Tuesday, November 30, 2010

കോക്ക്ടെയിൽ ഒറിജിനൽ - Butterfly on a wheel (7.5/10)

Butterfly on a Wheel (US: Shattered, Europe: Desperate Hours)
English/2007/Action-Thriller/IMDB/(7.5/10)
Rated R for some language and violence 

പ്ലോട്ട് : കോക്ക്ടെയിൽ എന്ന മലയാളം സിനിമയുടെ അതേ പ്ലോട്ട് - ഈ സായിപ്പന്മാർ എങ്ങനെ നമ്മൾ റിലീസ് ചേയ്യുന്നതിനു മൂന്നു വർഷം മുന്നേ തന്നെ നമ്മുടെ സിനിമകളുടെ കഥയും, കഥാപാത്രങ്ങളും എന്തിനു സീനുകളും വരെ അടിച്ച് മാറ്റി സിനിമ ഉണ്ടാക്കുന്നു? സി ഐ എ യുടെ കറുത്ത കരങ്ങൾ ഇതിനു പിന്നിലും ഉണ്ടോ എന്നു എനിക്ക് ബലമായ സംശയമുണ്ട് ..!

ഒന്നൂടെ പറയാം പ്ലോട്ട് : ഒരു കുടുംബസ്നേഹമുള്ള, സത്ഗുണ സമ്പന്നനായ, കരിയറിൽ ഉയർച്ചകൾ മാത്രം നേടിക്കൊണ്ടിരിക്കുന്ന നായകൻ, സത്ഗുണസമ്പന്നയായ നായിക, ഒരു കുട്ടി. അവരുടെ ജീവിതത്തിലേക്ക് - ആക്ച്വലീ, കാറിലേക്ക് ഒരു അപരിചിതൻ ഒരു തോക്കുമായി കയറി വരുന്നതും, അയാൾ അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതും ആണു കഥ.


വെർഡിക്ട് : അപരിചിതനായിട്ട് പിയേഴ്സ് ബ്രോൻസ്നൻ കലക്കീട്ടുണ്ട്. ജറാഡ് ബട്ട്ലർ തകർപ്പനാക്കി! :)   സിനിമ കണ്ടിരിക്കാൻ പറ്റിയ ഒരു നല്ല പടം തന്നെയാണു. ഒരുഗ്രൻ പ്ലോട്ടും, അതിൽ നിന്നും അതിനെക്കാൾ ഉഗ്രൻ ഒരു സിനിമയും ഉണ്ടാക്കിയ സിനിമയുടെ പിന്നാമ്പുറ പ്രവർത്തകർക്കാണു മുഴുവൻ മാർക്ക്സും.

അതിനു കൂടെ നമ്മുടെ കോക്ക്ടെയിൽ എന്ന പടത്തിനും ഒരു കൈയ്യടി ഇവിടെ കൊടുക്കേണ്ടതാണു. ഈ സായ്‌വിന്റെ സിനിമക്കൊപ്പം തന്നെ നിൽക്കാവുന്ന തരത്തിലുള്ള ഒരു സിനിമ ആണു നമ്മൾ മലയാളികൾ ഉണ്ടാക്കിയതു എന്നതിൽ അഭിമാനിക്കാം നമുക്ക്. കോക്ക്ടെയിലിന്റെ ചില കാമറാ ആംഗിൾസൊക്കെ ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു - ഈ കഴിവ് ഒരു ഒറിജിനൽ സൃഷ്ടിക്കായി ചിലവഴിച്ചിരുന്നെങ്കിൽ എന്തായിരുന്നു, അവർക്ക്! :(

വാൽക്കഷ്ണം : കോക്ക്ടെയിൽ കണ്ടിട്ടുള്ളവർ ഈ സിനിമ കാണണമെന്നില്ല - കാരണം സിനിമ ഫ്രെയിം ബൈ ഫ്രെയിം കോപ്പി അടിച്ച് വച്ചിരിക്കുകയാണു ഈ സായിപ്പന്മാർ!.. ഇങ്ങനേം ഉണ്ടോ കോപ്പിയടി! അവസാന ക്ലൈമാക്സ് ഡയലോഗുകൾ ഒക്കെ, തനി ഈച്ചകോപ്പി!.

പക്ഷെ, ഒന്നുണ്ട്, കോക്ക്ടെയിൽ ടീം വരുത്തിയ മണ്ടത്തരം സായിപ്പന്മാർ ചേയ്തിട്ടില്ല - ചുമ്മാ സിനിമ ഒരു രണ്ടാം ക്ലൈമാക്സിലേക്ക് വലിച്ച് നീട്ടി അതു വരെ ഉണ്ടാക്കിയ ആ നല്ല ഫീൽ അവർ കളഞ്ഞ് കുളിച്ചില്ല - ഒറിജിനൽ നിർമ്മിച്ച മലയാള സിനിമാക്കാർക്ക് അതു ഒന്നു കണ്ടു പഠിക്കാം അടുത്ത പടം പ്ലാൻ ചേയ്യുമ്പോൾ.


