Showing posts with label Lets vote. Show all posts
Showing posts with label Lets vote. Show all posts

Wednesday, April 15, 2009

പൊതുജനം രാജാക്കന്മാര്‍ ..




പൊതുജനം കഴുതകള്‍ എന്ന 'മഹത് വാക്യം' ഒരു ദിവസത്തേക്ക് അവധിയില്‍ പോയി, പകരം ‘പൊതുജനം രാജാക്കന്മാര്‍‘ എന്നു ആവന്ന ഒരു അപൂര്‍വ ദിനമാണ് നാളെ. അതെ, നാളെ, നാളെയാണ് നമ്മുടെ ദിവസം .. നീലക്കുറിഞ്ഞി മനം നിറയെ പൂക്കും പോലെ, ഹാലീസ് കോമറ്റ് ചിരിച്ചുകൊണ്ട് കടന്നു പോവ്വും പോലെ, വല്ലപ്പോഴും ഒരിക്കല്‍ നമ്മുക്കുണ്ടാവുന്ന ഒരു ഭാഗ്യം - അതെ, നാളെ ആണ് വോട്ടിങ്ങ് ഡേ.


“ഓ .. എന്തിനു വോട്ട് ചേയ്യണം, ഈ നാടു ഒരിക്കലും നന്നാവില്ലാ!!“


ഒരു നാടും നന്നായി അല്ല പിറന്നു വീഴുന്നതു, അതു നന്നാക്കപ്പെടുകയാണ്, ഉത്തരവാദിത്യമുള്ള ജനങ്ങളാല്‍, ആ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന കഴിവുറ്റ നേതാക്കളാല്‍. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നമ്മുടെ നാടിന്റെ ഭാവി നിശ്ചയിക്കാനൊരു അവസരം നമുക്ക് നമ്മുടെ മഹാന്മാരായ നേതാക്കള്‍ പണ്ട് പട പൊരുതി വാങ്ങിത്തന്നതാണ്. ആ ദിവസം വീട്ടിലിരുന്നു കപ്പലണ്ടി കൊറിച്ചാല്‍, ഈ രാജ്യം നന്നാവുമെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

ഇല്ലായെങ്കില്‍, നാളെയാണ് ആ ദിവസം .. പുറത്തിറങ്ങുക, പാര്‍ട്ടിയോ, മതമോ, സമുദായമോ, കൊടിയുടെ നിറമോ ഒന്നും നോക്കാതെ, സ്ഥാനാര്‍ഥിയുടെ കഴിവും, വിദ്യാഭ്യാസവും, പ്രകടന പത്രികയും അവയിലെ നയങ്ങളും, രാഷ്ട്രീയ സംശുദ്ധതയും നോക്കി മാത്രം നിങ്ങള്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക. ഓര്‍ക്കുക, നിങ്ങളാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുക. ഭാരിച്ചൊരു ഉത്തരവാദിത്യം ആണതു - ആ അവസരം നന്നായി വിനിയോഗിക്കുക !


“എല്ലാം കള്ളന്മാരാ .. “


അതിനു ആരാണ് ഉത്തരവാദികള്‍? നമ്മള്‍ തന്നെ. വോട്ടിടാത്ത നമ്മളാണ് ഈ പറയുന്ന കള്ളന്‍‌മാരെ ഈ കസേരയില്‍ പിടീച്ചിരുത്തിയതു. നമ്മള്‍ തീരുമാനിച്ചാല്‍ നാടിനെ കട്ടുമുടിക്കുന്ന കള്ളന്മാരെ വീട്ടിലിരുത്താന്‍ ആവും. വിശ്വാസിക്കില്ല?? ഞാന്‍ തരാം തെളിവു!

കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പിനും ഉണ്ടാവുന്ന വോട്ടിങ്ങ് ശതമാനം, ഏകദേശം 70% ആണു. ബാക്കി വരുന്ന 30% ചുമ്മാ വീട്ടിലിരുന്നു അവധി ആഘോഷിക്കുന്നു, അവര്‍ക്ക് ഒന്നുകില്‍ ഈ സിസ്റ്റത്തോടു വെറുപ്പു, അല്ലായെങ്കില്‍ വിശ്വാസമില്ലാ! ഒരു സ്ഥാനാര്‍ഥി വിജയിക്കുന്നതു വെറും രണ്ടോ മൂന്നോ ശതമാനത്തിനാണെന്നിരിക്കെ, വോട്ട് രേഖപ്പെടുത്താത്ത ആ 30%-ല്‍ 10% എങ്കിലും ആളുകള്‍ കൂടെ വോട്ട് ബുദ്ധിപരമായി രെഖപ്പെടുത്തിയാല്‍ .. നമുക്കു തീരുമാനിക്കാനാവും, ആര്‍ നമ്മളെ ഭരിക്കണമെന്നു!

സൊ, അവസരം പാഴാക്കാതിരിക്കൂ, നാളെ രാവിലെ തന്നെ പ്രതികരിക്കൂ .. അഞ്ച് കൊല്ലത്തിലൊരിക്കല്‍ ഒരു അര മണിക്കൂര്‍ നമ്മുടെ രാജ്യത്തിനായി മാറ്റി വൈക്കൂ ..