Sunday, February 26, 2012

ഈ അടുത്ത കാലത്ത് - EE Adutha Kaalathu (6/10)


Ee Adutha Kaalathu/Malayalam/2012/Drama-Thriller/M3DB/ (6/10)  

പ്ലോട്ട് : നഗരജീവിതത്തിലെ വ്യത്യസ്ഥങ്ങളായ ചില ജീവിതങ്ങളുടെ ഒരു നേർപ്പകർപ്പ്. ജീവിതത്തിന്റെ പല തുറകളിലെ പല കഥാപാത്രങ്ങളൂം, ഒരു സീരിയൽ കില്ലറുടെ പശ്ചാത്തലത്തോടെ മുന്നോട്ട് നീങ്ങുന്ന ഒരു കഥ. ക്ലീഷേകളുടെ ഘോഷയാത്രകളില്ലാത്ത ഒരു ഡീസന്റ് സിനിമ.

സ്ക്രീനിങ്ങ് : ചേർത്തല ചിത്രാഞ്ജലിയിൽ ആണു ഈ സിനിമ ഞാൻ കണ്ടത് - ആൾ തീയറ്റർ കപ്പാസിറ്റിയുടെ കഷ്ടിച്ച് ഒരു കാൽഭാഗം. മിക്കവാറും അടുത്ത വെള്ളിയാഴ്ച കാണില്ല ഈ സിനിമ!.ഞാൻ പറയാൻ വന്നത് ഇതൊന്നുമല്ല - സിനിമയുടെ ആദ്യാവസാനം ഓഡിയോ ലാഗ്ഗിങ്ങ് ആയിരുന്നു, സെക്കന്റിന്റെ ഒരംശം. മലയാളം അറിയാത്ത നടിമാരുടെ ഡബ്ബിങ്ങ് പ്രശ്നം ആണെന്ന് കരുതിയിരുന്ന എനിക്ക് മുരളി ഗോപിയുടെ ഒക്കെ ഡയലോഗുകൾ ലാഗ്ഗിങ്ങ് ആയപ്പോൾ ആണു പ്രശ്നം ടെക്നിക്കൽ ആണെന്നു തോന്നിത്തുടങ്ങിയത് .. സിനിമയുടെ ക്വാളിറ്റി മൂലം മാത്രം ഉയർന്നു വരാൻ ചാൻസുള്ള ഇത്തരം സിനിമകൾ കൂടെ സ്ക്രീനിങ്ങിന്റെ തകരാറുകൾ മൂലം രസിക്കാനാവാതെ പോവുന്നത് ... കഷ്ടം എന്നല്ലാതെ എന്തു പറയാൻ!

വെർഡിക്ട് :  നല്ലോരു സ്ക്രിപ്റ്റ്, നല്ല കഥ പറച്ചിൽ. നല്ല ഡയലോഗുകൾ. ലീഡ് ആക്ടേഴ്സിന്റെ വളരേ നല്ല പെർഫോർമൻസ്..  നല്ലോരു സിനിമ.

അത്രേം ഒറ്റ വാചകത്തിൽ പറയാം - പക്ഷെ മൊത്തത്തിൽ എടുത്താൽ, സിനിമ എബൗവ് ആവറേജ് എന്നേ പറയാൻ ആവൂ. എവിടേയൊക്കെയോ, എന്തൊക്കെയോ കുറവ്, അല്ലെങ്കിൽ കൂടുതൽ.  പല കഥകൾ ഒരേ രീതിയിൽ മുന്നോട്ട് പോവുന്ന തരം കഥപറച്ചിൽ ആണിതിൽ. അത് ബോറാവാത്ത തരത്തിൽ ഡീസന്റായിട്ട് എടുത്തിട്ടും ഉണ്ട്.

