Saturday, April 30, 2011

Tim Hetherington (5 December 1970 – 20 April 2011) - Restepo (9/10)

കുറച്ച് നാൾ മുന്നേ ഇവിടെ പരാമർശിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു ഒരു കിടിലൻ ഡോക്യുമെന്ററിയുടെ (ഡോക്യുമെന്ററികളുടെ ഒക്കെ ആസ്വാദനക്കുറിപ്പുകൾ ഇവിടിട്ട് സ്വയം എന്തിനു ഒരു ബുജി ഇമേജ് എന്ന ഏടാകൂടം എടുത്ത് തലേൽ അണിയണം എന്നു കരുതി അന്നു അതു പബ്ലിഷ് ചേയ്തില്ല) സഹ-സംവിധായകനും യുദ്ധ-പത്രപ്രവർത്തകനും ആയിരുന്നു. അദ്ദേഹം ജീവൻ പണയം വച്ച് എടുത്തിരുന്ന ലോകത്തിന്റെ യുദ്ധമുഖങ്ങളിൽ നിന്നും എടുത്തിരുന്ന ഫോട്ടോകളും വീഡിയോകളും യുദ്ധത്തിന്റെ ഗ്ലാമറില്ലാത്ത മറ്റോരുവശം ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയിരുന്നു. ഈ കഴിഞ്ഞ ഏപ്രിൽ 20 നു ലിബിയൻ വിമതരുടെ നിയന്ത്രണത്തിലുള്ള Misrata എന്ന നഗരത്തിൽ വച്ച് ലിബിയൻ സേനയുടെ ഷെല്ലാക്രമണത്തിൽ മരിച്ചു. ലിബിയൻ വിമതരുടെ കൂടെ സഞ്ചരിക്കവേ ആയിരുന്നു മരണം.വിമത സേന അദ്ദേഹത്തിന്റെ ധീരതയെ ആദരിക്കാനായി ലിബിയയിലെ ഒരു നഗരത്തിലെ ഏറ്റവും വലിയ സ്ക്വയറിന്റെ പേരു തന്നെ ഇദ്ദേഹത്തിന്റെ പേരിട്ടു. കൂടാതെ അദ്ദേഹത്തെ ആ രാഷ്ട്രത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ രക്തസാക്ഷിയായും കരുതുന്നു ഇപ്പോളവർ.



Restepo/English/2010/War-Documentary/IMDB/ (9/10) 
Rated R for language throughout including some descriptions of violence.

ഇദ്ദേഹത്തെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നതു ഇത്തവണത്തെ അക്കാദമി അവാർഡ് ചടങ്ങിൽ വച്ചാണു. റെസ്റ്റെപ്പോ എന്ന വിചിത്രമായ പേരുള്ള ഒരു ഡോക്യുമെന്ററിക്ക് ഇത്തവണത്തെ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് - സംവിധായകരുടെ പേരുകളിൽ ഇങ്ങാരുടെ പേരും ഉണ്ടായിരുന്നു. ഡോക്യുമെന്ററീ ആണെങ്കിൽ വാർ-ബേസ്ഡും - പണ്ടേ യുദ്ധ-ഫിലിമുകളിൽ വീക്ക്നെസ്സ് ഉള്ള ഞാൻ ഉടനെ സംഭവം സംഘടിപ്പിച്ച് കണ്ടു. 

കുറ്റം പറയരുതല്ലോ, അവാർഡ് അർഹതപ്പെട്ടതു തന്നെ.  ലോകത്തിലേ ഏറ്റവും ഭയാനകമായ സ്ഥലം എന്ന വിളിപ്പേരുള്ള അഫ്ഗാനിസ്ഥാനിലെ  Korengal Valley യിലേക്ക് ഒരു സംഘം അമേരിക്കൻ മറീനുകളുടെ കൂടെ ഒ പി(ഒബ്സർവേഷൻ പോസ്റ്റ്) റെസ്റ്റപ്പോയിലേക്ക് സഞ്ചരിക്കുകയാണു ഫിലിം മേക്കേഴ്സ്. അവർ അവിടെ ആ OP ഡിഫന്റ് ചേയ്യുന്നതും, ആ സ്ഥലത്തിന്റെ കൂടുതൽ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി രാത്രിക്ക് രാമാനം ഒരു ഫോർവേർഡ് പോസ്റ്റ് (FP) നിർമ്മിക്കുന്നതും, ആ പോസ്റ്റുകൾ നിയന്ത്രണത്തിൽ നിർത്താൻ ശ്രമിക്കുന്നതും, അതിനിടയിൽ ഉണ്ടാവുന്ന സൈനിക സംഘർഷങ്ങളും അതു ഈ സ്ഥലങ്ങളിൽ പോസ്റ്റ് ചേയ്തിരിക്കുന്ന സൈനികരിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങളും ഒക്കെയാണു ഈ ഫിലിം നമ്മളെ കാട്ടിത്തരുന്നതു.

