Friday, February 24, 2012
സെക്കന്റ് ഷോ - Second Show (5/10)
Second Show/Malayalam/2012/Drama-Action/M3DB/ (5/10)
പ്ലോട്ട് : ഒരു ഫ്രണ്ട്ഷിപ്പ്, .. ക്വട്ടേഷനുകൾക്കും, മറ്റു ഇല്ലീഗൽ കാര്യങ്ങൾക്കും പോവ്വുന്ന നായകൻ, അവന്റെ ഫ്രണ്ട്സ്. അവർ ചെന്നു പെടുന്ന പാരകൾ, അടികൾ, നായകന്റെ സൂപ്പർ ആക്ഷൻ സീക്വൻസുകൾ ..അതിമാനുഷശക്തികളുടെ പ്രകടനങ്ങൾ..
വെർഡിക്ട് : എല്ലാരും പറയുന്നു - ഡിഫറന്റ് ട്രീറ്റ്മെന്റ് ആണെന്നു, എല്ലാരും പറയുന്നു ഈ സിനിമ മലയാള സിനിമക്ക് വഴികാട്ടിയാണെന്നും, ഒക്കെ .. എങ്ങനെയാണെന്നു എനിക്ക് സത്യത്തിൽ മനസ്സിലാവുന്നില്ലാട്ടോ..ഇന്ത്യൻ സിനിമകളിൽ കാണുന്ന മിക്കവാറും ക്ലീഷേകളും ഉൾക്കൊള്ളിച്ച ഈ പടം എങ്ങനെ വഴിമാറിച്ചവുട്ടുന്ന പടമാവും?
ക്ലീഷേകളുടെ കാര്യം പറയുകയാണെങ്കിൽ .. അതിങ്ങനെ നിരന്നു കിടക്കുവാണു - സകലമാന അലുക്കൂലുത്തുകളും ചേയ്യുന്ന നായകനെ പ്രേമിക്കുന്ന നായിക (“ഇതെന്താ തമിഴ് സിനിമയാണോ ഗുണ്ടയെ പ്രേമിക്കാൻ ഒക്കെ” എന്നു ചോദിച്ച് കൊണ്ട് ഗുണ്ടയെ പ്രേമിക്കുന്ന ഒരു സിനിമയും ഇതേ വരെ ഇറങ്ങിയിട്ടില്ലാന്നു തോന്നുന്നു - അങ്ങനെ നോക്കിയാൽ ഈ സിനിമ ഒരു വ്യത്യസ്ഥ സിനിമ തന്നെയാണു. )
പത്തിരുപത് സായുധരായ ഗുണ്ടകൾ വന്നാലും - അതിപ്പോ നായകൻ നിരായുധനായാലും ശരി അല്ലെങ്കിലും ശരി, ഒരൊറ്റ ഇടി മതി നായകനു - ഗുണ്ടകളൊക്കെ ഇടിഞ്ഞ് പൊളീഞ്ഞ് വീഴുന്നതും, ചോര തുപ്പി അപ്രത്യക്ഷരാവുന്നതും ഒക്കെ ക്ലീഷേകൾ അല്ലേ?
അതു പോലെ, നായകന്റെ ഫ്രണ്ടിനു കുത്തേൽക്കുന്ന രംഗം : ആ സമയത്ത് തല്ലാനായുന്ന വില്ലന്മാരേയോ, നായകൻ ഒരൊറ്റ ഇടിക്ക് ചുരുട്ടി നിലത്തിട്ട ഗുണ്ടകളേയോ ഒന്നും കാണുന്നില്ല - അവരൊക്കെ എങ്ങനെ അപ്രത്യക്ഷരായി എന്നത് ആർക്കും ഒരു എത്തും പിടിയും കിട്ടില്ല, സത്യം!.
അല്ലെങ്കിൽ ഇതോക്കെ പറഞ്ഞ് എന്തിനു സമയം കളയണം? - മൊത്തത്തിൽ പടം ആവറേജ്. മിക്ക നടന്മാരുടേയും നടനം ആവറേജ്, കഥയും അവതരണവും ആവറേജ് ..
പക്ഷെ, എടുത്ത് പറയത്തക്ക പ്രകടനം നടത്തിയവരും ഉണ്ട് ഈ സിനിമയിൽ : സണ്ണി വെയ്ൻ എന്ന നടൻ - ഷോക്കടിച്ച പോലത്തെ തലമുടിയുള്ള കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പയ്യൻ. ലവൻ പടക്കമാണുട്ടോ! അവനു ഒരു കിടിലൻ ഭാവി ഞാൻ കാണുന്നുണ്ട് - പെട്ടെന്നു എനിക്കോർമ്മ വരുന്നത് ഇതേ പോലത്തെതന്നെ തലമുടിയുള്ള ഒരു ഹിന്ദി നടനെയാണു - സർഫരോഷിലും മറ്റും ഉണ്ട് അങ്ങേരു ... അതു പോലെ ബാബുരാജ് : ചെറുതെങ്കിലും നല്ലോരു കഥാപാത്രത്തെ ഡീസന്റായിട്ട് അവതരിപ്പിക്കാൻ സാധിച്ചു അങ്ങാർക്ക്.
