Thursday, June 30, 2011

127 Hours (8.5/10)

127 Hours/English/2010/Adventure/IMDB/ (8.5/10)
Rated R for language and some disturbing violent content/bloody images.
Tagline: Every Second Counts

പ്ലോട്ട് : വീക്കെൻഡുകളിൽ അതി-സാ‍ഹസിക പരിപാടികളിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന നായകൻ. ലവനാണെങ്കിൽ എങ്ങോട്ട് പോവുന്നു എന്ന് പോയിട്ട് പോവുന്ന ദിശ പോലും ആരോടും പറയാൻ ടൈമില്ലാത്ത, സൗകര്യമില്ലാത്ത ഒരു എമ്പോക്കി. അവൻ ഇത്തവണ പോവുന്നതു canyons-ലേക്കാണു.കൂട്ടായി തന്റെ സ്ഥിരം സഹയാത്രികർ മാത്രമേ ഉള്ളൂ, ട്രക്കിങ്ങ് ഗിയർ, തന്റെ ഹാന്റി-കാം എന്നിവയാണവർ.

ആ അതി-സാഹസിക യാത്രക്കിടയിൽ നമ്മുടെ അലുക്കൂലുത്തു നായകൻ ഒരു അപകടത്തിൽ പെടുന്നതും, ആ അപകടത്തിൽ മരണത്തെ കാത്ത് അഞ്ച് ദിവസത്തോളം കിടക്കുന്നതും, ആ സമയത്ത് അതു വരെ സ്വന്തം ചിന്തയിൽ പോലും വരാതിരുന്ന തന്റെ ജീവിതത്തെക്കുറിച്ചും, തന്റെ അടുത്ത കൂട്ടുകാരെക്കുറിച്ചും, സ്വന്തം കുടുംബത്തെക്കുറിച്ചും ഉള്ള ഓർമ്മകൾ അയവിറക്കുന്നതും, പിന്നെ അവസാനം  ആ ആസന്ന മരണത്തിൽ നിന്നും വല്ലവിധേനേയും രക്ഷപ്പെടുന്നതും ആണു കഥ. ഒട്ടും പേടിക്കേണ്ട, കഥ ശരിക്കും നടന്നതു തന്നെയാണു.

വെർഡിക്ട് :  പടം കിടു. നല്ല ക്ലീൻ തുടക്കം, ത്രില്ലിങ്ങ് നടുവശം, ക്രിസ്പി അവസാനം.
സിനിമ ഒരു നടന്ന കഥയെ ആസ്പദമാക്കി എടുത്തിരിക്കുന്നതിനാലും, ഒരു റിയൽ ലൈഫ് സംഭവം എന്ന തോന്നൽ വരുത്തുവാൻ പാകത്തിനുള്ള കാമറാ പരിപാടികൾ ഉപയോഗിച്ചിരിക്കുന്നതിനാലും,  ഒരു ഡോക്യുമെന്ററിയുടെ ലെവലിൽ എത്തി-എത്തിയില്ലാ എന്ന നിലയിലാണു രണ്ടാം പകുതി പോവുന്നതു. പക്ഷെ സിനിമ, ശരിക്കും ത്രില്ലിങ്ങ് ആണുട്ടോ.

ഡാനീ ബോയ്‌ൽ എന്ന സംവിധായകന്റെ സ്ലംഡോഗ് മില്യനേയർ എന്ന സിനിമ മാത്രമേ ഞാൻ മനസ്സിരുത്തി കണ്ടീട്ടോള്ളൂ, (മസാല കാണാൻ വേണ്ടി മാത്രം ഞാൻ കണ്ട ‘ദ ബീച്ച്‘ എന്ന ഇങ്ങാരുടെ പടം എന്നെ പറ്റിച്ചതു ഞാൻ പക്ഷെ ഇപ്പഴും മറന്നിട്ടില്ല!) ആ സിനിമയിൽ എനിക്ക് അങ്ങാരെ ഒരു ഒന്നാംതരം തട്ടുപൊളിപ്പൻ മസാലപ്പട സംവിധായകൻ എന്ന ലേബലേ കൊടുക്കാൻ സാധിച്ചോള്ളൂ. - പക്ഷെ ഈ പടം - അസാധ്യം!.

നായകൻ : James Franco - യെവൻ ആണു ഈ സിനിമ ! - യെവന്റെ അസാദ്ധ്യ പ്രകടനം ഇല്ലായെങ്കിൽ ഈ സിനിമയില്ല - സിനിമയുടെ ആദ്യ പകുതിയിലെ സാഹസികന്റേയും രണ്ടാം പകുതിയിലെ മരണം കാത്ത് കിടക്കുന്ന മനുഷ്യന്റേയും മുഖങ്ങൾ ഉഗ്രനായിട്ട് അഭിനയിക്കാൻ ഇങ്ങാർക്ക് കഴിഞ്ഞു - ഓർക്കുന്നുണ്ടോ യെവനെ ? സ്പൈഡർമാൻ 3 ലെ വില്ലൻ - ജൂനിയർ ഓസ്ബോൺ?  അവൻ താനെടാ യെവൻ.

