് കാലം കഴിയും തോറും അഭിനയം മറന്ന് മറന്ന് വരികയാണോ ആവോ.. വളരേ അധികം ഇമോഷണൽ ആയിട്ട് പെരുമാറേണ്ട സന്ദർഭങ്ങളിൽ പൊട്ടിത്തെറിച്ച് ചുറ്റുമുള്ളവരെക്കൂടെ തെറിപ്പിച്ച് കളയുന്ന തരം അഭിനയം ആണീ കൊച്ചിന്റേത് .. നന്നാക്കിയില്ലായെങ്കിൽ പാടാവും, സഹിക്കാൻ.

നിഷാൻ : ഋതുവിനു ശേഷം ഈ പയ്യനെ ഇഷ്ടായ പടം ഇതാണു - ഒരു ബോംബൈക്കാരനായ, മലയാളം അധികം സംസാരിക്കാത്ത ഒരു പയ്യൻ - ഒരു വില്ലൻ എന്നും പറയാം. ശരിക്കും കലക്കീട്ടുണ്ട് നിഷാൻ ഇതിൽ! .. ഇവന്റെ ഓരോ ഡയലോഗുകളും തീയറ്ററിൽ ചിരികൾ ഉയർത്തുന്നുണ്ടായിരുന്നു, ഇവന്റെ ഓരോ നീക്കങ്ങൾക്കും തീയറ്ററിൽ പ്രതികരങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നുണ്ടായിരുന്നു - ഇത് മുഴുവനും നിഷാന്റെ കഴിവല്ല, സിനിമാ ക്രിയേറ്റേഴ്സിന്റെ കഴിവ് കൂടെ ആണെങ്കിൽ കൂടി - നിഷാനു ശരിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെ ഇത്.

ബാക്കിയുള്ളവയിൽ മാധുരി എന്ന കഥാപാത്രം ആയിട്ടഭിനയിച്ച ‘തനുശ്രീ ഏതാണ്ടും‘ തരക്കേടില്ലാതെ വന്നിട്ടുണ്ട്. പക്ഷെ, മലയാളം അറിയാവുന്ന - അഭിനയിക്കാൻ അറിയാവുന്ന ആരെയെങ്കിലും പോരായിരുന്നോ എന്ന സംശയം അപ്പോഴും ബാക്കിയാവുന്നു.  ബൈജൂ ആദ്യായിട്ട് ഒരു ബോറടിക്കാത്ത പെർഫോർമൻസ് കാഴ്ചവച്ചിരിക്കുന്നു. ഗുണ്ടകൾ ആയിട്ട് വന്നിരിക്കുന്നവരും സപ്പോർട്ടിങ്ങ് ആക്ടേഴ്സും ഒക്കെ നന്നാക്കിയിട്ടുണ്ട് - പക്ഷെ മൈഥിലിയുടെ പെർഫോർമൻസ് കാരണം ആവണം, എല്ലാറ്റിലും ഒരു അമച്വർ സ്വഭാവം തോന്നിപ്പോയി എനിക്ക്! :(  പക്ഷെ, രണ്ടാമത് ഓർത്ത് നോക്കുമ്പോൾ, ആ ഒരു ആക്ടർ മാത്രമേ മോശാക്കിയിട്ടൊള്ളൂ..!

 കോക്ക്ടെയിലിനു ശേഷം കോക്ക്ടെയിലിനെക്കാൾ ക്രിസ്പി ആയ, അതിലും ഇന്ററസ്റ്റിങ്ങ് ആയ ഒരു സിനിമ ആവും ഇതെന്നുള്ള അമിത പ്രതീക്ഷ എനിക്കുണ്ടായിരുന്നതിനാലാവാം, ഈ സിനിമ എന്റെ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല - അതിനു കാരണം ഈ സിനിമയുടെ നീളം തന്നെയാണു. 3 മണിക്കൂർ ഒക്കെ പറയാനും മാത്രം കഥ/സംഭവങ്ങൾ ഈ സിനിമക്കുണ്ടോ? ഇല്ലാ എന്നു ഞാൻ വിശ്വസിക്കുന്നു, അതിനാൽ തന്നെ, ഈ സിനിമ ഒന്നു വെട്ടി ചെറുതാക്കി ഒരു അര മണിക്കൂർ കുറച്ചിരുന്നെങ്കിൽ എന്നു ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ച് പോവുന്നു.. 

ഒറ്റ വാചകത്തിൽ : കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ. നല്ല സിനിമകൾ വിജയിക്കണം, പൊട്ട തട്ടുപൊളിപ്പൻ പടങ്ങൾ പെട്ടിയിലിരിക്കണം എന്നു അതിയായ ആഗ്രഹമുള്ളവർ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ.

