Monday, July 25, 2011

Shor in the City (8/10)

Shor in the City/Hindi/2011/Drama/IMDB/ (8/10)
Rated PG  for language and some disturbing violent content.
Tagline: If you cant hear it, you are obviously dead!


പ്ലോട്ട് : മുംബൈ നഗരത്തിലെ നാലഞ്ച് പേരുടെ കഥ. അവിടെ അവരുടെ അതിജീവനത്തിന്റെ, അതിനുള്ള ശ്രമങ്ങളുടെ, അവരുടെ ക്രൈമുകളുടെ കഥകൾ.

ക്രിക്കറ്റ് ടീമിലേക്ക് പ്രവേശനം കിട്ടാൻ കൈക്കൂലി കൊടുക്കാൻ പണമില്ലാതെ വിഷമിക്കുന്ന ഒരു ക്രിക്കറ്റർ, ലോക്കൽ ഗുണ്ടകളുടെ ഭീഷണിയിൽ വലയുന്ന ഒരു Returned NRI ആയ ബിസിനസ്സ്കാരൻ യുവാവ്, അല്പസ്വല്പം തരികിടകൾ ഒക്കെ ചേയ്ത് ജീവിച്ച് പോവുന്ന മൂന്നംഗ ഗ്രൂപ്പ് - പിന്നെ ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ചില അപ്രധാന കഥാപാത്രങ്ങൾ - ഇത്രയും പേരുടെ കഥകൾ ആണീ സിനിമ. ഇവരുടെ കഥകൾ ആകസ്മികമായി അവിടിവിടെ കൂട്ടിമുട്ടുന്നുണ്ടെങ്കിലും, പരസ്പരം ഇടപെടുന്നതു പോലും പരിമിതമാണു. മൂന്നു തുരുത്തുകൾ ആയിട്ട് ഈ മൂന്നു കൂട്ടരുടേയും കഥകൾ  മുന്നോട്ട് പോവുന്നു. ഗണേശ് ചതുർഥിയുടെ പത്ത് ദിവസങ്ങളിലായി നടക്കുന്നതായി കാട്ടുന്ന ഈ  കഥകളൂടെ കൂടുതൽ ആഴങ്ങളിലേക്ക്  ഇറങ്ങുന്നില്ല.

വെർഡിക്ട് : ഒരു ചെറിയ പടം എങ്കിലും, ഉഗ്രൻ പടം. ഒരു തവണയും കൂടെ കാണണം എനിക്ക്.  തുഷാർ കപൂറിനെ ആദ്യമായി ഒരു കഥാപാത്രത്തിൽ എനിക്കിഷ്ടമായ ഒരു സിനിമ കൂടെ ആയിരുന്നു ഇതു.  അവൻ മാത്രമല്ല, എല്ലാവരും ഉഗ്രൻ. NRI ആയിട്ട് വരുന്ന ആൾ, തുഷാർ കപൂറിന്റെ ഒരു ഞെരിപിരി കൂട്ടുകാരൻ, ഇവരൊക്കെ കിടിലനാണു.
പക്ഷെ ശരിക്കും സ്റ്റാർ തിരക്കഥ തന്നെയാണു. വേണ്ടിടത്ത് വേഗം കൂട്ടിയും അല്ലാത്തിടത്ത് സ്ലോ ആയി ബന്ധങ്ങളുടെ ഊഷ്മളത കാട്ടിയൂം നീങ്ങുന്ന ഈ സിനിമയിൽ വിശ്രമിക്കാൻ ഒരിടം നമുക്കില്ല - നമ്മൾ ഇരുന്നു കണ്ട് തീർക്കുക തന്നെ, ഒരു ബാത്ത്‌റൂം ബ്രേക്ക് എടുക്കാൻ പോലും സമ്മതിക്കാത്ത ഒരു സിനിമ.


ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടം.

ഈ പടം സാമ്പത്തികമായി വിജയം ആയിരുന്നോ? ആയിരുന്നില്ലാ എന്നു തോന്നുന്നു .വിജയിക്കേണ്ട പടം ആയിരുന്നു ഇതു, എന്നാലേ ഇത്തരം പടങ്ങൾ കൂടുതൽ ഇറങ്ങൂ.


