Tuesday, March 22, 2011

ടേക്കിങ്ങ് ചാൻസ് - Taking Chance (8.5/10)

Taking Chance /TV original movie/2009/Drama/IMDB/ (8.5/10)  

പ്ലോട്ട് : ഇറാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ചാൻസ് ഫെല്‍പ്പ്സ് എന്ന ജവാന്റെ മൃതദേഹം വീട്ടിലെത്തിക്കാൻ വളരേ ഉയർന്ന ഓഫീസർ ആയ ഒരു ലെഫ്:കേണൽ വോളന്റീയർ ചേയ്യുന്നതും, ആ ജവാന്റെ ശരീരം എസ്കോർട്ട് ചേയ്തുകൊണ്ട്  വീട്ടിലേക്കുള്ള യാത്രയും ആണു ഈ സിനിമ. നടന്ന സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ സിനിമ എടുത്തിരിക്കുന്നതു HBO ആണു. അപ്പോ ഊഹിക്കാല്ലോ അല്ലേ ക്വാളിറ്റി?

വെർഡിക്ട് : ഉഗ്രൻ സിനിമ. ഓരോ നിമിഷവും രാജ്യസ്നേഹം (രാജ്യസ്നേഹംമന്നു പറഞ്ഞാൽ തെറ്റാവും, രാജ്യത്തിനു വേണ്ടി സ്വയം ബലിയർപ്പിക്കുന്ന ജവാന്മാരോടുള്ള ആദരവ് ആണു ഇതിൽ മുഴുവൻ) ജ്വലിപ്പിക്കുന്ന രീതിയിൽ എടുത്തിരിക്കുന്നു ഈ സിനിമ. യുദ്ധമോ, യുദ്ധത്തിലെ രാഷ്ട്രീയമോ പറയാൻ ഒരു സെക്കന്റ് വേസ്റ്റ് ചേയ്യാതെ സിനിമയുടെ സബ്ബ്ജക്ടിനെ ചുറ്റിപ്പറ്റി തന്നെ സിനിമ പോവുന്നു എന്നതു ക്രിയേറ്റേഴ്സിന്റെ കഴിവ് തന്നെയാണു.

നമ്മടെ നായകൻ - (കെവിൻ ബേക്കൺ - അങ്ങനെ തന്നെ ആണല്ലോ അല്ലേ വിളിക്കുക?)  അസ്സലാക്കീട്ടുണ്ട്. മനസ്സിലെ സംഘർഷങ്ങൾ ഒരു പട്ടാളക്കാരന്റെ നിയന്ത്രണത്തോടെ കാണികളിലേക്കെത്തിക്കാൻ അദ്ദേഹം ചേയ്തിരിക്കുന്ന എഫർട്ട് : കിടിലൻ.  ടെക്ക്നിക്കൽ സൈഡും പെർഫക്ട് ആണു- HBO ഒർജിനത്സിന്റെ ടെക്ക്നിക്കൽ അഭിപ്രായം പറയാൻ മാത്രം ഒന്നും ഞാൻ ആയിട്ടില്ലാത്തതിനാൽ ആ ഏരിയ എക്സ്പേർട്ടുകൾക്ക് വിടുന്നു..

വെർഡിക്ട് ഒറ്റ വാക്കിൽ : ഒട്ടും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.


വാൽക്കഷ്ണം : കാണ്ഡഹാർ എന്ന നമ്മക്കടെ മേജറായ രവിയുടെ പടം കണ്ടപ്പോൾ, അതിൽ ഏറ്റവും കൂടുതൽ എനിക്കിഷ്ടായത് (മൊത്തം ചവറ് ആയിരുന്നതിനാൽ ഡീസന്റ് സീൻ ഓർത്തിരിക്കാൻ വളരേ എളുപ്പം ആയിരുന്നു ആ സിനിമയിൽ) മരിച്ച ജവാന്റെ മൃതദേഹം വഹിച്ച് കൊണ്ട് പോവുന്ന ട്രക്കിനു വഴിയിലെ വാഹനങ്ങൾ (ടിപ്പർ ലോറി വരെ) നൽകുന്ന ആദരവ് ആയിരുന്നു - ആ വാഹനങ്ങൾ ഒരു കോൺ‌വോയ് ആയിട്ട് കാണ്ഡഹാർ നായകന്റെ മൃതശരീരം വീട്ടിൽ എത്തിച്ച് കൊടുക്കുന്നുണ്ട് ആ സിനിമയിൽ.