താരനിര : എടുത്ത് പറയേണ്ടത് ലീഡ് റോളുകളിൽ ഒന്നു ധൈര്യസമേതം എടുത്ത് അത് തകർത്താടിയ മുരളി ഗോപി എന്ന കലാകാരന്റെ പ്രതിഭയെ ആണു. തിരക്കഥ/കഥ/ഡയലോഗുകൾ എന്നിവയും മുരളി ഗോപിയുടേത് തന്നെയാണു.  സ്ക്രിപ്റ്റും ഒക്കെ കിടിലൻ ആണു എന്നാൽ തന്നേയും, ഇങ്ങാരു അഭിനയിച്ച് തകർത്ത് വാരിക്കളഞ്ഞൂ - മറ്റുള്ളവരെ എല്ലാരേയും നിഷ്പ്രഭർ ആക്കിക്കളഞ്ഞൂ! ഇദ്ദേഹം അഭിനയം തുടർന്നാൽ, മലയാളത്തിനു ഈ ദശകത്തിൽ ലഭിച്ച ടാലന്റ് ഫിക്സഡ് അസ്സറ്റുകളിൽ ആദ്യ പത്തിൽ ഈ പേരു ഉറപ്പായും ഉണ്ടാവും!

ഇന്ദ്രജിത്ത് : മുരളി ഗോപിയുടെ അസാമാന്യ പ്രകടനം ഇല്ലായിരുന്നുവെങ്കിൽ ഇന്ദ്രജിത്തിന്റെ കഥാപാത്രം ആയിരുന്നേനേ ഈ സിനിമയുടെ ഹൈലൈറ്റ് - അതിനർത്ഥം ഇന്ദ്രജിത്ത് ഇതിൽ മോശാക്കിയെന്നോ, നന്നാക്കിയിട്ടില്ലാ എന്നോ അർത്ഥമില്ല. ഉഗ്രൻ തന്നെ ആക്കീട്ടുണ്ട്. ‘സിറ്റി ഓഫ് ഗോഡ്’ എന്ന സിനിമയിലെ പോലത്തെ ഒരു കഥാപാത്രം ആണു ഇതിലേയും ഇന്ദ്രജിത്തിന്റേത് - ഇത്തരം കഥാ‍പാത്രങ്ങൾ നന്നാക്കാൻ കഴിയുമെന്ന് ഒരിക്കൽ കൂടി ഇന്ദ്രൻ തെളിയിച്ചു.

അനൂപ് മേനോൻ : ഒരു പരാജയമായിക്കൊണ്ടിരിക്കുന്ന കെയർലെസ്സ് പോലീസ് കമ്മീഷ്ണറായി അനൂപ് ജീവിക്കുകയാണു സിനിമയിൽ. കൂടുതൽ പറയേണ്ടതില്ല ഇങ്ങാരുടെ അഭിനയത്തെപറ്റി - ആക്ച്വൽ ഡയലോഗ് ഡെലിവറിയിൽ അനൂപ് കഴിഞ്ഞേ എന്നെ സംബന്ധിച്ചിടത്തോളം വേറേ ആളുള്ളൂ!.

മൈഥിലി : ഈ കൊച്ച് കാലം കഴിയും തോറും അഭിനയം മറന്ന് മറന്ന് വരികയാണോ ആവോ.. വളരേ അധികം ഇമോഷണൽ ആയിട്ട് പെരുമാറേണ്ട സന്ദർഭങ്ങളിൽ പൊട്ടിത്തെറിച്ച് ചുറ്റുമുള്ളവരെക്കൂടെ തെറിപ്പിച്ച് കളയുന്ന തരം അഭിനയം ആണീ കൊച്ചിന്റേത് .. നന്നാക്കിയില്ലായെങ്കിൽ പാടാവും, സഹിക്കാൻ.