Monday, November 29, 2010

ബോസ് എംഗിരാ ഭാസ്കരൻ (Boss engiraa Bhaskaran) (7.5/10)

Tamil/2010/Romantic-Comedy/IMDB/(7.5/10)

പ്ലോട്ട് : നാ‍യകൻ ഒരു പണീം ചേയ്യാതെ ഒള്ള അലമ്പോക്കെ ചേയ്തു നടക്കുന്ന ഒരുത്തൻ - ഭാസ്കരൻ അഥവാ ബോസ് ആയിട്ട് ആര്യ. നായിക : നായകന്റെ ചേട്ടന്റെ ഭാര്യയുടെ അനുജത്തി. തമ്മിൽ പ്രേമം - നായിക നല്ല വിദ്യാഭ്യാസം, നായകൻ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയും - ജീവിതാഭിലാഷം ഡിഗ്രി പാസ്സാവുക എന്നതും ആണു. കൈ വൈക്കുന്നതൊക്കെ പാര ആയി മാറുക എന്ന അസാധാരണമായ രോഗവും കൂടെ ഉള്ള നമ്മുടെ നായകന്റെ നായികക്കു വേണ്ടിയുള്ള ഫൈറ്റ് ആണു സിനിമക്ക് ആധാരം.

വെർഡിക്ട് : കലക്കൻ! :) നടന്മാർ, നടിമാർ, ഡയറക്ടർ, സംഭാഷണങ്ങൾ, സിനിമാറ്റോഗ്രാഫി, കോറിയോഗ്രാഫി .. മൊത്തം കലക്കി കടുകുവറുത്തു! :) എന്റെ അഭിപ്രായത്തിൽ ഇതൊരു പക്കാ ടൈം‌പാസ് ഫിലിം ആണു, എങ്കിലും, എന്തെങ്കിലും ഒരു നല്ല ഫീലിങ്ങ് നമ്മളിൽ ബാക്കി വച്ചിട്ടാണു സിനിമ തീരുന്നതു. പല അവസരങ്ങളിലും ഞാൻ ഡി വി ഡി പോസ് ചേയ്തു ചിരിച്ച് തീർത്തിട്ടാണു കാണൽ കണ്ടിന്യൂ ചേയ്തത്. നല്ല ഹാസ്യം അവിടിവിടെ നല്ലവണ്ണം - എന്നാൽ ഓവറാവാതെ  -ചേർത്തിറക്കിയിരിക്കുന്ന ഒരു റൊമാന്റിക്ക് ഫിലിം. :) ..  

ഡയലോഗുകൾക്കിടയിലെ പഴയ സിനിമകളെ പറ്റിയുള്ള പരാമർശങ്ങൾ, ആ സിനിമകളിലെ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ എന്നിവ ഒക്കെ സ്മാർട്ടായിട്ട് ഉപയോഗിച്ച് സിനിമയെ ഒരു കിടീലൻ എന്റർടൈനർ ആക്കാൻ സാധിച്ച രാജേഷ് എന്ന സംവിധായകനു ഫുൾ മാർക്ക്സ്!

 എന്റെ അഭിപ്രായത്തിൽ ഒരു മസ്റ്റ് സീ ഫിലിം ആണിതു. :)

വാൽക്കഷ്ണം :  ഡയറക്ടർ ഡയറക്ട് ആയിട്ട് കഥാപാത്രത്തെ ഫോൺ വിളിച്ച് “മര്യാദക്ക് ചേയ്യാൻ വന്ന കാര്യം ചേയ്തിട്ട് പോകിനടൈ” എന്നു പറയുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - തമാശക്കാണെങ്കിലും, എനിക്കാ പരിപാടി ശരിക്കങ്ങ് ബോധിച്ച് :)


Sunday, November 28, 2010

മാചൈറ്റൈ - Machette (5.5/10)English/2010/Crime-Action/IMDB/(5.5/10)
Rated R for strong bloody violence throughout, language, some sexual content and nudity.

മുൻ‌കൂർ ജാമ്യം : മാഷൈറ്റെ, മാചൈറ്റൈ, മാഷൈറ്റി .. ഇതിൽ ശരിക്കും പേരു എന്താണെന്ന് ചോദിച്ചാൽ .. ഞാനീ നാട്ടുകാരനല്ല എന്നു പറയുകയെ നിവൃത്തിയൊള്ളൂ - സിനിമക്കകത്ത് പോലും പലയിടത്തും പല രീതിയിൽ പറയുന്നുണ്ട് ഈ പേരു.. സോ, ഐ ആം നോട്ട് ദിസ് പ്ലേസ്-മാൻ!!