ഒറ്റ വാചകത്തിൽ : ത്രില്ലിങ്ങ്, പക്ഷെ ശരിക്കും ടെൻഷൻ ആവും. ഭയങ്കര ഡിപ്രഷന്റെ അസുഖമുള്ളവർ ഒഴിവാക്കൂ. 

വാൽക്കഷ്ണം : പടം ഇങ്ങനെയൊക്കെയാണു എന്നു ആദ്യമേ പുടികിട്ടിയിരുന്നു ആദ്യമേ. എനിക്കാണെങ്കിൽ ഈ ദയനീയാവസ്ഥ കാട്ടി കാശുവാരുന്ന ‘ആകാശദൂത്‘ ടൈപ്പ് പടങ്ങൾ ഇഷ്ടമേ അല്ല, ആകാശദൂത് പോലത്തെ തീം സ്ലംഡോഗ് മില്യനേയർ പിടിച്ച സംവിധായകന്റെ കൈയ്യിൽ കിട്ടിയാലത്തെ സ്ഥിതി ആലോചിക്കാൻ പോലും എനിക്കാവില്ലായിരുന്നു,  അതിനാൽ ഈ പടം പെന്റിങ്ങിൽ വച്ചിരിക്കുവായിരുന്നു കുറച്ചധികം നാളുകളായിട്ട്. പിന്നെ ബ്ലോഗിലെ പുലി-പടക്കാഴ്ചക്കാരുടെ ഒക്കെ അഭിപ്രായങ്ങളും റിവ്യൂകളും ഒക്കെ വന്നപ്പോൾ, ധൈര്യം സംഭരിച്ച് കണ്ടതാണു ഈ പടം. ഇത്രേം വച്ചോണ്ടിരിക്കെണ്ടായിരുന്നു എന്നു എനിക്കിപ്പോൾ തോന്നുന്നു!. :)


Saturday, June 25, 2011

Game - ഗെയിം (6.5/10)

Game/Hindi/2011/Action-Suspense Thriller/IMDB/ (6.5/10)
Rated PG  for violence/strong language.
Tagline: It's not Over till its Over

പ്ലോട്ട് : കൊലപാതകം ചേയ്ത ശേഷം എന്തു ചേയ്യണമെന്നു അറിയാതിരിക്കുന്ന ഒരു ബോളിവുഡ് സൂപ്പർസ്റ്റാർ(ജിമ്മി ഷെർഗിൽ),  തായ്‌ലന്റിന്റെ അടുത്ത പ്രധാനമന്ത്രി ആവാൻ കച്ചകെട്ടി ഇരിക്കവേ അദ്ദേഹത്തിന്റെ ഫണ്ടുകളുടെ സ്രോതസിനെപ്പറ്റിയുള്ള സംശയത്തിനിരയാവുന്ന ഒരു രാഷ്ട്രീയക്കാരൻ (ബോമൻ ഇറാനി), മദ്യത്തിനടിമയായ ലണ്ടനിലെ ഒരു ക്രൈം ജേർണലിസ്റ്റ് (ഷഹാനാ ഗോസ്വാമി - റോക്കോൺ ഫെയിം), കൊളം‌മ്പ്യൻ ഗാങ്ങിനു 20 മില്യൻ ഡോളർ കൊടുക്കാനില്ലാതെ വിഷമിക്കുന്ന ടർക്കിയിലെ ഒരു കാസിനോ മുതലാളി (അഭിഷേക് ബച്ചൻ) - ഇവരെ നാലു പേരേയും ഗ്രീസിലെ ഒരു ഐലന്റിലേക്ക് വിളിക്കുന്നു ഒരു മൾട്ടീ ബില്യനേയർ ആയ ഒരു ഇന്ത്യാക്കാരൻ (അനുപം ഖേർ).

അവിടെ വച്ച് ഇവർക്കെതിരെ ശക്തമായ ആരോപണങ്ങൾ ആ വ്യവസായി ഉന്നയിക്കുന്നു - അവരെ ഇന്റർണാഷണൽ വിജിലൻസിനു പിറ്റേ ദിവസം കൈമാറുമെന്നു അറിയിക്കുന്നു - അങ്ങേരുടെ മകളെ പല ഘട്ടങ്ങളിലും ദ്രോഹിച്ചവർ ആണവർ .. എന്നാൽ പിറ്റേ ദിവസം രാവിലെ ആ വ്യവസായി വെടിയേറ്റ് മരിക്കുന്നു, ഒരാത്മഹത്യ. -  അവിടുന്നു ആ ഗെയിം തുടങ്ങുന്നു.

വെർഡിക്ട് : നല്ല സ്റ്റെയിലൻ പടം - ആദ്യ ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല. നല്ല ലൊക്കേഷനുകൾ, നല്ല എഡിറ്റിങ്ങ്, നല്ല ബി.ജി, നല്ല സസ്പെൻസ്... പക്ഷെ ആദ്യ മണിക്കൂറിനു ശേഷം കഥ ഒരു കുറ്റിയേൽ ചുറ്റിക്കറങ്ങുകയാണു - സസ്പെൻസ് ഒക്കെയുണ്ടെങ്കിലും ഊഹനീയം ആണു. ( എന്തോ - എനിക്ക് മിക്ക സസ്പെൻസ് സിനിമകളുടേയും സസ്പെൻസ് ആദ്യമേ തന്നെ പിടി കിട്ടും - ഇതോരു രോഗമാണോ ഡോക്ടർ?)

