Monday, July 11, 2011

Salt N' Pepper - സോൾട്ട് ആൻഡ് പെപ്പർ (8.5/10)

Salt N' Pepper/Malayalam/2011/Drama-Humour/M3DB/ (8.5/10)
Tagline: ഒരു ദോശ ഉണ്ടാക്കിയ കഥ :)

പ്ലോട്ട് : ഒരു തീറ്റപ്രാന്തനായ, നല്ല രുചിയുള്ള ആഹാരത്തെ പ്രേമിക്കുന്ന മദ്ധ്യവയസ്കനായ ഒരു അവിവാഹിതൻ (ലാൽ) അദ്ദേഹത്തിനു അനന്തിരവൻ കൊണ്ടെ കൊടുത്ത മൊബൈൽ ഫോണിൽ ആദ്യം വരുന്ന കോൾ തന്നെ ഒരു റോങ്ങ് നമ്പർ ആണു - അതു വിളിക്കുന്നതാവട്ടെ ഒരു സിനിമാ ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മദ്ധ്യവയസ്കയായ അവിവാഹിത. അവർ ഒരു ചായക്കട എന്നു കരുതിയാണു ആ നമ്പർ വിളിക്കുന്നതു - ആവശ്യപ്പെടുന്നതു ലാൽ ഇതു വരെ കേട്ടിട്ടില്ലാത്ത ഒരു ഭക്ഷണ പദാർത്ഥവും - തട്ടിലെ കുട്ടിദോശ.  ലാൽ ചൂടായിട്ട് ഫോൺ കട്ട് ചേയ്യുന്നു എങ്കിലും, തട്ടിലെ കുട്ടിദോശ എന്ന ഭക്ഷണം അവരെ വീണ്ടും അടുപ്പിക്കുകയാണു. ..

ബാക്കി കഥ തീയറ്ററിൽ :)

വെർഡിക്ട് : കഥ ഒന്നുമില്ല, ദാ മുകളിൽ പറഞ്ഞതു തന്നെ ആദ്യ 15 മിനുറ്റിൽ തീരും, പക്ഷെ ഒരു നല്ല സിനിമ എന്നതു  ഒരു അടച്ചുറപ്പുള്ള, ആരും ഇന്നേവരേയ്ക്കും കേൾക്കാത്ത കഥകളിൽ നിന്നും മാത്രമേ ഉണ്ടാക്കാൻ കഴിയൂ എന്ന മിഥ്യാ ധാരണ പൊളിച്ചെഴുതുന്ന സിനിമകളിൽ മുൻ‌നിരയിൽ ഈ സിനിമ എന്നും ഉണ്ടാവും, ഉറപ്പ്.  കഥ എന്തു എന്നതല്ല, എങ്ങനെ അതു പറയുന്നു എന്നതാണു പ്രധാനം, എന്നു ഈ സിനിമ വീണ്ടും തെളിയിക്കുന്നു.

ഈ സിനിമ : ഒരുഗ്രൻ സിനിമ തന്നെ ആണു. ആദ്യ നിമിഷം മുതൽ നമ്മളെ അക്ഷരാർത്ഥത്തിൽ കൊതിപ്പിച്ച്, വായിൽ വെള്ളമൂറിച്ച് പണ്ടാരടക്കിക്കൊണ്ടാണു അവസാനം വരെ ഈ സിനിമ നീങ്ങുന്നതു.  ഓരോ നിമിഷവും നമ്മളെ ഓരോ ആഹാര സാമാനങ്ങൾ ഇരിക്കുന്നതു കാട്ടി, കഴിക്കുന്നതു കാട്ടി,  ഉണ്ടാക്കുന്നതു കാട്ടി ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാക്കൊല ചേയ്യുകയാണു സിനിമാ സൃഷ്ടാക്കൾ..

