Saturday, January 7, 2012

ബ്യൂട്ടിഫുൾ (8.5/10)


Beautiful/Malayalam/2011/Drama/M3DB/ (8.5/10)

പ്ലോട്ട് : അളവറ്റ സ്വത്തിനുടമയായ സ്റ്റീഫനു (ജയസൂര്യ) കഴുത്തിനു താഴേക്ക് ഒരു സ്വാധീനവും ഇല്ല, തളർന്നു കിടക്കുവാണു. വളരെ കുറച്ച് പേരൊഴികെയുള്ള ബന്ധുജനങ്ങളെല്ലാം തന്നെ സ്റ്റീഫന്റെ സ്വത്തിലാണു കണ്ണ് - പക്ഷെ സ്റ്റീഫൻ ആരേയും അടുപ്പിക്കുന്നില്ല. അദ്ദേഹത്തിനു കൂട്ട് കമലു എന്നും കണാരൻ എന്നും പേരുള്ള രണ്ട് പേരാണു. ഒരിക്കൽ ഡിന്നറിനു റസ്റ്റോറന്റിൽ ചെല്ലുന്ന സ്റ്റീഫൻ അവിടത്തെ ഗായകന്റെ പാട്ടിഷ്ടപ്പെടുന്നു, ഒരു വലിയ ഗായകനാവാൻ കൊതിക്കുന്ന ജോൺ (അനൂപ് മേനോൻ) എന്ന ആ പാട്ടുകാരനെ കൂടെ കൂട്ടുന്നു. ഇടക്ക് ഹോം നേഴ്സായി പത്രപ്പരസ്യം കണ്ടെത്തുന്ന അഞ്ജലി (മേഘ്നാ രാജ്) കൂടെ അവരുടെ ചെറു കുടുംബത്തിലേക്കെത്തുന്നു  .. ഇവരുടെ കഥയാണു ഈ സിനിമ.

വെർഡിക്ട്  : കിടിലൻ.! വി കെ പ്രകാശ് എന്ന സംവിധായകനെ അദ്ദേഹത്തിന്റെ ശരാശരിയിൽ താഴെയുള്ള പല സിനിമകൾ കാരണം എഴുതിത്തള്ളാറായിരിക്കുവായിരുന്നു - പക്ഷെ ഈ സിനിമ പ്രതീക്ഷ തെറ്റിച്ചു. എന്നെ തറപറ്റിച്ചു ഈ സിനിമ. !

സംവിധാനത്തെക്കാളും, ഈ സിനിമയുടെ തിരക്കഥ/സംഭാഷണം തന്നെയാണു സ്റ്റാർ. അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെ സൂപ്പർ സ്റ്റാർ പട്ടാഭിഷേകം തന്നെയാണീ സിനിമ. അമിത ഡ്രാമയുടെ കൂട്ടില്ലാതെ, സാധാരണ മനുഷ്യർ എങ്ങനെ സംസാരിക്കും, അതു പോലെ സംസാരിക്കുന്ന കഥാപാത്രങ്ങൾ - കോക്ക്ടെയിലിലും ഇതേ സ്വഭാവം അനൂപ് മേനോന്റെ തിരക്കഥ കാണിച്ചിരുന്നു.. സബാഷ് അനൂപ് - ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിക്കഴിഞ്ഞൂ!.

നടന്മാർ : ആദ്യം ജയസൂര്യ. മറ്റുള്ളവർക്ക് സ്വന്തം ശരീരം മുഴുവനുണ്ട് കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിക്കാൻ, പക്ഷെ ജയസൂര്യക്ക് കഴുത്തിനു മുകളിലുള്ള ഭാഗങ്ങൾ മാത്രമേ അനക്കാൻ സാധിക്കുമായിരുന്നുള്ളൂ, സ്റ്റീഫൻ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിക്കാൻ. അത് ഒരു തരി പ്രശ്നം പോലും കൂടാതെ ജയസൂര്യക്കായി - അതിനാൽ ഈ സിനിമയിലേ ജൂറി സ്പെഷ്യൽ മെൻഷൻ ജയസൂര്യക്ക്.


അനൂപ് മേനോൻ : ജോൺ എന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള, സംഗീതജ്ഞനായ ചെറുപ്പക്കാരൻ ആയിട്ട് അനൂപ് കസറി. ജയസൂര്യ ഹ്യൂമർ രംഗങ്ങളിൽ കസറും എന്നു നമ്മൾ കണ്ടിട്ടുള്ളതാണു, പണ്ടേ. പക്ഷെ ഇതിൽ അനൂപ് ആണു ആ സ്ഥാനം കൈയ്യടക്കിയത് . ചില ചമ്മലുകൾ, ഭാവങ്ങൾ ഒക്കെ - ചിലയിടങ്ങളിൽ മോഹൻലാലിന്റെ സുവർണ്ണകാലം അനുസ്മരിപ്പിച്ചു അനൂപ്.

