Tuesday, March 31, 2009

അയ്യോ .. എനിക്കും പ്രണയം ..

ആ മെയ് മാസത്തില്‍, കാലം തെറ്റി നിലക്കാതെ പെയ്യുന്ന ആ വേനല്‍മഴയുടെ കുളിരില്‍, കട്ടന്‍ കാപ്പിയുടെയും കപ്പ പുഴുങ്ങിയതിന്റെയും, ചാളക്കറിയുടെയും സുഖമുള്ള ചൂടില്‍, സ്ക്രീനില്‍ ആദ്യമായി അവളുടെ പോസ്റ്റുകള്‍ കണ്ടു ... അവജ്ഞയുടെ, അപരിചത്വത്തിന്റെ കറുത്ത നിഴലില്‍ അവളുടെ ശോഭ ഒരു സോഡിയം വേപ്പര്‍ ലാമ്പ് പോലെ ഇടക്കു തെളിഞ്ഞും പിന്നെ മങ്ങിയും ജ്വലിച്ചു നിന്നു .. വളരെ പെട്ടെന്നു തന്നെ, സുന്ദരിയെന്നു ഞാന്‍ പിന്നീടു അറിഞ്ഞ, ആ സുന്ദരിയുടെ മണ്ടത്തരങ്ങളും, പോഴത്തരങ്ങളും, ആരാലും കബളിപ്പിക്കപെടാന്‍ കാത്തു നില്‍ക്കുന്ന യോഗത്തെയും ഞാന്‍ തിരിച്ചറിഞ്ഞു .. വിശന്നു വലഞ്ഞ് നടന്ന സിംഹത്തിന്റെ മുന്നിലെ മാന്‍പേടയെപ്പോലെ നിസ്സാഹായ ആയിരുന്നു അവള്‍ .. ചെറുത്തു നില്‍ക്കാന്‍ കഴിവില്ലാത്ത ഒരു ആട്ടിന്‍ കുട്ടിയെപ്പോലെ ..

അവള്‍, അവള്‍ എന്റെ ഹൃദയം കീഴടക്കി .. ഇറാക്കിന്റെ സൈന്യം കുവൈറ്റിനെ ഒരു രാത്രി കൊണ്ട് കീഴടക്കിയ പോലെ .. ഒരു മാലാഖയെപ്പോലെ .. ബ്ലോഗ്ഗറിലെ, ഈ വസുദൈവക കുഡുംബത്തിന്റെ തണലില്‍ .. ആ സ്നേഹം പൂത്തുലഞ്ഞു .. അവളുടെ പുഞ്ചിരി എന്നെ ഏതു അര്‍ഥരാത്രിയിലും ഉണര്‍ത്തുന്നു .. എന്റെ തലയിണകള്‍ക്കു ഇപ്പൊ അവളുടെ പേരു ആണു .. എന്റെ ദിവസങ്ങള്‍ക്കു ഇപ്പൊ അവളുടെ സുഗന്ധമാണ് .. എന്റെ ദിവാസ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ അവളാണ് നായിക .. എന്റെ പുഞ്ചിരിക്ക് അവള്‍ ഉത്തരവാദിയാകുന്നു .. അവളുടെ മണ്ടത്തരങ്ങള്‍ക്കു, അവളുടെ ചമ്മലുകള്‍ക്കു ... അവളുടെ താനേയുള്ള, കടിച്ചമര്‍ത്തിയുള്ള തന്നെത്താന്‍ ചിരികള്‍ക്കു .. ഞാനും ..

അവള്‍ ഇനിയും കാലങ്ങളോളം എന്റെ ഉള്ളില്‍ ഇതേ ചൂടോടെ ഉണ്ടാവട്ടെ എന്നു ആഗ്രഹിച്ചു കൊണ്ട്, പ്രാര്‍ത്ഥിച്ചു കൊണ്ട് .. ജയ് കാംദേവ് !Friday, March 27, 2009

ആനപ്പാട്ട് : ഒരു കുട്ടിപ്പാട്ട്

എനിക്കധികം ഒന്നും പറയാനില്ല .. ഒരു കിടിലന്‍ പാട്ട് കണ്ടു, യൂട്യൂബില്‍ കറങ്ങി നടന്നപ്പോള്‍ .. അതു നിങ്ങളേയും കാട്ടാം എന്നു കരുതി ..
എപ്പടി? ;) എറിക്ക് ഹെര്‍മന്‍ കൊള്ളാമല്ലേ?


