Friday, June 17, 2011

Patiala House - പട്യാലാ ഹൗസ് (5/10)


Patiala House/Hindi/2011/Drama/IMDB/ (5/10)
Rated G  : suitable for General Audience.

പ്ലോട്ട് : ബ്രിട്ടണിലെ ഒരു പഞ്ചാബി കുടുംബം - അവിടത്തുകാരുടെ വർണ്ണവെറിയിൽ ആ കുടുംബനാഥൻ മരണപ്പെടുന്നതോടെ, അദ്ദേഹത്തിന്റെ മകൻ ഇംഗ്ലീഷുകാരെ ഏതു കാര്യത്തിലും എതിർക്കുന്ന, അവർക്കെതിരെ പോരാടുന്ന ഒരാളായി മാറുന്നു - അദ്ദേഹമാണു റിഷീ കപൂർ (സിനിമയിലെ പേരു വലിയ പിടീയില്ല - എല്ലാരുടേം പേരു ഏതാണ്ടൊരുപോലൊക്കെ ഇരിക്കും!).  അദ്ദേഹത്തിന്റെ വാശി കാരണം അദ്ദേഹത്തിന്റെ നല്ലവണ്ണം ക്രിക്കറ്റ് കളിക്കുന്ന മകന്റെ (അക്ഷയ് കുമാർ) ഭാവി തന്നെ തകരുന്നു - അക്ഷയ് കുമാർ ഒരു സാദാ ഡിപ്പാർട്ട്മെന്റ് സ്റ്റോഴ്സ് നടത്തുന്ന ഒരു സാദാ സിക്കുകാരൻ ആയിട്ട് മാറുന്നു. അതു പോലെ ആ വീട്ടിലെ എല്ലാരും അവരുടെ സ്വപ്നങ്ങൾ മറന്നു റിഷിക്കപ്പൂർ പറയുന്നതു പോലെ ജിലേബി ഉണ്ടാക്കിയും ഭജന പാടിയും ടാക്സി ഓടിച്ചും  ഒക്കെ കഴിയുകയാണു അവിടെ.

പിന്നേയും വളരേക്കാലം കഴിഞ്ഞ്, അക്ഷയ്കുമാറിനു തന്റെ സ്വപ്നം - രാജ്യത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കുക എന്ന സ്വപ്നം - സാക്ഷാത്കരിക്കാൻ ഒരു അവസരം വരുന്നതും, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങളും ഒക്കെയാണു ഈ സിനിമ.

വെർഡിക്ട്: കഥ കച്ചറ. സ്വബോധമുള്ളവനു ഒരിക്കലും വിരസത കൺ‌ട്രോൾ ചേയ്യാൻ ആവാത്തത്ര വിരസമായ കഥ. ബാക്ക്ഗ്രൗണ്ട് സ്കോർ എല്ലാ പഞ്ചാബീ സിനിമകളിലേയും പോലെ “ബല്ലേ ബല്ലേ”യും മറ്റേ പെരുമ്പറ കൊട്ടലും.
പക്ഷെ, പടം നന്നായിട്ടെടുത്തിരിക്കുന്നു. അതിനെക്കാൾ മെച്ചമായി അക്ഷയ്കുമാറും മറ്റും അഭിനയിച്ചിരിക്കുന്നു. കാസ്റ്റിങ്ങും കൊള്ളാം - ഇപ്പോൾ പ്രായമായ നായകന്റേയും നായകന്റെ അച്ഛന്റേയും പണ്ടത്തെ റോളുകൾ വേറേ ആളുകളെ വച്ച് ചേയ്തിരിക്കുന്നതും ഇഷ്ടായി - അക്ഷയ് കുമാറിനേയും റിഷിക്കപ്പൂറിനേയും ഒക്കെ രണ്ടിഞ്ച് കനത്തിൽ വാൾപുട്ടി പൂശി പ്രായം കുറച്ചും വേണമെങ്കിൽ അഭിനയിപ്പിക്കാമായിരുന്നു, അതു ചേയ്തില്ല, ടാങ്ക്സ് സംവിധായകാ, ടാങ്ക്സ്.


