Sunday, February 15, 2009

ബെല്ലടിക്കൂ .. അക്രമം തടുക്കു ... ബെല്‍ ബജാവോ ആന്തോളന്‍

ഈ വിഷയത്തില്‍ ഞാന്‍ എന്റേതായിട്ടു ഒന്നും പറയുന്നില്ല .. പറയേണ്ട കാര്യം ഈ മൂന്നു വീഡിയോകള്‍ വളരെ നന്നായിട്ട് തന്നെ പറയുന്നുണ്ടു... കാണു, ബ്ബെല്ലടി തുടങ്ങു. ബെസ്റ്റ് ഓഫ് ലക്ക് ...

1. ബോമന്‍ ഇറാനിയുടെ ആഡ്:
ബെല്ലടിക്കു - ഫോണ്‍



2. ബെല്ലടിക്കു - മില്‍ക്ക്



3. ബെല്ലടിക്കു - ബോള്‍





എന്റെ വീടിനു രണ്ടു വീടുകള്‍ അകലെ, ഒരു വീട്ടില്‍ ഈ പരിപാടി ഡെയിലി രാത്രി നടക്കാറുണ്ട്. ആ ചേട്ടന്‍ ആണെല്‍ സര്‍ക്കര്‍ ഉദ്യോഗസ്ഥനും .. ഡെയിലി വെള്ളം അടിച്ചു വന്നു നല്ല ഒന്നാംതരം തെറി അഭിഷേകവും, അടുത്ത പടി ഭാര്യയെ അടിക്കുകയും ആണു - ഒന്നു രണ്ടു തവണ നാട്ടുകാരാണ്‍ ആ പെണ്ണിനെ രക്ഷിച്ചതു. ഞാനും ഈ ബെല്ലടി ഇവിടെഒന്നു പരീക്ഷിക്കാം അല്ലെ?

പക്ഷെ, പാതിരാത്രിയില്‍ ഞാന്‍ എന്തു ചെന്നു ചൊദിക്കും? അടിച്ചു പൂക്കുറ്റി ആയിട്ടു നിക്കണ അങ്ങേരുടെ അടുക്കെ പാതിരാത്രി ചെന്നു ക്രിക്കറ്റ് ബാള്‍ ചോദിച്ചാല്‍ .. അയ്യാള്‍ നമ്മളെ എന്തു ബാള്‍ കാട്ടിത്തരും എന്നു ഉറപ്പു പറയാന്‍ പറ്റാത്തതു കാരണം ബോള്‍ വേണ്ട. ... രാത്രിയില്‍ പാലും, ഫോണ്‍ വിളിയും ശെരിയാകില്ല ... അയ്യാള്‍ നമ്മളെ വേറെ പലതും വിളിക്കും - പലതും കുടിപ്പിക്കും .. പിന്നെ ആകെയുള്ളതു എന്താണ്‍ .. ഒരു സ്മാള്‍ ചോദിച്ചാലോ?? പ്രശ്നം ആവ്വും... !!

പക്ഷെ, എന്നെ പോലുള്ള ഒരു ആള്‍ രാത്രി അവിടെ ചെന്നാല്‍, ആദ്യം അയ്യാള്‍ പറയ്യാന്‍ പൊകുന്നതു - എടി ^&%^%$^%, ദാണ്ടേ, നിന്റെ മറ്റവന്‍ വന്നേക്കണു, ഞാന്‍ ഇല്ലാത്ത നേരത്ത് ഇവിടെ ഇവനെ പോലുള്ളവമ്മാരു കയറി ഇറങ്ങുന്നുണ്ടെന്നു നാട്ടുകാരു പറഞ്ഞപ്പൊ ഞാന്‍ വിശ്വസിച്ചില്ല ... ഈ കൊച്ചിന്റെ തന്ത ഇവനല്ലേടീ?????? ആരാടീ ഇവന്‍ നിന്റെ .... ^&%*##@$ .. ഡിഷും ... ഡിഷും ... - എന്നു ആയിരിക്കും എന്നതു ഏകദേശം ഉറപ്പായതു കൊണ്ട്, ഈ ബെല്ലടി അത്ര സുരക്ഷിതം ആണോ?