വാൽക്കഷ്ണം : ഈ മലയാളം അറിയാൻ പാടില്ലാത്ത നടിമാരെ ഒക്കെ അങ്ങ് ബോംബേന്നും കൽക്കട്ടേന്നും പൊക്കിക്കൊണ്ട് വരുന്നത് എന്തിനാണാവോ ഈ സംവിധായകർ? - അതും ഗ്ലാമറിനെക്കാളധികം നെടുനീളൻ മലയാളം ഡയലോഗൊക്കെ പറയേണ്ടി വരുന്ന സിനിമകളിൽ... !! ഹിന്ദി/തമിഴ് സിനിമാ നടിമാരുടെ പടങ്ങൾ പോസ്റ്ററിൽ കാട്ടിയാൽ തീയറ്ററിൽ ആളിടിച്ച് കയറും എന്ന് ഇപ്പോഴും ഈ മണ്ടൻ സിനിമാക്കാർ വിശ്വസിക്കുന്നുണ്ടെന്നാണോ ഇതിനർത്ഥം ??



എനിക്ക് തോന്നുന്നത്, ഈ സിനിമയോടെ മലയാളം സിനിമ ആക്ച്വാലിറ്റിയിലേക്ക് കൂടുതൽ അടുക്കുകയാണു എന്നു. നമ്മുടെ മലയാളം സിനിമകളിലെ വില്ലന്മാരും നായകന്മാരും ഒക്കെ എത്ര ഡീസന്റ് ഭാഷയാണു ഉപയോഗിക്കുന്നത്.. മലയാള സിനിമയിൽ ഒരു തെറി മനസ്സിലെങ്കിലും പറയുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇതിൽ ഗുണ്ടകൾ മലയാളത്തിലും, ഹൈക്ലാസ്സ് സൊസൈറ്റി ഇംഗ്ലീഷിലും ഒന്നാംതരം തെറി പറയുന്നുണ്ട് - ബീപ്പ് ശബ്ദത്തിന്റെ സഹായത്തോടാണെങ്കിലും.. 


Friday, February 24, 2012

സെക്കന്റ് ഷോ - Second Show (5/10)


Second Show/Malayalam/2012/Drama-Action/M3DB/ (5/10) 


പ്ലോട്ട് : ഒരു ഫ്രണ്ട്ഷിപ്പ്, .. ക്വട്ടേഷനുകൾക്കും, മറ്റു ഇല്ലീഗൽ കാര്യങ്ങൾക്കും പോവ്വുന്ന നായകൻ, അവന്റെ ഫ്രണ്ട്സ്. അവർ ചെന്നു പെടുന്ന പാരകൾ, അടികൾ, നായകന്റെ സൂപ്പർ ആക്ഷൻ സീക്വൻസുകൾ ..അതിമാനുഷശക്തികളുടെ പ്രകടനങ്ങൾ..

വെർഡിക്ട് : എല്ലാരും പറയുന്നു - ഡിഫറന്റ് ട്രീറ്റ്മെന്റ് ആണെന്നു, എല്ലാരും പറയുന്നു ഈ സിനിമ മലയാള സിനിമക്ക് വഴികാട്ടിയാണെന്നും, ഒക്കെ .. എങ്ങനെയാണെന്നു എനിക്ക് സത്യത്തിൽ മനസ്സിലാവുന്നില്ലാട്ടോ..ഇന്ത്യൻ സിനിമകളിൽ കാണുന്ന മിക്കവാറും ക്ലീഷേകളും ഉൾക്കൊള്ളിച്ച ഈ പടം എങ്ങനെ വഴിമാറിച്ചവുട്ടുന്ന പടമാവും?

ക്ലീഷേകളുടെ കാര്യം പറയുകയാണെങ്കിൽ .. അതിങ്ങനെ നിരന്നു കിടക്കുവാണു - സകലമാന അലുക്കൂലുത്തുകളും ചേയ്യുന്ന നായകനെ പ്രേമിക്കുന്ന നായിക (“ഇതെന്താ തമിഴ് സിനിമയാണോ ഗുണ്ടയെ പ്രേമിക്കാൻ ഒക്കെ” എന്നു ചോദിച്ച് കൊണ്ട് ഗുണ്ടയെ പ്രേമിക്കുന്ന ഒരു സിനിമയും ഇതേ വരെ ഇറങ്ങിയിട്ടില്ലാന്നു തോന്നുന്നു - അങ്ങനെ നോക്കിയാൽ ഈ സിനിമ ഒരു വ്യത്യസ്ഥ സിനിമ തന്നെയാണു. )
പത്തിരുപത് സായുധരായ ഗുണ്ടകൾ വന്നാലും - അതിപ്പോ നായകൻ നിരായുധനായാലും ശരി അല്ലെങ്കിലും ശരി, ഒരൊറ്റ ഇടി മതി നായകനു - ഗുണ്ടകളൊക്കെ ഇടിഞ്ഞ് പൊളീഞ്ഞ് വീഴുന്നതും, ചോര തുപ്പി അപ്രത്യക്ഷരാവുന്നതും ഒക്കെ ക്ലീഷേകൾ അല്ലേ?