മേഘ്നാ രാജ് : മലയാള സിനിമയുടെ മുഴുനീള ഐറ്റം നായികയായി ഒതുങ്ങിപ്പോയ മേഘ്നക്ക് വിനയൻ ചിത്രങ്ങളിൽ നിന്നോരു മോചനം ഈ സിനിമ വഴി കിട്ടി - അതാവട്ടെ ഉഗ്രനാക്കുകയും ചേയ്തിട്ടുണ്ട്. പ്രിയ മേഘ്നാ, ഒരു കാര്യം പറഞ്ഞോട്ടേ, അടിവസ്ത്രങ്ങളെക്കാളും ചെറു വസ്ത്രങ്ങൾ ധരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നതിനെക്കാളൊക്കെ സാരി മാത്രം ഉടുത്ത് ഈ സിനിമയിൽ എത്തിയപ്പോൾ ഞങ്ങൾക്കിഷ്ടായി - എന്തിനീ തറപ്പടങ്ങളിൽ പോയി അഭിനയിച്ച് സമയം കളയുന്നു ..? ഇത്തരം കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ.



ബാക്കിയുള്ള എല്ലാവരും നന്നായിട്ടുണ്ട്- ഒരാളൊഴിച്ച്. ഉണ്ണിമേനോൻ.  അദ്ദേഹം നന്നായി പാടുമായിരിക്കാം, പക്ഷെ അഭിനയം - പോര.

ഒറ്റ വാചകത്തിൽ : ഡോണ്ട് മിസ്സ് . കണ്ടിരിക്കേണ്ട, കാണാൻ മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.

വാൽക്കഷ്ണം : ഈ സിനിമ റിലീസ് ചേയ്തിട്ട് കുറച്ച് നാളായി, ശരിക്കും ഞാൻ ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ കാണേണ്ട സിനിമ ആയിരുന്നു ഇതു - ഞാൻ കാണാൻ പോയതും ആണു. റീലീസ് ചേയ്ത് എട്ടാം ദിവസം (വെള്ളിയാഴ്ച) ഞാൻ ചേർത്തല പാരഡൈസ് എന്ന തീയറ്റർ തൊഴുത്തിൽ ഈ സിനിമ കാണാൻ ചെന്നപ്പോൾ അവിടെ ഓടുന്നത് ‘ഓസ്തി‘ എന്ന ചിലമ്പരശന്റെ തമിഴ് പടം - ഓർക്കണം - മുല്ലപ്പെരിയാർ പ്രശ്നത്തിൽ മലയാള സിനിമകൾ തമിഴ്നാട്ടിൽ പ്രദർശനം നിഷേധിച്ചു എന്നു വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ആണിത്. നമുക്ക് മലയാളത്തെ ഒതുക്കണം - അതിനു ഏതു ഭാഷ സിനിമ ഇട്ടാലും ഒന്നുമില്ല. കഷ്ടം.!

വെള്ളിയാഴ്ച സിനിമയുടെ റിലീസ് വച്ചിരിക്കുന്നതു തന്നെ എന്റെ അഭിപ്രായത്തിൽ തെറ്റാണു. വീക്കെൻഡുകളിൽ മാത്രമേ മദ്ധ്യവർഗ്ഗ കുടൂംബങ്ങൾക്ക് സിനിമ കാണാൻ ഉള്ള സമയവും സാഹചര്യവും ലഭിക്കൂ, പ്രത്യേകിച്ചും ഒരു വീട്ടിലെ ഭാര്യക്കും ഭർത്താവിനും ജോലിക്ക് പോവേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുള്ളപ്പോൾ.  വെള്ളിയാഴ്ച റിലീസ് ആവുന്ന സിനിമക്ക് ആദ്യ വീക്കെൻഡിൽ വളരേ കുറച്ചേ കുടുംബങ്ങൾ കയറൂ -  ഒന്നാമതേ ഒരു ചെറു നഗരത്തിലെ 10% പേർ പോലും സിനിമ മാറി എന്നു അറിഞ്ഞിരിക്കില്ല, ആ ആദ്യ ദിവസങ്ങളിൽ.  ആളുകൾ അറിഞ്ഞ് വരുമ്പോഴേക്കും, അടുത്ത വെള്ളിയാഴ്ച ആ സിനിമ മാറിയിട്ടുണ്ടാവും, ഏതെങ്കിലും തമിഴ്/തെലുങ്ക് മൊഴിമാറ്റ സിനിമക്കായി. പിന്നെങ്ങനെ നല്ല മലയാള സിനിമക്ക് ആളുണ്ടാവും?