നിങ്ങളും ബെല്ല് അടിക്കുന്നതു സമയവും കാലവും, ആളും ഒക്കെ നോക്കി സൂക്ഷിച്ചു വേണേ ... :)


Friday, February 13, 2009

ആ‍ പുലിവാലന്റയിന്‍സ് ഡേ

എന്റെ പ്രൊ: കൊളേജ് കാലഘട്ടം ... കൊച്ചി എന്ന മഹാനഗരം ഇപ്പൊഴത്തതിന്റെ പകുതി ഭാഗം പോലും ഇല്ലാതിരുന്ന ആ കാലം .. മസാലദോശക്കു എട്ടു രൂപ മാത്രം ഉണ്ടായിരുന്ന ആ സുവര്‍ണ്ണ കാലം. ആന്നെനിക്കു മീശയിത്ര വളര്‍ന്നിട്ടില്ല, അന്നെനിക്കു ബുദ്ധി ഇത്ര തെളിഞ്ഞിട്ടില്ല... കോളേജിന്റെ അടുക്കെ തന്നെ ഒരമ്പലം ഉണ്ടായിരുന്നതും, അവിടെ അന്നു തന്നെ ഒരു കല്യാണം ഉണ്ടായിരുന്നതും, എന്റെ കുറ്റം ഒട്ടുമേ ആയിരുന്നില്ല, പക്ഷെ അന്നെത്തെ ദിവസം തന്നെ ക്ലാസ്സ് കുട്ട് ചൈയ്തു കല്യാണ സദ്യ കഴിക്കാന്‍ പോയ്യതു മാത്രം - വേണമെങ്കില്‍ എന്റെ തെറ്റായിട്ടു നിങ്ങള്‍ക്കു ആരോപണം ഉന്നയിക്കാം - പക്ഷെ എന്റെ അന്നത്തെ കോളേജിലെ പുള്ളേര്‍ക്കു ആ അമ്പലത്തിലെ എല്ലാ കല്യാണത്തിന്റെയും ഹൊള്‍സൈയില്‍ ഫൂഡ്ഡിംഗ്സ് ചരിത്രാതീതകാലം മുതല്‍ക്കെ വീതം വച്ച് കിട്ടിയതാണെന്നുള്ള നഗ്ന-വാസ്തവം അറിഞ്ഞാല്‍ ആ ആരോപണം വെറും പണം വെട്ടാനുള്ള വെടക്കു അടവാണെന്നു സ്ഥിരബുദ്ധിയുള്ള നിങ്ങള്‍ക്കു മനസ്സിലാ‍ക്കാവുന്നതേ ഉള്ളു.

പക്ഷെ, അന്നത്തെ ആ ദിവസം, എന്റെ എട്ടില്‍ ശനിയും വ്യാഴവും കെതുവും ഗുളികനും കൂടി ഇന്നാ‍രെ തട്ടണം എന്നു ചിന്തിച്ചു വിഷമിച്ചു ഇരിക്കുകയായിരുന്നു എന്നു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ പല തവണ അതു കഴിഞ്ഞും ചിന്തിച്ചിട്ടുണ്ട് ...

രാവിലെ കഴിച്ച ദോശയുടെ ഓര്‍മ്മകളെ മറക്കാന്‍ കൂടെ കഴിച്ച സാമ്പാര്‍ സമ്മതിക്കാതിരുന്നതിനാലും, ആ സമ്പാറിന്റെ രുചി വീണ്ടും വീണ്ടും യാതൊരു ഔചിത്വവും ഇല്ലാതെ വായിലേക്കു ഏമ്പക്കം വഴി കയറി വന്നുകൊണ്ടിരുന്നതും ആവണം തിങ്കളാഴ്ച എന്ന നല്ല ദിവസം ആയിരുന്നിട്ട് കൂടി അടുത്ത അമ്പലത്തിലെ കല്യാണമണ്ഡപത്തിലെ കല്യാണ സദ്യ ഇടിച്ചു കയറി കഴിക്കാന്‍ എന്നെ എന്റെ മനസ്സു നിര്‍ബന്ധിച്ചതു. കുറ്റം പറയരുതല്ലൊ - നല്ലൊരു പാര്‍ട്ടിയുടെ, നല്ലൊരു കല്യാണവും, അതിനെക്കാള്‍ നല്ലൊരു നായര്‍ സദ്യയും..

കൈ കൊണ്ടും, വാ കൊണ്ടും, നാക്കു കൊണ്ടുമുള്ള ദ്വന്ദയുദ്ധം കഴിഞ്ഞു ഇറങ്ങാന്‍ നേരം, നാരങ്ങാ കൂടെ വാങ്ങി കൊണ്ടു പോവ്വാം എന്നു തോന്നിയത് കൊണ്ട്, അതു വാങ്ങിയതിന്റെ കൂടെ ഒരു റൊസാപ്പൂ കൂടെ ഫ്രീ ആയിട്ടു കിട്ടിയതു വാങ്ങി, ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകള്‍ പാര്‍ക്കില്‍ പോയ്യിരുന്നു വായ്യില്‍നൊക്കി വേസ്റ്റും ചെയ്തു വീട്ടിലേക്കു മടങ്ങിയതു ഫ്രീ കിട്ടിയ റോജാപുഷ്പം ഷര്‍ട്ടിന്റെ പൊക്കറ്റില്‍ നാട്ടാരു കാണ്‍കെ കുത്തിക്കൊണ്ടായിരുന്നു, കണ്ടാല്‍ നെഹ്രുവിന്റെ ഗ്രാമര്‍ ഇല്ലേലും റോസാപ്പൂ കൊണ്ടു എങ്കിലും ആരെലും തന്നെ നോക്കട്ടെ എന്നു തൊന്നിയത് തെറ്റാണൊ, കുറ്റം ആണൊ, പാപം ആണോ ? അല്ലായിരിക്കും, പക്ഷെ അതൊരു ആന മണ്ടത്തരം ആയിരുന്നുവെന്നതു എനിക്ക് മനസ്സിലാവാന്‍ കുറച്ചധികം നാളുകള്‍ വേണ്ടി വന്നു.

