Thursday, March 26, 2009

നമ്മുടെ ചിഹ്നം ഊട്ടവട ..

പ്രിയ ബൂലോകരേ,

നിങ്ങള്‍ക്കറിയാം, ഈ ബൂലോകം എത്രമാത്രം ലോകഗതിയെ സ്വാധീനിക്കുന്നുവെന്നു, സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നുവെന്നു, സ്വാധീനിക്കാന്‍ ഇരിക്കുന്നുവെന്നു..

പക്ഷെ, നിങ്ങള്‍ക്കറിയാമോ എന്നെനിക്കൊട്ടുമറിയില്ല, ‘ഒരു ബ്ലോഗ്ഗര്‍ വളര്‍ന്നാല്‍ ബെര്‍ളി വരെ,
അതിലും വളര്‍ന്നാല്‍ പിങ്ക്സ്ലിപ്പ് വരെ‘ എന്നു പറഞ്ഞ് നമ്മളെ അവഹേളിക്കുന്നവര്‍ക്കൊരു തിരിച്ചടി ലോകത്തിന്റെ പല ഭാഗങ്ങളിലും കിട്ടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു, ലോക പോലീസ്സിന്റെ കേന്ദ്രത്തിലിപ്പോള്‍ ഒരു മുന്‍ ബ്ലോഗ്ഗര്‍ ആണ് - ബാരക്ക് ഒബാമ. ഈ ബാരക് എന്ന പേരു തന്നെ ബ്ലോഗര്‍ എന്ന വാക്കില്‍ നിന്നും ശുഷ്ക്കിച്ചുണ്ടായതാണെന്നും അദ്ദേഹമിപ്പോഴും ബോംബിടാത്ത ഒഴിവുവേളകളില്‍ ബ്ലോഗ്ഗ് ചേയ്തു രസിക്കാറുണ്ടെന്നും വെള്ളവീടിന്റെ പിന്നാമ്പുറങ്ങളില്‍ സംസാരമുണ്ട് - അതെന്തെങ്കിലുമാവട്ടെ, പക്ഷെ നമ്മള്‍, മഹാന്മാരായ മലയാളം ബൂലോകര്‍ എവിടെ എത്തി നില്‍ക്കുന്നു, ഇങ്ങനെ പോയാല്‍ എവിടെ എത്തി നില്‍ക്കും ?

സത്യം പറയുന്നതില്‍ ക്ഷമിക്കണം, പക്ഷെ ഇപ്പൊഴും ഇന്റെര്‍നെറ്റിന്റെ ഇരുണ്ട ഇടുങ്ങിയ തെരുവുകളില്‍ കുശുമ്പും കുന്നായ്മയും പറഞ്ഞ് തമ്മില്‍തല്ലിയും വെടി പറഞ്ഞും ഇരിക്കുകയാണ്
നമ്മള്‍. നമുക്കും വേണ്ടേ ഒരു ശബ്ദം? നമുക്കും വേണ്ടേ അധികാരമെന്ന ശര്‍ക്കരക്കുടത്തില്‍ കൈയ്യിട്ടു വാരാനുള്ള അവകാശം? അതിനാല്‍, ലോകക്രമത്തെ മാറ്റിമറിക്കാനും ‘ബ്ലോഗ്ഗോളജി’ മതത്തെ ഈ വിഡ്ഡിയായ ലോകത്തിനു പരിചയപ്പെടുത്താനും, നമ്മുടെ വേറിട്ട ശബ്ദത്തെ അധികാരത്തിന്റെ ഇടനാഴികളില്‍ മുഴക്കുവാനും നമ്മളിലൊരാള്‍ പാര്‍ലമെന്റിലേക്കു മത്സരിക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കു മനസ്സിലാവുമല്ലോ?

പക്ഷെ ആരു?

സത്‌സ്വഭാവിയും, അഴിമതി നടത്തി പരിചയമുള്ളവനും, കട്ടാലും നിക്കാന്‍ അറിയാവുന്നവനും, ഇല്ലാത്ത റോഡിനു ഫുഡ്പാത്ത് ഉണ്ടാക്കാന്‍ കരാര്‍ കൊടുത്തു നമ്മുടെ ബ്ലോഗോളഗി മതത്തിനു പത്തു ചിക്കിളി നേടിത്തരാന്‍ കഴിവുള്ള ഒരാളെ ആണ് നമ്മള്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ടത് ..
ഗവര്‍മ്മേന്റിനു നാലു കാശ് ലാഭമുണ്ടാക്കി കൊടുത്തിട്ട് നമുക്കെന്തു ഗുണം? നമ്മള്‍ നന്നാവുക - അങ്ങനെ നമ്മുടെ സമൂഹം നന്നാവും, സമൂഹം നന്നായാല്‍ നമ്മുടെ സംസ്ഥാനം, പിന്നെ നമ്മുടെ രാജ്യം എന്നിങ്ങനെ ഓട്ടോമാറ്റിക്കായി നന്നായിക്കോളും .. അതിനു പറ്റിയൊരാള്‍ .. ?