ഞാൻ അന്നേ വിചാരിച്ചിരുന്നു, - ചിലപ്പോൾ പട്ടാളക്കാരൻ ആയതു കൊണ്ടാവും ആ സംഭവങ്ങൾ ഒക്കെ പിടിക്കാൻ മേജർ രവിക്ക് സാധിച്ചതെന്നു - പക്ഷെ ഇന്നു എനിക്ക് മനസ്സിലായി - അങ്ങാരു ഈ പടം നേരത്തേ കണ്ടിരുന്നതു കൊണ്ടാണു അത് മലയാള സിനിമയിൽ വന്നതെന്നു!. ഇതു മാത്രമല്ല, പല കാര്യങ്ങളും ഇതിൽ നിന്നും രവിസാർ അടിച്ച് മാറ്റീട്ടും ഉണ്ട്!


Friday, March 18, 2011

El secreto de sus ojos - The Secret in Their Eyes (8/10)


El secreto de sus ojos /Spanish-Argentina/2009/Thriller/IMDB/ (8/10) 
Rated R for a rape scene, violent images, some graphic nudity and language.

പ്ലോട്ട് : ഒരു റിട്ടയേഡ് ഇൻ‌വസ്റ്റിഗേറ്റർ ആയ നമ്മുടെ നായകൻ ഒരു നോവൽ എഴുതാൻ തീരുമാനിച്ചുറച്ചിരിക്കുന്നു, അതിനായി അദ്ദേഹത്തിന്റെ മനസ്സിൽ ആദ്യം കയറി വരുന്ന കഥ പണ്ട് അന്വേഷകൻ ആയിരുന്നപ്പോൾ പൂർണ്ണമായി തെളിയിക്കാൻ കഴിയാതിരുന്ന, വളരേ ദുരൂഹതകൾ ബാക്കി വച്ച ഒരു സംഭവമാണു. ആ കഥ എഴുതുവാൻ കൂടുതൽ ഇൻപുട്ടുകൾക്കായി നമ്മുടെ നായകൻ അന്നത്തെ ജൂനിയർ ഹെഡ് ആയിരുന്ന, അന്നു അങ്ങാർക്ക് ഒരു വൺ സൈഡഡ് പ്രേമം ഒക്കെ ഉണ്ടായിരുന്ന ഓഫീസറെ സമീപിക്കുന്നു - ഇന്നവർ ജഡ്ജ് ആണു.

അദ്ദേഹം ഈ നോവൽ എഴുതുന്നതും, അങ്ങനെ ആ നോവലിലൂടെ പഴയ ആ ഉദ്ദ്വേഗഭരിതമായ കഥ നമ്മുടെ മുന്നിൽ ചുരുൾ നിവരുന്നതും, അവർ കൂടുതൽ സത്യങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങി പണ്ട്  ബാക്കിവച്ച ഇരുണ്ട ദുരൂഹതകളിലേക്ക് വെളിച്ചം ചൊരിയാൻ ശ്രമിക്കുന്നതും ഒക്കെ ആണു ഈ സിനിമ.