നമ്മളെ യുദ്ധത്തിനിടയിലേക്ക് കൊണ്ടു പോകുകയാണവർ. നമുക്ക് യുദ്ധത്തിനിടയിൽ പെട്ട ഒരു ഫീലിങ്ങ് തരികയാണു ഫിലിം സംവിധായകർ. എപ്പോ വേണമെങ്കിലും ഒരു ആർപീജി നമ്മുടെ മുറിയിലേക്ക് വീഴും എന്നുള്ള പേടിയിൽ വേണം നമ്മൾ ഈ ഫിലിം കാണാൻ എന്ന് ഈ ഫിലിമിന്റെ ക്രിയേറ്റേഴ്സിനു നിർബന്ധമുണ്ടെന്നു തോന്നും ഈ ഫിലിം കണ്ടാൽ. യുദ്ധത്തിനിടയിൽ പെട്ട് വീർപ്പ് മുട്ടു അനുഭവപ്പെടുന്നു നമുക്ക് .. ശരിക്കും യുദ്ധമുഖത്ത് അതിമാനുഷ്യരായ നായക കഥാപാത്രങ്ങളില്ല, നായകന്റേയും വില്ലന്റേയും വെടിയുണ്ടക്ക് ഒരേ മാരക ശേഷിയാണെന്നു കാട്ടിത്തരുന്നു ഫിലിം.  !  ശരിക്കും ഉഗ്രൻ ഫിലിം ! :)

നിങ്ങൾ ഡോക്യുമെന്ററികൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ധൈര്യമായി കണ്ടോളൂ, നിങ്ങൾ റിയലിസ്റ്റിക്ക് സിനിമകൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ പറ്റുമെങ്കിൽ കണ്ടോളൂ,  ഉറപ്പായും ബോറടിക്കില്ല.


Wednesday, April 20, 2011

ജർമ്മൻ വാരം : Der Untergang (Downfall) (9/10)

Der Untergang/German/2004/War-Drama/IMDB/ (9/10) 
Rated R for strong violence, disturbing images and some nudity

പ്ലോട്ട് : രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലഘട്ടം - ഹിറ്റ്ലറുടെ പട എല്ലായിടത്തും തന്നെ തോറ്റുകൊണ്ടിരിക്കുന്നു, റഷ്യൻ പട ബെർലിന്റെ വാതിൽക്കൽ വരെ എത്തി നിൽക്കുന്നു. അവരുടെ ക്ലോസ് റേഞ്ച് ആർട്ടിലറി ഫയറോടെയാണു സിനിമ തുടങ്ങുന്നതു തന്നെ. ഹിറ്റ്ലർ എന്ന ധീരന്റെ (എന്തോക്കെ പോക്രിത്തരങ്ങൾ കാട്ടിയിട്ടുണ്ടെങ്കിലും, ചേയ്തതു മുഴുവൻ മനുഷ്യരാശിയോടുള്ള അപരാധങ്ങൾ ആണെങ്കിലും, ധീരൻ ആയിരുന്നു അങ്ങാരു - അതോ മൂഡനോ?)  തൊട്ട് മുന്നിലെത്തി നിൽക്കുന്ന മരണത്തിന്റെ അല്ലായെങ്കിൽ തോൽ‌വിയുടെ മുന്നിൽ മുട്ട് മടക്കാതെയുള്ള, എന്നാൽ സത്യത്തിനു നേരേ കണ്ണടച്ചുകൊണ്ട് നടക്കില്ലാത്ത ഒരു ജയത്തിനായി ദാഹിക്കുന്ന ഒരു നേതാവിന്റെ, അദ്ദേഹത്തിനു കൂടെ നിൽക്കുന്ന ഓഫീസറന്മാരുടെ, അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവരുടെ കഥയാണിതു, ആ യുഗത്തിന്റെ, ആ ധീരന്റെ, ജർമ്മൻ ജനങ്ങൾക്ക് തോൽ‌വിയെക്കാൽ മരണമാണു ഇഷ്ടമെന്നു കരുതി അവരെ കൂട്ടക്കൊല ചേയ്യാൻ ഓർഡറിടുന്ന മൂഡന്റെ, അദ്ദേഹത്തിന്റെ വീഴ്ചയുടെ കഥയാണിതു. 