കുറച്ചൂടെ കോപ്പ് കരുതിവച്ച് ഈ സിനിമ ചേയ്തിരുന്നെങ്കിൽ, ഇതോരു ഉഗ്രൻ സിനിമ ആയേനേ. കാതൽ നഷ്ടപ്പെടുന്നതായി തോന്നി, ആദ്യ മണിക്കൂറിനു ശേഷം.  ഫർഹാൻ അക്തറിനെ പോലുള്ള സിനിമാക്കാരൻ നിർമ്മാതാവ് ആയിട്ടും ഇങ്ങനെ സംഭവിക്കുന്നതു - ശരിക്കും അത്ഭുതകരം ആണു. പാട്ടുകളും കൊള്ളാം - കോ എന്ന പടത്തിലെ പോലെ ചുമ്മാ വിളിക്കാതെ വന്നു ശല്യപ്പെടുത്തി പോവുന്ന രീതിയിലല്ല പാട്ടുകൾ ഇതിൽ - അത്രേം സമാധാനം!.

സസ്പെൻസ് കണ്ടു പിടിക്കുന്നതോ - അതു കോപ്പിയടിയാണു. എവിടേയോ കണ്ടിട്ടുണ്ട്/വായിച്ചിട്ടുണ്ട് ഈ രീതിയിലെ കുറ്റകൃത്യം - ഷെർലോക്ക് ഹോംസിൽ ആണോ? പക്ഷെ, കണ്ടിരിക്കാവുന്ന, ഒരു ഡീസന്റ് സിനിമ തന്നെ ആണിത് - ഭാഷ മ്യൂട്ട് ആക്കിയാൽ പലയിടങ്ങളിലും ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഉണ്ടിതിൽ..

ജൂനിയർ ബച്ചൻ കിടിലൻ. അനുപം ഖേർ കൊള്ളാം, ബോമൻ ഇറാനി, ജിമ്മി ഷെർഗിൽ - ഈ ടാലന്റ്സിനെ സംവിധായകൻ വേസ്റ്റാക്കി. ഇന്റർനാഷണൽ വിജിലൻസ് സ്ക്വോഡിലെ ഇൻസ്പെക്ടർ ആയിട്ട് കങ്കണാ റൗണത്ത് ആണു വരുന്നതു - ഈ സിനിമയിൽ ആണു ഇവളുടെ ഏറ്റവും മോശം പ്രകടനം - ചേയ്യാനൊന്നുമില്ല, ചുമ്മാ ഇല്ലാത്ത ചന്തീം ഇളക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയല്ലാതെ !

ഒറ്റ വാചകത്തിൽ : ഒരു കാഴ്ചക്ക് ധാരാളം വകയുണ്ട്, ‘ഡോണ്ട് മിസ്സ്‘ കാറ്റഗറിയിൽ പെടില്ലായെങ്കിലും, മിസ്സ് ആക്കേണ്ട. ഒരു നല്ല ശ്രമം തന്നെയാണിതു.

വാൽക്കഷ്ണം :എവിടെയോ വായിച്ചു, ഈ സിനിമ ബോൺ ഐഡന്റിറ്റി ടൈപ്പ് സിനിമ ആണെന്നു - ഈ സിനിമ ഇനി ഒരു പത്ത് ജന്മം കൂടെ ജനിക്കണം അതിന്റെ അടുക്കെയെത്താൻ!.


Friday, June 24, 2011

Ko - കോ (6.5/10)


പ്ലോട്ട് : ഒരു പ്രസ്സ് ഫോട്ടോഗ്രാഫർ - ജീവ അഭിനയിക്കുന്നു. കൂടെ ഒരു സാധാരണ എഞ്ചിനിയർ (അജ്മൽ), സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു ജനങ്ങളെ സഹായിക്കാൻ ശ്രമിക്കുന്നു ആ എഞ്ചിനിയർ. അതിനായി അടുത്ത തിരഞ്ഞെടുപ്പിൽ നിൽക്കുന്നു അദ്ദേഹം - കൂടെ പത്രങ്ങളുടേയും സാധാരണ ജനങ്ങളുടേയും, സമാന ചിന്താഗതിക്കാരുടെയും സഹായവും പിന്തുണയും. ആ സമരവും, അതിനെ എതിർക്കുന്ന രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനങ്ങളും,  അതിലേക്ക് ട്വിസ്റ്റുകൾ, ത്രില്ലിങ്ങ് ആക്ഷനുകൾ, ഒക്കെ ചേരുമ്പോൾ ഈ സിനിമയാവും.

