Friday, July 9, 2010

കൊച്ച് കള്ളന്‍മിനിമം 100 ഭവനഭേദനങ്ങള്‍ ..
രണ്ട് രാജ്യങ്ങളില്‍ ആയി പരന്ന് കിടക്കുന്ന ‘ഓപ്പറേഷണല്‍ ഏരിയ‘ ..
മോഷ്ടിച്ച സാധനങ്ങളില്‍ സൈക്കിളുകള്‍, കാറുകള്‍, സ്പീഡ് ബോട്ടുകള്‍, വിമാനങ്ങള്‍ ..

ചാള്‍സ് ശോഭ്‌രാജിന്റെ സംഘാഗത്തിന്റേയോ ഏതെങ്കിലും ഇന്റര്‍നാഷണല്‍ കുറ്റവാളിയുടേയോ കഥയല്ലിതു . അമേരിക്കയിലെ വാഷിങ്ങ്‌ടന്‍ സ്‌റ്റേറ്റിലെ കമാനോ ഐലന്റിലെ ഒരു പത്തൊന്‍പതുകാരന്‍ പയ്യന്റെ ‘ചെറീയ‘ ലീലാ വിലാസങ്ങള്‍ ആണിതു. ആശാന്‍ മര്യാദക്ക് സ്‌കൂളില്‍ പോലും പോയിട്ടില്ലാ എന്നു അറിയു‌മ്പോള്‍ ആണ് നമ്മള്‍ ഞെട്ടുക - ഞെട്ടാന്‍ എന്തു എന്നു വേണമെങ്കില്‍ ചോദിക്കാം - ലിസ്റ്റ് ഒന്നൂടെ വായിക്കൂ, അതില്‍ പോക്കറ്റില്‍ കൊള്ളാത്ത തരം വലിയ വിമാനങ്ങളും ഉണ്ട്.

ആശാന്‍ അവസാനം അടിച്ചു മാറ്റിയ വിമാനം 1200 മൈലുകള്‍ പറത്തി ബഹാമാസില്‍ കൊണ്ടെ ഇടിച്ചിറക്കുകയായിരുന്നു. ഇതിനു മുന്നേ അടിച്ച് മാറ്റിയ വിമാനങ്ങള്‍ പത്തും മുന്നൂറും മൈലുകള്‍ പറത്തി ആശ തീര്‍ത്തിട്ടാണ് പുള്ളിക്കാരന്‍ വിട്ടു കൊടുത്തത്.  കം‌പ്യൂട്ടര്‍ ഗെയിമിലൂടെയും ഫ്ലൈറ്റ് സിമുലേറ്റിങ്ങ് സോഫ്റ്റ്വേയറുകളൂടെയും അല്ലാതെ ഈ പയ്യന്‍ ശരിക്കും വിമാനം പറത്താന്‍ പഠിച്ചിട്ടേ ഇല്ലാ എന്നു അറിയു‌മ്പോള്‍ ആണ് നമ്മള്‍ ആലോചിച്ചു പോവുന്നതു “നമ്മളൊക്കെ എന്നാത്തിനാ ഈ കം‌പ്യൂട്ടറിന്റെ മുന്നില്‍ മണിക്കൂറ് കണക്കിനു ഇരിക്കണേ, വല്ല ചെരക്കാനും പോയിക്കൂടെ“ എന്നു! കുറ്റം പറയരുതല്ലോ, പോളീടെക്നിക്ക് പഠിക്കാത്തതു കൊണ്ടാവണം, ലവന്‍ അടിച്ചു മാറ്റി-തിരിച്ച് കിട്ടിയ വിമാനങ്ങള്‍ ഇനി ആക്രിക്കാര്‍ക്ക് തൂക്കിക്കൊടുക്കാനേ കൊള്ളത്തൊള്ളൂ.


ഇന്റര്‍നെറ്റില്‍ ഒരു സംഭവമായി വരികയാണ്  ഈ ‘നഗ്നപാദനായ കൊള്ളക്കാരന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന കോള്‍ട്ടന്‍ ഹാരീസ് മൂര്‍. ആശാന്‍ ചെരുപ്പൊക്കെ അഴിച്ച് വച്ച് നല്ല ശുദ്ധിയും വൃത്തിയുമോടെ ആണത്രെ സാധനങ്ങള്‍ അടീച്ച് മാറ്റുന്നതു! എന്തൊക്കെ പറഞ്ഞാലും പയ്യന്റെ ഫേസ്‌ബൊക്ക് പ്രൊഫൈലില്‍ 50,000ല്‍ അധികം ഫാന്‍സ് ആയിക്കഴിഞ്ഞൂ. പയ്യന്റെ മുഖം പ്രിന്റ് ചേയ്ത ടീഷര്‍ട്ടുകള്‍ വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു. പയ്യന്റെ പോലീസില്‍ നിന്നുള്ള രക്ഷപെടലുകളുടെ കഥകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവനു ഒരു വീര പരിവേഷം തന്നെ നല്‍കിക്കഴിഞ്ഞൂ! പയ്യന്റെ കഥകള്‍ പുസ്തകരൂപത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു, സിനിമാ റൈറ്റുകള്‍ക്ക് ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് ക‌മ്പിനി എഴുത്തുകാരനും ആയിട്ട് കരാര്‍ ഉറപ്പിച്ചും കഴിഞ്ഞൂ!!നാട്ടുകാരുടെ മുന്നില്‍ വീരനോ ചേരനോ എന്തു തേങ്ങാക്കൊല ആയാലും, രണ്ട് രാജ്യങ്ങളിലെ പോലീസ് പയ്യനെ എങ്ങനേയും പിടിച്ച് ഇതു വരെ ഉണ്ടായ നാണക്കേട് മാറ്റാന്‍ കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് - FBI ആള്‍‌റെഡി പയ്യനെ പിടിച്ചു കൊടുക്കുകയോ പിടിക്കാന്‍ സഹായിക്കുകയോ ചേയ്യുന്നവര്‍ക്ക് 10,000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചു കഴിഞ്ഞു.

കണ്ടു തന്നെ അറിയണം, യെവന്‍ വളര്‍ന്ന് എന്താവുമെന്നു!


1 comment:

  1. മിനിമം 100 ഭവനഭേദനങ്ങള്‍ ..
    രണ്ട് രാജ്യങ്ങളില്‍ ആയി പരന്ന് കിടക്കുന്ന ‘ഓപ്പറേഷണല്‍ ഏരിയ‘ ..
    മോഷ്ടിച്ച സാധനങ്ങളില്‍ സൈക്കിളുകള്‍, കാറുകള്‍, സ്പീഡ് ബോട്ടുകള്‍, വിമാനങ്ങള്‍ ..

    പുതിയ പോസ്റ്റ് ഒരു കൊച്ചു കള്ളനെ പറ്റി...

    ReplyDelete