Thursday, March 26, 2009

നമ്മുടെ ചിഹ്നം ഊട്ടവട ..

പ്രിയ ബൂലോകരേ,

നിങ്ങള്‍ക്കറിയാം, ഈ ബൂലോകം എത്രമാത്രം ലോകഗതിയെ സ്വാധീനിക്കുന്നുവെന്നു, സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നുവെന്നു, സ്വാധീനിക്കാന്‍ ഇരിക്കുന്നുവെന്നു..

പക്ഷെ, നിങ്ങള്‍ക്കറിയാമോ എന്നെനിക്കൊട്ടുമറിയില്ല, ‘ഒരു ബ്ലോഗ്ഗര്‍ വളര്‍ന്നാല്‍ ബെര്‍ളി വരെ,
അതിലും വളര്‍ന്നാല്‍ പിങ്ക്സ്ലിപ്പ് വരെ‘ എന്നു പറഞ്ഞ് നമ്മളെ അവഹേളിക്കുന്നവര്‍ക്കൊരു തിരിച്ചടി ലോകത്തിന്റെ പല ഭാഗങ്ങളിലും കിട്ടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു, ലോക പോലീസ്സിന്റെ കേന്ദ്രത്തിലിപ്പോള്‍ ഒരു മുന്‍ ബ്ലോഗ്ഗര്‍ ആണ് - ബാരക്ക് ഒബാമ. ഈ ബാരക് എന്ന പേരു തന്നെ ബ്ലോഗര്‍ എന്ന വാക്കില്‍ നിന്നും ശുഷ്ക്കിച്ചുണ്ടായതാണെന്നും അദ്ദേഹമിപ്പോഴും ബോംബിടാത്ത ഒഴിവുവേളകളില്‍ ബ്ലോഗ്ഗ് ചേയ്തു രസിക്കാറുണ്ടെന്നും വെള്ളവീടിന്റെ പിന്നാമ്പുറങ്ങളില്‍ സംസാരമുണ്ട് - അതെന്തെങ്കിലുമാവട്ടെ, പക്ഷെ നമ്മള്‍, മഹാന്മാരായ മലയാളം ബൂലോകര്‍ എവിടെ എത്തി നില്‍ക്കുന്നു, ഇങ്ങനെ പോയാല്‍ എവിടെ എത്തി നില്‍ക്കും ?

സത്യം പറയുന്നതില്‍ ക്ഷമിക്കണം, പക്ഷെ ഇപ്പൊഴും ഇന്റെര്‍നെറ്റിന്റെ ഇരുണ്ട ഇടുങ്ങിയ തെരുവുകളില്‍ കുശുമ്പും കുന്നായ്മയും പറഞ്ഞ് തമ്മില്‍തല്ലിയും വെടി പറഞ്ഞും ഇരിക്കുകയാണ്
നമ്മള്‍. നമുക്കും വേണ്ടേ ഒരു ശബ്ദം? നമുക്കും വേണ്ടേ അധികാരമെന്ന ശര്‍ക്കരക്കുടത്തില്‍ കൈയ്യിട്ടു വാരാനുള്ള അവകാശം? അതിനാല്‍, ലോകക്രമത്തെ മാറ്റിമറിക്കാനും ‘ബ്ലോഗ്ഗോളജി’ മതത്തെ ഈ വിഡ്ഡിയായ ലോകത്തിനു പരിചയപ്പെടുത്താനും, നമ്മുടെ വേറിട്ട ശബ്ദത്തെ അധികാരത്തിന്റെ ഇടനാഴികളില്‍ മുഴക്കുവാനും നമ്മളിലൊരാള്‍ പാര്‍ലമെന്റിലേക്കു മത്സരിക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കു മനസ്സിലാവുമല്ലോ?

പക്ഷെ ആരു?

സത്‌സ്വഭാവിയും, അഴിമതി നടത്തി പരിചയമുള്ളവനും, കട്ടാലും നിക്കാന്‍ അറിയാവുന്നവനും, ഇല്ലാത്ത റോഡിനു ഫുഡ്പാത്ത് ഉണ്ടാക്കാന്‍ കരാര്‍ കൊടുത്തു നമ്മുടെ ബ്ലോഗോളഗി മതത്തിനു പത്തു ചിക്കിളി നേടിത്തരാന്‍ കഴിവുള്ള ഒരാളെ ആണ് നമ്മള്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ടത് ..
ഗവര്‍മ്മേന്റിനു നാലു കാശ് ലാഭമുണ്ടാക്കി കൊടുത്തിട്ട് നമുക്കെന്തു ഗുണം? നമ്മള്‍ നന്നാവുക - അങ്ങനെ നമ്മുടെ സമൂഹം നന്നാവും, സമൂഹം നന്നായാല്‍ നമ്മുടെ സംസ്ഥാനം, പിന്നെ നമ്മുടെ രാജ്യം എന്നിങ്ങനെ ഓട്ടോമാറ്റിക്കായി നന്നായിക്കോളും .. അതിനു പറ്റിയൊരാള്‍ .. ?