വെർഡിക്ട് : വളരേ നല്ല സിനിമ എന്ന ഗ്രേഡ് സുഖമായി വാങ്ങിച്ചെടുക്കാമായിരുന്ന ഒരു പ്രൊജക്ട് - നല്ല കിടീലൻ കഥ, നല്ല സസ്പെൻസ്, നല്ല കാസ്റ്റിങ്ങ്, നല്ല പ്രസന്റേഷൻ, തിരക്കഥ. പക്ഷെ സിനിമ കച്ചവടവത്കരിക്കാൻ ശ്രമിച്ച്, അനാവശ്യമായി കൊറേ പാട്ടുകൾ കുത്തിനിറച്ച് ( നല്ല പാട്ടുകൾ - പക്ഷെ വേണ്ടാത്തിടത്ത് ആണു എല്ലാം), കൊറേ കത്തി സീനുകൾ കുത്തി നിറച്ച് അലമ്പാക്കിയിരിക്കുന്നു സിനിമ. എന്തിനു ഇത്രേം കാശ് മുടക്കണം, ഈ പാട്ടിനും കത്തിക്കും ഒക്കെ? ഒരു ഫോട്ടോഗ്രാഫർ ബൈക്കിൽ ഒറ്റ ചക്രത്തിൽ ഓട്ടിച്ച് കൊണ്ട് പടമെടുത്താൽ വല്ലതും പതിയുമോ? എന്തിനു ഈ കസർത്ത്? അങ്ങനെ ചേയ്താലേ നായകനാവൂ? ‘ഞാൻ മഹാനല്ല‘ എന്ന സിനിമയിൽ വില്ലന്മാരുടെ ഇടി കൊണ്ട് തൂറുന്ന നായകൻ വിജയിച്ചില്ലേ?


കഥ വളരേ വരിഞ്ഞ് മുറുകി ടെൻഷനിൽ ആയി വരുമ്പോൾ ആവും ഒരു പാട്ട് വരുന്നതു - അതിനായി ഇടക്കിടക്ക് നായിക ടെൻഷനാവും, നായകൻ സമാധാനിപ്പിക്കാൻ ചെല്ലും! - സിനിമയിൽ  പാട്ടുകൾക്ക് ടാക്സ് വൈക്കാൻ സമയമായി!.

റിയലിസ്റ്റിക്ക് ആയിട്ട് ഈ സിനിമ എടുത്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ച് പോയി, അത്രെക്ക് നല്ല സിനിമ - പാട്ടും കത്തിയും ഇല്ലാതെ ഒരു ഡയറക്ടേഴ്സ് കട്ട് വേഴ്ഷൻ ഈ സിനിമക്ക്  ഇറങ്ങിയാൽ ഞാൻ  ആദ്യ ദിവസം തന്നെ ആ സിനിമ കാണാൻക്യൂവിൽ നിൽക്കുന്നുണ്ടാവും.. അങ്ങനെ ഒരു വേഴ്ഷൻ വന്നാൽ അതാവും തമിഴ് സിനിമയിലെ ഈക്കൊല്ലത്തെ കിങ്ങ്.!

ഒറ്റ വാചകത്തിൽ : നല്ല കഥ, സിനിമ, ആക്ടിങ്ങ്, പാട്ടുകൾ കുളം കലക്കി.

വാൽക്കഷ്ണം : ഈ സംവിധായകൻ തന്റെ കരിയർ ആരംഭിച്ചതു ഒരു ഫോട്ടോ ജേർണലിസ്റ്റ് ആയിട്ടായിരുന്നു - അതാവണം ഈ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രഫിയുടെ ടെക്ക്നിക്കൽ സംഭവങ്ങൾ ഒക്കെ ഉൾപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞത്.  ഇരുട്ടത്ത് ഫോട്ടോ എടുക്കാൻ നേരം നായകൻ കാമറയുടെ  ISO അഡ്ജസ്റ്റ് ചേയ്യുന്നതു ഞാൻ ആദ്യായിട്ടാണു ഒരു സിനിമയിൽ കാണുന്നതു - അതോരു നല്ല കാര്യമായി.

ഇദ്ദേഹത്തിന്റെ ആദ്യ പടം കണ്ടിട്ടുണ്ടോ - കനാ കണ്ടേൻ? അതു കിടിലൻ പടമാട്ടോ, അതിൽ നമ്മടെ പ്രിത്വിരാജ് കലക്കീട്ടോണ്ട്!

ഇതിലെ നായിക പെണ്ണ് : എന്റമ്മോ മരത്തിൽ കൊത്തിയ ഒരു മുഖത്തിൽ ഇതിലും വികാരം വരും - ഇതൊരുവിധം..! എന്റമ്മോ!


