Thursday, January 29, 2009

MSI യുടെ ഹൃദയമുരളികക്ക് എന്റെ എല്ലാ ഭാവുകങ്ങളും ..

ആദ്യം ഞാന്‍ M.S.I (www.malayalasangeetham.info) എന്ന ടീമിനെ പരിചയപ്പെടുത്താം. ഒരു കൂട്ടം സംഗീത സ്നേഹികള്‍ .. അതില്‍ ഒരാളുടെ പേര്‍സണല്‍ ഹോബി ആയിട്ട് തുടങ്ങിയ സംഗീത ഡാറ്റ കളക്ഷന്‍, അത് വളര്‍ന്നു പന്തലിച്ചു മലയാളത്തിലെ തന്നെ ഏറ്റവും വലിയ സംഗീത ഡാറ്റാബേസ് ആയി എത്തി നില്‍ക്കുന്നു. ഞാന്‍ അതിന്റെ ഭാഗം അല്ല എങ്കിലും, അവരുടെ ഡെഡിക്കേഷന്‍, അവരുടെ ജ്ഞാനം, അവരുടെ പരിശ്രമം ഒക്കെ വളരെ അധികം ആരാധിക്കുന്ന ഒരാള്‍ ആണ്.

അവരുടെ പുതിയ ഉദ്യമത്തെ പറ്റി അവര്‍ തന്നെ പറയുന്നതു ഞാന്‍ ഇവിടെ താഴെ കോപ്പി-പേസ്റ്റ് ചെയ്യുന്നു.

---

മലയാളസംഗീതം.ഇന്‍ഫോ എന്നത്‌ ഇന്റര്‍നെറ്റില്‍ ഇന്ന് മലയാളികളുടെ ഇടയില്‍ എറ്റവും പ്രധാനപ്പെട്ട സംഗീത വെബ്‌സൈറ്റുകളില്‍ ഒന്നാണ്‌. ദിവസവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന്‌ മലയാളികള്‍ സന്ദര്‍ശിക്കുന്ന ഈ സൈറ്റില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടാക്കിയിട്ടുള്ള എല്ലാ ഗാനങ്ങളെ കുറിച്ചും വിവരങ്ങള്‍ ലഭിക്കും. വെളിച്ചം കാണാത്തതും മൊഴി മാറ്റം നടത്തിയതുമായുള്ള ചിത്രങ്ങളുള്‍പ്പെടെ നാലായിരത്തില്‍ പരം ചിത്രങ്ങളില്‍ നിന്ന്‌ 16000 ഗാനങ്ങളുടെ സംഗീതം, രചന, ഗായകര്‍, വര്‍ഷങ്ങള്‍, രാഗങ്ങള്‍, വരികള്‍ എന്നുള്ള വിവരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്റ്റിലും ഇവിടെ കാണാന്‍ സാധിക്കും. ഇതിന്‌ പുറമെ, നൂറുകണക്കിന്‌ പാട്ടുപുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള ഗാനങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍, അനുസ്മരണങ്ങള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ MSI-യില്‍ നിന്നും ലഭിക്കുന്നു. ഇന്നു സാധാരണ സംഗീതസ്നേഹികള്‍ മാത്രമല്ല, TV സ്റ്റേഷനുകളും , പുസ്തക്ങ്ങളും മറ്റും പോലും MSI-യെയാണ്‌ ആധികാരികമായ വിവരങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്നത്‌. മലയാള സംഗീത സ്നേഹികള്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ സൈറ്റില്‍ ദിനംപ്രതി പുതിയ വിവരങ്ങള്‍ ചേര്‍ത്തു വരുന്നു. MSI Media-യുടെ ആഭിമുഖ്യത്തില്‍ അജയ്‌ മേനോന്‍ തുടങ്ങിയ MSI-യുടെ പുറകില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എകദേശം 60 മലയാളികള്‍ ഉണ്ട്‌. അമേരിക്കയിലെ കോളറാഡോയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഈ സൈറ്റില്‍ ഇന്നു ഇന്‍ഡ്യ, ഗള്‍ഫ്‌ രാജ്യങ്ങള്‍, യൂറോപ്പ്‌ തുടങ്ങിയ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌

ഹൃദയമുരളിക എന്നതു MSI-യുടെ നല്ല സംഗീതം പ്രോല്‍സാഹിപ്പിക്കനുള്ള ഒരു സംരംഭത്തിലെക്കുള്ള ആദ്യ കാല്‍വെപ്പാണ്‌. ഈ ഓഡിയോ ആല്‍ബത്തില്‍ ശ്രീദേവി പിള്ള രചിച്ച്‌ വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ 8 ഗാനങ്ങളുണ്ട്‌. ആദ്യ ഗാനം പാടിയിരിക്കുന്നത്‌ ഇന്ന് ഭാരതത്തിലെ ഏറ്റവും നല്ല ഗായികയെന്ന് വിശേഷിപ്പിക്കാവുന്ന കെ.എസ്‌.ചിത്രയാണ്‌. അതിനു പുറമെ പ്രഗല്‍ഭ ഗായകരായ ശ്രീവല്‍സന്‍ ജെ മേനോന്‍, രവിശങ്കര്‍, നിഷാദ്‌, രൂപ, അശ്വതി വിജയന്‍ തുടങ്ങിയവരും ഇതിലെ ഗാനങ്ങള്‍ ആലപിചിട്ടുണ്ട്‌. ഗായികയായ രൂപ വയലിനില്‍ വായിച്ച ഒരു ഗാനവും ഈ ആല്‍ബത്തിന്റെ പ്രത്യേകതയാണ്‌.

ഫെബ്രുവരി 8ആം തീയതി മറൈന്‍ ഡ്രൈവിലുള്ള DC ബുക്സിന്റെ അന്താരാഷ്ട്ര പുസ്തകമേളയിലാണ്‌ ഹൃദയമുരളികയുടെ ഔദ്യോഗിക പ്രകാശനം. ഈ ആല്‍ബത്തിന്റെ CD എക്സിബിഷന്‍ പവിലിയണിലെ MSI Music കിയൊസ്കില്‍ നിന്ന് വാങ്ങിക്കാവുന്നതാണ്‌.
http://www.kschitra.info/hridayamuralika/promo.htm

---

അവരുടെ നല്ല സംഗീതത്തിനായുള്ള ശ്രമങ്ങള്‍ക്ക് എന്റെ എല്ലാ ഭാവുകങ്ങളും ..



No comments:

Post a Comment