അക്ഷയ് കുമാർ : സകല സ്വപ്നങ്ങളും നശിച്ച്, സ്വന്തം അച്ഛനു വേണ്ടി സ്വന്തം ജീവിതം അഴുക്ക്ചാലിലേക്ക് ഒലിച്ച് പോവുന്നതു നോക്കി നിക്കേണ്ടി വരുന്ന ഒരാളുടെ നിർവ്വികാരമായ ഭാവം - അതു അക്ഷയ് ഉഗ്രനായിട്ട് അവതരിപ്പിച്ചിരിക്കുന്നു. നല്ല കടൂകട്ടി ഡയലോഗുകൾ വരുമ്പോൾ വേണമെങ്കിൽ അക്ഷയിനു സുരേഷ് ഗോപി സ്റ്റയ്‌ലിൽ അതൊക്കെ പൂശാമായിരുന്നു - പക്ഷെ ചേയ്തില്ല. അതാണു നല്ല അഭിനയം, നല്ല സംവിധാനം.


ഒറ്റ വാചകത്തിൽ : കച്ചറ കഥ, ഡയലോഗുകൾ ഓവർ ഡോസ്, പാട്ടുകൾ ആവറേജ്, ബല്ലേ ബല്ലേ അൺ സഹിക്കബിൾ,  അഭിനയം ഉഗ്രൻ ...  കണ്ടിരിക്കാവുന്ന പടം.


വാൽക്കഷ്ണം : എനിക്ക് ചില കാര്യങ്ങൾ ഒട്ടും മനസ്സിലായില്ല - തന്തപ്പടി സിംഗിനു ഇത്ര ദേഷ്യം ആണു ഇംഗ്ലീഷുകാരേയും, അവരുടെ സംസ്കാരത്തേയും ഒക്കേയെങ്കിൽ എന്തു കൊണ്ട് അങ്ങാരു ബ്രിട്ടണിൽ തന്നെ കെട്ടിക്കിടക്കുന്നു? നാട്ടിലേക്ക് പോന്നൂടെ അങ്ങേർക്ക്? അങ്ങനെ പോന്നാലെങ്ങനെ സിനിമ നടക്കും അല്ലേ? :)

ആ വീട്ടിലെ ഒറ്റണ്ണത്തിനു നട്ടെല്ലില്ല-  എന്നാൽ സംവിധായകൻ പറയുന്നതു അക്ഷയ്കുമാർ “പറ്റില്ല” എന്നു പറയാഞ്ഞിട്ടാണു എല്ലാരും അവിടെ ഈ ഗതിയിൽ ആയിരിക്കുന്നതെന്നാണു. ഭയങ്കര ഔട്ട് സ്പോക്കൺ എന്നൊക്കെ കാട്ടുന്ന ഒരു കുടുംബാംഗവും ഉണ്ടവിടെ, അവനൊക്കെ എന്തേ റിഷിക്കപ്പൂറിനടൂത്ത് “ഒന്നു പോടാപ്പനേ” എന്നു വാ തുറന്നു പറയുന്നില്ല?  അപ്പോ എങ്ങനെ നായകൻ സൂപ്പറാവും അല്ലേ? :)

ഡിമ്പിൾ കപാഡിയ ഒക്കെ ഭയങ്കര കിഴവി ആയിരിക്കുന്നു - സുകുമാരിയെക്കാൾ പ്രായം തോന്നിക്കും ഇപ്പോ അവരെ കണ്ടാൽ! - എങ്ങനിരുന്നതാ അവരു - ഹോ - പണ്ട് ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ഫിലിം ഫേയറിൽ ഗോദ്‌റേജിന്റെ ഒരു കോണ്ടസ്റ്റ് വന്നു - എന്തോ പൂരിപ്പിച്ച് അയച്ചാൽ ഡിമ്പിളിനോടൊപ്പം ഒരു സായാഹ്നം!.. എനിക്ക് അതു കിട്ടിയെന്നു എത്ര രാത്രികളിൽ ആണു ഞാൻ സ്വപ്നം കണ്ടിട്ടുള്ളതു!. .. ഇപ്പോ അവരെ കാണുമ്പോൾ, .. ഭയാനകം! എല്ലാരുടേയും കാര്യം ഇത്രക്കേ ഉള്ളൂ!