Monday, June 20, 2011

Chalo Dilli - ചലോ ദില്ലി (5.75/10)


Chalo Dilli/Hindi/2011/Drama/IMDB/ (5.75/10)പ്ലോട്ട് : നായിക (ലാറാ ദത്ത): ഒരു മൾട്ടി നാഷണൽ ഇൻ‌വെസ്റ്റ്മെന്റ് ബാങ്ക് ഹെഡ്, ചിരിക്കാൻ പോലും മടിക്കുന്ന, ഓഫീസിനെ വരച്ച വരയിൽ നിർത്തുന്ന, വിദേശ ബോട്ടിൽഡ് വാട്ടർ മാത്രം കുടിക്കുന്ന, ഒരു സീരിയസ് പ്രൊഫഷണൽ, ഒരു hygiene freak.  നായകൻ (വിനയ് പാഥക്ക്) : ദില്ലിയിൽ ഒരു ചെറു തുണിക്കട നടത്തുന്ന, നായികയുടെ സ്വഭാവത്തിനു നേരേ വിപരീതമായിട്ടുള്ള പെരുമാറ്റമുള്ള ഒരാൾ - സഹല ഫുഡും കഴിക്കും, വായിൽ എപ്പോഴും മുറുക്കാൻ, ആരുമായും ചേർന്നു പോവും. ഇവർ ഒരു വിമാനത്തിൽ മുംബൈയിൽ നിന്നും ദില്ലിയിലേക്ക് സഞ്ചരിക്കുമ്പോൾ കണ്ടു മുട്ടുകയാണു.   മുംബൈയിൽ നിന്നും ദില്ലിയിലേക്കുള്ള വിമാനം എന്തോ കാര്യത്തിനു ജയ്പ്പൂർ വരെയാക്കി, യാത്രക്കാരെ ജയ്പ്പൂരിൽ ഇറക്കി വിടൂന്നു, പിന്നെ വിപരീത സ്വഭാവഗുണങ്ങളുള്ള ഇവരുടെ യാത്ര ഒരുമിച്ചാണു. ആ യാത്രയാണു ഈ സിനിമ.


വെർഡിക്ട് : തുടക്കം കൊള്ളാം, അതു കൂടുതൽ പ്രതീക്ഷ നൽകി വീണ്ടൂം മെച്ചപ്പെടുന്നു, നടുക്കെത്തും മുന്നേയും മദ്ധ്യഭാഗം കഴിഞ്ഞ് സിനിമയുടെ കെട്ട് അഴിയുന്നു, ബോറാവുന്നു, അവസാനം കൊണ്ടേ കലവും ഉടച്ചിട്ടുണ്ട്, സൃഷ്ടാക്കൾ. : ‘ദസ്‌വിതാനിയ’ എന്ന ഹിന്ദി പടത്തിന്റെ സംവിധായകൻ ആണു ഇതും ചേയ്തിരിക്കുന്നതു. എനിക്ക് വളരേ ഇഷ്ടപ്പെട്ട സിനിമ ആയിരുന്നു അതു, അതാക്കാൻ ശ്രമിച്ചതാവണം ഈ സിനിമയിൽ സംവിധായകനു പ്രശ്നം ആയതു. അതു പോലുള്ള ഒരു അവസാനിപ്പിക്കൽ ആവണം അങ്ങാരു മനസ്സിൽ വിചാരിച്ചതു, പക്ഷെ, വളച്ച് വച്ചതും ഇല്ല, കൈയ്യിൽ ഇരുന്നതും പോയി എന്നു പറഞ്ഞതു പോലായി കാര്യം അവസാനിച്ചപ്പോൾ.

സിനിമയിലെ കഥ വളരേ പ്രഡിക്ടബിൾ ആണു, മിക്കവാറും ഓരോ ട്വിസ്റ്റും ഊഹിക്കാനാവും നമുക്ക് - അതു തന്നെയാവണം സിനിമയുടെ രസച്ചരട് പൊട്ടിക്കുന്നതു. അതുമല്ല, ‘ജബ് വീ മെറ്റ്‘ എന്ന സിനിമയിലും, Mr and Mrs Iyer എന്ന സിനിമയിലും ഒക്കെ കണ്ട തീം, അതിലും നന്നാക്കിയാലേ നമുക്കിഷ്ടപ്പെടൂ, അത്കൊണ്ട് ഈ കഥയെടുത്തതു ശരിക്കും റിസ്ക് ആയ പരിപാടി ആയിരുന്നു.

ഒറ്റ വാചകത്തിൽ : ഒരു തവണ കാണാൻ ആണെങ്കിൽ ഓക്കൈ, കണ്ടിട്ട് മറന്നേക്കുക, അത്രെക്കേ ഉള്ളൂ.


വാൽക്കഷ്ണം : ദസ്‌വിതാനിയ കണ്ടിട്ടില്ലാ, ? കണ്ടോളൂ, ധൈര്യമായിട്ട്.

അക്ഷയ് കുമാർ ഒക്കെ ചുമ്മാ ഗസ്റ്റ് റോളിൽ വന്നു പോവുന്നുണ്ട്, .. പക്ഷെ ഏച്ചു കെട്ടിയാൽ മുഴച്ചല്ലേ ഇരിക്കൂ?


Friday, June 17, 2011

Patiala House - പട്യാലാ ഹൗസ് (5/10)


Patiala House/Hindi/2011/Drama/IMDB/ (5/10)
Rated G  : suitable for General Audience.