ഹിറ്റ്ലറുടെ സെക്രട്ടറിയായി ജോലി ചേയ്യാൻ ബെർലിനിലേക്കെത്തുന്ന യുവതിയുടെ ഓർമ്മകളിലൂടെയാണു കഥ മുന്നേറുന്നതു, ആ യുവതി ജോലിക്ക് ഹാജരാവുന്നതു മുതൽ യുദ്ധം കഴിഞ്ഞ് തിരികേ പോവുന്നതു വരെയുള്ള ഓർമ്മകൾ ആണീ സിനിമ.

വെർഡിക്ട് :  കിടിലൻ, കലക്കൻ, ഉഗ്രൻ എന്നിങ്ങനെയുള്ള വാക്കുകൾ ഞാൻ ഉപയോഗിച്ച് കഴിഞ്ഞിരിക്കുന്നതു കൊണ്ടും, ആ സിനിമകളെക്കാൾ ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു ഈ സിനിമ എന്നതു കൊണ്ടും ഒരു വാക്കിൽ എനിക്ക് ഈ സിനിമയെ വർണ്ണിക്കാനാവുന്നില്ല.  ശരിക്കും ഉഗ്രനായിട്ടുണ്ട്, തിരക്കഥ, കഥാസന്ദർഭം തിരഞ്ഞെടുത്തിരിക്കുന്നതു, അതു ചിത്രീകരിച്ചിരിക്കുന്നതു,  കഥാപാത്രത്തിനു വേണ്ട അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നതു,  അവരതു അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നതു, സിനിമ കൊണ്ട് നിർത്തിയിരിക്കുന്നതു, എല്ലാമെല്ലാം ഇതിലും മെച്ചെപ്പെടുത്താനാവില്ല, ഉറപ്പ്. സകലരും ഉഗ്രനാക്കിയിരിക്കുന്നു..

ഹിറ്റ്ലറുടെ അവസാന നാളുകളിലെ മാനസിക സംഘർഷം, ചുറ്റുമുള്ളവരുടെ വികാരങ്ങൾ, സ്വന്തം നെതാവിനോടുള്ള കൂറ്, കൂറില്ലായ്മ, അവരുടെ സ്വന്തം കാര്യം നോക്കി ഉള്ള പോക്ക്, എന്നിങ്ങനെ നടക്കാവുന്നതെല്ലാം നന്നായിട്ട് തന്നെ എഴുതിപ്പിടിപ്പിച്ച തിരക്കഥാകൃത്തിനു എന്റെ ആദ്യ സുലാം. പിന്നെ ആ തിരക്കഥ ആസ്പദമാക്കി ഇത്രേം നല്ലോരു സിനിമ പിടിച്ച മറ്റു ടെക്നീഷ്യൻസിനു, പിന്നെ അഭിനേതാക്കൾക്ക്  - എല്ലാർക്കും ചറപറാ സുലാം!.

ഒറ്റ വാക്യത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ. !

വാൽക്കഷ്ണം : - ഹിറ്റ്ലർ ആയിട്ട് അഭിനയിച്ചിരിക്കുന്ന താരം ശരിക്കും ജീവിക്കുകയാണു സ്ക്രീനിൽ, അതു ശരിക്കും ഹിറ്റ്ലർ തന്നെയാണു എന്ന് വിശ്വസിക്കാനാണു എനിക്കിഷ്ടം - അല്ലാതെ വിശ്വസിക്കാൻ എനിക്കാവില്ല. ഹോ .. അപാരം അങ്ങാരു അങ്ങു ജീവിക്കുകയാണു ഹിറ്റ്ലർ ആയിട്ട്.