വാൽക്കഷ്ണം : രക്ത്‌ചരിത്രയിലെ പെണ്ണ് - രാധിക - ഇതിലും ഉണ്ട് :)  സുന്ദരിയാണൂട്ടോ. ;)

Sunday, July 17, 2011

Chappa Kurish - ചാപ്പാ കുരിശ് (5.5/10)

Chappa Kurish/Malayalam/2011/Drama-Thriller/M3DB/ (6/10)


പ്ലോട്ട് : അർജ്ജുൻ (ഫഹദ് ഫാസിൽ) ഒരു അടിപൊളി, കാശ് വീട്ടിലെ പയ്യൻ, ഉയർന്ന ശമ്പളമുള്ള ജോലിയും ഉയർന്ന നിലയിലെ ജീവിതവും നയിക്കുന്നു. അൻസാരി (വിനീത് ശ്രീനിവാസൻ) വടക്കൻ മലബാറിൽ നിന്നും കൊച്ചിയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചേയ്യാൻ എത്തിയിരിക്കുന്ന ഒരു സാധാരണക്കാരൻ പയ്യൻ, പണത്തിലും വിദ്യാഭ്യാസത്തിലും, ജീവിത നിലവാരത്തിലും, ആത്മധൈര്യത്തിലും അർജ്ജുന്റെ നേർ വിപരീതം - ഇവർ ഒരു നാണയത്തിന്റെ അകവും പുറവും ആയിട്ട് വരുന്ന ഒരു കഥയാണു ചാപ്പാ കുരിശ്. അർജ്ജുനും അയാളുടെ ആപ്പീസിലെ ജീവനക്കാരിയും (രമ്യാ നമ്പീശൻ) ആയിട്ടുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തിയിട്ടുള്ള മൊബൈൽ ഫോൺ അയാളുടെ കൈയ്യിൽ നിന്നു കൈമോശം വരുന്നതും, അതു ആകസ്മികമായി വിനീത് ശ്രീനിവാസന്റെ കൈയ്യിൽ എത്തുന്നതും, പിന്നെ അതു തിരിച്ച് വാങ്ങുവനുള്ള അർജ്ജുന്റെ ശ്രമങ്ങളും ഒക്കെയാണു ഈ സിനിമ.

വെർഡിക്ട് : ഈ പടം - ആവറേജ് ആണോ, അത്യുഗ്രൻ ആണോ? എനിക്ക് ഒരു തീരുമാനത്തിൽ എത്തുവാൻ ആകുന്നില്ല - ഇതോരു ഇംഗ്ലീഷ് പടം ആയിരുന്നെങ്കിൽ ഞാനിതിനെ അത്യുഗ്രൻ എന്നു വിളിച്ചേനേ, പക്ഷെ മലയാളം ആയതു കൊണ്ട് ആവറേജ് എന്നും (കാരണം ചോദിക്കരുതു, എനിക്കറിയില്ല!). പക്ഷെ സിനിമ ഒരല്പം - ഒരു പത്ത് മുപ്പത് മിനുറ്റ് - വെട്ടികുറച്ച്, രണ്ട് പാട്ടുകളും കട്ട് ചേയ്തു ഇറക്കിയിരുന്നെങ്കിൽ ശരിക്കും ഉഗ്രനായേനേ. അതു കൊണ്ട്, രണ്ട് റേറ്റിങ്ങ് ഈ സിനിമക്ക് - അഞ്ചരയും ആറും.

കൈ എത്തും ദൂരത്തിൽ അഭിനയിച്ച ‘ഫാസിലിന്റെ മ്വോൻ‘ തന്നെ ആണോ ഇതു? .. എങ്കിൽ ഫാസിലിന്റെ മകൻ എന്ന നിലയിൽ നിന്നും ഫഹദ് ഒരു വളരേ നല്ല അഭിനേതാവിന്റെ നിലയിലേക്ക് പെട്ടെന്നു ഉയർന്നിരിക്കുന്നു, അർജ്ജുനൻ സാക്ഷിയിലും എനിക്കിവനെ വളരേ ഇഷ്ടായിരുന്നു.  കൊള്ളാം, ഇങ്ങനെ കഴിവുള്ളവർ ഉയർന്നു വരട്ടേ ധാരാളം.

ഫഹദ് വിനീത് ശ്രീനിവാസനെ നിഷ്പ്രഭനാക്കി. പക്ഷെ സമൂഹത്തിന്റെ ആട്ടും തുപ്പും സഹിച്ച് കഴിയുന്ന താഴേക്കിടയിലെ ഒരു ‘പുഴു‘വിനെ പ്രതിനിധീകരിക്കുന്നതിൽ വിനീത് ശ്രീനിവാസൻ നന്നായിട്ടുണ്ട്. പിന്നെ എടുത്ത് പറയേണ്ടതു സപ്പോർട്ടിങ്ങ് ആക്ടേഴ്സ് ആണു. അർജ്ജുന്റെ സുഹൃത്ത് ആയിട്ട് വരുന്ന ആ ആൾ, പിന്നെ അൻസാരിയൂടെ സൂപ്പർവൈസർ ആയിട്ട് അഭിനയിക്കുന്ന ആൾ .. കൊള്ളാം.

