Friday, February 13, 2009

ആ‍ പുലിവാലന്റയിന്‍സ് ഡേ

എന്റെ പ്രൊ: കൊളേജ് കാലഘട്ടം ... കൊച്ചി എന്ന മഹാനഗരം ഇപ്പൊഴത്തതിന്റെ പകുതി ഭാഗം പോലും ഇല്ലാതിരുന്ന ആ കാലം .. മസാലദോശക്കു എട്ടു രൂപ മാത്രം ഉണ്ടായിരുന്ന ആ സുവര്‍ണ്ണ കാലം. ആന്നെനിക്കു മീശയിത്ര വളര്‍ന്നിട്ടില്ല, അന്നെനിക്കു ബുദ്ധി ഇത്ര തെളിഞ്ഞിട്ടില്ല... കോളേജിന്റെ അടുക്കെ തന്നെ ഒരമ്പലം ഉണ്ടായിരുന്നതും, അവിടെ അന്നു തന്നെ ഒരു കല്യാണം ഉണ്ടായിരുന്നതും, എന്റെ കുറ്റം ഒട്ടുമേ ആയിരുന്നില്ല, പക്ഷെ അന്നെത്തെ ദിവസം തന്നെ ക്ലാസ്സ് കുട്ട് ചൈയ്തു കല്യാണ സദ്യ കഴിക്കാന്‍ പോയ്യതു മാത്രം - വേണമെങ്കില്‍ എന്റെ തെറ്റായിട്ടു നിങ്ങള്‍ക്കു ആരോപണം ഉന്നയിക്കാം - പക്ഷെ എന്റെ അന്നത്തെ കോളേജിലെ പുള്ളേര്‍ക്കു ആ അമ്പലത്തിലെ എല്ലാ കല്യാണത്തിന്റെയും ഹൊള്‍സൈയില്‍ ഫൂഡ്ഡിംഗ്സ് ചരിത്രാതീതകാലം മുതല്‍ക്കെ വീതം വച്ച് കിട്ടിയതാണെന്നുള്ള നഗ്ന-വാസ്തവം അറിഞ്ഞാല്‍ ആ ആരോപണം വെറും പണം വെട്ടാനുള്ള വെടക്കു അടവാണെന്നു സ്ഥിരബുദ്ധിയുള്ള നിങ്ങള്‍ക്കു മനസ്സിലാ‍ക്കാവുന്നതേ ഉള്ളു.

പക്ഷെ, അന്നത്തെ ആ ദിവസം, എന്റെ എട്ടില്‍ ശനിയും വ്യാഴവും കെതുവും ഗുളികനും കൂടി ഇന്നാ‍രെ തട്ടണം എന്നു ചിന്തിച്ചു വിഷമിച്ചു ഇരിക്കുകയായിരുന്നു എന്നു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ പല തവണ അതു കഴിഞ്ഞും ചിന്തിച്ചിട്ടുണ്ട് ...

രാവിലെ കഴിച്ച ദോശയുടെ ഓര്‍മ്മകളെ മറക്കാന്‍ കൂടെ കഴിച്ച സാമ്പാര്‍ സമ്മതിക്കാതിരുന്നതിനാലും, ആ സമ്പാറിന്റെ രുചി വീണ്ടും വീണ്ടും യാതൊരു ഔചിത്വവും ഇല്ലാതെ വായിലേക്കു ഏമ്പക്കം വഴി കയറി വന്നുകൊണ്ടിരുന്നതും ആവണം തിങ്കളാഴ്ച എന്ന നല്ല ദിവസം ആയിരുന്നിട്ട് കൂടി അടുത്ത അമ്പലത്തിലെ കല്യാണമണ്ഡപത്തിലെ കല്യാണ സദ്യ ഇടിച്ചു കയറി കഴിക്കാന്‍ എന്നെ എന്റെ മനസ്സു നിര്‍ബന്ധിച്ചതു. കുറ്റം പറയരുതല്ലൊ - നല്ലൊരു പാര്‍ട്ടിയുടെ, നല്ലൊരു കല്യാണവും, അതിനെക്കാള്‍ നല്ലൊരു നായര്‍ സദ്യയും..

