Thursday, January 22, 2009

ഒരു പാലക്കാടന്‍ ദു:സ്വപ്നം

ഒരു കല്യാണം എന്ന ഫൂഡ്ഡിംഗ് മഹാമഹം കൊഴുപ്പിക്കാന്‍ ആയിരുന്നു, ഞാന്‍ ആ പാലക്കാട് യാത്ര നടത്തിയത്. എനിക്ക് പാലക്കാടെന്നാല്‍, സുന്ദരിമാരായ പട്ടത്തിമാരുടെ നാട് .. പനയുടെയും പനംകള്ളിന്റേയും നാട് .. നല്ല മസാലദോശയുടേയും (സലിംകുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മദാലസ) ചട്ണിയുടേയും സാമ്പാറിന്റെയും നാട് .. എന്നൊക്കെ ആയിരുന്നു. 'ഇതൊരു സംഭവം ആക്കിക്കളയാം' എന്നും കരുതി വെളുപ്പിനെ 6 മണിക്ക് വെറും വയറ്റില്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയ എന്റെ മനസ്സില്‍ കഴിക്കാനിരിക്കുന്ന ചൂടു മദാലസയും, വിവിധ ഭക്ഷ്യ വിഭവങ്ങളും കുളിര്‍്കോരിയിട്ടു.

ചോദിച്ചും, പറഞ്ഞും, പറഞ്ഞും പറയിപ്പിച്ചും ഞങ്ങള്‍ ( എന്ന് വച്ചാല്‍ ഞാനും എന്റെ ഒന്നു രണ്ടു സുഹൃത്തുക്കളും) പാലക്കാടുള്ള ഞങ്ങളുടെ താവളം ആകാന്‍ വിധിക്കപ്പെട്ട ആ കിടുക്കന്‍ ഹോട്ടലില്‍ എത്തി. കിടുക്കന്‍ എന്ന് വച്ചാല്‍്, കൊച്ചിയിലെ ലെ മേറിഡിയന്‍് തോറ്റു പോവ്വും വിധമുള്ള രംഗ സജ്ജീകരണങ്ങള്‍ .. ബാത്ത് റൂമിലെ അപ്പി ഇടണ പാത്രം - അതായത് ബൌള്‍ - ഒക്കെ സീല്‍ ചെയ്തു സാക്ഷ ഇട്ടു വച്ചേക്കുന്ന ടൈപ്പ് സ്റ്റാര്‍ ഹോട്ടല്‍ - വല്ലോരും അപ്പി കട്ടോണ്ട് പോവ്വും എന്ന് കരുതിയാവണം! കൊള്ളാം .. ഹോട്ടല്‍ കണ്ടാല്‍ അറിയ്യാം, ഇവിടത്തെ ഫൂഡ്ഡിന്റെ ടേസ്റ്റ്! ഇന്നു ഒന്നു അര്‍മാദിക്കണം !!

വഴിയില്‍ പലയിടത്തും - പല മുറുക്കാന്‍ കടയിലും തെണ്ടിതിരിഞ്ഞു വഴിയില്‍ കണ്ട കപ്പലണ്ടിയും കടലയും മുറുക്കും അവലോസ്സു‌ണ്ടയും വാങ്ങി കഴിച്ചു അവിടെ എത്തിയപ്പോഴേക്കും വിശന്നു പൊരിഞ്ഞ എന്നെ, ആ റൂമില്‍ കാത്തിരുന്നത് നാലഞ്ചു പേജുള്ള വമ്പന്‍ മെനു ആയിരുന്നു .. ചെന്നിരുന്നാല്‍ ദോശയും ചമ്മന്തിയും മാത്രം കിട്ടുന്ന ബാലന്നായരുടെ കട കണ്ടു ശീലിച്ച നമുക്കു എന്തോന്ന് മെനു? ഇട്ടു വന്ന ഡ്രസ്സ് മാറും മുന്‍പ് ആ മെനു കാണാപ്പാഠം പഠിച്ച ഞാന്‍, വെളുത്ത ഡ്രസ്സ് ഇട്ടു ഞങ്ങളെ റൂമില്‍ കൊണ്ടാക്കി ടിപ്പും വാങ്ങി ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ പോയ ആ വെയ്റ്ററെ ഫോണ്‍ ചെയ്തു. താമസംവിനാ വെയ്റ്റര്‍ ഹാജരായി ..