Monday, June 13, 2011

Dum Maro Dum - ദം മാരോ ദം (6.5/10)


Dum Maro Dum/Hindi/2011/Action-Thriller/IMDB/ (6.5/10)
Rated R  for violence, drug content and some language

Tagline: Liquor is cheap here and women are even cheaper here 

പ്ലോട്ട് : ഒരു അഴിമതിക്കാരനായ ഓഫീസർ ആയ ACP കാമത്തിനെ (അഭിഷേക് ബച്ചൻ)  രോഗശയ്യയിൽ ആയ മുഖ്യമന്ത്രി മുൻ‌കൈ എടുത്ത് ഗോവയിലെ മയക്ക് മരുന്നു മാഫിയകളെ ഒതുക്കാൻ നിയോഗിക്കുന്നു.  അദ്ദേഹം ഒരു കറപ്റ്റഡ് അല്ലാത്ത ടീമിനെ തിരഞ്ഞെടുക്കുന്നു, തന്റെ ആക്ഷൻ ആരംഭിക്കുന്നു. പതുക്കെ പതുക്കെ, അദ്ദേഹത്തിനോടൊപ്പം, മയക്ക്മരുന്നു മാഫിയയുടെ ക്രൂരതകൾക്കിരയായ ഒരു ചെറു സംഘവും കൂടെ ചേരുന്നു - ശേഷം ചിന്ത്യം.

വെർഡിക്ട് : നല്ല തുടക്കം, നല്ല ബിൽഡ് അപ്പ്, നല്ല ആക്ടിങ്ങ്, നല്ല കാസ്റ്റിങ്ങ്, തരക്കേടില്ലാത്ത പാട്ടുകൾ, .. പക്ഷെ ഇടക്ക് ഇഴച്ചിൽ നന്നായിട്ടുണ്ട്, ക്ലൈമാക്സ് ആണെങ്കിൽ ഒരു പരിധിവരെ ഊഹിക്കാനും സാധിക്കുന്നുണ്ട് - അതൊഴിവാക്കാൻ ആണേന്നു തോന്നുന്നു, ഒരിക്കലും വേണ്ടാത്ത രീതിയിൽ, ആരും തന്നെ ധൈര്യപ്പെടാത്ത രീതിയിൽ, വളരേ മോശായിട്ട് കൊണ്ടെ സിനിമ അവസാനിപ്പിച്ചിരിക്കുന്നതു.

ഇത്രേം പറഞ്ഞത്, സിനിമയുടെ എഴുത്ത്/എടുപ്പ് വശം -  സിനിമയുടെ ടെക്ക്നിക്കൽ വശം പറഞ്ഞാൽ, ഉഗ്രൻ എന്ന വാക്ക് പോരാതെ വരും വർണ്ണിക്കാൻ. സിനിമയുടെ ടേണിങ്ങ് പോയിന്റ് എന്നു വേണമെങ്കിൽ പറയാവുന്ന (എന്റെ ഊഹം ശരിയെന്നു ഉറപ്പിച്ച മുഹൂർത്തം)   ഒരു ഷൂട്ടൗട്ട് ഉണ്ട് - രാത്രിയിൽ ഒരു നൈറ്റ് മാർക്കറ്റിലെ ഒരു സംഭവം. അത് നടത്തുന്നവരെ കാണിക്കുന്ന രീതി - ശരിക്കും ഇന്റർനാഷണൽ സ്റ്റൈയിൽ!. എനിക്കിഷ്ടായി. അതു ഒരു സീൻ മാത്രം - അതല്ലാതെ സിനിമ മൊത്തം സിനിമാറ്റോഗ്രാഫറും എഡിറ്ററും മറ്റു ടെക്ക്നിക്കൽ ക്രൂവും ഭരിക്കുകയാണു. :) .. പക്ഷെ, ഇവർക്കൊന്നും സിനിമ മുറുക്കിയെടുക്കാൻ കഴിഞ്ഞില്ല എന്നതു ഒരു പരാജയം തന്നെയാണു.