അതു പോലെ, നായകന്റെ ഫ്രണ്ടിനു കുത്തേൽക്കുന്ന രംഗം : ആ സമയത്ത്  തല്ലാനായുന്ന  വില്ലന്മാരേയോ, നായകൻ ഒരൊറ്റ ഇടിക്ക് ചുരുട്ടി നിലത്തിട്ട ഗുണ്ടകളേയോ ഒന്നും കാണുന്നില്ല - അവരൊക്കെ എങ്ങനെ അപ്രത്യക്ഷരായി എന്നത് ആർക്കും ഒരു എത്തും പിടിയും കിട്ടില്ല, സത്യം!.

അല്ലെങ്കിൽ ഇതോക്കെ പറഞ്ഞ് എന്തിനു സമയം കളയണം? - മൊത്തത്തിൽ പടം ആവറേജ്. മിക്ക നടന്മാരുടേയും നടനം ആവറേജ്, കഥയും അവതരണവും ആവറേജ് ..

പക്ഷെ, എടുത്ത് പറയത്തക്ക പ്രകടനം നടത്തിയവരും ഉണ്ട് ഈ സിനിമയിൽ : സണ്ണി വെയ്ൻ എന്ന നടൻ - ഷോക്കടിച്ച പോലത്തെ തലമുടിയുള്ള കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പയ്യൻ. ലവൻ പടക്കമാണുട്ടോ! അവനു ഒരു കിടിലൻ ഭാവി ഞാൻ കാണുന്നുണ്ട് - പെട്ടെന്നു എനിക്കോർമ്മ വരുന്നത് ഇതേ പോലത്തെതന്നെ തലമുടിയുള്ള ഒരു ഹിന്ദി നടനെയാണു - സർഫരോഷിലും മറ്റും ഉണ്ട് അങ്ങേരു ...  അതു പോലെ ബാബുരാജ് : ചെറുതെങ്കിലും നല്ലോരു കഥാപാത്രത്തെ ഡീസന്റായിട്ട് അവതരിപ്പിക്കാൻ സാധിച്ചു അങ്ങാർക്ക്.

നമ്മുടെ നായകൻ - ദുൽഖർ സൽമാൻ : പോര സോദരാ, പോര. മമ്മുക്ക പോലത്തെ ഒരു വലിയ നടന്റെ മകൻ എന്ന പ്രതീക്ഷയുടെ ഏഴയലത്തെത്താൻ ദുൽഖർ ഇനിയും കൊറേ പഠിക്കേണ്ടിയിരിക്കുന്നു - നടനത്തെപ്പറ്റിയും, വോയ്സ് മോഡുലേഷനെപ്പറ്റിയും, കഥാപാത്രത്തെ മനസ്സിലാക്കുന്നതിനെപ്പറ്റിയും, കഥാപാത്രമാവുന്നതിനെപ്പറ്റിയും, ഒക്കെ .. ഒരുദാഹരണം പറയുവാണെങ്കിൽ, കോളേജിൽ പോവാൻ മനസ്സില്ലാത്ത, കോളേജ് എന്നും പറഞ്ഞ് മണൽ വാരാൻ പോവുന്ന, ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും ഡീസന്റായിട്ട് പറയാൻ അറിയാത്ത ഒരു കഥാപാത്രമായിട്ടാണു ദുൽഖർ സൽമാൻ ഇതിൽ അഭിനയിക്കുന്നത് - പക്ഷെ അദ്ദേഹത്തിന്റെ പല ഇംഗ്ലീഷ് വാക്കുകളും, അതിന്റെ ഉച്ചാരണവും ഒക്കെ കേട്ടാൽ ബാരക്ക് ഒബാമ വരെ ഞെട്ടി ഇരുന്നു പോവും - “കുറച്ച് പ്രിപ്പേർ ചേയ്യാനുണ്ടായിരുന്നു“ എന്ന്  നായകൻ പറയുമ്പോൾ നമുക്ക് ആ വാചകത്തിൽ കാണാൻ ആവുന്നത് വിദേശ പഠനം ഒക്കെ കഴിഞ്ഞ ദുൽഖർ സൽമാനെ ആണു, അല്ലാതെ നാ‍യകനെയായ ഗുണ്ടയെ അല്ല. പക്ഷെ, ഒരു പതിനഞ്ച് മിനുറ്റ് കഴിഞ്ഞ് നായകൻ ഇതോക്കെ മറന്ന് ഒരു ഇംഗ്ലീഷ് വാചകം പറയാൻ ബുദ്ധിമുട്ടുന്നതും കാണുന്നുണ്ട് നമ്മൾ..