ആദ്യം ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇരുന്നത് പൊറോട്ട ആയിരുന്നു ... എന്റെ കൂടെ ഒള്ളവര്‍ ഓരോരുത്തര്‍ ആയിട്ട് സ്പെസിഫിക്കേഷന്‍് മാറ്റി ചോറും കറിയും ഓര്‍ഡര്‍ ചെയ്തപ്പോള്‍, പോറോട്ടയെക്കാട്ടിലും അര്‍മാദിക്കാന്‍ പറ്റിയ ഐറ്റം ചോറ് ആണെന്ന് എനിക്ക് തോന്നിയപ്പോള്‍, ചോറാണേല്‍് വെറും ഒരു ഇറച്ചിക്കറി മാത്രം അല്ല പകരം വേറേം ഐറ്റംസ് ട്രൈ ചെയ്യാമെന്നുള്ള സാധ്യതള്‍ മനസ്സില്‍ മിന്നി മറഞ്ഞപ്പോള്‍ , ഞാനും - ഒന്നല്ല പക്ഷെ രണ്ടു പ്ലേറ്റ് - ചോറ് ഓര്‍ഡര്‍ ചെയ്തപ്പോള്‍, ഞാന്‍ മനസ്സാ-വാചാ-കര്‍മ്മണാ അറിഞ്ഞില്ല, ഓര്‍ത്തില്ല, ചിന്തിച്ചില്ല ... .. ആ വെയിറ്റര്‍ എടുത്തു പോയ്യ ഓര്‍ഡര്‍ എന്റെ ക്വട്ടേഷന്‍് ഓര്‍ഡര്‍ ആണെന്ന്!

മൂന്നു പ്ലേറ്റ് നെയ്യ് മീന്‍ കറിക്കു പകരം നാലു പ്ലേറ്റ് കൊണ്ടു വന്നപ്പോള്‍ എന്റെ ഹൃദയം അവരുടെ സ്നേഹത്തിനു മുന്നില്‍ നമിച്ചു. കൂടാതെ ഒരു തൈരും ഒരു ചിക്കന്‍ കറിയും അഞ്ചു പ്ലേറ്റ് ചോറും, ഒരു ബീഫ് റോസ്റ്റും, കല്ലുംമെക്കാ ഫ്രയ്യും പറഞ്ഞതു പോലെ ആ വെളുത്ത കുപ്പായം അണിഞ്ഞ മീശ വച്ച മാലാഖ ഞങ്ങള്‍ക്കായി കൊണ്ടുവന്നു.

ആരുണ്ടടാ ഈ ടേബിളില്‍ എന്നെ മലര്‍ത്തിയടിക്കാന്‍ .. എന്നും അട്ടഹസിച്ചുകൊണ്ട് തീന്മേശ എന്ന ഗോദയിലേക്ക് തുടയില്‍ ആഞ്ഞടിച്ചു ഇറങ്ങിയ എന്റെ നാഭിക്കിട്ടുള്ള ആദ്യ അടി ആയിരുന്നു ആ മീന്‍ കറി. ഒരു നെയ്യ് മീന്‍ കറി ഇത്രേം മോശമായിട്ടൊക്കെ ഉണ്ടാക്കാന്‍ കഴിയുവ്വോ മനുഷ്യന്?