സ്നേഹക്കൂടുതല്‍ കൊണ്ട് നിങ്ങള്‍ വേണ്ടായെന്നു പറയുവായിരിക്കാം .. പക്ഷെ
എന്റെ ജീവിതം കട്ടപ്പൊക ആയാലും സാരമില്ല സോദരരേ, ഞാന്‍ എന്റെ ജീവിതം നിങ്ങള്‍ക്കായി നീക്കിവൈക്കാന്‍ തീരുമാനിച്ചിരിക്കുന്നു - എനിക്ക് നിങ്ങളെ സേവിക്കണം - എനിക്കീ രാജ്യത്തെ ഒരു ലെവല്‍ ആക്കണം .. (വെരി ഹൈ ലെവല്‍) അതിനായി നിങ്ങളെ സേവിക്കാന്‍ എന്നെ നിങ്ങള്‍ അനുവദിക്കണം ... ജയിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്കും ഞാന്‍ അവസരം തരാം .. എന്നെ സേവിക്കാനുള്ള അവസരം..

ഞാന്‍ ജയിച്ചാല്‍ നിങ്ങള്‍ക്കെന്തു ഗുണം .. അതല്ലേ അടുത്ത ചോദ്യം? ഐ ആം ദി ആന്‍സര്‍ ... ഐ ആം ദി ആന്‍സര്‍.

ബൂലോകരുടെ ജീവിതം പതിന്‍‌മടങ്ങ് സുഖകരമാക്കുന്നതിനായി ചില ഭരണഘടനാ ഭേദഗതികള്‍ വരെ എന്റെ മനസ്സിലുണ്ട് സോദരരേ .. അതില്‍ ചിലവ - ‘ബൂലോക പ്രജകള്‍ക്കു പിങ്ക്സ്ലിപ്പ് കൊടുക്കാന്‍ പാടില്ല‘ തുടങ്ങിയവ - ഷെഡ്യൂള്‍ 9 ഇല്‍ ഉള്‍പ്പെടുത്തി അവ മുതലാളിത്വ-കോടതിയുടെ നീരാളികൈകളില്‍ നിന്നും സംരക്ഷിക്കുന്നതിനും എന്റെ പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ,

# നിങ്ങളുടെ ഓരോ പോസ്റ്റിനും ഗവ: ഗ്രാന്‍ഡ്

# കിട്ടുന്ന കമന്റുകള്‍ക്കു പെര്‍-കിലോക്ക് തറവില പ്രഖ്യാപിക്കും.

# ഓരോ ഫോളോവര്‍ക്കും നോക്കു കൂലി, സൌജന്യ അപകട ഇന്‍ഷ്വറന്‍സ് ,

# ബ്ലോഗ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി, പെന്‍ഷന്‍ പാക്കേജ്


# ബ്ലോഗിലെ ഗൂഗിള്‍ ആഡ് വേര്‍ഡ്സില്‍ നിന്നുള്ള വരുമാനത്തിനു ആദ്യ അഞ്ച് കൊല്ലത്തേക്കു ആദായ നികുതി എക്സ്സെംപ്ക്ഷന്‍.

# അനോനികളായി തെറി പറയുന്ന ബൂലോകര്‍ക്കായി പ്രത്യേക ജയില്‍ പാക്കേജ് .

# സരസ്വതിയുടെ തുട, ശിവന്റെ ചന്തി എന്നിങ്ങനെ മതനിന്ദ മാത്രം ലാക്കാക്കി പോസ്റ്റിടുന്നവരെ
നിയന്ത്രിക്കാനായി പ്രത്യേക ബ്ലോഗ്ഗര്‍-ബഞ്ച് തിരുവനന്തപുരത്തു തുടങ്ങും. അതിനായി POKKA -( പ്രിവന്റേഷന്‍ ഓഫ് കമ്മ്യൂണല്‍ & കമ്മ്യൂണിറ്റി ഇന്‍സള്‍ട്ട് ആക്റ്റ് )എന്ന ശക്തമായ നിയമം നടപ്പില്‍ വരുത്തും. (ഇനി ഇവന്മാരുടെ കാര്യം പോക്കാ ..! )