ഒരു പുതുമുഖ നടനെ ഇത്രയും ഡിറ്റൈൽ ആയിട്ട് അനലൈസ് ചേയ്യാൻ പാടില്ല എന്നു വേണമെങ്കിൽ നമുക്ക് ശഠിക്കാം - പക്ഷെ, ദുൽഖർ സൽമാനെപ്പോലെ ഇതേ സിനിമയിൽ ഹരിശ്രീ കുറിച്ചിരിക്കുന്ന സണ്ണി വെയ്ൻ എന്ന ആ കലാകാരനും ആയിട്ടെങ്കിലും നമുക്ക് താരതമ്യം ചേയ്യാൻ പാടില്ലേ? അങ്ങനെ താരതമ്യം ചേയ്യുകയാണെങ്കിൽ, ദുൽഖറിനു പത്തിൽ മൂന്നും, സണ്ണിക്ക് ഒൻപതിനു മുകളിലും മാർക്ക് ഉറപ്പായും കിട്ടും!.  ഞാൻ സണ്ണിയുടെ ഫാനായി ഈ ഒരൊറ്റ പടത്തോടെ. ഫർഹദ് ഫാസിലിനെപ്പോലെ എപ്പോഴെങ്കിലും ദുൽഖർ പൊങ്ങിവരുവായിരിക്കും എന്നു പ്രതീക്ഷ മാത്രമേ ഉള്ളൂ, ഈ സിനിമ കണ്ട് കഴിഞ്ഞതോടെ എനിക്ക് അദ്ദേഹത്തെപ്പറ്റി.!

പക്ഷെ, ഇത്രേം പുതുമുഖങ്ങളെ വച്ച് ഒരു സിനിമ ചേയ്യ്യാൻ ചങ്കൂറ്റം കാട്ടിയ നിർമ്മാതാവിനും, സംവിധായകനും ഒരു സലാം തീർച്ചയാലും അർഹിക്കുന്നുണ്ട്. വെൽഡൺ ഗഡീസ്..


വാൽക്കഷ്ണം : സിനിമ ഒക്കെ കണ്ട് കഴിഞ്ഞ് പുറത്തിറങ്ങുന്ന കാണികൾക്ക് “ഇത് സുബ്രമണ്യപുരം സിനിമയുടെ ഒരു മോശം കോപ്പി അല്ലായിരുന്നോ കണ്ടിറങ്ങിയത്” എന്നു തോന്നിയാൽ അവരെ കുറ്റം പറയാനൊക്കില്ല -  ഏകദേശം അത് പോലെ ഒക്കെ ആക്കാൻ ശ്രമിച്ചിട്ടുണ്ട് സിനിമയുടെ ക്രിയേറ്റേഴ്സ്.



Sunday, January 29, 2012

Monsters (8/10)


Monsters/English-British/2010/Drama-Sci-Fiction/IMDB/ (8/10)
Rated R for langauge.
Tagline: Now, It's Our Turn To Adapt.

 പ്ലോട്ട് : നാസയുടെ ഒരു അന്യ-ഗൃഹ പര്യടനം നടത്തി തിരിച്ച് വന്ന പേടകം മെക്സിക്കോയുടേയും അമേരിക്കയുടേയും അതിർത്തിയിൽ തകർന്നു വീഴുന്നു, ആറ് വർഷത്തിനു ശേഷം ആ അതിർത്തി അന്യഗൃഹജീവികളുടെ ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. ഈ ഏലിയൻസ് ആയ ജീവികൾ (ജീവികൾ തന്നെയാണു, അല്ലാതെ വിമാനത്തിലും മറ്റും വരുന്ന ഹൈലീ ഇന്റലച്വൽ ബീയിങ്ങ്സ് അല്ല ഈ അന്യഗൃഹ ജീവികൾ) വളരുന്നു എന്നു കരുതപ്പെടുന്ന സ്ഥലം ‘ഇൻഫക്ടട് സോൺ’ ആയിട്ട് രണ്ട് സർക്കാരുകളും പ്രഖ്യാപിക്കുകയും, ഇവറ്റകളെ, ഇവറ്റകളുടെ വ്യാപനത്തെ അമർച്ച ചേയ്യാൻ രണ്ട് രാജ്യത്തിന്റേയും സൈന്യങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുകയും ചേയ്യുന്നു. ഒരു അവസാന വട്ട ആക്രമണം തുടങ്ങാൻ സൈന്യങ്ങൾ തുടക്കമിടുന്ന സമയം - ഇവിടെയാണു ഈ സിനിമ ആരംഭിക്കുന്നതു.  സിനിമ നടക്കുന്ന സമയത്ത് ഏലിയൻസിനെ ആരും ഏലിയൻസ് എന്നു വിളിക്കാറില്ല - അതോരു ഇൻഫക്ഷൻ ആണിപ്പോൾ!