പോസ്റ്റ് വാർ ജർമ്മനിയിലെ ഹിറ്റ്ലറെ നായകനാക്കിയുള്ള ആദ്യ സിനിമ ആയിരുന്നു ഇതു - ഇത്തരം സിനിമകൾ വന്നിരുന്നെങ്കിൽ തന്നെ, ഒർജിനൽ ഹിറ്റ്ലറിന്റെ ഫയൽ ക്ലിപ്പിങ്ങ്സ് ആയിരുന്നു ഉപയോഗിച്ചിരുന്നതു അഭിനേതാക്കളെ ഉപയോഗിക്കുന്നതിനു പകരം. 65 കൊല്ലങ്ങളോളം ഒരു അലിഖിത വിലക്ക് പോലെ ആയിരുന്നു ഇത്തരം സിനിമകൾക്ക് - ആളുകൾക്ക് അത്തരം സിനിമ ചേയ്യാൻ ധൈര്യമില്ലായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. 


Thursday, April 7, 2011

Let Me In - ലെറ്റ് മീ ഇൻ (8/10)


Let Me In/English/2010/Romantic-horror/IMDB/ (8/10)  
Rated R for strong bloody horror violence, language and a brief sexual situation.

പ്ലോട്ട് :  നായകൻ പയ്യൻ : വയസ്സ് ഒരു 10, അമ്മ സെപ്പറേറ്റഡ്,  സ്കൂളിൽ സ്ഥിരം മൂത്ത പുള്ളാരുടെ അടി വാങ്ങുന്നതു ഹോബി.  അവന്റെ ജീവിതത്തിലേക്ക് ഒരു അച്ഛനും 12 വയസ്സ് തോന്നിക്കുന്ന മകളും കടന്നു വരുന്നതാണു സിനിമയുടെ പ്ലോട്ട്. ഇവർ ഈ പയ്യൻ താമസിക്കുന്ന അതേ ബിൽഡിങ്ങിൽ താമസമാക്കുന്നു. ... തുടർന്നു ... കണ്ടറിയുക. :) ..

വെർഡിക്ട് : ക്ലോവർ ഫീൽഡ് -ന്റെ ഡയറക്ടറുടെ പടം, ഹൊറർ കിംഗ് ആയ സ്റ്റീഫൻ കിങ്ങിന്റെ ടെസ്റ്റിമോണിയൽ, എന്നിങ്ങനെ വളരേ അധികം കാരണങ്ങൾ കൊണ്ടാണു, ഒരു ഡൈഹാർഡ് ഹോറർ പട വിരോധി ആയ ഞാൻ ഈ പടം കാണാൻ തീരുമാനിച്ചതു.  ശ്രമം പാളിയില്ല - കിടിലൻ പടം. ഹൊററിനെക്കാൾ അധികം നമ്മളെ പിടിച്ചിരുത്തുന്ന ആകാംക്ഷയാണു ഇതിൽ കൂടുതൽ, നമ്മളെ ഹൊറർ പേടിപ്പിക്കുന്നതേ ഇല്ല - ക്ലോവർഫീൽഡിലും ഏകദേശം ഇതേ ഫീൽ തന്നെയായിരുന്നല്ലോ?

നായകൻ നന്നായിട്ടുണ്ട്, നായിക, നമ്മടെ ‘കിക്ക് ആസ്’  പടത്തിലെ കൊച്ചാണു, അപ്പോ അധികം പറയേണ്ടല്ലോ, അതിലെ സ്മാർട്ട്നെസ്സ് ഒക്കെ ഇതിൽ എത്തിയപ്പോഴേക്കും എവിടെ ഒളിപ്പിച്ചു ഈ കുട്ടി? കഥാപാത്രത്തിനു വേണ്ട ആ അന്തർമുഖഃത്വം നന്നായി വരുത്തുവാൻ സാധിച്ചിരിക്കുന്നു, ഈ കുട്ടിക്ക്, ഇവൾ ഒരു ഭാവി വാഗ്ദാനം തന്നെയാണു, ഉറപ്പ്.