വെർഡിക്ട് : കിടിലൻ!.. ശരിക്കും 9ൽ കൂടുതൽ കൊടുക്കേണ്ടതാണു ഈ സിനിമക്ക്, ഒരു പ്രാവിശ്യം കൂടെ കണ്ടാൽ ഞാൻ ആ കടുംകൈയ്യും ചിലപ്പോൾ ചേയ്തു കളഞ്ഞേക്കാം.  ഒരു ത്രില്ലർ സിനിമ എപ്പോഴും ഫാസ്റ്റ് ആവണം എന്നുള്ള ആ മിഥ്യാ ധാരണയെ പല അവസരങ്ങളിലായി പൊളിച്ചെഴുതുന്നുണ്ട് ഈ സിനിമ. - സിനിമ സ്ലോആണെങ്കിലും (?), സിനിമയിലെ സംഭവങ്ങളോട് ഓടിയെത്താൻ നമ്മൾ ശരിക്കും പാടു പെടുക തന്നെ ചേയ്യും - ഇതു രണ്ടും കൂടെ എങ്ങനെ സംഭവിക്കും എന്നു ചോദിക്കരുതു, എനിക്കറിഞ്ഞൂട,  കണ്ട് നോക്കൂ, മനസ്സിലാവും :)

ഒറ്റ വാചകത്തിൽ : ഒട്ടും ബോറടിക്കാത്ത, വളരേ ത്രില്ലിങ്ങ് ആയ ഒരു കിടിലൻ ത്രില്ലർ. ഭാഷ മാത്രം കടിച്ചാൽ പൊട്ടില്ല - സബ്റ്റൈറ്റിത്സ് തന്നെ ശരണം!.

സബ്ബ്റ്റൈറ്റിൽ ആണെങ്കിലും, ഇതിലെ ഡയലോഗ്സ് !!!!  ഹൂ .. നമിച്ചു ഞാൻ !! 

വാൽക്കഷ്ണം :  ഫോറിൻ ലാംഗ്വേജ് കാറ്റഗറിയിൽ അക്കാദമി അവാർഡ് വിന്നേഴ്സ് ആയ സിനിമകൾ അന്വേഷിച്ച് പോയപ്പോൾ ആകസ്മികമായി കൈയ്യിൽ തടഞ്ഞ സിനിമയാണിതു.   അർജന്റീനിയൻ, സ്പാനിഷ് ഒക്കെ ആണെങ്കിലും, സംഭവം കിക്കിടു! ഇനി എന്തായാലും, ഇതേ വഴിയിൽ കുറച്ച് കൂടി അന്വേഷിക്കാൻ തന്നെ തീരുമാനിച്ചു, ഇതിലും വലുതു വല്ലതും അളേൽ ഉണ്ടെങ്കിലോ ;)

ഈ സിനിമ അർജന്റീനയിലും ഒരു സംഭവം തന്നെ ആയിരുന്നു, അവരുടെ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷനുള്ള സിനിമയാണിതു. 


Saturday, March 12, 2011

തീസ് മാർ ഘാൻ - Tees Maar Khan (0/10)


Tees Maar Khan/Hindi/2011/Full idiotic - comedy/ (0/10)  

പ്ലോട്ടും വെർഡിക്ടും വാലും തലേം ഒന്നുമില്ല ഇത്തവണ - കാരണം ഇതൊരു റിവ്യൂവോ ആസ്വാദനക്കുറിപ്പോ ഒന്നുമല്ല - ഒരു മുന്നറിയിപ്പ് മാത്രമാണു ഈപേരിലെ സിനിമയെപ്പറ്റി .. ഹെന്റെ കൂട്ടുകാരേ, ഈ സിനിമേടേ പോസ്റ്ററിന്റെ അടുക്കേ കൂടെ പോവല്ലേ .. മുറിയും, അത്രെക്ക് കത്തി/വധം ആണീ പടം.!  ..

ഹെന്റമ്മേ .. ഇങ്ങനുണ്ടോ സിനിമ .. (സിനിമ എന്ന് ഈ പടത്തെ വിളിച്ചാൽ റോബിയെ പോലുള്ള സീരിയസ് സിനിമാസ്വാദകർ എന്നെ വീട്ടിൽ വന്നടിക്കും, അതോണ്ട് ഇനി മുതൽ സാധനം എന്നു ഇതിനെ വിശേഷിപ്പിക്കും ഞാൻ! ) ഈ സാധനത്തിൽ ഒന്നൂല്ല - ചുമ്മാ കൊറേ സ്റ്റാറുകളും, അവരുടെ ഓവറാക്ടിങ്ങും മാത്രം. തമാശ എന്ന പേരിൽ കൊറേ കാട്ടിക്കൂട്ടലുകളും.