ഒരു പത്ര സ്ഥാപനത്തിന്റെ ഉടമയുടെ മകൾ ഈ ഇൻഫറ്റഡ് സോണിന്റെ മെക്സിക്കൻ സൈഡിൽ കുരുങ്ങിപ്പോയിരിക്കുന്നു, ആ മകളെ തിരികെ അമേരിക്കയിലേക്ക് തിരികെ കൊണ്ടു വരാൻ മാധ്യമ ഉടന തന്റെ ഒരു ഫോട്ടോജേർണലിസ്റ്റിനെ നിയോഗിക്കുന്നു - അവരുടെ തിരികെ വരാനുള്ള ശ്രമങ്ങളും മറ്റുമാണു ഈ സിനിമയുടെ പ്ലോട്ട്.


വെർഡിക്ട് : ഏലിയൻ മൂവി എന്ന പേര് കേട്ടപ്പോൾ ഞാൻ കരുതിയത് ഇത് ബാറ്റിൽഫീൽഡ് എൽ എ, അല്ലെങ്കിൽ ഇൻഡിപ്പെൻഡൻസ് ഡേ പോലത്തെ, നിറയെ തോക്കും മിസൈലുകളും ഒക്കെയുള്ള ഒരു സിനിമയാണെന്നാണു - പക്ഷെ, അതൊന്നുമില്ലാതെ, ശരിക്കും ഒരു ഏലിയനെ കാട്ടാതെ തന്നെ ഒരു ആക്രമണം/ഭീഷണിയുടെ ഭീതി നമ്മളിൽ നിറക്കാൻ ഈ സിനിമയുടെ ക്രിയേറ്റേഴ്സിനായി - അതോരു ചെറിയ കാര്യമല്ല. 

നടന്മാർ നന്നാക്കിയിട്ടുണ്ട്, പക്ഷെ, നമ്മൾ വെറും അഭിനേതാക്കളെ അല്ല, മറിച്ച് സിനിമയെ ആണു ശ്രദ്ധിക്കുക.  നടന്മാർ ആരാണെങ്കിലും ശരി, ഈ സിനിമ മോശമാക്കാൻ സാധിക്കില്ല. അതാണു ക്രിയേറ്റേഴ്സിന്റെ ക്വാളിറ്റി!. നടന്മാർ, കഥാപാത്രങ്ങൾ, ഒക്കെ സിനിമയുടെ എഫക്ട്സ് നമ്മളിൽ എത്തിക്കാനുള്ള ഉപകരണങ്ങൾ മാത്രം...

ഉഗ്രൻ!

പിന്നെ കിടിലൻ ആയിട്ടുള്ളത് സ്പെഷ്യൽ എഫക്ട്സ്, ആർട്ട്, സിനിമാറ്റോഗ്രഫി എന്നീ വിഭാഗങ്ങൾ ആണു. അവർണ്ണനീയം ഈ വിഭാഗങ്ങളുടെ റിസൾട്ട്സ് !

ഒറ്റ വാചകത്തിൽ : ഞെട്ടിക്കുന്ന സിനിമ - മസ്റ്റ് സീ! ..

വാൽക്കഷ്ണം. :  ഞെട്ടി ഞാൻ ഈ സിനിമ കണ്ടപ്പോൾ! ഞാൻ ശരിക്കും ഞെട്ടിത്തരിച്ചത്, ഈ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങൾ വായിച്ചറിഞ്ഞപ്പോൾ ആയിരുന്നു.  നിങ്ങളും ഈ സിനിമ കാണു, നിങ്ങളും എന്നെപ്പോലെ ഞെട്ടിയിരിക്കും.

ഇൻഡിപ്പെൻഡൻസ് ഡേ നിർമ്മിക്കാൻ ചിലവാക്കിയ തുകയുടെ ഇരുപതിൽ ഒരംശം, അതിലും കുറഞ്ഞ ചിലവിനു ഒരു സിനിമ നിർമ്മിച്ചിറക്കീ ഇവർ!- മലയാളം സിനിമാക്കാർ കണ്ട് പഠിക്കട്ടെ!. എന്തിനു, പല മലയാള സിനിമക്കും ചിലവാക്കുന്നതിന്റെ പകുതി പണമേ ചിലവാക്കിയിട്ടൊള്ളൂവത്രെ ഈ സിനിമ തീയറ്ററിൽ എത്തിക്കാൻ!

ഇതിലെ സ്പെഷ്യൽ എഫക്ട്സ് ഈ സിനിമയുടെ സംവിധായകൻ തന്നെ ഇരുന്നു, സ്വന്തം ബെഡ്രൂമിൽ ഇരുന്നു നിർമ്മിച്ചവയാണു!!  ഈ സിനിമാ ക്രൂ എന്നു പറയാൻ മാത്രം ഒന്നും ഇല്ലായിരുന്നുവത്രെ ഈ സിനിമക്ക് - ഒരു ടെമ്പോ ട്രാവലറിൽ സഞ്ചരിച്ചാൽ സീറ്റ് ബാക്കി കിടക്കുമായിരുന്നുവത്രെ, ക്രൂവിന്റെ സൈസ് പറയാനാണേങ്കിൽ!