പ്ലോട്ട് : ബ്രിട്ടണിലെ ഒരു പഞ്ചാബി കുടുംബം - അവിടത്തുകാരുടെ വർണ്ണവെറിയിൽ ആ കുടുംബനാഥൻ മരണപ്പെടുന്നതോടെ, അദ്ദേഹത്തിന്റെ മകൻ ഇംഗ്ലീഷുകാരെ ഏതു കാര്യത്തിലും എതിർക്കുന്ന, അവർക്കെതിരെ പോരാടുന്ന ഒരാളായി മാറുന്നു - അദ്ദേഹമാണു റിഷീ കപൂർ (സിനിമയിലെ പേരു വലിയ പിടീയില്ല - എല്ലാരുടേം പേരു ഏതാണ്ടൊരുപോലൊക്കെ ഇരിക്കും!).  അദ്ദേഹത്തിന്റെ വാശി കാരണം അദ്ദേഹത്തിന്റെ നല്ലവണ്ണം ക്രിക്കറ്റ് കളിക്കുന്ന മകന്റെ (അക്ഷയ് കുമാർ) ഭാവി തന്നെ തകരുന്നു - അക്ഷയ് കുമാർ ഒരു സാദാ ഡിപ്പാർട്ട്മെന്റ് സ്റ്റോഴ്സ് നടത്തുന്ന ഒരു സാദാ സിക്കുകാരൻ ആയിട്ട് മാറുന്നു. അതു പോലെ ആ വീട്ടിലെ എല്ലാരും അവരുടെ സ്വപ്നങ്ങൾ മറന്നു റിഷിക്കപ്പൂർ പറയുന്നതു പോലെ ജിലേബി ഉണ്ടാക്കിയും ഭജന പാടിയും ടാക്സി ഓടിച്ചും  ഒക്കെ കഴിയുകയാണു അവിടെ.

പിന്നേയും വളരേക്കാലം കഴിഞ്ഞ്, അക്ഷയ്കുമാറിനു തന്റെ സ്വപ്നം - രാജ്യത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കുക എന്ന സ്വപ്നം - സാക്ഷാത്കരിക്കാൻ ഒരു അവസരം വരുന്നതും, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങളും ഒക്കെയാണു ഈ സിനിമ.

വെർഡിക്ട്: കഥ കച്ചറ. സ്വബോധമുള്ളവനു ഒരിക്കലും വിരസത കൺ‌ട്രോൾ ചേയ്യാൻ ആവാത്തത്ര വിരസമായ കഥ. ബാക്ക്ഗ്രൗണ്ട് സ്കോർ എല്ലാ പഞ്ചാബീ സിനിമകളിലേയും പോലെ “ബല്ലേ ബല്ലേ”യും മറ്റേ പെരുമ്പറ കൊട്ടലും.
പക്ഷെ, പടം നന്നായിട്ടെടുത്തിരിക്കുന്നു. അതിനെക്കാൾ മെച്ചമായി അക്ഷയ്കുമാറും മറ്റും അഭിനയിച്ചിരിക്കുന്നു. കാസ്റ്റിങ്ങും കൊള്ളാം - ഇപ്പോൾ പ്രായമായ നായകന്റേയും നായകന്റെ അച്ഛന്റേയും പണ്ടത്തെ റോളുകൾ വേറേ ആളുകളെ വച്ച് ചേയ്തിരിക്കുന്നതും ഇഷ്ടായി - അക്ഷയ് കുമാറിനേയും റിഷിക്കപ്പൂറിനേയും ഒക്കെ രണ്ടിഞ്ച് കനത്തിൽ വാൾപുട്ടി പൂശി പ്രായം കുറച്ചും വേണമെങ്കിൽ അഭിനയിപ്പിക്കാമായിരുന്നു, അതു ചേയ്തില്ല, ടാങ്ക്സ് സംവിധായകാ, ടാങ്ക്സ്.


അക്ഷയ് കുമാർ : സകല സ്വപ്നങ്ങളും നശിച്ച്, സ്വന്തം അച്ഛനു വേണ്ടി സ്വന്തം ജീവിതം അഴുക്ക്ചാലിലേക്ക് ഒലിച്ച് പോവുന്നതു നോക്കി നിക്കേണ്ടി വരുന്ന ഒരാളുടെ നിർവ്വികാരമായ ഭാവം - അതു അക്ഷയ് ഉഗ്രനായിട്ട് അവതരിപ്പിച്ചിരിക്കുന്നു. നല്ല കടൂകട്ടി ഡയലോഗുകൾ വരുമ്പോൾ വേണമെങ്കിൽ അക്ഷയിനു സുരേഷ് ഗോപി സ്റ്റയ്‌ലിൽ അതൊക്കെ പൂശാമായിരുന്നു - പക്ഷെ ചേയ്തില്ല. അതാണു നല്ല അഭിനയം, നല്ല സംവിധാനം.


ഒറ്റ വാചകത്തിൽ : കച്ചറ കഥ, ഡയലോഗുകൾ ഓവർ ഡോസ്, പാട്ടുകൾ ആവറേജ്, ബല്ലേ ബല്ലേ അൺ സഹിക്കബിൾ,  അഭിനയം ഉഗ്രൻ ...  കണ്ടിരിക്കാവുന്ന പടം.


