Monday, September 13, 2010

എത്സമ്മ എന്ന ആൺകുട്ടി - Elsamma enna Aankutty (5.5/10)


Malayalam/2010/Family/IMDB/(5.5/10)


പ്ലോട്ട് : എത്സമ്മ എന്ന നായകൻ(ആൻ അഗസ്റ്റിൻ - അതെ - നമ്മുടെ ആറാം തമ്പുരാനു ഉത്സവം നടത്താൻ ചാക്ക് കണക്കിനു നോട്ട് കെട്ടുകൾ കൊണ്ടെ കൊടൂത്ത അതേ കള്ളപ്പണക്കാരന്റെ മകൾ) - ആ നാട്ടിലെ പത്രവിതരണക്കാരിയാണു, അതു കൊണ്ട് അവിടത്തെ ലോക്കൽ പത്ര റിപ്പോർട്ടറൂം ആണു. കള്ളവാറ്റ് നിർത്തുക എന്ന സിമ്പിൾ കേസ് തുടങ്ങി മദ്യപാനിയുടെ ചെപ്പക്കിട്ട് രണ്ട് പൂശ് പൂശി അവന്റെ കള്ളൂ കുടി നിർത്തുക വരെയുള്ള ധീരകൃത്യങ്ങൾ എത്സമ്മയുടെ ഹോബികൾ ആണ്.  സ്ഥലം SI ക്കും, കൊമ്പൻ‌മീശക്കാരനും കള്ളവാറ്റുകാരനും ആയ വിജയരാഘവനും, അങ്ങേരുടെ കുളിക്കാത്ത ഗുണ്ടകൾക്കും ഒക്കെ എത്സമ്മയെ തൂറോളം പേടിയാണു. (എന്തു കണ്ടിട്ടാണേന്നു ചോദിക്കല്ലേ പ്ലീസ് - അതു ലാൽജോസേട്ടനു പോലും അറിയില്ല)

പാലുണ്ണിയെന്നു അറിയപ്പെടുന്ന നായിക(കുഞ്ചാക്കോ ബോബൻ) ആ നാട്ടിലെ മുഖ്യ ഡയറിഫാം ഉടമയും (പശുത്തൊഴുത്ത് ഉടമയെന്നു വായിക്കുക)  പാലിന്റെ കുത്തക വിതരണക്കാരനും ആണു. സ്മാർട്ടായ എത്സമ്മയോടുള്ള ഇഷ്ടം പറയാൻ പേടിച്ച് നടക്കുന്ന നായിക ആണു ഇതിൽ പാലുണ്ണി. എത്സമ്മ എന്ന നായകന്റെ ആ നാട്ടിലെ വീരകൃത്യങ്ങൾ ആണു എത്സമ്മ എന്ന ആൺകുട്ടി എന്ന പടത്തിലൂടെ ലാൽജോസ് പറയാൻ ‘ശ്രമിക്കുന്നത്’.


വെർഡിക്ട് : കാസ് പോയി!
പടം നിരാശപ്പെടുത്തി എന്നു പറഞ്ഞാൽ അതു തെറ്റാവില്ല. ക്ലാസ്മേറ്റ്സും മറവത്തൂരും രണ്ടാം ഭാവവും ഒക്കെ നമുക്ക് തന്ന ലാൽജോസിന്റെ കൈയ്യിൽ നിന്നും ഇങ്ങനത്തൊരു ഫിലിം ... പുതുമുഖ നായകൻ, ചെറിയ സെറ്റപ്പ്, മലയാള സിനിമയുടെ ഈ ദുർഘട ഘട്ടത്തിൽ വന്നതിൽ തരക്കേടില്ലാത്ത പടം - എന്നിങ്ങനെ ഉള്ള എക്സ്ക്യൂസുകൾ മുൻ‌കൂട്ടി തയ്യാറാക്കി വച്ചിട്ടില്ലാ എങ്കിൽ ഇതൊരു ഒന്നാം തരം പൊട്ട പടം ആണു. ഇതൊക്കെ തയ്യാറാക്കി വച്ച് ഒരു സഹാനുഭൂതിയോടെ ആണു പടം കാണുന്നതെങ്കിൽ, ഒരു ആവറേജ് പടവും ആണിത്. ലാൽജോസിന്റെ പിന്നോട്ട് നടത്തം തുടരുകയാണു..