ഒരു ഹൊറർ പടം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നതു ജെർക്കി കാമറായും പിന്നെ  അറപ്പ് തോന്നുമാറത്രേം ചോരയും, വികൃതമുഖങ്ങളോട് കൂടിയ ഭൂതങ്ങളേയും ആവും, ഈ സിനിമയിൽ അത്രേം വൾഗർ സംഭവങ്ങൾ തീരേ ഇല്ലാട്ടോ .. ഹൊറർ പടം ഇങ്ങനെ നല്ല ക്വാളിറ്റിയോടേയും പിടിക്കാം!


ഒറ്റ വാചകത്തിൽ : കിടിലൻ!. :) എലഗന്റ്! ക്ലാസ്സ് !  ക്ലോവർഫീൽഡിനെക്കാൾ പത്തിരട്ടി മെച്ചം, സ്റ്റീഫൻ കിംഗ് പറഞ്ഞതു ഞാൻ ക്വോട്ട് ചേയ്യുകയാണെങ്കിൽ, - കഴിഞ്ഞ 20 കൊല്ലങ്ങളിൽ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ പടം.

വാൽക്കഷ്ണം :2008ൽ ഇറങ്ങിയ ഒരു സ്വീഡീഷ് സിനിമയുടെ(ആ സിനിമ ഒരു ബെസ്റ്റ് സെല്ലർ നോവലിനെ ആസ്പദമാക്കി നിർമ്മിച്ചതായിരുന്നു) റീമേക്ക് ആയിരുന്നു ഈ സിനിമ. വിമർശകരുടെ അഭിപ്രായപ്രകാരം, ആ സ്വീഡീഷ് സിനിമ ഏകദേശം പെർഫക്ട് ആയിരുന്നു, എന്നാൽ ഈ റീമേക്ക് ഒറിജിനലിനേക്കാൾ മികച്ച ഡ്യൂപ്ലിക്കേറ്റായി - വളരേ വിരളമായി സംഭവിക്കുന്നതത്രേ ഇതു!.


Monday, April 4, 2011

ഉറുമി - Urumi (4.9/10)


Urumi /Malayalam/2011/Action-period/M3DB/ (4.9/10)  


പ്ലോട്ട് : പണ്ടത്തെക്കാലം ആണു - നമ്മക്കടെ വാസ്ഗോഡ-ഗാമ ആദ്യായിട്ട് കാപ്പാട് ബീച്ചിൽ വന്നിറങ്ങിയ കാലം - അന്നു നമ്മുടെ പൃഥ്വിരാജിന്റെ അച്ഛനെ തട്ടീട്ടാണു അങ്ങാരു സ്ഥലം വിട്ടതു. അതിന്റെ പകരം ചോദിക്കാൻ കാത്ത് കാത്ത് നടക്കുന്ന മകനും, അതിനുള്ള അവന്റെ ശ്രമവും ആണു ഈ സിനിമ കാട്ടിത്തരുന്നതു. സന്ദർഭം നടന്നതാണെങ്കിലും, കഥാപാത്രങ്ങളിൽ മിക്കവരും ഫിക്ഷണൽ ആണു എന്നു ആദ്യമേ എഴുതികാണിക്കുന്നുണ്ട്.

വെർഡിക്ട് : കാമറാവർക്ക് : അസാദ്ധ്യമാണൂട്ടോ! എന്നാ ലോക്കേഷനുകൾ, എന്നാ ആമ്പിയൻസ്, എന്നാ കുളിരാ സിനിമയുടെ ഓരോ ഫ്രെയിമിലും! നമ്മളെ ഓരോ നിമിഷത്തിലും ഓർമ്മിപ്പിക്കുകയാണു, സാക്ഷാൽ സന്തോഷ് ശിവൻ ആണു ഈ സിനിമയുടെ സൃഷ്ടാവ് എന്നു. സിനിമ മൊത്തം വൈഡ് ആംഗിളിൽ ചേയ്തിരിക്കുകയാണെന്നാണു തോന്നുന്നതു.

താരങ്ങൾ : ജഗതി കിടിലൻ ആക്കീട്ടുണ്ട് - ശരിക്കും ഒരു ചാണക്യകുമാരി ആയ പരമപണ്ഡിതനായിട്ട്  ആദ്യാവസാനം നിറഞ്ഞ് നിൽക്കുകയാണു  ജഗതി. സായിപ്പന്മാരും ശരിക്കും നന്നാക്കീട്ടുണ്ട് - ഇന്ത്യൻ സിനിമകളിലെ സായിപ്പന്മാർ ചുമ്മാ കാൽക്കാശിനു അഭിനയിക്കാൻ നടക്കുന്ന അഭിനയം അറിയില്ലാത്ത ടീംസ് ആയിരുന്നു. ലഗാനോടെ ഹിന്ദിയിൽ അതിനു മാറ്റമുണ്ടായി - പഴശ്ശി രാജയിൽ പോലും പഴയ രീതി മലയാളം തുടർന്നു വരികയായിരുന്നു, എന്നാൽ ഇതിൽ നമ്മുടെ സായിപ്പന്മാർ ആയിട്ടഭിനയിക്കുന്നവർ, ഉഗ്രനായിട്ടുണ്ട്.

നടിമാർ : ജനീലിയ ഒഴിച്ചുള്ള പെൺ താരങ്ങൾ എല്ലാരും തന്നെ ആവശ്യത്തിനു ‘ഗ്യാപ്പും‘ ആയി  കുണ്ടി ഇളക്കി നന്നായി ഡാൻസ് ചേയ്യുന്നുണ്ട്. ജനീലിലയും ഇതു തന്നെ ആണ് ചേയ്യുന്നതെങ്കിലും, പല ആക്ഷൻ സീനുകളിലും മറ്റും പൃഥ്വിരാജിനെക്കാൾ ശരീരവഴക്കത്തോടെ അഭിനയിച്ച് കൈയ്യടി വാങ്ങുന്നുണ്ട്, അവർ.  പക്ഷെ അവരുടെ പല മാനറിസംസ് ഇതിലും വിടാതെ പിന്തുടരുന്നുണ്ട്.

പൃഥ്വിരാജ് : എന്താ പറയുക ? നല്ല മസിലുണ്ട്, തടീം വച്ചിട്ടുണ്ട്. യാതോരു വികാരവും മുഖത്തു വരുത്താതെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നും ഉണ്ട്, പിന്നെ കൊറേ സ്ട്രിങ്ങ്സിലുള്ള പറന്നു-ഇടീം ഉണ്ട്. ... സോ, കമന്റ്സ് പറയാൻ മാത്രം ഒന്നും ഇല്ല. .

ആര്യ, പ്രഭുദേവ : ആര്യ കുറച്ച് നേരത്തേക്കേ ഉള്ളൂ എങ്കിലും, ബോറാക്കീട്ടില്ല. പക്ഷെ, ചുണ്ടനക്കം ബോറ് ആണൂ. പ്രഭുദേവ കലക്കീട്ടുണ്ട്. പക്ഷെ, മലയാളം പറയിക്കാൻ ശ്രമിച്ചിടത്തൊക്കെ പാളിയിട്ടും ഉണ്ട്. മിക്ക ഡയലോഗുകളും തിരിയുന്നും ഉണ്ടായിരുന്നില്ല, യെവന്റ്.

ഒരു ആക്ഷൻ സിനിമയിൽ അവിടിവിടെ നർമ്മരസപ്രധാനമായ സംഭാഷണങ്ങൾ ഞാൻ ആദ്യായിട്ട് കാണൂവാണു, മലയാളം സിനിമയിൽ. (എന്നു തോന്നുന്നു) - ആ ട്രീറ്റ്മെന്റ് എനിക്കിഷ്ടായി.  ഇടക്കിടക്ക് ഇതുപോലുള്ള ലൈറ്റ് മോമെന്റ്സ് വരുന്നുണ്ട് സിനിമയിൽ ഉടനീളം.