തനി കണ്ട്രി ആയ എനിക്കു മനസ്സിലാക്കാനാവാത്ത പലതും കൊച്ചിക്കാര്‍ക്കു മനസ്സിലാവ്വും എന്നു എനിക്കു മനസ്സിലായ സംഭവങ്ങള്‍ ആയിരുന്നു പിന്നീടങ്ങോട്ടു ഉണ്ടായതു .. ബസ്സിലെ കിളി മുതല്‍, വികലാംഗ സീറ്റില്‍ ഇരുന്ന, സ്റ്റാന്റില്‍ പാട്ട് പാടി കാശ് വാങ്ങണ ആളു വരെ എന്നെ നോക്കി ഒരു വഹ ചിരി ചിരിക്കുന്നു ... കണ്ടക്ടര്‍ ബാലന്‍സ് കാശിനു കൂടെ ഇരുത്തി ഒരു മൂളലും തരുന്നു .. ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര്‍ സാര്‍ ‘യെവനൊന്നും ഒരിക്കലും നെരെ ആവാന്‍ പോവുന്നില്ല‘ എന്ന മട്ടില്‍ തല ആട്ടി കുനിഞ്ഞിരിക്കുന്നു ... മുന്നിലെ (സുന്ദരികളായ) പെണ്‍പട തിരിഞ്ഞു നോക്കി എന്തൊക്കെയ്യൊ പറഞ്ഞു ചിരിക്കുന്നു ... ആകെപ്പാടെ, ഒരു അവലക്ഷണം ... പെട്ടെന്നു പാന്റ്സ് കീറിയ പൊലത്തെ ഒരു ഫീലിങ്ങ് .... പക്ഷെ കളസം കീറിയ ശബ്ദം കേട്ടതായി ഞാന്‍ ഓര്‍ക്കുന്നതും ഇല്ല .. എല്ലാവര്‍ക്കും വട്ടായിരിക്കണം.. അല്ലെല്‍ അസൂയ ആയിരിക്കണം .. എന്നാലും ... എന്റെ മുഖത്തു വല്ലതും പറ്റിയിരിക്കുന്നുണ്ടോ, അതോ .. ? ..

വണ്ടി ഇറങ്ങി ചങ്ങാടത്തില്‍ കയറിയപ്പോഴും തുടര്‍ന്ന ഈ കലാപരിപാടി തീരുന്നതു, ടൌണിലെ ലേഡീസ് സ്റ്റോറിന്റെ മുന്നിലെത്തിയപ്പൊള്‍ ആണു. അവിടെ വള ഇടീച്ചു കൊടുക്കാന്‍ നില്‍ക്കുന്ന പാറു എന്നു ഞാന്‍ വിളിക്കുന്ന കറുത്ത സുന്ദരിയുടെ മുഖം, എന്നെ കണ്ട സന്തൊഷത്തില്‍ പെട്ടെന്നു വികസിക്കുന്നതും, കാറ്റ് കുത്തി വിട്ട ബലൂണ്‍ പോലെ അതിലും വേഗത്തില്‍ ചൊങ്ങൂന്നതും കണ്ടപ്പൊള്‍ ... വീണ്ടും പാന്റ്സ് തപ്പി നോക്കാനുള്ള ചേതോവികാരം ഉള്ളില്‍ അടക്കി, കാര്യം ചോദിച്ച എന്റെ നേര്‍ക്കു ഫയര്‍ഫൊര്‍സുകാരുടെ ഹോസില്‍ നിന്നും വരുന്നതിനെക്കാളും സ്പീഡിലും അളവിലും അവള്‍ ചീറ്റിച്ച കണ്ണുനീര്‍ ധാരക്കിടയിലൂടെ തെറിച്ചു വന്ന വാക്കുകളില്‍ ‘വാലന്റയിന്‍സ് ഡേ‘ എന്ന പുലിവാലിനെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടാ‍യിരുന്നു, അവള്‍ എനിക്കു വെറുതെ തന്ന സൈക്കിള്‍ കീ ചെയിനുകളുടെ കണക്കുകള്‍ ഉണ്ടായിരുന്നു, പറയാതെ പറഞ്ഞു തീര്‍ത്ത പ്രേമസല്ലാപങ്ങളുടെ സ്ഥിതിവിവരകണക്കുകള്‍ ഉണ്ടായിരുന്നു ...