സംവിധാനം - പടത്തിനു നീളം കൂടിയതു എഡിറ്റിങ്ങിന്റെ പ്രശ്നം ആണോ, അതോ സംവിധായകന്റെയോ? അതു ഒഴിവാക്കിയാൽ, സമീർ താഹിർ ഒരു വാഗ്ദാനം തന്നെയാണു മലയാളം സിനിമക്ക്. അങ്ങാരുടെ ക്ലാസ്സ് വ്യക്തമാണു സിനിമയിൽ ഉടനീളം. പിന്നെ സിനിമയിൽ ഉടനീളം വരുന്ന ‘ബീപ്പ്’ ശബ്ദങ്ങളുടെ പിന്നിലെ തെറികൾ - അതു ശരിക്കും എല്ലാവരുടേയും നാക്കിൽ വരുന്നതാണു, പ്രാന്ത് പിടിച്ചിരിക്കുമ്പോൾ മനസ്സിലെങ്കിലും തെറി പറയാത്തവാരായി ആരുമുണ്ടാവില്ല, ഉറപ്പ്. അതു സിനിമയിൽ ഉൾപ്പെടുത്തിയതു ആരുടെ കൈക്രിയ ആണെങ്കിലും, അദ്ദേഹത്തിനും ഒരു ക്ലാപ്പ്. 

പിന്നെ അവസാനം ഒരു അടി ഉണ്ട്, ഈ അൻസാരിയും അർജ്ജുനും തമ്മിൽ - ഒരു വേട്ടക്കാരന്റേയും വേട്ടമൃഗത്തിന്റേയും യുദ്ധം പോലൊരൊണ്ണം - തനി നാടൻ ഉരുട്ടിപ്പിടുത്തം -  മാർക്ക്സ് ശരിക്കും അതിനു പത്തിൽ പത്താണു.

സിനിമാറ്റോഗ്രാഫിയും എടുത്ത് പറയേണ്ട കാര്യം തന്നെയാണു. അൻസാരിയേയും അർജ്ജുനേയും കാട്ടുമ്പോൾ ഉള്ള ലൈറ്റിങ്ങ് (അതു സിനിമാറ്റോഗ്രാഫറുടെ കഴിവ് അല്ലേ?), കാമറാ ആംഗിൾസ്, ബാക്ക് ഗ്രൗണ്ട്, .. ഒക്കെ കിടിലൻ. ആക്ഷൻ സീക്വൻസിലും ജോമോന്റെ ക്യാമറ ആ അടിയുടെ മൊരടത്തരം കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട്.  ആ രണ്ട് കഥാപാത്രങ്ങളുടേയും ക്യാരക്ടർ അനുസരിച്ച് കാമറ അവരുടെ കൂടെ യാത്രയാവുന്നതു സിനിമയെ വളരേ അധികം സഹായിച്ചിരിക്കുന്നു എന്നു പറയുമ്പോൾ അതിൽ സുഖിപ്പിക്കലിന്റേയോ, ഫേവറിസത്തിന്റേയോ ഒട്ടും മായം ഞാൻ ചേർക്കുന്നില്ല. പക്ഷെ, ഇന്നു ചേർത്തലക്കടുക്കെയുള്ള മരുത്തോർവട്ടം എന്ന എന്റെ കൊച്ച് ഗ്രാമം ജോമോൻ ടി ജോൺ ന്റെ പേരിൽ അഭിമാനിക്കുന്നു, എനിക്കുറപ്പാണു, ഇനി കേരളം അവന്റെ പേരിൽ അഭിമാനിക്കുന്ന ഒരു ദിനം വരും, അധികം താമസിക്കാതെ തന്നെ.!

ഒറ്റ വാചകത്തിൽ : നീട്ടക്കൂടുതൽ ഇല്ലായിരുന്നെങ്കിൽ പടം രസിച്ചേനേ, പക്ഷെ സംഭവം കൊള്ളാം എന്നാൽ എല്ല്ലാവർക്കും സുഖിക്കണമെന്നില്ല.