പറയാൻ ആണെങ്കിൽ കൊറേ ഉണ്ട് ഇതു പോലെ..

മക്കളേ, മലയാള സിനിമാ താരങ്ങളേ, സംവിധായകരേ,  സംഘടനകളേ, ഒന്നു കാണു നിങ്ങൾ ഈ സിനിമ - എന്നിട്ടൊന്നു ഡിസന്റായിട്ട് ലജ്ജിക്കൂ .. !

കഷ്ടം!. എനിക്ക് നാണമാവുന്നു ഇങ്ങനെത്തെ സിനിമകൾ കാണുമ്പോൾ, മലയാള സിനിമ എന്റെ സിനിമ ആണേന്നു പറയാൻ.  :(




Saturday, January 7, 2012

ബ്യൂട്ടിഫുൾ (8.5/10)


Beautiful/Malayalam/2011/Drama/M3DB/ (8.5/10)

പ്ലോട്ട് : അളവറ്റ സ്വത്തിനുടമയായ സ്റ്റീഫനു (ജയസൂര്യ) കഴുത്തിനു താഴേക്ക് ഒരു സ്വാധീനവും ഇല്ല, തളർന്നു കിടക്കുവാണു. വളരെ കുറച്ച് പേരൊഴികെയുള്ള ബന്ധുജനങ്ങളെല്ലാം തന്നെ സ്റ്റീഫന്റെ സ്വത്തിലാണു കണ്ണ് - പക്ഷെ സ്റ്റീഫൻ ആരേയും അടുപ്പിക്കുന്നില്ല. അദ്ദേഹത്തിനു കൂട്ട് കമലു എന്നും കണാരൻ എന്നും പേരുള്ള രണ്ട് പേരാണു. ഒരിക്കൽ ഡിന്നറിനു റസ്റ്റോറന്റിൽ ചെല്ലുന്ന സ്റ്റീഫൻ അവിടത്തെ ഗായകന്റെ പാട്ടിഷ്ടപ്പെടുന്നു, ഒരു വലിയ ഗായകനാവാൻ കൊതിക്കുന്ന ജോൺ (അനൂപ് മേനോൻ) എന്ന ആ പാട്ടുകാരനെ കൂടെ കൂട്ടുന്നു. ഇടക്ക് ഹോം നേഴ്സായി പത്രപ്പരസ്യം കണ്ടെത്തുന്ന അഞ്ജലി (മേഘ്നാ രാജ്) കൂടെ അവരുടെ ചെറു കുടുംബത്തിലേക്കെത്തുന്നു  .. ഇവരുടെ കഥയാണു ഈ സിനിമ.

വെർഡിക്ട്  : കിടിലൻ.! വി കെ പ്രകാശ് എന്ന സംവിധായകനെ അദ്ദേഹത്തിന്റെ ശരാശരിയിൽ താഴെയുള്ള പല സിനിമകൾ കാരണം എഴുതിത്തള്ളാറായിരിക്കുവായിരുന്നു - പക്ഷെ ഈ സിനിമ പ്രതീക്ഷ തെറ്റിച്ചു. എന്നെ തറപറ്റിച്ചു ഈ സിനിമ. !

സംവിധാനത്തെക്കാളും, ഈ സിനിമയുടെ തിരക്കഥ/സംഭാഷണം തന്നെയാണു സ്റ്റാർ. അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെ സൂപ്പർ സ്റ്റാർ പട്ടാഭിഷേകം തന്നെയാണീ സിനിമ. അമിത ഡ്രാമയുടെ കൂട്ടില്ലാതെ, സാധാരണ മനുഷ്യർ എങ്ങനെ സംസാരിക്കും, അതു പോലെ സംസാരിക്കുന്ന കഥാപാത്രങ്ങൾ - കോക്ക്ടെയിലിലും ഇതേ സ്വഭാവം അനൂപ് മേനോന്റെ തിരക്കഥ കാണിച്ചിരുന്നു.. സബാഷ് അനൂപ് - ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിക്കഴിഞ്ഞൂ!.

നടന്മാർ : ആദ്യം ജയസൂര്യ. മറ്റുള്ളവർക്ക് സ്വന്തം ശരീരം മുഴുവനുണ്ട് കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിക്കാൻ, പക്ഷെ ജയസൂര്യക്ക് കഴുത്തിനു മുകളിലുള്ള ഭാഗങ്ങൾ മാത്രമേ അനക്കാൻ സാധിക്കുമായിരുന്നുള്ളൂ, സ്റ്റീഫൻ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിക്കാൻ. അത് ഒരു തരി പ്രശ്നം പോലും കൂടാതെ ജയസൂര്യക്കായി - അതിനാൽ ഈ സിനിമയിലേ ജൂറി സ്പെഷ്യൽ മെൻഷൻ ജയസൂര്യക്ക്.