വാൽക്കഷ്ണം : എനിക്ക് ചില കാര്യങ്ങൾ ഒട്ടും മനസ്സിലായില്ല - തന്തപ്പടി സിംഗിനു ഇത്ര ദേഷ്യം ആണു ഇംഗ്ലീഷുകാരേയും, അവരുടെ സംസ്കാരത്തേയും ഒക്കേയെങ്കിൽ എന്തു കൊണ്ട് അങ്ങാരു ബ്രിട്ടണിൽ തന്നെ കെട്ടിക്കിടക്കുന്നു? നാട്ടിലേക്ക് പോന്നൂടെ അങ്ങേർക്ക്? അങ്ങനെ പോന്നാലെങ്ങനെ സിനിമ നടക്കും അല്ലേ? :)

ആ വീട്ടിലെ ഒറ്റണ്ണത്തിനു നട്ടെല്ലില്ല-  എന്നാൽ സംവിധായകൻ പറയുന്നതു അക്ഷയ്കുമാർ “പറ്റില്ല” എന്നു പറയാഞ്ഞിട്ടാണു എല്ലാരും അവിടെ ഈ ഗതിയിൽ ആയിരിക്കുന്നതെന്നാണു. ഭയങ്കര ഔട്ട് സ്പോക്കൺ എന്നൊക്കെ കാട്ടുന്ന ഒരു കുടുംബാംഗവും ഉണ്ടവിടെ, അവനൊക്കെ എന്തേ റിഷിക്കപ്പൂറിനടൂത്ത് “ഒന്നു പോടാപ്പനേ” എന്നു വാ തുറന്നു പറയുന്നില്ല?  അപ്പോ എങ്ങനെ നായകൻ സൂപ്പറാവും അല്ലേ? :)

ഡിമ്പിൾ കപാഡിയ ഒക്കെ ഭയങ്കര കിഴവി ആയിരിക്കുന്നു - സുകുമാരിയെക്കാൾ പ്രായം തോന്നിക്കും ഇപ്പോ അവരെ കണ്ടാൽ! - എങ്ങനിരുന്നതാ അവരു - ഹോ - പണ്ട് ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ഫിലിം ഫേയറിൽ ഗോദ്‌റേജിന്റെ ഒരു കോണ്ടസ്റ്റ് വന്നു - എന്തോ പൂരിപ്പിച്ച് അയച്ചാൽ ഡിമ്പിളിനോടൊപ്പം ഒരു സായാഹ്നം!.. എനിക്ക് അതു കിട്ടിയെന്നു എത്ര രാത്രികളിൽ ആണു ഞാൻ സ്വപ്നം കണ്ടിട്ടുള്ളതു!. .. ഇപ്പോ അവരെ കാണുമ്പോൾ, .. ഭയാനകം! എല്ലാരുടേയും കാര്യം ഇത്രക്കേ ഉള്ളൂ!


Monday, June 13, 2011

Dum Maro Dum - ദം മാരോ ദം (6.5/10)


Dum Maro Dum/Hindi/2011/Action-Thriller/IMDB/ (6.5/10)
Rated R  for violence, drug content and some language

Tagline: Liquor is cheap here and women are even cheaper here 

പ്ലോട്ട് : ഒരു അഴിമതിക്കാരനായ ഓഫീസർ ആയ ACP കാമത്തിനെ (അഭിഷേക് ബച്ചൻ)  രോഗശയ്യയിൽ ആയ മുഖ്യമന്ത്രി മുൻ‌കൈ എടുത്ത് ഗോവയിലെ മയക്ക് മരുന്നു മാഫിയകളെ ഒതുക്കാൻ നിയോഗിക്കുന്നു.  അദ്ദേഹം ഒരു കറപ്റ്റഡ് അല്ലാത്ത ടീമിനെ തിരഞ്ഞെടുക്കുന്നു, തന്റെ ആക്ഷൻ ആരംഭിക്കുന്നു. പതുക്കെ പതുക്കെ, അദ്ദേഹത്തിനോടൊപ്പം, മയക്ക്മരുന്നു മാഫിയയുടെ ക്രൂരതകൾക്കിരയായ ഒരു ചെറു സംഘവും കൂടെ ചേരുന്നു - ശേഷം ചിന്ത്യം.

വെർഡിക്ട് : നല്ല തുടക്കം, നല്ല ബിൽഡ് അപ്പ്, നല്ല ആക്ടിങ്ങ്, നല്ല കാസ്റ്റിങ്ങ്, തരക്കേടില്ലാത്ത പാട്ടുകൾ, .. പക്ഷെ ഇടക്ക് ഇഴച്ചിൽ നന്നായിട്ടുണ്ട്, ക്ലൈമാക്സ് ആണെങ്കിൽ ഒരു പരിധിവരെ ഊഹിക്കാനും സാധിക്കുന്നുണ്ട് - അതൊഴിവാക്കാൻ ആണേന്നു തോന്നുന്നു, ഒരിക്കലും വേണ്ടാത്ത രീതിയിൽ, ആരും തന്നെ ധൈര്യപ്പെടാത്ത രീതിയിൽ, വളരേ മോശായിട്ട് കൊണ്ടെ സിനിമ അവസാനിപ്പിച്ചിരിക്കുന്നതു.