നിഷാൻ : ഋതുവിനു ശേഷം ഈ പയ്യനെ ഇഷ്ടായ പടം ഇതാണു - ഒരു ബോംബൈക്കാരനായ, മലയാളം അധികം സംസാരിക്കാത്ത ഒരു പയ്യൻ - ഒരു വില്ലൻ എന്നും പറയാം. ശരിക്കും കലക്കീട്ടുണ്ട് നിഷാൻ ഇതിൽ! .. ഇവന്റെ ഓരോ ഡയലോഗുകളും തീയറ്ററിൽ ചിരികൾ ഉയർത്തുന്നുണ്ടായിരുന്നു, ഇവന്റെ ഓരോ നീക്കങ്ങൾക്കും തീയറ്ററിൽ പ്രതികരങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നുണ്ടായിരുന്നു - ഇത് മുഴുവനും നിഷാന്റെ കഴിവല്ല, സിനിമാ ക്രിയേറ്റേഴ്സിന്റെ കഴിവ് കൂടെ ആണെങ്കിൽ കൂടി - നിഷാനു ശരിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെ ഇത്.

ബാക്കിയുള്ളവയിൽ മാധുരി എന്ന കഥാപാത്രം ആയിട്ടഭിനയിച്ച ‘തനുശ്രീ ഏതാണ്ടും‘ തരക്കേടില്ലാതെ വന്നിട്ടുണ്ട്. പക്ഷെ, മലയാളം അറിയാവുന്ന - അഭിനയിക്കാൻ അറിയാവുന്ന ആരെയെങ്കിലും പോരായിരുന്നോ എന്ന സംശയം അപ്പോഴും ബാക്കിയാവുന്നു.  ബൈജൂ ആദ്യായിട്ട് ഒരു ബോറടിക്കാത്ത പെർഫോർമൻസ് കാഴ്ചവച്ചിരിക്കുന്നു. ഗുണ്ടകൾ ആയിട്ട് വന്നിരിക്കുന്നവരും സപ്പോർട്ടിങ്ങ് ആക്ടേഴ്സും ഒക്കെ നന്നാക്കിയിട്ടുണ്ട് - പക്ഷെ മൈഥിലിയുടെ പെർഫോർമൻസ് കാരണം ആവണം, എല്ലാറ്റിലും ഒരു അമച്വർ സ്വഭാവം തോന്നിപ്പോയി എനിക്ക്! :(  പക്ഷെ, രണ്ടാമത് ഓർത്ത് നോക്കുമ്പോൾ, ആ ഒരു ആക്ടർ മാത്രമേ മോശാക്കിയിട്ടൊള്ളൂ..!

 കോക്ക്ടെയിലിനു ശേഷം കോക്ക്ടെയിലിനെക്കാൾ ക്രിസ്പി ആയ, അതിലും ഇന്ററസ്റ്റിങ്ങ് ആയ ഒരു സിനിമ ആവും ഇതെന്നുള്ള അമിത പ്രതീക്ഷ എനിക്കുണ്ടായിരുന്നതിനാലാവാം, ഈ സിനിമ എന്റെ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല - അതിനു കാരണം ഈ സിനിമയുടെ നീളം തന്നെയാണു. 3 മണിക്കൂർ ഒക്കെ പറയാനും മാത്രം കഥ/സംഭവങ്ങൾ ഈ സിനിമക്കുണ്ടോ? ഇല്ലാ എന്നു ഞാൻ വിശ്വസിക്കുന്നു, അതിനാൽ തന്നെ, ഈ സിനിമ ഒന്നു വെട്ടി ചെറുതാക്കി ഒരു അര മണിക്കൂർ കുറച്ചിരുന്നെങ്കിൽ എന്നു ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ച് പോവുന്നു.. 

ഒറ്റ വാചകത്തിൽ : കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ. നല്ല സിനിമകൾ വിജയിക്കണം, പൊട്ട തട്ടുപൊളിപ്പൻ പടങ്ങൾ പെട്ടിയിലിരിക്കണം എന്നു അതിയായ ആഗ്രഹമുള്ളവർ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ.

