Thursday, November 18, 2010

ദി എംഗേജ്മെന്റ് - The Engagement (10/10)



The Engagement/2010 November 14/Family-Drama/(10/10)

പ്ലോട്ട് :  'ദി ലൈഫ്' എന്ന സിനിമാ-സീരീസിലെ ആദ്യ സിനിമയാണു, 'ദി എംഗേജ്മെന്റ്'. ഈ നവംബർ മാസത്തിലെ രണ്ടാം ഞായറാഴ്ച ഈ വർഷത്തെ തന്നെ ഏറ്റവും മികച്ച ഞായറാഴ്ചയായിട്ട് എനിക്ക് തോന്നാൻ കാരണം ഈ  ഈ ആദ്യഭാഗത്തിന്റെ റിലീസിങ്ങ് തന്നെ ആണു. വളരേ നാളായി ഈ സിനിമാ സീരീസിനെപറ്റി പിന്നാമ്പുറപ്രവർത്തകർക്കിടയിൽ പോലും ഉണ്ടായിരുന്ന സസ്പെൻസിനും സംശയങ്ങൾക്കും ചിത്രത്തിന്റെ സംവിധായകർ അവധി നൽകുകയാണു, ഈ ആദ്യ ഭാഗത്തിന്റെ റിലീസിങ്ങിലൂടെ. കാണികളെ  നായികാ-നായക വിവാഹത്തിന്റെ എംഗേജ്മെന്റിൽ എത്തിച്ച്, അടുത്ത ഭാഗത്തിനായുള്ള പ്രതീക്ഷ ബാക്കി വച്ച് നിർത്തിയിരിക്കുന്നു, ഇരട്ട സംവിധായകർ. 


വെർഡിക്ട് : പടക്കം!
തുടക്കം തന്നെ ഇങ്ങനെ ആണെങ്കിൽ ബാക്കി ഭാഗങ്ങൾ എങ്ങനിരിക്കും ? ആദ്യ ഭാഗത്തിന്റെ ആഫ്റ്റർ എഫക്ട്സ് ഇപ്പോഴും എന്നെ രോമാഞ്ചപുളകിതനാക്കുന്നു.. ഈ ആഫ്റ്റർ എഫക്ട്സ് അടുത്ത ഭാഗം വരുന്നതു വരെ തുടരുക തന്നെ ചേയ്യും, ഞാൻ എന്തു ചേയ്താലും അതിൽ നിന്നും രക്ഷപെടാനാവില്ലാ എന്നെനിക്ക് തോന്നുന്നു .. !

ഈ സിനിമയിലെ ഡ്രാമയും, കോമഡിയും, സെന്റിമെന്റ്സും ക്ലൈമാക്സും ഒക്കെ തന്നെ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ എന്നതിനാൽ, തുടക്കം നൽകുന്ന പ്രതീക്ഷ കുറച്ചോന്നും അല്ല. ഏതോരു സിനിമയുടെ തുടക്കവും, വളരേ പ്രധാനപ്പെട്ടതാണു, പിന്നീടുള്ള സിനിമക്ക് ഉള്ള അടിത്തറ പാകുന്ന ചെറുതല്ലാത്ത കാര്യം ആണു ഒരു മികച്ച തുടക്കം ഓരോ സിനിമക്കും കൊടുക്കുന്നതു. . ആ അടിപ്പൻ തുടക്കം ആണു ഈ സിനിമ.  തുടക്കം തന്നെ ഇങ്ങനെ ഉഗ്രൻ ആക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും നായികാ കഥാപാത്രത്തിനാണെന്നു  പറയേണ്ടിയിരിക്കുന്നു. പുതുമുഖങ്ങൾ നായികാ നായകരായി വരുന്ന ഈ ചിത്രത്തിൽ പാച്ചുവും അഞ്ജുവും മുഖ്യ വേഷങ്ങളിൽ അവതരിക്കുന്നു..

വളരേ സൂക്ഷിച്ചില്ലായെങ്കിൽ  ഡ്രൈ ആകുമായിരുന്ന സിനിമയുടെ ആദ്യ ഭാഗം സുഖമുള്ള ഒരു സ്വപ്ന ലോകത്തേക്ക് ഉയർത്തുന്ന തരത്തിലുള്ള പ്രകടനം ഒരു തുടക്കക്കാരിയുടെ വിറവലില്ലാതെ സ്ക്രീനിൽ ഫലിപ്പിക്കാൻ കഴിഞ്ഞ നായികയായ അഞ്ജുവിന്റെ പക്വമായ ഇടപെടൽ ഭാവി ഭാഗങ്ങളിലേക്കുള്ള എന്റെ പ്രതീക്ഷകൾ വർദ്ധിപ്പികുന്നു. പക്ഷെ എന്നെപ്പോലെ സംവിധായകർക്കും മറ്റു പിന്നാമ്പുറപ്രവർത്തകർക്കും, കാണികൾക്കും തന്നെ അഞ്ജുവിലുള്ള ആ അളവറ്റ പ്രതീക്ഷയുടെ ഭാരം ആ കുട്ടിയെ ദുർബലയാക്കാതിരിക്കാൻ അവൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, വളരേയധികം.

വാൽക്കഷ്ണം : ഒരു പാട്ട് പോലുമില്ലാത്ത റൊമാന്റിക്ക് മൂവി - ഫന്റാസ്റ്റിക്ക് സ്വപ്ന-ഷോട്ടുകൾ വഴി  സ്വപ്നഭാഗങ്ങൾ അതി മനോഹരമെങ്കിലും, ഒന്നോ രണ്ടോ പാട്ടുകൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ സിനിമയെ അവ അതിന്റെ മൂഡിലേക്ക് ഈസിയായി കൊണ്ടു വന്നേനേ എന്നു തോന്നുന്നു - പക്ഷെ പാടാനറിയില്ലാത്ത തിലകന്റെ ശബ്ദമുള്ള നായകൻ യേശുദാസിന്റെ പിന്നണി ശബ്ദത്തിൽ പാട്ടുപാടി അഭിനയിക്കുന്നതു ആലോചിക്കാനേ പറ്റില്ല എന്നുള്ളതും വാസ്തവം. - പക്ഷെ ഉള്ളതു പറയണമല്ലോ, പാട്ടില്ലാത്തതു ഒരു കുറവ് തന്നെയാണു!

ജനുവരി 30 നു ആണു അടൂത്ത ഭാഗമായ ‘ദി വെഡ്ഡിങ്ങ്’ റിലീസ് പ്ലാൻ ചേയ്തിരിക്കുന്നതു - സിനിമയുറ്റെ പിന്നാമ്പുറ പ്രവർത്തകർ ഈ രണ്ടാം ഭാഗം ഒരു സംഭവം തന്നെ ആക്കാനുള്ള ശ്രമം ഈ പോസ്റ്റിടുമ്പോഴേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു ...  മടി കാണിക്കാതെ നിങ്ങൾ എല്ലാവരും ആദ്യ ഷോ തന്നെ കണ്ട് ഈ നല്ല സിനിമാ സീരീസിനു എല്ലാവിധ പിന്തുണയും നൽകണം എന്നാണു എന്റെ ആഗ്രഹം. :)

(സംശയാലുക്കൾക്കായി ഒരു വാക്ക് : ഇതു ഇപ്പോൾ ഏപ്രിൽ മാ‍സമല്ല, അതു കൊണ്ട് ഇതിൽ ഒരു ഏപ്രിൽ ഫൂളിന്റെ  ചാൻസേ ഉദിക്കുന്നില്ല )  ;)


1 comment: