Sunday, August 29, 2010

പ്രിൻസ് ഓഫ് പേർഷ്യ - Prince of Persia: The Sands of Time (5/10)


English/2010/Action-Adventure/IMDB/(5/10)
Rated PG-13 for intense sequences of violence and action.

പ്ലോട്ട് :  ലോകത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ നീണ്ട് നിവർന്നു ഏമ്പക്കം വിട്ട് കിടക്കുന്ന പേർഷ്യൻ സാമ്രാജ്യത്തിലെ സുൽത്താൻ, അങ്ങേർക്ക് ഒരു അനിയൻ, രണ്ട് മക്കൾ. ഒരു ദിവസം വഴിക്കരുകിൽ വച്ച് അങ്ങേരുടെ തന്നെ പട്ടാളക്കാരെ ഇടിച്ചിട്ട് ഓടിയ ഒരു അനാഥബാലനെ (ലവനാണു നായകൻ) അങ്ങാരു കൊട്ടാരത്തിൽ കൊണ്ടു ചെന്നു മകനെ പോലെ വളർത്തുന്നു. അവർ വളർന്നു വലുതാവുന്നു - അവർ ഒരു പുണ്യ പട്ടണം ആക്രമിച്ച് കീഴടക്കാൻ ശ്രമിക്കുന്നു. മൂത്ത പ്രിൻസ് ആജ്ഞാപിക്കുന്നതിൽ നിന്നും വിപരീതമായി നമ്മുടെ അനാഥ പ്രിൻസ് വളരേ സാഹസികമായി ഒറ്റക്ക് പട്ടണം കീഴ്പ്പെടുത്തുന്നു! (ബാക്കി പട്ടാളക്കാരെ ഒക്കെ പിരിച്ച് വിട്ട് അത്രേം ശമ്പളം ലാഭിച്ചേനെ ഞാൻ ആയിരുന്നു രാജാവെങ്കിൽ.)  അവിടെനിന്നും കിട്ടുന്ന ഒരു കഠാര കഥയുടെ ദിശ വീണ്ടും മാറ്റുന്നു. തൂണിലും തുരു‌മ്പിലും ഒന്നുമല്ല, പക്ഷെ ആ കഠാരയിൽ ആണു  ലോകം തന്നെ ഇരിക്കുന്നതെന്നു നമുക്ക് പിന്നീടേ മനസ്സിലാവൂ. ... ഇനീം ഞാൻ പറഞ്ഞ് കാണാൻ ഇരിക്കുന്നവരെ കൂടെ ചന്തിക്കടിച്ച് ഓടിക്കണില്ല, കാണു, അനുഭവിക്കൂ.

വെർഡിക്ട് : ആദ്യം നല്ല കാര്യങ്ങൾ : നല്ല ആക്ഷൻ, നല്ല റോപ്പ് ട്രിക്ക്സ്, ഗ്രാഫിക്ക്സ്, റെൻഡിഷൻ എന്ന പടത്തിൽ അഭിനയിച്ച പയ്യൻ ഇതിലും നന്നാക്കിയിട്ടുണ്ട്(എന്തോ ഗില്ലറ്റിൻ എന്നോ മറ്റോ ആണവന്റെ പേരു, ഞാനിന്നു നാക്കു വടിച്ചിട്ടില്ലാത്തതു കൊണ്ട് ശരിക്ക് ആ പേരു എഴുതാൻ പറ്റണില്ല), ബെൻ കിങ്ങ്സ്ലി റോൾ തരക്കേടില്ലാതെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്, നായിക പെയ്മെന്റ് സീറ്റ് ആണെന്നു തോന്നുന്നു - നായികയുടെ മുഖത്ത് വികാരം വാരിവിതറപ്പെടണമെങ്കിൽ  ഇനിയും കോറേ ജന്മങ്ങൾ ജനിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു, നായായും, നരിയായും, പിന്നെ നരനായും!. 