ഗോളാന്തരവാർത്തകൾ എന്ന പടത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലേഡീ പതിപ്പാണു ഈ പടത്തിലെ എത്സമ്മ.  തീയറ്ററിന്റെ കുഴപ്പം ആണോ എന്നറിയില്ല - സൗണ്ട് ഒക്കെ ഒരേ കച്ചറ - എത്സമ്മയുടെ ഡബ്ബിങ്ങ് ചിലപ്പോഴൊക്കെ  വളരേ Out of sync ! ലൊക്കേഷൻ കിടു. ചില ക്യാമറാ ആംഗിൾസും മൂവ്മെന്റ്സും വളരേ ഇഷ്ടായി.  മേക്കപ്പ്മാൻ./വുമൺ കാര്യായി അധ്വാനിച്ചിട്ടുണ്ട് -  മിക്ക കഥാപാത്രത്തിന്റേം മുഖത്ത് റോസ് പൗഡറും മറ്റും തെറിച്ച് നിൽക്കുന്നുണ്ടായിരുന്നു.

ആ കൊച്ച് തരക്കേടില്ല (സുന്ദരി ആയതു കൊണ്ട് പറഞ്ഞതാ അങ്ങനെ - ബോറാ, പക്ഷെ മെച്ചപ്പെടുവായിരിക്കും!)  കുഞ്ചാക്കോ നന്നാക്കി. ജഗതി ഉഷാറാക്കി. സുരാജ് ബോറാക്കിയില്ല. ഇന്ദ്രജിത്ത് കലക്കി - അവൻ കൊള്ളാം ഈ പടത്തിൽ. ഇന്ദ്രജിത്ത് ആണു ഈ പടത്തിലെ ഏറ്റവു മികച്ച പെർഫോർമൻസ് നടത്തിയിരിക്കുന്നതു. പക്ഷെ ഇതൊന്നും സിനിമയെ രക്ഷപ്പെടുത്തുന്നില്ല.
എന്റെ കൂടെ പടം കാണാൻ വന്ന അമ്മയെ  എനിക്ക് ഉണർത്തേണ്ടി വന്നു “സിനിമ തീർന്നു - വീട്ടിൽ പോവാം” എന്നു പറയാൻ!  ആദ്യ ഭാഗം തരക്കേടില്ല - മധ്യം അറു ബോറ് - അവസാനം ആവറേജ്.  ഇടക്ക് വന്ന കാട്ടാള ഡാൻസും സ്വപ്ന-പാട്ടും ഒക്കെ തികച്ചും അനാവശ്യമായിരുന്നു.

ലോജിക്കോ ഒന്നും നോക്കാതെ ചുമ്മാ ഒരു ടൈം പാസ് ആണു ഉദ്ദേശിക്കുന്നതെങ്കിൽ മാത്രം ഈ പടം കാണുക. ഇല്ലായെങ്കിൽ അടുത്ത തീയറ്റർ നോക്കിക്കോള്ളുക.

വാൽക്കഷ്ണം : ലാൽ ജോസ് പടങ്ങളുടെ പരസ്യങ്ങൾ എല്ലായ്പ്പോഴും വളരെ മികച്ചത് ആവാറൂണ്ട്. എത്സമ്മ എന്ന ആൺകുട്ടി എന്ന ഈ പടത്തിന്റേയും പോസ്റ്ററുകൾ വ്യത്യസ്ഥത പുലർത്തി. ചില സംഭവങ്ങൾ .. കുത്തി വലിയ പടം കാണുക.1 comment:

  1. film kandilla engilum orupadu positive reviews kettu from friends...but this review...hmm..film kandu nokkaam ..:)

    ReplyDelete