ഇതൊക്കെ ശരിയാണു, പക്ഷെ  .................. സിനിമ മഹാ ബോറ് ആണു.   ആദ്യ പകുതിയായപ്പോൾ തന്നെ പലരും തീയറ്ററിൽ നിന്നും സ്കൂട്ട് ആവുന്നതു കാണാമായിരുന്നു .. പലർക്കുമായി ഗേറ്റ് തുറന്നു കൊടൂക്കേണ്ടി വന്നു നേപ്പാളിയായ സെക്യൂരിറ്റി ജീവനക്കാരനു ഹാഫ് ടൈമിൽ. രണ്ടാം പകുതി എന്തേ തീരാത്തെ എന്നും വിചാരിച്ച് ഇരിക്കുകയായിരുന്നു ഞാൻ മിക്ക സമയവും - ഇങ്ങനേം വലിച്ച് നീട്ടുമോ ഒരു സിനിമ?   അവസാനം തരക്കേടില്ലാതെ കൂവലും കിട്ടി, കുറച്ച് പേരിൽ നിന്നും. ആ കൂവലിനെ എനിക്ക് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്നുണ്ടായിരുന്നു, പക്ഷെ സിനിമയെ ആണു ഞാൻ കൈയ്യടിക്കുക്കത് എന്നു തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്നെതിനാൽ, ഞാൻ കൈയ്യടീച്ചില്ല.
ഭാഗ്യം :  കൂവൽ തൊഴിലാളികൾ ആദ്യാവസാനം കൂവി ഇരുത്തിയില്ല സിനിമയെ, സിനിമ മൊത്തം കണ്ട് തീരും വരെ കൂവാൻ കാത്തിരുന്ന കാഴ്ചക്കാർ കൂവൽ തൊഴിലാളികൾ അല്ലാ എന്നുറപ്പിക്കാം.


ഒറ്റ നോട്ടത്തിൽ : കാമറാ വർക്ക് അസാദ്ധ്യം
മലയാളി അഭിനേതാക്കൾ ഉഗ്രൻ.  സായിപ്പന്മാർ : എല്ലാരും അത്യുഗ്രൻ.  ഹാഫ് മലയാളികൾ തരുന്നതു -  ഡബ്ബിങ്ങ് സിനിമകൾ കാണുന്ന ആ കല്ലുകടി.
കഥ : ഇല്ല.
ബോറടി : തരക്കേടില്ലാതുണ്ട്.  ഇനി രണ്ടാം തവണ ഫ്രീ ആയിട്ട് ടിക്കറ്റ് ഓഫർ ചേയ്യപ്പെട്ടാലും, ഞാൻ സ്കൂട്ടാവും. ഉറപ്പ്.

വാൽക്കഷ്ണം : ഈ തോക്കും പീരങ്കിയും മറ്റുമായി വന്നിറങ്ങി ഇന്ത്യയുടെ ഭൂപടം തന്നെ മാറ്റിവരച്ച പോർച്ചുഗീസുകാർ എന്തേ സിനിമയുടെ അവസാനത്തിനു തൊട്ട് മുൻപ് വരെ പൃഥ്വിരാജിനോട് ഉടക്കാൻ ചുമ്മാ വാളും കുന്തവും ആയിട്ട്, (മിക്കപ്പോഴും അതുപോലുമില്ലാതെ കൈ ചുരുട്ടി ഇടിക്കാനും മാത്രമായിട്ട്) നടന്നു - എന്നു എനിക്ക് ഇനിയും മനസ്സിലാവാത്തതെന്തേ?

ഡിസ്ക്ലൈമർ  : പൃഥ്വിരാജ് എന്റെ പ്ലേറ്റിലെ ബോണ്ട എടുത്ത് തിന്നിട്ടില്ല, അതിനാൽ എനിക്കങ്ങാരോട് ഒരു വൈര്യാഗ്യമോ, ഒന്നും ഇല്ല  ഇതു വരെ.  മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയസൂര്യ, അനൂപ് മേനോൻ, സുരേഷ് ഗോപി തുടങ്ങിയവർ എനിക്ക് ഒരു ബോണ്ട പോലും വാങ്ങി തന്നിട്ടും ഇല്ല, അതിനാൽ എനിക്കവരോട് പ്രത്യേക ഇഷ്ടവും ഇല്ല അവരുടെ സിനിമകൾ വിജയിപ്പിക്കാനായിട്ട് എന്റെ റ്റൈം അതിനാൽ ഞാൻ കളയുകയും ഇല്ല.  :)
(ഈ ആസ്വാദനക്കുറിപ്പിനു അടി കിട്ടാൻ സാധ്യത ഞാൻ കാണുന്നു, അതിനാൽ ഒരു മുൻ‌കൂർ ജാമ്യം ആണേ ഈ ഡിസ്ക്ലൈമർ.).