സ്നേഹക്കൂടുതല്‍ കൊണ്ട് നിങ്ങള്‍ വേണ്ടായെന്നു പറയുവായിരിക്കാം .. പക്ഷെ
എന്റെ ജീവിതം കട്ടപ്പൊക ആയാലും സാരമില്ല സോദരരേ, ഞാന്‍ എന്റെ ജീവിതം നിങ്ങള്‍ക്കായി നീക്കിവൈക്കാന്‍ തീരുമാനിച്ചിരിക്കുന്നു - എനിക്ക് നിങ്ങളെ സേവിക്കണം - എനിക്കീ രാജ്യത്തെ ഒരു ലെവല്‍ ആക്കണം .. (വെരി ഹൈ ലെവല്‍) അതിനായി നിങ്ങളെ സേവിക്കാന്‍ എന്നെ നിങ്ങള്‍ അനുവദിക്കണം ... ജയിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്കും ഞാന്‍ അവസരം തരാം .. എന്നെ സേവിക്കാനുള്ള അവസരം..

ഞാന്‍ ജയിച്ചാല്‍ നിങ്ങള്‍ക്കെന്തു ഗുണം .. അതല്ലേ അടുത്ത ചോദ്യം? ഐ ആം ദി ആന്‍സര്‍ ... ഐ ആം ദി ആന്‍സര്‍.

ബൂലോകരുടെ ജീവിതം പതിന്‍‌മടങ്ങ് സുഖകരമാക്കുന്നതിനായി ചില ഭരണഘടനാ ഭേദഗതികള്‍ വരെ എന്റെ മനസ്സിലുണ്ട് സോദരരേ .. അതില്‍ ചിലവ - ‘ബൂലോക പ്രജകള്‍ക്കു പിങ്ക്സ്ലിപ്പ് കൊടുക്കാന്‍ പാടില്ല‘ തുടങ്ങിയവ - ഷെഡ്യൂള്‍ 9 ഇല്‍ ഉള്‍പ്പെടുത്തി അവ മുതലാളിത്വ-കോടതിയുടെ നീരാളികൈകളില്‍ നിന്നും സംരക്ഷിക്കുന്നതിനും എന്റെ പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ,

# നിങ്ങളുടെ ഓരോ പോസ്റ്റിനും ഗവ: ഗ്രാന്‍ഡ്

# കിട്ടുന്ന കമന്റുകള്‍ക്കു പെര്‍-കിലോക്ക് തറവില പ്രഖ്യാപിക്കും.

# ഓരോ ഫോളോവര്‍ക്കും നോക്കു കൂലി, സൌജന്യ അപകട ഇന്‍ഷ്വറന്‍സ് ,

# ബ്ലോഗ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി, പെന്‍ഷന്‍ പാക്കേജ്


# ബ്ലോഗിലെ ഗൂഗിള്‍ ആഡ് വേര്‍ഡ്സില്‍ നിന്നുള്ള വരുമാനത്തിനു ആദ്യ അഞ്ച് കൊല്ലത്തേക്കു ആദായ നികുതി എക്സ്സെംപ്ക്ഷന്‍.

# അനോനികളായി തെറി പറയുന്ന ബൂലോകര്‍ക്കായി പ്രത്യേക ജയില്‍ പാക്കേജ് .

# സരസ്വതിയുടെ തുട, ശിവന്റെ ചന്തി എന്നിങ്ങനെ മതനിന്ദ മാത്രം ലാക്കാക്കി പോസ്റ്റിടുന്നവരെ
നിയന്ത്രിക്കാനായി പ്രത്യേക ബ്ലോഗ്ഗര്‍-ബഞ്ച് തിരുവനന്തപുരത്തു തുടങ്ങും. അതിനായി POKKA -( പ്രിവന്റേഷന്‍ ഓഫ് കമ്മ്യൂണല്‍ & കമ്മ്യൂണിറ്റി ഇന്‍സള്‍ട്ട് ആക്റ്റ് )എന്ന ശക്തമായ നിയമം നടപ്പില്‍ വരുത്തും. (ഇനി ഇവന്മാരുടെ കാര്യം പോക്കാ ..! )