നമ്മുടെ നായകൻ - ദുൽഖർ സൽമാൻ : പോര സോദരാ, പോര. മമ്മുക്ക പോലത്തെ ഒരു വലിയ നടന്റെ മകൻ എന്ന പ്രതീക്ഷയുടെ ഏഴയലത്തെത്താൻ ദുൽഖർ ഇനിയും കൊറേ പഠിക്കേണ്ടിയിരിക്കുന്നു - നടനത്തെപ്പറ്റിയും, വോയ്സ് മോഡുലേഷനെപ്പറ്റിയും, കഥാപാത്രത്തെ മനസ്സിലാക്കുന്നതിനെപ്പറ്റിയും, കഥാപാത്രമാവുന്നതിനെപ്പറ്റിയും, ഒക്കെ .. ഒരുദാഹരണം പറയുവാണെങ്കിൽ, കോളേജിൽ പോവാൻ മനസ്സില്ലാത്ത, കോളേജ് എന്നും പറഞ്ഞ് മണൽ വാരാൻ പോവുന്ന, ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും ഡീസന്റായിട്ട് പറയാൻ അറിയാത്ത ഒരു കഥാപാത്രമായിട്ടാണു ദുൽഖർ സൽമാൻ ഇതിൽ അഭിനയിക്കുന്നത് - പക്ഷെ അദ്ദേഹത്തിന്റെ പല ഇംഗ്ലീഷ് വാക്കുകളും, അതിന്റെ ഉച്ചാരണവും ഒക്കെ കേട്ടാൽ ബാരക്ക് ഒബാമ വരെ ഞെട്ടി ഇരുന്നു പോവും - “കുറച്ച് പ്രിപ്പേർ ചേയ്യാനുണ്ടായിരുന്നു“ എന്ന് നായകൻ പറയുമ്പോൾ നമുക്ക് ആ വാചകത്തിൽ കാണാൻ ആവുന്നത് വിദേശ പഠനം ഒക്കെ കഴിഞ്ഞ ദുൽഖർ സൽമാനെ ആണു, അല്ലാതെ നായകനെയായ ഗുണ്ടയെ അല്ല. പക്ഷെ, ഒരു പതിനഞ്ച് മിനുറ്റ് കഴിഞ്ഞ് നായകൻ ഇതോക്കെ മറന്ന് ഒരു ഇംഗ്ലീഷ് വാചകം പറയാൻ ബുദ്ധിമുട്ടുന്നതും കാണുന്നുണ്ട് നമ്മൾ..
ഒരു പുതുമുഖ നടനെ ഇത്രയും ഡിറ്റൈൽ ആയിട്ട് അനലൈസ് ചേയ്യാൻ പാടില്ല എന്നു വേണമെങ്കിൽ നമുക്ക് ശഠിക്കാം - പക്ഷെ, ദുൽഖർ സൽമാനെപ്പോലെ ഇതേ സിനിമയിൽ ഹരിശ്രീ കുറിച്ചിരിക്കുന്ന സണ്ണി വെയ്ൻ എന്ന ആ കലാകാരനും ആയിട്ടെങ്കിലും നമുക്ക് താരതമ്യം ചേയ്യാൻ പാടില്ലേ? അങ്ങനെ താരതമ്യം ചേയ്യുകയാണെങ്കിൽ, ദുൽഖറിനു പത്തിൽ മൂന്നും, സണ്ണിക്ക് ഒൻപതിനു മുകളിലും മാർക്ക് ഉറപ്പായും കിട്ടും!. ഞാൻ സണ്ണിയുടെ ഫാനായി ഈ ഒരൊറ്റ പടത്തോടെ. ഫർഹദ് ഫാസിലിനെപ്പോലെ എപ്പോഴെങ്കിലും ദുൽഖർ പൊങ്ങിവരുവായിരിക്കും എന്നു പ്രതീക്ഷ മാത്രമേ ഉള്ളൂ, ഈ സിനിമ കണ്ട് കഴിഞ്ഞതോടെ എനിക്ക് അദ്ദേഹത്തെപ്പറ്റി.!
പക്ഷെ, ഇത്രേം പുതുമുഖങ്ങളെ വച്ച് ഒരു സിനിമ ചേയ്യ്യാൻ ചങ്കൂറ്റം കാട്ടിയ നിർമ്മാതാവിനും, സംവിധായകനും ഒരു സലാം തീർച്ചയാലും അർഹിക്കുന്നുണ്ട്. വെൽഡൺ ഗഡീസ്..
വാൽക്കഷ്ണം : സിനിമ ഒക്കെ കണ്ട് കഴിഞ്ഞ് പുറത്തിറങ്ങുന്ന കാണികൾക്ക് “ഇത് സുബ്രമണ്യപുരം സിനിമയുടെ ഒരു മോശം കോപ്പി അല്ലായിരുന്നോ കണ്ടിറങ്ങിയത്” എന്നു തോന്നിയാൽ അവരെ കുറ്റം പറയാനൊക്കില്ല - ഏകദേശം അത് പോലെ ഒക്കെ ആക്കാൻ ശ്രമിച്ചിട്ടുണ്ട് സിനിമയുടെ ക്രിയേറ്റേഴ്സ്.
Labels:
2012,
debut,
dulkhar salman,
mammootty,
second show,
sunny wayne
Subscribe to:
Post Comments (Atom)
No comments:
Post a Comment