പാറുവിനു ആ റോസാപ്പൂ എതൊ പുതിയ കാമുകിയുടെ പ്രെമസമ്മാനം ആണെന്നു തെറ്റിദ്ധരിക്കാന്‍ വലിയ കാരണങ്ങള്‍ വേണ്ടീയിരുന്നില്ല, സര്‍ക്കാരു വെറുതേ കൊടുക്കണ ചെമ്പക തൈയ്യും, അവള്‍ പാടു പെട്ടു വീട്ടീന്നു കൊണ്ടൂ വന്ന മഞ്ഞ ചെമ്പരത്തി കഷ്ണവും നിഷ്കരുണം റോട്ടില്‍ വലിച്ചെറിഞ്ഞ ഈ ഞാന്‍, ഒരു റൊസാപ്പൂവ്വും വച്ചുകൊണ്ടു നടന്നാല്‍ .... അതും ‘വാലന്റയിന്‍സ് ഡേ‘ എന്ന പെരില്‍ പുണ്യ പുരാതന കാലം മുതല്‍ കമിതാക്കള്‍ ആചരിച്ചു വരുന്ന പവിത്ര ദിനത്തില്‍ ...

അവള്‍ പിന്നെ എനിക്കു വള ഇട്ടു തന്നിട്ടില്ല .. ആ വെറുതേ കിട്ടിയ സദ്യക്കവസാനം വെറുതേ കിട്ടിയ റോസാപ്പൂ എനിക്കു നഷ്ടപ്പെടുത്തിയതു പാറുവിനെ മാത്രം അല്ലായിരുന്നു, ബസ്സില്‍ അന്നത്തെ ദിവസം കാണാതിരുന്ന വെളുത്ത സുന്ദരിയെയ്യും പിന്നീടു എന്നൊട് ചിരിച്ച മുഖത്തില്‍ സംസാരിച്ചിട്ടില്ല... ജുനിയര്‍ ക്ലാസ്സിലെ ധന്യയും പിന്നീടൊരിക്കല്‍ എന്നൊട് ചൊദിച്ചു .. ... അന്ന് ഒരിക്കല്‍ അവള്‍ ഒരു ഗിഫ്റ്റ് തരാന്‍ വന്നപ്പൊള്‍ ആരുടെ ആയിരുന്നു എന്റെ ഷര്‍ട്ടില്‍ ഉണ്ടായിരുന്ന റോജാപ്പൂ എന്നു ... ആ ധന്യയുടെ ഫൊട്ടം ഇപ്പൊഴും എന്റെ പഴയ ഓര്‍മ്മകള്‍ക്കിടയില്‍ കാണുമ്പോള്‍ .. അവളെ എനിക്കിഷ്ടം ആയിരുന്നു!!!

ക്ഷണമില്ലാത്ത സദ്യകള്‍ ഞാനിപ്പൊളും വെറുക്കുന്നു. ... “വാലന്റയിന്‍സ് ഡേ‘ എന്നയീ അല്‍ക്കൂല്‍ത്തു ഏര്‍പ്പാട് ഞാന്‍ ഒരിക്കലും പിന്നീടു മറന്നിട്ടില്ല ... എന്തിനാ വെറുതെ വരാന്‍ പൊവ്വണ പൂക്കളും കൂടി എന്റെ അജ്ഞത കൊണ്ടൂ വേസ്റ്റ് ആക്കുന്നെ? !!


Saturday, February 7, 2009

അഭിയും നാനും .. ഒരു വലിയ കൊച്ചു പടം ...

തമിഴ്/ഡ്രാമ-ഹുമര്‍് (9/10)

ഇതൊരു പടമല്ല, ഇതൊരു സംഭവം ആണ് .. ഇതൊരു സംഭവമല്ല, ഇതൊരു മഹാസംഭവം ആണ് .. തിരക്കഥ ആണ് അല്ലെങ്കില്‍ തിരക്കഥാകൃത്ത്‌ ആണ് ഒരു പടത്തിന്റെ മെയിന്‍ സ്റ്റാര്‍ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഈ പടം. നിര്‍്മ്മാതാവായ പ്രകാശ് രാജിനും, സംവിധായകന്‍ - തിരക്കഥാകൃത്ത് രാധാമോഹനും എന്റെ അഭിനന്ദനത്തിന്റെ പൂച്ചണ്ടുകള്‍.