# പുതിയ ബ്ലോഗ്ഗര്‍മാര്‍ക്കായി ഫോളോവേഴ്‌സ്, കമന്റ്സ് എന്നിവ സബ്സീഡി നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചേയ്യും. ഇതിനായി കമന്റ്സ്-സംഭരണം എല്ലാ സീസണുകളിലും..
(ഈ വാഗ്ദാനങ്ങള്‍ വെറും തുടക്കം മാത്രം .. ആഗെ ആഗെ ദേഖൊ, ഹോത്താ ഹൈ ക്യാ! )നമുക്കും ഈ ഭാഗ്യങ്ങളൊക്കെ ഉണ്ടാവേണ്ടേ? നമുക്കും സ്വസ്ഥവും സ്വൈര്യവുമായി ബ്ലോഗ്ഗേണ്ടേ? എത്ര നാളിങ്ങനെ ബോസിനെ പേടിച്ചു ഒളിച്ചും പാത്തും ബ്ലോഗില്‍ കുത്തിക്കുറിക്കും? ബ്ലോഗ്ഗിങ്ങ് നമ്മുടെ ജന്മാവകാശമാണ് .. ഒരുമിക്കുക, സംഘടിക്കുക ..

അതു കൊണ്ട്, ഒരു സുഖഃസുന്ദര സ്വര്‍ഗ തുല്യ ബൂലോകത്തിന്റെ സാക്ഷാത്കാരത്തിനായി
ദയവായി എന്നെ ‘ഉഴുന്നു വട‘ ചിഹ്നത്തില്‍ വോട്ട് ചേയ്തു വിജയിപ്പിക്കാന്‍ ഞാന്‍ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു ..

നമ്മുടെ ചിഹ്നം വട ..

വടക്കുള്ളിലെ ഊട്ടയിലൂടെ ലോകത്തെ കാണുന്നവര്‍ക്കൊരു ഉത്തരം, അതേ ഉഴുന്നുവടയിലൂടെ കൊടുക്കാന്‍ നേരമായി സോദരരേ .. ഉണരുവിന്‍ ..

ചടപടാ ശടകൊടഞ്ഞെഴുന്നേല്‍ക്കൂ .. കുത്തൂ വടയുടെ നടുക്ക് ..


Wednesday, March 18, 2009

കണ്ണുപൊത്തിക്കളി - എന്റെ ക്യാമറാ പരീക്ഷണങ്ങള്‍


എന്നുമീ ആകാശം കറുത്തിരുണ്ടു വരുന്നു .. പക്ഷെ എന്നെത്തെയും പോലെ ഇന്നും മഴ പെയ്യില്ലായിരിക്കാം .. വഞ്ചനയാണല്ലോ ഇപ്പോഴത്തെ ലേറ്റസ്റ്റ് ട്രന്‍‌ഡ് ! ഈ ആകാശം കണ്ടപ്പോള്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ഒന്നു ക്ലിക്ക് ചേയ്തു .. അതു ഇവിടെ പോസ്റ്റുന്നു ..


Tuesday, March 17, 2009

തിരഞ്ഞെടുപ്പു കുരിശുകള്‍ - എന്റെ ചുവന്ന ചിന്തകള്‍

ഇതു തിരഞ്ഞെടുപ്പു കാലം. വല്യേട്ടന്മാര്‍ സഹോദരന്മാരെയും അനന്തിരവന്മാരേയും മൂലക്കിരുത്തുന്ന വഷളന്‍ കാലം. ഇതു ഇടതുപക്ഷത്തിന്റേയും മറ്റു കക്ഷികളുടെയും പരീക്ഷണകാലം.