പ്ലോട്ട് : മെക്സിക്കോവിൽ നിന്നും നുഴഞ്ഞ് കയറി അമേരിക്കയിൽ എത്തിയിരിക്കുന്ന ഒരു ഫെഡറൾ ആപ്പീസർ - മാചൈറ്റൈ - നാർക്കോട്ടിക്ക്സ് വാറിൽ മുഖ്യ പങ്ക് വഹിച്ചതിനു പകരം സ്വന്തമായതെന്തും നഷ്ടപ്പെട്ട അയാൾ അമേരിക്കയിൽ എത്തിയിരിക്കുന്നതു പ്രതികാരത്തിനായി മാത്രമാണു .. ആ പ്രതികാരം ആണു പ്ലോട്ട്.

വെർഡിക്ട് : IMDB, Rotten Tomatoes, മറ്റു റിവ്യൂസ്, എന്നിവകളിൽ ഒക്കെ ‘കിടു’ എന്ന പേരു  ഈ സിനിമയുടെ പര്യായമായി തന്നെ പറയുന്നുണ്ട് - ചിലപ്പോൾ ‘എൽ മരിയാച്ചി‘,  ‘ഡെസ്പരാഡോ’ .. തുടങ്ങിയ സിനിമകൾ ഉണ്ടാക്കിയ റോഡ്രിഗ്ഗസ്സ് ഉണ്ടാക്കുന്നതെന്തും ഉഗ്രൻ എന്നു പറഞ്ഞില്ലാ എങ്കിൽ പോലീസ് പിടീക്കും എന്ന ധാരണ ഉള്ളതു കൊണ്ടാവുമോ എന്നറിയില്ല,  പക്ഷെ എങ്കിൽ, എന്റെ വിവരക്കേട് കൊണ്ടോ, സിനിമ എങ്ങനെ ആവണം എന്നുള്ള മുൻ‌ധാരണകൾ കൊണ്ടോ മറ്റോ, ഈ സിനിമ എനിക്കത്ര ദഹിച്ചില്ല. കൊറേ വെടി, കൊറേ വെട്ട്, കോറേ കുത്ത്, കൊറേ സ്ഫോടനങ്ങൾ, കൊറേ ജമണ്ടൻ സ്റ്റാർസ്, കൊറേ നഗ്നമേനികൾ - ലിൻസേ ലോഹന്റെ ഉൾപ്പെടേ -, .. പിന്നെ ഓരോ മിനുറ്റിലും കൊലപാതകങ്ങൾ - വിത്ത് ലോട്ട്സ് ആൻഡ് ലോട്ട്സ് ഓഫ് ബ്ലഡ്.! തീർന്നു സിനിമ. 

ഈ കഥയില്ലായ്മയും, കേട്ട് കേട്ട് മത്തുപിടിച്ച തീമും, പ്രത്യേകിച്ച് പ്രത്യേകതകൾ ഒന്നുമില്ലാത്ത സ്റ്റോറി ടെല്ലിങ്ങും എല്ലാം കൂടി എന്നെ ടെക്ക്നിക്കൽ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമ്മതിച്ചില്ല, സത്യം. പ്രതീക്ഷ കൂടിയതു കൊണ്ടാണോ ആവോ എനിക്ക് സിനിമ പിടീക്കാഞ്ഞതു? .. അതോ ശരിക്കും എനിക്കെന്തിങ്കിലും കുഴപ്പമുണ്ടോ? !! ... ഇനി മാചൈറ്റൈ ഫാൻസ് എന്നെ ഘരാവോ ചേയ്യുവോ ആവോ .. അങ്ങനെയെങ്കിൽ എന്റെ റേറ്റിങ്ങ് 6 ആക്കിയതായിട്ട് മുൻ‌കാല പ്രബല്യത്തോടെ ഞാൻ ഇതാ ഇവിടെ പ്രഖ്യാപിക്കുകയാണു ..

വാൽക്കഷ്ണം : ലിൻസേ ലോഹന്റെ പീസ് ഉണ്ടതിൽ ;) - ആ വകുപ്പിൽ സിനിമ മിസ്സ് ആക്കാൻ പാടില്ലാത്തതാണു. പിന്നെ വെടി വൈപ്പും വെട്ടും കുത്തും ഒക്കെക്കൂടി ഒരു ബി ക്ലാസ്സ് ഫിലിം കാണുന്ന രീതിയിൽ കണ്ടാൽ കണ്ടിരിക്കാം, ബോറടിക്കില്ല. സ്റ്റീഫൻ സൈഗളിനു അനങ്ങാൻ പറ്റാത്തത്രേം തടിയും പ്രായവും ആയിരിക്കുന്നു .. മഹാ ബോറ്. ഡാനി ട്രെജോ കലക്കിട്ടുണ്ട്. :)

കാണു. കണ്ടഭിപ്രായം പറയൂ.. :)


Thursday, November 18, 2010

ദി എംഗേജ്മെന്റ് - The Engagement (10/10)The Engagement/2010 November 14/Family-Drama/(10/10)