വാൽക്കഷ്ണം : ഇതിൽ രമ്യാ നമ്പീശന്റെ ഒരു ലിപ്പ് ലോക്ക് ഉണ്ട് - തമിഴിലും തെലുങ്കിലും അഭിനയിച്ചതു കൊണ്ട് രമ്യക്ക് പുരോഗമനം ഇല്ലാ എന്നു പറയാനാകില്ല ;) പണ്ടാരടങ്ങാനായിട്ട് ആ ഭാഗ്യം കിട്ടിയതു ഫഹദിനും - അവൻ ഒരു പൊടി ഗ്ലാമർ ആണൂട്ടോ.

നേരത്തെ പറഞ്ഞതു പോലെ സിനിമയുടെ ഇഴച്ചിൽ മാറ്റാൻ കുറച്ച് ഭാഗങ്ങൾ കട്ട് ചേയ്തു ക്രിസ്പ് ആക്കിയിരുന്നെങ്കിൽ എന്റെ റേറ്റിങ്ങ് എട്ടിനു മുകളിൽ പോയേനേ - അങ്ങനെ ഒന്നൂടെ ഈ പടം ഇറങ്ങിയിന്നെങ്കിൽ, വീഡിയോ ആയിട്ടെങ്കിലും!.


Monday, July 11, 2011

Salt N' Pepper - സോൾട്ട് ആൻഡ് പെപ്പർ (8.5/10)

Salt N' Pepper/Malayalam/2011/Drama-Humour/M3DB/ (8.5/10)
Tagline: ഒരു ദോശ ഉണ്ടാക്കിയ കഥ :)

പ്ലോട്ട് : ഒരു തീറ്റപ്രാന്തനായ, നല്ല രുചിയുള്ള ആഹാരത്തെ പ്രേമിക്കുന്ന മദ്ധ്യവയസ്കനായ ഒരു അവിവാഹിതൻ (ലാൽ) അദ്ദേഹത്തിനു അനന്തിരവൻ കൊണ്ടെ കൊടുത്ത മൊബൈൽ ഫോണിൽ ആദ്യം വരുന്ന കോൾ തന്നെ ഒരു റോങ്ങ് നമ്പർ ആണു - അതു വിളിക്കുന്നതാവട്ടെ ഒരു സിനിമാ ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മദ്ധ്യവയസ്കയായ അവിവാഹിത. അവർ ഒരു ചായക്കട എന്നു കരുതിയാണു ആ നമ്പർ വിളിക്കുന്നതു - ആവശ്യപ്പെടുന്നതു ലാൽ ഇതു വരെ കേട്ടിട്ടില്ലാത്ത ഒരു ഭക്ഷണ പദാർത്ഥവും - തട്ടിലെ കുട്ടിദോശ.  ലാൽ ചൂടായിട്ട് ഫോൺ കട്ട് ചേയ്യുന്നു എങ്കിലും, തട്ടിലെ കുട്ടിദോശ എന്ന ഭക്ഷണം അവരെ വീണ്ടും അടുപ്പിക്കുകയാണു. ..

ബാക്കി കഥ തീയറ്ററിൽ :)

വെർഡിക്ട് : കഥ ഒന്നുമില്ല, ദാ മുകളിൽ പറഞ്ഞതു തന്നെ ആദ്യ 15 മിനുറ്റിൽ തീരും, പക്ഷെ ഒരു നല്ല സിനിമ എന്നതു  ഒരു അടച്ചുറപ്പുള്ള, ആരും ഇന്നേവരേയ്ക്കും കേൾക്കാത്ത കഥകളിൽ നിന്നും മാത്രമേ ഉണ്ടാക്കാൻ കഴിയൂ എന്ന മിഥ്യാ ധാരണ പൊളിച്ചെഴുതുന്ന സിനിമകളിൽ മുൻ‌നിരയിൽ ഈ സിനിമ എന്നും ഉണ്ടാവും, ഉറപ്പ്.  കഥ എന്തു എന്നതല്ല, എങ്ങനെ അതു പറയുന്നു എന്നതാണു പ്രധാനം, എന്നു ഈ സിനിമ വീണ്ടും തെളിയിക്കുന്നു.

ഈ സിനിമ : ഒരുഗ്രൻ സിനിമ തന്നെ ആണു. ആദ്യ നിമിഷം മുതൽ നമ്മളെ അക്ഷരാർത്ഥത്തിൽ കൊതിപ്പിച്ച്, വായിൽ വെള്ളമൂറിച്ച് പണ്ടാരടക്കിക്കൊണ്ടാണു അവസാനം വരെ ഈ സിനിമ നീങ്ങുന്നതു.  ഓരോ നിമിഷവും നമ്മളെ ഓരോ ആഹാര സാമാനങ്ങൾ ഇരിക്കുന്നതു കാട്ടി, കഴിക്കുന്നതു കാട്ടി,  ഉണ്ടാക്കുന്നതു കാട്ടി ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാക്കൊല ചേയ്യുകയാണു സിനിമാ സൃഷ്ടാക്കൾ..