ഇടതുപക്ഷത്തില്‍, വളരെ അധികം കാലങ്ങളായിട്ട് സഹചാരികള്‍ ആയിട്ടുള്ള ജനതാദള്‍, കമ്മ്യൂണിസ്റ്റ് കക്ഷികളെ പിണക്കാന്‍ യാതൊരു മടിയും കാണിക്കുന്നില്ല മാവോയുടെ പിന്‍‌തലമുറക്കാര്‍ എന്നതു വളരെ അധികം അപകടകരമായ സ്ഥിതി വിശേഷമായിട്ടാണ് എനിക്കു അനുഭവപ്പെടുന്നതു. അതില്‍ കമ്മ്യൂണിസ്റ്റുകളെ പിണക്കാന്‍ പാടുപെടുന്നതു PDP എന്ന മതാധിഷ്‌ഠിത തീവ്രവാദി പാര്‍ട്ടിയുമായുള്ള ഗാന്ധര്‍വ വിവാഹം രജിസ്റ്റര്‍ വിവാഹം ആക്കി മാറ്റാനുള്ള തത്രപ്പാടില്‍ ആണെന്നുള്ളതു ആണ് ഏറ്റവും ദുഃഖകരമായ കാര്യം - കേരളത്തില്‍ തീവ്രവാദിപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറ്റവും അധികം ഇടയായതു ഇടതു പാര്‍ട്ടികള്‍ക്കുള്ള സ്വാധീനം ആയിരുന്നു ഇത്രയും കാലം - അതിനി എങ്ങനെ ആകുമോ അവോ . ലീഗിനേയും ബി ജെ പി യെയും ഒതുക്കാനാണത്രെ തീവ്രവാദികളെ ഇടതു സഖ്യത്തിനു വേണ്ടത്... എലിയെ പേടിച്ചു ഇല്ലം ചുടൂക എന്നു കേട്ടിട്ടേ ഉള്ളു - ദാ ഇതാണതു !

(ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഞാന്‍ ഇന്നലെയോ മറ്റോ ഒരു വാര്‍ത്ത കണ്ടു - അതു മദനിക്കു പല തീവ്രവാദി ആക്രമണങ്ങളിലും പങ്കുണ്ടെന്നു സംശയിക്കുന്ന സൈന്നുദ്ദീന്‍ എന്ന ആളുമായിട്ടുള്ള അപൂര്‍വ്വ സഹൃദബന്ധത്തെ പറ്റിയായിരുന്നു. (വാര്‍ത്ത ഇവിടെ വായിക്കാം) ഇടതുപക്ഷം - പ്രത്യേകിച്ചു പിണറായി വിജയന്‍ വെള്ളം കുറച്ചു കുടിക്കും, ഈ ബന്ധം സത്യമാണെന്നു തെളിഞ്ഞാല്‍!)

ഇന്നത്തെ വാര്‍ത്ത .. CPI -ക്കു മറ്റൊരു സീറ്റ് കൊടുക്കാമെന്നു CPM അറിയിച്ചിരിക്കുന്നു ... മുകറിലെ പടം പോലെ നാട്ടിലെങ്ങും പ്രത്യക്ഷപ്പെട്ട ‘സമ്മര്‍ദ്ദ് ചുവരെഴുത്തു’ കളില്‍ സ്ഥാനാര്‍ത്ഥിയുടെ പേരുകള്‍ വരുമോ, അതോ അരിവാള്‍ നെല്‍ക്കതിരിനു പകരം അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ചു ചേര്‍ക്കുമോ എന്നതു വരും ദിവസങ്ങളില്‍ തീരുമാനമാകുമെന്നു നമുക്കു പ്രതീക്ഷിക്കാം ..

വാല്‍ക്കഷ്ണം : ഇന്ത്യാവിഷനില്‍ വോട്ട് ആന്‍‌ഡ് ടാക്ക്. അവിടെ, 70% ത്തില്‍ അധിക്ം പേര്‍ വിചാരിക്കുന്നതു, ഈ പ്രശ്നങ്ങള്‍ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു മോഹങ്ങളെ വളരേ ദോഷകരമായി ബാധിക്കും എന്നതാണ് .. എനിക്കും അതു തന്നെ തോന്നുന്നു!

കോണ്‍ഗ്രസ്സിലും പ്രശ്നങ്ങള്‍ ഇല്ലാതില്ല .. ചെന്നിത്തലയും ചാണ്ടിയും പിണങ്ങിയിരിക്കുന്നു. ആന്റണി പാര്‍ട്ടിയില്‍ പിടി മുറുക്കുന്നു .. ചെന്നിത്തലക്കു വേണ്ടി എടുത്ത തീരുമാനം ചാണ്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു രാഹുല്‍ ഗാന്ധിക്കു 24 മണിക്കൂറുകള്‍ക്കകം പുനഃപരിശോധിക്കെണ്ടി വരുന്നു. .. സഭകള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടപെടുന്നതിനെതിരെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ മറ്റു കേണ്‍ഗ്രസ്സുകാര്‍ ശബ്ദമുയര്‍ത്തുന്നു.. അവിടെയും പൊട്ടലും ചീറ്റലും കുറവല്ല എന്നതാണ് ഇടതു പക്ഷത്തിനു ആകെഉള്ള ആശ്വാസം.!!