ഇത്രേം പറഞ്ഞത്, സിനിമയുടെ എഴുത്ത്/എടുപ്പ് വശം -  സിനിമയുടെ ടെക്ക്നിക്കൽ വശം പറഞ്ഞാൽ, ഉഗ്രൻ എന്ന വാക്ക് പോരാതെ വരും വർണ്ണിക്കാൻ. സിനിമയുടെ ടേണിങ്ങ് പോയിന്റ് എന്നു വേണമെങ്കിൽ പറയാവുന്ന (എന്റെ ഊഹം ശരിയെന്നു ഉറപ്പിച്ച മുഹൂർത്തം)   ഒരു ഷൂട്ടൗട്ട് ഉണ്ട് - രാത്രിയിൽ ഒരു നൈറ്റ് മാർക്കറ്റിലെ ഒരു സംഭവം. അത് നടത്തുന്നവരെ കാണിക്കുന്ന രീതി - ശരിക്കും ഇന്റർനാഷണൽ സ്റ്റൈയിൽ!. എനിക്കിഷ്ടായി. അതു ഒരു സീൻ മാത്രം - അതല്ലാതെ സിനിമ മൊത്തം സിനിമാറ്റോഗ്രാഫറും എഡിറ്ററും മറ്റു ടെക്ക്നിക്കൽ ക്രൂവും ഭരിക്കുകയാണു. :) .. പക്ഷെ, ഇവർക്കൊന്നും സിനിമ മുറുക്കിയെടുക്കാൻ കഴിഞ്ഞില്ല എന്നതു ഒരു പരാജയം തന്നെയാണു.

ആക്ടേഴേസ് : ഐഡിയ മൊബൈലിന്റെ പരസ്യങ്ങൾ എനിക്ക് വളരേ അധികം ഇഷ്ടം ആണു- അതിനു, അതിലെ ജൂനിയർ ബച്ചന്റെ അനായാസമായുള്ള അഭിനയം ഒരു കാരണം ആണു. അഭിഷേക് ബച്ചൻ ഉഗ്രനായിട്ടുണ്ട് ഇതിലും. ‘ ജാനേ തൂ യാ ജാനേ നാ‘ യിൽ വന്നു ഉഗ്രനാക്കിപ്പോയ രാജ് ബബ്ബാറിന്റെ മകനും നന്നാക്കിയിട്ടുണ്ട് - എല്ലാരും തന്നെ ഉഗ്രനായി അഭിനയിച്ചിട്ടുണ്ട് . ലവനു കൂടുതൽ പടങ്ങൾ ആരും കൊടുക്കാത്തതോ, അവൻ വരുന്ന ഓഫറുകൾ ഒഴിവാക്കുന്നതോ? വിദ്യാ ബാ‍ലൻ ഒക്കെ ചുമ്മാ വന്നു പോവുന്നുണ്ട് - ഗസ്റ്റ് അപ്പിയറൻസ് ആയിട്ട്.

ഒറ്റ വാചകത്തിൽ : ഇടക്ക് ഇഴച്ചിലുണ്ടെങ്കിലും, കണ്ടിരിക്കാ‍വുന്ന ഒരു സിനിമ.

വാൽക്കഷ്ണം :  ദീപികാ പദുകോൺ വന്നു അവളുടെ 26 ഇഞ്ച് വയറു കാണിച്ചോണ്ടൊരു ഐറ്റം നമ്പറും ഇറക്കിയിട്ടുണ്ട് - അവളാണു ഈ സിനിമയുടെ പോസ്റ്ററുകളിൽ കൂടുതലും വന്നതു. ഹോ .. എന്നാ വയറാ അവളുടേ .. ഇത്രേം 'ദൂരം' ഉണ്ടോ എല്ലാരുടേം വയറിനു !!! 26 ഇഞ്ച് !!! :-o

ഈ സിനിമ വിൽക്കാൻ ഉണ്ടാക്കിയ റ്റാഗ് ലൈൻ കണ്ടല്ലോ - അതു വമ്പൻ പ്രശ്നങ്ങൾ ഉണ്ടാക്കി, കേസുകൾ പലതു ഫയൽ ചേയ്യപ്പെട്ടു - പക്ഷെ അതൊക്കെയും നിർമ്മാതാക്കളുടെ ലാഭം കൂട്ടാനേ ഉപകരിച്ചൊള്ളൂ..

ഈ സംവിധായകന്റെ രണ്ടാമത്തെ പടമാണു ഞാൻ കാണുന്നതു - ആദ്യത്തേത് ബ്ലഫ് മാസ്റ്റർ. ആ സിനിമയിൽ ആയിരുന്നു എനിക്ക് അഭിഷേകിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതു. പക്ഷെ ആ സിനിമ ഒരു സൂപ്പർ ഹിറ്റ് ഹോളീവുഡ് സിനിമയിൽ നിന്നും അടിച്ച് മാറ്റിയതായിരുന്നു - ആ സിനിമ പിന്നെ മലയാളികൾ വീണ്ടും അടിച്ച് മാറ്റി!