വാൽക്കഷ്ണം : ഈ മലയാളം അറിയാൻ പാടില്ലാത്ത നടിമാരെ ഒക്കെ അങ്ങ് ബോംബേന്നും കൽക്കട്ടേന്നും പൊക്കിക്കൊണ്ട് വരുന്നത് എന്തിനാണാവോ ഈ സംവിധായകർ? - അതും ഗ്ലാമറിനെക്കാളധികം നെടുനീളൻ മലയാളം ഡയലോഗൊക്കെ പറയേണ്ടി വരുന്ന സിനിമകളിൽ... !! ഹിന്ദി/തമിഴ് സിനിമാ നടിമാരുടെ പടങ്ങൾ പോസ്റ്ററിൽ കാട്ടിയാൽ തീയറ്ററിൽ ആളിടിച്ച് കയറും എന്ന് ഇപ്പോഴും ഈ മണ്ടൻ സിനിമാക്കാർ വിശ്വസിക്കുന്നുണ്ടെന്നാണോ ഇതിനർത്ഥം ??എനിക്ക് തോന്നുന്നത്, ഈ സിനിമയോടെ മലയാളം സിനിമ ആക്ച്വാലിറ്റിയിലേക്ക് കൂടുതൽ അടുക്കുകയാണു എന്നു. നമ്മുടെ മലയാളം സിനിമകളിലെ വില്ലന്മാരും നായകന്മാരും ഒക്കെ എത്ര ഡീസന്റ് ഭാഷയാണു ഉപയോഗിക്കുന്നത്.. മലയാള സിനിമയിൽ ഒരു തെറി മനസ്സിലെങ്കിലും പറയുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇതിൽ ഗുണ്ടകൾ മലയാളത്തിലും, ഹൈക്ലാസ്സ് സൊസൈറ്റി ഇംഗ്ലീഷിലും ഒന്നാംതരം തെറി പറയുന്നുണ്ട് - ബീപ്പ് ശബ്ദത്തിന്റെ സഹായത്തോടാണെങ്കിലും.. 


Friday, February 24, 2012

സെക്കന്റ് ഷോ - Second Show (5/10)


Second Show/Malayalam/2012/Drama-Action/M3DB/ (5/10) 


പ്ലോട്ട് : ഒരു ഫ്രണ്ട്ഷിപ്പ്, .. ക്വട്ടേഷനുകൾക്കും, മറ്റു ഇല്ലീഗൽ കാര്യങ്ങൾക്കും പോവ്വുന്ന നായകൻ, അവന്റെ ഫ്രണ്ട്സ്. അവർ ചെന്നു പെടുന്ന പാരകൾ, അടികൾ, നായകന്റെ സൂപ്പർ ആക്ഷൻ സീക്വൻസുകൾ ..അതിമാനുഷശക്തികളുടെ പ്രകടനങ്ങൾ..

വെർഡിക്ട് : എല്ലാരും പറയുന്നു - ഡിഫറന്റ് ട്രീറ്റ്മെന്റ് ആണെന്നു, എല്ലാരും പറയുന്നു ഈ സിനിമ മലയാള സിനിമക്ക് വഴികാട്ടിയാണെന്നും, ഒക്കെ .. എങ്ങനെയാണെന്നു എനിക്ക് സത്യത്തിൽ മനസ്സിലാവുന്നില്ലാട്ടോ..ഇന്ത്യൻ സിനിമകളിൽ കാണുന്ന മിക്കവാറും ക്ലീഷേകളും ഉൾക്കൊള്ളിച്ച ഈ പടം എങ്ങനെ വഴിമാറിച്ചവുട്ടുന്ന പടമാവും?

ക്ലീഷേകളുടെ കാര്യം പറയുകയാണെങ്കിൽ .. അതിങ്ങനെ നിരന്നു കിടക്കുവാണു - സകലമാന അലുക്കൂലുത്തുകളും ചേയ്യുന്ന നായകനെ പ്രേമിക്കുന്ന നായിക (“ഇതെന്താ തമിഴ് സിനിമയാണോ ഗുണ്ടയെ പ്രേമിക്കാൻ ഒക്കെ” എന്നു ചോദിച്ച് കൊണ്ട് ഗുണ്ടയെ പ്രേമിക്കുന്ന ഒരു സിനിമയും ഇതേ വരെ ഇറങ്ങിയിട്ടില്ലാന്നു തോന്നുന്നു - അങ്ങനെ നോക്കിയാൽ ഈ സിനിമ ഒരു വ്യത്യസ്ഥ സിനിമ തന്നെയാണു. )
പത്തിരുപത് സായുധരായ ഗുണ്ടകൾ വന്നാലും - അതിപ്പോ നായകൻ നിരായുധനായാലും ശരി അല്ലെങ്കിലും ശരി, ഒരൊറ്റ ഇടി മതി നായകനു - ഗുണ്ടകളൊക്കെ ഇടിഞ്ഞ് പൊളീഞ്ഞ് വീഴുന്നതും, ചോര തുപ്പി അപ്രത്യക്ഷരാവുന്നതും ഒക്കെ ക്ലീഷേകൾ അല്ലേ?