Monday, March 9, 2009

ഒരബദ്ധകഥ : ഗോ പര്‍വ്വം

ഇടിയുന്ന സമ്പദ്‌വ്യവസ്ഥയും, കുറയുന്ന ജോലിയും ജോലിക്കൂലിയും, കുതിച്ചുകയറുന്ന ഡോള‌ര്‍ നിരക്കും മനസ്സിലിട്ട് കടഞ്ഞ് വെണ്ണയാക്കി, ആ വെണ്ണക്കു പോലും സാമ്പത്തിക മാന്ദ്യം മൂലം വിലയിടിവാണെന്നു മനസ്സിലാക്കി ബൂഷിനെയും സഖി കോണ്ടോളിസാ റൈസിനേയും പ്‌രാകിക്കൊണ്ട് വീട്ടില്‍ ഉണ്ണാനെത്തിയ ഞാന്‍ കാണുന്നതു കാരി കുത്തിയ മുഖഭാവവും ആയിട്ട് ആരുടേയോ മെലുള്ള ദേഷ്യം ടി വി യുടെ റിമോട്ടില്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന അഛനേയും, ചാനല്‍ ചേഞ്ചായി ചേഞ്ചായി സഹികെട്ട് പണിമുടക്കി തുടങ്ങിയ ആ പാവം ഇരുപത്തിയഞ്ചിഞ്ച് ടി വി യേയും ആണ്. ചാനല്‍ മാറുന്നതിന്റെ സ്‌പീഡ് പോരാ എന്നു അഛനു തോന്നുണ്ടെന്നു റിമോട്ടില്‍ കൊടുക്കുന്ന ആരോഗ്യം കൊണ്ട് തികച്ചും സ്പഷ്ടം. എന്റെ ഉച്ചക്കത്തെ ‘ചിരിക്കും തളിക‘ ഗോവിന്ദ!! ആകെ ഞാന്‍ ആ വിഡ്ഡിപ്പെട്ടിയില്‍ കാണുന്ന പരിപാടി ആണ് ഇന്നു സ്വാഹ ആയതു! അഛന്റെ ഈ മൂഡില്‍ ഞാന്‍ റിമോട്ട് ചോദിച്ചാല്‍ .... “ധാണ്‍‌ണ്ടേ കെടക്കണു നിന്റെ കോപ്പ്” എന്നും പറഞ്ഞ് ആ റിമോട്ട് ഒരു പറക്കും തളിക ആക്കും അഛന്‍ , അതുറപ്പു !!

എന്താവും അഛനെ ഇത്രേയും ദേഷ്യം പിടിപ്പിക്കാന്‍ കാരണം .. ഡ്രസ്സ് മാറിക്കൊണ്ട് മിന്നി മറയുന്ന ചാനലുകള്‍ക്കിടയില്‍, വാര്‍ത്താ ചാനലുകളുടെ ഓടുന്ന ഫ്ലാഷ് ന്യുസുകളില്‍, ഞാന്‍ ക്ലൂസ് പരതി ... ഇല്ല .. കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും ജീവനോടുണ്ടെല്ലോ .. ? , അതാ വെളിയം പ്രാന്തു പിടിച്ചു നടക്കുന്നു, പിണറായിയെ ചീത്ത പറയുന്നു .. ഇതു കണ്ടാല്‍ അച്ചനു സന്തോഷം ആവേണ്ടതാണല്ലൊ - നട്ടേല്ലില്ലാതെ മാര്‍ക്സിസ്റ്റുകളുടെ പിന്നാലെ നടക്കുന്ന ഏര്‍പ്പാടു തീരുന്നതിന്റെ അത്രേം സന്തോഷം അഛനു വേറെ ഇല്ലാ .... പിന്നെന്തു? അഛന്‍ അതൊന്നും കാണാനുള്ള മൂഡിലേ അല്ലാന്നു ഉറപ്പ്.! ചാനല്‍ വീണ്ടും മാറി ..