പ്ലോട്ട് : ഒരച്ഛന്റെ മകള്‍, ആ മകളുടെ അച്ഛന്‍, ആ അച്ഛന്റെ ഭാര്യ, അവരുടെ കഥയാണ്‌. ഇതു ആ മകളുടെയും ആ അമ്മയുടെയും കഥ അല്ല, പക്ഷെ ഇതു ആ നല്ല അച്ഛന്റെ കഥ ആണ്, ആ നല്ല അച്ഛന്റെ സ്വകാര്യ സന്തോഷങ്ങള്‍, വാശികള്‍, സ്നേഹം, കെയര്‍, ഇതൊക്കെ ആണ് ഈ പടത്തിന്റെ ഹൈലൈറ്റ്. പടം ഒരു ഫ്ലാഷ് ബാക്കില്‍ അടിസ്ഥിതമായ ഒരെണ്ണം ആണെങ്കിലും, ആ ഒരു ബോറടി ഇല്ലാതെ ഡയറക്ടര്‍ കാര്യങ്ങള്‍ നടത്തിയിട്ടുണ്ട് . (വീണ്ടും പൂച്ചെണ്ടുകള്‍).

കാസ്റ്റിംഗ് : അതിലും വലിയ കുറ്റം പറയ്യാനില്ല. ജ്യോതിക നിര്‍ത്തിപ്പോയതിനാല്‍ തൃഷ തന്നെ പറ്റിയ നായിക. ഐശ്വര്യ .. കുഴപ്പം വരുത്തിയിട്ടില്ല, സൊ നോ പ്രോബ്ലെംസ്. പ്രകാശ് രാജ് : ഇതിനെക്കാളും നല്ലൊരു ആളെ ഈ കഥാപാത്രത്തിന് സ്യൂറ്റബിള്‍് ആയി ഉണ്ടാവില്ല, ഷുവര്‍്. പൃഥ്വിരാജ് ഒരു ഗസ്റ്റ് അപ്പീയറന്‍്സില്‍് ഉണ്ട്. അതും ഓവര്‍ ആവാതെ നോക്കിയിട്ടുണ്ട്. പിന്നെ പറയ്യാനുള്ളത്, ഇതിലെ വേലക്കാരന്‍ കഥാപാത്രം ചെയ്തിരിക്കുന്ന ആള്‍ ആണ്. വളരെ നന്നായിട്ടുണ്ട്‌, ഓവര്‍ ആവേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും അതൊക്കെ ഇങ്ങേരു അനായാസം ആയിട്ട് കൈകാര്യം ചെയ്തിരിക്കുന്നു. .. ഭാവി ഉണ്ട്. അടുത്ത കൊറേ കാലത്തേക്ക് തമിഴിലെ ക്യാരക്ടര്‍ റോളുകള്‍ ഇങ്ങേരുടെ ചുമലില്‍് ആയിരിക്കും, അതൊക്കെ ഒരു പരിധി വരെ സുരക്ഷിതവും ആയിരിക്കും.

വെര്‍ഡിക്റ്റ് :
ആദ്യമേ തന്നെ അത് വേണ്ട സ്ഥലങ്ങളില്‍ ഹുമാരും, ഒന്നുകൂടെ പറയുന്നു. ഇങ്ങനെ വേണം ഒരു ഫിലിം പിടിക്കാന്‍. ഇതിലും ഈ പടം നന്നാക്കാന്‍ സാധിക്കുമോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്. അത്രെക്കു നന്നായിട്ടുണ്ട്‌ ഈ പടം. രാധാമോഹന്റെ, പ്രകാശ് രാജിന്റെ, ഒരു ഫാന്‍ ആയി മാറിയിരിക്കുന്നു ഞാന്‍ .. ഈ ഫിലിം - "അഭിയും നാനും" .. ഹൊ .. സമ്മതിക്കണം ഇവരെ - ഇങ്ങനത്തൊരു കമ്പ്ലീറ്റ്‌ എന്റെര്‍്റ്റേയിനര്‍് നിര്‍മ്മിച്ച ഈ രണ്ടു പേരെയ്യും. !

ഇതൊരു മസ്റ്റ് സീ ഫിലിം ആണ്. മിസ് ആക്കിയാല്‍, നിങ്ങള്‍ കൊല്ലാതെ ആദ്യത്തെ നല്ല പടം മിസ് ആക്കി എന്നാണര്‍ത്ഥം.


Thursday, February 5, 2009

ഈശ്വരനൊരു സങ്കട ഹര്‍ജി ..