അതു പോലെ, നായകന്റെ ഫ്രണ്ടിനു കുത്തേൽക്കുന്ന രംഗം : ആ സമയത്ത്  തല്ലാനായുന്ന  വില്ലന്മാരേയോ, നായകൻ ഒരൊറ്റ ഇടിക്ക് ചുരുട്ടി നിലത്തിട്ട ഗുണ്ടകളേയോ ഒന്നും കാണുന്നില്ല - അവരൊക്കെ എങ്ങനെ അപ്രത്യക്ഷരായി എന്നത് ആർക്കും ഒരു എത്തും പിടിയും കിട്ടില്ല, സത്യം!.

അല്ലെങ്കിൽ ഇതോക്കെ പറഞ്ഞ് എന്തിനു സമയം കളയണം? - മൊത്തത്തിൽ പടം ആവറേജ്. മിക്ക നടന്മാരുടേയും നടനം ആവറേജ്, കഥയും അവതരണവും ആവറേജ് ..

പക്ഷെ, എടുത്ത് പറയത്തക്ക പ്രകടനം നടത്തിയവരും ഉണ്ട് ഈ സിനിമയിൽ : സണ്ണി വെയ്ൻ എന്ന നടൻ - ഷോക്കടിച്ച പോലത്തെ തലമുടിയുള്ള കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പയ്യൻ. ലവൻ പടക്കമാണുട്ടോ! അവനു ഒരു കിടിലൻ ഭാവി ഞാൻ കാണുന്നുണ്ട് - പെട്ടെന്നു എനിക്കോർമ്മ വരുന്നത് ഇതേ പോലത്തെതന്നെ തലമുടിയുള്ള ഒരു ഹിന്ദി നടനെയാണു - സർഫരോഷിലും മറ്റും ഉണ്ട് അങ്ങേരു ...  അതു പോലെ ബാബുരാജ് : ചെറുതെങ്കിലും നല്ലോരു കഥാപാത്രത്തെ ഡീസന്റായിട്ട് അവതരിപ്പിക്കാൻ സാധിച്ചു അങ്ങാർക്ക്.