പ്ലോട്ട് :  'ദി ലൈഫ്' എന്ന സിനിമാ-സീരീസിലെ ആദ്യ സിനിമയാണു, 'ദി എംഗേജ്മെന്റ്'. ഈ നവംബർ മാസത്തിലെ രണ്ടാം ഞായറാഴ്ച ഈ വർഷത്തെ തന്നെ ഏറ്റവും മികച്ച ഞായറാഴ്ചയായിട്ട് എനിക്ക് തോന്നാൻ കാരണം ഈ  ഈ ആദ്യഭാഗത്തിന്റെ റിലീസിങ്ങ് തന്നെ ആണു. വളരേ നാളായി ഈ സിനിമാ സീരീസിനെപറ്റി പിന്നാമ്പുറപ്രവർത്തകർക്കിടയിൽ പോലും ഉണ്ടായിരുന്ന സസ്പെൻസിനും സംശയങ്ങൾക്കും ചിത്രത്തിന്റെ സംവിധായകർ അവധി നൽകുകയാണു, ഈ ആദ്യ ഭാഗത്തിന്റെ റിലീസിങ്ങിലൂടെ. കാണികളെ  നായികാ-നായക വിവാഹത്തിന്റെ എംഗേജ്മെന്റിൽ എത്തിച്ച്, അടുത്ത ഭാഗത്തിനായുള്ള പ്രതീക്ഷ ബാക്കി വച്ച് നിർത്തിയിരിക്കുന്നു, ഇരട്ട സംവിധായകർ. 


വെർഡിക്ട് : പടക്കം!
തുടക്കം തന്നെ ഇങ്ങനെ ആണെങ്കിൽ ബാക്കി ഭാഗങ്ങൾ എങ്ങനിരിക്കും ? ആദ്യ ഭാഗത്തിന്റെ ആഫ്റ്റർ എഫക്ട്സ് ഇപ്പോഴും എന്നെ രോമാഞ്ചപുളകിതനാക്കുന്നു.. ഈ ആഫ്റ്റർ എഫക്ട്സ് അടുത്ത ഭാഗം വരുന്നതു വരെ തുടരുക തന്നെ ചേയ്യും, ഞാൻ എന്തു ചേയ്താലും അതിൽ നിന്നും രക്ഷപെടാനാവില്ലാ എന്നെനിക്ക് തോന്നുന്നു .. !

ഈ സിനിമയിലെ ഡ്രാമയും, കോമഡിയും, സെന്റിമെന്റ്സും ക്ലൈമാക്സും ഒക്കെ തന്നെ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ എന്നതിനാൽ, തുടക്കം നൽകുന്ന പ്രതീക്ഷ കുറച്ചോന്നും അല്ല. ഏതോരു സിനിമയുടെ തുടക്കവും, വളരേ പ്രധാനപ്പെട്ടതാണു, പിന്നീടുള്ള സിനിമക്ക് ഉള്ള അടിത്തറ പാകുന്ന ചെറുതല്ലാത്ത കാര്യം ആണു ഒരു മികച്ച തുടക്കം ഓരോ സിനിമക്കും കൊടുക്കുന്നതു. . ആ അടിപ്പൻ തുടക്കം ആണു ഈ സിനിമ.  തുടക്കം തന്നെ ഇങ്ങനെ ഉഗ്രൻ ആക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും നായികാ കഥാപാത്രത്തിനാണെന്നു  പറയേണ്ടിയിരിക്കുന്നു. പുതുമുഖങ്ങൾ നായികാ നായകരായി വരുന്ന ഈ ചിത്രത്തിൽ പാച്ചുവും അഞ്ജുവും മുഖ്യ വേഷങ്ങളിൽ അവതരിക്കുന്നു..

വളരേ സൂക്ഷിച്ചില്ലായെങ്കിൽ  ഡ്രൈ ആകുമായിരുന്ന സിനിമയുടെ ആദ്യ ഭാഗം സുഖമുള്ള ഒരു സ്വപ്ന ലോകത്തേക്ക് ഉയർത്തുന്ന തരത്തിലുള്ള പ്രകടനം ഒരു തുടക്കക്കാരിയുടെ വിറവലില്ലാതെ സ്ക്രീനിൽ ഫലിപ്പിക്കാൻ കഴിഞ്ഞ നായികയായ അഞ്ജുവിന്റെ പക്വമായ ഇടപെടൽ ഭാവി ഭാഗങ്ങളിലേക്കുള്ള എന്റെ പ്രതീക്ഷകൾ വർദ്ധിപ്പികുന്നു. പക്ഷെ എന്നെപ്പോലെ സംവിധായകർക്കും മറ്റു പിന്നാമ്പുറപ്രവർത്തകർക്കും, കാണികൾക്കും തന്നെ അഞ്ജുവിലുള്ള ആ അളവറ്റ പ്രതീക്ഷയുടെ ഭാരം ആ കുട്ടിയെ ദുർബലയാക്കാതിരിക്കാൻ അവൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, വളരേയധികം.