എത്രെയും ബഹുമാനപ്പെട്ട ദൈവം അറിയുന്നതിന് പാവപ്പെട്ടവരില്‍ പാവപ്പെട്ടവനും, തങ്കപ്പെട്ടവരില്‍ തങ്കപ്പെട്ടവനും ആയ ഈ പാച്ചു. ഡബ്ലു. എല്‍ എഴുതുന്ന ഭീമ സങ്കട-പ്രതിഷേധ ഹര്‍ജി.

ഇതു കാണാന്‍ വേണ്ടി ആണോ ഈശ്വരാ നീ എന്നെ ഇത്രെയും കാലം നിത്യ-കുമാരന്‍ ആയി ഈ ആലപ്പുഴ ഡിസ്ട്രിക്ട് നിറച്ചു നിര്‍ത്തിയെ? ഞാന്‍ എന്ത് പാപം ചെയ്തു നിന്നോട്? ഇങ്ങനതൊരു കൊടും ചതി വരുന്നതു നീ അറിഞ്ഞതല്ലേ? അറിഞ്ഞിട്ടും എന്തിന് ..? ഡെയിലി അമ്പതു പൈസ ഇടാനും തെക്കേതിലെ ലൌലി ബസ്സ് സുരക്ഷിതമായിട്ട് കയറി പോവുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും ആയിട്ട് കാണിക്ക വഞ്ചിയുടെ അടുക്കെ ഞാന്‍ വരുമ്പോ നിനക്കു ഒന്നു പറയാമായിരുന്നില്ലേ .. ഒന്നു മൂളിയിരുന്നെങ്കില്‍ .. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ .. ഞാന്‍ കരുതിയിരുന്നേനെയില്ലേ? അവള്‍ .. എന്റെ കാവ്വ്യ .. ഇന്നു വേറൊരാളുടെ ആവുന്നത് ഞാനെങ്ങനെ സഹിക്കും!! ഇതു എന്നോട് ഇങ്ങനെ ചെയ്യുന്നതിന് മുന്‍പ് അങ്ങേക്ക് എന്നെ അങ്ങ് കൊല്ലമായിരുന്നില്ലേ ?

എന്റെ അമ്പതു പൈസ കാണിക്ക അമ്പല കമ്മറ്റിക്കാര്‍് അടിച്ചെടുത്തു പുട്ടടിച്ചത് എന്റെ കുറ്റമാണോ? അവര്‍ അത് അടിച്ച് മാറ്റിയതിനു എന്നെ എന്തിന് നീ ശിക്ഷിച്ചു, ഈശ്വരാ? ഈ കൊടുംപാതകം എന്നോട് ചെയ്യുന്നതിന് പകരം ആ കമ്മറ്റിക്കരുടെ ഒന്നോ രണ്ടോ കാല് ഓടിക്കാമായിരുന്നില്ലേ, കുഷ്ടം വരുത്താമായിരുന്നില്ലേ, മൂലക്കുരു രണ്ടെണ്ണം വീതം കൊടുക്കാമായിരുന്നില്ലേ? പകരം എന്തിനെന്റെ ലോലഹൃദയം നീ തവിടുപൊടിയാക്കി? ഇതിന് നിന്നോട് നീ പോലും ക്ഷമിക്കില്ല, നോക്കിക്കോ ..

ഇനി ഞാന്‍ ആ നഗ്നസത്യം നിന്നോട് മാത്രം പറയ്യാം .. എനിക്കവളെ വളരേ ഇഷ്ടമായിരുന്നു .. അവളെപറ്റി തടി കൂടുതലാണ്, ജാഡ ആണ്, പോസ് മാത്രമേ ഒള്ളു, അഹങ്കാരം ആസ്തിയില്‍ പിടിച്ചിരിക്കുകയാണ്, ആ വെളുപ്പു വെളുപ്പല്ല - രണ്ടിഞ്ചു കട്ടിയിലെ മേക്കപ്പ്‌ ആണ്, എന്നൊക്കെ പറഞ്ഞു നടന്നത് എന്റെ സ്നേഹക്കൊടുതല്‍ കൊണ്ടാണെന്ന് നിനക്കെങ്കിലും മനസ്സിലാക്കാമായിരുന്നില്ലേ? അവളെ മാക്സിമം ചീത്ത ആക്കിക്കൊണ്ടുള്ള - ഒരു 'ബെടക്കാക്കി തനിക്കാക്കല്‍്' അടവ് മാത്രം ആയിരുന്നില്ലേ അത്? അതും നീ പൊളിച്ചു പെട്ടിയിലാക്കി തന്നില്ലേ?

