Friday, June 17, 2011

Patiala House - പട്യാലാ ഹൗസ് (5/10)


Patiala House/Hindi/2011/Drama/IMDB/ (5/10)
Rated G  : suitable for General Audience.

പ്ലോട്ട് : ബ്രിട്ടണിലെ ഒരു പഞ്ചാബി കുടുംബം - അവിടത്തുകാരുടെ വർണ്ണവെറിയിൽ ആ കുടുംബനാഥൻ മരണപ്പെടുന്നതോടെ, അദ്ദേഹത്തിന്റെ മകൻ ഇംഗ്ലീഷുകാരെ ഏതു കാര്യത്തിലും എതിർക്കുന്ന, അവർക്കെതിരെ പോരാടുന്ന ഒരാളായി മാറുന്നു - അദ്ദേഹമാണു റിഷീ കപൂർ (സിനിമയിലെ പേരു വലിയ പിടീയില്ല - എല്ലാരുടേം പേരു ഏതാണ്ടൊരുപോലൊക്കെ ഇരിക്കും!).  അദ്ദേഹത്തിന്റെ വാശി കാരണം അദ്ദേഹത്തിന്റെ നല്ലവണ്ണം ക്രിക്കറ്റ് കളിക്കുന്ന മകന്റെ (അക്ഷയ് കുമാർ) ഭാവി തന്നെ തകരുന്നു - അക്ഷയ് കുമാർ ഒരു സാദാ ഡിപ്പാർട്ട്മെന്റ് സ്റ്റോഴ്സ് നടത്തുന്ന ഒരു സാദാ സിക്കുകാരൻ ആയിട്ട് മാറുന്നു. അതു പോലെ ആ വീട്ടിലെ എല്ലാരും അവരുടെ സ്വപ്നങ്ങൾ മറന്നു റിഷിക്കപ്പൂർ പറയുന്നതു പോലെ ജിലേബി ഉണ്ടാക്കിയും ഭജന പാടിയും ടാക്സി ഓടിച്ചും  ഒക്കെ കഴിയുകയാണു അവിടെ.

പിന്നേയും വളരേക്കാലം കഴിഞ്ഞ്, അക്ഷയ്കുമാറിനു തന്റെ സ്വപ്നം - രാജ്യത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കുക എന്ന സ്വപ്നം - സാക്ഷാത്കരിക്കാൻ ഒരു അവസരം വരുന്നതും, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങളും ഒക്കെയാണു ഈ സിനിമ.

വെർഡിക്ട്: കഥ കച്ചറ. സ്വബോധമുള്ളവനു ഒരിക്കലും വിരസത കൺ‌ട്രോൾ ചേയ്യാൻ ആവാത്തത്ര വിരസമായ കഥ. ബാക്ക്ഗ്രൗണ്ട് സ്കോർ എല്ലാ പഞ്ചാബീ സിനിമകളിലേയും പോലെ “ബല്ലേ ബല്ലേ”യും മറ്റേ പെരുമ്പറ കൊട്ടലും.
പക്ഷെ, പടം നന്നായിട്ടെടുത്തിരിക്കുന്നു. അതിനെക്കാൾ മെച്ചമായി അക്ഷയ്കുമാറും മറ്റും അഭിനയിച്ചിരിക്കുന്നു. കാസ്റ്റിങ്ങും കൊള്ളാം - ഇപ്പോൾ പ്രായമായ നായകന്റേയും നായകന്റെ അച്ഛന്റേയും പണ്ടത്തെ റോളുകൾ വേറേ ആളുകളെ വച്ച് ചേയ്തിരിക്കുന്നതും ഇഷ്ടായി - അക്ഷയ് കുമാറിനേയും റിഷിക്കപ്പൂറിനേയും ഒക്കെ രണ്ടിഞ്ച് കനത്തിൽ വാൾപുട്ടി പൂശി പ്രായം കുറച്ചും വേണമെങ്കിൽ അഭിനയിപ്പിക്കാമായിരുന്നു, അതു ചേയ്തില്ല, ടാങ്ക്സ് സംവിധായകാ, ടാങ്ക്സ്.