കൈ കൊണ്ടും, വാ കൊണ്ടും, നാക്കു കൊണ്ടുമുള്ള ദ്വന്ദയുദ്ധം കഴിഞ്ഞു ഇറങ്ങാന്‍ നേരം, നാരങ്ങാ കൂടെ വാങ്ങി കൊണ്ടു പോവ്വാം എന്നു തോന്നിയത് കൊണ്ട്, അതു വാങ്ങിയതിന്റെ കൂടെ ഒരു റൊസാപ്പൂ കൂടെ ഫ്രീ ആയിട്ടു കിട്ടിയതു വാങ്ങി, ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകള്‍ പാര്‍ക്കില്‍ പോയ്യിരുന്നു വായ്യില്‍നൊക്കി വേസ്റ്റും ചെയ്തു വീട്ടിലേക്കു മടങ്ങിയതു ഫ്രീ കിട്ടിയ റോജാപുഷ്പം ഷര്‍ട്ടിന്റെ പൊക്കറ്റില്‍ നാട്ടാരു കാണ്‍കെ കുത്തിക്കൊണ്ടായിരുന്നു, കണ്ടാല്‍ നെഹ്രുവിന്റെ ഗ്രാമര്‍ ഇല്ലേലും റോസാപ്പൂ കൊണ്ടു എങ്കിലും ആരെലും തന്നെ നോക്കട്ടെ എന്നു തൊന്നിയത് തെറ്റാണൊ, കുറ്റം ആണൊ, പാപം ആണോ ? അല്ലായിരിക്കും, പക്ഷെ അതൊരു ആന മണ്ടത്തരം ആയിരുന്നുവെന്നതു എനിക്ക് മനസ്സിലാവാന്‍ കുറച്ചധികം നാളുകള്‍ വേണ്ടി വന്നു.

തനി കണ്ട്രി ആയ എനിക്കു മനസ്സിലാക്കാനാവാത്ത പലതും കൊച്ചിക്കാര്‍ക്കു മനസ്സിലാവ്വും എന്നു എനിക്കു മനസ്സിലായ സംഭവങ്ങള്‍ ആയിരുന്നു പിന്നീടങ്ങോട്ടു ഉണ്ടായതു .. ബസ്സിലെ കിളി മുതല്‍, വികലാംഗ സീറ്റില്‍ ഇരുന്ന, സ്റ്റാന്റില്‍ പാട്ട് പാടി കാശ് വാങ്ങണ ആളു വരെ എന്നെ നോക്കി ഒരു വഹ ചിരി ചിരിക്കുന്നു ... കണ്ടക്ടര്‍ ബാലന്‍സ് കാശിനു കൂടെ ഇരുത്തി ഒരു മൂളലും തരുന്നു .. ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര്‍ സാര്‍ ‘യെവനൊന്നും ഒരിക്കലും നെരെ ആവാന്‍ പോവുന്നില്ല‘ എന്ന മട്ടില്‍ തല ആട്ടി കുനിഞ്ഞിരിക്കുന്നു ... മുന്നിലെ (സുന്ദരികളായ) പെണ്‍പട തിരിഞ്ഞു നോക്കി എന്തൊക്കെയ്യൊ പറഞ്ഞു ചിരിക്കുന്നു ... ആകെപ്പാടെ, ഒരു അവലക്ഷണം ... പെട്ടെന്നു പാന്റ്സ് കീറിയ പൊലത്തെ ഒരു ഫീലിങ്ങ് .... പക്ഷെ കളസം കീറിയ ശബ്ദം കേട്ടതായി ഞാന്‍ ഓര്‍ക്കുന്നതും ഇല്ല .. എല്ലാവര്‍ക്കും വട്ടായിരിക്കണം.. അല്ലെല്‍ അസൂയ ആയിരിക്കണം .. എന്നാലും ... എന്റെ മുഖത്തു വല്ലതും പറ്റിയിരിക്കുന്നുണ്ടോ, അതോ .. ? ..