വാൽക്കഷ്ണം : ഒരു പാട്ട് പോലുമില്ലാത്ത റൊമാന്റിക്ക് മൂവി - ഫന്റാസ്റ്റിക്ക് സ്വപ്ന-ഷോട്ടുകൾ വഴി  സ്വപ്നഭാഗങ്ങൾ അതി മനോഹരമെങ്കിലും, ഒന്നോ രണ്ടോ പാട്ടുകൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ സിനിമയെ അവ അതിന്റെ മൂഡിലേക്ക് ഈസിയായി കൊണ്ടു വന്നേനേ എന്നു തോന്നുന്നു - പക്ഷെ പാടാനറിയില്ലാത്ത തിലകന്റെ ശബ്ദമുള്ള നായകൻ യേശുദാസിന്റെ പിന്നണി ശബ്ദത്തിൽ പാട്ടുപാടി അഭിനയിക്കുന്നതു ആലോചിക്കാനേ പറ്റില്ല എന്നുള്ളതും വാസ്തവം. - പക്ഷെ ഉള്ളതു പറയണമല്ലോ, പാട്ടില്ലാത്തതു ഒരു കുറവ് തന്നെയാണു!

ജനുവരി 30 നു ആണു അടൂത്ത ഭാഗമായ ‘ദി വെഡ്ഡിങ്ങ്’ റിലീസ് പ്ലാൻ ചേയ്തിരിക്കുന്നതു - സിനിമയുറ്റെ പിന്നാമ്പുറ പ്രവർത്തകർ ഈ രണ്ടാം ഭാഗം ഒരു സംഭവം തന്നെ ആക്കാനുള്ള ശ്രമം ഈ പോസ്റ്റിടുമ്പോഴേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു ...  മടി കാണിക്കാതെ നിങ്ങൾ എല്ലാവരും ആദ്യ ഷോ തന്നെ കണ്ട് ഈ നല്ല സിനിമാ സീരീസിനു എല്ലാവിധ പിന്തുണയും നൽകണം എന്നാണു എന്റെ ആഗ്രഹം. :)

(സംശയാലുക്കൾക്കായി ഒരു വാക്ക് : ഇതു ഇപ്പോൾ ഏപ്രിൽ മാ‍സമല്ല, അതു കൊണ്ട് ഇതിൽ ഒരു ഏപ്രിൽ ഫൂളിന്റെ  ചാൻസേ ഉദിക്കുന്നില്ല )  ;)


Monday, November 8, 2010

കോക്ക്ടെയിൽ - Cocktail (6.5/10)


Cocktail/Malayalam/2010/Suspense-Thriller/Wiki/(6.5/10)

പ്ലോട്ട് : സന്തുഷ്ടമായ ഒരു ഭാര്യ (സംവൃതാ സുനിൽ) -ഭർത്താവ് (അനൂപ് മേനോൻ)-കുട്ടി എന്നിവർ അടങ്ങുന്ന കുടുംബം. ഗ്രഹനാഥൻ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ടോപ്പ് എക്സിക്യൂട്ടീവ്. അവർ ഒരു ദിനം കാറിൽ  പോവുമ്പോൾ വഴിയിൽ നിന്നും ഒരപരിചിതനു(ജയസൂര്യ) ലിഫ്റ്റ് കൊടുക്കുന്നതും, അയാൾ അവരുടെ ജീവിതം മൊത്തത്തിൽ മാറ്റി മറിക്കുന്നതും ആയ സംഭവവികാ‍സങ്ങൾ ആണു ഈ സിനിമ. ഇനിയും കൂടുതൽ പറഞ്ഞാൽ സ്പോയ്ലറുകൾ വരാൻ സാധ്യതയുള്ളതിനാൽ പ്ലോട്ട് ചുരുക്കുന്നു.

വെർഡിക്ട് : നല്ലോരു സ്റ്റോറി ലൈൻ - പക്ഷെ ഇംഗ്ലീഷിൽ നിന്നും മോട്ടിച്ച് മാറ്റിയതു. നല്ല ഉഗ്രൻ ഡയലോഗുകൾ - അനൂപ് മേനോന്റെ. നല്ല അഭിനയം മൂന്നു പേരുടേയും (അവസാനം കൊണ്ടേ ജയസൂര്യയും മറ്റു രണ്ടു പേരും ബോറാക്കിയതു സൗകര്യ പൂർവ്വം മറന്നാൽ),

അത്യുഗ്രൻ സിനിമാറ്റോഗ്രാഫി - ക്യാമറ ശരിക്കും ഒരു ഫ്രഷ്നെസ്സ് അനുഭവപ്പെട്ടു എനിക്ക്.  ഒരിടത്ത് മാത്രമേ (കഥാപാത്രങ്ങളെ തെരുവിലൂടെ സ്റ്റെഡികാമിൽ ഫോളോ ചേയ്യുന്ന ഒരു സീൻ) ഓവറായി എന്നു എനിക്ക് തോന്നിയൊള്ളൂ..

സംഭാഷണം : അനൂപ് മേനോനു മുഴുവൻ മാർക്കും കൊടൂത്തേ തീരൂ. സ്വാഭാവികമായ ഡയലോഗുകൾ കൊണ്ട് സമ്പുഷ്ടമാണു സിനിമയുടെ ആദ്യാവസാനം. (വീണ്ടും : അവസാന 10 മിനുറ്റ് മറക്കുകയാണെങ്കിൽ) യാതോരു നാടകീയതയും ഇല്ലാതെ, യാതോരു ഏച്ചു കെട്ടലും ഇല്ലതെ വരുന്ന ഡയലോഗുകൾ നമ്മളെ ഒരു സിനിമ കാണുകയാണെന്നുള്ള വസ്തുത മറക്കാൻ പ്രേരിപ്പിക്കുന്നു - നമ്മൾ സാധാരണ വീട്ടിലും പുറത്തും പറയുന്ന സംഭാഷണങ്ങൾ പോലെയുള്ളവ മൊത്തം!. അതിനു പത്തിൽ പത്ത്!

അവസാന പത്ത് മിനുറ്റ് : എന്തിനായിരുന്നു അതു? എന്തിനു ക്ലൈമാക്സ് ഒന്നു നല്ലതു ഒത്ത് വന്നിട്ട് വീണ്ടും സംവിധായകൻ വലിച്ച് നീട്ടി? എന്തിനു അങ്ങനെ ഒരു ബോറൻ എൻഡിങ്ങിൽ പടം കൊണ്ടേ തീർത്തു? എനിക്ക് തീരേ മനസ്സിലായില്ല! ആ സമയത്ത് സിനിമയിലെ എല്ലാർക്കും വട്ടായോ? എന്ത് ഓവർ അഭിനയം ആയിരുന്നു എല്ലാറ്റിനും ആ സമയത്ത് !!!

പാട്ടുകൾ : പാട്ടുകൾ കൊള്ളാമായിരിക്കും - പക്ഷെ ഈ സിനിമയിൽ അതു രസം കൊല്ലികൾ ആയി. ഒരു പാട്ട് ദമ്പതികൾ തമ്മിലുള്ള സ്നേഹബന്ധം കാട്ടുവാനും, മറ്റോന്നു തെരുവിലെ ഒരു ക്യാബറേയും ആണു.  രണ്ടാമത്തെ ആവശ്യമേ ഇല്ലായിരുന്നു - ആദ്യത്തേത് - അതും ആവശ്യമില്ലായിരുന്നു. കാരണം സംവിധായകൻ ആ പോയിന്റ് ഓൾ‌റെഡി പാട്ടില്ലാതെ തന്നെ സ്റ്റേറ്റ് ചേയ്തു കഴിഞ്ഞതായിരുന്നു. പാട്ടുകൾ സിനിമയുടെ ആ മുറുക്കത്തെ നന്നായി ബാധിച്ചു.  വേണ്ടായിരുന്നു!

പരസ്യം : നല്ല പോസ്റ്റേഴ്സ് ആയിരുന്നു പടത്തിന്റേതായിട്ട് ഇറങ്ങിയതു.  ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രൊജക്ട് ചേയ്തു കൊണ്ട് ഇറക്കിയ സിനിമയുടെ പോസ്റ്ററുകൾ സിനിമയിൽ ഉള്ള ദുരൂഹതയുടെ സാന്നിധ്യത്തെ പരസ്യം ചേയ്തു കൊണ്ട് അതിന്റെ ലക്ഷം കൈവരിച്ചു നല്ലവണ്ണം!  പോസ്റ്റേഴ്സിനും 8/10 മാർക്ക്സ്!.

ഈ രണ്ട് കാര്യങ്ങൾ ഒഴിച്ച് നിർത്തിയാൽ, ഒരു ഉഗ്രൻ ശ്രമം ആയിരുന്നു ഇതു. ഈ സംവിധായകനിൽ, അതിനെക്കാൾ അധികമായി അനൂപ് മേനോനിലെ സംഭാഷണ ടാലന്റിൽ എനിക്ക് വളരേ അധികം പ്രതീക്ഷയുണ്ട്..

മൊത്തത്തിൽ സിനിമ അബൗവ് ആവറേജ് തന്നെ.വാൽക്കഷ്ണം : മട്ടാഞ്ചേരിയിൽ ഡെയിലി ക്യാബറേ നടക്കുന്ന തെരുവേതെന്നു ആരെങ്കിലും ഒന്നു പറഞ്ഞു തര്വോ? ഒരൂസ്സം അത് വഴി ഒന്നു കറങ്ങാനാ .. ആ കൊച്ചും കൊള്ളാം .. ;)


Friday, November 5, 2010

മാതൃഭൂമി - എ നേഷൻ വിത്തൗട്ട് വുമെൺ - Matrubhoomi-A Nation Without Women (7.5/10)Matrubhoomi-A Nation Without Women/Bhojpuri/2003/Fiction-Drama/IMDB/(7.5/10)


പ്ലോട്ട് : സിനിമ തുടങ്ങുന്നതു തന്നെ ഒരു ഫ്ലാഷ് ബാക്കിൽ നിന്നും ആണ് - വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമത്തിലെ ഒരു പ്രസവത്തോടെ ആണു. ജനിക്കുന്നതു പെൺകുഞ്ഞ് - കുട്ടിയുടെ അച്ഛൻ കുട്ടിയെ എടുത്തു കൊണ്ടു പോയി ഒരു മതാചാരം കണക്ക് പാലിൽ മുക്കി കൊല്ലുന്നു ..

ഒരു ഫിക്ഷൻ സിനിമ ആണു മാതൃഭൂമി .. .  വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമം ആണു കഥ നടക്കുന്ന പ്രദേശമായി കാട്ടുന്നതു. അവിടെ ഇപ്പോൾ ഒരു വീട്ടിലും ഇപ്പോൾ പെൺകുഞ്ഞുങ്ങൾ ഇല്ല - സ്ത്രീകൾ ഇല്ല - കഴിഞ്ഞ പതിനഞ്ച് കൊല്ലങ്ങളായി ആരും അവിടെ കല്യാണം കഴിച്ചിട്ടില്ല, അതു കൊണ്ട് പെൺകുട്ടികൾ ആരും തന്നെ വളർന്നു വരുന്നും ഇല്ല. ടോട്ടൽ പുരുഷന്മാർ മാത്രമുള്ള ഒരു ലോകം.. പുരുഷന്മാർ പ്രായ ഭേദമന്യേ പെൺകുട്ടികളെ അന്വേഷിച്ച് നടക്കുകയാണു - പുരുഷ ധനം കൊടുക്കുവാൻ തന്നെ തയ്യാറാണു അവർ. ലക്ഷങ്ങൾ വിലമതിക്കുന്ന അമൂല്യമായ ഒരു സ്വത്തായി മാറിക്കഴിഞ്ഞു സ്ത്രീ ജന്മങ്ങൾ..  പെണ്ണുങ്ങളെ കിട്ടാതെ പുരുഷ ജനം വലയുന്നു - പശുക്കളിൽ പോലും സ്ത്രീശരീരത്തെ അവർ തിരയുന്നു ..

അവിടത്തെ ഒരു ഉയർന്ന ജാതിയിൽ പെട്ട പ്രമാണിയുടെ വീടാണു കഥയുടെ കേന്ദ്ര സ്ഥാനം - അവിടെ അഞ്ച് മക്കൾ, ഒരു അച്ഛൻ. പെണ്ണന്വേഷിച്ച് ആശ നശിച്ചിരിക്കുമ്പോൾ ആണു ദൂരെ ഒരു ഗ്രാമത്തിൽ ഒളിപ്പിച്ച് വളർത്തിയ ഒരു പെൺകുട്ടിയെപറ്റി അവർ അറിയുന്നതു - ആ പെണ്ണിനെ മൂത്ത മകനു വേണ്ടി ആലോചിക്കുന്നു, പക്ഷെ പെൺകുട്ടിയുടെ അച്ഛൻ ഇളയ മകനെ തിരഞ്ഞെടുക്കുന്നു - പക്ഷെ ബുദ്ധിശാലിയായ ആ പ്രമാണി ഒരു മകനു 2 ലക്ഷം രൂപ കണക്കാക്കി അഞ്ച് മക്കൾക്കുമായി പത്തു ലക്ഷം കാഷ് പേയ്മെന്റിൽ ആ പെണ്ണിനെ മരുമകളാക്കി ‘വാങ്ങുന്നു‘. 

തുടർന്നുള്ള കഥയാണു മാതൃഭൂമി - അ നേഷൻ വിത്തൗട്ട് വുമെൺ...വെർഡിക്ട് : ഉഗ്രൻ!. :) ഇങ്ങനത്തെ ഒരു പടത്തെപ്പറ്റി കേട്ടിട്ടു തന്നെ വളരെ കുറച്ച് നാളുകളേ ആയിട്ടൊള്ളൂ. ഏതോ ബ്ലൊഗിനു അതിനു ടാങ്ക്സ് - ആ ബ്ലോഗിന്റെ പേരു മറന്നു.! നല്ല സംവിധാനം, നല്ല ലൊക്കേഷൻ, നല്ല സിനിമാറ്റോഗ്രാഫി ...  പക്ഷെ സിനിമയിൽ ഉള്ള മെസ്സേജുകളുടെ അളവും, അവയുടെ അടിയൊഴുക്കും ഒരല്പം കൂടിപ്പോയോ എന്നു എനിക്ക് സംശയമുണ്ട്.. അവസാനം കൊണ്ടേ ക്ലൈമാക്സ്  നശിപ്പിക്കുകയും ചേയ്തു എന്നു തോന്നി എനിക്ക്. വെറുതേ ഒരു കലാപം അവസാനം കൂട്ടിച്ചേർക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നു! ഒരു വഴിക്ക് പോകുവല്ലേ, എന്നാൽ കിടക്കട്ടെ കുറച്ച് അധഃകൃത-ഉയർന്ന ജാതി കലാപവും കൂടെ എന്നു തോന്നിക്കാണും സംവിധായകനു.