സിനിമയിലേക്ക് : ഈ സിനിമയുടെ ഹൈലൈറ്റ് തിരക്കഥയാണു. ആ ക്രിസ്പി തിരക്കഥ സിനിമ ആക്കിയ സംവിധായകന്റെ രീതിയാണു,  ആ സിനിമയിലെ കഥാപാത്രങ്ങളായ താരങ്ങളാണു - ലാലും ശ്വേതയും അക്ഷരാർത്ഥത്തിൽ ജീവിക്കുകയാണു സിനിമയിൽ. പിന്നെ പറയേണ്ട താരം ബാബുരാജ് ആണു - സ്ഥിരം തല്ലുകൊള്ളി പോലീസായി അഭിനയിച്ച് പെട്ടെന്നോരു ദിവസം ഇങ്ങനത്തെ റോളൊക്കെ ചേയ്തു ഞെട്ടിക്കല്ലേ മാഷേ ഞങ്ങളെ .. കലക്കൻ! ആസിഫ് അലി കൊള്ളാം, മൈഥലി ധാരാളം ഞെളിഞ്ഞ് പിടിച്ച് ഓടി നടക്കുന്നും ഉണ്ട്. വിജയരാഘവനും കല്പനയും ഒക്കെ ചുമ്മാ ചെറു റോളുകളിൽ വന്നു പോവുന്നും ഉണ്ട്.  പക്ഷെ ആരും ഓവർ അല്ല, വേണ്ടാത്ത ഒരൊറ്റ കഥാപാത്രങ്ങളില്ല, എല്ലാം വേണ്ടതു മാത്രം. കൂടാതെ ചിരിച്ച് വീഴാൻ മാത്രമുള്ള സംഭവങ്ങളും സിനിമയിൽ അങ്ങോളമിങ്ങോളം ഉണ്ട് താനും. :)

ടെക്ക്നിക്കൽ സൈഡിലും ഒരു കുറ്റമോ കുറവോ പറയാൻ ഞാനാളല്ല. റ്റൈറ്റിൽ ഒക്കെ കിടു അല്ല, കി-ക്കിടു. :) ആഷിക്ക് അബുവിന്റെ ആദ്യ സിനിമ - ‘ഡാഡി കൂൾ’ വളരേ  വെറുപ്പിച്ച സിനിമ ആയിരുന്നു, പക്ഷെ ആ കേട് സോൾട്ട് ആൻഡ് പെപ്പർ മാറ്റി!

എനിക്കിനീം കൊതിയാവുന്നു, ഈ സിനിമ കാണാൻ - വായിൽ വെള്ളമൂറുന്നു ഈ സിനിമ ഒന്നൂടെ കാണാൻ. !

ഒറ്റ വാചകത്തിൽ :  സോൾട്ടും പെപ്പറും മാത്രമല്ല, എല്ലാ രുചികളും ഉള്ളോരുഗ്രൻ സദ്യ!. ഡോൺ‌ഡ് മിസ്സ് ! :)  പ്രാഞ്ചിയേട്ടനു ശേഷം ഞാൻ ശരിക്കും ചിരിച്ച് വീണ ആദ്യ പടം!

വാൽക്കഷ്ണം :  ഒരു റ്റൈറ്റിൽ സോങ്ങ് ഉണ്ട്, നമ്മൾ സീറ്റിൽ ഒന്നു ഇരുപ്പ് ഉറപ്പിക്കുന്നതിനു മുന്നേ തന്നെ നമ്മളെ താറൂമാറാക്കാൻ മാത്രമുള്ള ഒരു ഐറ്റം. കണ്ടിട്ടില്ലാ എങ്കിൽ ദാ ഇവിടെ കാണാം.

സിനിമ കണ്ട് തിരികെ പോവുന്ന വഴിക്ക് ബികുവിന്റെ തട്ടുകടയിൽ കയറാതിരിക്കാൻ നടത്തിയ എന്റെ മനസ്സിന്റെ ശ്രമം ഒട്ടും ഫലം കണ്ടില്ല - അത്രെക്ക് കൊതിയായിപ്പോയി ദോശയും ഓം‌ലെറ്റും ചട്നിയും മുളകും ചേർത്തോരു പിടി പിടിക്കാൻ ..   ഇശ് ...ശ് ... എനിക്കിപ്പോ കരിമീൻ പൊള്ളിച്ചതു കഴിക്കണം .. :(