ഇങ്ങനെയാണു ഇനീം സാധനം പിടിക്കാൻ പ്ലാനെങ്കിൽ, ഫറാഘാൻ ഇപ്പഴേ പണി നിർത്തുന്നതാവും ബുദ്ധി, അല്ലെങ്കിൽ നാട്ടാർക്ക് ബുദ്ധിമുട്ടാവും. - എന്തായാലും, ഷാറൂഘ് ഈ സാധന ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു, എങ്ങനേയോ!

എന്റെ അഭിപ്രായത്തിൽ - അവോയ്ഡ് അറ്റ് എനി കോസ്റ്റ്.!  അല്ല, കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തം റിസ്കിൽ കാണുക. :)  

(ഇനി ഞാനൊന്നു ഉറങ്ങാൻ ശ്രമിക്കട്ടെ .. ഞെട്ടി ഉണരാതിരുന്നാൽ മതിയായിരുന്നു) :(


Friday, March 4, 2011

The Social Network (7/10)


The Social Network/English/2010/Semi Biographical - Thriller/IMDB/ (7/10) 
Rated PG-13 for sexual content, drug and alcohol use and language.

പ്ലോട്ട് : തന്നെ ഡമ്പ് ചേയ്ത  ഗേൾഫ്രണ്ടിനെ ഞെട്ടിക്കാൻ ആയിട്ട് വളരേ ജീനിയസ്സായ, എന്നാൽ ഒരു നേർഡ് ആയ ഒരു കോളേജ് പയ്യൻ തുടങ്ങുന്ന  ഒരു സൈറ്റ്, അതിന്റെ പരിണാമത്തിന്റെ -   അതിന്റെ ഉയർച്ചകളുടെ, അതു വഴി ആ പയ്യനുണ്ടാവുന്ന ശത്രുക്കളുടെ, ഒക്കെ കഥയാണിതു - ഫേസ്ബുക്ക്  എന്ന പേരിൽ നമുക്കൊക്കെ സുപരിചിതമായ സൈറ്റിന്റെ കഥയാണിതു.

കോളേജ് ഡോർമറ്ററിയിൽ നിന്നും തുടങ്ങി, വെറും ആറ് വർഷങ്ങൾ കൊണ്ട് 600 ദശലക്ഷം വരിക്കാർ - 600 ദശലക്ഷം ഡോളർ പ്രതിവർഷ ലാഭം - 15 ബില്ല്യനോളം മതിപ്പ് വില - എന്നിങ്ങനത്തെ സ്ഥിതിയിലേക്ക് ഫേസ്ബുക്ക് എത്തിപ്പെടുന്ന ആ കഥയാണിതു - അതിനു പിന്നണിയിലെ കളികളുടെ, ചതികളുടെ, തെറ്റിദ്ധാരണകളുടെ ഒക്കെ കഥയാണിതു..

വെർഡിക്ട് : കൊള്ളാം - കണ്ട് തുടങ്ങിയിട്ട് ഒരു സെക്കന്റ് നേരം പോലും സിനിമ പോസ് ചേയ്യാതെ ഇരുന്നു കണ്ടൂ ഞാൻ - അത്രെക്ക് രസകരമായി ചേയ്തിരിക്കുന്നു ഈ സിനിമ. നോൺ ലീനിയർ  കഥപറച്ചിലും,  പാസ്റ്റ്-പ്രസന്റ് കഥയുടെ പോക്കുകളും ഒക്കെ ഈ സിനിമയെ കൂടുതൽ രസകരമാക്കിയിട്ടുണ്ട്. .. ഒരു കഥാപാത്രത്തിന്റേയും സൈഡ് പിടിക്കാതെ കഥപറയാൻ കഴിഞ്ഞിരിക്കുന്നു ഈ സിനിമയുടെ ക്രിയേറ്റേഴ്സിനു എന്നതു തന്നെയാണു ഏറ്റവും അഭിനന്ദനീയം.