പക്ഷെ, പടം : മസ്റ്റ് സീ ആണു. :)


Monday, November 1, 2010

അജാമി - Ajami (8/10)


Hebrew-Arabic/2009/Crime-Drama/IMDB/(8/10)

പ്ലോട്ട് : ഒരു സിനിമ - ഒരു കഥ - അഞ്ച് ചാപ്റ്റേഴ്സ് - അഞ്ച് കഥാപാത്രങ്ങൾ - അഞ്ച്  തമ്മിൽ ഇഴ ചേർന്നു കിടക്കുന്ന കഥകൾ.. മൊത്തത്തിലുള്ള കഥയുടെ ഗതിയെ, കഥയെപറ്റിയുള്ള കാണികളുടെ മനസ്സിന്റെ പ്രൊജക്ഷനെ ആ അഞ്ച് കഥകളും കൂടെ നിയന്തിക്കുന്നു, കാണികളെ കഥയുടേതായ ഒരു മായാ വലയത്തിൽ അകപ്പെടുത്തുന്നു ഈ സിനിമ. Rashomon സ്റ്റൈലിൽ എടുത്തിരിക്കുന്ന ഈ സിനിമ എന്നെ ഒരിക്കൽ കൂടെ കാണാൻ പ്രേരിപ്പിക്കുകയാണു, എനിക്കുറപ്പാണു, ഒരിക്കൽ കൂടി കണ്ടാൽ ഈ സിനിമയെ ഞാൻ ഇനിയും അധികം സ്നേഹിക്കും.

സിനിമ ഇസ്രയേലിലെ ജാഫാ പ്രവിശ്യലിലെ അജാമി എന്ന സ്ഥലത്ത് നടക്കുന്ന കഥയാണു. ഇസ്രയേൽ ആയതു കൊണ്ട് ഭാഷ രണ്ടാണു ഈ സിനിമയിൽ-  അറബികൾ തമ്മിൽ അറബിയും, ഇസ്രയേലികൾ തമ്മിൽ ഹിബ്രുവും സംസാരിക്കുന്നു - ഇവർ പരസ്പരമുള്ള സംസാരം ഹിബ്രുവിലും ആണു. കൂടുതൽ കഥ പറയുന്നില്ല - അത് സിനിമ കണ്ട് രസിക്കൂ. :)

വെർഡിക്ട് : ദി മെമെന്റോ (The Memento) ആണോ ഇതാണൊ ബെറ്റർ സിനിമ എന്നു എനിക്കിപ്പോൾ ഡൗട്ട് ആയി! ( ലോകസിനിമയിലെ ഏറ്റവും നല്ല പടങ്ങളിൽ ഒന്നു എന്നു ജനങ്ങൾ വിശേഷിപ്പിക്കുന്ന മെമെന്റോവും ഇതും തമ്മിൽ താരതമ്യപ്പെടുത്തിയതിനു പോലീസ് പിടീക്കില്ലാ എന്നു വിശ്വസിക്കുന്നു - അങ്ങനെ എങ്ങാനും ഉണ്ടെങ്കിൽ ഞാൻ മിനിങ്ങാന്നേ സ്ഥലം കാലിയാക്കി എന്നു നേരത്തേ അറിയിക്കുകയാണു) .
ഓരോ കഥകൾ നമ്മുടെ മുന്നിലേക്ക് വരും തോറൂം മൊത്തത്തിലുള്ള കഥക്കുണ്ടാവുന്ന മാറ്റം - അതു ഉഗ്രനാണു. അതാണു ഈ സിനിമയുടെ ഹൈലൈറ്റും! ഫിലിം സംഭവം കലക്കൻ. !!

കാണൂ .. ബോറടിക്കില്ല.

വാൽക്കഷ്ണം : ഞാൻ കണ്ട പ്രിന്റ് ഹിബ്രു ഹാർഡ്-സബ്ബ്റ്റൈറ്റിൾഡ് ആയിരുന്നു. അതുകൊണ്ട് ഇംഗ്ലീഷ് സബ്റ്റൈറ്റിത്സ് കൂടെ ഇട്ട് ലൊക്കേഷൻ അഡ്ജസ്റ്റ് ചേയ്താണു കണ്ടതു. .. സബ്റ്റൈറ്റിത്സ് ഉള്ള പ്രിന്റ് നോക്കി സെലക്സ് ചേയ്താൽ നല്ലതു.