സാധാരണ പോലെ, പലതവണത്തെ നിര്‍ബന്ധങ്ങള്‍ക്കും, ഭീഷണികള്‍ക്കും ശേഷം ചോറ് വിളമ്പപ്പെട്ടു, കഴിക്കാന്‍ തുടങ്ങി വയറ്റിലെ കാളല്‍ ഒന്നടങ്ങിയ ശേഷം ആണ് അമ്മയുടെ ചുവന്ന മുഖവും ഭക്ഷണം കഴിക്കുന്നതിലെ താല്പര്യമില്ലായ്മയും എന്റെ കണ്ണില്‍ പെട്ടതു .. അല്ലക്കിലും ഫുഡ് മുന്നില്‍ എത്തിയാല്‍ ചുറ്റും കൊലപാതകം നടന്നലും അറിയില്ലാല്ലോ ഞാന്‍ ! നല്ലോണം ഉരുട്ടിയ ഒരുരുള മീഞ്ചാറില്‍ പകുതി മുക്കി ഞാന്‍ അതേ പടി വായില്‍ ഒതുക്കി.

പുലിവാലില്‍ ആണ് പിടീക്കാന്‍ പോകുന്നതെന്നു നേരത്തേ അറിയാനുള്ള ഒരു മെഷീന്‍ ഉണ്ടാക്കിയാല്‍ എന്തെന്നു എനിക്ക് പല തവണ തോന്നിയിട്ടുള്ളതാണ് - അതു ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ എവിടെയിക്കിലും ഒക്കെ എത്തിയേനെ! സാധാരണ, വാലേല്‍ പിടിച്ചു വാലിന്റെ ഉടമസ്ഥന്‍ എന്നേം വലിച്ചൊണ്ട് ഓട്ടം തുടങ്ങി കഴിഞ്ഞാവും ഞാന്‍ അറിയുക, പിടിച്ചതു വാലില്‍ ആണെന്നും, അതു രണ്ടാഴ്ച ആയിട്ട് പട്ടിണി കിടന്നിരുന്ന ഒരു പുലിയുടേതു ആയിരുന്നെന്നും .. വിടാനും, പിടിച്ചോണ്ടിരിക്കാനും പറ്റാത്തൊരവസ്ഥ!! ഇത്തവണയും അതു തന്നെ സംഭവിച്ചു. എന്നേം വലിച്ചോണ്ട് ആ പുലി ഇത്തവണയും ഓടി.

സംഭവം ഇങ്ങനെ. അഛനും അമ്മക്കും കുറച്ചും കൂടി വിശ്രമം ആവശ്യമാണെന്ന പലരുടെ വിദദ്ധ ഉപദേശങ്ങളുടെ നിര്‍ബന്ധത്താലും, എനിക്കു ഫുഡ് പോലുള്ള അവശ്യ സര്‍വ്വീസുകളുടെ വിഘ്നരഹിതമായ ഒഴുക്ക് തന്നെ എപ്പോഴും ആവശ്യമുണ്ടെന്ന എന്റെ പോളിറ്റ്ബ്യൂറോ ആയ വയറിന്റെ നിരന്തര ആവശ്യത്തിന്റെ സ്വാധീനത്താലും, ആദ്യ കാരണം മുന്നിര്‍ത്തി ഞാന്‍ വീട്ടില്‍ ഒരു അടിയന്തിര പ്രമേയം അവതരിപ്പിച്ചിരുന്നു. എത്രെയും പെട്ടന്നു വീട്ടിലെ പശുവിനെ വില്‍ക്കണം - ടി പശു ആണ് അമ്മയുടെ ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്നതു - അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ - ‘ഘ’ ) നേരിടേണ്ടി വരും എന്നു. എന്റെ അതിശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങളുടെ ഫലമായി, അഛന്‍ എങ്ങാണ്ടൊക്കെ പറഞ്ഞ് ആരാണ്ടൊക്കെ പശുവിനെ കാണാന്‍ അന്നു ഉച്ചക്കു മുന്‍പു വന്നിരുന്നു.

പശുവിനെ കാണാന്‍ വന്ന ആള്‍ക്കാരെ കണ്ട ഉടനെ അമ്മ അഛനോട് അവരുടെ മുന്നില്‍ വച്ചു പറഞ്ഞത്രെ .. “ആ ഡേവിസ് കൊണ്ട് വരുന്ന ആളുകള്‍ക്കു നമ്മുടെ പശുവിനെ കൊടുക്കാന്‍ പറ്റില്ലാ” എന്നു. (ഡേവിസ് എന്ന കക്ഷി, ചന്തയില്‍ പണം ന്യായമായ കൊള്ള-കൂട്ടു-പലിശക്ക് കടം കൊടൂക്കുന്ന ടീം ആണ്. അതിനാല്‍ ഡെയിലി മൂന്നും നാലും മാടുകളെ കൊന്നു കൊലവിളിക്കുന്ന വെട്ടുകാരും ആയിട്ടൊക്കെ എടാ-പോടാ ബന്ധം ആണ്.) അമ്മ ശക്തമായി ഇതു നിഷേധിക്കുന്നു, അഛനെ മാറ്റിനിര്‍ത്തി ആണ് ഇതു പറഞ്ഞതെന്നു ആണ് ഇപ്പോഴും അമ്മയുടെ ഔദ്യോഗിക നിലപാട്, ആ നിലപാട് അഛന്‍ പിന്നീടു തള്ളികളഞ്ഞെങ്കിലും.