ആക്ടേഴേസ് : ഐഡിയ മൊബൈലിന്റെ പരസ്യങ്ങൾ എനിക്ക് വളരേ അധികം ഇഷ്ടം ആണു- അതിനു, അതിലെ ജൂനിയർ ബച്ചന്റെ അനായാസമായുള്ള അഭിനയം ഒരു കാരണം ആണു. അഭിഷേക് ബച്ചൻ ഉഗ്രനായിട്ടുണ്ട് ഇതിലും. ‘ ജാനേ തൂ യാ ജാനേ നാ‘ യിൽ വന്നു ഉഗ്രനാക്കിപ്പോയ രാജ് ബബ്ബാറിന്റെ മകനും നന്നാക്കിയിട്ടുണ്ട് - എല്ലാരും തന്നെ ഉഗ്രനായി അഭിനയിച്ചിട്ടുണ്ട് . ലവനു കൂടുതൽ പടങ്ങൾ ആരും കൊടുക്കാത്തതോ, അവൻ വരുന്ന ഓഫറുകൾ ഒഴിവാക്കുന്നതോ? വിദ്യാ ബാ‍ലൻ ഒക്കെ ചുമ്മാ വന്നു പോവുന്നുണ്ട് - ഗസ്റ്റ് അപ്പിയറൻസ് ആയിട്ട്.

ഒറ്റ വാചകത്തിൽ : ഇടക്ക് ഇഴച്ചിലുണ്ടെങ്കിലും, കണ്ടിരിക്കാ‍വുന്ന ഒരു സിനിമ.

വാൽക്കഷ്ണം :  ദീപികാ പദുകോൺ വന്നു അവളുടെ 26 ഇഞ്ച് വയറു കാണിച്ചോണ്ടൊരു ഐറ്റം നമ്പറും ഇറക്കിയിട്ടുണ്ട് - അവളാണു ഈ സിനിമയുടെ പോസ്റ്ററുകളിൽ കൂടുതലും വന്നതു. ഹോ .. എന്നാ വയറാ അവളുടേ .. ഇത്രേം 'ദൂരം' ഉണ്ടോ എല്ലാരുടേം വയറിനു !!! 26 ഇഞ്ച് !!! :-o

ഈ സിനിമ വിൽക്കാൻ ഉണ്ടാക്കിയ റ്റാഗ് ലൈൻ കണ്ടല്ലോ - അതു വമ്പൻ പ്രശ്നങ്ങൾ ഉണ്ടാക്കി, കേസുകൾ പലതു ഫയൽ ചേയ്യപ്പെട്ടു - പക്ഷെ അതൊക്കെയും നിർമ്മാതാക്കളുടെ ലാഭം കൂട്ടാനേ ഉപകരിച്ചൊള്ളൂ..

ഈ സംവിധായകന്റെ രണ്ടാമത്തെ പടമാണു ഞാൻ കാണുന്നതു - ആദ്യത്തേത് ബ്ലഫ് മാസ്റ്റർ. ആ സിനിമയിൽ ആയിരുന്നു എനിക്ക് അഭിഷേകിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതു. പക്ഷെ ആ സിനിമ ഒരു സൂപ്പർ ഹിറ്റ് ഹോളീവുഡ് സിനിമയിൽ നിന്നും അടിച്ച് മാറ്റിയതായിരുന്നു - ആ സിനിമ പിന്നെ മലയാളികൾ വീണ്ടും അടിച്ച് മാറ്റി!