നടന്മാരുടെ- കഥാ‍പാത്രങ്ങളുടെ സെലക്ഷൻ കിടിലൻ - ശരിക്കും ഒരു ബുജി ലുക്കുള്ള നായകൻ - അവന്റെ സംസാരം. അവന്റെ വായിൽ നിന്നും വരുന്ന കാര്യങ്ങൾ - ആ ഡയലോഗുകൾ എഴുതിയ പുലി ആരാണെങ്കിലും എന്റെ വഹാ ഒരു സലാം അങ്ങേർക്ക് - അത്രെക്ക് കിടിലൻ! :)  ആദ്യായിട്ട് ജസ്റ്റിൻ ടിമ്പർലേ-യെ എനിക്ക് ഒരു സിനിമയിൽ ഇഷ്ടായി - നാപ്പ്സ്റ്റർ കണ്ടുപിടിച്ചവനായിട്ട് അവൻ ഈ സിനിമയിൽ കലക്കീട്ടുണ്ട്!. :)

വാൽക്കഷ്ണം :  ഈ സിനിമ ഒരു പിടി അക്കാദമി അവാർഡുകൾ നേടി ഈ വർഷം. അർഹതപ്പെട്ടതു തന്നെ.

പക്ഷെ, നായകൻ ചേയ്തതു ശരിയായില്ല എന്നു തന്നാ എന്റെ അഭിപ്രായം - മറ്റവനെ അങ്ങനെ ചുരുട്ടിക്കൂട്ടി വേസ്റ്റ് ബാസ്ക്കറ്റിൽ ഇടേണ്ടായിരുന്നു.. ഒന്നുമില്ലെങ്കിലും ....  :(


Wednesday, March 2, 2011

അർജ്ജുനൻ സാക്ഷി - Arjunan Saakshi (6.5/10)


Arjunan Saakshi/Malayalam/2011/Action - Suspense Thriller/M3DB/ (6.5/10) 


പ്ലോട്ട് : കൊച്ചീ നഗരത്തെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കളക്ടർ ഫിറോസ് മൂപ്പന്റെ കൊലപാതകം. ആ സംഭവം നേരിൽ കണ്ടു എന്ന അവകാശവാദവുമായി അർജ്ജുനൻ (ഈ പേരിന്റെ സ്പെല്ലിങ്ങ് സിനിമയിൽ ഉടനീളം തെറ്റിച്ചാണു കാട്ടുന്നതു - അർജ്ജുനനു രണ്ട് ‘ജ’ ഇല്ലേ, അതോ സിനിമയിൽ കാട്ടുന്നതു പോലെ ഒരു ജ - അർജുനൻ - ഒള്ളോ?)  എന്ന വ്യക്തിയുടെ ഒരു കത്ത് മാതൃഭൂമി പത്രത്തിനു ലഭിക്കുന്നു, അതു അവർ പ്രതികരണങ്ങൾ പംക്തിയിൽ പ്രസിദ്ധീകരിക്കുന്നു, ‘അതി ശക്തരായ‘ വില്ലന്മാർ വാലിൽ തീ പിടിച്ച് ഓടുന്നു, ലേഖികക്ക് വധഭീഷണി, ആക്രമണം, .. അതിനിടയിലേക്ക് അബദ്ധവശാൽ കടന്നു വരുന്ന നായകൻ - പൃഥ്വിരാജ് - എല്ലാവരും ലവൻ അർജ്ജുനൻ ആണെന്നു തെറ്റിദ്ധരിക്കുന്നു .. ശേഷം ... ചിന്ത്യം.