പണ്ടു പാലാഴി മഥനം നടത്തിയപ്പോള്‍ കിട്ടിയ സംഭവങ്ങളുടെ കൂടെ ഈ മീനും ഒണ്ടോ എന്ന് എനിക്കിപ്പോള്‍ ഡൌട്ട് ഉണ്ട്... ! എന്തായാലും പുരാവസ്തു സ്റ്റാറ്റസ് ഉള്ള ഒരു മീന്‍ ഇട്ടു വച്ചൊരു മീന്‍ കറി. 'ഇട്ടു വച്ചു' എന്ന് പറഞ്ഞതു, എന്ത് കോണ്ടിനെന്‍റല്‍ സ്റ്റൈലില്‍ ആണ് മീന്‍ വേവിക്കാതെ കറി വയ്ക്കുക എന്ന് എനിക്കറിയില്ലാത്തതു കൊണ്ടും, ആ ചോദ്യം അവരോട് ചോദിച്ചു കഴിയുമ്പോള്‍ "നിങ്ങള്‍്ക്കു വെവരം ഇല്ലാത്തത് ഞമ്മടെ കൊയപ്പം ആണോ?" എന്നൊരു മറുചോദ്യം ഉയരാന്‍ സാധ്യത ഉള്ളത് കൊണ്ടും ആണ്. അതും അല്ല, ഹോട്ടലില്‍ കയറി വന്നപ്പോള്‍ കണ്ട റിസപ്ക്ഷനിലെ ചേട്ടന് എന്നെക്കാട്ടിലും 'വിങ്ങ്സ്' ഉണ്ടെന്നു ഞാന്‍ ശ്രദ്ധിച്ചത് കൊണ്ടും കൂടി ആയിരുന്നു "എന്ത് കോപ്പിലെ കറിയാണടാ ഇതു" എന്നുള്ള ചോദ്യം ഞാന്‍ എന്റെ മനസ്സില്‍ ഉണ്ടാവ്വും മുന്‍പ് തന്നെ ആ കറിയ്യോടൊന്നിച്ചു കണ്ണുമടച്ചങ്ങ് വിഴുങ്ങിയത്. .

സാധാരണയില്‍ നിന്നും വ്യതസ്തമായി, വിശപ്പിന്റെ അതിപ്രസരം മൂലം, ടേസ്റ്റും ചുവയും ഒക്കെ അറിയുന്നതിന് മുന്‍പു തന്നെ ഞാന്‍ അര പ്ലേറ്റ് ചോറും ഒരു പ്ലേറ്റ് മീന്‍ കറിയും അകത്താക്കി കഴിഞ്ഞിരുന്നു .. അത് കഴിഞുള്ള ഫൂഡ്ഡിലേ ഞാന്‍ നേരത്തെ പറഞ്ഞ ആപത്തിനെ പറ്റി ബോധവാന്‍ ആയോള്ളൂ. പക്ഷെ നഞ്ചെന്തിനാ നാന്നാഴി?

മൈ സ്റ്റൊമക് ... മൈ ബിലോവ്ഡ് സ്റ്റൊമക് ..

ത്രേതാ യുഗത്തിനും മുന്‍പു ജീവിച്ചിരുന്ന ആ മീനിനു മരിച്ചാലും ജീവിക്കാനുള്ള ദിവ്യശക്തി ഉണ്ടെന്നു വേണം കരുതാന്‍. ആ മീന്‍ കഷ്ണം എന്റെ വയറ്റില്‍ ഓടി നടന്നു ഖോ ഖോ കളിച്ചു .. അവന്‍ എന്റെ വയറ്റില്‍ ഒരു കുഴല്‍ കിണര്‍ കുഴിച്ചു, വയറ്റില്‍ ഓടി നടന്നു എന്റെ വയറു ഉഴുതു മറിച്ചു .. ഉഴുതു മറിച്ച വയറ്റില്‍ അവന്‍ പ്രോബ്ലെംസ് വ്യാവസായികാടിസ്ഥാനത്തില്‍് വിതച്ചു .. ഇതൊന്നും സഹിക്കാതെ എന്റെ വയര്‍ ങുര്‍ ങുര്‍ എന്ന് 'എസ്.ഓ.എസ്' അയച്ചു കൊണ്ടേ ഇരുന്നു .. ബട്ട് വാട്ട് യൂസ് ?