എന്നിട്ടും സ്വതവേ ഒരല്പം സ്‌ലോ ആയ എനിക്ക് കാര്യം മനസ്സിലായില്ല .. “എന്തു കൊണ്ട് ഡെവിസ് കൊണ്ട് വരുന്ന ആള്‍ക്കു പശുവിനെ കൊടുത്തുകൂടാ ?“ എന്നു ഞാന്‍ പതുക്കെ .. മയത്തില്‍ .. ഒന്നു ചോദിച്ചതു മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു .. പിന്നെ അവിടെ നടന്നതു എന്താണെന്നു ഞാന്‍ ഓര്‍ക്കണില്ല, ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലാ എന്ന് പറയുന്നതാവും കൂടുതല്‍ സത്യം .. അമ്മയുടെ കരച്ചില്‍, എന്റെ കണ്ണിലെ മൂടല്‍, അഛന്റെ പല്ലുകടി, ഇതിനൊക്കെ ഇടയില്‍ ഞാന്‍ അമ്മയുടെ ശബ്ദം കേട്ടു .. “പശുവിനെ കറന്നു പാല്‍ അടുക്കളയ്യില്‍ പാതാമ്പുറത്തു ഇരിക്കുന്നു, പത പോലും വറ്റിയിട്ടില്ല ... ആ പശുവിനെ തന്നെ വെട്ടുകാര്‍ക്കു കൊടുക്കാന്‍ നിനക്കൊക്കെ എങ്ങനെ മനസ്സു വരുന്നെടാ .. ആ പത ഒന്നു പൊയ്ക്കോട്ടേ, എന്നിട്ട് പോരേ ഈ കണ്ണില്‍ചോരയില്ലായ്മ ??”

അഛന്റെ തികച്ചും ന്യായമായ - “വെട്ടുകാരു എങ്ങനെ ഈ കൊച്ചു പശുവിനു ലിറ്ററിനു 3000 വച്ചു - 18000 രൂഭാ തരും? അവരെന്തിനാ മോക്ഷത്തിനാണോ പശുവിനെ ഇത്രേം കാശു കൊടൂത്തു വാങ്ങുന്നേ ? “ എന്ന ചോദ്യം അമ്മയുടെ ദേഷ്യം കലര്‍ന്ന സങ്കടത്തിനിടയില്‍ ഉച്ചത്തില്‍ മുഴങ്ങാന്‍ വിസമ്മതിച്ചു. എന്റെ അടിയന്തിരപ്രമേയത്തെ അമ്മയുടെ വീറ്റോ എയ്തു വീഴ്‌ത്തിയിരിക്കുന്നു എന്നു എനിക്കു മനസ്സിലായി ..

.. അല്ലെങ്കിലും എനിക്കങ്ങനെ തന്നെ വേണം .. വല്ല കാര്യവും ഉണ്ടായിരുന്നോ പശുവിനെ വില്‍ക്കാന്‍ ആവശ്യപ്പെടാന്‍? വല്ല കാര്യവും ഉണ്ടായിരുന്നോ എനിക്കു ചോറൂണിനിടയില്‍ 'എന്തു പറ്റി' എന്നു ചോദിക്കാന്‍? ഹല്ല, വല്ല കാര്യവും ഉണ്ടായിരുന്നോ .. !! അതു കൊണ്ട് ഒരു ഗുണമേ ഉണ്ടായൊള്ളു - എന്റെ ഉച്ചക്കത്തെ ഫുഡ് അതിന്റെ ടേസ്റ്റില്‍ കഴിക്കാന്‍ പറ്റിയില്ല എന്നതു. ദോഷങ്ങള്‍ പലതുണ്ടായി താനും - പശുവിനെ കറവ തീരും വരെ വില്‍ക്കേണ്ടാ എന്നു കുടുംബത്തിന്റെ ഹൈക്കമാണ്ട് തീരുമാനിച്ചു !