ആദ്യമൊക്കെ സംഭവം നന്നായിട്ട് പോയി, പക്ഷെ സമയം കഴിയുന്തോറും ബോറായി തുടങ്ങി.ഹല്ലേ കേൾക്കണേ കഥ .. നല്ല പൊതിരെ അടി നടന്നോണ്ടിരിക്കാണേ .. ഇടിയിൽ തോറ്റാൽ ഞാനും നിങ്ങളും എന്റെ അപ്പുറത്തെ വീട്ടിലെ സൂസിയും അടക്കം സകലരും തവിടൂ പൊടിയാവും എന്ന സ്ഥിതിയാ  .. അപ്പഴാ ദാണ്ടേ നായകനും നായികക്കും കൂടെ മുട്ടൻ കിസ്സിങ്ങ് .. ഹോ .. എനിക്കിത് ഇതു കാണു‌മ്പോഴാണൂ ചൊറിയണതു...ഇവനൊക്കെ ഒരു ഉത്തരവാദിത്യമുണ്ടോ? ഹോളിവുഡാണു പോലും ഹോളിവുഡ് !

അതു പോലെ നായിക തൂങ്ങിക്കിടക്കുന്നു നായകന്റെ കൈയ്യിൽ, താഴെ കൊക്ക .. നായിക : വിടൂന്നേ, പൊയി ലോകത്തെ രക്ഷിക്കൂ ..നായകൻ : വിടില്ല ചക്കരേ .. വിടൂ .. വിടില്ലാ ... വിടൂ .. വിടില്ലാടീ ... ഗർ‌ർ‌ർ .... ഒന്നു വിടടാ പേട്ടു ചെക്കാ, സൂസി ഇപ്പ ചാവും അപ്പഴാ അവന്റെ പിള്ളെരു കളി എന്നു എനിക്ക് ചൂടായി പറയേണ്ടി വന്നു, കൈ വിടാൻ .. അത്രേം നേരം ഈ കളിയായിരുന്നു ലവരു രണ്ടും കൂടെ - അവനറിയാം, അവന്റെ കൈയ്യിലെ കഠാരയുടെ സ്വിച്ച് ഞെക്കിയാൽ (അതെ, അന്നും ഉണ്ടായിരുന്നു സ്വിച്ചും ട്രിഗറും, റിമോട്ടും ഒക്കേ) എല്ലാം പഴേ പടീ ആവുമെന്നു, അപ്പഴാ അവന്റെ സെന്റി!. ഇഡിയറ്റ് - ഇവനെ ഒക്കെ സിനിമയിൽ എടുത്ത ഗീർവാസീസ് ആശാനെ പറഞ്ഞാൽ മതിയല്ലോ!.


അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ, ഇത്രേം കാശു മുടക്കി പടം പിടിക്കുവാണു, ഒരു ഹിറ്റ് ഗെയിമിനെ ബേസ് ചേയ്ത് പടം പിടിക്കുവാണു, ഗ്രാഫിക്ക് ആർട്ടിസ്റ്റുകളെയും കുതിരകളേയും വാളും പരിചയും പപ്പടം കുത്തിയുംമൊക്കെ കാശു മുടക്കി പൊക്കറ്റിൽ ആക്കിയിട്ടുണ്ട് - എന്നാ പിന്നെ ഒരു മര്യാദക്കുള്ള സ്ക്രീൻപ്ലേ കൂടെ സംഘടിപ്പിക്കാമായിരുന്നില്ലേ? മനുഷ്യനെ വടീയാക്കാൻ ഒരു പത്തു ട്വിസ്റ്റും കുത്തിത്തിരുകി ഒരു പടവും പടച്ച് ഇറങ്ങിക്കോളും ഓരോലവന്മാരു ...  ഡിസ്നി ആണു പോലും! ഡിസ്നി.!

നിങ്ങളും കണ്ടു നോക്കൂ, ചിലപ്പോ ഇഷ്ടപ്പെട്ടേക്കാം, ഞാൻ പറഞ്ഞില്ലേ, നല്ല ആക്ഷൻ ഒക്കെ ആണു - കഥ മാത്രം നോക്കരുതു. കാണൂ കണ്ടഭിപ്രായം പറയൂ.


No comments:

Post a Comment