വണ്ടി ഇറങ്ങി ചങ്ങാടത്തില്‍ കയറിയപ്പോഴും തുടര്‍ന്ന ഈ കലാപരിപാടി തീരുന്നതു, ടൌണിലെ ലേഡീസ് സ്റ്റോറിന്റെ മുന്നിലെത്തിയപ്പൊള്‍ ആണു. അവിടെ വള ഇടീച്ചു കൊടുക്കാന്‍ നില്‍ക്കുന്ന പാറു എന്നു ഞാന്‍ വിളിക്കുന്ന കറുത്ത സുന്ദരിയുടെ മുഖം, എന്നെ കണ്ട സന്തൊഷത്തില്‍ പെട്ടെന്നു വികസിക്കുന്നതും, കാറ്റ് കുത്തി വിട്ട ബലൂണ്‍ പോലെ അതിലും വേഗത്തില്‍ ചൊങ്ങൂന്നതും കണ്ടപ്പൊള്‍ ... വീണ്ടും പാന്റ്സ് തപ്പി നോക്കാനുള്ള ചേതോവികാരം ഉള്ളില്‍ അടക്കി, കാര്യം ചോദിച്ച എന്റെ നേര്‍ക്കു ഫയര്‍ഫൊര്‍സുകാരുടെ ഹോസില്‍ നിന്നും വരുന്നതിനെക്കാളും സ്പീഡിലും അളവിലും അവള്‍ ചീറ്റിച്ച കണ്ണുനീര്‍ ധാരക്കിടയിലൂടെ തെറിച്ചു വന്ന വാക്കുകളില്‍ ‘വാലന്റയിന്‍സ് ഡേ‘ എന്ന പുലിവാലിനെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടാ‍യിരുന്നു, അവള്‍ എനിക്കു വെറുതെ തന്ന സൈക്കിള്‍ കീ ചെയിനുകളുടെ കണക്കുകള്‍ ഉണ്ടായിരുന്നു, പറയാതെ പറഞ്ഞു തീര്‍ത്ത പ്രേമസല്ലാപങ്ങളുടെ സ്ഥിതിവിവരകണക്കുകള്‍ ഉണ്ടായിരുന്നു ...

പാറുവിനു ആ റോസാപ്പൂ എതൊ പുതിയ കാമുകിയുടെ പ്രെമസമ്മാനം ആണെന്നു തെറ്റിദ്ധരിക്കാന്‍ വലിയ കാരണങ്ങള്‍ വേണ്ടീയിരുന്നില്ല, സര്‍ക്കാരു വെറുതേ കൊടുക്കണ ചെമ്പക തൈയ്യും, അവള്‍ പാടു പെട്ടു വീട്ടീന്നു കൊണ്ടൂ വന്ന മഞ്ഞ ചെമ്പരത്തി കഷ്ണവും നിഷ്കരുണം റോട്ടില്‍ വലിച്ചെറിഞ്ഞ ഈ ഞാന്‍, ഒരു റൊസാപ്പൂവ്വും വച്ചുകൊണ്ടു നടന്നാല്‍ .... അതും ‘വാലന്റയിന്‍സ് ഡേ‘ എന്ന പെരില്‍ പുണ്യ പുരാതന കാലം മുതല്‍ കമിതാക്കള്‍ ആചരിച്ചു വരുന്ന പവിത്ര ദിനത്തില്‍ ...

അവള്‍ പിന്നെ എനിക്കു വള ഇട്ടു തന്നിട്ടില്ല .. ആ വെറുതേ കിട്ടിയ സദ്യക്കവസാനം വെറുതേ കിട്ടിയ റോസാപ്പൂ എനിക്കു നഷ്ടപ്പെടുത്തിയതു പാറുവിനെ മാത്രം അല്ലായിരുന്നു, ബസ്സില്‍ അന്നത്തെ ദിവസം കാണാതിരുന്ന വെളുത്ത സുന്ദരിയെയ്യും പിന്നീടു എന്നൊട് ചിരിച്ച മുഖത്തില്‍ സംസാരിച്ചിട്ടില്ല... ജുനിയര്‍ ക്ലാസ്സിലെ ധന്യയും പിന്നീടൊരിക്കല്‍ എന്നൊട് ചൊദിച്ചു .. ... അന്ന് ഒരിക്കല്‍ അവള്‍ ഒരു ഗിഫ്റ്റ് തരാന്‍ വന്നപ്പൊള്‍ ആരുടെ ആയിരുന്നു എന്റെ ഷര്‍ട്ടില്‍ ഉണ്ടായിരുന്ന റോജാപ്പൂ എന്നു ... ആ ധന്യയുടെ ഫൊട്ടം ഇപ്പൊഴും എന്റെ പഴയ ഓര്‍മ്മകള്‍ക്കിടയില്‍ കാണുമ്പോള്‍ .. അവളെ എനിക്കിഷ്ടം ആയിരുന്നു!!!

ക്ഷണമില്ലാത്ത സദ്യകള്‍ ഞാനിപ്പൊളും വെറുക്കുന്നു. ... “വാലന്റയിന്‍സ് ഡേ‘ എന്നയീ അല്‍ക്കൂല്‍ത്തു ഏര്‍പ്പാട് ഞാന്‍ ഒരിക്കലും പിന്നീടു മറന്നിട്ടില്ല ... എന്തിനാ വെറുതെ വരാന്‍ പൊവ്വണ പൂക്കളും കൂടി എന്റെ അജ്ഞത കൊണ്ടൂ വേസ്റ്റ് ആക്കുന്നെ? !!


1 comment: