Thursday, May 3, 2012

22 ഫീമെയിൽ കോട്ടയം - 22 Female Kottayam (8/10)


22 Female Kottayam/Malayalam/2012/Drama/M3DB/ (8/10)

ഒറ്റ വാചകത്തിൽ : മസ്റ്റ് സീ. ഒരു കാരണവശാലും തീയറ്റർ കാഴ്ച മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.

വെർഡിക്ട് : ഇതാണു സിനിമ. ഞാൻ പണ്ടെങ്ങാണ്ടും ഒക്കെ കണ്ട ഒരു ചെക്കസ്ലോവാക്യൻ സിനിമയോട് പ്ലോട്ടിനു നല്ല സാദൃശ്യം ഒക്കെ ഉണ്ടെങ്കിലും, മലയാളത്തിൽ ഇങ്ങനത്തെ ഒരു സിനിമ - സങ്കല്‍പ്പിക്കാൻ പോലും ആവുന്നില്ല. ഇത്തരം ഒരു സിനിമ എടുക്കാൻ ആഷിക്ക് അബുവിനുണ്ടായ ധൈര്യത്തിനു നൂറിൽ നൂറ് മാർക്ക്.

മറന്നു തുടങ്ങിയ പഴേയ താരങ്ങളെ -  പ്രതാപ് പോത്തൻ, ടി ജീ രവി, സത്താർ എന്നിവരെയൊക്കെ സ്വന്തം സിനിമയിൽ അവസരം കൊടുത്തതിനു - അതും എണ്ണം പറഞ്ഞ റോളുകളിൽ തന്നെ അവസരം വീണ്ടും കൊടുത്തതിനു വീണ്ടൂം ആഷിക്ക് അബുവിനു തന്നെ കൈയ്യടി..

സംവിധാനത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ : ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധ ചെലുത്തി, ഒരു പെർഫക്ട് സിനിമയാക്കാൻ ആഷിക്ക് നടത്തിയിരിക്കുന്ന ശ്രമത്തെ, അഭിനന്ദിച്ചേ മതിയാകൂ.   പരിക്ക് പറ്റിയിരിക്കുന്ന ഒരാളെ അയാളുടെ പാർട്ട്ണർ ഒരു വികാര വിസ്ഫോടനത്തിന്റെ  വക്കിൽ വച്ച്  പിടിച്ചുലക്കുമ്പോൾ, “അയ്യോ വേദനിക്കുന്നു” എന്ന് കരയുന്ന കഥാപാത്രങ്ങൾ എത്ര മലയാള സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ടാവും?

സിനിമയുടെ മൂഡിനൊത്ത വിധം കാമറ ചലിപ്പിച്ച്, ആ മൂഡുകൾ പ്രേക്ഷകനിലേക്കെത്തിക്കാൻ ശ്രമിച്ച് വിജയിച്ച ഷൈജൂ ഖാലിദിനും കൈയ്യടിക്കാതെ വയ്യ - ട്രാഫിക്ക്, പിന്നെ സോൾട്ട് ആൻഡ് പെപ്പർ ... അതു കഴിഞ്ഞ് ഈ സിനിമ. യിങ്ങേരു കൊള്ളാട്ടോ!.

ഇനി മെയിൻ അ‘ഫി’നേതാക്കൾ : റീമാ കല്ലിങ്കൽ : സത്യത്തിൽ ആദ്യായിട്ട് ആണു ഒരു സിനിമയിൽ റീമയുടെ അഭിനയം ഇഷ്ടാവുന്നത്. ചെറിയ ചെറിയ കാര്യങ്ങൾ വരെ ഓർത്ത് വച്ച്, അവയിൽ ശ്രദ്ധിച്ചുള്ള അഭിനയവും, അതിൽ ഇവർ എടുത്തിട്ടുള്ള എഫേർട്ടും ഒക്കെ പലയിടങ്ങളിലും നമ്മൾക്ക് വ്യക്തമായി അറിയാൻ ആവുന്നുണ്ട് - ആർട്ടിസ്റ്റിന്റെ അടുക്കേൽ നിന്നും കൂടുതൽ ഡിമാന്റ് ചേയ്യുന്ന ഒരു സംവിധായകനു, ഒരു നല്ല കഠിനപ്രയത്നം ചേയ്യുന്ന ആർട്ടിസ്റ്റിന്റെ കൈയ്യിൽ നിന്നും വാങ്ങാവുന്ന ഭാവങ്ങൾക്കും പ്രകടനങ്ങൾക്കും ഒരു പരിധിയില്ല എന്നു തെളിയിക്കുന്നു ഇതിലെ റീമയുടെ പ്രകടനം.

ഫഹദ് ഫാസിൽ : നോർമൽ ബിസിനസ്സ് ക്ലാസ്സ് ഗയ്. മെനക്ക് ചേയ്തിരിക്കുന്നു ഫഹദ്. പക്ഷെ, ഫഹദിനെ ഈ ബിസിനസ്സ്മാനോ, എക്സിക്യൂട്ടീവോ അല്ലാത്തോരു  നോർമൽ റോളിൽ കാണാൻ കൊതിയാവുന്നു എനിക്ക്..

പിന്നെ പറയേണ്ടത് റെക്സ് വിജയനും ബിജിബാലും കൂടെ സംവിധാനം നടത്തിയിരിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറിനെപ്പറ്റിയാണു. ഓവറാവാതെ, സിനിമയുടെ കൂടെ ചേർന്നു സീനുകളുടെ മൂഡിനെ പതിന്മടങ്ങാക്കാൻ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല - അതുകൊണ്ട് ഇവർക്കും കൈയ്യടി അനിവാര്യം.