വെർഡിക്ട് :  സിനിമ - കൊള്ളാം. ആദ്യ പകുതിയിൽ സിനിമ ഉഗ്രനായി മുന്നേറി, പക്ഷെ പകുതികഴിഞ്ഞതോടെ എങ്ങനേം തീർത്താൽ മതി എന്നു സംവിധായകനു തോന്നിയെന്നാണു എനിക്ക് തോന്നിയത്. ക്രാഷ് ലാന്റ് ചേയ്യിച്ച് തീർത്തു സിനിമ.! രഞ്ജിത്ത് ശങ്കറിൽ നിന്നും ഇതിലും ഒക്കെ മികച്ച ഒരു ക്ലൈമാക്സ് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത് - ചിലപ്പോൾ പാസ്സഞ്ചർ നൽകിയ അമിത-പ്രതീക്ഷകൾ ആവാം രസംകൊല്ലിയായത്!.

ആദ്യ പകുതിയിൽ എന്തും ചേയ്യാൻ കഴിവുണ്ടെന്നു കാട്ടുന്ന - സെൽഫോൺ ടാപ്പ് ചേയ്യുന്നതു മുതൽ കളക്ടറെ തട്ടിക്കളയുക വരെയുള്ള കാര്യങ്ങൾ പുല്ലാണെന്നു വ്യക്തമാക്കുന്ന - വില്ലന്മാർ രണ്ടാം പകുതിയിൽ ചുമ്മാ പഞ്ചപാവങ്ങളെപ്പോലെ പേടിച്ച് വിറച്ച് ‘സാധാരണക്കാരനായ’ നായകന്റെ പിന്നാലെ യാചിച്ച് നടക്കുന്നു! - കളക്ടറെ വരെ പോയിന്റെ ബ്ലാങ്കിൽ നിന്നും ഷൂട്ട് ചേയ്തു കൊല്ലാൻ മാത്രം കെല്‍പ്പുള്ള വില്ലന്മാർ ഒരു പയ്യനെ തട്ടാൻ വിഷമിക്കുന്നു - അവിശ്വസനീയം എന്നു പറയേണ്ടിയിരിക്കുന്നു - ഈ കഥാതന്തു!.

എന്നാലും, നായകന്റെ റ്റാറ്റാ സഫാരി കാറിനെ ഇടിച്ച്  തകർക്കാൻ മാരുതി എസ്റ്റീമിനെ വിട്ട ആ വില്ലന്റെ ബുദ്ധിശക്തിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല!. ;) ഹിമാലയാ-കണിച്ചുകുളങ്ങര കേസിലൂടെ കേരളമാകെ മനസ്സിലാക്കിയ കാര്യമാണു, ഒരു ലോറി കൊണ്ടേ ഇടിപ്പിച്ച് തെറിപ്പിച്ചാലും സഫാരിക്ക് വലുതായിട്ടൊന്നും സംഭവിക്കില്ലാ എന്നു.  അതുമല്ലാ,  എന്തിനാണാവോ നല്ല കിടിലൻ ഫോറിൻ കാറിൽ അതു വരെ സഞ്ചരിച്ചിരുന്ന പൃഥ്വിരാജ് പെട്ടെന്നു സഫാരിയിലേക്ക് മാറിയതു, ആ ഷോട്ടിനു വേണ്ടി മാത്രം?

ആക്ടേഴ്സ് : നാ‍യകൻ പൃഥ്വിരാജ് : കലക്കീട്ടുണ്ട് ഇഷ്ടൻ. ആദ്യ പകുതിയിൽ കമ്പനി പാർട്ടിയിൽ അടിച്ച് കിന്റായിട്ട് നടക്കുന്ന പൃഥ്വിരാജ് അഭിനയത്തിൽ വളരേ അധികം മുന്നേറിയിരിക്കുന്നു എന്നു തെളിയിക്കുന്നു - ഉഗ്രൻ ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട്, റോയ് എന്ന യൂത്തിനെ, പൃഥ്വിരാജ്. :) ഉഗ്രൻ.

