Wednesday, February 4, 2009

നായരു പിടിച്ച ബ്ലോഗുവാല്‍

ചൊവ്വാഴ്ച ദിവസം അല്ലേലും എനിക്ക് അത്ര പോര. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന സുന്ദരിക്ക് മറ്റൊരു സുന്ദരന്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞത് ഒരു ചൊവ്വാഴ്ച ആയിരുന്നു. അപ്പത്തില്‍ ഇടാനുള്ള സോഡാപ്പൊടിക്കു പകരം കാരം വാരി ഞാന്‍ ഇട്ടതും മറ്റൊരു ചൊവ്വാഴ്ച ആയിരുന്നു .. അതേ അപ്പം എന്നെ ഇരുത്തി അമ്മ മൊത്തം തീറ്റിച്ചതും അതേ ചൊവ്വാഴ്ച ആയിരുന്നു .. അത് പോലെ, അന്നും ഒരു ചൊവ്വാഴ്ച ആയിരുന്നു ..

ഉച്ചക്ക് ഊണിനു വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് അച്ഛന്റെ കൂരംമ്പുകളെ പോലുള്ള സംശയങ്ങള്‍ ആയിരുന്നു. ആരാടാ ഈ കുമ്പസാരി (കണ്‍്ഫസ്സര്‍്) ? നിനക്കും അവളും ആയിട്ട് എന്തേലും പരിചയം ഉണ്ടോ? നിന്റെ ചാറ്റിങ്ങില്‍ ലവളും വരാറുണ്ടോ? എന്തോന്നാ ഈ ബ്ലോഗ്? കുമ്പസാരിയുടെ ബ്ലോഗിലെ ലവന്മ്മാരും നിനക്കും തമ്മില്‍ എന്തേലും സാമ്യം?

... എന്റമ്മോ ..

ചോദ്യങ്ങള്‍ ഒരു വിധം തീര്‍ത്തു, നല്ല കുത്തരി ചോറില്‍ അയലക്കറിയുടെ ചാര്‍ ഒഴിച്ച്, പപ്പടവും കൂടെ വേണേല്‍ ഒരിച്ചിരി തൈരും കൂടി ചേര്‍ത്ത് കുഴച്ച് പായസപരുവത്തില്‍ ആക്കി രസിച്ചു ഉണ്ണാന്‍ ചെന്നിരുന്ന എനിക്ക് ഊണിനു മീങ്കറിക്ക് പകരം അമ്മ ഒഴിച്ച് തന്നത് ആ മാധവന്റെ അധികപ്രസംഗത്തെ പറ്റി ഉള്ള മറ്റു കഥകള്‍ ആയിരുന്നു. അവള്‍ ഇങ്ങനെയാണത്രേ .. അങ്ങനെയാണത്രേ ..

ഈശ്വരാ .. അതിന് ഞാന്‍ എന്ത് ചെയ്തു!! ഇനിയും ചോദ്യങ്ങളോ? ഞാന്‍ ഇന്നു ക്ഷീണിക്കും!

ഞാന്‍ അവരുടെ ആരോപണങ്ങളെ നിര്‍ദ്ദയം തള്ളിക്കളഞ്ഞു. അത് ഇന്റര്‍നെറ്റ് എന്ന തങ്കപ്പെട്ട മാധ്യമത്തെ മനപ്പൂര്‍്വ്വം കരിവാരി തേക്കാനുള്ള മുതലാളിത്വ പത്രങ്ങളുടെ തികച്ചും രാഷ്ട്രീയ പ്രേരിതമായ ഗൂഢനീക്കം ആണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി വന്നപ്പോഴേക്കും ഇനി ഉണ്ണാന്‍ ആവാത്ത വിധം കൈ ഉണങ്ങിയിരുന്നു .. എന്റമ്മേ .. കൈ ഉണങ്ങിയാല്‍ പെണ്ണുകെട്ടാന്‍ താമസിക്കുമെന്നാ കാര്‍്ന്നോന്മാരു പറയ്യുന്നെ ..!

ഊണോ പോയ്യി, ഒരു കാപ്പി കുടിച്ചു ആപ്പീസിലേക്കു നീങ്ങാം എന്ന് കരുതി അമ്മയുടെ അടുക്കേല്‍ ഒരു കാപ്പിക്കുള്ള നിവേദനവും കൊടുത്തു സോഫയില്‍ ചെന്നു ഇരുന്ന എന്നെ തേടി പുലിവാല് എത്തിയത് പെട്ടന്നായിരുന്നു .. "എടാ .. നിനക്കും ബ്ലോഗ് ഉണ്ടോ?" - അച്ഛന്‍!

"പിന്നില്ലേ .... എന്റെ ബ്ലോഗില്‍ മിനിങ്ങാന്ന് വന്നു കയറിയത് 32 പേരാ .. അറിയ്യോ?" എന്ന് പറഞ്ഞാല്‍ ഒരാഴ്ചത്തേക്ക് മീന്‍കറി എന്നല്ല മീന്‍ കഴുകിയ വെള്ളം പോലും കിട്ടില്ല എന്ന് ഉറപ്പായിരുന്നത് കൊണ്ടും, ബാലന്‍ ചേട്ടന്റെ ചായക്കടെന്നു ഉഴുന്നു വടയും ചായയും കഴിക്കാന്‍ മിനിമം നമ്പര്‍ പല്ലെങ്കിലും വേണം എന്ന് നന്നായി അറിയാവുന്നത് കൊണ്ടും, "യ്യേ ... ബ്ലോഗ്ഗോ ... അയ്യേ .. ഛേ ഛേ .. എന്റെ അച്ഛാ, കുടുംബത്തില്‍ പിറന്ന ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഈ ബ്ലോഗ് എഴുത്ത് എന്ന വഷളത്തരം? ഡെയിലി ഞാന്‍ അപ്പി ഇട്ടു എന്നും, അപ്പി മര്യാദക്ക് പോയില്ല എന്നും ഒക്കെ എഴുതാന്‍, നമുക്കൊക്കെ ഒരു സ്റ്റാറ്റസ് ഇല്ലേ അച്ഛാ? അഭിമാനം പണയം വച്ചോണ്ടുള്ള ഒരു പരിപാടിക്കും നമ്മളില്ല .. ഛെ .. ഛെ .. അച്ഛന്‍ എന്നോട് ഇങ്ങനെ ചോദിച്ചത് തന്നെ തെറ്റായിപ്പോയി" എന്നും പറഞ്ഞു കാപ്പി ക്യാന്‍സല്‍ ചെയ്തു ഞാന്‍ എന്റെ വണ്ടിയുടെ കീ എടുത്തു എലിപ്പെട്ടിയില്‍ നിന്നും രക്ഷപ്പെട്ട എലിയെപ്പോലെ ചാടി പുറത്തേക്കിറങ്ങി .. ... എസ്കേപ്പ് ബോയ്, എസ്കപ്പ്‌ .. ഇന്നു ചോവ്വാഴ്ചയാ ..


2 comments:

  1. അല്ലെങ്കിലും ചൊവ്വാഴ്ച ഒന്നിനും കൊള്ളാത്ത ദിവസമാ.:)

    ReplyDelete
  2. ചൊവ്വാഴ്ച ചികിത്സക്കു നല്ല ദിവസമാണെന്നാണ് ജ്യൊത്സ്യന്മാര് പറയുന്നത്!! അതുകൊണ്ട് തടി കേടായാലും പെടിക്കണ്ട. :P

    ReplyDelete