ഇനി ശരിക്കും താരങ്ങളുടെ കാര്യം : അഭിലാഷ് കുമാർ-ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന സിനിമയുടെ തിരനാടകം. കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി കണ്ടിട്ടുള്ള സിനിമകളിൽ നിന്നും വ്യത്യസ്ഥമാക്കാൻ ഈ സിനിമയെ സഹായിച്ചിരിക്കുന്നതും, ഈ സിനിമയുടെ ഹൈലൈറ്റും ഈ തിരക്കഥയും സംഭാഷണങ്ങളും ഒക്കെത്തന്നെയാണു. ഹ്യൂമറിനു ഹ്യൂമർ, ഇമോഷൻസിനു ഇമോഷൻസ് ..   ഇവർ ഇനിയും ഇത്തരം എഴുത്തുകൾ നടത്തട്ടെ.. അങ്ങനെ കാഴ്ചക്കാർക്ക് ഇനിയും വിരുന്നൊരുക്കട്ടെ..


പ്ലോട്ട് : പലരുടേയും റിവ്യൂകളും, മറു റിവ്യൂകളും, ഫെമിനിസ്റ്റ്-ആന്റീ ഫെമിനിസ്റ്റ്-മെയിൽ ഷെവനിസ്റ്റ്-ആന്റീ മെയിൽ ചിന്താഗതികളും, സിനിമയുടെ നെഗറ്റീവ് പ്രമോഷനും ഒക്കെക്കൊണ്ട് തമ്മിത്തല്ലുകൾ സോഷ്യൽ മീഡിയയിലും മറ്റും  മിക്കവാറൂം ദിവസേന എന്ന വിധം നടക്കുന്നത് കൊണ്ടൂം, ഈ അടികളിൽ സിനിമയുടെ  ക്ലൈമാക്സ് വരെ റിവീൽഡ് ആവുന്നുണ്ട് എന്നതു കൊണ്ട്, എല്ലാവർക്കും പ്ലോട്ട്  അറിയാമെന്ന് ഊഹിച്ച് കൊണ്ട്, ആ സാഹസത്തിനു ഞാൻ മുതിരുന്നില്ല.  - അല്ലെങ്കിലും, കഥയല്ല, സിനിമായാണു ഇവിടെ താരം.

വാൽക്കഷ്ണം : ഈ റേഡിയോക്കാർ ചുമ്മാ പറഞ്ഞ് പറ്റിച്ചു : ഈ സിനിമയിൽ റീമയും ഫഹദും കിസ്സ് ചേയ്യുന്നുണ്ട് .. മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മിയാണു ഫഹദ് ... എന്നൊക്കെ   പറഞ്ഞ് എന്തോരു ബഹളമായിരുന്നു ...    ചുമ്മാതാണേ .. അങ്ങനത്തോരു സംഭവം ഈ സിനിമയിലില്ല! :)

പിന്നെ വിവാദങ്ങളുടെ കാര്യം : ഒരു സിനിമ കണ്ടിട്ട്, അതിലെ കഥാപാത്രം കോട്ടയംകാരിയാണെന്നതു കൊണ്ട് ആ കഥാപാത്രം ചേയ്യുന്ന കാര്യങ്ങൾ ആണു എല്ലാ കോട്ടയംകാരും ചേയ്യുന്നതെന്നു വിശ്വസിക്കുന്നതോ, അല്ലെങ്കിൽ വിചാരിക്കുന്നതോ ആരുടെ തെറ്റ്? ആ സിനിമയുടെ സംവിധായകന്റേയോ, ഫിക്ഷൻ എന്ന വാക്കിന്റെ അർത്ഥം എന്തെന്നു അറിയില്ലാത്ത പ്രേക്ഷകന്റേയോ?  ഫിക്ഷൻ എന്ന വാക്കിൽ തന്നെയുണ്ട് അതിന്റെ അർത്ഥം - "Fiction is the form of any narrative or informative work that deals, in part or in whole, with information or events that are not factual, but rather, imaginary—that is, invented by the author."  എന്നു വിക്കി പറയുന്നു. 


ഇങ്ങനെ പോയാൽ, കഥാപാത്രങ്ങൾ ചേയ്യുന്നത് മുഴുവനും കഥാപാത്രത്തിന്റെ നാട്ടുകാരോ, ഗോത്രക്കാരോ, മതക്കാരോ ജാതിക്കാരോ എപ്പോഴും ചേയ്യുന്നു എന്ന ആരോപണം ആണു സിനിമ ഉയർത്തുന്നതെന്നു എല്ലാ സംഘടനകളും ഉയർത്തുകയും, സിനിമാ തീയറ്റർ തല്ലിപ്പൊളിക്കുകയും ചേയ്യും കുറച്ച് നാളുകൾക്കകം. ഇതിൽ നിന്നൊക്കെ രക്ഷപ്പെടാൻ ആയിട്ട് സിനിമാക്കാർ വില്ലന്മാരേ എപ്പോഴും വല്ല അന്യഗൃഹജീവികളോ, പാക്കിസ്ഥാൻ‌കാരോ ആക്കി സിനിമ പിടിക്കുന്ന കാലവും വിദൂരമല്ല. 


മലയാള സിനിമയേ രക്ഷിച്ചേക്കണേ ദൈവമേ. ..