പിന്നെ പൃഥ്വിരാജിന്റെ ഫ്രണ്ടായി സിനിമയി വരുന്ന പയ്യൻസ് - 

ആൻ : എത്സമ്മയിൽ നിന്നും വളരേ മുന്നോട്ട് വന്നിരിക്കുന്നു ആൻ അഗസ്റ്റിൻ. എത്സമ്മയിൽ എടുത്താൽ പൊങ്ങാത്ത റോൾ ആയതിനാൽ ആവണം എനിക്ക് ഈ കുട്ടിയെ അത്രെക്കങ്ങ് പിടീക്കാഞ്ഞത് ആ സിനിമയിൽ - ഇതിൽ : ആപ്റ്റ്.!

പിന്നെ ഉഗ്രനായിട്ടുള്ളതു നമ്മുടെ പഴേയ നൂലുണ്ടയാണു - വിജീഷ്. എന്തോരു ചേഞ്ച്!!!!  ഒരു ജിം ഇൻസ്ട്രക്ടർ ആയ പൃഥ്വിരാജിന്റെ ഫ്രണ്ടായിട്ട് ആണു ഇതിൽ വിജീഷ് - ആ പൊണ്ണത്തടി ഒക്കെ മാറി ആശാൻ കലക്കൻ ബോഡിയും ഒക്കെ വച്ച് ഉഗ്രനാക്കീട്ടുണ്ട് ഈ സിനിമയിൽ. അതു മാത്രമല്ല, ഈ സിനിമയിൽ പൃഥ്വിരാജിനൊപ്പം തിളങ്ങി നിൽക്കാൻ സാധിക്കുന്നും ഉണ്ട് വിജീഷിനു. ! കലക്കി മോനേ, കലക്കി!. :)

വില്ലന്മാർ : വേസ്റ്റ്!

ജഗതി : പെർഫക്ട്.

പിന്നെ എടുത്ത് പറയേണ്ടത് : ക്യാമറ വർക്കാണു - ഉഗ്രൻ എന്നല്ലാതെ വേറോരു വാക്കില്ല. :) പ്രത്യേകിച്ച് കാർ ചേസ് സമയത്തും, ആദ്യ പകുതിയിലും.  സംവിധായകൻ സിനിമയെ സ്റ്റൈലിഷ് ആക്കുന്നതിൽ ശരിക്കും വിജയിച്ചിരിക്കുന്നു, ആർട്ട് ഡിപ്പാർട്ട്മെന്റിനും കൺഗ്രാറ്റ്സ്. :)


ഒറ്റ വാചകത്തിൽ : കണ്ടിരിക്കാവുന്ന, ബോറടിക്കാത്ത, എന്നാൽ വലിയ പ്രതീക്ഷ വേണ്ടാത്ത ഒരു എബൗവ് ആവറേജ് സിനിമ.

വാൽക്കഷ്ണം : സാധാരണക്കാരൻ എന്ന ലേബലിൽ നായകന്റെ സൂപ്പർ ഹീറോ ഇമേജ് വിൽക്കുന്ന ഇത്തരം സിനിമകൾ ഇനിയും ഉണ്ടാവണം ..  എല്ലാ സാധാരണക്കാരിലും ഒരു സൂപ്പർഹീറോ ഒളിഞ്ഞിരിപ്പുണ്ട് എന്നോ മറ്റോ ആണോ സിനിമയുടെ ക്രിയേറ്റേഴ്സ് ഉദ്ദേശിച്ചിരിക്കുന്നതു?

സിനിമ ആദ്യാവസാനം ‘മാതൃഭൂമി’ പത്രത്തിന്റെ പരസ്യമാണു - ഒരോ അഞ്ച് ഷോട്ടുകളിലും ആ പേരു പറയുകയോ കാട്ടുകയോ ചേയ്യുന്നുണ്ട് .. എനിക്കാ പേരു കണ്ട് ബോറടിച്ചു, ശരിക്കും!.അവരാണോ സിനിമയുടെ വട്ടിപ്പലിശാ-ഫിനാൻസിയേഴ്സ്?