അക്ഷയ് കുമാർ : സകല സ്വപ്നങ്ങളും നശിച്ച്, സ്വന്തം അച്ഛനു വേണ്ടി സ്വന്തം ജീവിതം അഴുക്ക്ചാലിലേക്ക് ഒലിച്ച് പോവുന്നതു നോക്കി നിക്കേണ്ടി വരുന്ന ഒരാളുടെ നിർവ്വികാരമായ ഭാവം - അതു അക്ഷയ് ഉഗ്രനായിട്ട് അവതരിപ്പിച്ചിരിക്കുന്നു. നല്ല കടൂകട്ടി ഡയലോഗുകൾ വരുമ്പോൾ വേണമെങ്കിൽ അക്ഷയിനു സുരേഷ് ഗോപി സ്റ്റയ്‌ലിൽ അതൊക്കെ പൂശാമായിരുന്നു - പക്ഷെ ചേയ്തില്ല. അതാണു നല്ല അഭിനയം, നല്ല സംവിധാനം.


ഒറ്റ വാചകത്തിൽ : കച്ചറ കഥ, ഡയലോഗുകൾ ഓവർ ഡോസ്, പാട്ടുകൾ ആവറേജ്, ബല്ലേ ബല്ലേ അൺ സഹിക്കബിൾ,  അഭിനയം ഉഗ്രൻ ...  കണ്ടിരിക്കാവുന്ന പടം.


വാൽക്കഷ്ണം : എനിക്ക് ചില കാര്യങ്ങൾ ഒട്ടും മനസ്സിലായില്ല - തന്തപ്പടി സിംഗിനു ഇത്ര ദേഷ്യം ആണു ഇംഗ്ലീഷുകാരേയും, അവരുടെ സംസ്കാരത്തേയും ഒക്കേയെങ്കിൽ എന്തു കൊണ്ട് അങ്ങാരു ബ്രിട്ടണിൽ തന്നെ കെട്ടിക്കിടക്കുന്നു? നാട്ടിലേക്ക് പോന്നൂടെ അങ്ങേർക്ക്? അങ്ങനെ പോന്നാലെങ്ങനെ സിനിമ നടക്കും അല്ലേ? :)

ആ വീട്ടിലെ ഒറ്റണ്ണത്തിനു നട്ടെല്ലില്ല-  എന്നാൽ സംവിധായകൻ പറയുന്നതു അക്ഷയ്കുമാർ “പറ്റില്ല” എന്നു പറയാഞ്ഞിട്ടാണു എല്ലാരും അവിടെ ഈ ഗതിയിൽ ആയിരിക്കുന്നതെന്നാണു. ഭയങ്കര ഔട്ട് സ്പോക്കൺ എന്നൊക്കെ കാട്ടുന്ന ഒരു കുടുംബാംഗവും ഉണ്ടവിടെ, അവനൊക്കെ എന്തേ റിഷിക്കപ്പൂറിനടൂത്ത് “ഒന്നു പോടാപ്പനേ” എന്നു വാ തുറന്നു പറയുന്നില്ല?  അപ്പോ എങ്ങനെ നായകൻ സൂപ്പറാവും അല്ലേ? :)

ഡിമ്പിൾ കപാഡിയ ഒക്കെ ഭയങ്കര കിഴവി ആയിരിക്കുന്നു - സുകുമാരിയെക്കാൾ പ്രായം തോന്നിക്കും ഇപ്പോ അവരെ കണ്ടാൽ! - എങ്ങനിരുന്നതാ അവരു - ഹോ - പണ്ട് ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ഫിലിം ഫേയറിൽ ഗോദ്‌റേജിന്റെ ഒരു കോണ്ടസ്റ്റ് വന്നു - എന്തോ പൂരിപ്പിച്ച് അയച്ചാൽ ഡിമ്പിളിനോടൊപ്പം ഒരു സായാഹ്നം!.. എനിക്ക് അതു കിട്ടിയെന്നു എത്ര രാത്രികളിൽ ആണു ഞാൻ സ്വപ്നം കണ്ടിട്ടുള്ളതു!. .. ഇപ്പോ അവരെ കാണുമ്പോൾ, .. ഭയാനകം! എല്ലാരുടേയും കാര്യം ഇത്രക്കേ ഉള്ളൂ!


No comments:

Post a Comment