ഈ നാഷണല്‍ കാലാമിറ്റിയുടെ അവസരത്തില്‍ ചില അടിയന്തിര അമെന്റ്മെന്റുകള്‍ നമ്മുടെ ഇരുപ്പു വശത്തില്‍ നടപ്പാക്കേണ്ടി വന്നിരുക്കുകയാണ്, ദയവായി ഭഗവാന്‍ ക്ഷമിക്കുക. ഇനി മുതല്‍ ആ അമ്പതു പൈസ ഈശ്വരാ, നിനക്കു ഞാന്‍ ഒട്ടും തരില്ല ... പകരം അത് കൂട്ടി വച്ചു ഞാന്‍ ലൌലിക്കു മാസാ മാസം ഓരോ മൊബൈല് റീ-ചാര്‍ജ് കൂപ്പണ്‍ വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു .. കാവ്വ്യയുടെ കേസില്‍ ഉണ്ടായ പോലെ ഒരു കമ്മ്യൂണിക്കേഷന്‍് ഗ്യാപ്പ് ഉണ്ടാവാതിരിക്കാന്‍ അതുപകരിക്കില്ലേ? അങ്ങയോ എന്നെ ഒരു മൈന്‍ഡ് ഇല്ല .. ഇനി അംബാനി ഭഗവാന്‍ മാത്രം ആണ് എന്റെ ഏക ആശ്രയം ! പ്ലീസ് ഡോണ്ട് മിസ്-അണ്‍്ഡര്‍്സ്റ്റാന്റ് മീ ..

എന്നാലും .. എന്നോടിങ്ങനെ വേണ്ടായിരുന്നു .. സുമലതയെ ഞാന്‍ പ്രായപൂര്‍ത്തി ആവുന്നതിനു മുന്‍പ്‌ നീ കല്യാണം നടത്തി, സംയുക്തയെ ലവന്‍ അടിച്ചോണ്ട് പോവ്വുന്നത് നീ കൈയും കെട്ടി നോക്കി നിന്നു, ഇപ്പൊ ഇതാ കാവ്യ .. ഞാന്‍ എങ്ങനിത് സഹിക്കും .. !! എന്നാലും .. എന്നോടിങ്ങനെ ഒന്നും വേണ്ടായിരുന്നു .. ഇതിനൊക്കെ നീ നിന്നോട് തന്നെ ഉത്തരം പറയേണ്ട ഒരു കാലം വരും .. ഓര്‍ത്തോ ..


നെഞ്ച് നീറുന്ന സങ്കടത്തോടെ,
പാച്ചു. ഡബ്ലു. എല്‍
(ഒപ്പ്)


Wednesday, February 4, 2009

നായരു പിടിച്ച ബ്ലോഗുവാല്‍

ചൊവ്വാഴ്ച ദിവസം അല്ലേലും എനിക്ക് അത്ര പോര. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന സുന്ദരിക്ക് മറ്റൊരു സുന്ദരന്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞത് ഒരു ചൊവ്വാഴ്ച ആയിരുന്നു. അപ്പത്തില്‍ ഇടാനുള്ള സോഡാപ്പൊടിക്കു പകരം കാരം വാരി ഞാന്‍ ഇട്ടതും മറ്റൊരു ചൊവ്വാഴ്ച ആയിരുന്നു .. അതേ അപ്പം എന്നെ ഇരുത്തി അമ്മ മൊത്തം തീറ്റിച്ചതും അതേ ചൊവ്വാഴ്ച ആയിരുന്നു .. അത് പോലെ, അന്നും ഒരു ചൊവ്വാഴ്ച ആയിരുന്നു ..

ഉച്ചക്ക് ഊണിനു വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് അച്ഛന്റെ കൂരംമ്പുകളെ പോലുള്ള സംശയങ്ങള്‍ ആയിരുന്നു. ആരാടാ ഈ കുമ്പസാരി (കണ്‍്ഫസ്സര്‍്) ? നിനക്കും അവളും ആയിട്ട് എന്തേലും പരിചയം ഉണ്ടോ? നിന്റെ ചാറ്റിങ്ങില്‍ ലവളും വരാറുണ്ടോ? എന്തോന്നാ ഈ ബ്ലോഗ്? കുമ്പസാരിയുടെ ബ്ലോഗിലെ ലവന്മ്മാരും നിനക്കും തമ്മില്‍ എന്തേലും സാമ്യം?

... എന്റമ്മോ ..

ചോദ്യങ്ങള്‍ ഒരു വിധം തീര്‍ത്തു, നല്ല കുത്തരി ചോറില്‍ അയലക്കറിയുടെ ചാര്‍ ഒഴിച്ച്, പപ്പടവും കൂടെ വേണേല്‍ ഒരിച്ചിരി തൈരും കൂടി ചേര്‍ത്ത് കുഴച്ച് പായസപരുവത്തില്‍ ആക്കി രസിച്ചു ഉണ്ണാന്‍ ചെന്നിരുന്ന എനിക്ക് ഊണിനു മീങ്കറിക്ക് പകരം അമ്മ ഒഴിച്ച് തന്നത് ആ മാധവന്റെ അധികപ്രസംഗത്തെ പറ്റി ഉള്ള മറ്റു കഥകള്‍ ആയിരുന്നു. അവള്‍ ഇങ്ങനെയാണത്രേ .. അങ്ങനെയാണത്രേ ..