സിനിമയിലേക്ക് : ഈ സിനിമയുടെ ഹൈലൈറ്റ് തിരക്കഥയാണു. ആ ക്രിസ്പി തിരക്കഥ സിനിമ ആക്കിയ സംവിധായകന്റെ രീതിയാണു,  ആ സിനിമയിലെ കഥാപാത്രങ്ങളായ താരങ്ങളാണു - ലാലും ശ്വേതയും അക്ഷരാർത്ഥത്തിൽ ജീവിക്കുകയാണു സിനിമയിൽ. പിന്നെ പറയേണ്ട താരം ബാബുരാജ് ആണു - സ്ഥിരം തല്ലുകൊള്ളി പോലീസായി അഭിനയിച്ച് പെട്ടെന്നോരു ദിവസം ഇങ്ങനത്തെ റോളൊക്കെ ചേയ്തു ഞെട്ടിക്കല്ലേ മാഷേ ഞങ്ങളെ .. കലക്കൻ! ആസിഫ് അലി കൊള്ളാം, മൈഥലി ധാരാളം ഞെളിഞ്ഞ് പിടിച്ച് ഓടി നടക്കുന്നും ഉണ്ട്. വിജയരാഘവനും കല്പനയും ഒക്കെ ചുമ്മാ ചെറു റോളുകളിൽ വന്നു പോവുന്നും ഉണ്ട്.  പക്ഷെ ആരും ഓവർ അല്ല, വേണ്ടാത്ത ഒരൊറ്റ കഥാപാത്രങ്ങളില്ല, എല്ലാം വേണ്ടതു മാത്രം. കൂടാതെ ചിരിച്ച് വീഴാൻ മാത്രമുള്ള സംഭവങ്ങളും സിനിമയിൽ അങ്ങോളമിങ്ങോളം ഉണ്ട് താനും. :)

ടെക്ക്നിക്കൽ സൈഡിലും ഒരു കുറ്റമോ കുറവോ പറയാൻ ഞാനാളല്ല. റ്റൈറ്റിൽ ഒക്കെ കിടു അല്ല, കി-ക്കിടു. :) ആഷിക്ക് അബുവിന്റെ ആദ്യ സിനിമ - ‘ഡാഡി കൂൾ’ വളരേ  വെറുപ്പിച്ച സിനിമ ആയിരുന്നു, പക്ഷെ ആ കേട് സോൾട്ട് ആൻഡ് പെപ്പർ മാറ്റി!

എനിക്കിനീം കൊതിയാവുന്നു, ഈ സിനിമ കാണാൻ - വായിൽ വെള്ളമൂറുന്നു ഈ സിനിമ ഒന്നൂടെ കാണാൻ. !

ഒറ്റ വാചകത്തിൽ :  സോൾട്ടും പെപ്പറും മാത്രമല്ല, എല്ലാ രുചികളും ഉള്ളോരുഗ്രൻ സദ്യ!. ഡോൺ‌ഡ് മിസ്സ് ! :)  പ്രാഞ്ചിയേട്ടനു ശേഷം ഞാൻ ശരിക്കും ചിരിച്ച് വീണ ആദ്യ പടം!

വാൽക്കഷ്ണം :  ഒരു റ്റൈറ്റിൽ സോങ്ങ് ഉണ്ട്, നമ്മൾ സീറ്റിൽ ഒന്നു ഇരുപ്പ് ഉറപ്പിക്കുന്നതിനു മുന്നേ തന്നെ നമ്മളെ താറൂമാറാക്കാൻ മാത്രമുള്ള ഒരു ഐറ്റം. കണ്ടിട്ടില്ലാ എങ്കിൽ ദാ ഇവിടെ കാണാം.

സിനിമ കണ്ട് തിരികെ പോവുന്ന വഴിക്ക് ബികുവിന്റെ തട്ടുകടയിൽ കയറാതിരിക്കാൻ നടത്തിയ എന്റെ മനസ്സിന്റെ ശ്രമം ഒട്ടും ഫലം കണ്ടില്ല - അത്രെക്ക് കൊതിയായിപ്പോയി ദോശയും ഓം‌ലെറ്റും ചട്നിയും മുളകും ചേർത്തോരു പിടി പിടിക്കാൻ ..   ഇശ് ...ശ് ... എനിക്കിപ്പോ കരിമീൻ പൊള്ളിച്ചതു കഴിക്കണം .. :(


2 comments:

  1. നല്ല വിവരണം!! അപ്പൊ ധൈര്യായി കാണാ ല്ലേ പാച്ചൂ!!

    ആശംസകള്‍!!

    ReplyDelete
  2. ബികു അല്ല പാച്ചൂ ബിജു... ബിജു...

    ഇന്ന്‍ ഞാന്‍ ഇത് കണ്ടിട്ട് വരും വഴി ബിജുവിന്റെ തട്ട് കടേന്ന് എനിക്ക് ദോശയും, പെണ്ണുബുള്ളക്ക് കപ്പബിരിയാണിയും വാങ്ങിക്കൊടുക്കാം എന്ന് ഉറപ്പിച്ചിരുന്നതാ.. പക്ഷേ ഇന്ന്‍ തുറന്നില്ല ആ തെണ്ടി...

    ReplyDelete