# പുതിയ ബ്ലോഗ്ഗര്‍മാര്‍ക്കായി ഫോളോവേഴ്‌സ്, കമന്റ്സ് എന്നിവ സബ്സീഡി നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചേയ്യും. ഇതിനായി കമന്റ്സ്-സംഭരണം എല്ലാ സീസണുകളിലും..
(ഈ വാഗ്ദാനങ്ങള്‍ വെറും തുടക്കം മാത്രം .. ആഗെ ആഗെ ദേഖൊ, ഹോത്താ ഹൈ ക്യാ! )നമുക്കും ഈ ഭാഗ്യങ്ങളൊക്കെ ഉണ്ടാവേണ്ടേ? നമുക്കും സ്വസ്ഥവും സ്വൈര്യവുമായി ബ്ലോഗ്ഗേണ്ടേ? എത്ര നാളിങ്ങനെ ബോസിനെ പേടിച്ചു ഒളിച്ചും പാത്തും ബ്ലോഗില്‍ കുത്തിക്കുറിക്കും? ബ്ലോഗ്ഗിങ്ങ് നമ്മുടെ ജന്മാവകാശമാണ് .. ഒരുമിക്കുക, സംഘടിക്കുക ..

അതു കൊണ്ട്, ഒരു സുഖഃസുന്ദര സ്വര്‍ഗ തുല്യ ബൂലോകത്തിന്റെ സാക്ഷാത്കാരത്തിനായി
ദയവായി എന്നെ ‘ഉഴുന്നു വട‘ ചിഹ്നത്തില്‍ വോട്ട് ചേയ്തു വിജയിപ്പിക്കാന്‍ ഞാന്‍ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു ..

നമ്മുടെ ചിഹ്നം വട ..

വടക്കുള്ളിലെ ഊട്ടയിലൂടെ ലോകത്തെ കാണുന്നവര്‍ക്കൊരു ഉത്തരം, അതേ ഉഴുന്നുവടയിലൂടെ കൊടുക്കാന്‍ നേരമായി സോദരരേ .. ഉണരുവിന്‍ ..

ചടപടാ ശടകൊടഞ്ഞെഴുന്നേല്‍ക്കൂ .. കുത്തൂ വടയുടെ നടുക്ക് ..


9 comments:

 1. വടക്കുള്ളിലെ ഊട്ടയിലൂടെ ലോകത്തെ കാണുന്നവര്‍ക്കൊരു ഉത്തരം, അതേ ഉഴുന്നുവടയിലൂടെ കൊടുക്കാന്‍ നേരമായി സോദരരേ .. ഉണരുവിന്‍ ..

  സാഹസങ്ങളിലെ അടുത്ത പോസ്റ്റ് ..

  ReplyDelete
 2. Aliya .. Thakarthu.. iniyum porate ithupolathe sahasangal :D

  ReplyDelete
 3. Vadayude Oottayiloode bloger's ne matrame kandallo vere aareyum kittiyille, ethayalum mattu booloka karyangalilekkum kadakkanayi vadayude purathekku nokkuka.
  Jai Vada!!!

  ReplyDelete
 4. പച്ചുസ്സെ എന്റെ വോട്ട് തരാം കേട്ടോ. കൊള്ളാം എഴുത്ത്.

  ReplyDelete
 5. ഇങ്ങനെയൊക്കെ സാഹസം ചെയ്യണോ പാച്ചൂ???????????? അതും ഈ ഞങ്ങള്‍ക്കൊക്കെ വേണ്ടി മഹാമനസ്കന്‍ തന്നെ

  ReplyDelete
 6. v.c.n സഖാവേ ധീരതയോടെ നയിചോളു.... ലക്ഷം ലക്ഷം പിന്നാലെ..

  ReplyDelete
 7. adapoli...oops...adipoli..paachooz!!! ente vote pachuznu thanne!!

  ReplyDelete
 8. നന്ദി പ്രിയരേ, നന്ദി .. നമ്മുടെ തിരഞ്ഞെടെഉപ്പു ഫണ്ടിലേക്കു ഉദാരമായി സംഭാവന ചേയ്യാനും ഇതേ സഹാ‍യ മനസ്ഥിതി ഉണ്ടാവുമെന്നു വിശ്വസിക്കുന്നു .. ബക്കറ്റ് പിരിവായിരിക്കും നമ്മുടെ മെയിന്‍ പിരിവു സമ്പ്രദായം .. പൈസ വാങ്ങണ അതേ ബക്കറ്റില്‍ വടയും സ്റ്റോര്‍ ചേയ്യാല്ലോ? ;)

  ReplyDelete