ഈശ്വരാ .. അതിന് ഞാന്‍ എന്ത് ചെയ്തു!! ഇനിയും ചോദ്യങ്ങളോ? ഞാന്‍ ഇന്നു ക്ഷീണിക്കും!

ഞാന്‍ അവരുടെ ആരോപണങ്ങളെ നിര്‍ദ്ദയം തള്ളിക്കളഞ്ഞു. അത് ഇന്റര്‍നെറ്റ് എന്ന തങ്കപ്പെട്ട മാധ്യമത്തെ മനപ്പൂര്‍്വ്വം കരിവാരി തേക്കാനുള്ള മുതലാളിത്വ പത്രങ്ങളുടെ തികച്ചും രാഷ്ട്രീയ പ്രേരിതമായ ഗൂഢനീക്കം ആണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി വന്നപ്പോഴേക്കും ഇനി ഉണ്ണാന്‍ ആവാത്ത വിധം കൈ ഉണങ്ങിയിരുന്നു .. എന്റമ്മേ .. കൈ ഉണങ്ങിയാല്‍ പെണ്ണുകെട്ടാന്‍ താമസിക്കുമെന്നാ കാര്‍്ന്നോന്മാരു പറയ്യുന്നെ ..!

ഊണോ പോയ്യി, ഒരു കാപ്പി കുടിച്ചു ആപ്പീസിലേക്കു നീങ്ങാം എന്ന് കരുതി അമ്മയുടെ അടുക്കേല്‍ ഒരു കാപ്പിക്കുള്ള നിവേദനവും കൊടുത്തു സോഫയില്‍ ചെന്നു ഇരുന്ന എന്നെ തേടി പുലിവാല് എത്തിയത് പെട്ടന്നായിരുന്നു .. "എടാ .. നിനക്കും ബ്ലോഗ് ഉണ്ടോ?" - അച്ഛന്‍!

"പിന്നില്ലേ .... എന്റെ ബ്ലോഗില്‍ മിനിങ്ങാന്ന് വന്നു കയറിയത് 32 പേരാ .. അറിയ്യോ?" എന്ന് പറഞ്ഞാല്‍ ഒരാഴ്ചത്തേക്ക് മീന്‍കറി എന്നല്ല മീന്‍ കഴുകിയ വെള്ളം പോലും കിട്ടില്ല എന്ന് ഉറപ്പായിരുന്നത് കൊണ്ടും, ബാലന്‍ ചേട്ടന്റെ ചായക്കടെന്നു ഉഴുന്നു വടയും ചായയും കഴിക്കാന്‍ മിനിമം നമ്പര്‍ പല്ലെങ്കിലും വേണം എന്ന് നന്നായി അറിയാവുന്നത് കൊണ്ടും, "യ്യേ ... ബ്ലോഗ്ഗോ ... അയ്യേ .. ഛേ ഛേ .. എന്റെ അച്ഛാ, കുടുംബത്തില്‍ പിറന്ന ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഈ ബ്ലോഗ് എഴുത്ത് എന്ന വഷളത്തരം? ഡെയിലി ഞാന്‍ അപ്പി ഇട്ടു എന്നും, അപ്പി മര്യാദക്ക് പോയില്ല എന്നും ഒക്കെ എഴുതാന്‍, നമുക്കൊക്കെ ഒരു സ്റ്റാറ്റസ് ഇല്ലേ അച്ഛാ? അഭിമാനം പണയം വച്ചോണ്ടുള്ള ഒരു പരിപാടിക്കും നമ്മളില്ല .. ഛെ .. ഛെ .. അച്ഛന്‍ എന്നോട് ഇങ്ങനെ ചോദിച്ചത് തന്നെ തെറ്റായിപ്പോയി" എന്നും പറഞ്ഞു കാപ്പി ക്യാന്‍സല്‍ ചെയ്തു ഞാന്‍ എന്റെ വണ്ടിയുടെ കീ എടുത്തു എലിപ്പെട്ടിയില്‍ നിന്നും രക്ഷപ്പെട്ട എലിയെപ്പോലെ ചാടി പുറത്തേക്കിറങ്ങി .. ... എസ്കേപ്പ് ബോയ്, എസ്കപ്പ്‌ .. ഇന്നു ചോവ്വാഴ്ചയാ ..