നമ്മുടെ നായകൻ - ദുൽഖർ സൽമാൻ : പോര സോദരാ, പോര. മമ്മുക്ക പോലത്തെ ഒരു വലിയ നടന്റെ മകൻ എന്ന പ്രതീക്ഷയുടെ ഏഴയലത്തെത്താൻ ദുൽഖർ ഇനിയും കൊറേ പഠിക്കേണ്ടിയിരിക്കുന്നു - നടനത്തെപ്പറ്റിയും, വോയ്സ് മോഡുലേഷനെപ്പറ്റിയും, കഥാപാത്രത്തെ മനസ്സിലാക്കുന്നതിനെപ്പറ്റിയും, കഥാപാത്രമാവുന്നതിനെപ്പറ്റിയും, ഒക്കെ .. ഒരുദാഹരണം പറയുവാണെങ്കിൽ, കോളേജിൽ പോവാൻ മനസ്സില്ലാത്ത, കോളേജ് എന്നും പറഞ്ഞ് മണൽ വാരാൻ പോവുന്ന, ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും ഡീസന്റായിട്ട് പറയാൻ അറിയാത്ത ഒരു കഥാപാത്രമായിട്ടാണു ദുൽഖർ സൽമാൻ ഇതിൽ അഭിനയിക്കുന്നത് - പക്ഷെ അദ്ദേഹത്തിന്റെ പല ഇംഗ്ലീഷ് വാക്കുകളും, അതിന്റെ ഉച്ചാരണവും ഒക്കെ കേട്ടാൽ ബാരക്ക് ഒബാമ വരെ ഞെട്ടി ഇരുന്നു പോവും - “കുറച്ച് പ്രിപ്പേർ ചേയ്യാനുണ്ടായിരുന്നു“ എന്ന്  നായകൻ പറയുമ്പോൾ നമുക്ക് ആ വാചകത്തിൽ കാണാൻ ആവുന്നത് വിദേശ പഠനം ഒക്കെ കഴിഞ്ഞ ദുൽഖർ സൽമാനെ ആണു, അല്ലാതെ നാ‍യകനെയായ ഗുണ്ടയെ അല്ല. പക്ഷെ, ഒരു പതിനഞ്ച് മിനുറ്റ് കഴിഞ്ഞ് നായകൻ ഇതോക്കെ മറന്ന് ഒരു ഇംഗ്ലീഷ് വാചകം പറയാൻ ബുദ്ധിമുട്ടുന്നതും കാണുന്നുണ്ട് നമ്മൾ..


ഒരു പുതുമുഖ നടനെ ഇത്രയും ഡിറ്റൈൽ ആയിട്ട് അനലൈസ് ചേയ്യാൻ പാടില്ല എന്നു വേണമെങ്കിൽ നമുക്ക് ശഠിക്കാം - പക്ഷെ, ദുൽഖർ സൽമാനെപ്പോലെ ഇതേ സിനിമയിൽ ഹരിശ്രീ കുറിച്ചിരിക്കുന്ന സണ്ണി വെയ്ൻ എന്ന ആ കലാകാരനും ആയിട്ടെങ്കിലും നമുക്ക് താരതമ്യം ചേയ്യാൻ പാടില്ലേ? അങ്ങനെ താരതമ്യം ചേയ്യുകയാണെങ്കിൽ, ദുൽഖറിനു പത്തിൽ മൂന്നും, സണ്ണിക്ക് ഒൻപതിനു മുകളിലും മാർക്ക് ഉറപ്പായും കിട്ടും!.  ഞാൻ സണ്ണിയുടെ ഫാനായി ഈ ഒരൊറ്റ പടത്തോടെ. ഫർഹദ് ഫാസിലിനെപ്പോലെ എപ്പോഴെങ്കിലും ദുൽഖർ പൊങ്ങിവരുവായിരിക്കും എന്നു പ്രതീക്ഷ മാത്രമേ ഉള്ളൂ, ഈ സിനിമ കണ്ട് കഴിഞ്ഞതോടെ എനിക്ക് അദ്ദേഹത്തെപ്പറ്റി.!

പക്ഷെ, ഇത്രേം പുതുമുഖങ്ങളെ വച്ച് ഒരു സിനിമ ചേയ്യ്യാൻ ചങ്കൂറ്റം കാട്ടിയ നിർമ്മാതാവിനും, സംവിധായകനും ഒരു സലാം തീർച്ചയാലും അർഹിക്കുന്നുണ്ട്. വെൽഡൺ ഗഡീസ്..


വാൽക്കഷ്ണം : സിനിമ ഒക്കെ കണ്ട് കഴിഞ്ഞ് പുറത്തിറങ്ങുന്ന കാണികൾക്ക് “ഇത് സുബ്രമണ്യപുരം സിനിമയുടെ ഒരു മോശം കോപ്പി അല്ലായിരുന്നോ കണ്ടിറങ്ങിയത്” എന്നു തോന്നിയാൽ അവരെ കുറ്റം പറയാനൊക്കില്ല -  ഏകദേശം അത് പോലെ ഒക്കെ ആക്കാൻ ശ്രമിച്ചിട്ടുണ്ട് സിനിമയുടെ ക്രിയേറ്റേഴ്സ്.