വാട്സൊഎവര്‍്, ഞാന്‍ തിന്നു തീര്‍ത്ത ആ മീന്‍ എന്റെ ഫുള്‍ ഡേ തിന്നു തീര്‍ക്കുന്ന ദയനീയ കാഴ്ചക്ക് ഞാന്‍ മൂക സാക്ഷിയാവാനെ എനിക്ക് കഴിഞ്ഞൊള്ളു . .. മിസ് ആയ ഐറ്റംസ് : കല്യാണ റിസപ്ക്ഷ്ന്റ് മദാലസ, വട, ചട്ണി, റൈസ് പൊരിച്ചതും (ഫ്രൈഡ് റൈസ് ), പോരിക്കാത്തതും, പലതരം ഐസ്ക്രീംസ്, അകത്തു കാറ്റു നിറച്ച ഒരു പപ്പടവട്ടത്തിലെ എണ്ണയില്‍ ഇട്ടു പൊരിച്ചെടുക്കുന്ന വട്ടൂര എന്നോ ബട്ടൂര എന്നോ പറയണ ആ സാധനം, .. ലിസ്റ്റ് അപൂര്‍ണ്ണം ..

ഇനി, ജീവിതത്തില്‍ ഞാന്‍ മീന്‍ കറി കഴിക്കുവാണേല്‍ മീനിനു ജീവനുണ്ടോ എന്നും അത് കഴിച്ചാല്‍ എനിക്ക് ജീവന്‍ ബാക്കിയുണ്ടാവുമോ എന്നും ടെസ്റ്റ് ചെയ്തിട്ടേ കഴിക്കു .. തീരുമാനിച്ചു ഞാന്‍ .. കമ്പ്‌ മുറിച്ചിട്ടു ഞാന്‍ .. ! (ഈ കേസില്‍ എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തായ മാലാഖനെ എനിക്ക് സംശയം ഉണ്ട്. അത്രേം നേരം വിശന്നു വലഞ്ഞിരുന്ന ലവന്‍ പെട്ടെന്ന് വിശപ്പില്ലാത്തവന്‍് ആയതിനു പിന്നിലെ ദുരൂഹത ഇനിയും ബാക്കി. ലവന്മ്മാര് മൂന്നിന് പകരം നാലു പ്ലേറ്റ് മീന്‍ കറി കൊണ്ടു വന്നതിന്റെ രഹസ്യവും എന്താണാവ്വോ ???? )


3 comments:

 1. ALiya paachu .. kalakkitonde keto.. ninte ee samrambhathine ella aashamsakalum nerunnu .. kooduthal sahasangal pratheekshichu konde

  sasneham
  Indran

  ReplyDelete
 2. ത്രേതാ യുഗത്തിനും മുന്‍പു ജീവിച്ചിരുന്ന ആ മീനിനു മരിച്ചാലും ജീവിക്കാനുള്ള ദിവ്യശക്തി ഉണ്ടെന്നു വേണം കരുതാന്‍. ആ മീന്‍ കഷ്ണം എന്റെ വയറ്റില്‍ ഓടി നടന്നു ഖോ ഖോ കളിച്ചു .. അവന്‍ എന്റെ വയറ്റില്‍ ഒരു കുഴല്‍ കിണര്‍ കുഴിച്ചു, വയറ്റില്‍ ഓടി നടന്നു എന്റെ വയറു ഉഴുതു മറിച്ചു .. ഉഴുതു മറിച്ച വയറ്റില്‍ അവന്‍ പ്രോബ്ലെംസ് വ്യാവസായികാടിസ്ഥാനത്തില്‍് വിതച്ചു .. ഇതൊന്നും സഹിക്കാതെ എന്റെ വയര്‍ ങുര്‍ ങുര്‍ എന്ന് 'എസ്.ഓ.എസ്' അയച്ചു കൊണ്ടേ ഇരുന്നു .. ബട്ട് വാട്ട് യൂസ് ?

  കലകീട്ടുണ്ട്ടോ.....

  ReplyDelete
 3. в конце концов: шикарно! а82ч

  ReplyDelete