ബ്യൂട്ടിഫുളിന്റെ പോസ്റ്ററുകൾ ചേർത്തല നഗര ഹൃദയത്തിൽ നിന്നും വെറും 3 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ പോലും ഒട്ടിച്ചിട്ടില്ല - കാശ് ലാഭിച്ചതാവും, ഈ സിനിമ വന്നത് ഞാനറിഞ്ഞത് അബദ്ധത്തിൽ തീയറ്ററിനു മുന്നിലൂടെ ഞാൻ കടന്നു പോയപ്പോളാണു. ഇപ്പോ ചേർത്തല ചിത്രാഞ്ജലി തീയറ്ററിൽ ഓടുന്ന ‘അസുരവിത്ത്‘ എന്ന പടത്തിനു ഇതു തന്നെയാവും സ്ഥിതി, കാരണം, അതിനും വലിയ പരസ്യമില്ല - ആ തീയറ്ററിൽ വരേണ്ട അടുത്ത സിനിമ പ്രഖ്യാപിച്ചും കഴിഞ്ഞു, പത്രത്തിലൂടെ! പത്രപ്പരസ്യം മാത്രമല്ല, പോസ്റ്റർ പരസ്യവും ആളുകൾ സിനിമ തീയറ്ററിലെത്തിയെന്നു ജനങ്ങളെ അറിയിക്കാൻ വളരേ ഉപയോഗപ്രദമാണേന്നു എന്തേ സിനിമാക്കാരേ നിങ്ങൾ മറക്കുന്നു?

ഇപ്പോൾ ഈ സിനിമ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവാനുള്ള കാരണം, ചേർത്തലക്കും എറണാകുളത്തിനും ഇടയിൽ എരമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു നല്ല തീയറ്റർ - ‘എരമല്ലൂർ സാനിയ സിനിമാസ്’ 2011ൽ തുടങ്ങിയതിനാൽ ആണു. എഴുപുന്ന ബൈജു എന്ന പേരിൽ നമ്മൾ എല്ലാം അറിയുന്ന സിനിമാ ആർട്ടിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ തീയറ്റർ, ഞാൻ ശരിക്കും ഇതു വരെ കയറിയിട്ടുള്ള തീയറ്ററുകളിൽ ഏറ്റവും മികച്ചതാണു. 170 -200 രൂപ വാങ്ങുന്ന മൾട്ടിപ്ലെക്സുകളെക്കാളൊക്കെ മെച്ചം ആണു ഇവിടത്തെ ആമ്പിയൻസ്, ശുചിത്വം, സ്ക്രീനിങ്ങ്, ഓഡിയോ, ക്രൗഡ്, ഒക്കെ.  ശരിക്കും സിനിമ എന്നത് എന്തെന്നറിയാവുന്ന ഒരിടത്ത് സിനിമ കാണുന്ന പ്രതീതി - ഒരു സീരിയസ്നെസ്സ് എനിക്കൂണ്ടായി ഈ തീയറ്ററിൽ സിനിമ കണ്ടപ്പോൾ.

കൂക്കിവിളികളോ, അമിത കൈയ്യടികളോ, പൂച്ച കരയലുകളോ, കമന്റടികളോ അനുവദിക്കാത്ത ഇത്തരം തീയറ്ററൂകൾ ആണു കേരളത്തിനാവശ്യം - അങ്ങനെയെങ്കിലേ മലയാള സിനിമ രക്ഷപ്പെടൂ. എരമല്ലൂർ സാനിയ സിനിമക്ക് പത്തിൽ പത്ത് മാർക്ക്സ്.  എല്ലാവരും സിനിമാ തീയറ്ററുകൾ കല്യാണ മണ്ഡപങ്ങളാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രേം നല്ലോരു തീയറ്റർ സ്വന്തം നാട്ടാർക്ക് ഒരുക്കിത്തന്ന എഴുപുന്ന ബൈജുവിനു ഒരായിരം ഉമ്മകൾ...

കേരളാ സർക്കാർ പ്ലാറ്റിനം ഗ്രേഡ് നൽകിയത് വെറുതെയല്ല ഈ തീയറ്ററിനു - പാരഡൈസുകളും ചിത്രാജ്ഞലികളും ഇവിടെ പോയി പണി പഠിക്കട്ടെ.. ഇഡിയറ്റ്സ്!


8 comments:

  1. റിവ്യൂ കലക്കി .. ഈ പടം കണ്ടിട്ട് തന്നെ കാര്യം :)

    ReplyDelete
  2. ഡേയ് ഡേയ്.. സിനിമ റിലീസായത് അറിഞ്ഞില്ലത്രേ..അതും എറണാകുളം നഗരത്തിലുള്ള ഒരുത്തൻ!!. എന്നെ വിളിച്ചൊന്നു ചോദിച്ചുടേ മനുഷ്യാ ഏതു വിവരവും?!

    പിന്നെ മേഘനയെപ്പറ്റി പറഞ്ഞത് അത്ര പിടിച്ചില്ലാട്ടാാ.... എന്തായാലും വിനയന്റെ പടത്തിൽ അഭിനയിച്ചാലും വിലക്കില്ലാത്ത മലയാള സിനിമയിലെ ഒരേയൊരു ആർട്ടിസ്റ്റാാാാാാ ;) :)

    ReplyDelete
  3. റിവ്യൂ കൊള്ളാം ...ഒരു ശാന്ത സുന്ദര സിനിമ ആണെന്ന് തോന്നുന്നു

    ReplyDelete
  4. ക്ലൈമാക്സ് ഒഴികെ ബാക്കിയെല്ലാം വളരെ ഇഷ്ടപ്പെട്ടു. ഞാനും കടുത്ത അനൂപ് ഫാനായി..ഉം..സത്യം!

    ReplyDelete
  5. ഈ റിവ്യൂ എന്നെ തറപറ്റിച്ചു കളഞ്ഞു :)

    എന്നാലും നുമ്മടെ പയ്യന്‍ ജോമോനെ കുറിച്ച് ഒരു വാക്ക് പോലും എഴുതാതിരുന്ന പാച്ചു രണ്ട് ദിവസത്തേക്ക്‌ എങ്കിലും എന്റെ വീടിന്റെ മുന്നില്‍ കൂടി വണ്ടിയും ഓടിചോണ്ട് പോകാതിരിക്കുന്നതാ നല്ലത് ...ഹും

    ReplyDelete
  6. @വിമൽ : നാട്ടിലേക്കെന്നാ? തീയറ്ററിൽ കാണൂ പറ്റുമെങ്കിൽ..

    @നന്ദൂ : എറണാകുളത്ത് സിനിമാ കാണുന്നത് പ്രാക്ടിക്കൽ അല്ലാ നന്ദൂ - നമ്മുടെ ടൈമിംഗ്സ് ചേർത്തലയിൽ സിനിമ കാണുന്നതിനേ സമ്മതിക്കൂ .. അല്ലെങ്കിൽ സെക്കന്റ് ഷോ വരെ ഭാര്യേം ആയിട്ട് എറണാകുളത്ത് കറങ്ങി നടക്കണം - ആ മാസത്തെ ബജറ്റ് അവതാളത്തിലാവാൻ അതു പോരേ? ;) ..

    അതു മാത്രമല്ല കാര്യം - ഞാൻ ശരിക്കും ഒരു നാടനിഷ്ടപ്പെടൂന്ന ആളാണു - എന്തും ചേർത്തല കഴിഞ്ഞേ ഉള്ളൂ മറ്റിടങ്ങളിൽ എന്നു വിശ്വസിക്കുന്ന ഒരു പഴഞ്ചൻ. “കൊച്ചീൽ എന്തോരം ചോയ്സുകൾ ഉണ്ട് അവിടേക്ക് മാറി താമസിക്കണം“ എന്നു പറയുന്നവനെ “ചേർത്തലയുടെ മിനിമം ഇരട്ടി ചെലവ് ആണു അവിടെ താമസിക്കാൻ” എന്നോ “കത്തി വിവിധ ഷേപ്പുകളിൽ തൂക്കി വിൽക്കുന്ന കൊറേ മാളുകൾ ഇല്ലാന്നെല്ലാതെ ചേർത്തലക്കെന്തുണ്ട് കുഴപ്പം” എന്നോ തിരികെ ചോദിച്ച് ഒരു ചേർത്തലക്കാരന്റെ കൊഴിഞ്ഞ് പോക്ക് ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരു ആവറേജ് നോൺ-പ്രാക്ടിക്കൽ, കൺസർവേറ്റീവ് ഇഡിയറ്റ്. ആ എനിക്ക്, എറണാകുളത്ത് ഏസി യിൽ പോപ്പ്കോൺ കഴിച്ച് ഇരുന്നു സിനിമ കാണുന്നതിനെക്കാൾ മനസ്സിനെ സമാധാനപ്പെടുത്തുക നേരത്തേ ഇരുന്നവൻ തുപ്പി വച്ചത് കാലേൽ തൊടാതിരിക്കാൻ കാലും പൊക്കി വച്ച്, കപ്പലണ്ടീം കൊറിച്ച്, കറങ്ങുന്നു എന്നു വരുത്തി തൂങ്ങുന്ന ഫാനിനേം കുറ്റം പറഞ്ഞ്, വിയർത്തിരുന്ന് ചേർത്തലയിൽ സിനിമ കാണുന്നതാണു .. അത്തരം അനുഭവങ്ങൾ ഒക്കെയും ഇത്തരം തീയറ്ററുകൾ തമിഴ്-തെലുങ്ക്-സൂപ്പർ സ്റ്റാർ സിനിമകൾക്കായി ഈ തീയറ്ററുകൾ നശിപ്പിക്കുന്നു .. :(

    @വാസു: ക്ലൈമാക്സ് : കുറച്ച് പൊരുത്തക്കേടുകൾ ഉണ്ട് - അതിവിടെ ഡിസ്കസ്സ് ചേയ്താൽ സ്പോയ്ലർ ആവും. സോ വേണ്ട. ശരിയാണു, പക്ഷെ ഒരു ഡിപ്രസ്സിങ്ങ് ക്ലൈമാക്സ് അല്ലാത്ത രീതിയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞൂ, അങ്ങനെ നോക്കുമ്പോൾ, അതു തന്നെ അല്ലേ നല്ല കാര്യം?

    @ഷിനൂ : കാണണം - നാട്ടിൽ വരുമ്പോൾ ഉറപ്പായും.

    $പാക്കരാ : കണ്ടില്ലേ? കാണുന്നില്ലേ? എന്നാ കാണുന്നേ? നാളേ കണ്ടുകൂടേ?

    ReplyDelete
  7. സിനിമാറ്റോഗ്രാഫർ ജോമോനെക്കുറിച്ച് മനപ്പൂർവ്വം പറയാതിരുന്നതാണു - സിനിമ ആവശ്യപ്പെടുന്ന രീതിയിൽ കാമറ ചലിപ്പിക്കാൻ കഴിയും അവനു എന്നത് ചാപ്പാകുരിശിൽ തെളിഞ്ഞതാണു. അത് ഇതിലും തുടരുന്നു - പക്ഷെ, പലയിടങ്ങളിലും, ഒരു ഇംഗ്ലീഷ്/അന്താരാഷ്ട്ര ക്വാളിറ്റി അനുഭവപ്പെട്ടു ഈ ഡിപ്പാർട്ട്മെന്റിൽ. റോഡീലൂടെ ബൈക്കേൽ പോവുന്ന നായകനേം നായികയേയും സൈഡിൽ കൂടെ പോവുന്ന വാഹനങ്ങൾ എങ്ങനെ കാണുന്നു എന്ന ആംഗിളിൽ കാണിക്കുന്നത് ലോജിക്കൽ ആയ ഒരു കാര്യം ആണു - അത് പല സിനിമകളിലും കാണാറില്ല - ആകാശത്ത് നിന്നും, സ്റ്റിയറിങ്ങിന്റെ അടിയിൽ നിന്നും ഒക്കെ കാമറാ അംഗിൾ വരുമ്പോൾ എന്താണാവോ കാമറാമാൻ ഉദ്ദേശിക്കുന്നത് സാധാരണ? അത്തരം അബദ്ധങ്ങൾ ഒന്നും തന്നെ എനിക്ക് കാണാനായില്ല - പക്ഷെ, ഒരു പാട്ടിലോ മറ്റോ ഒരു ഫ്രെയിം ഔട്ട് ഓഫ് ഫോക്കസ് പോലെ എനിക്ക് തോന്നി - പക്ഷെ തോന്നലാവാം.. കണ്ണിൽ പാട വന്നതും ആവാം ആ സമയത്ത്.. ഞാൻ ടെക്ക്നിക്കലീ അത്ര സൗണ്ടല്ല അതോക്കെ പറയാൻ :)

    ഒരു കാര്യം ഉറപ്പ് : ഈ സിനിമയുടെ ‘ഫീൽ ലൈറ്റ്‘ മൂഡ് ക്രിയേറ്റ് ചേയ്യുന്നതിൽ ജോമോനുള്ള പങ്ക് ചെറുതല്ല. ആ മഴയും മറ്റും കുളിർ കോരിയിടുന്നത് സ്റ്റീഫന്റെ മനസ്സിൽ മാത്രവും അല്ല ...

    ReplyDelete
  8. http://roshanpm.blogspot.com/2011/12/blog-post_29.html

    ReplyDelete