അനൂപ് മേനോൻ : ജോൺ എന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള, സംഗീതജ്ഞനായ ചെറുപ്പക്കാരൻ ആയിട്ട് അനൂപ് കസറി. ജയസൂര്യ ഹ്യൂമർ രംഗങ്ങളിൽ കസറും എന്നു നമ്മൾ കണ്ടിട്ടുള്ളതാണു, പണ്ടേ. പക്ഷെ ഇതിൽ അനൂപ് ആണു ആ സ്ഥാനം കൈയ്യടക്കിയത് . ചില ചമ്മലുകൾ, ഭാവങ്ങൾ ഒക്കെ - ചിലയിടങ്ങളിൽ മോഹൻലാലിന്റെ സുവർണ്ണകാലം അനുസ്മരിപ്പിച്ചു അനൂപ്.

മേഘ്നാ രാജ് : മലയാള സിനിമയുടെ മുഴുനീള ഐറ്റം നായികയായി ഒതുങ്ങിപ്പോയ മേഘ്നക്ക് വിനയൻ ചിത്രങ്ങളിൽ നിന്നോരു മോചനം ഈ സിനിമ വഴി കിട്ടി - അതാവട്ടെ ഉഗ്രനാക്കുകയും ചേയ്തിട്ടുണ്ട്. പ്രിയ മേഘ്നാ, ഒരു കാര്യം പറഞ്ഞോട്ടേ, അടിവസ്ത്രങ്ങളെക്കാളും ചെറു വസ്ത്രങ്ങൾ ധരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നതിനെക്കാളൊക്കെ സാരി മാത്രം ഉടുത്ത് ഈ സിനിമയിൽ എത്തിയപ്പോൾ ഞങ്ങൾക്കിഷ്ടായി - എന്തിനീ തറപ്പടങ്ങളിൽ പോയി അഭിനയിച്ച് സമയം കളയുന്നു ..? ഇത്തരം കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ.



ബാക്കിയുള്ള എല്ലാവരും നന്നായിട്ടുണ്ട്- ഒരാളൊഴിച്ച്. ഉണ്ണിമേനോൻ.  അദ്ദേഹം നന്നായി പാടുമായിരിക്കാം, പക്ഷെ അഭിനയം - പോര.

ഒറ്റ വാചകത്തിൽ : ഡോണ്ട് മിസ്സ് . കണ്ടിരിക്കേണ്ട, കാണാൻ മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.

വാൽക്കഷ്ണം : ഈ സിനിമ റിലീസ് ചേയ്തിട്ട് കുറച്ച് നാളായി, ശരിക്കും ഞാൻ ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ കാണേണ്ട സിനിമ ആയിരുന്നു ഇതു - ഞാൻ കാണാൻ പോയതും ആണു. റീലീസ് ചേയ്ത് എട്ടാം ദിവസം (വെള്ളിയാഴ്ച) ഞാൻ ചേർത്തല പാരഡൈസ് എന്ന തീയറ്റർ തൊഴുത്തിൽ ഈ സിനിമ കാണാൻ ചെന്നപ്പോൾ അവിടെ ഓടുന്നത് ‘ഓസ്തി‘ എന്ന ചിലമ്പരശന്റെ തമിഴ് പടം - ഓർക്കണം - മുല്ലപ്പെരിയാർ പ്രശ്നത്തിൽ മലയാള സിനിമകൾ തമിഴ്നാട്ടിൽ പ്രദർശനം നിഷേധിച്ചു എന്നു വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ആണിത്. നമുക്ക് മലയാളത്തെ ഒതുക്കണം - അതിനു ഏതു ഭാഷ സിനിമ ഇട്ടാലും ഒന്നുമില്ല. കഷ്ടം.!

വെള്ളിയാഴ്ച സിനിമയുടെ റിലീസ് വച്ചിരിക്കുന്നതു തന്നെ എന്റെ അഭിപ്രായത്തിൽ തെറ്റാണു. വീക്കെൻഡുകളിൽ മാത്രമേ മദ്ധ്യവർഗ്ഗ കുടൂംബങ്ങൾക്ക് സിനിമ കാണാൻ ഉള്ള സമയവും സാഹചര്യവും ലഭിക്കൂ, പ്രത്യേകിച്ചും ഒരു വീട്ടിലെ ഭാര്യക്കും ഭർത്താവിനും ജോലിക്ക് പോവേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുള്ളപ്പോൾ.  വെള്ളിയാഴ്ച റിലീസ് ആവുന്ന സിനിമക്ക് ആദ്യ വീക്കെൻഡിൽ വളരേ കുറച്ചേ കുടുംബങ്ങൾ കയറൂ -  ഒന്നാമതേ ഒരു ചെറു നഗരത്തിലെ 10% പേർ പോലും സിനിമ മാറി എന്നു അറിഞ്ഞിരിക്കില്ല, ആ ആദ്യ ദിവസങ്ങളിൽ.  ആളുകൾ അറിഞ്ഞ് വരുമ്പോഴേക്കും, അടുത്ത വെള്ളിയാഴ്ച ആ സിനിമ മാറിയിട്ടുണ്ടാവും, ഏതെങ്കിലും തമിഴ്/തെലുങ്ക് മൊഴിമാറ്റ സിനിമക്കായി. പിന്നെങ്ങനെ നല്ല മലയാള സിനിമക്ക് ആളുണ്ടാവും?

ബ്യൂട്ടിഫുളിന്റെ പോസ്റ്ററുകൾ ചേർത്തല നഗര ഹൃദയത്തിൽ നിന്നും വെറും 3 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ പോലും ഒട്ടിച്ചിട്ടില്ല - കാശ് ലാഭിച്ചതാവും, ഈ സിനിമ വന്നത് ഞാനറിഞ്ഞത് അബദ്ധത്തിൽ തീയറ്ററിനു മുന്നിലൂടെ ഞാൻ കടന്നു പോയപ്പോളാണു. ഇപ്പോ ചേർത്തല ചിത്രാഞ്ജലി തീയറ്ററിൽ ഓടുന്ന ‘അസുരവിത്ത്‘ എന്ന പടത്തിനു ഇതു തന്നെയാവും സ്ഥിതി, കാരണം, അതിനും വലിയ പരസ്യമില്ല - ആ തീയറ്ററിൽ വരേണ്ട അടുത്ത സിനിമ പ്രഖ്യാപിച്ചും കഴിഞ്ഞു, പത്രത്തിലൂടെ! പത്രപ്പരസ്യം മാത്രമല്ല, പോസ്റ്റർ പരസ്യവും ആളുകൾ സിനിമ തീയറ്ററിലെത്തിയെന്നു ജനങ്ങളെ അറിയിക്കാൻ വളരേ ഉപയോഗപ്രദമാണേന്നു എന്തേ സിനിമാക്കാരേ നിങ്ങൾ മറക്കുന്നു?

ഇപ്പോൾ ഈ സിനിമ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവാനുള്ള കാരണം, ചേർത്തലക്കും എറണാകുളത്തിനും ഇടയിൽ എരമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു നല്ല തീയറ്റർ - ‘എരമല്ലൂർ സാനിയ സിനിമാസ്’ 2011ൽ തുടങ്ങിയതിനാൽ ആണു. എഴുപുന്ന ബൈജു എന്ന പേരിൽ നമ്മൾ എല്ലാം അറിയുന്ന സിനിമാ ആർട്ടിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ തീയറ്റർ, ഞാൻ ശരിക്കും ഇതു വരെ കയറിയിട്ടുള്ള തീയറ്ററുകളിൽ ഏറ്റവും മികച്ചതാണു. 170 -200 രൂപ വാങ്ങുന്ന മൾട്ടിപ്ലെക്സുകളെക്കാളൊക്കെ മെച്ചം ആണു ഇവിടത്തെ ആമ്പിയൻസ്, ശുചിത്വം, സ്ക്രീനിങ്ങ്, ഓഡിയോ, ക്രൗഡ്, ഒക്കെ.  ശരിക്കും സിനിമ എന്നത് എന്തെന്നറിയാവുന്ന ഒരിടത്ത് സിനിമ കാണുന്ന പ്രതീതി - ഒരു സീരിയസ്നെസ്സ് എനിക്കൂണ്ടായി ഈ തീയറ്ററിൽ സിനിമ കണ്ടപ്പോൾ.

കൂക്കിവിളികളോ, അമിത കൈയ്യടികളോ, പൂച്ച കരയലുകളോ, കമന്റടികളോ അനുവദിക്കാത്ത ഇത്തരം തീയറ്ററൂകൾ ആണു കേരളത്തിനാവശ്യം - അങ്ങനെയെങ്കിലേ മലയാള സിനിമ രക്ഷപ്പെടൂ. എരമല്ലൂർ സാനിയ സിനിമക്ക് പത്തിൽ പത്ത് മാർക്ക്സ്.  എല്ലാവരും സിനിമാ തീയറ്ററുകൾ കല്യാണ മണ്ഡപങ്ങളാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രേം നല്ലോരു തീയറ്റർ സ്വന്തം നാട്ടാർക്ക് ഒരുക്കിത്തന്ന എഴുപുന്ന ബൈജുവിനു ഒരായിരം ഉമ്മകൾ...

കേരളാ സർക്കാർ പ്ലാറ്റിനം ഗ്രേഡ് നൽകിയത് വെറുതെയല്ല ഈ തീയറ്ററിനു - പാരഡൈസുകളും ചിത്രാജ്ഞലികളും ഇവിടെ പോയി പണി പഠിക്കട്ടെ.. ഇഡിയറ്റ്സ്!